Thursday, 17 September 2009

'കന്നാലി'യെന്നു കേട്ടാല്‍ കലി തുള്ളുന്നവരോട്!

ആഴ്ച തോറും വിവാദത്തിന്റെ ഒരു ഡോസ് കിട്ടിയില്ലെങ്കില്‍ നമ്മള്‍ മലയാളികള്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു. ഡോസിനായി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക്‌ കൃത്യമായി അതെത്തിച്ചു തരാന്‍ പത്രങ്ങളും റെഡി.

ഏറ്റവും പുതിയ വിവാദ റിലീസ് ശശി തരൂരിന്‍റെ 'കന്നുകാലി' പരാമര്‍ശം ആണത്രേ. എങ്ങനെ വിവാദം ആകാതിരിക്കും, രാജ്യത്തെ പട്ടിണി പാവങ്ങളുടെയും, പാവപ്പെട്ടവരുടെയും പ്രധാന ആശ്രയമായ ഇക്കണോമി ക്ലാസ്സിനെയല്ലേ തരൂര്‍ അപമാനിച്ചത്? ദിവസവും എറണാകുളത്തു നിന്ന് ഇക്കണോമി ക്ലാസ്സില്‍ ഫ്ലൈ ചെയ്തു തിരുവനന്തപുരത്തു പോയി ജോലി ചെയ്തു വൈകീട്ട് മടങ്ങിയെത്തുന്ന ജന ലക്ഷങ്ങളെ മന്ത്രി ഇങ്ങനെ അപമാനിക്കരുതായിരുന്നു.

ഇത്രയും വായിച്ചതോടെ ഞാന്‍ ഒരു അമേരിക്കന്‍ സാമ്രാജ്യത്വ വാദിയും, CIA ചാരനും ആണെന്ന് മനസിലായില്ലേ? മനസിലായവര്‍ക്ക് വായന നിര്‍ത്താം നിങ്ങളെ തിരുത്താനുള്ള കഴിവെനിക്കില്ല. അതല്ല ഒരല്പം സ്വന്തം ചിന്തയും, വിചാരവും ബാക്കിയുണ്ടെങ്കില്‍ നമുക്ക് പ്രശ്നം എന്താണെന്നു നോക്കാം.

കാഞ്ചന്‍ ഗുപ്താ എന്ന പത്ര പ്രവര്‍ത്തകന്‍റെ താഴെ പറയുന്ന ചോദ്യത്തില്‍ നിന്നാണ് വിവാദത്തിന്‍റെ തുടക്കം. ഇക്കണോമി ക്ലാസ്സ്‌ എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്ന "cattle class" എന്ന വാക്ക് വന്നത് ചോദ്യത്തില്‍ നിന്നാണെന്ന് പകല്‍ പോലെ വ്യക്തം.
"@ShashiTharoor Tell us Minister, next time you travel to Kerala, will it be cattle class?"

അതിനു ശശി തരൂരിന്‍റെ മറുപടി ഇങ്ങനെ.
@KanchanGupta absolutely, in cattle class out of solidarity with all our holy cows!

ഇതില്‍ "holy cow" എന്ന പ്രയോഗം കോണ്‍ഗ്രസിലെ ചെലവ് ചുരുക്കുന്നവരെ ഉദ്ദേശിച്ചാണെന്ന് മാധ്യമങ്ങള്‍ക്ക് നല്ല ഉറപ്പാണ്‌. ഇന്ത്യയെ പറ്റി വിവരിക്കുമ്പോള്‍ അല്ലെങ്കില്‍ ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളില്‍ പലപ്പോഴും കടന്നു വരുന്ന ഒരു പരാമര്‍ശമാണ് "holy cow" (holy cow). പശുവിനെ ഗോമാതാവായി കരുതുന്ന ഇന്ത്യന്‍ സംസ്കാരത്തെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.

ഈ രണ്ടു പദങ്ങളും തമ്മിലുള്ള സമാനത കൊണ്ടാണ് ഹാസ്യപരമായി തരൂര്‍ ഈ വാചകം ഉപയോഗിച്ചത്. 'വെള്ളാന' എന്ന് പറയുന്നത് പോലെ ധൂര്‍ത്തിന്‍റെ പ്രതീകമൊന്നുമല്ല 'വിശുദ്ധ പശു' എന്ന വാക്യം. ഇതെങ്ങനെ കോണ്‍ഗ്രസുകാരെ ഉദ്ദേശിച്ചാവും? "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതു എല്ലാം കുറ്റം." അത്ര തന്നെ.

രാവിലെ മുതല്‍ ബ്ലോഗ്ഗില്‍ നിറഞ്ഞു കണ്ട ചില ആരോപണങ്ങള്‍ കണ്ടു ചിരിച്ചു പോയി. അവ ചുവടെ.

"അനന്തപുരി വാസികളെ നിങ്ങളെയോര്‍ത്തു കേരളം ഇന്ന് ലജ്ജിക്കുന്നു.
ഇതുപോലൊരു "പാഴിനെ" ആണല്ലോ നിങ്ങള്‍ തെരഞ്ഞെടുത്തു പാര്‍ലിമെന്റിലേക്ക്
അയച്ചത്. എന്ത് യോഗ്യതയുടെ പുറത്താണ് നിങ്ങള്‍ ലക്ഷം ഭൂരിപക്ഷം നല്‍കി ഈ
അഭിനവ ഹിപോക്രാറ്റിനെ വിജയിപ്പിച്ചത് ?
"

രാജമാണിക്യത്തില്‍ മമ്മൂട്ടി പറഞ്ഞ പോലെ "അവന്‍ എന്തരോ ഇംഗ്ലീഷില്‍ പറഞ്ഞു, സാറിനത് മനസിലായില്ല", അതിനു ജനങ്ങളെ തെറി പറയുന്നതെന്തിന്? ഐക്യരാഷ്ട്ര സഭയില്‍ അണ്ടര്‍ സെക്രെട്ടറി സ്ഥാനം വരെ എത്താന്‍ ഒരു യോഗ്യതയും ഇല്ലാത്തവര്‍ക്ക് പറ്റുമോ ആവൊ? തരൂര്‍ എന്ന MP യും മന്ത്രിയും പാഴാണോ അല്ലയോ എന്നത് അഞ്ചു കൊല്ലത്തെ ഭരണം കൊണ്ടല്ലേ അറിയേണ്ടത്.

"ഐക്യരാഷ്ട്രസഭയില്‍ തൂപ്പും ,ചായകൊടുപ്പുമായി നടന്ന ഇവനെയൊക്കെ ഒരുളുപ്പുമില്ലാതെ
നമ്മുടെ തലയില്‍ കേട്ടിവയ്ക്കാനും ലോകം ചുറ്റി മദാമ ഭാര്യയെയും, മക്കളെയും കാണാന്‍
വിദേശ സഹമന്ത്രിയാക്കാനും മദാമ പാര്‍ട്ടിക്ക് കഴിഞ്ഞു ."

ചായ കൊടുപ്പാണ് ഐക്യ രാഷ്ട്ര സഭയില്‍ ജോലി ചെയ്യാനുള്ള യോഗ്യത എന്ന് നാട്ടിലെ ഗോപാലന്‍ ചേട്ടന്‍ അറിഞ്ഞിരുന്നേല്‍ അദ്ദേഹവും രക്ഷപെട്ടെനെ. എന്താണാവോ ഈ പറയുന്നതിന്റെ അടിസ്ഥാനം?


അല്ലെങ്കില്‍ തന്നെ ദേശിയഗാനതെയും, നമ്മുടെ
സ്വതന്ത്രസമരനേതാക്കളെയും പുല്ലുവിലപോലും കല്പിക്കാത്ത ഈ മൈ....മൈ...മൈത്താണ്ടി
ഇവിടുത്തെ കോടിക്കണക്കിനു ദരിദ്രനാരായണന്മാരെ "കന്നാലികൂട്ടങ്ങള്‍"
എന്ന് വിളിച്ചതില്‍ എന്തല്‍ഭുതമാന്നുള്ളത്.
"

കൈ ഹൃദയത്തില്‍ വച്ചു ദേശിയ ഗാനം കേട്ടാല്‍ അപമാനമാണെന്ന് ചിന്തിക്കുന്ന ഒരു ജനതയാണ് ഭാരത്തിന്‍റെ ശാപം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

കേരളത്തെ രക്ഷിക്കാന്‍ വന്ന മിശിഹാ തിരുമേനിയാണ് തരൂര്‍ എന്നൊന്നും പറയുന്നില്ല. പക്ഷെ ചെയ്യുന്നതും പറയുന്നതുമെല്ലാം അമേരിക്കന്‍ നയം എന്ന് വിളിച്ചു കൂവുന്ന ഈ മണ്ടത്തരം ഒന്നവസാനിപ്പിച്ച്‌ കൂടെ? അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനം മോശമാണെങ്കില്‍ തോല്‍പ്പിക്കാനുള്ള വോട്ടു നമ്മുടെ കയ്യില്‍ തന്നെയുണ്ടല്ലോ!

അടിക്കുറിപ്പ് :(ഓക്സ്ഫോര്‍ഡ്‌ നിഖണ്ടുവിനെക്കള്‍ ഇംഗ്ലീഷ് അറിയാവുന്ന ചേട്ടന്മാരാണ് ഇവിടെ നിറയെ എന്നറിയാം. എന്നാലും ഒന്ന് വായിച്ചു നോക്കൂ)

The five-year revision of the Oxford English Dictionary lists "cattle class'' as a term to describe economy seats on an aircraft.

cattle class

Monday, 7 September 2009

പൌരത്വം.

"എന്താണ് ഡാഡി, ഈ ഫോം" ?.

ചോദ്യം മകന്റെയാണ്. ലണ്ടനില്‍ എത്തി ആറു വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ്‌ പൌരത്വത്തിനയുള്ള ഫോം പൂരിപ്പിക്കുന്നതിനിടയിലാണ് ചോദ്യം.

"നമ്മള്‍ക്ക് ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആവാനുള്ള അപേക്ഷയാണ് മകനെ."

"എന്തിനാണ് നമ്മള്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആവുന്നത്?. നമ്മള്‍ ഇന്ത്യന്‍ സിറ്റിസണ്‍ അല്ലെ?. "

കുട്ടികളുടെ ഓരോ കാര്യങ്ങള്‍. എന്തൊക്കെ പറഞ്ഞു മനസിലാക്കണം. "അതെ, മോനെ, നമ്മള്‍ ബ്രിട്ടീഷ്‌ സിറ്റിസണ്‍ ആയാല്‍ മകന് ഇവിടെ പഠിക്കാനും , ജോലി ചെയ്യാനും ഒക്കെ എളുപ്പമാകും. അച്ചന് വയസു കാലത്തു പെന്‍ഷന്‍ കിട്ടുകയും ചെയ്യും."

"പക്ഷെ, അച്ച്ചനല്ലേ പണ്ട് പറഞ്ഞത്, അച്ഛന്റെ മുത്തച്ചന്‍ പണ്ട് സമരം ചെയ്തിട്ടാണ് ബ്രിട്ടിഷുകാരെ നമ്മുടെ നാട്ടില്‍ നിന്ന് ഓടിച്ചത് എന്ന്?.".

"അതെ മകനെ, മുത്തച്ചന്‍ ഒരു സ്വാതന്ത്ര സമര സേനാനിയായിരുന്നു. അദ്ദേഹം ഒക്കെ അനുഭവിച്ച കഷ്ടപ്പാടുകള്‍ കൊണ്ടാണ് നമ്മള്‍ ഇന്ന് സ്വതന്ത്രരായിരിക്കുന്നത്." എന്നിലെ ദേശാഭിമാനി ഉണര്‍ന്നു.

"ഡാഡി, അപ്പോള്‍ അന്ന് മുത്തച്ചന്‍ ബ്രിട്ടിഷുകാരെ ഓടിച്ചില്ലയിരുന്നെകില്‍ നമ്മള്‍ ഇപ്പോള്‍ ബ്രിട്ടീഷ്‌ രാജ്യം ആയിരുന്നേനെ അല്ലെ?."

"അതെ മോനെ. അന്നവരെ ഓടിച്ചത് കൊണ്ട് നമുക്ക് അഭിമാനമായി ഇന്ത്യക്കാര്‍ എന്ന് തലയുയര്‍ത്തി നടക്കാം.". എന്നിലെ ദേശാഭിമാനി വിടുന്ന മട്ടില്ല.

"പക്ഷെ, അന്നവരെ ഓടിച്ചില്ല എങ്കില്‍ അച്ചന്‍ ഇപ്പോള്‍ ബ്രിടിഷുകാരന്‍ ആയിരുന്നേനെ. അപ്പോള്‍ പിന്നെ ഈ ഫോം ഫോം പൂരിപ്പിച്ചു കഷ്ടപ്പെടേണ്ടി വരില്ലായിരുന്നല്ലോ. അപ്പോള്‍ പിന്നെ അവരെ ഓടിച്ചത് കഷ്ടമായിപ്പോയില്ലേ?"

ചില ചോദ്യങ്ങള്‍ക്ക് എളുപ്പം പറഞ്ഞു മനസിലാക്കാവുന്ന ഉത്തരങ്ങളില്ല എന്ന് ഞാന്‍ മനസിലോര്‍ത്തു!

Saturday, 5 September 2009

അഞ്ചേ മുപ്പതിന്‍റെ വണ്ടി

5:30 നു വരുന്ന ആ തീവണ്ടി അയാള്‍ക്കെന്നും ഒരു ശല്യമായിരുന്നു. ഉറക്കം മുടക്കാന്‍ ചൂളം വിളിയുമായെത്തുന്ന വണ്ടി. പാളത്തിനടുത്തു വീട് എടുത്തത് അല്ലെങ്കിലും തന്‍റെ ഇഷ്ടത്തിനല്ലല്ലോ, എല്ലാം സജ്നയുടെ ഇഷ്ടം. വണ്ടിയുടെ ശബ്ദത്തിന് ജീവിതത്തിന്റെ താളമുണ്ട് പോലും. എന്നിട്ടിപ്പോള്‍ അവള്‍....പോകുന്നവര്‍ പോകട്ടെ. നാളെ ആദ്യമായി ആ തീവണ്ടി കൊണ്ടൊരു ഉപകാരമുണ്ടാവും. താളപ്പിഴകളുടെ അവസാനം അവളിഷ്ടപ്പെടുന്ന ആ താളത്തിനു കീഴിലാവട്ടെ.

ചാനലില്‍ രാഷ്ട്രീയനേതാവിന്റെ മരണം ആഘോഷമാക്കികൊണ്ട് റിപ്പോര്‍ട്ടര്‍ വിളിച്ചു കൂവുന്നു. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു, കാണിച്ച ക്ലിപ്പിങ്ങ്സ് വീണ്ടും കാട്ടി, അതിനിടയില്‍ ഒരു പരസ്യത്തിനുള്ള ഇടവേളയും. ദുഖാചരണം ആണത്രേ. ബന്ധങ്ങളും മൂല്യങ്ങളും ഒക്കെ വെറും കള്ളങ്ങള്‍. അല്ലെങ്കില്‍ അവളിപ്പോള്‍ ഇവിടെയുണ്ടാവില്ലേ?.

വിളിച്ചു കൂവല്‍ സഹിക്കാനാവാതെ അയാള്‍ ചാനല്‍ ബട്ടണ്‍ അമര്‍ത്തി. എവിടെ?. ബാറ്ററിയുടെ ചാര്‍ജ് കുറഞ്ഞെന്നു തോന്നുന്നു. വര്‍ക്ക്‌ ചെയ്യണമെങ്കില്‍ ടിവിയുടെ അടുത്തു പോയി നില്‍ക്കണം. വാങ്ങിയ ബാറ്ററി എല്ലാം തീര്‍ന്നല്ലോ, നാശം !. ഇനിയിപ്പോള്‍ ഉപയോഗം കുറഞ്ഞ ഏതെങ്കിലും ഉപകരണവുമായി ബാറ്ററി എക്സ്ചേഞ്ച് തന്നെ രക്ഷ.

ബാറ്ററി മാറ്റത്തിനു ശേഷം ചാനലിലൂടെ കണ്ണോടിക്കുമ്പോള്‍ താജില്‍ കമാന്‍ഡോ നീക്കങ്ങളെല്ലാം അപ്പപ്പോള്‍ ലോകത്തിനു കാട്ടി കൊടുത്തുതീവ്രവാദികളെ 'സഹായിച്ച' ചാനലുകാര്‍ രാഷ്ട്രീയക്കാരുടെ പിടിപ്പുകേടിനെ പറ്റി ചര്‍ച്ച തുടങ്ങിയിരുന്നു.

മനസ് ചാനലുകള്‍ക്ക് പിടി കൊടുക്കുന്നില്ല എന്നയാള്‍ അറിഞ്ഞു. ഒന്നരക്കൊല്ലത്തെ ദാമ്പത്യത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു വഴക്ക്. എങ്കിലും അവള്‍ക്കെങ്ങനെ ഇറങ്ങി പോകാന്‍ മനസ് വന്നു?. അവളല്ലാതെ ആരുണ്ട് തനിക്ക്?.

വാശി മനസ്സില്‍ ഫണം വിടര്‍ത്തി ആടുന്നതയാള്‍ അറിഞ്ഞു. നാളെ അഞ്ചരയുടെ വണ്ടിയോടെ തീരുമല്ലോ എല്ലാം. അത് കഴിഞ്ഞു അവളെന്തു ചെയ്യും?.വണ്ടിക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം ആയിത്തുടങ്ങി. ഒന്നുറങ്ങാന്‍ പറ്റിയെങ്കില്‍?. ബെഡ് റൂമിലെ അലാറം ക്ലോക്കില്‍ അഞ്ചു മണിയുടെ അലാറം വച്ചിട്ട് കൈ ഉറക്ക ഗുളികയിലേക്ക് നീണ്ടു.. അലാറം ക്ലോക്കിന്‍റെ കൈകള്‍ മെല്ലെ അഞ്ചു മണിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.

കോളിംഗ് ബെല്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ക്ലോക്കില്‍ സമയം നാല് മുപ്പത്. പക്ഷെ പുറത്തു പതിവിലേറെ വെളിച്ചം ഉണ്ടെന്നു അയാള്‍ കണ്ടു. ബെല്ലടിക്ക് പരിഭ്രാന്തിയുടെ ഒരു തിടുക്കം. വാതിലിനടുത്തേക്ക് നീങ്ങുമ്പോള്‍ പുറത്തു ആരാണെന്നു അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. നിന്ന് പോയ അലാറം ക്ലോക്കിനു നന്ദി പറഞ്ഞു കൊണ്ട് തന്‍റെ മണ്ടത്തരം ഓര്‍ത്തു അയാള്‍ ഒന്ന് ചിരിച്ചു.

അപ്പോള്‍ അലാറം ക്ലോക്കിനുള്ളിലെ ശ്വാസം നിലച്ച പഴയ ബാറ്ററികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അഞ്ചേ മുപ്പതിന്‍റെ വണ്ടി താളത്തോടെ പാഞ്ഞുപോയി.

Saturday, 29 August 2009

ഓര്‍ക്കുട്ട്

കഥയില്‍ കഥാപാത്രങ്ങള്‍ നാലാണ്. സന്തോഷ്‌ ‌, ഞാന്‍, ഓര്‍ക്കുട്ട് (അതെ, നമ്മുടെ ഫേസ് ബുക്കിന്‍റെ അനിയന്‍ തന്നെ) പിന്നെ... വായനക്കാരന്‍. എന്ന് വച്ചാല്‍ നിങ്ങള്‍ തന്നെ! സംശയിക്കണ്ട, നിങ്ങള്‍ക്കുമുണ്ട് ഒരു റോള്‍. എം ടി മുതല്‍ ബഷീര്‍ വരെ എഴുതിട്ടും ആരെങ്കിലും നിങ്ങള്‍ക്കൊരു റോള്‍ തന്നോ? ഈ എന്‍റെ ഒരു കാര്യം! അപ്പൊ തുടങ്ങുകയല്ലേ? പിന്നെ വാക്കുകള്‍ ചുരുക്കേണ്ട ട്വിറ്റെര്‍ യുഗത്തില്‍ കഥാകൃത്ത്‌ 'ക' എന്നും വായനക്കാരന്‍ 'വാ' എന്നും അറിയപ്പെടും.

സന്തോഷിനെ ഓര്‍മയില്ലാത്ത ഒരു സമയം എനിക്കോര്‍മയുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. നാല് വീടുകള്‍ക്ക് അപ്പുറത്തെ അശോകന്‍ ചേട്ടന്‍റെ മകനെ അറിയാതിരിക്കുക എന്നത് ഒരു നാട്ടു നടപ്പേ അല്ലല്ലോ! ഒരു സ്കൂളും ഒരു കോളേജും ഉള്ള ഗ്രാമത്തില്‍ സമപ്രായക്കാര്‍ ഒരേ ക്ലാസ്സില്‍ പഠിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
( വാ : ഇല്ലേ? എങ്കില്‍ പിന്നെ ഇങ്ങേരു അതിപ്പോ പറഞ്ഞതെന്തിനാ?
ക : അതൊക്കെ ഒരു ശൈലിയല്ലേ മോനെ ദിനേശാ, പറഞ്ഞില്ലേല്‍ പിന്നെ അവരെങ്ങനെ അറിയും? )

പിന്നെ മണ്ണപ്പം ചുട്ടും മാക്കാന്‍ തവളയെ പിടിച്ചും ബാല്യം കടന്നു പോകുന്നു. പഴം കഞ്ഞി കുടിച്ചതും നാരങ്ങ മുട്ടായി കഴിച്ചതും ദേ. ഇന്നലത്തെ പോലെ ഓര്‍മയുണ്ട്. (വാ : അപ്പൊ രാമായണം സീരിയല്‍ കണ്ടതും അമ്മാവന്‍ അമേരിക്കേന്നു കൊണ്ട് വന്ന വീഡിയോ ഗെയിം കളിച്ചതും ഒക്കെ? മാഗി നൂടില്‍സിനും ഫ്രൈഡ്‌ റൈസിനും വേണ്ടി വാശി പിടിച്ചതും മറന്നോ?
ക : റോള്‍ തന്നവന്‍റെ നെഞ്ചത്തോട്ട് തന്നെ കേറിക്കോ, അതിലൊക്കെ എവിടെയാണ് മകനെ മലയാളത്തിന്‍റെ മണമുള്ള ഗ്രഹാതുരത്വം? ഈ പറയുന്ന സാധനമില്ലേല്‍ പിന്നെ ആര് വായിക്കും എന്റെ കഥ ?)

മനുഷ്യരെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളെ സ്നേഹിച്ചത് കൊണ്ടാവാം, അല്ലെങ്കില്‍ 'മടി' എന്ന മാറാരോഗം ഉള്ളത് കൊണ്ടാവാം, സൗഹൃദങ്ങള്‍ തീരെ കുറവായിരുന്നു ചെറുപ്പത്തില്‍. കൂട്ടുകാരുടെ, നാട്ടുകാരുടെ ഏതു കാര്യത്തിനും ഓടിയെത്തുന്ന സന്തോഷായിരുന്നു നാട്ടിലെ താരം.

പന്ത്രണ്ടാം ക്ലാസ്സ്‌ വരെ നോണ്‍ സ്റ്റൊപ്പായിരുന്ന സൗഹൃദത്തിന് സ്റ്റോപ്പ്‌ സൈന്‍ കാട്ടിയത് എഞ്ചിനീയറിംഗ് എന്ട്രന്‍സ് എന്ന പെരുത്ത പരീക്ഷയാണ്‌. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയതോടെ സൗഹൃദത്തിന്‍റെ ചരട് വലിഞ്ഞു തുടങ്ങിയെങ്കില്‍ , അത് പൊട്ടി തുടങ്ങിയത് ഞാന്‍ ജോലി കിട്ടി രാജ്യത്തിനു പുറത്തേക്ക് കടക്കുന്നതോടെയാണ്.

അതിരാവിലെ കോണ്ഫ്ലെകെസ് എന്ന സമീകൃതാഹാരം പാലില്‍ കലക്കി കഴിച്ചു സന്തോഷം സഹിക്കാന്‍ വയ്യാതെ പത്തു പതിനാറു മണികൂര്‍ അത്യധ്വാനം ചെയ്തു തിരിച്ചെത്തുമ്പോള്‍ പിന്നെ സൗഹൃദത്തിന് എവിടെ സമയം?.
(വാ : അപ്പൊ ഈ എസി മുറിയിലിരുന്ന് അര മണിക്കൂറില്‍ ഒരിക്കെ വെബ്ബും ബ്രൌസ് ചെയ്തു നാലഞ്ചു ടീ ബ്രേയ്ക്കും രണ്ടു മൂന്നു ഫുഡ്‌ ബ്രേയ്ക്കും ഒക്കെ എടുത്തു പണി ചെയ്യുന്നത് ആണല്ലേ അത്യധ്വാനം? അപ്പൊ മനുഷ്യര് ഗള്‍ഫിലെല്ലാം പൊരി വെയിലത്തു പന്ത്രണ്ടു മണിക്കൂര്‍ വിശ്രമം ഇല്ലാതെ കഷ്ട പ്പെടുന്നതോ?
ക : പാസ്. ഒട്ടകത്തിനു സ്പേസ് കൊടുത്ത എന്നെ പറഞ്ഞാല്‍ മതിയല്ലോ! ഇനിയങ്ങോട്ട് തന്‍റെ കമന്‍റ് ഒക്കെ ഞാന്‍ മോഡറേറ്റ് ചെയ്യും.)

അത്യധ്വാനത്തിന്‍റെ ആ ഇന്‍റര്‍നെറ്റ് യുഗത്തിലാണ് ഞാന്‍ ഓര്‍ക്കുട്ടില്‍ എത്തുന്നത്. മൂന്നാം ക്ലാസ്സ്‌ തൊട്ടു മുപ്പതാം വയസു വരെയുള്ള കൂട്ടുകാരെ തേടിപ്പിടിക്കല്‍ ആയിരുന്നു പിന്നത്തെ ഹോബി. ഹോ, എനിക്കിത്രയും കൂട്ടുകാരുണ്ടെന്നു ഞാന്‍ തന്നെ മനസിലാക്കിയത് എണ്ണം മുന്നൂറു കടന്നപ്പോഴാണ്.

അങ്ങനെ മനുഷ്യന്‍ എന്ന സാമൂഹിക ജീവിയിലേക്കുള്ള എന്‍റെ മടക്കം മാരകമായി മുന്നേറുന്ന കാലത്താണ് ഓര്‍കുട്ടിന്‍റെ ശക്തി എനിക്ക് ശരിക്കും പിടി കിട്ടുന്നത്. കാലത്തു കട്ടന്‍കാപ്പി കുടിക്കുന്നതിനു മുന്നേ ലാപ്ടോപ്പിലേക്ക് നോക്കിയ എന്‍റെ മുന്നിലതാ, ഒരു ഫ്രണ്ട് റിക്വസ്റ്റ്. സാക്ഷാല്‍ സന്തോഷിന്‍റെ! വെറും നാലേ നാല് ഓര്‍ക്കുട്ട് ഫ്രണ്ട്സു മാത്രമുള്ള അവന്‍റെ അഞ്ചാം ഫ്രണ്ട് ആയി എന്നെ ക്ഷണിക്കാന്‍.

അവന്‍റെ ഫ്രണ്ട് ഗ്രൂപ്പില്‍ ഉള്ളവരെല്ലാം നാല്‍ക്കവലയിലെ തിരുമ്മു ശാലയ്ക്ക് മുന്നില്‍ എന്നും വൈകീട്ട് അവനിരുപുറവും കൂടുന്നവര്‍ ആണെന്ന് ഞാന്‍ കണ്ടു. ലോകം മുഴുവന്‍ കൂട്ടുകാരുള്ള ഞാനെവിടെ, ഒരു കിലോമീറ്റര്‍ ചുറ്റുവട്ടത്തില്‍ നാല് പേരുള്ള അവനെവിടെ. ഓര്‍കുടിനു നന്ദി. ആദ്യമായി എന്‍റെ സാമൂഹിക ജീവിതത്തില്‍ എനിക്കൊരു അഹങ്കാരമൊക്കെ തോന്നി തുടങ്ങി.

ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേക്കുള്ള യാത്രയിലാണ് ജീവിതത്തിലെ ആദ്യത്തെ അപകടം. ബോധം തിരിച്ചു കിട്ടുമ്പോള്‍ കട്ടിലിനു അടുത്തു അച്ഛനും അമ്മയ്ക്കും അപ്പുറം സന്തോഷും ഉണ്ടായിരുന്നു. പരിക്കുകള്‍ സാരമുള്ളതല്ല എന്ന് തിരിച്ചറിഞ്ഞ ആശ്വാസം അവരുടെ മുഖത്തും.

"അമ്മെ, മൊബൈല്‍ ഫോണ്‍ ഇവിടെ വച്ചേക്കണേ, കൂട്ടുകാരാരെങ്കിലും വിളിക്കും". ഹോ ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നേല്‍ 'എന്‍റെ കാലൊടിഞ്ഞു' എന്നോ മറ്റോ ഒരു ഓര്‍ക്കുട്ട് സ്റ്റാറ്റസ് ഇടാമായിരുന്നു. ഇല്ലെങ്കിലും ആരെങ്കിലുമോകെ അറിഞ്ഞു വിളിക്കാതിരിക്കില്ല. രണ്ടു ദിവസം ബെല്ലടിക്കാതിരുന്ന ഫോണില്‍ നോക്കിയിരിക്കുമ്പോള്‍ കൂട്ടിനു സന്തോഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അപകടത്തിന്‍റെ കാര്യം എഴുതലയിരുന്നു. കൂട്ടുകാരില്‍ നൂറുപേര്‍ എങ്കിലും നാട്ടിലാണല്ലോ. രണ്ടു ദിവസത്തിന് ശേഷം രാവിലെ കൂട്ടുകാര്‍ കാണാനെത്തി എന്ന് അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ മുന്നൂറു മുഖങ്ങളില്‍ ഏതാവും അവ എന്ന് പരതുകയായിരുന്നു.

മുറിയിലെക്കാദ്യം കടന്നത് സന്തോഷാണ്. അതിനു പിന്നാലെ വന്ന നാല് മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുട്ടില്‍ കണ്ടിരുന്നു. പക്ഷെ എന്‍റെ പ്രൊഫൈലിലെ മുന്നൂറു മുഖങ്ങള്‍ക്കിടയില്‍ അല്ല എന്ന് മാത്രം. എന്‍റെ സ്ക്രാപ്പ് ബുക്കില്‍ ഇപ്പോള്‍ 'ഗെറ്റ് വെല്‍ സൂണ്‍' മെസ്സേജുകള്‍ വെറുതെ വന്നു നിറയുന്നുണ്ടാവാം.....

Saturday, 15 August 2009

സഫാരി - ചിത്രങ്ങള്‍

സുഹൃത്തിന്റെ വീടിനടുത്തുള്ള സഫാരി പാര്‍ക്കില്‍ വച്ചെടുത്ത ചിത്രങ്ങള്‍. മൃഗങ്ങള്‍ സ്വതന്ത്രമായി നടക്കുന്ന പാരില്‍ കാറിനുള്ളില്‍ ഇരുന്നാണ് കാഴ്ചകള്‍ കാണുക. അത് കൊണ്ട് തന്നെ മൃഗങ്ങളെ വളരെ അടുത്തു കാണാം. കാറിന്‍റെ ചില്ലിനുള്ളിലൂടെ എടുത്തതിനാല്‍ ചിത്രങ്ങള്‍ക്ക് തെളിച്ചം കുറഞ്ഞു.


യെവന്‍ പുലിയാണ് കെട്ടാ!. വെറും പുലിയല്ല, ഒരു കടുവ !

സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മടയിലോട്ടു പോരുന്നോ?.

കുളി കഴിഞ്ഞുള്ള മടക്കം.

പൊക്കം ഇപ്പൊ ഔട്ട്‌ ഓഫ് ഫാഷനാ മക്കളെ.

ഏകാന്തതയുടെ ....


ഞാന്‍ ഗ്ലാമര്‍ അല്ലെ?

Thursday, 13 August 2009

ആന വന്നാല്‍ ...

ഓഫീസില്‍ നിന്ന് വീട്ടില്‍ എത്തിയിട്ടും അച്ഛന്റെ മനസ്സില്‍ ഓഫീസിന്‍റെ ചിന്തകളായിരുന്നു. ചിരിച്ചു കൊണ്ട് ഓടി വരുന്ന മകനെ അവഗണിച്ച് കുളിമുറിയിലേക്ക് നീങ്ങുമ്പോള്‍ ചിന്ത വൈകീട്ടത്തെ ഓഫീസ് പ്രശ്നങ്ങളെ പറ്റിയായിരുന്നു. നാളയെ പറ്റിയുള്ള കാരണങ്ങള്‍ ഇല്ലാത്ത ഒരു പേടി മനസ്സില്‍ ഉയര്‍ന്നു കൊണ്ടേയിരുന്നു.

കുട്ടികള്‍ക്കുണ്ടോ പേടിയും പ്രശങ്ങളും ?. ചായ കുടിച്ചു കഴിഞ്ഞപ്പോഴേക്കും മകന്‍ കളിയ്ക്കാന്‍ തയ്യാറായി എത്തിയിരുന്നു.

"ഇന്ന് നമുക്ക് അച്ഛനും മോനും കളിക്കാം, ഞാന്‍ അച്ഛന്‍ അച്ഛന്‍ മോന്‍."

എന്തെങ്കിലുമാവട്ടെ എന്ന് അച്ചന്‍ കരുതി. കുട്ടികള്‍ക്ക് വലുതാവാനുള്ള ഒരു തിടുക്കം !. വലുതായവര്‍ക്ക് ബാല്യത്തിലേക്ക് തിരികെ പോയെങ്കില്‍ എന്ന ചിന്തയും.

"അച്ഛനും മോനും കാട്ടിലൂടെ പോവുകയാണ്, മൌഗ്ലിയെപ്പോലെ. പേടി വരുന്നുണ്ടേല്‍ അച്ചന്റെ കൈ പിടിച്ചോ." പയ്യന്‍ വിടുന്ന മട്ടില്ല. ലാപ്ടോപ്പില്‍ നിന്ന് മുഖം തിരിച്ചു അച്ഛന്‍ മകനരികില്‍ ഇരുന്നു. മെല്ലെ ആ ചെറു കൈ പിടിച്ചു. മോനെ സംരക്ഷിക്കുന്ന ഒരച്ഛന്റെ ഭാവം പയ്യന്‍സിന്റെ മുഖത്തു. എന്നാല്‍ പിന്നെ ഒന്ന് കളിച്ചു കളയാം.

"കാട്ടിലൂടെ പോകുമ്പോ പാമ്പ് വന്നാലോ അച്ചാ?"

പയ്യന്‍സിന്റെ വീര ഭാവം വീണ്ടുമുണര്‍ന്നു. "പാമ്പിനെ ഒക്കെ അച്ചന്‍ തല്ലി കൊല്ലില്ലേ, മോന്‍ പേടിക്കണ്ട."

"അപ്പൊ കുറുക്കന്‍ വന്നാലോ?"

"അവനെ അച്ചന്‍ തല്ലി ഓടിക്കും". കളിക്ക് മെല്ലെ രസം കയറുന്നതും മനസ് ശാന്തമായി തുടങ്ങുന്നതും അയാള്‍ അറിഞ്ഞു.

"അപ്പൊ ഒരു പുലി വന്നാലോ?". പയ്യന്‍സിന്റെ മുഖത്തു ഒരു ചെറിയ ചിന്ത കണ്ടു, പക്ഷെ അത് മായാന്‍ ഒരു നിമിഷമേ വേണ്ടി വന്നുള്ളൂ. കഴിഞ്ഞ ആഴ്ച കിട്ടിയ കുട്ടി തോക്കെടുത്തു നീട്ടി ഉടന്‍ മറുപടി. "നമുക്കവനെ വെടിവച്ചു കൊല്ലാം".

"അപ്പൊ ഒരു കൊമ്പനാന വന്നാലോ ?.".

"നമുക്ക് വെടി വച്ചു നോക്കാം". ഉത്തരത്തിനു ഇത്തവണ ഉറപ്പു പോര.

"ഈ ചെറിയ തോക്കൊണ്ട് വെടി വച്ചാല്‍ ആന ചാവില്ലല്ലോ. അപ്പൊ എന്ത് ചെയ്യും അച്ഛാ"

പയ്യന്‍സിന്റെ മുഖത്തു പരിഭ്രമം പടരുന്നത് അയാള്‍ കണ്ടു.

"അങ്ങനെയാണെങ്കി മോനെ...."

"അങ്ങനെയാണെങ്കില്‍ ??" അടക്കി വച്ച ചിരി പുറത്തു കാട്ടാതിരിക്കാന്‍ അയാള്‍ പണിപ്പെടുന്നുണ്ടായിരുന്നു.

"അങ്ങനെയാണെങ്കി മോനെ, ആന വന്നാല്‍ അച്ഛനും പേടിയാ !!"

പൊട്ടിച്ചിരിച്ചു കൊണ്ട് മകനെ കെട്ടിപ്പിടിക്കുമ്പോള്‍ മനസിലെ കാര്‍മേഘങ്ങള്‍ മാറി വെള്ള മേഘങ്ങള്‍ പ്രത്യക്ഷപെട്ടിരുന്നു.

Wednesday, 5 August 2009

ക്യാപ്പിറ്റലിസം കാര്‍ട്ടൂണിലൂടെ

ക്യാപ്പിറ്റലിസത്തെ പറ്റിയുള്ള ഒരു കാര്‍ട്ടൂണ്‍ . സ്വതന്ത്ര മാര്‍ക്കറ്റ്‌ സമ്പത്ത്‌ വ്യവസ്ഥ എന്തെന്നും അതിനെ രാഷ്ട്രീയക്കാരും ബാങ്കുകളും കൂടി കശാപ്പ് ചെയ്യുന്നതെങ്ങനെ എന്നും കാട്ടിത്തരുന്ന ഒരു കാര്‍ട്ടൂണ്‍ . 1985ല്‍ വരച്ച ഈ കാര്‍ട്ടൂണ്‍നിനു ഒരു പ്രവചന സ്വഭാവം ഉള്ളത് പോലെ !.

ക്യാപ്പിറ്റലിസം കാര്‍ട്ടൂണ്‍

ഗുരുദ്വാരകളില്‍ നിന്ന് പഠിക്കേണ്ടത്.

ഒഴിവു ദിനത്തിലെ സൌത്ത് ഹോള്‍ യാത്രയിലാണ് ജീവിതത്തില്‍ ആദ്യമായി ഒരു ഗുരുദ്വാര കാണുന്നത്. ലണ്ടനില്‍ പഞ്ചാബികല്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് സൌത്ത് ഹോള്‍. ഒരു ചെറിയ ഇന്ത്യ. ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ സിഖ് ക്ഷേത്രം ആണത്രെ ഈ ഗുരുദ്വാര.

കിട്ടിയ അവസരം വെറുതെ കളഞ്ഞില്ല, നേരെ ഗുരുദ്വാരയിലേക്ക്... കയറിയ ഉടനെ ചെരുപ്പുകള്‍ സൂക്ഷിക്കാനും, പിന്നെ കയ്യും മുഖവും കഴുവുവനും ഉള്ള ഒരു മുറിയാണ്. തല വസ്ത്രം കൊണ്ട് മൂടി വേണം അകത്തേക്ക് പ്രവേശിക്കാന്‍. രണ്ടു നിലകള്‍ ഉള്ള കെട്ടിടത്തിന്‍റെ മുകള്‍ നിലയിലാണ് പ്രാര്‍ത്ഥനാ മുറി.

ലളിതമാണ്‌ സിഖുകാരുടെ പ്രാര്‍ത്ഥന രീതി. അവര്‍ ഗുരുവായി കണക്കാക്കുന്ന ഗ്രന്ഥത്തിനെയാണ് അവര്‍ വണങ്ങുന്നത്. (സിഖ് ഗുരുക്കന്മാരെ മുഗള്‍ രാജാക്കന്മാര്‍ തേജോവധം ചെയ്യുന്നത് തടയാനായിട്ടാണ് ഗുരു ഗോബിന്ദ് സിംഗ് ഗ്രന്ഥത്തെ ഗുരുവാക്കിയത്‌ എന്നൊരു കഥ. ചക്രവര്‍ത്തിക്ക് ഗുരുക്കന്മാരെ പേടിപ്പിക്കാം. പക്ഷെ ഒരു ഗ്രന്ഥത്തെ എന്ത് ചെയ്യാന്‍?. ) വിശാലമായ പ്രാര്‍ത്ഥനാ ക്രമങ്ങള്‍ ഒന്നും അവിടെ കണ്ടില്ല.

ദിവസം മുഴുവന്‍ വരുന്നവര്‍ക്കെല്ലാം ആഹാരം നല്കാനുള്ള സൗകര്യം ആണ് താഴത്തെ നിലയില്‍. അവിടെ എത്തുന്നവര്‍ക്ക് ഒന്നോ രണ്ടടി ദിവസം താമസിക്കാനുള്ള സൌകര്യങ്ങളും അവിടെയുണ്ട്. എല്ലാം തികച്ചും സൌജന്യമായി.

ഗുരുദ്വാരയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ പക്ഷെ ഇതൊന്നുമല്ല. ഈ സൌകര്യങ്ങളെല്ലാം ആര്‍ക്കും ഉപയോഗിക്കാം എന്നതാണ്. ഗുരുദ്വാരയില്‍ ഏതു മതത്തിലുള്ളവര്‍ക്കും വരാം, പ്രാര്‍ത്ഥിക്കാം, ആഹാരം കഴിക്കാം താമസിക്കാം.

ആരാധനാലയങ്ങളെ എല്ലാവര്ക്കും വേണ്ടി തുറന്നു കൊടുക്കുക എന്നത് മഹനീയമായ കാര്യം തന്നെയാണ്. "വസുധൈവ കുടുംബകം" എന്ന് പഠിപ്പിക്കുന്ന ഒരു മതത്തിന്‍റെ ആരാധനാലയങ്ങള്‍ "അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല " എന്ന വലിയ ബോര്‍ഡുകള്‍ അമ്പലങ്ങള്‍ക്ക്‌ മുന്നില്‍ നിന്ന് മാറ്റേണ്ട കാലമായി.

Wednesday, 29 July 2009

പ്രേക്ഷകനെ മെരുക്കിയ കാട്ടുകുതിരക്ക് വിട !

ഇതൊരു പ്രേക്ഷകന്റെ ഓര്‍മക്കുറിപ്പാണ്‌. രാജന്‍ പി ദേവ് എന്ന നടനെ മാത്രം അറിയുന്ന, ആ വ്യക്തിയെ അറിയാത്ത. ഒരാളുടേത്‌. നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടന്‍ കടന്നു പോകുമ്പോള്‍ ഉള്ള ഓര്‍മ്മകള്‍ .

സിനിമകള്‍ കണ്ടു തുടങ്ങുന്നതിനു മുന്നേയാണ്‌ രാജന്‍ പി ദേവ് എന്ന നടനെക്കുറിച്ച് കേള്‍ക്കുന്നത്. വളയന്ചിറങ്ങരയില്‍ നിന്ന് നാടകം കണ്ടെത്തിയ കൊച്ചച്ചനില്‍ (അച്ഛന്റെ അനിയന്‍) നിന്ന്. അത് പക്ഷെ രാജന്‍ പി ദേവ് എന്ന പേരിലല്ല. നാടകം എസ് എല്‍ പുരത്തിന്റെ കാട്ടു കുതിര. നടന്‍ ?. "കൊച്ചു വാവ". നടനെയും കഥാപാത്രത്തെയും ഒന്നായിക്കാണുന്ന വിധം അന്നാ കഥാപാത്രം അവരുടെ മനസ്സില്‍ പതിഞ്ഞിരുന്നു. ആയിരത്തോളം വേദികള്‍ പിന്നിട്ട ആ യാഗാശ്വം അങ്ങനെ ആയില്ലെന്കിലെ അതിശയമുള്ളൂ.

പിന്നീട് വെള്ളിത്തിരയില്‍ കാര്‍ലോസ്‌ ആയി രണ്ടാം ജന്മം. ക്രൂരനില്‍ നിന്ന് ചതിക്കപ്പെട്ടവനിലെക്കുള്ള ദൂരം അനായാസമായി നടന്നു കയറി നമ്മെ അമ്പരപ്പിച്ച വരവ്. ശരീര ഭാഷയിലൂടെയും, ക്രൂര മുഖ ഭാവങ്ങളിലൂടെയും, സംഭാഷണ രീതിയിലൂടെയും എനിക്ക് പ്രിയപ്പെട്ട വില്ലന്‍.

പിന്നീട് പതിയെ പതിയ തമാശ കലര്‍ന്ന വില്ലന്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റം. തമാശ കലര്‍ന്ന വേഷങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കഴിവ് ശരിക്കും തെളിഞ്ഞു കണ്ടത്. രസകരമായ ഒരു വില്ലന്‍ വേഷം ചെയ്ത ക്രൈം ഫയലിലെ 'മണിമല മാമച്ചന്‍' എനിക്കേറെ ഇഷ്ടപെട്ട വേഷം. (ആ തൃക്കൈ !) കിങ്ങിലെ ഗോവിന്ദ മേനോനെ പോലെ ചെയ്ത ചെറിയ വേഷങ്ങള്‍ പോലും മനസ്സില്‍ കൊള്ളിക്കാനുള്ള കഴിവ്.

കാട്ടുകുതിര എന്ന സിനിമയിലെ കൊച്ചുവാവയാവാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. തിലകന്റെ "അഭിനയം പോര" എന്നൊരഭിപ്രായം ഞാന്‍ ആദ്യമായി കേട്ടത് കൊച്ചച്ചന്‍ കാട്ടു കുതിര കണ്ടപ്പോഴാണ്. പ്രേക്ഷക ഹൃദയത്തില്‍ "കൊച്ചു വാവ" യുടെ സ്ഥാനം അത്ര വലുതായിരുന്നു.

ഒരു നടന്റെ അഭിനയ മികവു മാറ്റുരച്ചു നോക്കുന്നത് മറ്റു നടന്മാരോടുത്തുള്ള അഭിനയ രംഗങ്ങളില്‍ ആണെന്ന് പറയാറുണ്ട്. ജഗതിയോടൊപ്പം CBI ഡയറികുറിപ്പിലും (തിരുമേനി കൌപീനത്തില്‍ മുള്ളിയിട്ടുണ്ടോ?). മോഹന്‍ ലാലിനോടൊപ്പം ചോട്ടാ മുംബൈയിലും (പാമ്പ്) നമ്മള്‍ ആ അഭിനയത്തിന്റെ മാറ്റ് ഉരച്ചു അറിഞ്ഞു.

രാജന്‍ പി ദേവ് എന്ന നടന്റെ നിര്യാണം കൊണ്ടുണ്ടായ നഷ്ടത്തെ പറ്റി പ്രസംഗിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ, ഇനി മലയാള സിനിമകള്‍ കാണുമ്പോള്‍, അദ്ദേഹം അഭിനയിച്ചു രസിപ്പിച്ച വേഷങ്ങള്‍ കാണുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന് പറ്റിയ കഥാപാത്രങ്ങളെ കാണുമ്പോള്‍ ആ നടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നെനിക്കു തോന്നും. ഇന്ന് ഒടുവില്‍ എന്ന നടനെക്കുറിച്ച് തോന്നുന്നത് പോലെ. ഒരു പക്ഷെ ഒരു പ്രേക്ഷകന് നല്കാന്‍ കഴിയുന്ന ഏറ്റവും നല്ല സ്മരണാഞ്ജലി അത് തന്നെയല്ലേ?. ഒരു നടന് കിട്ടാവുന്നതും.

Tuesday, 28 July 2009

ഗുഡ് ബൈ ലെനിന്‍ !

കഥയെ കാഴ്ചയാക്കലാണ് സിനിമ. തുടക്കം മുതല്ക്കിങ്ങോട്ടു കഥകളുടെ അടിസ്ഥാനം എന്നും മനുഷ്യ വികാരങ്ങളാണ്. അത് സ്നേഹമാകാം, വെറുപ്പാകാം, പ്രതികാരമാവാം, പേടിയാകാം. കഥയുടെ പുതുമയും, അതിന്റെ അവതരണ രീതിയുമാണ് ഒരു കഥയെ മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

അവതരണവും കഥയുമാണ് ഒരു സിനിമയെ മികച്ചതാക്കുന്നത് എങ്കില്‍, അവയെ മഹത്തരം ആക്കുന്നത് എന്താണ്?. കാലാതീതമായ കഥ എന്നത് ഒരുത്തരം. കഥകള്‍ ഒരു കാലത്തെ വരച്ചു കാട്ടുമ്പോള്‍ എന്ന് മറ്റൊരുത്തരം. ഇത് രണ്ടും ചേര്‍ന്ന ഒരു സിനിമയാണ് ഈ ആഴ്ച കണ്ട "ഗുഡ് ബൈ ലെനിന്‍" എന്ന ചിത്രം.

പണ്ടെഴുതിയ ജര്‍മന്‍ സിനിമകളെ പറ്റി ഉള്ള പോസ്റ്റിലെ കമന്റുകളില്‍ നിന്നാണ് ഈ സിനിമയെ പറ്റി അറിയുന്നത്.

ജര്‍മെനികളുടെ ഏകീകരണത്തിനു മുന്‍പുള്ള ഈസ്റ്റ്‌ ജര്‍മെനിയിലാണ് കഥ നടക്കുന്നത്. വര്‍ഷങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനു ശേഷം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്ന ഈസ്റ്റ്‌ ജര്‍മനിയിലെ സാമൂഹിക പ്രവര്‍ത്തകയും പാര്‍ട്ടി മെമ്പറും ആണ് ക്രിസ്റ്റിന.

തന്‍റെ മകന്‍ അലക്സ്‌ നെ പോലീസ് അറസ്റ്റ് ചെയ്യുന്നതു കണ്ടു ബോധമറ്റു വീഴുന്ന ക്രിസ്ടിന പിന്നീട് ഉണരുന്നത് എട്ടു മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷെ എട്ടു മാസങ്ങള്‍ കൊണ്ട് ക്രിസ്ടിന വിശ്വസിച്ച ജര്‍മ്മനി എതിരാളികളുടെ രീതിയിലേക്ക് മാറിയിരുന്നു.

ഹൃദയം ദുര്‍ബലമായ അമ്മ മാറ്റങ്ങളെ കുറിച്ച് പെട്ടന്നറിഞ്ഞാല്‍ അപകടമാണെന്ന് വിശ്വസിക്കുന്ന അലക്സ്‌ മാറ്റങ്ങളെ അമ്മയില്‍ നിന്ന് മറച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. രസകരമായ രീതിയില്‍ തമാശകളുടെ അകമ്പടിയോടെ സംവിധായകന്‍ കഥ പറയുന്നു.

കഥയ്ക്ക് പുറത്തെ കാലത്തിന്റെ കഥ മറ്റൊന്നാണ്‌. ഏകീകരണം ഈസ്റ്റ്‌ ജര്‍മ്മനിയില്‍ വരുത്തുന്ന മാറ്റങ്ങളെ സംവിധായകന്‍ മനോഹരമായി വരച്ചു കാട്ടുന്നു. ആവേശഭരിതരായ പുതു തലമുറയും, മാറുന്ന അഭിരുചികളും, ഏകീകരണത്തിന്‍റെ ചെറിയ പ്രശ്നങ്ങളും ഇതിലുണ്ട്.

ജനാധിപത്യപരമല്ലാത്ത രാജ്യങ്ങളിലെ ജീവിത രീതിയും ആകുലതകളും, ചിട്ടകളും മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം. നല്ല സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കയുള്ള ഒരു ചിത്രം.

സ്വിറ്റ്സര്‍ ലാന്‍ഡ്‌ലെ വഴിയോര കച്ചവടം.

പണ്ട് മൈസൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയില്‍ ഇഷ്ടപെട്ട കാര്യങ്ങളിലൊന്ന് വഴി നീളെ ഉള്ള കച്ചവടക്കാരായിരുന്നു. കാരറ്റ് മുതല്‍ തേന്‍ വരെ ഉള്ള വിഭവങ്ങള്‍ സ്വന്തം കൃഷിയിടങ്ങള്‍ക്കു മുന്നില്‍ ഇരുന്നു കച്ചവടം നടത്തുന്ന നാട്ടു കച്ചവടക്കാര്‍ . ഏതാണ്ട് എല്ലായിടത്തും വണ്ടി നിര്‍ത്തുകയും വാങ്ങുകയും വിലപേശുകയും ചെയ്യുന്നത് ഒരു രസമായിരുന്നു.

കഴിഞ്ഞ വര്ഷം സ്വിറ്റ്സര്‍ ലാന്‍ഡ്‌ലൂടെ വണ്ടിയില്‍ പോകുമ്പോള്‍ കാഴ്ചകള്‍ ആസ്വദിച്ചിരിക്കെ ആദ്യം മനസ്സില്‍ ഓര്‍ത്തത് എന്ത് കൊണ്ടോ വഴിയോര കച്ചവടക്കാരെ പറ്റിയാണ്. ഇന്ത്യക്ക് പുറത്തു ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മനുഷ്യരെ കാണുക തന്നെ അപൂര്‍വ്വം ആണല്ലോ !. പിന്നെയല്ലേ വഴിയോര കച്ചവടം.

ലുസാന്‍ എന്ന നഗരത്തില്‍ നിന്ന് തിരിച്ചു വരുമ്പോഴാണ്‌ വഴിയരികില്‍ ചോള വയലുകള്‍ക്കരികില്‍ കാര്‍ നിര്‍ത്തി പൂ പറിക്കുന്ന ഒരു കുടുംബത്തെ ശ്രദ്ധിച്ചത്. വലിയ ചോള വയലുകളുടെ എല്ലാം അരികില്‍ ഒരു ചെറിയ പൂന്തോട്ടം ഉണ്ടെന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. അപ്പോള്‍ പണ്ട് സ്കൂളീന്ന് വരുമ്പോള്‍ നാട്ടുകാരുടെ മാങ്ങയെല്ലാം ഞങ്ങള്‍ എറിഞ്ഞെടുക്കുന്നത് പോലെ മോഷണം ഇവിടെയും ഉണ്ടല്ലേ, എന്നാണ് ആദ്യം തോന്നിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അമ്മാവനാണ് തിരുത്തിയത്.

വസന്ത കാലത്തു വലിയ വയലുകള്‍ ഉള്ളവരെല്ലാം ഇവിടെ അതിന്റെ കോണില്‍ പൂ ചെടികള്‍ നടുമത്രേ, വഴിയിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വാങ്ങാനായി. പൂവിന്റെ വില എഴുതിയ ഒരു കാര്‍ഡും പണം ഇടാനുള്ള ഒരു പെട്ടിയും അരികില്‍ വച്ചിരിക്കും. അത്ര തന്നെ. ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യരാരും ഉണ്ടാവാറില്ല. യാത്രക്കാര്‍ തങ്ങള്‍ക്കു ആവശ്യമുള്ളത്ര പൂക്കള്‍ പറിക്കുന്നു, വില കണക്കു കൂട്ടി പെട്ടിയില്‍ നിക്ഷേപിച്ചു പോകും. പലപ്പോഴും പൂക്കള്‍ ഇഷ്ടപ്പെട്ടാല്‍ ചോദിച്ചതിലും കൂടുതല്‍ പണം പലരും പെട്ടിയില്‍ ഇടുന്നത് പതിവാണത്രെ.

കര്‍ഷകരുടെ എല്ലാ കച്ചവടങ്ങളും ഏതാണ്ടിങ്ങനെ തന്നെ ആണെന്ന് പിന്നീട് മനസിലായി. പച്ചക്കറികളും അവയുടെ വിലയും ഫാം ഹൌസുകളില്‍ വച്ചിരിക്കും. മിക്കപ്പോഴും അടുത്തെങ്ങും ആരും ഉണ്ടാവാറില്ല. ആളുകള്‍ പച്ചക്കറികള്‍ എടുത്തു വില കണക്കു കൂട്ടി പെട്ടിയില്‍ നിക്ഷേപിച്ചു പോകും. ഉടമസ്ഥര്‍ ദിവസത്തില്‍ ഒരിക്കല്‍ വന്നു കാശെടുത്തു പോകും.

നാട്ടില്‍ പച്ചക്കറി കൃഷി നടത്തി ജീവിച്ചിരുന്ന രാമന്‍ ചേട്ടന്‍ ഈ പരിപാടി തുടങ്ങിയാല്‍ പച്ചക്കറി പോയിട്ട് വച്ച പെട്ടി കാണുമോ പിറ്റേന്ന്?.

Wednesday, 22 July 2009

കലാമിനെ തൊട്ടാല്‍ അമേരിക്കയെ തട്ടും. !

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും, ആരാധ്യനുമായ അബ്ദുല്‍ കലാമിനെ ദേഹപരിശോധന നടത്തിയ വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ആണ് പ്രതി എന്നതിനാല്‍ പ്രതിഷേധം അമേരിക്കക്ക് നേരെയും ഉണ്ട്. പ്രതികരണത്തിന്റെ ചൂട് കണ്ടാല്‍ ഒബാമ എയര്‍ലൈന്‍സ്‌ കാരെ നേരിട്ട് വിളിച്ചു കലാമിനെ ദേഹ പരിശോധന നടത്താന്‍ പറഞ്ഞു എന്ന് തോന്നും.

ദേ, മറ്റൊരു അമേരിക്കന്‍ ചാരന്‍ എന്ന് വിളിച്ചു കൂവും മുന്നേ, നമുക്ക് നടന്നതിനെ പറ്റി ഒന്നാലോചിച്ചു നോക്കാം. നടന്നതിനെ കുറിച്ച് വായിക്കും തോറും അദ്ദേഹത്തെ അപമാനിച്ചത് ആര് എന്ന ചോദ്യം ഉയരുന്നു.

ദേഹപരിശോധനയില്‍ നിന്ന് VIP കളെ ഒഴിവാക്കി കൊണ്ടുള്ള ലിസ്റ്റ് തന്നെ ഒന്ന് പരിശോധിക്കൂ, രാഷ്ട്ര പതിയും, പ്രധാന മന്ത്രിയും പോട്ടെ, മറ്റു മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഗാന്ധി കുടുംബം, മുഖ്യ മന്ത്രിമാര്‍ തുടങ്ങി ലിസ്റ്റ് അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ജനാധിപത്യ രാജ്യത്തില്‍ ഇത്തരം ഒരു ലിസ്റ്റു തന്നെ വേണോ എന്നത് ആദ്യത്തെ ചോദ്യം. തേര്‍ഡ് ക്ലാസ്സില്‍ ജനങ്ങളോടൊപ്പം യാത്ര ചെയ്തു മാതൃക കാട്ടിയ രാഷ്ട്ര പിതാവിന്റെ നാടല്ലെ ഇത്?.

ഇനി ലിസ്റ്റ് വേണം എന്ന് തന്നെ ആകട്ടെ, അഭിവന്ദ്യരായ കുറച്ചു പേര്‍ക്ക് മാത്രമായി ചുരുക്കേണ്ട ലിസ്റ്റില്‍ എങ്ങനെ ഇരുനൂറു പേര്‍ ഇടം പിടിച്ചു?. ലിസ്റിനെ വലിച്ചു നീട്ടും തോറും വിമാന കമ്പനികളുടെ കണ്ണില്‍ അതിന്റെ മൂല്യം കുറയും എന്നറിയാന്‍ സാമാന്യ ബുദ്ധി പോരെ?.

ഇനി മുന്‍ രാഷ്ട്രപതിയുടെ സുരക്ഷയുടെ കാര്യം പറഞ്ഞാല്‍ , സംഭവ സമയത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ലേ?. ഉണ്ടായിരുന്നെങ്കില്‍, അവര്‍ എന്ത് കൊണ്ട് ഇത്തരം ഒരു നടപടി ക്രമം ചൂണ്ടിക്കട്ടിയില്ല ?. ഒരു മുന്‍ രാഷ്ട്രപതി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വരവ് അറിഞ്ഞിരുന്നില്ലേ?. അറിഞ്ഞില്ലെങ്കില്‍ എന്ത് കൊണ്ട്?. അറിഞ്ഞിരുന്നെങ്കില്‍ എന്ത് കൊണ്ട് അവര്‍ എയര്‍ലൈന്‍സ്‌നെ വിലക്കിയില്ല?.

ഇന്ത്യന്‍ ഗവെര്‍മെന്റിന്റെ ഭാഷ്യം അനുസരിച്ച് ഇത്തരം ഒരു നടപടിക്രമം നിലവില്‍ ഉണ്ടെങ്കിലും കോണ്ടിനെന്‍റല്‍ അത് നിയമപരമായി അംഗീകരിച്ചിട്ടില്ല എന്നാണ്. അപ്പോള്‍ സത്യത്തില്‍ ഈ ലിസ്റ്റിനു നിയമ സാധുതയുണ്ടോ?. ഉണ്ടെങ്കില്‍ സംഭവം നടന്നു 3 മാസത്തിനു ശേഷവും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകത്ത്തെന്തു കൊണ്ട്?. അഥവാ അങ്ങനെ ഒരു നിയമം ഇല്ലെങ്കില്‍ അവര്‍ ചെയ്തതില്‍ എന്താണ് തെറ്റ്?.

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തേടാതെ ഇത് ഇന്ത്യക്കെതിരെ ഉള്ള ആക്രമണം ആയും, അത് കലാം മുസ്ലിം ആയതു കൊണ്ടാണെന്നും ഒക്കെ വാദിക്കുന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പോടിയിടുകയല്ലേ?.

അമേരിക്കന്‍ നിയമം അനുസരിച്ചു പ്രത്യേക വിമാനത്തിലോ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയോ അല്ലാതെ സഞ്ചരിക്കുന്ന മുന്‍ പ്രേസിടെന്റ്മാരെ സുരക്ഷ പരിശോധനയ്ക്ക്‌ വിധേയമാക്കും. അവര്‍ അത് പാലിച്ചു. താന്‍ നിയമങ്ങള്‍ക്കു അതീതനായ ഒരാളാണെന്ന തോന്നല്‍ ഇല്ലാത്ത കലാം എന്ന വലിയ മനുഷ്യന്‍ അതിനെ ഒരു വലിയ കാര്യമായെടുത്തില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.

നിയമപരമായി എയര്‍ലൈന്‍സ്‌ സ്റ്റാഫ്‌ ചെയ്തത് തെറ്റാണെങ്കില്‍, അവരെ ശിക്ഷിക്കണം, അവര്‍ അദ്ദേഹത്തോട് തെറ്റായി പെരുമാറി എങ്കില്‍, അത് തീര്‍ച്ചയായും രാജ്യം വിട്ടു പോകേണ്ട തെറ്റ് തന്നെയാണ്. പക്ഷെ, അമേരിക്കന്‍ വിരോധത്തിന്റെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാതെ എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നന്വേഷിക്കാനുള്ള മര്യാദ എങ്കിലും നമുക്ക് കാട്ടാം.

ആത്മാഭിമാനമുള്ള ഒരു രാജ്യം മറ്റുള്ളവരുടെ മാത്രമല്ല, അവരുടെ തെറ്റുകളിലെക്കും കണ്ണ് തുറന്നു വയ്ക്കണം. ചെയ്യുന്നതെന്തും വിവേചനം എന്ന് കരുതുന്നത് അപകര്‍ഷത ബോധത്തിന്റെ മറ്റൊരു പതിപ്പാണ് !.

Tuesday, 21 July 2009

അയലത്തു നിന്ന് കഥകള്‍ കൂടി കൊണ്ട് വരൂ.

ക്യാമറ നായകന്റെ ഓരോ സ്റെപ്പിലും വട്ടം ചുറ്റിക്കുക, നായകന്‍ നാല്‍പ്പതു പേരെ ഒറ്റയ്ക്ക് ഇടിച്ചു തോല്‍പ്പിക്കുക തെരുവില്‍ ജീവിക്കുന്ന നായകനും നായികയും ഡാന്‍സ് ചെയ്യാന്‍ വിദേശത്തു പോകുക, പിന്നെ ഏഴ് മുഴം ചേല ചുറ്റി ദിവസം നാല് നേരം അമ്പലത്തില്‍ പോകുന്ന, ആണ്‍ കുട്ടികളുടെ നേരെ നോക്കാന്‍ മടിക്കുന്ന നായിക പാട്ട് പാടുമ്പോള്‍ കുട്ടി പാവാടയിലേക്ക് മാറുക തുടങ്ങിയ മഹത്തായ ആശയങ്ങള്‍ പകര്‍ത്തുന്ന കൂട്ടത്തില്‍ കഥ എന്ന സിനിമയുടെ ആ ചെറിയ ആശയം കൂടി നമുക്ക് പകര്‍ത്തി കൂടെ?.

ഉദാഹരണത്തിന് ഏറെ അകലെ അങ്ങ് അമേരിക്കയിലോ,യുറൊപ്പിലോ ഒന്നും പോകേണ്ട അയല്‍പക്കമായ , പണ്ട് നമ്മള്‍ മസാല സിനിമാക്കാര്‍ എന്നാക്ഷേപിച്ച, ഇപ്പോഴും പാണ്ടികള്‍ എന്നാക്ഷേപിക്കുന്ന തമിഴ്നാട്ടിലേക്കു നോക്കിയാല്‍ മതി. കഴിഞ്ഞ ആഴ്ചയില്‍ കണ്ട രണ്ടു തമിഴ് സിനിമകളാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ആദ്യത്തേത്‌ 'പസംഗ' എന്നാ ചിത്രം. ട്രെയിലര്‍ കണ്ടു തെറ്റിദ്ധരിച്ച്‌ ചിത്രം കനതിരുന്നെന്കില്‍ അതൊരു നഷ്ടം ആയേനെ. കുട്ടികളുടെ സ്കൂള്‍ കാല ജീവിതം മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം.
സ്കൂളിലെ ബാക്ക് ബെഞ്ച്‌ ഗ്യാങ്ങും, അവര്‍ക്കിടയിലെ വീറും വാശിയും ഒക്കെ നന്നായി ചിത്രീകരിച്ച ചിത്രം. എന്നാല്‍ ഇതിനെല്ലാം ഉപരി, മറ്റു ചില സവിശേഷതതകള്‍ ആണ് എന്നെ ആകര്‍ഷിച്ചത്‌. രണ്ടു കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ക്ക് ചുറ്റും നാം കാണുന്ന കഥാപാത്രങ്ങളോ, നാം കണ്ടു മുട്ടാന്‍ സാധ്യതയുള്ള സാധാരണക്കാര്‍. അതി സുന്ദരിയായ നയികയോ, അതിമാനുഷനായ നായകനോ ഇല്ല. ഇത്തരം ഒരു കഥ മലയാളത്തില്‍ ആരെങ്കിലും ഒന്ന് പരീക്ഷിക്കുമോ ആവൊ?.

രണ്ടാമത്തേത് അച്ഛന്റെയും, ഒരു മകളെ വളര്ത്തുന്നതിന്റെയും കഥ പറയുന്ന "അഭിയും ഞാനും". പ്രകാശ രാജ് എന്ന നടന്റെ പ്രതിഭക്ക് അപ്പുറം, ഒരു മകലോടോപ്പോം വളരുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രം. ലളിതമായ ആഖ്യാന രീതി, സിനിമ കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷവും, ആ വേലക്കാരന്‍ കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഐറ്റം നമ്പരോ, ക്യാമറ കറക്കലോ ഒന്നുമില്ലാത്ത ഒരു സിമ്പിള്‍ ചിത്രം. ഇതുവരെ അധികമാരും എത്തി നോക്കാത്ത, ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്ന അച്ഛന്റെ മനസിലേക്ക് എത്തി നോക്കുന്ന ചിത്രം.

നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായം ഒന്നും എനിക്കില്ല. ക്ലാസ്സ്‌ മേറ്സും, അറബി കഥയും, തിരക്കഥയും ഒക്കെ നല്ല സിനിമകള്‍ തന്നെ. ഇനിയും മലയാള പ്രേക്ഷകര്‍ക്ക്‌ (ചുരുക്കം പേര്‍ക്ക് ഒഴിച്ച് ) തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത പകല്‍ നക്ഷത്രങ്ങളും, തലപ്പാവും, ഗുല്മൊഹരുമ് ഒക്കെ നല്ല സിനിമകള്‍ ആയിരിക്കാം.

പക്ഷെ സിനിമയെ മുന്നോട്ടു നയിക്കേണ്ട പരീക്ഷണങ്ങള്‍ പലതും, ക്യാമറ വട്ടം കറക്കലും, സ്ലോ മോറേനിലും ഒതുങ്ങുന്നു എന്ന് മാത്രം. അഭിനയത്തില്‍ ആകട്ടെ, സംവിധാനത്തില്‍ ആകട്ടെ, ഒരു സൂപ്പര്‍ സ്റ്റാറിന്റെ പിന്‍ബലം ഇല്ലെങ്കില്‍ എത്ര പുതു മുഖങ്ങള്‍ക്കു അവസരം കിട്ടുന്നു?. ഇത് വരെ പറയാത്ത കഥകളുമായി പരീക്ഷണം നടത്താന്‍ ശ്രമിക്കുന്നവരുണ്ടോ?. ഉണ്ടെങ്കില്‍ അവരെങ്ങനെ സിനിമ എടുക്കും?.

പുറത്തു നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് പുത്തന്‍ തരെങ്ങളെയും കഥകളുടെയും സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തമിഴിന്റെ പാഠം ആണ്. പ്രക്ഷകനും പഠിക്കാനുണ്ട്, സൂപ്പറുകളുടെ കോമാളി പടങ്ങള്‍ക്ക് പകരം, കഥയും കാമ്പും ഉള്ള പടങ്ങള്‍ക്ക് മാത്രം ടിക്കറ്റ്‌ എടുത്തു കയറാന്‍ !.

Monday, 20 July 2009

കണ്ണുകള്‍ മാത്രം കണ്ടു ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍.

ഈ ശനിയാഴ്ച കണ്ടുമുട്ടിയ എന്റെ സുഹൃത്തില്‍ നിന്ന് കേട്ട ഒരു അനുഭവം. കേട്ടപ്പോള്‍ രസകരമായി തോന്നിയത് കൊണ്ട് ഇവിടെ കുറിക്കുന്നു.

ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന് ശരി-യാ നിയമം കര്‍ശനമായി പാലിക്കുന്ന ഒരു രാജ്യത്തേക്ക് ജോലി മാറ്റം കിട്ടുന്നു. സ്ത്രീകള്‍ കണ്ണ് മാത്രമേ പുരത്ത് കട്ടാവൂ എന്നതാണ് ആ രാജ്യത്തെ ഒരു നിയമം. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദയാണ് സ്ത്രീകളുടെ വേഷം. മാത്രമല്ല, സ്ത്രീകള്‍ പൊതുവേ ഒറ്റയ്ക്ക് യാത്ര ചെയ്യാറും ഇല്ല. രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചാണ് യാത്ര.

സുഹൃത്തു അവിടെയെത്തി ഏതാനം മാസങ്ങള്‍ക്കു ശേഷം കമ്പനിയില്‍ ഒരു ഒഴിവുണ്ടാകുന്നു. കമ്പനിയുടെ ആ രാജ്യത്തെ പോളിസി പ്രകാരം, ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിയമിക്കാന്‍ തീരുമാനമാകുന്നു. പതിവ് പ്രോസിസ്സിങ്ങിനു ശേഷം ഇന്റര്‍വ്യൂ ആരംഭിക്കുന്നു.

ഇന്റര്‍വ്യൂ തുടങ്ങിയപ്പോഴാണ് സുഹൃത്തിന് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടുന്നത്. വരുന്നവരെല്ലാം പലപ്പോഴും ഒന്നോ രണ്ടോ സുഹൃത്തുക്കളോടോ വീട്ടുകരോടോ ഒപ്പമാണ് വരവ്. അവര്‍ മിക്കപ്പോഴും ഇന്റര്‍വ്യൂ സമയത്തു ഒപ്പം കാണുകയും ചെയ്യും.

ഇന്റര്‍വ്യൂ തുടങ്ങുമ്പോള്‍ സുഹൃത്തിന് മുന്നില്‍ പര്‍ദയിട്ട കണ്ണ് മാത്രം പുറത്തു കാണാവുന്ന മൂനോ നാലോ സ്ത്രീകള്‍ ഉണ്ടാവും. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ജോലിക്ക് അപേക്ഷിച്ച ആള്‍ തന്നെയാണെന്നു എങ്ങനെ അറിയും?. അത് മാത്രമല്ല, ജോലി കൊടുത്താല്‍, ജോലിക്ക് വരുന്നത് ഇന്റര്‍വ്യൂ വിനു വന്ന ആള്‍ തന്നെയാണെന്നു തിരിച്ചരിയുന്നതെങ്ങനെ?. നിയമനങ്ങള്‍ എല്ലാം ഒരു വിശ്വാസത്തിന്റെ ബലത്തില്‍. കണ്ണുകള്‍ മാത്രം കണ്ടു ആളെ തിരിച്ചറിയുന്ന പുതിയ സാങ്കേതിക വിദ്യ വേണം എന്ന് സുഹൃത്തു തമാശയായി പറയുന്നുണ്ടായിരുന്നു.

അനുഭവം എന്ന ലേബലില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചിട്ട് ചിന്ത സമ്മതിക്കുന്നില്ല. അത് കൊണ്ട് നര്‍മം അല്ലെങ്കിലും അതില്‍ പോസ്റ്റുന്നു.

Friday, 17 July 2009

മുകേഷും ,ഗബ്ബര്‍ സിംഗും പിന്നെ മലയാളിയും.

രണ്ടായിരത്തിലെ അവസാന മാസങ്ങളില്‍ ഒന്നിലാണ് ഞാന്‍ രണ്ടാം വട്ടം കേരളത്തിന്റെ അതിര്‍ത്തി കടക്കുന്നതു. ചെന്നൈയിലേക്കുള്ള ഒരു കുടുംബ സന്ദര്‍ശനം ഒഴിച്ചാല്‍ മറ്റൊരിക്കലും അതിര്‍ത്തി കടന്നിട്ടില്ല അതുവരെ. ലക്‌ഷ്യം മംഗലാപുരം. IT എന്ന മഹാ സാഗരത്തിലേക്ക് ഉള്ള ചാട്ടം തന്നെ കാരണം.

കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന് മറു നാട്ടുകാരോടൊപ്പം താമസിക്കണം എന്നതായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് പഠിക്കാന്‍ വേണ്ടി എടുത്ത ഒരു തീരുമാനം. അങ്ങനെയാണ് സച്ചിനെ പരിചയപ്പെടുന്നത്‌. ഹിന്ദി സിനിമയുടെ കടുത്ത ആരാധകന്‍. വേര് ആരാധകനല്ല, ഒരു ഒന്നൊന്നര താരം. അമിതാബ് ബച്ചന്റെ വളരെ ചുരുക്കം പടങ്ങള്‍ മാത്രം കണ്ടിട്ടുള്ള എന്നോട്, 1957 ലെ ഹിന്ദി ചിത്രങ്ങളെ കുറിച്ചായിരുന്നു ആദ്യ ദിന വിവരണം. ഹിന്ദി സിനിമയുടെ സുവര്‍ണ വര്ഷം ആയിരുന്നത്രെ അത്.

എന്നോട് സംസാരിച്ചു തുടങ്ങിയതോടെ മലയാളികള്‍ക്ക് ഹിന്ദി സിനിമയെ പറ്റി 'നല്ല' വിവരമാണെന്ന് കക്ഷിക്ക് പിടി കിട്ടി. എങ്കിലും ഷോലേ ഒക്കെ കണ്ടിരുന്നത്‌ കൊണ്ടും അമിതാബ് ബച്ചനും നര്‍ഗിസും ഒക്കെ ആരെന്നു അറിയാവുന്നതു കൊണ്ടും അവന്‍ അങ്ങ് ക്ഷമിച്ചു.

രംഗം 1:

ട്രെയിനിങ്ങും , കോടിങ്ങും, ബ്രൌസിങ്ങുമായി കാലം കടന്നു പോയി, ഏയ് അത്രക്കൊന്നുമില്ല ഒരു 2 മാസം. അങ്ങനെയൊരു നാള്‍ വൈകീട്ട് 'cubicle' എന്ന IT സെല്ലില്‍ ഇരിക്കവേ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി അതാ സച്ചിന്‍ വരുന്നു.

സച്ചിന്‍ : "യു മലയാളിസ് ആര്‍ എ ടോട്ടല്‍ വേസ്റ്റ് "

ഞാന്‍ : "ക്യാ ഹുവ സച്ചിന്‍" ?.

സച്ചിന്‍ : ഉസ്നെ ഷോലെ ദേഖാ നഹി അഭി തക്. ദേഖ്ന തോ ചോട്, സുന തക് നഹി.

ഞങ്ങളുടെ ടീമിലെ രെമ്യ എന്ന മലയാളി പെണ്‍കുട്ടിയെ പറ്റിയാണ് 'പ്രശംസ'. അവള്‍ അവനെ ഒന്ന് രണ്ടു തെറി വിളിച്ചെങ്കില്‍ അവനു ഇത്ര ദേഷ്യം വരില്ലായിരുന്നു. സംഭവം ഇങ്ങനെ, വരാന്‍ പോകുന്ന കമ്പനി ഫെസ്റ്റിവല്‍ ചര്‍ച്ചക്കിടയില്‍ സച്ചിന്‍ 'ഗബ്ബര്‍ സിംഗ്' ആയി അഭിനയിക്കാം എന്ന് തീരുമാനിക്കുന്നു.

അടുത്ത് നില്‍ക്കുന്ന രമ്യക്ക് സംശയം, ആരാണീ ഗബ്ബര്‍ സിംഗ് ?. സച്ചിന്‍ ഒന്ന് ഞെട്ടി. ഇനിയിപ്പോ വില്ലന്റെ പേര് മറന്നു പോയതാവാം എന്ന് സമാധാനം. ഷോലേ സിനിമയിലെ ഗബ്ബര്‍ സിംഗ് എന്ന് തിരുത്ത് . ഷോലയോ, അതെന്തു സിനിമ എന്ന് രമ്യ. മലയാളികളുടെ ഹിന്ദി സിനിമ അവബോധത്തില്‍ മനം നൊന്ത സച്ചിനെയാണ് ഞാന്‍ അല്‍പ നേരം മുന്നേ കണ്ടത്.

രംഗം 2:
മാസങ്ങള്‍ ആറെണ്ണം ശടപടെ ശടപടെന്നു കടന്നു പോകുന്നു. സച്ചിന്റെ ബൈക്കില്‍ ഒരു ദിനം ഞങ്ങള്‍ ടൌണിലെ സസ്യാഹാര ഹോട്ടലിലേക്ക്. സച്ചിന്‍ കൂടെയുള്ളപ്പോള്‍ സംഭവിക്കുന്നത്‌ പോലെ സംസാരം ഹിന്ദി സിനിമയിലേക്ക് തിരിയുന്നു. ബോംബയില്‍ നിന്നുള്ള ഒന്ന് രണ്ടു സുഹൃത്തുക്കള്‍ കൂടെ ഉള്ളത് കൊണ്ട് ഞാന്‍ ചര്‍ച്ച അവര്‍ക്ക് വിട്ടു കൊടുത്തു ആഹരത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു.

ചര്‍ച്ച ഗാനങ്ങളിലേക്ക് തിരിയുന്നു. "റാഫി", "കിഷോര്‍ കുമാര്‍" എന്ന കേട്ടിട്ടുള്ള പേരുകള്‍ കേട്ടത് കൊണ്ട് ഞാന്‍ ഒരു ചെവി അങ്ങോട്ട്‌ തിരിക്കുന്നു. അപ്പോഴതാ വരുന്നു സച്ചിന്റെ കമന്റ്‌ "മുകേഷ് ഭി മസ്ത് ഹൈ ". അതാരപ്പാ ഒരു മുകേഷ്, സംശയം അല്ലെ, അറിയാതെ അതങ്ങ് ചോദിച്ചു പോയി.

ഇലക്ഷന്‍ റിസള്‍ട്ട്‌ കേട്ട കമ്മ്യൂണിസ്റ്റുകാരനെ പോലെ ആയിരുന്നു സച്ചിന്റെ മുഖ ഭാവം. മുകേഷ് ആരെന്നറിയാത്ത ഇന്ത്യക്കരാണോ?. ഈ "മുകേഷ്" ഇത്ര വല്യ പുള്ളിയാണെന്ന് നാലും മൂന്നും ഏഴ് ഹിന്ദി പാട്ട് തികച്ചു കേള്‍ക്കാത്ത എനിക്കറിയാമോ.

സംഗതി എന്തായാലും അന്ന് രാത്രി തിരിച്ചു എന്നെ ബൈക്കില്‍ കൊണ്ട് വരാന്‍ സച്ചിന്‍ വിസമ്മതിച്ചു എന്ന് കേള്‍ക്കുമ്പോഴേ ഊഹിക്കാമല്ലോ ആ വേദനയുടെ ആഴം :)

എന്റെ കോമഡി ബ്ലോഗെഴുത്തു.

ഒരെഴുത്തുകാരന്‍ ആവണം ആവണം എന്നത് മൂന്നാം ക്ലാസ്സ്‌ മുതലേ ഉള്ള ആഗ്രഹം ആണ്. 3Bയില്‍ പഠിക്കുന്ന കാലത്തു ബാലഭൂമിയിലേക്ക് കവിത അയച്ചാണ് കാര്യങ്ങളുടെ തുടക്കം. അച്ചടിക്കാത്ത , തിരിച്ചു വരാത്ത കഥകളും കവിതകളുമായി കാലം അങ്ങനെ ഒരുപാട് കടന്നു പോയി.

മീശ മുളച്ച കാലം മുതലേ എഴുത്തു മനോരമയിലെക്കും, മംഗളത്തിലെക്കും പിന്നെ നെരൂദയുടെ കോപ്പി അടിച്ചു മാറ്റി സ്വന്തം പേരെഴുതിയ കവിതകള്‍ മാതൃഭൂമിയിലേക്കും. കവറുകള്‍ ഒന്ന് രണ്ടെണ്ണം തിരിച്ചു വന്നു എന്നല്ലാതെ മറ്റു വിശേഷങ്ങള്‍ ഒന്നും ഉണ്ടായില്ല.

എന്നാല്പിന്നെ കേരളം അറിയുന്ന നോവലിസ്റ്റ്‌ ആയേക്കാം എന്ന് വച്ചു. നോവല്‍ എഴുത്തു തുടങ്ങിയതല്ലാതെ തീര്‍ന്നുമില്ല, സ്വന്തം അനിയന്‍ പോലും വായിച്ചു നോക്കിയതുമില്ല.

അങ്ങനെ ആശങ്ക മൂത്ത് ഇരിക്കുന്ന നാളിലാണ്‌ എന്റെ ബ്രൌസെരില്‍ ചിന്ത പ്രത്യക്ഷപ്പെടുന്നത്. ബ്ലോഗെങ്കില്‍ ബ്ലോഗ്‌, നാലാള് വായിച്ചു കയ്യടിച്ചാല്‍ പോരെ?. എന്തെഴുതും? കഥയും, കവിതയും, ഫോട്ടോയും ഒക്കെ നിറഞ്ഞ ബ്ലോഗുകള്‍ ഒത്തിരി. അപ്പോള്‍ പിന്നെ ഒരു ചേഞ്ച്‌ വേണ്ടേ.

കോമഡി തന്നെ മെയിന്‍ ആയുധം. നാട്ടിലെ പത്രവാര്‍ത്ത എടുത്തു നോക്കി അതിനെ അങ്ങ് തമാശയിട്ടു തകര്‍ക്കാം. തമാശഎഴുതാന്‍ പണ്ടേ നല്ല കഴിവയത് കൊണ്ട് മെയിലായും ഫോര്‍വേഡ് ആയും അത് നാട്ടില്‍ വിലസും. അതോടെ ആരാധകരുടെ ബഹളമാവും ബ്ലോഗ്ഗില്‍. ആരാധകര്‍ വന്നു തുടങ്ങുന്നതോടെ നമ്മുടെ അടുത്ത നമ്പര്‍, പമ്മന്‍ മുതല്‍ സാഗര്‍ കോട്ടപ്പുറം വരെ പ്രയോഗിച്ചു തകര്‍ത്ത ഇക്കിളി ഭാഷ. അതോടെയതാ തേങ്ങ അടിക്കാനും, വാനോളം പുകഴ്ത്താനും ജനം ഇരമ്പുന്നു. കുറച്ചു നിമ്നോന്നത പ്രയോഗങ്ങളും, ജാരന്‍ നമ്പറും കൂടെ കൂട്ടിയാല്‍ എന്റെ ബ്ലോഗ്‌ സൂപ്പര്‍ ഹിറ്റ്‌.

ഇക്കിളി മടുത്തു തുടങ്ങിയാല്‍?. ജനത്തിന് വേണ്ടത് എന്താണെന്ന് പണ്ട് രെന്ജി പണിക്കര്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തിലെ നിരാശ മാറ്റാന്‍ നാട്ടുകാര്‍ക്കിട്ട് തെറിവിളി. അത് രാഷ്ട്രീയമോ,സിനിമക്കാരോ ഒക്കെയാവാം. നടികള്‍ ആണേല്‍ ബെസ്റ്റ് !. തനിക്കു വിളിക്കാന്‍ പറ്റാത്ത തെറി മറ്റൊരുത്തന്‍ വിളിക്കുന്ന കേള്‍ക്കാനുള്ള പൂതിയുമായി ജനം എന്റെ ബ്ലോഗിലേക്ക് ഓടിയെത്തും.

ഇതിനിടക്ക്‌ കുറച്ചു ജനം ഈ സ്ഥിരം നമ്പര്‍ എതിര്‍ക്കും. എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന വമ്പന്‍ ഡയലോഗ് എടുത്തു വീശി ഞാന്‍ അവന്മാരുടെ വായടക്കും. പോരെങ്കില്‍ എന്തിനും പോന്ന 'തേങ്ങയടി' പട്ടാളം ഉണ്ടാവുമല്ലോ എന്റെ കൂടെ. അവന്മാര് ഒതുക്കിക്കോളും അവരെ.

അങ്ങനെ ഇക്കിളി സ്റ്റോക്കും തെറി വിളി സ്റ്റോക്കും തീര്‍ന്നാല്‍?. . ഹഹ , അങ്ങനെയങ്ങ് തോല്‍ക്കുമോ ഞാന്‍?. ബൂലോകം എന്ന ലോകത്തും കുറച്ചു ജനമുണ്ടല്ലോ. സ്വന്തം കഥയും, കവിതയും, പടമെടുപ്പും സ്വന്തം ബ്ലോഗില്‍ ഇട്ടു ജീവിക്കുന്നവര്‍. അവന്മാരുടെ ബ്ലോഗില്‍ ജനം ഒത്തിരി വരുന്നതും പെണ്‍ പിള്ളേര് കംമെന്റിടുന്നതും ഇഷ്ടപ്പെടാത്ത ജനം ഒരുപാടുണ്ട് മോനെ ഈ ബൂലോകത്തില്‍.

അവന്മാര്‍ക്കിട്ടു തെറിവിളിച്ചാല്‍ എന്റെ ആരാധകര്‍ക്ക് അതങ്ങ് ഇഷ്ടപ്പെടും. വിമര്‍ശനാത്മക സാഹിത്യം ആണെന്ന് വരെ അവര് പറഞ്ഞു കളയും. അവര് കഥ എഴുതിയാലും, ഫോട്ടോ ഇട്ടാലും, കൂട്ട് കൂടിയാലും, അവന്മാരെ ഞാന്‍ ചീത്ത വിളിച്ചു ഒതുക്കും. അതിഷ്ടപ്പെടുന്ന ആരാധകര്‍ എന്നെ തേങ്ങ കൊണ്ട് മൂടും !.

അപ്പൊ സ്വന്തം ബ്ലോഗില്‍ അവനവനു ഇഷ്ടപ്പെടുന്നത് ചെയ്യാമെന്ന് അണ്ണന്‍ നേരത്തെ പറഞ്ഞതോ?. അവര്‍ക്ക് അറിയാവുന്നതു അവര് ചെയുന്നു എന്നല്ലേ ഉള്ളൂ ?. ഇതൊക്കെ ആരാധകന്മാര്‍ക്ക് മനസിലായാല്‍?.

ഹി ഹി ഹി. സാഗര്‍ കോട്ടപ്പുരത്തിന്റെ ദിവ്യ വചനം നീ ഓര്‍ക്കുന്നില്ലേ?. "ആരാധകന്മാര്‍ വെറും പുണ്ണാക്കന്മാര്‍". ഇക്കിളിയും , ചീത്ത വിളിയും, പിന്നെ കോമഡിയും സമാസമം ചെറുത്തു ഞാന്‍ ഉണ്ടാക്കുന്ന പോസ്റ്റ്‌ വായിച്ചു പുളകിതരായി ജയ് വിളിക്കുന്നവര്‍ക്ക് ഇത് വല്ലോം മനസിലാവുമോ?. അവര്‍ വീണ്ടും ജയ് വിളിക്കും, തേങ്ങ അടിക്കും.

Friday, 19 June 2009

അദ്ധ്വാനത്തിന്റെ അഞ്ചു പൌണ്ട്.

വെയിലും ചൂടുമുള്ള ദിനങ്ങള്‍ ഇവിടെ അധികം കിട്ടാത്തത് കൊണ്ടാവാം, അതുള്ള ദിനങ്ങളില്‍ എല്ലാം പുറത്തേക്ക് പോകാന്‍ മനസു പറയുന്നത്. വര്‍ഷത്തില്‍ വെറും മൂന്ന് മാസമാണ് ചൂട് കാലം. അതില്‍ പകുതിയും മഴ പെയ്തു പോകും. പിന്നെ ബാക്കിയുള്ളത് പണ്ട് ബാലകൃഷ്ണ പിള്ള ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ ജോലി സമയം കണക്കാക്കിയത് പോലെ കുറച്ചു ദിവസങ്ങള്‍. അത് കൊണ്ട് തന്നെ അവധി ദിവസങ്ങളില്‍ വെയില്‍ കണ്ടാല്‍ പൊതുവേ ഇറങ്ങി നടക്കും.

അങ്ങനെ ഒരു നടത്തത്തിനൊടുവില്‍ ആണ് അടുത്തുള്ള പാര്‍കില്‍ എത്തുന്നത്. മരച്ചുവട്ടില്‍ ഇരുന്നു പുസ്തകം വായിക്കുന്നതിനിടയില്‍ ഒരാഗ്രഹം. ഒരു ഐസ് ക്രീം കഴിച്ചാലോ?. ഇസ്നൊഫെലിയ എന്ന കൊടും ഭീകരന്‍ ദേഹത്തു കേറി കൂടിയതില്‍ പിന്നെ ആഹാരത്തില്‍ നിന്ന് വെട്ടി മാറ്റിയ ഒന്നാണ് ഐസ് ക്രീം. തണുപ്പുള്ള രാജ്യത്തു വന്നു പെട്ടത്തില്‍ പിന്നെ പ്രത്യേകിച്ചും. വെയിലും ചൂടുമുള്ള ഇന്ന് കഴിച്ചില്ലെങ്കില്‍ പിന്നെ എന്ന്?.

പിന്നെ മടി പിടിച്ചില്ല, ഉടനെ എണീറ്റ്‌ നടന്നു. അടുത്ത കട കണ്ടു പിടിക്കാന്‍. ഞായറാഴ്ച ആയതിനാല്‍ തുറക്കാത്ത കടകളാണ് ഏറെയും. പക്ഷെ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വചനം സത്യമാക്കി കൊണ്ട് അവസാനം ഒരു കട കണ്ടെത്തി. റോഡിനപ്പുറത്തേക്ക് കടക്കാന്‍ തുനിയവെ പിറകില്‍ നിന്നൊരു ശബ്ദം.

"കാന്‍ യു ഹെല്പ് മി വിത്ത്‌ ദിസ്‌ TV"? -- ഒരു വലിയ പെട്ടിയുമായി മാന്യമായി വസ്ത്രം ധരിച്ച ഒരു ഇംഗ്ലീഷ് വൃദ്ധന്‍. TV ഒന്നാം നിലയിലെത്തിക്കണം. അതാണാവശ്യം. റോഡില്‍ ആണെങ്കില്‍ മറ്റാരുമില്ല. അഞ്ചു മിനിറ്റ് നേരത്തെ കാര്യമല്ലേ, സമ്മതിച്ചു. പക്ഷെ അപ്പോളതാ, ഇംഗ്ലീഷു കാരന്റെ മര്യാദ തലപൊക്കുന്നു.

"യു ഹാവ് ടു ടേക്ക് 5 പൌണ്ട് ഫ്രം മി.". പൈസ വേണ്ട എന്ന് പറഞ്ഞു നോക്കി. എന്നാല്‍ സഹായിക്കണ്ട എന്ന് വൃദ്ധന്‍. അങ്ങനെയെങ്കില്‍ അങ്ങനെ ഒരു പുതിയ അനുഭവം അല്ലെ എന്ന് ഞാനും. അല്പം പണിപ്പെട്ടെങ്കിലും TV മുകളില്‍ കയറ്റി. അഞ്ചു പൌണ്ടില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഒരിക്കല്‍ കൂടി ശ്രമിച്ചു. വിട്ടില്ല ചേട്ടന്‍. അത് പോക്കറ്റില്‍ തിരുകി. മനസ്സില്‍ അപ്പോഴും ഒരു വിമ്മിഷ്ടം. എന്തിനാണോ ആവൊ?. ചെയ്ത ജോലിക്ക് കൂലി വാങ്ങുന്നത് നമ്മുടെ മനസ്സില്‍ അത്ര വലിയ തെറ്റാണോ?. ഒന്ന് കൂടി ആലോചിച്ചപ്പോള്‍ ജോലി ചെയ്യിപ്പിച്ചവന് സന്തോഷമെങ്കില്‍ കൂലി വാങ്ങുന്നതിന് ഞാന്‍ എന്തിനു മടിക്കണം. പിന്നെ മടിച്ചില്ല. ഈ അനുഭവം എങ്ങനെ എന്നറിയാമല്ലോ.

അധ്വാനത്തിന്റെ കൂലി കൊണ്ട് വാങ്ങിയ ഐസ് ക്രീമുമായി തിരികെ നടക്കുമ്പോള്‍ വൃദ്ധന്‍ ജനാലയിലൂടെ എന്റെ നേര്‍ക്ക്‌ കൈ വീശുന്നു. അന്നത്തെ വിയര്‍പ്പു കൊണ്ട് നേടിയ ആ ഐസ് ക്രീമിന് രുചി കൂടുതലുണ്ടായിരുന്നോ?. എനിക്കങ്ങനെ തോന്നി !. മനസ്സില്‍ സന്തോഷവും !.

Friday, 12 June 2009

ഒരു സാഹസം. (മഞ്ഞുകട്ടകള്‍ - കഥ )

15 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥ എഴുതല്‍ സാഹസം. തോന്ന്യാശ്രമത്തിലെ കഥാ മത്സരം ആണ് കാരണം. വിമര്‍ശനങ്ങളും തിരുത്തലും സ്വാഗതം.

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....ഓടിയകലുന്ന വണ്ടിയിലേക്ക് നോക്കാതെ രമേശ്‌ തിരിഞ്ഞു നടന്നു. ടിവിയില്‍ വെളുത്തുരുണ്ട രണ്ടു കുട്ടി രൂപങ്ങള്‍ മലയാളികള്‍ക്ക് മൊബൈല്‍ ഫോണ്‍ തന്ത്രങ്ങള്‍ വില്‍ക്കുന്നു. ഏഴു വര്ഷം മുന്‍പേ ടിക്കറ്റില്ലാതെ ഒരു പാതിരാത്രിക്ക്‌ വണ്ടി കയറാന്‍ എത്തിയ ആ സ്റ്റേഷെനെ അല്ല ഇന്നിത്. ആ രാത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രമേശ്‌ ചാപ്പനെ ഓര്‍ത്തു, പിന്നെ മനസ് മറഞ്ഞു കിടന്ന വേദനയുടെ കനലുകളെ ഊതിപ്പെരുപ്പിക്കാന്‍ തുടങ്ങി. ആ സമയം നന്ദനയുടെ വീടില്‍ നിന്നും ഏറെ അകലെ ഇരുണ്ട ഒരു വീടിനുള്ളില്‍ രമേഷിന് വേണ്ടി ഒരു കത്തി ഒരുങ്ങി തുടങ്ങിയിരുന്നു.

ഏഴു വര്‍ഷം, കണ്ണീരിന്‍റെ, കഷ്ടപ്പാടിന്‍റെ ഏഴു നീണ്ട വര്‍ഷങ്ങള്‍. അതിനു ശേഷം അവനിന്നെത്തും. നന്ദനക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു. തന്‍റെ മുഖം കണ്ടു ഞെട്ടിത്തെറിച്ചു നില്‍ക്കുന്ന രമേഷിനെ ഇന്നലെ കണ്ടത് പോലെ തോന്നുന്നു. അവനു താന്‍ എഴുതിയത് ശരിയാണൊ?. അവനെ അറിഞ്ഞു കൊണ്ട് ഈ നാട്ടിലേക്കു വരുത്തിയത് ശരിയാണൊ?. തെറ്റും ശരിയും അറിയാത്ത കുട്ടിയുടെ നിസ്സഹായത തന്നെ പൊതിയുന്നത് അവള്‍ അറിഞ്ഞു. കൈകള്‍ മൊബൈലിലേക്ക് നീണ്ടു. അവസാനം വിളിച്ചു നിര്‍ത്തിയ നമ്പര്‍ വീണ്ടും ഡയല്‍ ചെയ്യുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് പോലും അവള്‍ക്കു അറിയില്ലായിരുന്നു...

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുകളിലേക്കുള്ള കുന്നു കയറുമ്പോഴേക്കും, രമേശ്‌ പഴയ ത്രിശൂര്‍ക്കാരന്‍ "ഗടി" ആയി മാറിയിരുന്നു. മായ്ച്ചാലും മായാത്ത വിധം ഈ നഗരം തന്നിലലിഞ്ഞു കിടക്കുന്നു. ഒരര്‍ഥത്തില്‍ തൃശൂരിന്‍റെ ചരിത്രം തന്നെയല്ലേ എന്‍റെതും?. ഒരു കാലത്ത് പേര് കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും, കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം. പിന്നീട് കൂണ് പോലെ മുളച്ചു പൊന്തിയ കുറി കമ്പനികളുടെ കൂട്ട് പിടിച്ചു പണത്തിനു പുറകെയുള്ള പലായനം. അത് വളര്‍ത്താനും നില നിര്‍ത്താനും ഗുണ്ടാ സംഘങ്ങളുടെ വിത്തു പാകല്‍. പിന്നെ പിന്നെ തങ്ങള്‍ വളര്‍ത്തി വലുതാക്കിയ ഗുണ്ടാ സംഘങ്ങളെ പേടിച്ചു ജീവിതം.

കോളേജില്‍ പഠിക്കുന്ന കാലത്തു പോക്കറ്റ്‌ മണിക്ക് വേണ്ടി തുടങ്ങിയ കൊച്ചു കൂട്ട് കെട്ടുകള്‍ കൊണ്ടെത്തിച്ച ഒരു ഭൂത കാലത്തേ പേടിച്ചുള്ള തന്‍റെ ജീവിതവും ഇത് തന്നെയല്ലേ?. മരണം എല്ലാ അര്‍ഥത്തിലും ഒരു മോചനമാണ് എന്ന് പാടുന്ന അന്ധേരിയിലെ ഗായകനെ രമേശ്‌ ഓര്‍ത്തു പോയി. മരിക്കാതെ മരിക്കുന്നതിലും എത്രയോ ഭേദം.

സ്ക്രൂ ഡ്രൈവര്‍ മണിയാണ് രമേഷിനെ നഗരത്തില്‍ ആദ്യം കണ്ടത്. മൊബൈലിനു നന്ദി. വെറും മൂന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ജയന്ത്‌ അങ്ങേ തലക്കല്‍ എത്തി. "അവന്‍ എത്തിയെങ്കില്‍ അത് നന്ദനയുടെ കത്ത് കിട്ടിയിട്ട് തന്നെ". നാളെ, നമുക്കവനെ കിട്ടും. ഒതേനനെ!. "ഈ പഴഞ്ചന്‍ പേരുള്ള മാക്രിക്ക് പഞ്ഞി വയ്ക്കാന്‍ മൂന്ന് പേരോ?. ഞാന്‍ ഒറ്റയ്ക്ക് പൂളാം അവനെ". പോളിന്, സംഘത്തിലെ പുത്തന്‍ താരത്തിനു ആവേശം ഇരട്ടിച്ചു. ജയന്ത്‌ ഒന്ന് ചിരിച്ചു. കേരള വര്‍മ കോളേജിലെ ബി എ വിദ്യാര്‍ഥി രമേശ്‌, തൃശ്ശൂരിനെ വിറപ്പിച്ച ഒതേനന്‍ രമേശായത് ഇത് പോലെ എത്ര പേരെ കണ്ടിട്ടാണെന്ന് അവനറിയില്ലല്ലോ.

തന്‍റെ സുഹൃത്തു ജിജോയെ തല്ലനെത്തിയ ഗുണ്ട നേതാവിനെ തല്ലി തുടക്കം. പിന്നെടങ്ങോട്ടു കടയോഴിപ്പിക്കല്കാര്‍ക്കും കുറിക്കാര്‍ക്കും വേണ്ടി ഗുണ്ടായിസം. കല്ലന്‍ ബിജുവിനും ഗ്യാങ്ങിനും ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ വച്ച് ഒറ്റയ്ക്ക് പണി കൊടുത്തതോടെ ആണ് രമേശ്‌ ഒതെനനും വാല് പോലെ നടക്കുന്ന ജിജോ ചാപ്പനും ആകുന്നത്‌. നരേഷിനോപ്പം നടന്ന അക്കാലത്താണ് താനും രമേഷുമായി മുട്ടുന്നത്.നരേഷ് ഉണ്ടായിരുന്ന ആ കാലം..

തലേന്ന് രാത്രിയിലെ ഉറക്കം അത്ര നന്നായില്ല എന്ന് അബ്ദു ഓര്‍ത്തു. അടയുന്ന കണ്പോളകളെ രാവിലെ കുടിച്ച ചായയുടെ ശക്തി കൊണ്ട് തുറന്നു വച്ച് അയാള്‍ ആക്സിലേറ്ററില്‍ കാല്‍ അമര്ത്തി. ഇന്ന് ഉച്ചക്ക് മുന്നേ ചരക്ക് കോട്ടയത്ത്‌ എത്തേണ്ടതാണ്. തൃശൂര്‍ എത്താറായി. പക്ഷെ , ഇനിയുമുണ്ട് 150 കിലോമീറ്റര്‍..

"ഇനി എന്തെങ്കിലും, സര്‍?". ജയ പാലസിലെ ജീവനക്കാരന്റെ ചോദ്യമാണ് രമേഷിനെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്. ചാപ്പന് ഏറ്റവും ഇഷ്ടപെട്ട ഹോട്ടല്‍ ആയിരുന്നു ഇത്. താന്‍ ട്രെയിന്‍ കയറിയ രാത്രിയില്‍, ജയന്തും സംഘവും തന്നെയാവണം അവനെ ലോറിയിടിച്ച് കൊന്നത്. ചോരക്കു ചോര, അതാണല്ലോ തൃശ്ശൂരിന്റെ കണക്ക്. അതോര്‍ത്തപ്പോള്‍ അവനു നന്ദനയെ ഓര്മ വന്നു പിന്നെ നരേഷിന്റെ മുഖവും. ആരെയും കൂസാത്ത അവളുടെ നിലപാടുകള്‍ തന്നെയാണ് തങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ത്തിയതെന്ന് അവനോര്‍ത്തു. കോളേജിലെ വൈസ് ചെയര്‍മാന്‍, തീപ്പൊരി പ്രാസംഗിക. തന്റെ ഈ ചങ്കൂറ്റം നല്ല കാര്യത്തിന് ഉപയോഗിച്ച് കൂടെ എന്ന അവളുടെ സ്ഥിരം ചോദ്യങ്ങള്‍..

ജീവിതം വിചിത്രം തന്നെ. അനിയത്തിയുടെ ചങ്കൂറ്റം തന്നെ അവളുടെ സുഹൃത്തു ആക്കിയപ്പോള്‍, നരേഷിന്റെ ചങ്കൂറ്റം തന്നെ അവന്‍റെ ശത്രുവാക്കി. അല്ലെങ്കിലും ഗുണ്ടകള്‍ക്കെന്തു ശത്രുത?. അത് നഗരത്തിലെ കാശുകാരും രാഷ്ട്രീയക്കാരും തമ്മിലല്ലേ?. വെട്ടിയും കുത്തിയും ചാകാന്‍ ഈയം പാറ്റകളെ പോലെ ഞങ്ങളും.

ഒരു കടയോഴിപ്പിക്കല്‍ കേസില്‍ നരേഷ് ഉടക്കിയപ്പോഴാണ് തന്‍ നരേഷിനു വിലയിടുന്നത്. നേരിട്ട് വേണ്ട എന്ന് തീരുമാനിച്ചാണ് കൊച്ചിയില്‍ നിന്ന് ആളെ ഇറക്കിയത്. വെട്ടാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന ഇനം. അവരതു ചെയ്തു. മോര്‍ച്ചറിയുടെ മുന്നില്‍ വച്ചാണ് നന്ദനയുടെ ചേട്ടനാണ് നരേഷ് എന്നറിഞ്ഞത്. മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍?. ആവേശത്തിന്‍റെ, വാശിയുടെ കാലത്ത് സൌഹൃദങ്ങള്‍ക്ക് വിലയുണ്ടായിരുന്നോ?. താനാണ് ഇതിനു പിന്നിലെന്ന് അവരെങ്ങനെ ആണോ അറിഞ്ഞത്?. തീപ്പന്തം പോലെ കത്തുന്ന അവളുടെ കണ്ണുകള്‍ തന്നോടെന്തോ പറയുന്നുണ്ടായിരുന്നു. അന്ന് രാത്രി തന്നെ സ്ഥലം വിടാന്‍ ചാപ്പനാണ് നിര്‍ബന്ധിച്ചത്.
"കൊല്ലാന്‍ തന്നെയാണ് അവനെ വരുത്തിയത് ജയന്ത്‌, പക്ഷെ?". നന്ദനയുടെ സ്വരം ഇടറി.

"എന്ത് പക്ഷെ?. നരേഷിന്റെ വീട്ടു മുറ്റത്തിട്ട് തന്നെ തീര്‍ക്കണം അവനെ".

"എന്തിനു ജയന്ത്‌?. ഇന്ന് അവനെ കൊല്ലാന്‍ നമ്മള്‍, നാളെ അവനു വേണ്ടി കൊല്ലാന്‍ മറ്റൊരാള്‍. ഈ ജീവിതങ്ങള്‍ വരുത്തുന്ന കണ്ണീരിനൊരു അറുതിയില്ലേ?. ചേട്ടന്‍റെ ജീവിതത്തിനു കിട്ടിയ ശിക്ഷയായി കരുതി ആ മരണത്തെ നമുക്ക് മറക്കാം. ഇതു നശിച്ച നിമിഷത്തില്‍ ആണാവോ ആ കത്തെഴുതാന്‍ എനിക്ക് തോന്നിയത്?."

"മറക്കാന്‍ നിനക്ക് കഴിയുമായിരിക്കും, പക്ഷെ ഞാന്‍ അതിനൊരുക്കമല്ല. അവന്‍ നിന്‍റെ വീട്ടിലേക്കു വരുന്നതും കാത്തു ആണ്ടി ഇറക്കത്തിന് താഴെ വളവിനപ്പുറം ഞങ്ങളുണ്ടാവും, ഒരു വെളുത്ത സുമോയില്‍. ഇനി നീ വിളിക്കണം എന്നില്ല.". സ്വിച്ച് ഓഫ്‌ ചെയ്ത മൊബൈല്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ജയന്ത്‌ വണ്ടിയിലേക്ക് നീങ്ങി. ശബ്ദം ഒഴിഞ്ഞ മൊബൈല്‍ ചെവിയില്‍ നിന്ന് മാറ്റുമ്പോള്‍, ഹൃദയം കാര്‍ മേഘങ്ങള്‍ കൊണ്ട് നിറയുന്നത് നന്ദന അറിഞ്ഞു.

ഓട്ടോയില്‍ ഇരുന്നാണ് രമേശ്‌ നന്ദനയുടെ നമ്പര്‍ ഡയല്‍ ചെയ്യുന്നത്. അവളുടെ പരിഭ്രമം തന്റെ ഊഹം തെറ്റിയില്ല എന്ന് രമേഷിനെ ഓര്‍മിപ്പിച്ചു.

"രമേശ്‌, നിങ്ങള്‍ തിരിച്ച് പൊയ്ക്കോളൂ."

"എത്ര മണിക്കാണ് എന്റെ മരണം?". തിരിഞ്ഞു നോക്കിയാ ഓട്ടോക്കാരനെ നോക്കി കണ്ണിറുക്കി കൊണ്ട് രമേശ്‌ ചോദിച്ചു. അവന്‍റെ ശബ്ദത്തില്‍ പരിഭ്രമം ഉണ്ടായിരുന്നില്ല. ആലോചിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നല്ലോ. ഒറ്റപ്പെടലിന്റെ നീണ്ട ഏഴു വര്ഷം. എല്ലാം അവസനിപ്പിച്ചുള്ള മരണം തന്നെയാണ് ഭേദം എന്ന് തീരുമാനിച്ചാണ് വണ്ടി കയറിയത്. പിന്നെ എന്തിനു ഭയക്കണം?.

"രമേശ്‌, പറയുന്നത് കേള്‍ക്കൂ, നിങ്ങള്‍ തിരിച്ചു പോകണം". നന്ദന കരച്ചിലിന്റെ വക്കത്തു എത്തിയിരുന്നു.

എങ്ങോട്ട് പോകാന്‍?. എന്നാണ് രമേഷിന് തോന്നിയത്. ജീവിതത്തിലെന്നും തന്നെ പറ്റി കണ്ണീരു കുടിച്ചു മരിച്ച അമ്മ ഉറങ്ങുന്ന വീട്ടിലേക്കോ?. അതോ നന്നായി ജീവിക്കുന്ന സഹോദരങ്ങളെ ശല്യപ്പെടുത്താനോ? . തിരിച്ചു പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍ക്ക് മരണം ഒരു നല്ല വഴിയല്ലേ?.

"അവിടെ വച്ച് പറയാന്‍ പറ്റിയില്ലെങ്കില്‍, മാപ്പ്. നരേഷിനെ പറ്റി. അറിയാതെ പറ്റിയത് എന്ന് ഞാന്‍ പറയില്ല. പക്ഷെ അറിഞ്ഞിരുന്നെങ്കില്‍, അതുണ്ടാകില്ലായിരുന്നു."

വീട്ടു മുറ്റത്ത്‌ വന്ന ഓട്ടോയുടെ ശബ്ദം നന്ദനയുടെ ഹൃദയമിടിപ്പ്‌ കൂടി. അതെ , അവന്‍ തന്നെ.ഇറക്കത്തിന് താഴെ നിന്നും വെളുത്ത സുമോ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു.

"ഒന്ന് വേഗം, അവന്‍ നമ്മളെ കാണും മുന്നേ കാര്യം നടക്കണം" ജയേഷിന്റെ ശബ്ദം പോളിന്‍റെ ശ്രദ്ധ തെറ്റിച്ചു. ഇറക്കത്തില്‍ ഇമയടഞ്ഞു പോയ അബ്ദു എതിരെ വന്ന സുമോ കാണാന്‍ ഏറെ താമസിച്ചു പോയിരുന്നു.

"അള്ളാ, ചതിച്ചല്ലോ" !

ഇറക്കത്തിനു അപ്പുറത്തു ചലനമറ്റ ശരീരങ്ങളും ആയി തെറിച്ചു വീണ സുമോ കാണാന്‍ ആളുകള്‍ തിങ്ങി കൂടുമ്പോള്‍, മുറ്റത്ത്‌. മഞ്ഞു കട്ടകള്‍ പോലെ മനം ഉരുകുന്ന രണ്ടു പേര്‍ പരസ്പരം നോക്കി പുഞ്ചിരിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.....

Thursday, 11 June 2009

പിണറായി ചരിതം : ചില വേറിട്ട ചിന്തകള്‍

Democracy is a device that ensures we shall be governed no better than we deserve. - Bernard Shaw

വാര്‍ത്ത അന്വേഷിച്ചു പോയി കണ്ടുപിടിക്കേണ്ട ഇക്കാലത്ത് വാര്‍ത്ത‍ ഇങ്ങോട്ട് വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ചാകരക്കാലം, ബ്ലോഗുകള്‍ക്കും. ജന വികാരത്തിനെതിരെ തിരിയുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന വലതരുടെയും ഇടതരുടെയും പോസ്റ്റുകള്‍ കണ്ടു തോന്നിയ ചിന്തകളാണ് ഈ കുറിപ്പ്.

1. എവിടുന്ന് വരുന്നു ഈ രാഷ്ട്രീയക്കാര്‍?.

ജനങ്ങള്‍ക്ക്‌ മുകളിലൂടെ നൂലില്‍ കെട്ടിയിറക്കുന്ന ഒരു പറ്റം അപരിചിതര്‍ ആണോ ഈ രാഷ്ട്രീയക്കാര്‍?. അല്ല, എന്ന് തന്നെയാണ് ഉത്തരം. ജനങ്ങള്‍ക്കിടയില്‍ ജനിച്ചു, ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തന്നെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ ഇവിടെ വരെ എത്തുന്നത്.

കോളേജ് മുതല്ക്കിങ്ങോട്ടു ഓരോ ചവിട്ടു പടിയിലും അവരക്കേതിരായോ അനുകൂലമായോ വിധി എഴുതാന്‍ ജനങ്ങള്‍ക്ക്‌ അവസരം കിട്ടിയിട്ടുണ്ടാവണം. അപ്പോഴെല്ലാം ജനങ്ങള്‍, (പൊതു ജനങ്ങളും , പാര്‍ടിക്കാരും ) ഭൂരിഭാഗം തവണയും അനുകൂലമായി വിധി എഴുതിയത് കൊണ്ട് തന്നെയാണ് നേതാക്കള്‍ നേതാക്കള്‍ ആകുന്നതു.

ഗുണ്ടായിസം കാണിക്കുന്നവര്‍ ജന പ്രതിനിധിയും മന്ത്രിയുമായാല്‍, അത് അവരെ ജനം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ്. ബീഹാറിലെ പോലെ തോക്ക് ചൂണ്ടി വോട്ടു ചെയ്യിപ്പിക്കുന്ന പാരമ്പര്യം കേരളത്തില്‍ ഇല്ലാത്തിടത്തോളം, തിരഞ്ഞെടുപ്പിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യേണ്ടതില്ല.

2. എവിടെന്നാണ് ഇവര്‍ക്കിത്ര ധാര്‍ഷ്ട്യം?.

ജനങ്ങള്‍ ജയിപ്പിച്ച പാര്‍ട്ടി, പിന്നെ ജനങ്ങള്‍ക്കെതിരെ തിരിയുന്നതെന്തു കൊണ്ട്?. കേരളത്തിലെ പാര്‍ടികള്‍ ജനങ്ങളെ എന്തിനു പേടിക്കണം എന്നതാണ് മറു ചോദ്യം. എല്ലാ പത്തു വര്‍ഷത്തിലും കൃത്യമായി തങ്ങളെ ജയിപ്പിക്കുന്ന ഒരു ജനതയെ രാഷ്ട്രീയ പാര്‍ടികള്‍ എന്തിനു പേടിക്കണം?.

ഇന്ന് കല്ലെറിയുന്ന പിണറായിയും, കോടിയേരിയും ഒക്കെ തന്നെയല്ലേ മൂന്ന് വര്‍ഷത്തിനു മുന്നേയും പാര്‍ട്ടി ഭരിച്ചിരുന്നത്?. ഇന്ന് കാണിക്കുന്ന സംശയത്തിന്റെ ഒരംശം പോലുമില്ലാതെ അന്ന് അവരെ ജയിപ്പിച്ചു അധികാരത്തില്‍ എത്തിച്ചതും നമ്മള്‍ തന്നെയല്ലേ?. ലാവ്‌ലിന്‍ വിവാദമാകുന്നത് അതിനും മുന്നെയാണ്. ലോകത്തില്‍ ഒരു പക്ഷെ ഏറ്റവും മാധ്യമ സാന്ദ്രതയുള്ള, രാഷ്ട്രീയ ബോധമുള്ളതെന്നു അവകാശപ്പെടുന്ന ഒരു ജനത തന്നെയാണ് ഇവരെ നേതാക്കള്‍ ആക്കിയത്.

ഇവിടെയാണ് കേരളീയ മനസ്സിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ ആഴം ചോദ്യം ചെയ്യപെടെണ്ടത്. എന്ത് അക്രമം കാണിച്ചാലും, നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കാണിച്ചാലും, അഴിമതികള്‍ കൊണ്ട് കോടികള്‍ നേടിയാലും, ഏറിയാല്‍ ഒരു തോല്‍വി, അതിലപ്പുറം ഒന്നും സംഭവിക്കാനില്ലെന്നു ഇവിടുത്തെ നേതാക്കള്‍ മനസിലാക്കുന്നു.

അന്വേഷണത്തെ പിണറായി രാഷ്ട്രീയമായി മാത്രം നേരിട്ടാല്‍ എന്ത് സംഭവിക്കും?. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കും. (അത് ഇതൊന്നുമില്ലെന്കിലും സംഭവിക്കും) . അടുത്ത അഞ്ചു കൊല്ലം നമ്മള്‍ കോണ്‍ഗ്രെസുകാരുടെ കസേര കളി കാണും. ഇടതു പക്ഷത്തിന്റെ സമരങ്ങളും.
അതിനു ശേഷം ജനം ഇടതു പക്ഷത്തെ വീണ്ടു തിരഞ്ഞെടുക്കും. ഇതറിയാവുന്ന ഒരു നേതാവ് എന്തിനു പേടിക്കണം?.

3. എങ്ങനെ വോട്ട് ചെയ്യണം?.

സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ കേരളീയര്‍ ഒരു പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാനല്ല, മറിച്ചു മറു പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് ഇറക്കാനാണ് വോട്ട് ചെയ്യുന്നത് എന്നാണ്. പതിനാറു സീറ്റുകള്‍ നല്‍കി നമ്മള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ചത് അവര്‍ കറ തീര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടോ, ഭരിച്ചു നാട് നന്നാക്കും എന്ന കണക്കു കൂട്ടല്‍ ഉള്ളത് കൊണ്ടോ അല്ല , മറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള ദേഷ്യം വോട്ടു കുത്തി തീര്‍ത്തത് തന്നെയാണ്.

രണ്ടു വര്‍ഷത്തിനു ശേഷം ജനം അത് ഒരിക്കല്‍ കൂടി ചെയ്യുകയും ചെയ്യും. അതൊക്കെ നല്ലത് തന്നെ, പക്ഷെ ഏഴു വര്‍ഷത്തിനു ശേഷം ഈ ദേഷ്യം തീര്‍ക്കല്‍ കോണ്‍ഗ്രസിനെതിരെ ആകും എന്ന് ഇവിടുത്തെ കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. അപ്പോള്‍ പിന്നെ എന്തിനു ജനത്തെ, ജനാധിപത്യത്തെ പേടിക്കണം ?.

ഇവിടെയാണ് ജനാധിപത്യം പാര്‍ട്ടി-ആധി-പത്യം ആയി മാറുന്നത്. ഭരണത്തില്‍, പൊതു ജീവിതത്തില്‍ എന്ത് നടന്നാലും ഈ രണ്ടു പാര്‍ടികളില്‍ ഒരാള്‍ക്കേ വോട്ട് ചെയൂ എന്ന് നാം തീര്മാനിക്കും തോറും, പാര്‍ട്ടികള്‍ ,അതിന്റെ നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നു കൊണ്ടിരിക്കും. ലോകത്തെങ്ങും ഏകാധിപത്യത്തില്‍ നാം കാണുന്ന കാഴ്ച്ചയാണിത്. അല്പം അളവ് കുറവില്‍ അത് ഇവിടെയും നടക്കുന്നു എന്നേയുള്ളു.

ഈ രണ്ടു പാര്‍ട്ടികളും ശുധീകരിക്കപെടാതെ ഞങ്ങള്‍ ഇവര്‍ക്ക് വോട്ടു ചെയ്യില്ല എന്നാ ഉറച്ച തീരുമാനം രണ്ടു തിരഞ്ഞെടുപ്പുകളില്‍ കേരള ജനത എടുത്താല്‍ , മൂലമ്പിള്ളിയിലെ മേരി ടീച്ചര്‍ക്കോ, അത് പോലെ എം ആര്‍ മുരളിയുടെ പാര്‍ട്ടിക്കോ, അത് പോലെ ഒരു തവണ പരീക്ഷിച്ചു നോക്കാന്‍ തെറ്റില്ലാത്ത വേറെ ആര്‍ക്കെങ്കിലുമോ ജനം വോട്ട് ചെയ്‌താല്‍ , പേടിക്കേണ്ട പാര്‍ട്ടികളും നേതാക്കളും പേടിക്കേണ്ടത് പോലെ പേടിക്കുന്നത് കാണാം.

പക്ഷെ അത് ചെയ്യാന്‍ ജന ഭൂരിപക്ഷം മടിക്കുന്ന കാലത്തോളം, ജനങ്ങളെ പേടിക്കാത്ത പാര്‍ട്ടികള്‍ ‍, നേതാക്കള്‍ ഇവിടെ തഴച്ചു വളര്‍ന്നു കൊണ്ടേയിരിക്കും. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ്‌ അഴിമതി കാണണോ, കോണ്‍ഗ്രസ്‌ അഴിമതി കാണണോ എന്നാ ചോദ്യമായി തിരഞ്ഞെടുപ്പ് ചുരുങ്ങുകയും ചെയ്യും.

ഇനി അതാണ് നമുക്ക് വേണ്ടതെങ്കില്‍, അത് തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതാണല്ലോ, ജനാധിപത്യം !!.

അടിക്കുറിപ്പ് : Democracy can't lead you to Heaven, But it can defenitely stop you from going to Hell !.

Friday, 5 June 2009

ഗുണ്ട ! (ചെറു കഥ)

ആറു മാസം കൊണ്ടും നാടിനു വലിയ മാറ്റമൊന്നും ഇല്ലല്ലോ. ജയിലീന്ന് ഇറങ്ങിയിട്ടും ആരും തന്നെ മറന്നിട്ടും ഇല്ല. പയ്യന്മാര്‍ക്കും നാട്ടുകാര്‍ക്കും ഈ ഷാപ്പും പടി ഷാജിയെക്കണ്ടിട്ടു ഇപ്പോഴും ഒരു പേടിയുണ്ടേ. മര്യാദക്ക് നടന്നാല്‍ ഇവന്മാരൊക്കെ നമ്മുടെ മെക്കിട്ടു കയറും, ഇപ്പൊ എല്ലാത്തിനും ഒരു പേടിയുണ്ട് !.

ഇതാരടെയ്‌ രണ്ടു പയ്യന്മാര് ബൈക്കില്‍ ചെത്തി വരുന്നത്?. യെവന്മാര് എന്റെ കയ്യീന്ന് മേടിക്കും.
നിര്‍ത്താതെ എടുത്തോണ്ട് പോടേയ്‌, വെറുതെ കൈക്ക് പണി ഉണ്ടാക്കല്ലേ. ഏയ്, ഇതെന്നാ പിന്നിലും രണ്ടു ബൈക്കോ ?, പിറകിലുള്ളത് ശശിയല്ലേ?. മുന്നിലുള്ള പയ്യന്‍ അരയില്‍ നിന്ന് ടൂള്‍ എടുക്കുന്നു, ദൈവമേ, കളി പാളി.

ഇടവഴീല്‍ ചാടിയിട്ടും നാലെണ്ണം പിറകെ ഉണ്ടല്ലോ, ഏതു വകുപ്പാണാവോ ?. മോഹനനെ പൂളിയ കേസ് ആവും, എന്നാലും ശശി എന്റെ കേസ് എടുക്കുമെന്ന് വിചാരിച്ചില്ല, ഒന്ന് രക്ഷപെട്ടോട്ടെ, അവനു ഞാന്‍ കൊടുക്കുന്നുണ്ട് പണി. ആള്‍ക്കാര്‍ക്കിടയിലേക്ക് തന്നെ ഓടാം, അതേയുള്ളൂ രക്ഷ. തിരക്കിലെത്തിയാല്‍ രക്ഷപെട്ടു, മുത്തപ്പാ, രക്ഷിക്കണേ,

എല്ലാ കഴുവേറികളും ഓടി മാറുന്നല്ലോ, കടയില്‍ കേറി ഷട്ടര്‍ ഇട്ടാലോ, അയ്യോ അവന്‍ കടയടച്ചു കഴിഞ്ഞു. ആരേലും ഒന്ന് രക്ഷിക്കടെയ്‌, മോഹനനിട്ടു പണിയണ്ടായിരുന്നു. ദൈവമേ അവരെത്തി, ഇനി ഓടാന്‍ ഒരിടമില്ല, ആ !, ശശി, കൊല്ലല്ലെടാ, അയ്യോ , അമ്മെ, മര്യാദക്ക് ജീവിച്ച മതിയായിരുന്നെ...

ഷാജിയുടെ ശരീരത്തിന് ചുറ്റം ഈച്ചകള്‍ പറന്നു തുടങ്ങിയപ്പോഴേക്കും , മുകളില്‍ ചിത്ര ഗുപ്തന്‍, ശശിയുടെ ആയുസ്സിന്റെ പുസ്തകത്തില്‍ അവസാനത്തെ പേജില്‍ എത്തിയിരുന്നു. ഇനി ആറു മാസത്തിനു ശേഷം ഇത് പോലെ മറ്റൊരു ചൊവ്വാഴ്ച...

Sunday, 31 May 2009

ബ്രൈറ്റന്‍ കാഴ്ചകള്‍.

ബ്രൈറ്റന്‍ എന്ന കടലോര നഗരത്തിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍.

Monday, 4 May 2009

ഇഷ്ടപ്പെട്ട ജര്‍മന്‍ സിനിമകള്‍

എനിക്കിഷ്ടപെട്ട കുറച്ചു ജര്‍മന്‍ സിനിമകള്‍.

ലോക മഹാ യുദ്ധങ്ങളുടെയും പിന്നീട് കിഴക്കന്‍ -പടിഞ്ഞാറന്‍ വിഭജനത്തിന്‍റെയും വിളനിലമായത് കൊണ്ട് തന്നെ മികച്ച പല ജര്‍മന്‍ സിനിമകളുടെയും പശ്ചാത്തലം യുദ്ധമോ അതിനോടനുബന്ധിച്ച വസ്തുതകളോ ആണ്.

ദസ് ബോട്ട് (Das Boot)

രണ്ടാം ലോക മഹായുദ്ധത്തില്‍ കടലില്‍ സഖ്യ സേന ഏറ്റവും പേടിച്ചിരുന്നത് ജര്‍മന്‍ പടക്കപ്പലുകളെ ആയിരുന്നില്ല. ആ ബഹുമതി ജര്‍മന്‍ യു-ബോട്ടുകള്‍ക്കായിരുന്നു.

പക്ഷെ സൂര്യവെളിച്ചം കാണാനാകാതെ, കടലിന്‍റെ അടിത്തട്ടില്‍ ഇടുങ്ങിയ സ്ഥല പരിമിതികളില്‍ ജീവിക്കുന്ന, യുദ്ധം എന്ന ക്രൂരതയുടെ നിസ്സഹായാവസ്ഥ ശരിക്കും അറിയുന്ന ഒരു കൂട്ടം യു-ബോട്ട് നാവികരുടെ കഥ പറയുന്നു ഈ ചിത്രം.

യുദ്ധത്തിന്‍റെ ഭീകരത മരണം എന്ന ഒരവസ്ഥ മാത്രമല്ലെന്നും അതുളവാക്കുന്ന ഭീതി പലപ്പോഴും മരണതുല്യം ആണെന്നും കാട്ടിത്തരുന്നു ഈ മികച്ച ചിത്രം. യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം.

റണ്‍ ലോല റണ്‍ (Run Lola Run)

യുറോപ്യന്‍ പരീക്ഷണ സിനിമകളുടെ മറ്റൊരു ഉത്തമ ഉദാഹരണം. ബാങ്ക് കൊള്ളയടിക്കാന്‍ ഒരുങ്ങുന്ന ഒരു ചെറുപ്പക്കാരന്‍റെയും അത് തടയാനായി ഓടുന്ന കൂട്ടുകാരിയുടെയും കഥ പറയുന്ന ഈ ചിത്രം, അവതരണത്തിലെ പുതുമ കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും.

കൂടുതല്‍ എന്തെങ്കിലും എഴുതിയാല്‍ അത് അവതരണ രീതിയെപ്പറ്റി ഉള്ള സസ്പെന്‍സ് തകര്‍ക്കലാവും. പുതുമയുള്ള സിനിമ അനുഭവം തേടുന്ന പ്രേക്ഷകര്‍ക്കുള്ള സിനിമ.

ഡൌണ്‍ ഫാള്‍ (DownFall)

യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം. തങ്ങളുടെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ഈ ചിത്രം അഡോള്‍ഫ് ഹിറ്റ്‌ലറുടെ അവസാന നാളുകളുടെ കഥ പറയുന്നു. അവസാന നാളുകളില്‍ ഹിറ്റ്‌ലറുടെ അസിസ്റ്റന്റ്‌ ആയി എത്തുന്ന പെണ്കുട്ടിയിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്.

അവസാന നാളുകളില്‍ ചിത്ത ഭ്രമം ബാധിക്കുന്ന ഹിറ്റ്‌ലറെയും മരണം വരെ ഹിറ്റ്‌ലറുടെ കല്പനകള്‍ കണ്ണടച്ച് അനുസരിക്കുന്ന അനുയായികളെയും, ജര്‍മ്മനിയുടെ പതനവും ഈ സിനിമയില്‍ കാണാം. മുന്‍പ് പറഞ്ഞത് പോലെ തങ്ങളുടെ മുന്‍കാല ചരിത്രം എത്ര മോശം ആയാലും അതിനോട് സത്യസന്ധത പുലര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണീയത. രണ്ടാം ലോക മഹാ യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമ.

ദി ലൈവ്സ്‌ ഓഫ് അതെര്സ് (The Lives of Others)

ഞാന്‍ കണ്ടിട്ടുള്ളവയില്‍ വച്ചേറ്റവും മികച്ച ജര്‍മന്‍ സിനിമ. കഥ നടക്കുന്നത് ഈസ്റ്റ്‌ ജര്‍മ്മനിയില്‍. സംശയം ഉള്ളവരുടെ രഹസ്യങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ച ട്രന്‍സ്മിട്ടെര്‍ വഴി ഗവണ്മെന്റ് ചോര്‍ത്തുന്ന കാലം. ഒരു എഴുത്തുകാരന്‍റെയും അവന്‍റെ കാമുകിയുടെയും സംഭാഷണങ്ങള്‍ കേള്‍ക്കുന്ന ഒരു ഉദ്യോഗസ്ഥന് അവരോടു തോന്നുന്ന മമതയാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

ചിന്തിക്കുന്ന എതൊരു മനുഷ്യനുള്ളിലും ഉള്ള നന്മയെ ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. ഒരു ക്ലാസ്സിക്‌ എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. കഥയുടെ പിരിമുറുക്കം അവസാനം വരെ നില നിര്‍ത്തുന്നു സംവിധായകന്‍. മനോഹരമായ ഒരന്ത്യവും.

കൌണ്ടര്‍ ഫെട്ടെര്സ് (Counterfeiters)

ചരിത്രത്തിലെ ഏറ്റവും വലിയ കള്ള നോട്ടടി നടന്നത് രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു. പൌണ്ടും ഡോളറും പുനര്‍സ്രിഷ്ടിക്കാന്‍ ജര്‍മന്‍ ഗവണ്മെന്റ് നടത്തിയ ആ ശ്രമത്തിന്‍റെ, ജീവന്‍ തുലാസില്‍ ആടുന്നതിനു ഇടയിലും ഈ പദ്ധതിക്ക് കൂട്ട് നില്ക്കാന്‍ വിസമ്മതിക്കുന്നവരുടെ, കഥ പറയുന്ന ചിത്രം.

ജീവന്‍ ബലി കഴിച്ചും നന്മയ്ക്കു വേണ്ടി നില കൊള്ളുന്ന ഒരുപാട് പേരുടെ ശ്രമങ്ങളാണ് രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മ്മനിയെ തോല്പ്പിച്ചതെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ചിത്രം. ജര്‍മന്‍ ക്യാമ്പുകളുടെ ഭീകരതയും, ജീവന്‍ രക്ഷിക്കാനായി ജര്‍മന്‍ കാരെ സഹായിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസഹായതയും വരച്ചു കാട്ടുന്ന ചിത്രം. മറ്റു സിനിമകളെ പോലെ ഉദാത്തം അല്ലെങ്കിലും ഒരു നല്ല ചിത്രം.

യൂറോപ്പാ യൂറോപ്പാ (Europa, Europa)

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജര്‍മന്‍ ആയി അഭിനയിക്കേണ്ടി വരുന്ന ഒരു ജൂത പയ്യന്‍റെ കഥ. റഷ്യക്കാര്‍ക്കും ജര്‍മന്‍ കാര്‍ക്കും ഇടയില്‍ ജീവിക്കാന്‍ നടത്തുന്ന സാഹസങ്ങള്‍ നമ്മെ ജീവിതത്തിന്‍റെ വിലയെപറ്റി ഓര്‍മിപ്പിക്കും.

ശുഭ പര്യവസായിയായ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ്. യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന ഒരു സാധാരണക്കാരന്‍റെ അവസ്ഥ തന്നെയാണ് ഈ ചിത്രത്തിന്‍റെയും കാതല്‍.

സിനിമകളെ പറ്റിയുള്ള എന്‍റെ ഈ കൊച്ചു കുറിപ്പുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ കൊറിയന്‍ സിനിമകളെ പറ്റിയുള്ള എന്‍റെ കുറിപ്പുകള്‍ ഇവിടെ വായിക്കാം.

സമാന്തരങ്ങള്‍ - രണ്ടു ചിത്രങ്ങള്‍.

വീടിനടുത്തുള്ള പാര്‍ക്കില്‍ വച്ച് എടുത്തത്‌.


Friday, 1 May 2009

ശ്രീഹരിക്ക് (അതോ കാല്‍വിനോ?) പോസ്റ്റ്‌ മോഡേണ്‍ പാക്കരന്റെ മറുപടി.

പ്രിയ ശ്രീഹരി,

ഒള്ളത് പറയാമല്ലോ. പണ്ട് നിങ്ങള്‍ ഗുരുവായൂരില്‍ വച്ച് സുന്ദരിയായ പെണ്‍കുട്ടിയെ വായി നോക്കിയ (ക്ഷമിക്കണം, സൌന്ദര്യ ആരാധന നടത്തിയ) ചരിത്രം ബ്ലോഗില്‍ എഴുതി എന്ന് കേട്ട് അത് വായിക്കാന്‍ എത്തിയപ്പോഴാണ് നിങ്ങളുടെ പുതിയ ഐറ്റം (സോറി, രചന) ആയ സിനിമ ക്വിസ് കണ്ണില്‍ പെട്ടത്.

നിയോ ലിബറല്‍ ആയ ബിംബ കല്പനകളിലൂടെ വിശകലനം ചെയ്യുമ്പോള്‍ ഉദാത്തമല്ലെങ്കിലും വായിച്ചു പൊട്ടിച്ചിരിച്ചു വരവേയാണ് ഞാന്‍ പോസ്റ്റ്‌ മോഡേണ്‍ കവികള്‍ക്കെതിരെയുള്ള നിങ്ങളുടെ ഒളിയമ്പ് കണ്ടത്.

==================
"മനസിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?"

-- പ്രതിപാദിച്ചിരിക്കുന്ന കവിതാ ശകലത്തിന്റെ വൃത്തം കണ്ടു പിടിച്ച ശേഷം ആശയം വ്യക്തമാക്കുക (ഒന്നറിഞ്ഞിട്ടു തന്നെ കാര്യം).
====================

ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന ഈ വെല്ലുവിളി ഞങ്ങള്‍ പു.ക.സ ക്കാരുടെ നെഞ്ചിലാണ് കൊള്ളുന്നത്‌. എന്നാല്‍ പിന്നെ ഒന്ന് അറിയിച്ചിട്ട് തന്നെ കാര്യം എന്ന് ഞാനും. അല്ലെങ്കില്‍ പിന്നെ ഈ പാക്കരന്‍ ഉത്തരാധുനികന്‍ ആണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം?.

രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ചോദ്യ കര്‍ത്താവിനു ഉത്തരം വേണ്ടത്. ചോദ്യം ഒന്ന് : കവിതാ ശകലത്തിന്റെ വൃത്തം എന്താണ് ? : ഉത്തരമില്ല മാഷെ .... മനുഷ്യന്‍ മഹാ ജ്ഞാനത്തിന്റെ കൊടുമുടി കേറുംമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ... ( സോറി, പെട്ടന്ന് കച്ചവട സിനിമയിലെ കുത്തക നായകനായി പോയി.)

നമുക്ക് ചോദ്യത്തിലേക്ക് തിരിച്ചു വരാം. ഈ ചോദ്യം ഉത്തരാധുനിക കവിതയെപ്പറ്റിയുള്ള ചോദ്യകര്‍ത്താവിന്റെ അറിവില്ലായ്മ മാത്രമാണ്. വൃത്തം എന്ന പഴഞ്ചന്‍ സങ്കേതത്തില്‍ ഞങ്ങളെ തളച്ചിടാന്‍ നോക്കണ്ട മോനെ ദിനേശാ. ബിംബങ്ങളും പ്രതി ബിംബങ്ങളും നിയോ ലിബറല്‍ കല്പനകളും ഉപയോഗിച്ച് ഞങ്ങള്‍ സാമൂഹിക വിമര്‍ശനം നടത്തുമ്പോള്‍ അതിനു അറപ്പുരകളില്‍ ജീര്‍ണിച്ചു പോയ വൃത്തം എന്ന യാഥാസ്ഥിതിക കേട്ടുപാടെന്തിനാണ്?

ചോദ്യം രണ്ട് : ആശയം വ്യക്തമാക്കുക. ദേ, ഇപ്പൊ റെഡി ആക്കി തരാം.

വിവാഹം എന്ന ആധുനിക ദുര്‍ഗതിയില്‍ പെട്ട് ഉഴലുന്ന ഒരു പെണ്‍കുട്ടിയുടെ അന്തരാളങ്ങളിലേക്ക് ഉറ്റു നോക്കുന്നു, കവി ഈ സയോനിസ്റ്റ്‌ ബിംബ കല്പനയിലൂടെ. ആദ്യ മൂന്ന് വരികളിലേക്ക് കണ്ണോടിക്കുക. മനസ്സില്‍ കൊരുത്തു വച്ച പൂമാല വിവാഹത്തെ സൂചിപ്പിക്കുന്നു. പഴഞ്ചന്‍ ബിംബമായ മാലയെ പുത്തന്‍ രചനാ സങ്കേതങ്ങളും ആയി കൂട്ടി ഇണക്കുകയാണ് കവി ഇവിടെ.

കൊരുത്തു വച്ചത് പൂമീനോ മണിച്ചിക്കലമാനോ എന്നതു സമൂഹ മനസാക്ഷിക്ക് നേരെ ഉള്ള ഒരു തുറന്ന ചോദ്യമാണ്. പൂമീന്‍ എന്നത് മീനിന്റെ സഞ്ചാരം പോലെ വശങ്ങളിലേക്ക് തെന്നുന്ന ഹൃദയത്തെ സൂചിപ്പിക്കുന്നു എങ്കില്‍‍, വേഗത്തില്‍ ഓടുന്ന മാന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ വേഗമേറിയ മനുഷ്യ തലച്ചോറിനെ അല്ലാതെ മറ്റെന്തിനെയാണ് അര്‍ഥമാക്കുന്നത്?.

പെണ്‍കുട്ടി തന്റെ ഹൃദയം കൊണ്ടാണോ വരനെ തീരുമാനിച്ചത് . അതോ സമൂഹം തങ്ങളുടെ കച്ചവട തലച്ചോറ് ഉപയോഗിച്ച് നിശ്ചയിച്ച ഒരു വിവാഹം ആണോ ഇത് എന്ന് കവി ബലമായി സംശയിക്കുന്നു. ഹൃദയം കൊണ്ട് തീരുമാനിക്കപെടെണ്ട വിവാഹം എന്ന ബാന്ധവം, മനുഷ്യര്‍ ഇന്ന് തലച്ചോറ് കൊണ്ട് ചെയ്യുന്ന കച്ചവടം ആക്കിയ പ്രവണതക്കെതിരെയുള്ള കവിയുടെ മൂര്‍ച്ചയേറിയ ശരം ആണിതെന്നു പകല്‍ പോലെ വ്യക്തമല്ലേ?

മെറ്റാ-ഫിക്‌ഷന്റെ ഉദാത്ത തലങ്ങളിലേക്ക് കവി പിന്നീട് ഊളിയിടുന്നു.."വരണുണ്ടേ വിമാനച്ചിറകില്‍" എന്ന പ്രയോഗം വിദേശത്തു നിന്ന് വരുന്ന മാരനെ കുറിച്ചാണ്. ഒത്തോരുമിച്ചിരിക്കാന്‍ വരുന്ന സുല്‍ത്താന്മാരെ കുറിച്ചുള്ള വര്‍ണനയില്‍ കവിയുടെ പ്രതിഭയുടെ ആഴം കാണാം. സുല്‍ത്താന്മാര്‍ വരനും വരന്റെ അച്ഛനും തന്നെ. പെണ്‍കുട്ടികള്‍ ഇല്ലാതെ ആണുങ്ങള്‍ മാത്രം ഇരുന്നു വിവാഹം നടത്തുന്ന രീതിക്കെതിരെയുള്ള ഒരു കറുത്ത പരിഹാസ്യ ശരമാണ് "ഒത്തോരുമിച്ചിരിക്കാന്‍" എന്ന ലിബറല്‍ ആക്രമണം.

"ആരാണാ ബീവി ഇതിലാരാണാ ഹൂറി?" എന്നത് ബഹുഭാര്യാത്വം എന്ന പ്രവണതക്കെതിരെയുള്ള ഒരു തുറന്ന ആക്രമണം തന്നെയാണ്. വന്നെത്തുന്ന മാരന് മറ്റൊരു ബീവി ഉണ്ടെന്നറിയുന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. തനിക്കു മുന്നില്‍ കൂടി നില്‍ക്കുന്ന സ്ത്രീ ജനങ്ങളില്‍ ആരാണ് ആ ബീവി, എന്നറിയാനുള്ള ചോദ്യം.

"ആരാണാ ഹൂറി" എന്നത് ത്രികോണ മാനങ്ങളുള്ള ഒരു സൂചനയാണ്. തന്നേക്കാള്‍ സുന്ദരിയാണോ ആ ബീവി എന്നറിയാനുള്ള വധുവിന്റെ ആകാംശ ഒരു വശത്ത്. രണ്ടാം ഭാര്യ ആയതിന്റെ വിഷമം മറു വശത്തു. ഇതിനെല്ലാം ഉപരി സൌന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന് സൂചിപ്പിക്കുന്നതിലൂടെ കവി സയോനിസ്റ്റ്‌ നിയോ ലിബറല്‍ സങ്കേതങ്ങളെ അതിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നു.

ആശയം വ്യക്തമായെന്നു പ്രതീക്ഷിക്കുന്നു. ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു ഉത്തരാധുനികന്‍. ഈ ജീര്‍ണിച്ച ലോകത്തിലെ കെട്ടുപാടുകളില്‍ നിന്ന് മുക്തനായി ജീവിക്കാനുള്ള നിങ്ങളുടെ നിയോ-ലിബറല്‍ കാഴ്ചപ്പാടുകളാണ് "കാല്‍വിന്‍" എന്ന പേര് മാറ്റത്തില്‍ ഞാന്‍ കണ്ടത്.

ഈ വശത്തേക്ക് വരാന്‍ ഇനിയും സമയം ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട്,
സസ്നേഹം,
(പോസ്റ്റ്‌ മോഡേണ്‍ ‍) പാക്കരന്‍

Tuesday, 28 April 2009

കുഞ്ചന്‍ നമ്പ്യാര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌.

ഇക്കൊല്ലത്തെ മുട്ടത്തു വര്‍ക്കി പുരസ്‌കാരം 1995ഇല്‍ എഴുതിയ ഹിഗ്വിറ്റക്ക് കൊടുത്തു കൊണ്ട് പഴമയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നീക്കം കലാ സംസാരിക ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു..

പുത്തന്‍ കൃതികളുടെ മാറ്റ് നിര്‍ണയിച്ചു അവാര്ടുകളിലൂടെ പുതിയ പ്രതിഭകളെ അംഗീകരിക്കുക എന്ന കാലാകാലമായി തുടര്‍ന്ന് വന്ന മൂരാച്ചി നയത്തിനെതിരെ കാലത്തിന്‍റെ തിരിച്ചടിയായി ഇതിനെ കാണണമെന്ന് സാംസ്‌കാരിക നേതാക്കള്‍ ഉദ്ഘോഷിച്ചു കഴിഞ്ഞു. മലയാള കഥാ ചരിത്രത്തിന്‍റെ തുടക്കം മുതലിങ്ങോട്ട്‌ അവാര്‍ഡ്‌ കിട്ടാന്‍ യോഗ്യതയുള്ള ബാക്കിയുള്ള എല്ലാ കൃതികളെയും അടുത്ത കൊല്ലവും അവാര്‍ഡിന് പരിഗണിച്ചേക്കും.

വിപ്ലവകരമായ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഇക്കൊല്ലത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക മന്ത്രി അഭിപ്രായപെട്ടു.
ചെമ്മീന്‍ ആണ് മികച്ച ചിത്രം. സത്യന്‍ മികച്ച നടന്‍. ഷീലയാണ് മികച്ച നടി. മധു ആണ് മികച്ച പുതു മുഖ നടന്‍. പുതു മുഖ നടി ശ്രീ വിദ്യയും. ഓസ്കാറിനു ഉള്ള ഇക്കൊല്ലത്തെ മലയാള നോമിനേഷന്‍ "ബാലന്‍" ആയിരിക്കും എന്നദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണത്തെ സാഹിത്യ അക്കാദമി അവാര്‍ഡ്‌ അപ്പു നെടുങ്ങാടിയുടെ കുന്ദലതക്കും ഓടക്കുഴല്‍ അവാര്‍ഡ്‌ എഴുത്തച്ചനും നല്‍കുന്നതായിരിക്കും. ആക്ഷേപ ഹാസ്യത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കുഞ്ചന്‍ നമ്പ്യാര്‍ക്കാണ്.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ് ഇക്കൊല്ലം ജി വേണുഗോപാലിനും ആപ്പിള്‍ മെഗാ സിങ്ങര്‍ന്‍റെ ഒരു കോടി കെ എസ് ചിത്രക്കും നല്‍കുന്നതായിരിക്കും.

ലോകത്തെങ്ങും ഈ മാറ്റത്തിന്റെ കാറ്റു പ്രകടമാണ്. രാഷ്ട്രീയത്തില്‍ മികച്ച തുടക്കം കുറിച്ചവര്‍ക്ക് വേണ്ടിയുള്ള യുവതുര്‍ക്കി അവാര്‍ഡ്‌ ഇക്കൊല്ലം കരുണാകരനാണ്. ഭാരത രത്നം ജവഹര്‍ ലാല്‍ നെഹ്രുവിനും പത്മശ്രീ വല്ലഭായി പട്ടേലിനും പത്മ ഭൂഷന്‍ ഭഗത് സിംഗിനും സമ്മാനിക്കും.

BCCI യുടെ മികച്ച ബാറ്റ്‌സ്‌മാന്‍ അംഗീകാരം ഗുണ്ടപ്പ വിശ്വനാഥും , മികച്ച ബൌളര്‍ക്കുള്ള അവാര്‍ഡ്‌ ബിഷന്‍ സിംഗ് ബേദിയും ഏറ്റു വാങ്ങും.

ഓസ്കാര്‍ പോരാട്ടത്തില്‍ ഇക്കൊല്ലം മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗോണ് വിത്ത്‌
ദി വിന്‍ഡ് ആണ്. മികച്ച നടന്‍ പുരസ്‌കാരം മര്‍ലോണ്‍ ബ്രാണ്ടോ നേടും എന്ന് കരുതപ്പെടുന്നു. മര്‍ലോണ്‍ മണ്രോ ആയിരിക്കും മിക്കവാറും മികച്ച നടി.

സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ സമ്മാനം മഹാത്മാ ഗാന്ധിക്കാണ്. സാഹിത്ത്യത്തിനുള്ള നോബല്‍ സമ്മാനം വ്യാസനും ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഐസക് ന്യൂട്ടനും നല്‍കുന്നതായിരിക്കും.

ഓ, ഞങ്ങള് ഇപ്പൊ റൂം മേറ്റ്സാ !

രാവിലെ ഗൂഗിള്‍ ന്യൂസില്‍ മലയാളം വാര്‍ത്തകള്‍ വായിക്കവേയാണ് മട്ടനൂരിലെ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ച് അറിഞ്ഞത്. സത്യം പറയാമല്ലോ, പ്രത്യേകിച്ചൊന്നും തോന്നിയില്ല. കണ്ണൂരിലെ കൊലപാതകങ്ങള്‍ നമ്മെ ഞെട്ടിക്കാതായിട്ടു കാലം കുറച്ചായി. മക്കള്‍ നഷ്ടപ്പെടുന്ന മാതാ പിതാക്കളുടെ, ഭര്‍ത്താവു നഷ്ടപ്പെടുന്ന ഭാര്യമാരുടെ, അച്ചന്മാര്‍ നഷ്ടപെടുന്ന കുട്ടികളുടെ രോദനം എന്നെ സ്പര്‍ശിക്കുന്നില്ല എന്ന് ഞാന്‍ വേദനയോടെ തിരിച്ചറിയുന്നു.

ഇന്ന് പക്ഷെ ഇത് വായിച്ചപ്പോള്‍ ഒരു പഴയ എഞ്ചിനീയറിംഗ് സംഭവം ആണ് ഓര്മ വന്നത്. ആദ്യ വര്‍ഷ ക്ലാസ്സുകളുടെ സമയത്താണ് ഞാന്‍ പ്രവീണിനെയും, പ്രശാന്തിനെയും കണ്ടു മുട്ടുന്നത്. പഠിക്കാന്‍ മിടുക്കര്‍ , ഹോസ്റ്റലില്‍ റൂം മേറ്റ്സ്. ആദ്യ വര്‍ഷത്തിലെ തിരഞ്ഞെടുപ്പോടെ ആണ് കഥയുടെ ഗതി മാറുന്നത്. പഠിത്തത്തിന്റെ ചൂടിനെ രാഷ്ട്രീയ ചൂട് കവച്ചു വയ്ക്കുന്നു. പക്ഷെ രണ്ടു പേരും രണ്ടു പാര്‍ടിയില്‍ ആണെന്ന് മാത്രം.

പാര്‍ട്ടിക്കാര്‍ ഒന്നിച്ചു മാത്രം താമസിക്കുന്ന, അവര്‍ക്ക് വെവ്വേറെ മെസ്സുകള്‍ ഉള്ള കോളേജില്‍ ഇരുവരും തമ്മിലുള്ള അകല്‍ച്ച പെട്ടന്നായിരുന്നു. സൗഹൃദം ചെറു നീരസത്തിലെക്കും പിന്നീട് ദേഷ്യത്തിലേക്കും പരിണമിക്കുന്നു. ഇലക്ഷന്‍ സമയങ്ങളില്‍ വാഗ്വാദങ്ങള്‍ പതിവ് കാഴ്ചയായി. രാഷ്ട്രീയ വിദ്വേഷം പിന്നെടങ്ങോട്ട് വ്യക്തി വിദ്വേഷം ആകുന്നു.

ഒരേ ക്ലാസ്സില്‍ പഠിക്കുന്നത് കൊണ്ട് വാക്ക് തര്‍ക്കങ്ങള്‍ക്ക് അവസരങ്ങള്‍ കൂടുന്നു. മൂന്നാം വര്‍ഷത്തില്‍ ക്ലാസ്സില്‍ പെന്‍ കുട്ടികളോടെ വോട്ടു ചോദിക്കുന്നതില്‍ ഉണ്ടാകുന്ന തര്‍ക്കം കൂട്ടുകാര്‍ പിടിച്ചു മാറ്റിയില്ലെങ്കില്‍ പരസ്പരം കൈ വക്കുന്നതിലേക്ക് നീങ്ങിയേനെ.

അങ്ങനെ ഇരിക്കുമ്പോഴാണ് കോളേജ് രാഷ്ട്രീയത്തിലെ പ്രധാന ഇലക്ഷന്‍ കലാപരിപാടിയായ പോസ്റ്റര്‍ കീറല്‍ നാടകത്തിനു തിരശീലയുയരുന്നതു. അങ്ങോട്ടും ഇങ്ങോട്ട് കീറിക്കൂട്ടിയ പോസ്റ്റെറിന്റെ കണക്കുകള്‍ ഹോസ്റ്റലില്‍ വച്ച് ചോദിക്കുന്നതിനിടെ ആണ് പ്രവീണും പ്രശാന്തും ആദ്യമായി കാര്യങ്ങള്‍ തല്ലി തീര്‍ക്കാന്‍ പഠിക്കുന്നത്. പാര്‍ടിക്കാരുടെ അകമ്പടിയില്ലാതെ ഇലക്ഷന്‍ കാലത്ത് രണ്ടു പേര്‍ക്കും ഒറ്റക്കൊരിടത്തും പോകാന്‍ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി.

ഈ നാടകത്തിലെ കോളേജിലെ അവസാന അങ്കം നാലാം വര്‍ഷ തിരഞ്ഞെടുപ്പായിരുന്നു. കോളേജ് ഗ്രൗണ്ടില്‍ ഹോക്കി സ്റ്റിക്കും സൈക്കിള്‍ ചെയ്നുമെടുത്തു അങ്കം വെട്ടിയ ചെകവപ്പടക്ക് മുന്നില്‍ പ്രശാന്തും പ്രവീണും ഉണ്ടായിരുന്നു. അങ്ങോട്ടുമിങ്ങോട്ടു അങ്കം വെട്ടി നേടിയ സസ്പെന്‍ഷന് ശേഷം തുന്നി കെട്ടിയ മുഖവും ഒടിഞ്ഞ കയ്യുമായി നേതാക്കള്‍ തിരിച്ചെത്തി. അവസാന പരീക്ഷ കഴിഞ്ഞു യാത്ര പറയുമ്പോള്‍ ഈ കഥയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല. അല്ലെങ്കിലും, പ്രതീക്ഷിക്കുന്നത് മാത്രം സംഭവിച്ചാല്‍ ജീവിതം അങ്ങ് ബോറായി പോകില്ലേ?.

രണ്ടു വര്‍ഷത്തിനു ശേഷം ഒരു വാരാന്ത്യത്തില്‍ ഗെറ്റ് ടുഗേതെര്‍ എന്നോമന പേരിട്ടു വിളിക്കുന്ന ബാംഗ്ലൂര്‍ M.G റോഡ്‌ നിരങ്ങലിനിടയില്‍ (അന്ന് ഫോറം ഇല്ല, A/c യില്‍ വായി നോക്കി നടക്കുന്ന ഇന്നത്തെ പൈതങ്ങളെ, നിങ്ങള്‍ എത്ര ഭാഗ്യവാന്മാര്‍) ആണ് പ്രവീണിനെ കാണുന്നത്. ഏറെക്കാലത്തിനു ശേഷം കണ്ടതല്ലേ, ഇന്ന് വീട്ടില്‍ കൂടാം എന്ന് പ്രവീണ്‍. ക്ഷണം സ്വീകരിച്ചു. ചെന്നപ്പോള്‍ വാതില്‍ തുറക്കുന്നത് സാക്ഷാല്‍ പ്രശാന്ത്‌ !. "ഓ, ഞങ്ങള് ഇപ്പൊ റൂം മേറ്റ്സാ " എന്ന് തിരുമൊഴി.

കഥ ഇങ്ങനെ. ജോലി കിട്ടി ബാംഗളൂരില്‍ താമസിക്കുന്ന പ്രവീണ്‍ തിയേറ്ററില്‍ വച്ച് ജോലി അന്വേഷിക്കുന്ന പ്രശാന്തിനെ കണ്ടു മുട്ടുന്നു. നല്ല കിടിലന്‍ ചമ്മലോടെ ആണെങ്കിലും ജോലി കിട്ടുന്ന വരെ പ്രശാന്തിനെ വീട്ടില്‍ നിര്‍ത്താം എന്ന് ഒരു കോമണ്‍ സുഹൃത്തിനോട് സമ്മതിക്കുന്നു. രാഷ്ട്രീയത്തിന്റെ കേട്ട് വിട്ടതോടെ സൗഹൃദം റീ ലോടെട് !. ഇപ്പൊ രണ്ടാളും ജോലി ഒരു കമ്പനിയില്‍. താമസം ഒന്നിച്ചു. കോളേജ് ദിവസങ്ങളെ പറ്റി പറയുമ്പോ വന്‍ തമാശ.

ജീവനും ആരോഗ്യവും ബാക്കിയുള്ളവര്‍ക്ക് വീണ്ടും കൂടു കൂടാം, എല്ലാം ഒരു തമാശയായി മറക്കാം. കൊല്ലാനോരുങ്ങുന്നവനും കൊല്ലപ്പെടേണ്ടവനും പിന്നീടൊരിക്കല്‍ ചുട്ടു പൊള്ളുന്ന മണലാരണ്യങ്ങളില്‍ ജീവിക്കാന്‍ പെടാപ്പാടു പെടുന്നതിനിടെ കണ്ടു മുട്ടിയാല്‍?. പ്രശാന്തിനും പ്രവീണിനെയും പോലെ സുഹൃത്തുക്കള്‍ ആകാം. പഴയ മണ്ടത്തരങ്ങള്‍ ഓര്‍ത്തു ചിരിക്കാം. പക്ഷെ അതിനൊക്കെ, ജീവന്‍ ബാക്കി വേണം !

Saturday, 25 April 2009

ഇഷ്ടപെട്ട മൂന്ന് പുസ്തകങ്ങള്‍

എനിക്കേറെ ഇഷ്ടപെട്ട മൂന്ന് പുസ്തകങ്ങളെ പറ്റി എഴുതാം ഇന്ന്.

ശാന്താറാം. (
Shantharam - Gregory David Roberts)
==================================

അടുത്ത കാലത്ത് ഞാന്‍ വായിച്ചിട്ടുള്ള നോവലുകളില്‍ ഏറ്റവും മികച്ചത്. ഇതിനെ ഒരു നോവല്‍ എന്ന് പൂര്‍ണമായി വിളിക്കാമോ എന്നറിയില്ല. കാരണം ഇത് ഒരു തരത്തില്‍ ഒരു ആത്മ കഥയാണ്. ഓസ്ട്രലിയയില്‍ നിന്ന് ജയില്‍ ചാടി ബോംബെയിലെ ചേരിയില്‍ എത്തിയ എന്ന ഓസ്ട്രലിയക്കാരന്റെ അനുഭവങ്ങളാണ് ഈ പുസ്തകം.

ബാങ്ക് കൊള്ളക്ക് ജയിലില്‍ ആകുന്ന നായകന്‍ (?) ജയില്‍ ചാടി ബോംബയില്‍ എത്തുന്നതോടെ ആണ് നോവല്‍ ആരംഭിക്കുന്നത്. ഒരു വിദേശ സഞ്ചാരി ആയി, പിന്നീട് ചേരിയിലെ ഡോക്ടര്‍ ആയി, അധോലോകത്തിലെ കണ്ണി ആയി, ഒടുവില്‍ അഫ്ഗാന്‍ സമരത്തിലെ പോരാളിയായി നായകന്‍ കെട്ടിയാടുന്ന വേഷങ്ങള്‍ ആണ് പ്രധാന ഇതിവൃത്തം.

ഒരു സാധാരണ നോവലില്‍ നിന്ന് ശാന്താറാം എന്ന കൃതിയെ മാറ്റി നിര്‍ത്തുന്നത് പക്ഷെ ഇതൊന്നും അല്ല. ഇന്ത്യയെ കുറിച്ച്, അവിടുത്തെ ജനങ്ങളെ കുറിച്ച്, ചേരികളെ കുറിച്ച് ബോംബെ എന്ന നഗരത്തിലെ അധോലോകത്തെ കുറിച്ച്, എല്ലാറ്റിനും ഉപരി ജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മവും വിശാലവുമായ കാഴ്ചപ്പാടുകളാണ് പുസ്തകത്തിന്റെ പ്രധാന ഭംഗി.

മനോഹരമായ ഭാഷയില്‍ സരളമായി വായിച്ചു പോകാവുന്ന രീതിയിലാണ്‌ പുസ്തകം എഴുതിയിരിക്കുന്നത്. 900 പേജുകള്‍ കണ്ടു ഞെട്ടേണ്ട. ഒരിക്കല്‍ വായിച്ചു തുടങ്ങിയാല്‍ ഒരാഴ്ചക്കുള്ളില്‍ നിങ്ങള്‍ അത് പൂര്‍ത്തിയാക്കും എന്ന് ഞാന്‍ ഉറപ്പു പറയുന്നു.

ആദ്യ ഭാഗങ്ങള്‍ പോലെ മനോഹരമല്ല അവസാന
ഭാഗങ്ങള്‍ എന്നതാണ് ഞാന്‍ കണ്ട ഒരു ന്യൂനത.

എ കോര്‍ണര്‍ ഓഫ് എ ഫോറിന്‍ ഫീല്‍ഡ്
(
A Corner of a Foreign Field - Ramachandra Guha)
==================================
സമര്‍ത്ഥനായ ഒരു ചരിത്രകാരനും ഒരു ക്രിക്കറ്റ് ലേഖകനും ചേര്‍ന്ന് ഒരു പുസ്തകം എഴുതിയാല്‍ ഉണ്ടാകുന്നതെന്തോ, അതാണ് ഈ പുസ്തകത്തില്‍ സംഭവിച്ചിരിക്കുന്നത്. ഇവിടെ ഇത് രണ്ടും ഒരാള്‍ ആണെന്ന് മാത്രം. ഹിന്ദു ദിന പത്രത്തിലെ ക്രിക്കറ്റ് പംക്തികള്‍ വായിക്കുന്നവര്‍ക്ക് സുപരിചിതനായ രാമചന്ദ്ര ഗുഹയുടെ പുസ്തകം.

ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു വെറും കളിയല്ല. അതൊരു മതം തന്നെയാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഈ കളിയിലും നമ്മള്‍ മറന്നു പോയ ഒന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നതിനു മുന്നേയുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം. ഒരു ഇംഗ്ലീഷ് കളിയായ ക്രിക്കറ്റ് എങ്ങനെ ഇന്ത്യയുടെ ആവേശമായി എന്നൊരന്വേഷണം ആണ് ഗുഹയെ ഈ പുസ്തകത്തിലേക്ക് എത്തിച്ചത്. ബോംബയില്‍ മൈതാനങ്ങളില്‍ ഇംഗ്ലീഷുകാര്‍ കളിച്ചിരുന്ന കളി ഇന്ത്യയുടെ ആത്മാവിലേക്ക് ചേക്കേറിയത് എങ്ങനെയാണു എന്ന് രസകരമായ കൊച്ചു കഥകളിലൂടെ, സംഭവങ്ങളിലൂടെ ഗുഹ കാട്ടിത്തരുന്നു.

ഒരു സാധരണ ക്രിക്കറ്റ് ലേഖകന്‍ എഴുതിയിരുന്നെന്കില്‍ വെറും ക്രിക്കറ്റിന്റെ ചരിത്രം ആകുമായിരുന്ന ഈ പുസ്തകം അറിയപ്പെടുന്ന ചരിത്രകാരന്‍ ആയ ഗുഹയുടെ തൂലികയില്‍ പിറക്കുമ്പോള്‍ ഇന്ത്യയുടെ ജാതീയ വിഭാഗീയതയുടെ, ഹരിജനങ്ങളുടെ മുന്നേറ്റത്തിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിന്റെ ചരിത്രം കൂടി ആകുന്നു.

ഒട്ടും ബോറടിപ്പിക്കാത്ത ഒരു പുസ്തകം. ഒരു വാശിയേറിയ ക്രിക്കറ്റ് കളി കാണുന്ന രസത്തോടെ ചരിത്രം വായിക്കാം എന്ന് എനിക്ക് കാട്ടിതന്ന പുസ്തകം. ക്രിക്കറ്റ് ഇഷ്ടമുള്ളവരും, ചരിത്രം ഇഷ്ടപെടുന്നവരും ഒരുപോലെ വായിക്കേണ്ട ഒരു പുസ്തകം.


ഇന്ത്യ അണ്‍ബൌണ്ട് (
India Unbound - Gurcharan Das)
=======================================
ചരിത്രം രസകരമാണ് എന്ന് ഗുഹ മനസിലാക്കി തന്നെങ്കില്‍ സാമ്പത്തിക ശാസ്ത്രം വായിക്കാന്‍ രസമാണ് (മനോഹരമായി എഴുതിയാല്‍. പണ്ട് economics ഇന് കിട്ടിയത് 40/100 !.) എന്ന് മനസിലാക്കി തന്നത് ദാസ് ആണ്.

1991 ലെ സാമ്പത്തിക പരിഷ്കാരത്തിനു മുന്നേയുള്ള ചുവപ്പ് നാടകളില്‍ കുരുങ്ങിയ ഇന്ത്യന്‍ വ്യവസായത്തിന്റെ ദുര്‍ഗതിയും. അതിനു ശേഷമുള്ള ഇന്ത്യയുടെ ഉയര്‍ച്ചയും സാമ്പത്തിക മാറ്റം കൊണ്ടുള്ള സാമൂഹിക മാറ്റങ്ങളും മനോഹരമായി വരച്ചു കാട്ടുന്ന പുസ്തകം.

സാമ്പത്തിക പരിഷ്കാരങ്ങളെയും നമ്മുടെ ജീവിതത്തിലെ അതിന്റെ ദൂരവ്യാപകമായ സ്വാധീനത്തെയും കുറിച്ചറിയണം എന്നാഗ്രഹം ഉള്ള ഓരോ ഇന്ത്യക്കാരനും വായിക്കേണ്ട ഒരു പുസ്തകം. നിങ്ങള്‍ എന്തിനെ ആണ് എതിര്‍ക്കുന്നത് എന്നറിയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും, കോണ്‍ഗ്രസ് ഇന്ത്യക്ക് ചെയ്തു തന്ന ഒരു നല്ല കാര്യത്തെ കുറിച്ചറിയാന്‍ കോണ്‍ഗ്രസ്കാര്‍ക്കും വായിക്കാവുന്ന പുസ്തകം. സരളവും സ്പഷ്ടവുമായി, ഒരു കഥ പോലെ ഉള്ള ആഖ്യാന ശൈലി.

കുറച്ചു ചിത്രങ്ങള്‍


മടിയൊക്കെ മാറ്റി വച്ച് പുറത്തു പോയ ഒരു ദിവസത്തിലെ കാഴ്ചകള്‍.

Friday, 24 April 2009

പുണ്യത്തിനു ബെസ്റ്റ് പൊന്നു തന്നെ !

സ്വര്‍ണക്കടക്കാരുടെ സ്വന്തം പെരുന്നാളായ അക്ഷയ ത്രിതീയ ഇങ്ങു എത്താറായി. (അതോ, എത്തിയോ?) . ഇനിയങ്ങോട്ട് കൂപ്പണ്‍ വഴിയും, പവന്‍ ആയും സ്വര്‍ണ വില്പന പൊടി പൊടിക്കും. രണ്ടോ മൂന്നോ കൊല്ലമേ ആയുള്ളൂ ഈ പുത്തന്‍ പെരുന്നാളിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

പണി ചെയ്യാന്‍ മടി പിടിച്ച ഒരു വെള്ളിയാഴ്ച ആയതു കൊണ്ട് ഈ 'പോന്നു' പെരുന്നാളിനെ പറ്റി ഒന്നറിയാം എന്ന് കരുതി. മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള നാട്ടില്‍, തീക്കും, വെള്ളത്തിനും ദൈവങ്ങള്‍ ഉള്ള നാട്ടില്‍ സ്വര്‍ണത്തിനും ആകാം ഒരു ഉത്സവം. ഒന്നല്ലേലും നമ്മളു തുല്യവകാശ ജനാധിപത്യ രാഷ്ട്രമല്ലേ?.

പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ, സ്വര്‍ണവും ത്രിതീയയും തമ്മില്‍ ഗൂഗിള്‍ ചെയ്താല്‍ പോലും കിട്ടാനില്ല ഒരു ഒറിജിനല്‍ ബന്ധം. മാദ്ധ്യമങ്ങളും, സ്വര്‍ണക്കടക്കാരും കല്പിച്ചു നല്‍കിയ ഡ്യൂപ്ലിക്കേറ്റ്‌ ബന്ധങ്ങള്‍ മാത്രം. ത്രിതീയയെ പറ്റി വിശ്വാസങ്ങള്‍ പലതുണ്ടെങ്കിലും, ക്ഷയിക്കാത്ത (അക്ഷയ) പുണ്യം നേടാന്‍ ഉള്ള ഒരു ദിവസം ആണിതെന്നു പൊതു തത്വം. പുണ്യം നേടാനുള്ള വഴികളും ഉണ്ട്.. അവ താഴെ പറയും പോലെ.

സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതര്‍പ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്

സംസ്കൃതം ഒന്നും അറിയില്ലെങ്കിലും ഇപ്പറഞ്ഞതില്‍ സ്വര്‍ണം ഷോപ്പിങ്ങ് ഇല്ലെന്നറിയാന്‍ സലിം കുമാര്‍ പറഞ്ഞ പോലെ വെറും "കോമണ്‍ സെന്‍സ്" പോരെ?. ഇതൊന്നും ചെയ്യാന്‍ പറ്റിയില്ലേലും പുണ്യം ചെയ്യാനുള്ള വഴി നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കുക എന്നതായിരുന്നു എന്റെ അറിവ്. ഛെ, വെറും തെറ്റ്. പുണ്യം നേടാന്‍ പണം കൊടുത്തു പോന്നു വാങ്ങുക, ഇനി പോന്നു കിട്ടിയില്ലേല്‍ കൂപ്പണ്‍ എങ്കിലും വാങ്ങുക, പുണ്യം പുറകെ എത്തും.

പുണ്യം നേടാന്‍ ഒരു ദിവസം ഉണ്ടെന്നും, അന്ന് ദാനം ചെയ്‌താല്‍ അത് വരെ കഞ്ചാവ് കൃഷി ചെയ്തതിന്റെ പാപം പോകുമെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പുളിക്കും. ഈശ്വരന്‍ മോളില്‍ ഓരോരുതരുടെയം പാപ പുണ്യത്തിന്റെ എക്സല്‍ അപ്ഡേറ്റ് ചെയ്തു ഇരിക്കുകയാണെന്നും എനിക്ക് വിശ്വാസം ഇല്ല. പക്ഷെ, ഇതൊക്കെ വിശ്വസിക്കുന്ന ആളുള്ള നാട്ടില്‍ നമുക്ക് ഈയൊരു സ്വര്‍ണ വില്പനയെ കിട്ടിയൊള്ളൂ പുണ്യത്തിനു?.

ആചാരങ്ങള്‍ കാപട്യങ്ങള്‍ ആകുന്നതിനും, അവ കണ്ണടച്ച് അനുഷ്ടിച്ചു അന്ധ വിശ്വാസം ആകുന്നതിനും ഉത്തമ ഉദാഹരണം ആണ് സ്വര്‍ണ കടക്കാര്‍ക്ക് വില്പന മേള, മാധ്യമങ്ങള്‍ക്ക് പരസ്യ മേള, ജനങ്ങള്‍ക്ക്‌ പുണ്യ മേള എന്നിങ്ങനെ ആചാരപൂര്‍വ്വം നടക്കുന്ന അക്ഷയ ത്രിതീയ.

കൊടുക്കുന്നത് മുക്ക് പണ്ടം അല്ലാത്ത കാലത്തോളം. ഇതൊരു കുഞ്ഞു തട്ടിപ്പ് മാത്രം. അത് കൊണ്ട് ഗവണ്മെന്റ് സ്വര്‍ണ കടക്കാര്‍ക്കെതിരെ വാളെടുക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ ഇങ്ങനെ ഒരു വിശ്വാസം ഉണ്ടെങ്കില്‍ അതിനെ നമുക്ക് നല്ല രീതിയിലും ഉപയോഗിക്കാമല്ലോ !.

ഓപ്പറേഷന്‍ സിമ്പിള്‍ : നമ്മുടെ ഏഷ്യാനെറ്റിലെ പ്രശസ്ത ജോത്സ്യനെയും മോഹന്‍ ലാലിനെയും ആയുധമാക്കുക. അന്നേ ദിവസം അനാധാലയങ്ങള്‍ക്ക് ദാനം ചെയ്താല്‍ പുണ്യം സ്വര്‍ണത്തിന്റെ പത്തിരട്ടി എന്ന് ജ്യോത്സ്യഭാഷ്യം. ത്രിതീയക്ക്‌ മുന്നേയുള്ള മൂന്ന് മാസം എല്ലാ പരിഹാര ക്രിയകളിലും അക്ഷയ ത്രിതീയക്കുള്ള അനാഥാലയ ദാനം ഒരു ഐറ്റം ആക്കുക. മീഡിയ ജ്യോത്സനെ കോപ്പി അടിക്കുന്ന ലോക്കല്‍ ജ്യോത്സന്മാര്‍ സംഭവം ഏറ്റു പിടിച്ചോളും. പിന്നെ പിന്നെ ത്രിതീയ പരിഹാരം പറഞ്ഞില്ലേല്‍ ജനം ജോത്സ്യനെ വിശ്വസിക്കില്ല എന്ന ഗതി വരും.

ആദ്യത്തെ സംഭാവനയായി 100001 രൂപ ലാലിന്റെ വക. ചെറുപ്പം മുതലിങ്ങോട്ട്‌ തന്‍ നടത്തിയ അക്ഷയ ത്രിതീയ ദാനങ്ങളാണ് തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയതെന്ന്‍ ഒരു പ്രസ്താവനയും. "എന്റെ മനസ പുത്രിക്കും" "രഹസ്യത്തിനും" ഒക്കെ ഇടയില്‍ ഒരു ഒരു മിനിറ്റ് പരസ്യമായി ഇവനെ അങ്ങ് കാച്ചുക. വിശ്വാസത്തിന്റെ വെള്ളിക്കാശുകള്‍ അനാധാലയങ്ങളിലേക്ക് പറന്നു വരും. നല്ല കാര്യത്തിനല്ലേ ഒരല്പം നുണയൊക്കെ പറയാം.

അടുത്ത ത്രിതീയക്ക്‌ മുന്നേ സര്‍ക്കാരിനോ/ ഹൈന്ദവ സംഘടനകള്‍ക്കോ ഈ നല്ല ബുദ്ധി തോന്നിയെങ്കില്‍ !!

Thursday, 23 April 2009

ഓഫീസില്‍ കേട്ടത്

വാചകമടി പണിയുടെ ഭാഗം ആയതു കൊണ്ടോ, അല്ലേല്‍ പണി തന്നെ വാചകമടി ആയതു കൊണ്ടോ ഞങ്ങള്‍ IT ക്കാര്‍ക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് കോണ്‍ഫറന്‍സ് കോള്‍. അമേരിക്കയില്‍ പോയി തുട്ടുണ്ടാക്കുന്ന സഖാവിനെ അവിടെ പോകാന്‍ കൊതിക്കുന്ന കുട്ടി സഖാക്കള്‍ വിളിച്ചു പണിയെപ്പറ്റി സംശയം തീര്‍ക്കുന്നതാണ് പ്രധാന കലാ പരിപാടി എങ്കിലും, കുട്ടി സഖാക്കള്‍ക്ക് നൂതന ആംഗലേയ പ്രയോഗങ്ങള്‍ വീണു കിട്ടുന്നതും ഈ അവസരങ്ങളിലാണ്. നാട്ടില്‍ എടാ , പോടാ എന്ന് വിളിച്ചു നടന്ന ചേട്ടന്മാര്‍ കടല് കടന്നതോടെ mate, dude എന്നൊക്കെ വിളി തുടങ്ങും.

അത്തരം തകര്‍പ്പന്‍ പ്രയോഗങ്ങളില്‍ ഒന്നാണ് ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ "ഷൂട്ട്" (shoot) ചെയൂ എന്ന പറച്ചില്‍. എനിക്കൊരു ചോദ്യമുണ്ട് (I have a Question) എന്നതിന് ചോദിച്ചോളൂ എന്നര്‍ത്ഥം വരുന്ന മറുപടി ഷൂട്ട് എന്നാകുന്നു.

അങ്ങനെ കുട്ടി സഖാക്കള്‍ അറിവിന്‍റെ നിറകുടങ്ങള്‍ ആയിരിക്കുന്ന സമയത്താണ് നമ്മുടെ കണ് കണ്ട ദൈവം, അതായതു കസ്റ്റമര്‍ ഇന്ത്യയിലെ കുട്ടി സഖാക്കള്‍ക്ക് വേണ്ടി ഒരു ക്ലാസ് എടുക്കുന്നത്. അര മണിക്കൂര്‍ നേരത്തെ പ്രഭാഷണത്തിന് ശേഷം പതിവ് ഔപചാരികതയോടെ ചേട്ടന്‍റെ ചോദ്യം. "Any Questions?" (ചോദ്യങ്ങള്‍ എന്തെങ്കിലും?)

ചോദ്യങ്ങള്‍ ഒന്നുമില്ലെങ്കിലും, പഠിച്ചത് പ്രയോഗിക്കാന്‍ കിട്ടിയ അവസരം വെറുതെ കളയാമോ? സഖാവ് no:1 ധീരതയോടെ തിരിച്ചടിച്ചു. "If I have any Questions, I will shoot you" (ചോദ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യും എന്ന്) :)

കസ്റ്റമര്‍ ചേട്ടന്‍, മാക്ട റാലി കണ്ട മമ്മൂട്ടിയെ പോലെ ഞെട്ടി. അകവും പുറവും വിയര്‍ത്ത അമേരിക്കയില്‍ ഇരിക്കുന്ന ചേട്ടന്‍ ഇതൊരു ഭീഷണിയല്ലെന്നും വെറും പ്രയോഗ പിശക് മാത്രമാണ് എന്നും പറഞ്ഞു തടിയൂരി എന്ന് ചരിത്രം.


Thursday, 9 April 2009

ഒരു കേരളീയ ക്വിസ് !!

ബ്ലോഗില്‍ ഇത് ചോദ്യോത്തരങ്ങളുടെ കാലമാണല്ലോ. കളിയും കാര്യവുമായ ചോദ്യോത്തരങ്ങള്‍ കണ്ടപ്പോള്‍ ഞാനും നടത്താം ഒരു ക്വിസ് എന്ന് തോന്നി. കേരളത്തെ ചുറ്റി പറ്റിയുള്ള 10 ചോദ്യങ്ങള്‍ !

മിടുക്കന്മാരും മിടുക്കികളും ഗൂഗിളിനോട് ചോദിക്കും എന്നറിയാവുന്നതിനാല്‍ ചോദ്യങ്ങള്‍ക്ക് ഒരല്പം വളച്ച് കെട്ടല്‍ ഉണ്ട്. അപ്പോള്‍, ഉത്തരം പറയാന്‍ റെഡി ആയിക്കോളൂ..

1. ഒരു നേരത്തെ ആഹാരത്തിനായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുറിയില്‍ ഇരുന്നു പാട്ട് പാടേണ്ടി വന്ന മലയാളത്തിന്റെ മഹാ ഗായകന്‍?.

2. "Sherlock Holmes" കഥകള്‍ മലയാളത്തിലേക്ക് തര്‍ജിമ ചെയ്തിട്ടുള്ള താഴെ പറയുന്ന പ്രതിഭ ശാലികള്‍.

ഒന്നാമന്‍ : MLAയും MPയും ആയിരുന്നു.
രണ്ടാമന്‍ : പ്രശസ്ത കഥാകാരന്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍
മൂന്നാമന്‍ : കേരളം കണ്ട ഏറ്റവും പ്രശസ്തനായ ജനപ്രിയ കഥ എഴുത്തുകാരില്‍ ഒരാള്‍.

3. "ഒരു കള്ളന്‍ ചത്താല്‍ നാട്ടിന്പുരത്തും നഗരത്തിലും ബന്ദ്. ഒരു പോലീസുകാരന്‍ ചത്താല്‍ എവിടെയാടാ ബന്ദ്?. അവന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അടിവയറ്റില്‍ അല്ലാതെ??"
-- ഈ നാടക ഡയലോഗ് എഴുതിയ പ്രശസ്ത (നാടക) രചയിതാവ്?

4. എഴുതുന്ന നോവലിന്റെ പശ്ചാത്തലം മനസിലാക്കാന്‍ ഒരു ചെറിയ സ്വര്‍ണ്ണ കള്ളക്കടത്ത് നടത്താന്‍ ആലോചിച്ച പ്രശസ്ത്ത സാഹിത്യകാരന്മാര്‍?

5. സ്വന്തം കവിത ക്ലാസ്സില്‍ പഠിക്കാന്‍ ഭാഗ്യം (?) ഉണ്ടായ കവി?.

6. ആളെ കണ്ടു പിടിക്കൂ. : സാധാരണക്കാരന്‍ ആയ നേതാവ്. കേരളത്തില്‍ മന്ത്രി ആയിരുന്നു. അച്ഛനെയും മകനെയും അടുത്തടുത്ത തിരഞ്ഞെടുപ്പുകളില്‍ തോല്‍‌പിച്ച് പ്രശസ്ത്തി നേടി.

7. രതി നിര്‍വേദം എന്നാ ചിത്രത്തിന് പദ്മരാജന്‍ ആദ്യം നിശ്ചയിച്ച പേര്?.

8. കേരളത്തിനെതിരെ ഗോള്‍ അടിച്ചു കേരളത്തെ സന്തോഷ് ട്രോഫി ഫൈനലില്‍ തോല്പിച്ച മലയാളി?.

9. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സൂക്ഷിച്ചു വരുന്ന വൃക്ഷത്തിന്റെ ചരിത്ര പ്രാധാന്യം?

10. "പെയിന്റെര്‍ കുഞ്ഞാപ്പു" -- ഏതു നോവലിലെ കഥാപാത്രം?

അപ്പൊ, ചോദ്യങ്ങള്‍ റെഡി. ഉത്തരങ്ങള്‍ പോന്നോട്ടെ.. എന്റെ വക ഉത്തരങ്ങള്‍ (വിജയിയെയും) ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, 7 April 2009

ദുബായിയുടെ മറുപുറം. ഒരു ഇംഗ്ലീഷ് ആര്‍ട്ടിക്കിള്‍

ഇന്ന് വായിച്ചതു. മലയാളികള്‍ ഏറെ ഉള്ള നഗരമായതിനാല്‍ ബ്ലോഗില്‍ ഷെയര്‍ ചെയ്യാം എന്ന് കരുതി.

Dark Side of Dubai

ദുബയിയുമായി ബന്ധമോന്നുമില്ലാത്ത്ത്തിനാല്‍ സത്യവും മിഥ്യയും എനിക്കറിയില്ല. ഒരു പക്ഷെ വെസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് വച്ച് ദുബായിയെ അളക്കുന്നത് തെറ്റാവാം. ദുബായ് കൊണ്ട് നന്നായ ഒരുപാടു പേരുണ്ടല്ലോ കേരളത്തില്‍. സാമ്പത്തിക മാന്ദ്യം ആയതിനാല്‍ അതിനെ പറ്റി ഉള്ള ലേഖനങ്ങള്‍ പെട്ടന്ന് ശ്രദ്ധ ആകര്‍ഷിക്കുന്നതും ആവാം.

Monday, 6 April 2009

ഓട്ടോ പുരാണങ്ങള്‍

ഞങ്ങള്‍ കൊച്ചിക്കാര്‍ക്ക്‌ പൊതുവേ ഓട്ടോക്കാരെ പേടിയാണ്. ദൈവം സഹായിച്ചു മീറ്റര്‍ എന്ന ഒരേര്‍പ്പാട് ഇന്നുവരെ കൊച്ചി നരകത്തിലെ ഓട്ടോകളില്‍ കണ്ടിട്ടില്ല. ഇനി ഹാലിയുടെ ധൂമകേതു പോലെ വല്ലപ്പോഴും ഒന്ന് കണ്ടാലും അത് പ്രവര്‍ത്തിച്ചു കാണണേ കാശു വേറെ കൊടുക്കേണ്ടി വരും.

നാട്ടും പുറത്തും ഇല്ല മീറ്റര്‍. പക്ഷെ നാട്ടുകാരായത് കൊണ്ട് പോക്കറ്റ് കാലിയാക്കുന്ന ചാര്‍ജും ചീത്തവിളിയും ഒന്നുമില്ല. പക്ഷെ കൊച്ചിയിലേക്ക് കടന്നാല്‍ പിന്നെ ഓട്ടോ പിടുത്തം ഒരു ചടങ്ങ് തന്നെ.

മാര്‍ക്കറ്റില്‍ ലേലം വിളിക്കുന്ന പോലെ കൂട്ടിയും കുറച്ചും (ഒവ്വ, ഇമ്മിണി കുറയും) ഒരു തുക ഉറപ്പിക്കല്‍ ആണ് ആദ്യത്തെ ദൌത്യം. നഗരത്തിലെ പൊതുവേ അറിയുന്ന പോയിന്റില്‍ ആണ് ഇറങ്ങുന്നതെങ്കില്‍ രക്ഷപെട്ടു. പറഞ്ഞ കാശിനു കാര്യം നടക്കും. ഇനി അതല്ല, അല്പം മോശമായ വഴിയോ, പറഞ്ഞതിലും 10 മീറ്റര്‍ കൂടുതലോ ആണെന്കില്‍ പെട്ടു. ലേലം വിളി പാര്‍ട്ട് -2 ആരംഭിക്കുകയായി...

കൊച്ചിയില്‍ നിന്ന് ചെന്നയില്‍ ലാന്‍ഡ്‌ ചെയ്തപ്പോഴാണ് കൊച്ചിയിലെ ഓട്ടോ ചേട്ടന്മാരൊക്കെ വെറും മുലപ്പാല് കുടിക്കുന്ന പാവം പൈതങ്ങള്‍ ആണെന്ന് പിടി കിട്ടിയത്. പോകേണ്ടത് കിലോമീറ്റര്‍ വെറും അഞ്ചായാലും ചാര്‍ജ് നൂറ്റി അന്‍പതില്‍ ഒട്ടും കുറയില്ലത്രേ. പണ്ട് കോളേജില്‍ വച്ച് കണ്ട അണ്ണന്റെ പടയപ്പ പടത്തെ മനസില്‍ ധ്യാനിച്ച് അറിയാവുന്ന തമിഴൊക്കെ പ്രയോഗിച്ചാലും "ന്യായമുള്ള റേറ്റ്ക്കാരുടെ" മനസലിയില്ല. പിന്നെ ഒരാഴ്ച കഴിയുന്നതോടെ അവര് 150 പറയുമ്പോള്‍ തിരിച്ചു 50 എന്ന് പറയാന്‍ നമ്മള് പഠിക്കും എന്നതൊരശ്വാസം.

മംഗലാപുരത്തും മൈസൂരും കേറുന്ന പാടെ ചേട്ടന്മാര് മീറ്റര്‍ ഇടും. അത് കാണുമ്പോഴുള്ള ആനന്ദം ഒക്കെ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ തീരും.ഒന്നുകില്‍ ഓട്ടോ ഓടുന്നതിന്റെ ഇരട്ടി വേഗത്തിലോടുന്ന മീറ്റര്‍. അല്ലെങ്കില്‍ മീറ്ററില്‍ കാണുന്നതിന്‍റെ ഒന്നര ഇരട്ടിയാണ് ചാര്‍ജ്. ആ കണക്കു എനിക്കിന്നും പിടി കിട്ടിയിട്ടില്ല. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മീറ്ററില്‍ കാണുന്നതിന്‍റെ ഇരട്ടിയാണ് ചാര്‍ജ്. (10 മണിക്ക് ശേഷം മീറ്ററില്‍ കാണുന്നതിന്‍റെ ഒന്നര ഇരട്ടി എന്നാണ് സര്‍ക്കാര്‍ കണക്കു) . നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രീ-പൈഡ് ഓട്ടോ സംവിധാനം ഉണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാലും ചെന്നൈക്കൊപ്പം ചെന്നൈ മാത്രം.

എന്നാല്‍ സ്വന്തം ഗ്രാമത്തില്‍ നിന്നകന്നു ഓട്ടോക്കാരില്‍ നിന്നുള്ള നല്ല രണ്ടനുഭവങ്ങളും കേരളത്തില്‍ നിന്ന് തന്നെ.

ആദ്യത്തേത് രണ്ടായിരത്തി ഒന്നില്‍. മംഗലാപുരത്ത് ജോലിയില്‍ പ്രവേശിച്ച സമയം. ബേക്കല്‍ ഫോര്‍ട്ട്‌ കാണാന്‍ കൊതിപിടിച്ച 6 ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുമായി ഒരു ബേക്കല്‍ യാത്ര. കോട്ടയും ബീച്ചും കണ്ടു സമയം പോയതറിഞ്ഞില്ല. കറങ്ങി നടന്നു ഒരു നടന്‍ കടയില്‍ നിന്ന് ദോശയും കഴിച്ചു ഇറങ്ങിയപ്പോള്‍ ഏറെ വൈകി. ആ വഴിക്കുള്ള അവസാന ബസ് പോയിരുന്നു എന്നാണോര്‍മ. അടുത്ത കവലയിലേക്ക് ദൂരം കുറച്ചൊന്നുമല്ല.

നടന്നു ക്ഷീണിച്ചു അടുത്ത് കണ്ട ഒരു കലുന്കില്‍ ഇരിക്കവേ അതാ വരുന്നു രണ്ടു ഓട്ടോ. കാശെത്ര ആയാലും വീടെത്തിയാല്‍ മതി എന്ന് ജനം. മംഗലാപുരത്തേക്ക് പോകുന്ന ബസ് കിട്ടുന്ന കവലയിലേക്ക് പോട്ടെ എന്ന് പറഞ്ഞു തീര്‍ന്നില്ല, ചേട്ടന്‍ മീറ്റര്‍ ഇട്ടു. വളവുകളും തിരിവുകളും ഒരു പാട് കടന്നു വണ്ടി മുന്നേറുമ്പോള്‍ ഇന്നൊരു 50 രൂപയാകും എന്ന് സുഹൃത്തിന്റെ കണക്കു കൂട്ടല്‍. ഒടുവില്‍ വണ്ടി നിര്‍ത്തിയിട്ട്‌ ചേട്ടന്‍ ചോദിച്ചത് മീറ്ററില്‍ കണ്ട 12 രൂപ. പകല് ഒന്നരയും രാത്രി രണ്ടിരട്ടിയും ചാര്‍ജ് കണ്ടു ശീലിച്ച കൂട്ടുകാര് ഞെട്ടി. കൂടെ ഞാനും.

വഴിയറിയാതെ വട്ടം കറങ്ങിയ ഞങ്ങളെ സ്റ്റാന്‍ഡില്‍ എത്തിച്ച സന്തോഷത്തിനു കാശു അല്പം കൂടുതല്‍ കൊടുത്തപ്പോള്‍ "ചെയ്ത കാശിന്റെ കൂലി മതി മോനെ" എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ, അത് മാത്രം വാങ്ങിയ ആ മുഖം ഇന്നും ഓര്‍മയിലുണ്ട്. പ്രകൃതിക്ക്‌ മാത്രമല്ല, മനുഷ്യര്‍ക്കും മനസിന്‌ ഭംഗിയുള്ള നാടാണ്‌ കേരളം എന്ന കൂട്ടുകാരന്റെ വാക്ക് കേട്ടപ്പോഴുണ്ടായ സന്തോഷവും ചെറുതല്ല. !!

രണ്ടാമത്തെ അനുഭവം ഈയിടെ വടകരയില്‍ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍. അല്പം വിശദമായി എഴുതണം എന്ന് മോഹം ഉള്ളത് കൊണ്ട് ആ കഥ വഴിയെ..

Sunday, 5 April 2009

കുറച്ചു കൊറിയന്‍ സിനിമകള്‍.

സിനിമ കാണല്‍ പണ്ടേ ഇഷ്ടമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ വന്നു ജയകൃഷ്ണന്‍ ചേട്ടനെ കാണുമ്പോഴാണ് എന്‍റെ സിനിമ കാണല്‍ ഒന്നും ഒരു കാണലേ അല്ല എന്ന് മനസിലായത്. ലോകത്തുള്ള ഭാഷകളിലെ എല്ലാം സിനിമകള്‍ കാണുന്ന ചേട്ടനാണ് എന്നോട് കൊറിയന്‍ സിനിമകളെ പറ്റി പറയുന്നത്.

എന്നാല്‍ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് ഞാനും വിചാരിച്ചു. അങ്ങനെ കണ്ടിഷ്ടപെട്ട (ഞെട്ടിയതെന്നും പറയാം) കുറച്ചു സിനിമകള്‍ താഴെ.

Old Boy :

കാണേണ്ടുന്ന കൊറിയന്‍ പടങ്ങളില്‍ ആദ്യത്തേത്‌. "ഞെട്ടിപ്പിക്കുന്ന ഒരു സിനിമ". മൃദുല ഹൃദയര്‍ക്ക് ഒട്ടും ചേരാത്ത ഒരു സിനിമ. കഥയുടെ തീവ്രത കൊണ്ടും, അമ്പരപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ടും കാഴ്ചക്ക് ശേഷവും നമ്മെ വിട്ടു പോകാത്ത ഒരു പടം.

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രതികാരത്തിന്‍റെ കഥ പറയുന്നു ഈ ചിത്രം. പ്രതികാര രീതിയും (കാരണവും) കഥാപാത്രങ്ങളും നമ്മുടെ സാധാരണ സങ്കല്‍പ്പങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത.

സന്തോഷത്തില്‍ അവസാനിക്കുന്ന ഹൃദയഹാരിയായ ഒരു സിനിമ ആഗ്രഹിക്കുന്നവര്‍ ഇത് കാണാതിരിക്കുക. അമ്പരപ്പിക്കുന്ന, തീവ്രമായ ഒരു സിനിമ അനുഭവം തേടുന്നവര്‍ ഇത് തീര്‍ച്ചയായും കാണുക.

Taegukgi :

കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു രത്നച്ചുരുക്കം എന്ന് വേണമെന്കില്‍ നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു ചെറു ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട് ഈ സിനിമ. പക്ഷെ അതിലുപരി, യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന സാധാരണക്കാരുടെ കഥ പറയുന്നു ഈ ചിത്രം.

നിര്‍ബന്ധിത സൈനിക സേവനം വഴി കൊറിയന്‍ യുദ്ധത്തില്‍ വന്നു പെടുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണിത്. ഈ ചിത്രം യുദ്ധത്തിന്‍റെ ഭീകരതയും, ആവേശവും, ക്രൂരതയും അത് മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും ഉജ്ജ്വലമായി വരച്ചു കാട്ടുന്നു. സഹോദര സ്നേഹം പലപ്പോഴും രാജ്യ സ്നേഹത്തിനെക്കാളും വലുതാണ് എന്നാ സന്ദേശവും ഈ സിനിമയിലുണ്ട്.
ഒരുപാട് നാടകീയമായ അന്ത്യം മാത്രമാണ് സിനിമയുടെ ന്യൂനത.

ഇത് യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ കാണേണ്ട ചിത്രമാണ്‌. അര്‍ഹിക്കുന്നതിലും കൂടുതല്‍ നിരൂപക അംഗീകാരം കിട്ടിയ Saving Private Ryan എന്ന ചിത്രത്തേക്കാള്‍ മികച്ചതാണെന്ന് എന്‍റെ അഭിപ്രായം.

My Sassy Girl :

ഞാന്‍ കണ്ട ആദ്യ കൊറിയന്‍ സിനിമ. അത് കൊണ്ട് തന്നെ ഒരല്പം ഇഷ്ടകൂടുതല്‍ ഉണ്ട് സിനിമയോട്. ഒരു യുവാവിനെയും, അവന്‍ അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു യുവതിയെയും ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടു മടുത്ത ഒരു സാദാ പ്രണയ കഥ എന്ന് തോന്നാം.

പക്ഷെ അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും, പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒരു സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണം.

പ്രണയ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ കാണേണ്ടുന്ന ഒരു ചിത്രം.

The Classic:

ഞാന്‍ കണ്ട കൊറിയന്‍ സിനിമകളില്‍ ഏറ്റവും ഹൃദയ ഹാരിയായ ചിത്രം; ഓര്‍മ കുറിപ്പുകളിലൂടെ അമ്മയുടെ പ്രണയ കഥ മനസിലാക്കുന്ന ഒരു പെണ്‍കുട്ടിയെയും, അവളുടെ ഉള്ളിലൊളിപ്പിച്ച പ്രണയത്തിന്റെയും കഥ പറയുന്നു.

ഇടകലര്‍ത്തിയ രണ്ടു കഥകള്‍ സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കഥകള്‍ക്കും സമാനതകള്‍ നല്കുന്നതിലുള്ള സൂക്ഷ്മത മനോഹരമാണ്. നമ്മെ അമ്പരപ്പിക്കുന്ന , അതിശയിപ്പിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഏറെ ഉണ്ട് സിനിമയില്‍. മനോഹരമായ climax.

സാധാരണമായ കഥകളെ മനോഹരമായി ചിത്രീകരിക്കുന്ന ഈ കല നമ്മുടെ സംവിധായകര്‍ക്കും ഒന്ന് കണ്ടു പഠിക്കാം.

Joint Security Area :

അവതരണത്തില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും, ആശയം കൊണ്ട് പുതുമതോന്നിയ കഥ. ഉത്തര ദക്ഷിണ കൊറിയകള്‍ എന്ന പോലെ നമ്മള്‍ ഇന്ത്യക്കും പാകിസ്ഥാനും ബാധകമായ ഒരാശയം എന്ന പേരിലാണ്‌ എനിക്ക് ഈ സിനിമ ഇഷ്ടമായത്. മനുഷ്യന്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ ഉണ്ടെങ്കിലും, അതിനപ്പുറം നാമെല്ലാം സഹോദരങ്ങള്‍ ആണ് എന്ന് വിളിച്ചു പറയുന്ന ചിത്രം.

കൊറിയന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വളരെ ധീരമായ ഒരു സിനിമ.

കണ്ടിഷ്ടപെട്ട പടങ്ങള്‍ പോലെ ഇഷ്ടപ്പെടാത്തവയും ഉണ്ട് സിനിമകള്‍. ഉദാഹരണത്തിന് കൊറിയയില്‍ വളരെ പ്രശസ്തിയാര്‍ജിച്ച, എന്നാല്‍ എനിക്ക് ഒരു സാദാ ആക്ഷന്‍ ത്രില്ലര്‍ ആയി തോന്നിയ ചിത്രം ആണ് "Shiri".

Sunday, 22 March 2009

ആര് ജയിക്കും? : എന്‍റെ ഇലക്ഷന്‍ പ്രവചനങ്ങള്‍.

എല്ലാവര്‍ക്കും എന്തെങ്കിലും ഒരു അഭിപ്രായം ഉള്ള വേദിയാണ് രാഷ്ട്രീയവും മതവും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നെ ഞാനും നടത്തിക്കളയാം കുറച്ചു രാഷ്ട്രീയ പ്രവചനങ്ങള്‍‍. പതിവിലും നേരത്തെ എണീറ്റ ഒരു ഞായറാഴ്ച രാവിലെയുടെ അധ്വാനം ആണ് ഈ പോസ്റ്റായി നിങ്ങളുടെ മുന്നിലെത്തുന്നത്.

പൊട്ടന്‍ മാവിലെറിയുന്ന പോലെ വേണോ അതോ ഒരല്പം വിശകലനം നടത്തി വേണോ എന്നായിരുന്നു പിന്നത്തെ ശങ്ക. വിശകലനത്തിന്‍റെ വഴി തന്നെ നോക്കാം എന്ന് തീരുമാനിച്ചു. പ്രധാനമായും കണക്കിലെടുത്ത കാര്യങ്ങള്‍ നാല്.

1. മണ്ഡലത്തിന്‍റെ ചരിത്രപരമായ കൂറ്. (1991 - 2004)
2. പുനര്‍നിര്‍ണയം മൂലം വരാവുന്ന മാറ്റങ്ങള്‍.
3. മത്സരിക്കുന്നവരുടെ സ്വാധീനം.
4. ഭരണത്തിനെതിരെയുള്ള ജന വികാരം.

ഇത് നാലും വിലയിരുത്താനുള്ള വൈദഗ്ധ്യം എനിക്കുണ്ടെന്ന് ഞാന്‍ പറയില്ല. കിട്ടിയ അറിവുകള്‍ വച്ചുള്ള ഒരു ശ്രമം മാത്രം.

അപ്പോള്‍, ഇതാ വരുന്നു എന്‍റെ 'മഹത്തായ' കണ്ടെത്തലുകള്‍..

കാസര്‍കോട് : ചരിത്രപരമായി ഇടതിന് മുന്‍തൂക്കമുള്ള മണ്ഡലം. കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം. കോണ്‍ഗ്രസില്‍, കിട്ടിയ സ്ഥാനാര്‍ഥി വേണ്ടെന്നു പറഞ്ഞ മണ്ഡലം. കിട്ടിയ സ്ഥാനാര്‍ഥിയെ DCC വേണ്ടെന്നു പറഞ്ഞ മണ്ഡലം. മുന്‍തൂക്കം ഇടതിന് തന്നെ.

എന്‍റെ പ്രവചനം : പി കരുണാകരന്‍. (LDF)

കണ്ണൂര്‍ :
പഴയ കണ്ണൂരല്ല ഇപ്പ്രാവശ്യം. കോണ്‍ഗ്രസ് കുത്തക തകര്‍ത്ത അബ്ദുള്ള കുട്ടി ഇപ്പോള്‍ കോണ്‍ഗ്രസില്‍. കെ സുധാകരന്‍ കരുത്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ചെറുപ്പത്തിന്‍റെ ചൂരും ചൂടുമായി CPM. പെട്ടന്ന് നോക്കിയാല്‍ കോണ്‍ഗ്രസ് ജയിക്കും എന്ന് തോന്നാം. പക്ഷെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ കോണ്‍ഗ്രസ് അനുകൂലമായ വയനാട് വിട്ടു പോയതും, ഇടതുപക്ഷ മണ്ഡലങ്ങള്‍ കൂട്ടിചേര്‍ത്തതും കണക്കിലെടുക്കുമ്പോള്‍ മത്സരം സമാ സമം.

എന്‍റെ പ്രവചനം : കെ കെ രാഗേഷ് (LDF)

വയനാട് :
ഇത് കന്നി അങ്കം. പണ്ട് കണ്ണൂരില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചിരുന്ന കോട്ടകള്‍ പലതും ചേര്‍ന്ന മണ്ഡലം. ജനതാദള്‍ സ്വീകരിക്കാന്‍ മടിച്ച മണ്ഡലം. തെറ്റിപ്പിരിഞ്ഞ വീരന് സ്വാധീനം ഉള്ള മണ്ഡലം. വൈകിയെത്തുന്ന CPI ക്ക് ഷാനവാസിനെ തോല്‍പ്പിക്കാന്‍ ആവുമോ?

എന്‍റെ പ്രവചനം : എം ഐ ഷാനവാസ്‌ (UDF)

വടകര :
കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പിലും ഇടതിനൊപ്പം നിന്ന കോട്ട. കാര്യമായ മാറ്റങ്ങള്‍ ഒന്നും വരാത്ത മണ്ഡലം. കോണ്‍ഗ്രസിന്‌ ആകട്ടെ, ഇത് വരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല.

എന്‍റെ പ്രവചനം : സതി ദേവി (LDF)

മലപ്പുറം :
മഞ്ചേരിക്ക് പകരം എത്തുന്ന മണ്ഡലം. ലീഗിന്‍റെ പഴയ ഉരുക്ക് കോട്ട. 2004 ലെ ഇടതു തരംഗം വന്നപ്പോള്‍ മഞ്ചേരി ഒന്ന് കുലുങ്ങിയെങ്കിലും ഇത്തവണ ഇടതു ജയിക്കാന്‍ സാധ്യത കുറവ് തന്നെ.

എന്‍റെ പ്രവചനം : ഇ അഹമ്മദ് (UDF)

പൊന്നാനി :
ലീഗിന്‍റെ ഉരുക്ക് കോട്ട. കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് UDF നേടിയ ഏക സീറ്റ്. ഇത്തവണ കേരളം ഉറ്റു നോക്കുന്ന മണ്ഡലം. PDP യുടെ രാഷ്ട്രീയ ഭാവി ഉദിക്കാനും അസ്തമിക്കാനും പൊന്നാനി കാരണം ആയേക്കാം. കോട്ട തകര്‍ക്കാന്‍ PDPക്ക് ആവുമോ?

എന്‍റെ പ്രവചനം : ഇ ടി മുഹമ്മദ് ബഷീര്‍ (UDF)

കോഴിക്കോട് : പുനര്‍ നിര്‍ണയത്തിന് ശേഷം CPMനു പ്രബലതയുള്ള മണ്ഡലം. സ്വന്തം സ്ഥാനാര്‍ഥി അങ്കത്തിനു എത്തുന്നതിന്‍റെ ആവേശവും തുണ. പക്ഷെ 91 മുതല്‍ക്കിങ്ങോട്ടു സംസ്ഥാന ഭരണത്തിന് എതിരെയേ വോട്ടു ചെയ്തിട്ടുള്ളൂ കോഴിക്കോട്ടുകാര്‍. ആരുടേയും കുത്തക അല്ലാത്ത മണ്ഡലം. പൊരിഞ്ഞ പോരാട്ടം പ്രതീക്ഷിക്കാം. വീരന്‍റെ പിണക്കം നിര്‍ണായകം ആകുമോ? സ്വന്തം സ്ഥാനാര്‍ഥി CPMന് ചെറിയൊരു പ്രതീക്ഷ നല്‍കുന്നു.

എന്‍റെ പ്രവചനം : മുഹമ്മദ് റിയാസ് (LDF)

ആലത്തൂര്‍ : ഒറ്റപ്പാലത്തിനു പകരം വന്ന മണ്ഡലം. 96 മുതല്‍ ഇടതു കോട്ടകളായ പാലക്കാടില്‍നിന്നും ഒറ്റപ്പാലത്തില്‍ നിന്നും വരുന്ന മണ്ഡലങ്ങള്‍. SFIയുടെ യുവ നേതാവാണ്‌ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരം ഉണ്ടെങ്കിലും LDFനു മേല്‍ക്കൈ തോന്നിപ്പിക്കുന്ന ചേരുവകള്‍.

എന്‍റെ പ്രവചനം : പി കെ ബിജു (LDF)

പാലക്കാട് : തുടര്‍ച്ചയായ അഞ്ചാം വിജയത്തിന് LDF യുവ തുര്‍ക്കിയുമായി എത്തുമ്പോള്‍, UDF കാറ്റു മാറി വീശാന്‍ കാത്തിരിക്കുന്നു. ഇടതു വിമതരുടെ സ്വാധീനം ഏറ്റവും പ്രകടമാകാന്‍ പോകുന്ന ഷോര്‍ണൂര്‍ ഈ മണ്ഡലത്തില്‍. വിമതര്‍ക്ക് നിര്‍ണായകമാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ട് പ്രവചനം ദുഷ്കരം.

എന്‍റെ പ്രവചനം : എം ബി രാജേഷ് (LDF)

തൃശൂര്‍ : മാറിയും മറിഞ്ഞും വരുന്ന ജന വിധികളുടെ നാട്. ആരുടേയും കുത്തകയല്ലാത്ത മണ്ഡലം. 91ല്‍ ഇവിടെന്നു ജയിച്ച പി സി ചാക്കോയെ തോല്‍പ്പിക്കാന്‍ വല്യേട്ടനെ പിണക്കിയ CPI ക്ക് ആവുമോ? പിണങ്ങിയ സഭകളെ അനുനയിപ്പിക്കാന്‍ ചാക്കോക്ക് കഴിയുമോ? UDFനു നേരിയ മുന്‍തൂക്കം എന്ന് എന്‍റെ പക്ഷം.

എന്‍റെ പ്രവചനം : പി സി ചാക്കോ (UDF)

ചാലക്കുടി : മുകുന്ദപുരത്തിന് പകരം എത്തുന്ന മണ്ഡലം. അത് കൊണ്ട് തന്നെ 91നു ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലോഴികെ മറ്റെല്ലാ തവണയും കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയ ആ ചായ്‌വ് കുറച്ചു കാണിക്കാതിരിക്കില്ല.

എന്‍റെ പ്രവചനം : ധനപാലന്‍ (UDF)

റണാകുളം : സെബാസ്റ്റ്യന്‍ പോള്‍ ചെങ്കൊടി പുതപ്പിച്ച കോണ്‍ഗ്രസിന്‍റെ കോട്ട. അദ്ദേഹത്തിനെ മാറ്റി പാര്‍ട്ടി പഴയ മഹാരാജാസ് ചെയര്‍മാനെ ഇറക്കുന്ന തട്ടകം. ഹൈബി ഈടെനു മുകളിലൂടെ കെ വി തോമസിനെ ഇറക്കി കോണ്‍ഗ്രസ്സും നടത്തി വിപ്ലവം. തന്‍റെ വ്യക്തി ബന്ധങ്ങളും വനിതാ വോട്ടും സിന്ദു ജോയിയെ സഹായിക്കുമോ? അതോ കെ വി തോമസ് വീണ്ടും ഡല്‍ഹിക്ക് വണ്ടി കയറുമോ? ചരിത്രം കോണ്‍ഗ്രെസ്സിനോപ്പം.

എന്‍റെ പ്രവചനം : കെ വി തോമസ് (UDF)

കോട്ടയം :
താടി വച്ച , ചിരിച്ച മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ചു ജയിക്കുന്ന മണ്ഡലം. കേരള കോണ്‍ഗ്രസിന്‍റെ കളി തൊട്ടിലില്‍ വീണ്ടും ചെങ്കൊടി പാറുമോ ? പുനര്‍ നിര്‍ണയത്തില്‍ കോട്ടയതിനോപ്പം എത്തുന്നത് കൊച്ചു മാണിയുടെ പാലയും പിന്നെ ടി എം ജേക്കബിന്‍റെ പിറവവും. രണ്ടു കേരള കോണ്‍ഗ്രസ് കോട്ടകള്‍. സുരേഷ് കുറുപ്പിനെ മാണിയുടെ മകന്‍ വീഴ്തുമോ? അസംബ്ലി വോട്ടു മാണിക്കും ലോക സഭ വോട്ടു സുരേഷ് കുറുപ്പിനും എന്ന നില മാറുമോ? പി സി തോമസ് അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് എത്തുമോ? പ്രവചനങ്ങള്‍ പിഴയ്ക്കാന്‍ സാധ്യതയുള്ള മണ്ഡലം.

എന്‍റെ പ്രവചനം : സുരേഷ് കുറുപ്പ് (LDF)

ഇടുക്കി : ചെങ്കൊടി പാറിക്കളിക്കുന്ന പഴയ കോണ്‍ഗ്രസ് കോട്ട. അത് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചു ഇറക്കിയിരിക്കുന്നത് പി ടി തോമസിനെ. പോരാട്ടം പൊടിപൂരം ആകും. കൈവിട്ടു പോയ കോട്ട ഇക്കുറി കോണ്‍ഗ്രസ് പിടിക്കാന്‍ സാധ്യത ഉണ്ട്.

എന്‍റെ പ്രവചനം : പി ടി തോമസ് (UDF)

ആലപ്പുഴ :
നേരിയ വോട്ടുകള്‍ക്കു കോണ്‍ഗ്രസിന്‌ നഷ്ടപെട്ട മണ്ഡലം. സുധീരന്‍ സ്ഥാനാര്‍ഥി ആയിരുന്നെകില്‍ കോണ്‍ഗ്രസിന്‌ ഉറച്ച സീറ്റ്. കോണ്‍ഗ്രസില്‍ പലരും നോട്ടമിട്ട ആ സീറ്റ് കിട്ടിയത് വേണുഗോപാലിന്. എന്നും ഭരണത്തിനെതിരായ നിക്ഷ്പക്ഷ വോട്ടുകള്‍ മണ്ഡലം കോണ്‍ഗ്രസ് അനുകൂലമാക്കാന്‍ സാധ്യത.

എന്‍റെ പ്രവചനം : കെ സി വേണുഗോപാല്‍ (UDF)

മാവേലിക്കര : ആലപ്പുഴ പോലെ ചെറിയ
വോട്ടുകള്‍ക്കു നഷ്ടപെട്ട കോണ്‍ഗ്രസ് മണ്ഡലം. ഇടതു പക്ഷം ഭരിക്കുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത് പിടിക്കാന്‍ കൊടിക്കുന്നിലിനു കഴിയേണ്ടതാണ്.

എന്‍റെ പ്രവചനം : കൊടിക്കുന്നില്‍ സുരേഷ് (UDF)

പത്തനംതിട്ട :
അടൂരിന് പകരം വരുന്ന മണ്ഡലം. മാറിയും മറിഞ്ഞും വന്നിരുന്ന അടൂരിന്‍റെ മനസാകുമോ പത്തനംതിട്ടക്കും? പുത്തന്‍ മണ്ഡലത്തില്‍ മത്സരം പൊടി പൊടിക്കും. ഇരു വശത്തേക്കും ചായാവുന്ന മണ്ഡലം.
എന്നും ഭരണത്തിനെതിരായ നിക്ഷ്പക്ഷ വോട്ടുകള്‍ മണ്ഡലം കോണ്‍ഗ്രസ് അനുകൂലമാക്കാന്‍ സാധ്യത.

എന്‍റെ പ്രവചനം : ആന്‍റോ ആന്‍റണി (UDF)

കൊല്ലം : കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന കോട്ട. പി രാജേന്ദ്രന്‍ മണ്ഡലത്തില്‍ പരിചിതന്‍. മണ്ഡലം നില നിര്‍ത്താന്‍ ഇടതിന് കഴിയേണ്ടതാണ്.

എന്‍റെ പ്രവചനം : പി രാജേന്ദ്രന്‍ (LDF)

ആറ്റിങ്ങല്‍ :
ചിറയിന്‍ കീഴിനു പകരക്കാരന്‍. നേമം മണ്ഡലത്തിലെ കുറച്ചു വാര്‍ഡുകള്‍ ഇങ്ങോട്ട് മാറ്റി എങ്കിലും, എന്നെന്നും ഇടതിനോടൊപ്പം നിന്ന ഈ കോട്ട തകര്‍ക്കാന്‍ വലതിനാകുമോ? പോരാട്ടം പൊടി പാറും. നേരിയ മുന്‍തൂക്കം സമ്പത്തിനു തന്നെ.

എന്‍റെ പ്രവചനം : എ സമ്പത്ത് (LDF)

തിരുവനന്തപുരം :
രാജ്യം ഉറ്റു നോക്കുന്ന പോരാട്ടം. നൂലില്‍ കേട്ടിയിറക്കിയ സ്ഥാനാര്‍ഥിക്കെതിരെ വിമത ഭീഷണികള്‍ ധാരാളം. BJP പിടിക്കുന്ന വോട്ടുകളും നിര്‍ണായകം. പക്ഷെ കഴിഞ്ഞ അഞ്ചു പ്രാവശ്യവും ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്ത ആ പാരമ്പര്യം തെറ്റുമോ? ശശി തരൂരിന്‍റെ വ്യക്തിത്വം ഒരു വലിയ നേട്ടം ആവുമോ? കാത്തിരുന്ന് കാണുക തന്നെ വേണം.

എന്‍റെ പ്രവചനം : ശശി തരൂര്‍ (UDF)

ഇത് എന്‍റെ നിഗമനങ്ങള്‍ . നിങ്ങള്‍ക്കെന്തു തോന്നുന്നു?