Sunday 5 April 2009

കുറച്ചു കൊറിയന്‍ സിനിമകള്‍.

സിനിമ കാണല്‍ പണ്ടേ ഇഷ്ടമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ വന്നു ജയകൃഷ്ണന്‍ ചേട്ടനെ കാണുമ്പോഴാണ് എന്‍റെ സിനിമ കാണല്‍ ഒന്നും ഒരു കാണലേ അല്ല എന്ന് മനസിലായത്. ലോകത്തുള്ള ഭാഷകളിലെ എല്ലാം സിനിമകള്‍ കാണുന്ന ചേട്ടനാണ് എന്നോട് കൊറിയന്‍ സിനിമകളെ പറ്റി പറയുന്നത്.

എന്നാല്‍ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് ഞാനും വിചാരിച്ചു. അങ്ങനെ കണ്ടിഷ്ടപെട്ട (ഞെട്ടിയതെന്നും പറയാം) കുറച്ചു സിനിമകള്‍ താഴെ.

Old Boy :

കാണേണ്ടുന്ന കൊറിയന്‍ പടങ്ങളില്‍ ആദ്യത്തേത്‌. "ഞെട്ടിപ്പിക്കുന്ന ഒരു സിനിമ". മൃദുല ഹൃദയര്‍ക്ക് ഒട്ടും ചേരാത്ത ഒരു സിനിമ. കഥയുടെ തീവ്രത കൊണ്ടും, അമ്പരപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ടും കാഴ്ചക്ക് ശേഷവും നമ്മെ വിട്ടു പോകാത്ത ഒരു പടം.

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രതികാരത്തിന്‍റെ കഥ പറയുന്നു ഈ ചിത്രം. പ്രതികാര രീതിയും (കാരണവും) കഥാപാത്രങ്ങളും നമ്മുടെ സാധാരണ സങ്കല്‍പ്പങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത.

സന്തോഷത്തില്‍ അവസാനിക്കുന്ന ഹൃദയഹാരിയായ ഒരു സിനിമ ആഗ്രഹിക്കുന്നവര്‍ ഇത് കാണാതിരിക്കുക. അമ്പരപ്പിക്കുന്ന, തീവ്രമായ ഒരു സിനിമ അനുഭവം തേടുന്നവര്‍ ഇത് തീര്‍ച്ചയായും കാണുക.

Taegukgi :

കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു രത്നച്ചുരുക്കം എന്ന് വേണമെന്കില്‍ നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു ചെറു ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട് ഈ സിനിമ. പക്ഷെ അതിലുപരി, യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന സാധാരണക്കാരുടെ കഥ പറയുന്നു ഈ ചിത്രം.

നിര്‍ബന്ധിത സൈനിക സേവനം വഴി കൊറിയന്‍ യുദ്ധത്തില്‍ വന്നു പെടുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണിത്. ഈ ചിത്രം യുദ്ധത്തിന്‍റെ ഭീകരതയും, ആവേശവും, ക്രൂരതയും അത് മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും ഉജ്ജ്വലമായി വരച്ചു കാട്ടുന്നു. സഹോദര സ്നേഹം പലപ്പോഴും രാജ്യ സ്നേഹത്തിനെക്കാളും വലുതാണ് എന്നാ സന്ദേശവും ഈ സിനിമയിലുണ്ട്.
ഒരുപാട് നാടകീയമായ അന്ത്യം മാത്രമാണ് സിനിമയുടെ ന്യൂനത.

ഇത് യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ കാണേണ്ട ചിത്രമാണ്‌. അര്‍ഹിക്കുന്നതിലും കൂടുതല്‍ നിരൂപക അംഗീകാരം കിട്ടിയ Saving Private Ryan എന്ന ചിത്രത്തേക്കാള്‍ മികച്ചതാണെന്ന് എന്‍റെ അഭിപ്രായം.

My Sassy Girl :

ഞാന്‍ കണ്ട ആദ്യ കൊറിയന്‍ സിനിമ. അത് കൊണ്ട് തന്നെ ഒരല്പം ഇഷ്ടകൂടുതല്‍ ഉണ്ട് സിനിമയോട്. ഒരു യുവാവിനെയും, അവന്‍ അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു യുവതിയെയും ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടു മടുത്ത ഒരു സാദാ പ്രണയ കഥ എന്ന് തോന്നാം.

പക്ഷെ അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും, പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒരു സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണം.

പ്രണയ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ കാണേണ്ടുന്ന ഒരു ചിത്രം.

The Classic:

ഞാന്‍ കണ്ട കൊറിയന്‍ സിനിമകളില്‍ ഏറ്റവും ഹൃദയ ഹാരിയായ ചിത്രം; ഓര്‍മ കുറിപ്പുകളിലൂടെ അമ്മയുടെ പ്രണയ കഥ മനസിലാക്കുന്ന ഒരു പെണ്‍കുട്ടിയെയും, അവളുടെ ഉള്ളിലൊളിപ്പിച്ച പ്രണയത്തിന്റെയും കഥ പറയുന്നു.

ഇടകലര്‍ത്തിയ രണ്ടു കഥകള്‍ സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കഥകള്‍ക്കും സമാനതകള്‍ നല്കുന്നതിലുള്ള സൂക്ഷ്മത മനോഹരമാണ്. നമ്മെ അമ്പരപ്പിക്കുന്ന , അതിശയിപ്പിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഏറെ ഉണ്ട് സിനിമയില്‍. മനോഹരമായ climax.

സാധാരണമായ കഥകളെ മനോഹരമായി ചിത്രീകരിക്കുന്ന ഈ കല നമ്മുടെ സംവിധായകര്‍ക്കും ഒന്ന് കണ്ടു പഠിക്കാം.

Joint Security Area :

അവതരണത്തില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും, ആശയം കൊണ്ട് പുതുമതോന്നിയ കഥ. ഉത്തര ദക്ഷിണ കൊറിയകള്‍ എന്ന പോലെ നമ്മള്‍ ഇന്ത്യക്കും പാകിസ്ഥാനും ബാധകമായ ഒരാശയം എന്ന പേരിലാണ്‌ എനിക്ക് ഈ സിനിമ ഇഷ്ടമായത്. മനുഷ്യന്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ ഉണ്ടെങ്കിലും, അതിനപ്പുറം നാമെല്ലാം സഹോദരങ്ങള്‍ ആണ് എന്ന് വിളിച്ചു പറയുന്ന ചിത്രം.

കൊറിയന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വളരെ ധീരമായ ഒരു സിനിമ.

കണ്ടിഷ്ടപെട്ട പടങ്ങള്‍ പോലെ ഇഷ്ടപ്പെടാത്തവയും ഉണ്ട് സിനിമകള്‍. ഉദാഹരണത്തിന് കൊറിയയില്‍ വളരെ പ്രശസ്തിയാര്‍ജിച്ച, എന്നാല്‍ എനിക്ക് ഒരു സാദാ ആക്ഷന്‍ ത്രില്ലര്‍ ആയി തോന്നിയ ചിത്രം ആണ് "Shiri".

11 comments:

  1. my sassy girl അടിച്ചു മാറ്റിയാ സത്യന്‍ അന്തിക്കാട് "വിനോദയാത്ര" എടുത്തത്. ഇനി എന്റെ വക

    the way home
    Spring, Summer, Fall, Winter... and Spring
    Breath

    ReplyDelete
  2. നിങ്ങടെ ലിസ്റ്റും നല്ലതാ

    ReplyDelete
  3. നന്ദി മേതില്‍.
    ഈ സിനിമകള്‍ കൂടി കണ്ടു നോക്കണം.

    വിനോദയാത്രയിലെ ആദ്യ കുറച്ചു സീനുകള്‍ മാത്രമല്ലെ, അടിച്ചു മാറ്റപ്പെട്ടത്?. (ബോധമില്ലാതെ സ്റ്റേഷനില്‍ കിടക്കുന്നതും, പിന്നെ രക്ഷപ്പെടുത്തുന്നതും.) . മറ്റു സീനുകള്‍ക്ക് ഒന്നും സാമ്യം തോന്നിയില്ല.

    അഭിപ്രായങ്ങള്‍ക്കു ഒരിക്കല്‍കൂടെ നന്ദി.

    ReplyDelete
  4. mmm...good list. i watched only "Old Boy" from ur list. as us said "ഞെട്ടിപ്പിക്കുന്ന ഒരു സിനിമ"

    ReplyDelete
  5. ഇതൊക്കെ എന്നെങ്കിലും കാണാന്‍ സാധിച്ചാല്‍ മതിയായിരുന്നു.. ഇങ്ങനെയുള്ള പരിചയപ്പെടുത്തലുകള്‍ വലിയ ഉപകാരം ആണ്

    ReplyDelete
  6. old boy കണ്ടേ തീരൂ...
    പറഞ്ഞ് കൊതിപ്പിച്ചിട്ടിപ്പൊ എന്തായി..?
    നടക്കാത്ത ആഗ്രഹങ്ങളില്‍ ഒരു എണ്ണം കൂടി. അത്ര തന്നെ.
    --പരിചയപ്പെടുത്തിയതിന് നന്ദി‍

    ReplyDelete
  7. Old Boy... kanduu.. thakkarnuuu pooyii... kurachuu manakkatii okkaee undennanuu vichariichaathuu.. kaduthuuu pooyii.. annuu rathrii orangi yilla ennathanuuu sathyam...(violence alla the crux of the movie will tear u apart) yenthyaalumm thanks for letting me know of these movies...

    ps: ee cinema okkaee net ill available aanuu with sub titles.. search in google with specific keywords u will find them.. say 'old boy korean movie subtitle' (without quotes)...

    Old boy.... if u realy wanna watch watch alone...
    i am cautioning... dont blame afterwards :)

    ReplyDelete
  8. ഡുക്ക് എവിടെ?
    ഡുക്ക് എവിടെ?
    ഡുക്ക് എവിടെ?
    ഡുക്ക് എവിടെ?
    ഡുക്കേട്ടന്റെ പടമില്ലാതെ എന്താഘോഷം??...:)

    ReplyDelete
  9. Nice... now this is my list :
    Memories of Murder
    Moss
    Innocent Steps
    Mother

    ReplyDelete
  10. Innocent Steps,
    Old boy,My Sassy Girl,Taegukgi എല്ലാംതന്നെ മികച്ച സിനിമകള്‍

    ReplyDelete
  11. Innocent Steps,
    Old boy,My Sassy Girl,Taegukgi എല്ലാംതന്നെ മികച്ച സിനിമകള്‍

    ReplyDelete