Wednesday 3 October 2012

ഫേസ്ബുക്ക്‌

മണി ആറ്. അങ്ങനെ ഇന്നത്തെ  റിലീസ് മഹാമഹവും പൊടി പൊടിച്ചു !!. 'ബഗ്' എന്ന ഓമന പേരിട്ടു വിളിക്കുന്ന എട്ടിന്റെ  പണികള്‍ നാളെ ഇങ്ങെത്തും. എന്ത് പ്രശ്നം വന്നാലും "Please look at it on priority " എന്ന് എഴുതി ഇങ്ങോട്ടയക്കാന്‍ ഒരു onsite  ചേട്ടന്‍  ഉള്ളത് കൊണ്ട് കാര്യങ്ങള്‍ അത്യുഗ്രന്‍ !!.

"PM" എന്ന ഓമനപ്പേരുള്ള ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ചിട്ടു വേണം ഇനി  ഓഫീസില്‍ നിന്ന് മതില് ചാടി രക്ഷപെടാന്‍..................... എങ്ങാനും അങ്ങേരുടെ കണ്ണില്‍ പെട്ടാല്‍ "Continuous Improvement",  "Process Streamlining" എന്നൊക്കെ പറഞ്ഞു പിറകെ കൂടും. എന്ത് ചെയ്യാം, അപ്രൈസല്‍ എന്ന പൊറോട്ടയും onsite എന്ന മുട്ടക്കറിയും അങ്ങേരുടെ കയ്യിലല്ലേ.

അങ്ങനെ ഒരു വിധം പുറത്തു ചാടി ബസ്‌ സ്റ്റോപ്പില്‍ എത്തി. അവിടെ ദേ നില്‍ക്കുന്നു കോളേജിലെ കൂട്ടുകാരന്‍ രതീഷ്‌....... "അയ്യോ" ഇന്നല്ലേ അവന്മാരുടെ ഗെറ്റ് ടുഗേതെര്‍ പാര്‍ട്ടി. അവനെ കാണാതെ ഉടനെ മുങ്ങിയേക്കാം. ഇല്ലേല്‍ പിന്നെ പാര്‍ട്ടിയും കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഒരു നേരം ആവും. ചുമ്മാ ഇവന്മാരുടെ വളിപ്പും കേട്ട് വെള്ളവും അടിച്ചു ഇരുന്നിട്ട് എന്ത് നേടാന്‍... !.

രതീഷിന്റെ കണ്ണില്‍ പെടാതെ, അങ്ങനെ ഒരു കണക്കില്‍ വോള്‍വോയില്‍ കയറി പറ്റി. എന്താ തിരക്ക് !!. ഇവന്മാര്‍ക്കൊക്കെ കാറില്‍ പോയിക്കൂടെ ?. 
മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഒരു കണക്കിന് ഒരു സീറ്റ്‌ കിട്ടി.  അപ്പോഴതാ അടുത്ത സീറ്റില്‍ ഒരു കൊച്ചു പയ്യന്‍സ്. പുതിയ ബാച്ചില്‍ ജോയിന്‍ ചെയ്തതാണെന്ന് തോന്നുന്നു. ഇരുന്നയുടനെ പയ്യന്‍സ് ഒന്ന് മുരടനക്കി.

"ചേട്ടാ, ചേട്ടന്‍ TCS ഇല്‍ ആണോ?". 

ഇവന്‍ കൊണ്ടേ പോകൂ. നിവൃത്തിയില്ലാതെ ഒന്ന് മൂളി. "ങ്ങും"

"ചേട്ടാ, ഈ onsite കിട്ടാന്‍ എത്ര നാള്‍ പിടിക്കും ??" പയ്യന്‍ വിടുന്ന മട്ടില്ല. 

വേറൊന്നും കണ്ടില്ല അവനു ചോദിക്കാന്‍ !!. നാല് കൊല്ലമായി പുര നിറഞ്ഞു നിക്കുന്ന ചേച്ചിയോട് അനിയത്തി  "എന്റെ കല്യാണം എപ്പോഴാ"  എന്ന് ചോദിച്ച പോലായി കാര്യങ്ങള്‍.. !!

"അതൊക്കെ യോഗം പോലെ നടക്കും അനിയാ" പറഞ്ഞു തീര്‍ന്നതും ബാഗില്‍ നിന്ന് ബുക്ക്‌ എടുത്തു അതിലേക്കു മുഖം പൂഴ്ത്തി. അവനു കാര്യം മനസിലായി എന്ന് തോന്നുന്നു. പിന്നെ വല്യ ശല്യം ഉണ്ടായില്ല.

കവലയില്‍ വണ്ടിയിറങ്ങി പാര്‍ക്ക്‌ ചെയ്ത ബൈക്കിനു അരികിലേക്ക് നടന്നു.  ബൈക്കില്‍ കയറിയില്ല, ഉടനെ കേട്ടു പിറകില്‍ നിന്നൊരു വിളി. 

"പശിക്കരുത്, വല്ലതും തായോ". ഒരു കറുത്ത് മെലിഞ്ഞ തമിള്‍ പയ്യന്‍.. 

"ഓടെടാ.. എന്റെ കയ്യില്‍ ഒന്നും ഇല്ല ". ഓരോ പരിപാടിയും ആയി ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല കപ്പലണ്ടിയും വിറ്റ് ജീവിച്ചു കൂടെ?.


വീടിന്റെ അടുത്ത കലുങ്കില്‍ പതിവ് പോലെ രമേശ്‌ ബാബുവും കൂട്ടരും ഉണ്ടായിരുന്നു. ഇന്നെന്താണാവോ പരിപാടി, നോട്ടീസ് ഒക്കെ ആയിട്ടാണ് ഇരിപ്പ്.

"എടാ, നാളെ പ്ല്യ്വുഡ്  കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. നീ വരില്ലേ ?."

"എന്തിനാ ഇപ്പൊ പ്രതിഷേധം ?? ".

" അവരുടെ പുകകുഴല്‍ ഒന്നും ഗവണ്മെന്റ് അംഗീകരിച്ച ഉയരത്തില്‍ അല്ല, പല നാട്ടിലും കാന്‍സര്‍ കേസുകള്‍ കൂടുന്നത് ഈ കമ്പനികള്‍ വന്നതില്‍ പിന്നെയാണ്.". 

" ശരി, നോക്കാം ചേട്ടാ.".  ഞാന്‍ ഒരു വിധം പറഞ്ഞൊഴിഞ്ഞു. വേറെ  പണിയില്ലേ , നാട്ടിലെ പ്രശ്നത്തിന് ഒക്കെ കൊടി പിടിച്ചിറങ്ങാന്‍ !!.

വീട്ടില്‍ എത്തി കുളിയും കഴിഞ്ഞു ടിവി ഓണ്‍ ചെയ്തു.  ചാനലില്‍ മൊത്തം കൂടം കുളം തന്നെ. ഇതാണല്ലോ ഇപ്പൊ എല്ലാവരുടെയും നാവില്‍ !. 

ഊണ് കഴിഞ്ഞപ്പോള്‍ പതുക്കെ എന്നത്തേയും പോലെ ലാപ്ടോപ് തുറന്നു. ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാത്തിനും വെറുതെ മൂളി. ഫേസ് ബുക്ക്‌ തുറന്നു അന്നത്തെ ലൈക്കും ഷെയറും എണ്ണി തിട്ടപെടുത്തല്‍ തുടങ്ങി. കളക്ഷന്‍ ഒക്കെ വളരെ മോശം. എന്തേലും നല്ല രണ്ടു മൂന്നു സ്റ്റാറ്റസ് ഇട്ടില്ലേല്‍ പണി പാളും. 

രാവിലെ ഓസട്രലിയയിലെ ഫ്രണ്ടിനു അയച്ച മെസ്സജിനു മറുപടി ഒന്നും ഇല്ല. അവിടെ ഒരു ജോലി കിട്ടുമോ എന്ന് ചോദിച്ചാല്‍ ഒരു റിപ്ലേ അയക്കാന്‍ ഇത്ര താമസം എന്താണാവോ?.  ഒട്ടും സോഷ്യല്‍ അല്ലാത്ത വര്‍ഗങ്ങള്‍ !.  രതീഷ്‌ ആണേല്‍ ഗെറ്റ് ടുഗേതെറിന്റെ ഫോട്ടോസ് ഒക്കെ ഇട്ടു തുടങ്ങി അതിലണേല്‍ ഫുള്ള് കമന്റ്സും. ഒരെണ്ണം ഞാനും കാച്ചിയേക്കാം.

" missed this one badly :(. Just reminds me of our good old days in hostel"  മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയ ഒക്കെ കിടന്നോട്ടെ.

കൂടം കുളത്തിനെ പറ്റി ഒരു കിടിലന്‍ മെസ്സേജ് കാച്ചണം. വെടി വയ്പ്പില്‍ മരിച്ച ആളുടെ ഫോട്ടോ തന്നെ കൊടുക്കാം. ഇങ്ങനത്തെ അക്രമം ഒക്കെ ജനങ്ങളോട്  കാട്ടാമോ ?. ജനങ്ങളായാല്‍ ഇങ്ങനെ വേണം. അങ്ങനെയങ്ങ് തോറ്റു കൊടുക്കരുത്.

" എടീ, ഈ കൂടം കുളം ശരിക്കും കേരളത്തില്‍ ആണോ?." 

" നോ. ഇന്‍ തമിള്‍ നാട് " ഒടനെ വന്നു ഭാര്യയുടെ റിപ്ലേ !.

ഓ, ഈ ലൈക്‌ കിട്ടാന്‍ ഒക്കെ ഉള്ള ഒരു പാടേ, വല്ല പെങ്കൊച്ചും ആയിരുന്നേല്‍ 
"feeling lonely" എന്നൊരു കാച്ച് കാച്ചിയാല്‍  നെല്ലിയാം പതിക്കു പോണ എം എല്‍ എ മാരെ പോലെ ജനം ചാടി വീണേനെ.


കൂടം കുളം കാരോട് ഐക്യം പ്രഖ്യാപിച്ചു ഒരു നീണ്ട മെസ്സേജ് ഒക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും രാത്രിയായി.  ഗ്രാമര്‍ ഒക്കെ ശരിയാണോ എന്നറിയാന്‍ ഭാര്യയെ ഒന്ന് കാണിച്ചു. അവള് ഇംഗ്ലീഷ് മീഡിയം ആണല്ലോ !. അപ്പൊ അവളുടെ മുടിഞ്ഞ ഒരു സംശയം.

" പണ്ട് ഇത് പോലെ ഉറക്കം കളഞ്ഞു മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ എന്നെഴുതിയിട്ടെന്തായി ??" . 

ആര്‍ക്കറിയാം ഇതൊക്കെ, മുല്ലപെരിയാറില്‍ നിരാഹാരം കാണാന്‍ ഒരു പിക്നിക്‌ പോയി വന്നത് മാത്രം മിച്ചം. ആ ഫോട്ടോസിനു പത്തു പന്ത്രണ്ടു  ലൈക്‌  കിട്ടിയിരുന്നു.

"പോയി കിടന്നു ഉറങ്ങു മോളെ, നാളെ രാവിലെ പോണ്ടേ ?" അവളെ അങ്ങനെ ഒതുക്കി.

ഓസ്ട്രലിയക്കാരന്‍ ഫ്രണ്ട് ഇനി വല്ല മെസ്സേജും ജി മെയിലില്‍ അയച്ചോന്നു ോക്കി. വീണ്ടും നിരാശ. നമ്മളൊക്കെ ഇങ്ങനെ onsite  പോവാതെ കിടന്നു നരകിക്കുകയെ  ഉള്ളൂ !!

കൂടം കുളം മെസ്സജിനു ലൈക്‌ ഉണ്ടോന്നു അറിയാന്‍ വീണ്ടും ഫേസ് ബുക്കിലേക്ക്. എവിടെ , ഒരുത്തി  മാത്രം  എന്തോ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്. അവളുടെ പ്രൊഫൈലില്‍ ഒന്ന് കേറി നോക്കി. 

അവള് അര ചാക്ക് അരി അഫ്രിക്കക്ക്  കൊടുത്തത്രേ. ഇവളുടെ അപ്പന്‍ അരി കച്ചവടം വല്ലോം തൊടങ്ങിയോ?. പിന്നെയല്ലേ കാര്യം പിടി കിട്ടിയത്. അവള് പറഞ്ഞ ലിങ്കില്‍ പോയാല്‍ ഓരോ ക്ലിക്കിനും ഒരു അരി മണി ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് കിട്ടുമത്രേ. എല്ലുന്തിയ കൊച്ചിന്റെ ഫോട്ടോ കണ്ടപ്പം കഷ്ടം തോന്നി. ഈ ഫേസ് ബുക്കില്‍ ഉള്ളവര്‍ക്കൊക്കെ ഒരു അര മണികൂര്‍ ഇരുന്നു ക്ലിക്കിയാല്‍ എന്താ ?. പാവങ്ങളുടെ പട്ടിണി മാറില്ലേ?. 

ക്ലിക്കി ക്ലിക്കി അരി അര ചാക്ക് ആക്കാന്‍ ഒരു പാട് പാടു പെട്ടു. എന്നാലെന്താ , നാട്ടുകാര്‍ അറിയട്ടെ,  എന്റെ സാമൂഹ്യ പ്രതിബദ്ധത !. എല്ലുന്തിയ കുട്ടിയുടെ ഫോട്ടോയും അര ചാക്കിന്റെ പടവും അങ്ങ് ഷെയര്‍ ചെയ്തു. 

അങ്ങനെ ഒരു ദിവസം കഴിഞ്ഞു. എന്നെക്കൊണ്ട് ഇത്രയൊക്കെ  പറ്റൂ !!. മനസ് നിറയെ നാളെ രാവിലെ കണി കാണുന്ന ലൈക്കും ഷെയറും ആയിരുന്നു. 

12 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശ്രീകാന്ത്,നര്‍മ്മ കഥ അസ്സലായി,ചിരിച്ചു ചിരിച്ചു എനിക്ക് ശ്വാസം മുട്ടി, മറ്റൊരു വി.കെ.എന്‍ ആണോ?

    ReplyDelete
  3. സോഷ്യല്‍ മീഡിയ എന്നത് ഈ കാലഘട്ടത്തിന്റെ കണ്ടുപിടുത്തമാണ്. അതിന്റെ പൊയ്മുഖം വരച്ചു കാണിച്ചത് വളരെ ഉചിതം. ആത്മാര്‍ഥമായി ചെയ്യുന്നവരും ഉണ്ടായിരിക്കും കേട്ടോ! ഫേസ്ബുക്കില്‍ കയറാന്‍ തന്നെ പേടിയാണിപ്പോള്‍ ..... നല്ല എഴുത്ത്, ആശംസകള്‍ !

    ReplyDelete
  4. ഷീല, വിനോദ്, അഭിപ്രായങ്ങള്‍ക്കും ഈ വഴി വന്നതിനും നന്ദി

    സോഷ്യല്‍ മീഡിയ നന്നായി ഉപയോഗിക്കുന്ന ഒരു പാട് പേരുണ്ട്. അവരെ വിസ്മരിക്കുന്നില്ല !!

    ReplyDelete
  5. നര്‍മ്മവും, സാമൂഹ്യ പ്രതിബദ്ധതയും എറിച്ചു :D ..... ആശംസകള്‍ :)

    ReplyDelete
  6. thnx great auther

    ReplyDelete
  7. greating writing...thanks...!

    ReplyDelete
  8. മഹേഷ്‌, താങ്ക്സ് !

    ഊരും പേരുമില്ലാത്ത അനോണികളെ, നിങ്ങള്‍ക്കും നന്ദി !!, സാഗര്‍ കോട്ടപ്പുറം സ്റ്റൈലില്‍ ഒരായിരം നന്ദി :)

    ReplyDelete
  9. വായിക്കാൻ വൈകി. ഹാസ്യാത്മന വിമർശനേ ഇഷ്ടേ ഇഷ്ടേ എന്നാണല്ലോ

    നന്നായിട്ടുണ്ട്.

    ReplyDelete
  10. Good One Boss ... 100 Likes....

    ReplyDelete
  11. മനോധര്‍മ്മം പോലെ കാമടി ചെര്ത്തിലാക്കിയ ഈ അവിയല്‍ പായസം .......അയ്യേ അത് കൊള്ളില്ല അല്ലെ ????
    ആ അരച്ച്ചാക്കിന്റെ ലിക്ക് കൂടി പോസ്റ്റ്മായിരുന്നു ...}}}}[[[[[ഈ ഫേസ് ബുക്കില്‍ ഉള്ളവര്‍ക്കൊക്കെ ഒരു അര മണികൂര്‍ ഇരുന്നു ക്ലിക്കിയാല്‍ എന്താ ?. പാവങ്ങളുടെ പട്ടിണി മാറില്ലേ?]]]]]]]{{{{{......പാവങ്ങളുടെ പട്ടിണി ശരിക്കും മാറുമെങ്കില്‍ .....!!!!!!!!

    ReplyDelete
  12. ഇവിടെ എത്തിപ്പെടാൻ താമസിച്ചുപോയത് മനഃപൂർവമല്ല 

    പക്ഷെ അതിൽ ഇപ്പോൾ സങ്കടം തോന്നുന്നു. രസകരമായ പോസ്റ്റ്. നന്ദി

    ReplyDelete