Sunday, 22 March 2009

ആര് ജയിക്കും? : എന്‍റെ ഇലക്ഷന്‍ പ്രവചനങ്ങള്‍.

എല്ലാവര്‍ക്കും എന്തെങ്കിലും ഒരു അഭിപ്രായം ഉള്ള വേദിയാണ് രാഷ്ട്രീയവും മതവും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നെ ഞാനും നടത്തിക്കളയാം കുറച്ചു രാഷ്ട്രീയ പ്രവചനങ്ങള്‍‍. പതിവിലും നേരത്തെ എണീറ്റ ഒരു ഞായറാഴ്ച രാവിലെയുടെ അധ്വാനം ആണ് ഈ പോസ്റ്റായി നിങ്ങളുടെ മുന്നിലെത്തുന്നത്.

പൊട്ടന്‍ മാവിലെറിയുന്ന പോലെ വേണോ അതോ ഒരല്പം വിശകലനം നടത്തി വേണോ എന്നായിരുന്നു പിന്നത്തെ ശങ്ക. വിശകലനത്തിന്‍റെ വഴി തന്നെ നോക്കാം എന്ന് തീരുമാനിച്ചു. പ്രധാനമായും കണക്കിലെടുത്ത കാര്യങ്ങള്‍ നാല്.

1. മണ്ഡലത്തിന്‍റെ ചരിത്രപരമായ കൂറ്. (1991 - 2004)
2. പുനര്‍നിര്‍ണയം മൂലം വരാവുന്ന മാറ്റങ്ങള്‍.
3. മത്സരിക്കുന്നവരുടെ സ്വാധീനം.
4. ഭരണത്തിനെതിരെയുള്ള ജന വികാരം.

ഇത് നാലും വിലയിരുത്താനുള്ള വൈദഗ്ധ്യം എനിക്കുണ്ടെന്ന് ഞാന്‍ പറയില്ല. കിട്ടിയ അറിവുകള്‍ വച്ചുള്ള ഒരു ശ്രമം മാത്രം.

അപ്പോള്‍, ഇതാ വരുന്നു എന്‍റെ 'മഹത്തായ' കണ്ടെത്തലുകള്‍..

കാസര്‍കോട് : ചരിത്രപരമായി ഇടതിന് മുന്‍തൂക്കമുള്ള മണ്ഡലം. കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം. കോണ്‍ഗ്രസില്‍, കിട്ടിയ സ്ഥാനാര്‍ഥി വേണ്ടെന്നു പറഞ്ഞ മണ്ഡലം. കിട്ടിയ സ്ഥാനാര്‍ഥിയെ DCC വേണ്ടെന്നു പറഞ്ഞ മണ്ഡലം. മുന്‍തൂക്കം ഇടതിന് തന്നെ.

എന്‍റെ പ്രവചനം : പി കരുണാകരന്‍. (LDF)

കണ്ണൂര്‍ :
പഴയ കണ്ണൂരല്ല ഇപ്പ്രാവശ്യം. കോണ്‍ഗ്രസ് കുത്തക തകര്‍ത്ത അബ്ദുള്ള കുട്ടി ഇപ്പോള്‍ കോണ്‍ഗ്രസില്‍. കെ സുധാകരന്‍ കരുത്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ചെറുപ്പത്തിന്‍റെ ചൂരും ചൂടുമായി CPM. പെട്ടന്ന് നോക്കിയാല്‍ കോണ്‍ഗ്രസ് ജയിക്കും എന്ന് തോന്നാം. പക്ഷെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ കോണ്‍ഗ്രസ് അനുകൂലമായ വയനാട് വിട്ടു പോയതും, ഇടതുപക്ഷ മണ്ഡലങ്ങള്‍ കൂട്ടിചേര്‍ത്തതും കണക്കിലെടുക്കുമ്പോള്‍ മത്സരം സമാ സമം.

എന്‍റെ പ്രവചനം : കെ കെ രാഗേഷ് (LDF)

വയനാട് :
ഇത് കന്നി അങ്കം. പണ്ട് കണ്ണൂരില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചിരുന്ന കോട്ടകള്‍ പലതും ചേര്‍ന്ന മണ്ഡലം. ജനതാദള്‍ സ്വീകരിക്കാന്‍ മടിച്ച മണ്ഡലം. തെറ്റിപ്പിരിഞ്ഞ വീരന് സ്വാധീനം ഉള്ള മണ്ഡലം. വൈകിയെത്തുന്ന CPI ക്ക് ഷാനവാസിനെ തോല്‍പ്പിക്കാന്‍ ആവുമോ?

എന്‍റെ പ്രവചനം : എം ഐ ഷാനവാസ്‌ (UDF)

വടകര :
കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പിലും ഇടതിനൊപ്പം നിന്ന കോട്ട. കാര്യമായ മാറ്റങ്ങള്‍ ഒന്നും വരാത്ത മണ്ഡലം. കോണ്‍ഗ്രസിന്‌ ആകട്ടെ, ഇത് വരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല.

എന്‍റെ പ്രവചനം : സതി ദേവി (LDF)

മലപ്പുറം :
മഞ്ചേരിക്ക് പകരം എത്തുന്ന മണ്ഡലം. ലീഗിന്‍റെ പഴയ ഉരുക്ക് കോട്ട. 2004 ലെ ഇടതു തരംഗം വന്നപ്പോള്‍ മഞ്ചേരി ഒന്ന് കുലുങ്ങിയെങ്കിലും ഇത്തവണ ഇടതു ജയിക്കാന്‍ സാധ്യത കുറവ് തന്നെ.

എന്‍റെ പ്രവചനം : ഇ അഹമ്മദ് (UDF)

പൊന്നാനി :
ലീഗിന്‍റെ ഉരുക്ക് കോട്ട. കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് UDF നേടിയ ഏക സീറ്റ്. ഇത്തവണ കേരളം ഉറ്റു നോക്കുന്ന മണ്ഡലം. PDP യുടെ രാഷ്ട്രീയ ഭാവി ഉദിക്കാനും അസ്തമിക്കാനും പൊന്നാനി കാരണം ആയേക്കാം. കോട്ട തകര്‍ക്കാന്‍ PDPക്ക് ആവുമോ?

എന്‍റെ പ്രവചനം : ഇ ടി മുഹമ്മദ് ബഷീര്‍ (UDF)

കോഴിക്കോട് : പുനര്‍ നിര്‍ണയത്തിന് ശേഷം CPMനു പ്രബലതയുള്ള മണ്ഡലം. സ്വന്തം സ്ഥാനാര്‍ഥി അങ്കത്തിനു എത്തുന്നതിന്‍റെ ആവേശവും തുണ. പക്ഷെ 91 മുതല്‍ക്കിങ്ങോട്ടു സംസ്ഥാന ഭരണത്തിന് എതിരെയേ വോട്ടു ചെയ്തിട്ടുള്ളൂ കോഴിക്കോട്ടുകാര്‍. ആരുടേയും കുത്തക അല്ലാത്ത മണ്ഡലം. പൊരിഞ്ഞ പോരാട്ടം പ്രതീക്ഷിക്കാം. വീരന്‍റെ പിണക്കം നിര്‍ണായകം ആകുമോ? സ്വന്തം സ്ഥാനാര്‍ഥി CPMന് ചെറിയൊരു പ്രതീക്ഷ നല്‍കുന്നു.

എന്‍റെ പ്രവചനം : മുഹമ്മദ് റിയാസ് (LDF)

ആലത്തൂര്‍ : ഒറ്റപ്പാലത്തിനു പകരം വന്ന മണ്ഡലം. 96 മുതല്‍ ഇടതു കോട്ടകളായ പാലക്കാടില്‍നിന്നും ഒറ്റപ്പാലത്തില്‍ നിന്നും വരുന്ന മണ്ഡലങ്ങള്‍. SFIയുടെ യുവ നേതാവാണ്‌ സ്ഥാനാര്‍ഥി. വാശിയേറിയ മത്സരം ഉണ്ടെങ്കിലും LDFനു മേല്‍ക്കൈ തോന്നിപ്പിക്കുന്ന ചേരുവകള്‍.

എന്‍റെ പ്രവചനം : പി കെ ബിജു (LDF)

പാലക്കാട് : തുടര്‍ച്ചയായ അഞ്ചാം വിജയത്തിന് LDF യുവ തുര്‍ക്കിയുമായി എത്തുമ്പോള്‍, UDF കാറ്റു മാറി വീശാന്‍ കാത്തിരിക്കുന്നു. ഇടതു വിമതരുടെ സ്വാധീനം ഏറ്റവും പ്രകടമാകാന്‍ പോകുന്ന ഷോര്‍ണൂര്‍ ഈ മണ്ഡലത്തില്‍. വിമതര്‍ക്ക് നിര്‍ണായകമാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ട് പ്രവചനം ദുഷ്കരം.

എന്‍റെ പ്രവചനം : എം ബി രാജേഷ് (LDF)

തൃശൂര്‍ : മാറിയും മറിഞ്ഞും വരുന്ന ജന വിധികളുടെ നാട്. ആരുടേയും കുത്തകയല്ലാത്ത മണ്ഡലം. 91ല്‍ ഇവിടെന്നു ജയിച്ച പി സി ചാക്കോയെ തോല്‍പ്പിക്കാന്‍ വല്യേട്ടനെ പിണക്കിയ CPI ക്ക് ആവുമോ? പിണങ്ങിയ സഭകളെ അനുനയിപ്പിക്കാന്‍ ചാക്കോക്ക് കഴിയുമോ? UDFനു നേരിയ മുന്‍തൂക്കം എന്ന് എന്‍റെ പക്ഷം.

എന്‍റെ പ്രവചനം : പി സി ചാക്കോ (UDF)

ചാലക്കുടി : മുകുന്ദപുരത്തിന് പകരം എത്തുന്ന മണ്ഡലം. അത് കൊണ്ട് തന്നെ 91നു ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലോഴികെ മറ്റെല്ലാ തവണയും കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയ ആ ചായ്‌വ് കുറച്ചു കാണിക്കാതിരിക്കില്ല.

എന്‍റെ പ്രവചനം : ധനപാലന്‍ (UDF)

റണാകുളം : സെബാസ്റ്റ്യന്‍ പോള്‍ ചെങ്കൊടി പുതപ്പിച്ച കോണ്‍ഗ്രസിന്‍റെ കോട്ട. അദ്ദേഹത്തിനെ മാറ്റി പാര്‍ട്ടി പഴയ മഹാരാജാസ് ചെയര്‍മാനെ ഇറക്കുന്ന തട്ടകം. ഹൈബി ഈടെനു മുകളിലൂടെ കെ വി തോമസിനെ ഇറക്കി കോണ്‍ഗ്രസ്സും നടത്തി വിപ്ലവം. തന്‍റെ വ്യക്തി ബന്ധങ്ങളും വനിതാ വോട്ടും സിന്ദു ജോയിയെ സഹായിക്കുമോ? അതോ കെ വി തോമസ് വീണ്ടും ഡല്‍ഹിക്ക് വണ്ടി കയറുമോ? ചരിത്രം കോണ്‍ഗ്രെസ്സിനോപ്പം.

എന്‍റെ പ്രവചനം : കെ വി തോമസ് (UDF)

കോട്ടയം :
താടി വച്ച , ചിരിച്ച മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ചു ജയിക്കുന്ന മണ്ഡലം. കേരള കോണ്‍ഗ്രസിന്‍റെ കളി തൊട്ടിലില്‍ വീണ്ടും ചെങ്കൊടി പാറുമോ ? പുനര്‍ നിര്‍ണയത്തില്‍ കോട്ടയതിനോപ്പം എത്തുന്നത് കൊച്ചു മാണിയുടെ പാലയും പിന്നെ ടി എം ജേക്കബിന്‍റെ പിറവവും. രണ്ടു കേരള കോണ്‍ഗ്രസ് കോട്ടകള്‍. സുരേഷ് കുറുപ്പിനെ മാണിയുടെ മകന്‍ വീഴ്തുമോ? അസംബ്ലി വോട്ടു മാണിക്കും ലോക സഭ വോട്ടു സുരേഷ് കുറുപ്പിനും എന്ന നില മാറുമോ? പി സി തോമസ് അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് എത്തുമോ? പ്രവചനങ്ങള്‍ പിഴയ്ക്കാന്‍ സാധ്യതയുള്ള മണ്ഡലം.

എന്‍റെ പ്രവചനം : സുരേഷ് കുറുപ്പ് (LDF)

ഇടുക്കി : ചെങ്കൊടി പാറിക്കളിക്കുന്ന പഴയ കോണ്‍ഗ്രസ് കോട്ട. അത് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചു ഇറക്കിയിരിക്കുന്നത് പി ടി തോമസിനെ. പോരാട്ടം പൊടിപൂരം ആകും. കൈവിട്ടു പോയ കോട്ട ഇക്കുറി കോണ്‍ഗ്രസ് പിടിക്കാന്‍ സാധ്യത ഉണ്ട്.

എന്‍റെ പ്രവചനം : പി ടി തോമസ് (UDF)

ആലപ്പുഴ :
നേരിയ വോട്ടുകള്‍ക്കു കോണ്‍ഗ്രസിന്‌ നഷ്ടപെട്ട മണ്ഡലം. സുധീരന്‍ സ്ഥാനാര്‍ഥി ആയിരുന്നെകില്‍ കോണ്‍ഗ്രസിന്‌ ഉറച്ച സീറ്റ്. കോണ്‍ഗ്രസില്‍ പലരും നോട്ടമിട്ട ആ സീറ്റ് കിട്ടിയത് വേണുഗോപാലിന്. എന്നും ഭരണത്തിനെതിരായ നിക്ഷ്പക്ഷ വോട്ടുകള്‍ മണ്ഡലം കോണ്‍ഗ്രസ് അനുകൂലമാക്കാന്‍ സാധ്യത.

എന്‍റെ പ്രവചനം : കെ സി വേണുഗോപാല്‍ (UDF)

മാവേലിക്കര : ആലപ്പുഴ പോലെ ചെറിയ
വോട്ടുകള്‍ക്കു നഷ്ടപെട്ട കോണ്‍ഗ്രസ് മണ്ഡലം. ഇടതു പക്ഷം ഭരിക്കുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത് പിടിക്കാന്‍ കൊടിക്കുന്നിലിനു കഴിയേണ്ടതാണ്.

എന്‍റെ പ്രവചനം : കൊടിക്കുന്നില്‍ സുരേഷ് (UDF)

പത്തനംതിട്ട :
അടൂരിന് പകരം വരുന്ന മണ്ഡലം. മാറിയും മറിഞ്ഞും വന്നിരുന്ന അടൂരിന്‍റെ മനസാകുമോ പത്തനംതിട്ടക്കും? പുത്തന്‍ മണ്ഡലത്തില്‍ മത്സരം പൊടി പൊടിക്കും. ഇരു വശത്തേക്കും ചായാവുന്ന മണ്ഡലം.
എന്നും ഭരണത്തിനെതിരായ നിക്ഷ്പക്ഷ വോട്ടുകള്‍ മണ്ഡലം കോണ്‍ഗ്രസ് അനുകൂലമാക്കാന്‍ സാധ്യത.

എന്‍റെ പ്രവചനം : ആന്‍റോ ആന്‍റണി (UDF)

കൊല്ലം : കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന കോട്ട. പി രാജേന്ദ്രന്‍ മണ്ഡലത്തില്‍ പരിചിതന്‍. മണ്ഡലം നില നിര്‍ത്താന്‍ ഇടതിന് കഴിയേണ്ടതാണ്.

എന്‍റെ പ്രവചനം : പി രാജേന്ദ്രന്‍ (LDF)

ആറ്റിങ്ങല്‍ :
ചിറയിന്‍ കീഴിനു പകരക്കാരന്‍. നേമം മണ്ഡലത്തിലെ കുറച്ചു വാര്‍ഡുകള്‍ ഇങ്ങോട്ട് മാറ്റി എങ്കിലും, എന്നെന്നും ഇടതിനോടൊപ്പം നിന്ന ഈ കോട്ട തകര്‍ക്കാന്‍ വലതിനാകുമോ? പോരാട്ടം പൊടി പാറും. നേരിയ മുന്‍തൂക്കം സമ്പത്തിനു തന്നെ.

എന്‍റെ പ്രവചനം : എ സമ്പത്ത് (LDF)

തിരുവനന്തപുരം :
രാജ്യം ഉറ്റു നോക്കുന്ന പോരാട്ടം. നൂലില്‍ കേട്ടിയിറക്കിയ സ്ഥാനാര്‍ഥിക്കെതിരെ വിമത ഭീഷണികള്‍ ധാരാളം. BJP പിടിക്കുന്ന വോട്ടുകളും നിര്‍ണായകം. പക്ഷെ കഴിഞ്ഞ അഞ്ചു പ്രാവശ്യവും ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്ത ആ പാരമ്പര്യം തെറ്റുമോ? ശശി തരൂരിന്‍റെ വ്യക്തിത്വം ഒരു വലിയ നേട്ടം ആവുമോ? കാത്തിരുന്ന് കാണുക തന്നെ വേണം.

എന്‍റെ പ്രവചനം : ശശി തരൂര്‍ (UDF)

ഇത് എന്‍റെ നിഗമനങ്ങള്‍ . നിങ്ങള്‍ക്കെന്തു തോന്നുന്നു?

Monday, 16 March 2009

"Ad" കിടന്നിടത്ത് പൂട പോലും ഇല്ലാതാക്കാന്‍..

ഒന്ന് രണ്ടു കൊല്ലം മുന്നേ ആണ് ഇന്റര്‍നെറ്റ് എന്നാ മഹാ വിസ്മയം എന്തെന്ന് ആദ്യമായി കാണിച്ചു തന്നെ ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ എന്ന ബ്രൌസറിനെ നിഷ്കരുണം വഴിയില്‍ ഉപേക്ഷിച്ചു ഞാന്‍ ഫയര്‍ ഫോക്സ് എന്ന ബ്രൌസേരിലേക്ക് ചേക്കേറിയത്. ആദ്യ ദര്‍ശനത്തില്‍ തന്നെ അനുരാഗം പൊട്ടിമുളച്ചു , പിന്നിങ്ങോട്ട് ഞങ്ങള്‍ ഒന്നിച്ചാണ്.

ഇന്നിപ്പോള്‍ ഓപെറ, ക്രോം തുടങ്ങിയ സുന്ദരിമാരും മത്സരത്തിനുണ്ട്. പക്ഷെ ഇപ്പോഴും ഫയര്‍ ഫോക്സ് തന്നെ ഒരല്പം മുന്നില്‍. കാരണങ്ങളില്‍ ഒന്ന് ഫയര്‍ ഫോക്സ്നോട് എളുപ്പം കൂട്ടിയിണക്കാന്‍ കഴിയുന്ന (add-ons) ഒരുപാടുണ്ട്. കാഴ്ചയില്‍ വൈവിധ്യം വരുത്താന്‍ മാത്രമല്ല, ഉപകാരമുള്ള ഒരുപാടു add-ons ഉണ്ട് ഫയര്‍ ഫോക്സ്ന്.

ഈ പോസ്റ്റ് എഴുതാന്‍ തീരുമാനിച്ചതും അത്തരം ഒരു add-on നെ പറ്റി പറയാന്‍ തന്നെ. "Adblock Plus" എന്ന ഈ add-on ആണ് ഞാന്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ളവയില്‍ എനിക്ക് ഏറ്റവും ഉപകാരപ്രദം ആയി തോന്നിയത്. സാധാരണ ബ്രൌസേര്സ് എല്ലാം സൈറ്റുകളില്‍ നിന്ന് വരുന്ന പോപ്പ്-അപ് (pop-up) പരസ്യങ്ങള്‍ ബ്ലോക്ക്‌ ചെയ്യുമെന്കിലും, സൈറ്റില്‍ തന്നെയുള്ള മറ്റു പരസ്യങ്ങളെ അവ നീക്കം ചെയ്യാറില്ല. പേജിന്റെ മുകളിലും വശങ്ങളിലും കാണുന്ന ഇത്തരം പരസ്യങ്ങളെ എല്ലാം നീക്കം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

www.rediff.com
പോലുള്ള ഒരു പാട് പരസ്യങ്ങള്‍ ഉള്ള പേജുകളില്‍ ആണ് ഈ add-on ന്റെ പൂര്‍ണ പ്രയോജനം കാണാന്‍ കഴിയുക. പരസ്യങ്ങള്‍ എല്ലാം ഒഴിവാ കുന്നതോടെ ബ്രൌസിന്ഗ് സ്പീഡ് പലപ്പോഴും ഇരട്ടിയാകുന്നു. ഫയര്‍ ഫോക്സ് ആണ് നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൌസര്‍ എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. ഇവിടെ നിന്ന് Adblock Plus നിങ്ങളുടെ ബ്രൌസറിലേക്ക് ഇന്‍സ്റ്റോള്‍ ചെയ്യുക.

നിങ്ങള്ക്ക് പറ്റിയ ഒരു ഫില്‍റ്റര്‍ സെലക്റ്റ് ചെയ്യാന്‍ മറക്കരുത്. ഞാന്‍ സെലക്റ്റ് ചെയ്തിരിക്കുന്നത് US ഫില്‍റ്റര്‍ ആണ്. ഫില്‍റ്റര്‍ ബ്ലോക്ക്‌ ചെയ്യാത്ത പരസ്യങ്ങളെ ബ്ലോക്ക്‌ ചെയ്യാനും. ബ്ലോക്ക്‌ ചെയ്യപ്പെട്ടവയെ അണ്‍ ബ്ലോക്ക്‌ ചെയ്യാനും സൗകര്യം ഉണ്ട്. ഇതാ ഇവിടെ പോയാല്‍ ഒരു നല്ല വിശദീകരണം കിട്ടും.


പരസ്യങ്ങളെ ബ്ലോക്ക്‌ ചെയ്യുന്ന ഈ കലാപരിപാടി കൊള്ളാം അല്ലെ?. പക്ഷെ ഇതിനൊരു മറു വശം കൂടിയുണ്ട് കേട്ടോ?. ഇന്റര്‍നെറ്റ് എന്ന മാധ്യമത്തില്‍ മെയിലും ബ്ലോഗും എല്ലാം നമുക്ക് ഫ്രീ ആയി ലഭിക്കുന്നത്‌ ഈ പരസ്യങ്ങള്‍ കാരണമാണ് കേട്ടോ. അത് കൊണ്ട് ഇരിക്കുന്ന കൊമ്പ് (ബ്ലോഗേ..) മുറിക്കാതെ വിവേചന ബുദ്ധിയോടെ ഉപദ്രവ കാരികളായ പരസ്യങ്ങള്‍ ബ്ലോക്ക്‌ ചെയൂ..

ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ ഉപയോഗിക്കുന്ന ചേട്ടന്മാരെ/ചേച്ചിമാരെ, ഫയര്‍ ഫോക്സ് ലേക്ക് മാറാന്‍ ഇനി മടിക്കണ്ട :). ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ മാത്രമേ ഉപയോഗിക്കൂ എന്ന് വാശിയുള്ളവര്‍ക്ക് ഇവനെ ഉപയോഗിച്ച് നോക്കാം. IE7 ലെ വര്‍ക്ക് ചെയൂ.


Sunday, 15 March 2009

വസന്തം വരുന്നു...

തണുത്തു വിറങ്ങലിച്ച ഒരു ശൈത്യ കാലത്തിനു ശേഷം, ഇവിടെ വസന്തത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി. ഔദ്യോഗിക വസന്ത പിറവി മാര്‍ച്ച് ഇരുപതിന്. (അതെന്താ, കലണ്ടര്‍ നോക്കിയിട്ടാണോ പൂ വിരിയുന്നത് എന്നൊന്നും ചോദിച്ചു കളയല്ലേ)

തണുത്തു വിറച്ച, ഇരുള്‍ മൂടിയ ശൈത്യ കാലത്തേ യാത്രയാക്കുന്നത്‌ സന്തോഷത്തോടെ ആണ്.ദിനങ്ങളുടെ ദൈര്‍ഖ്യം കൂടുന്നതും, സൂര്യനെ കൂടുതല്‍ കാണുന്നതും, ഇലപോഴിഞ്ഞു തരിശായ മരങ്ങളുടെ, കുറ്റിചെടികളുടെ ഇടയില്‍ നിന്ന് പുഷ്പങ്ങള്‍ തല നീട്ടുന്നതും ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്‌?.

കഴിഞ്ഞ വെള്ളിയാഴ്ച ഓഫീസിലേക്ക് നടക്കുമ്പോള്‍ കയ്യില്‍ ക്യാമറയും കരുതി. റോഡിലൂടെ ഫോട്ടോ എടുത്തു നടന്നാല്‍ ഇവിടെ ആരും വട്ടാണെന്ന് വിചാരിക്കാത്തത് നന്നായി. (വിചാരിച്ചാലും ആരും അത് പറയില്ല ). അന്നെടുത്ത കുറച്ചു ഫോട്ടോകള്‍ ചുവടെ. ഇത് ഒരു ഫോട്ടോഗ്രാഫി കഴിവ് തെളിയിക്കലേ അല്ല കേട്ടോ?. വസന്തം വരുന്നതിന്റെ സന്തോഷം മാത്രം.

കണ്ടാല്‍ ഒരു റോസാ പൂ . പക്ഷെ ഇവന്‍ വളരുന്നത് കുറ്റി ചെടിയില്‍. മുള്ളില്ലാത്ത കമ്പുകളില്‍.


കണ്ടാല്‍ നമ്മുടെ കണിക്കൊന്ന പോലെ. പേര് അകെഷ്യ എന്നാണെന്ന് ശ്രീമതി.

ബള്‍ബുകള്‍ പോലെയുള്ള ടുലിപ്സ്.


ചെറി ബ്ലോസം..

ഓഫീസിലേക്ക് ഞാന്‍ നടക്കുന്ന വഴി അത്ര മോശമല്ല, അല്ലെ?

അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന്‌?

ആണ്ടി മുക്ക് കവലയിലെ അന്തോനീസ് മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നില്‍ക്കുമ്പോഴാണ് അന്നമ്മ ചേടത്തിക്ക് ശാരദയുടെ sms കിട്ടുന്നത്. "അന്തപ്പന്‍ ചേട്ടന്‍ തെങ്ങേന്നു വീണു" !. കേട്ട പാടെ അന്നമ്മ ചേച്ചി ആണ്ടി മുക്കിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. "ഇതിയാനിന്നു തെങ്ങേല്‍ കേറണ്ട കാര്യമെന്താ" എന്നൊരു ചിന്ത ചേടത്തിയുടെ മനസിലൂടെ പോകാതിരുന്നില്ല.

ആണ്ടി മുക്കിലെ ഒരേ ഒരു തെങ്ങ് കയറ്റക്കാരന്‍ ആയിരുന്നു അന്തപ്പന്‍ ചേട്ടന്‍. നാല് കൊല്ലം മുന്‍പ് ചേട്ടന്റെ ഏക മകന്‍ മത്തായിക്ക് മൈക്രോസോഫ്റ്റില്‍ ജോലി കിട്ടിയതോടെ ആണ് ചേട്ടന്റെ ശുക്രന്‍ ഉദിച്ചത്. ഓഫ്ഷോറില്‍ നിന്നും ഓണ്‍സൈറ്റില്‍ നിന്നും മത്തായി കാശ് അയച്ചു തുടങ്ങിയതോടെ തെങ്ങ് കയറ്റം പൂര്‍ണമായും നിന്നു. അല്‍പ സ്വല്പം വീശുന്ന സ്വഭാവമുള്ള ചേട്ടന്‍ കള്ള് ഷോപ്പില്‍ നിന്നു പുത്തന്‍ ത്രീ സ്റ്റാര്‍ ബാറിലേക്ക് പുരോഗമിച്ചു.

നാല് കൊല്ലം മുന്നേ തെങ്ങ് കയറ്റം നിര്‍ത്തിയ ആ ചേട്ടനാണ് ഇന്ന് തെങ്ങേന്നു വീണിരിക്കുന്നത്. ഗള്‍ഫീന്ന് അവധിക്കു വന്ന മരുമകന്‍ ജോണി കുട്ടി ആണ് വീഴ്ച നേരില്‍ കണ്ടത്. തെങ്ങിന്റെ മണ്ടയിലിരുന്ന അന്തപ്പന്‍ ചേട്ടന്‍ പെട്ടന്ന് കൈ രണ്ടു വിടുന്നത് കണ്ടു ജോണി കുട്ടി ഞെട്ടി. എന്തിനായിരിക്കും മൂപ്പരീ കടും കൈ ചെയ്തത്?. ICU ഇല്‍ ബോധം കേട്ട് കിടക്കുന്ന അന്തപ്പന്‍ ചേട്ടനോട് ചോദിക്കാനും പറ്റില്ല !

ആ അന്വേഷണം എങ്ങുമെത്താതെ വഴി മുട്ടി നില്‍ക്കുമ്പോഴാണ് അന്തപ്പന്‍ ചേട്ടന്റെ ആത്മ മിത്രം രാമന്‍ കുട്ടി ആ രഹസ്യം പുറത്തു വിട്ടത്. അന്ന് രാവിലെ വിളിച്ചപ്പോള്‍ മത്തായി എന്തോ സാമ്പത്തിക മണ്ടരിയോ, മന്ദതയോ കാരണം അവന്റെ പണി പോകാന്‍ സാധ്യത ഉണ്ടെന്നു
അന്നമ്മ ചേടത്തിയോടു പറഞ്ഞിരുന്നത്രെ. അത് മാത്രമോ?. അന്തപ്പന്‍ പതിവില്ലാതെ തന്റെ ഷാപ്പില്‍ വന്നു നാല് കുപ്പി വീശി എന്ന് ഷാപ്പുകാരന്‍ തോമ്മിചെട്ടന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ 65ലെ തിരഞ്ഞെടുപ്പ് ഫലം പോലെ വ്യക്തമായി. നാട്ടുകാര്‍ ഉറപ്പിച്ചു, ലെവന്‍ തന്നെ കാരണം, സാമ്പത്തിക മാന്ദ്യം !. സാമ്പത്തിക മാന്ദ്യ ആത്മഹത്യാ ശ്രമം mobile/sms ചാര്‍ട്ടില്‍ No:1 !.

സാധാരണക്കാര്‍ കുറെ അടക്കം പറഞ്ഞു നടന്നെന്കിലും സംഭവത്തിന്റെ താത്വിക ഉള്ളറകളിലേക്ക് ആദ്യം വെളിച്ചം വീശിയത് ചായക്കടയില്‍, സോറി ത്രീ സ്റ്റാര്‍ ഹോട്ടലില്‍ 'കട്ടന്‍' വീശിക്കൊണ്ടിരുന്ന താമരാക്ഷന്‍ സഘാവ് തന്നെ. "ആഗോളവത്കരണത്തിന്റെയും, മുതലാളിത്തത്തിന്റെയും, ആണവ കരാറിന്റെയും ഇര തന്നെ അന്തപ്പന്‍. വര്‍ഗതോഴിലാളി ആയി തെങ്ങ് ചെത്തി നടന്ന കാലത്ത് ഒരു കുട്ടി തെങ്ങേന്നു പോലും വീണിട്ടുണ്ടോ അവന്‍?"

മൂന്ന് കോടി ജനങ്ങള്‍ക്കായി വെറും മുപ്പതിനായിരം മാധ്യമങ്ങള്‍ ഉള്ള നാടായത് കൊണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഇരയെത്തേടി ആളെത്താന്‍ താമസിച്ചില്ല. അല്ലേലും കണ്ട മലയും കാടും കയറി ആര്‍ക്കും വേണ്ടാത്ത കര്‍ഷക ആത്മഹത്യ കവര്‍ ചെയ്യുന്നപോലെ ഒന്നും അല്ലല്ലോ ഇത്. വിദേശത്തുള്ള മലയാള ചാനലുകള്‍ക്ക് പോലും വമ്പന്‍ ന്യൂസ്.

അമേരിക്കയിലെ അലാസ്കയിലെയും അലബാമയിലെയും ആത്മഹത്യകളുടെ തുടര്ച്ചയാണീ ആണ്ടി മുക്ക് സംഭവം എന്ന് റബ്ബറിന്റെ മണമുള്ള ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. "അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്ത വഴി" എന്ന പേരില്‍ ഷാപ്പില്‍ നിന്നു തെങ്ങിന്‍ മുകളിലേക്കുള്ള വഴി വരച്ചു കാട്ടാനും അവര്‍ മറന്നില്ല. കേരളത്തിലെ പ്രവാസി കുടുംബങ്ങളില്‍ ഇനി കൂട്ട ആത്മഹത്യകള്‍ പ്രതീക്ഷിക്കാം എന്ന മുന്നറിയിപ്പോടെയാണ് ചാനല്‍ പരിപാടി നിര്‍ത്തിയത്.

വര്‍ഗ തൊഴിലാളികള്‍ മുതലാളിത്തത്തിന് അടിമപെട്ട് പോകുന്നതിന്റെ മാരക വിപത്തുകളെ പറ്റി, വിപ്ലവ പാര്‍ട്ടി ചാനല്‍ പ്രസംഗം തുടങ്ങി. മുതലാളിത്ത വ്യവസ്ഥക്ക് അടിമപെട്ട് പോയ ഒരു ജനത ചെന്നെത്തുന്ന ദുരന്തങ്ങളെ പറ്റി A/C സ്റ്റുഡിയോയില്‍ കനത്ത ചര്‍ച്ച നടന്നു. ഈ ദുരന്തം വരുത്തി വച്ച അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയമോ, മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ശാഖയോ ഈ നാട്ടില്‍ ഇല്ലാത്തതില്‍ വിപ്ലവ കുട്ടി നേതാക്കള്‍ സങ്കടപെട്ടു. ഇത്തരം അവസരങ്ങളില്‍ കല്ലെറിയാന്‍ എങ്കിലും ഒന്ന് വേണ്ടതായിരുന്നു.

പ്രവാസി കുടുംബ ആത്മഹത്യാ വാദങ്ങള്‍ ചൂട് പിടിക്കവേ ആണ് അന്തപ്പന്‍ ചേട്ടന് ബോധം തിരിച്ചു കിട്ടുന്നത്. കണ്ണ് തുറന്നു നോക്കിയ ചേട്ടന്‍ അന്നമ്മ ചെടത്തിയെക്കാള്‍ മുന്നേ കണ്ടത് ചാനലുകാരെ ആണ്. ചേടത്തിയെ തട്ടി മാറ്റിയിട്ട മ: ന്യൂസിന്റെ മോളികുട്ടിയുടെ വകയായിരുന്നു ആദ്യ ചോദ്യം.

"ഇന്ത്യന്‍ തൊഴിലാളികളെ പടിയിറക്കി വിടുന്ന അമേരിക്കന്‍ ഒബാമ നയത്തിന്റെ ഒരു ഇരയാണോ ചേട്ടന്‍"?

ചോദ്യം മനസിലയില്ലെന്കിലും അന്തപ്പന്‍ ചേട്ടന്‍ ഒരുത്തരം പറഞ്ഞു. ഉത്തരം കേട്ടതോടെ സൂപ്പര്‍ സ്റ്റാറിന്റെ മീശ പിരിയും, മുണ്ട് മടക്കി കുത്തലും തെറിവിളിയും ഇല്ലാത്ത സിനിമ ഓടുന്ന തിയേറ്റര്‍ പോലായി മുറി. ശുദ്ധ ശൂന്യം. അന്നമ്മ ചേടത്തി മാത്രമുണ്ട്.

മത്തായി കുട്ടിയെപറ്റിയും മാന്ദ്യത്തെ പറ്റി ഒന്നും അന്തപ്പന്‍ ചേട്ടന്‍ കേട്ടില്ലായിരുന്നു. ത്രീ സ്റ്റാര്‍ മദ്യം മടുത്തു ഒരു മാറ്റത്തിനായി നാടന്‍ അടിച്ചതാണ് ചേട്ടന്‍. അല്പം കൂടി പോയി. ആ ലഹരി മൂത്ത് പഴയ ഓര്‍മയില്‍ തെങ്ങിന്‍ മോളിലെത്തിയപ്പോഴാണ് ബോധം പോയത്.പെട്ടന്ന് പേടിച്ചു കൈ വിട്ടു.അത്ര തന്നെ.

പ്രബുദ്ധ ആണ്ടി മുക്കിനും കേരളത്തിനും അപ്പോഴേക്കും മങ്ങാട് ലൈനിലെ മാധവി ചേച്ചിയുടെ മരണം കിട്ടിയിരുന്നു..

Friday, 13 March 2009

ബ്ലോഗ് എഴുതുന്ന പെണ്‍കുട്ടികളോട് ഒരു വാക്ക് .

ഇതൊരു ആണ്കൊയ്മ വാദമോ സ്ത്രീ സ്വാതന്ത്രതിനെതിരെ ഉള്ള ഘോര പ്രസംഗമോ അല്ല. പലപ്പോഴായി ചിന്തയില്‍ പെണ്‍കുട്ടികളുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന്നിയ ചില ചിന്തകള്‍ മാത്രം.

അവനനവന്റെ ചിന്തകളെ പറ്റി, മുന്‍ പ്രണയങ്ങളെ പറ്റി, ആത്മഹത്യ ശ്രമങ്ങളെ പറ്റി, വിവാഹം എന്തിന് എന്നതിനെ പറ്റി, തന്നെ പിടിച്ചു കെട്ടിക്കാനുള്ള അച്ഛനമ്മമാരുടെ ശ്രമങ്ങളെ പറ്റി ആവേശത്തോടെ എഴുതുന്നു പലരും.

കമന്റുകളിലും ആവേശത്തിന് കുറവൊന്നും ഇല്ല. "തകര്‍ത്തു" എന്നും "കലക്കി" എന്നും "വീണ്ടും എഴുതൂ" എന്ന് പ്രോത്സാഹന കോലാഹലങ്ങള്‍. പറഞ്ഞു തിരുത്തുന്നവരും നേര്‍ വഴി പറയുന്നവരും ഇല്ലെന്നില്ല, അവര്‍ക്ക് എന്റെ കൂപ്പു കൈ.

എഴുതുന്ന പലരും സ്വന്തം പേരും ഫോട്ടോയും ഉള്‍പ്പെടെ ആണ് എഴുതുന്നത്‌ എന്നതാണ് എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം. തിരക്കുള്ള ഒരു ബസില്‍ അല്ലെങ്കില്‍ ഒരു പൊതു വേദിയില്‍ ഇരുന്നു നിങ്ങള്‍ അപരിചിതരോട് സ്വന്തം കഥ പറയുമോ?. പറയും എന്നാണ് ഉത്തരം എങ്കില്‍, എനിക്ക് തെറ്റി.

ഇല്ല എന്നാണെങ്കില്‍, അതിനെക്കാള്‍ പൊതുവായ ഒരിടമല്ലേ ബ്ലോഗ്?. ആയിരക്കണക്കിന് ആളുകള്‍ വായിക്കുന്ന ബ്ലോഗില്‍ നിങ്ങളുടെ നാട്ടുകാര്‍ ഉണ്ടാകാം, വീട്ടുകാര്‍ ഉണ്ടാകാം, അതിനുപരി അജ്ഞാതര്‍ക്ക്‌ മുന്നില്‍ സ്വന്തം ജീവിതം തുറന്നു വൈക്കുന്നത് അപകടങ്ങള്‍ക്ക് വഴി വക്കില്ല എന്നാരു കണ്ടു?.

മറകള്ക്കുള്ളില് ഒളിച്ചിരിക്കാന്‍ എളുപ്പം കഴിയുന്ന ഒരു മീഡിയം ആണ് ഇന്റര്‍നെറ്റ്. ഒരാളെ പറ്റി അവര്‍ പറയുന്നതെ നമുക്കറിയൂ. നുണകളും സത്യങ്ങളും വേര്‍തിരിക്കാന്‍ കഴിയാത്ത ഒരു മീഡിയം. അവിടെ വായിക്കുന്നതാരാണ് എന്നറിയാതെ എഴുതുമ്പോള്‍ മിതത്വം അല്ലെ അഭികാമ്യം?.

തുറന്നെഴുതുന്ന, പറയുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അഭിനന്ദിക്കുന്ന ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ അത്തരം ഒരു പെണ് കുട്ടിയെ വിവാഹം കഴിക്കാന്‍, സ്വന്തം കുടുംബത്തിലേക്ക് വിളിച്ചു കൊണ്ട് പോകാന്‍ തയ്യാറാവുന്നവരെ ഞാന്‍ കണ്ടിട്ടില്ല. അവിടെ കുടുംബ മഹിമയും, പാരമ്പര്യവും, സമ്പത്തും , അമ്മയുടെ സമ്മതവും ഒക്കെ തന്നെ പ്രധാനം. ഇരട്ട മനസുള്ള ഒരു സമൂത്തിന്നു മുന്നിലേക്ക് സ്വന്തം ജീവിതം എറിഞ്ഞു കൊടുക്കണോ?.

ശുഭാപ്തി വിശ്വാസം ഇല്ലാത്ത ഒരാളല്ല ഞാന്‍, പക്ഷെ ജീവിതാനുഭവങ്ങളില്‍ നിന്ന് പഠിച്ചത് പറഞ്ഞെന്നു മാത്രം !.

Friday, 6 March 2009

തീവ്ര വാദത്തിനു പരസ്യം ഫ്രീ ! - 2

ഇതിനു തൊട്ടു മുന്നേ ഉള്ള പോസ്റ്റിന്റെ തുടര്ച്ചയാണീ പോസ്റ്റ്.

പാക്കിസ്ഥാനിലെ പോലുള്ള ഒരു ആക്രമണത്തില്‍ ഒരു തീവ്രവാദിക്ക്‌ വേണ്ടതെന്താണ്?. നമുക്ക് അവരുടെ വശത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കാം. ഒന്നോ രണ്ടോ ശ്രീലങ്കന്‍ കളിക്കാരെ കൊല്ലുക എന്നതൊന്നുമാവില്ല ലക്‌ഷ്യം. കിട്ടുന്ന ഗുണങ്ങളില്‍ ഒന്ന് സംഘടനക്കു കിട്ടുന്ന മീഡിയ പബ്ലിസിറ്റി ആകുന്നു. രണ്ടാമത്തെ ഉന്നം പാക്കിസ്ഥാന്‍ ഭരണകൂടത്തെ നാണം കേടുത്തലാണ്. ഇനിയാരും ക്രിക്കറ്റ് കളിയ്ക്കാന്‍ അങ്ങോട്ട്‌ ചെല്ലരുത്‌ എന്നതും ഒരു ലക്‌ഷ്യം ആവാം.

ആക്രമണത്തിനു തൊട്ടു പിന്നാലെ സംഭവിക്കുന്നതെന്താണ്?. മീഡിയ പബ്ലിസിറ്റി തികച്ചും ഫ്രീ. ഇന്ത്യന്‍/ലോക മീഡിയ ആകട്ടെ പാക്കിസ്ഥാനിലെ അരക്ഷിതാവസ്ഥയെ പറ്റി ഘോര ഘോരം ചര്‍ച്ചകള്‍ നടത്തുന്നു. ICC യും ലോക ക്രിക്കറ്റ് രാഷ്ട്രങ്ങളും ഇനിയങ്ങോട്ട് പോകുന്നില്ല എന്ന് തീരുമാനിക്കുന്നു. തീവ്രവാദികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ എല്ലാം നമ്മള്‍ സാധിച്ചു കൊടുക്കുന്നു !!.
അറിയാതെയുള്ള ഈ സഹകരണം അവര്‍ക്ക് ഇനി IPLഇല്‍ ഇത് പോലെ ഒരാക്രമണം നടത്താന്‍ ഒരു പ്രചോദനം അല്ലെ?.

നമുക്ക് ചെയ്യാന്‍ കഴിയുന്നതിനു ഒരു പരിമിതി ഉണ്ടെന്നറിയാം. പക്ഷെ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്?. ഓരോ ആക്രമണം ഉണ്ടാകുമ്പോഴും അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം മീഡിയ കൂടുതല്‍ പ്രാധാന്യം തീവ്രവാദത്തെ ചെറുക്കുന്ന/ അതിനു ശ്രമിച്ചു ജീവന്‍ വെടിയുന്നവര്‍ക്ക് കൊടുക്കാമല്ലോ. ഓരോ ആക്രമണത്തിലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്കെതിരെ അറിയാവുന്ന വിവരങ്ങള്‍ എല്ലാം ഭരണകൂടത്തിനു കൈമാറാം. ആക്രമിച്ച സന്ഘടനക്കെതിരെ ആഞ്ഞടിക്കാന്‍ ആവശ്യമായ നിയമ നിര്‍മാണത്തിന് വേണ്ട ജന പിന്തുണ ഉണ്ടാക്കി കൊടുക്കാന്‍ പ്രയത്നിക്കാം.

തീവ്രവാദത്തെ ചെറുക്കുന്നത് ഏറെ പണച്ചിലവുള്ള ഒരു യത്നം ആണ്. ഓരോ ആക്രമണത്തിലും അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു ഓരോ മീഡിയയും ഫണ്ട് രൂപീകരണം നടത്തി അത് ഭരണകൂടത്തിനു കൈമാറി കൂടെ?. തീവ്രവാദത്തെ എതിര്‍ക്കുന്ന ഓരോ ആള്‍ക്കും അതിനായി ഒരു തുക മാറ്റി വയ്ക്കാം. ആക്രമണങ്ങളെ അപലപിക്കുന്നതിനോടൊപ്പം വന്‍ കിട കമ്പനികള്‍ക്ക് ഒരു വലിയ തുക അതിനെതിരായി ചിലവഴിക്കാം. സത്യസന്ധതയോടെ അതിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രാധാന്യം കിട്ടും എന്നതും ഇതിന്റെ ഒരു ഗുണമാകും. അഞ്ചു പൈസ ചിലവഴിക്കാതെ വാചക കസര്‍ത്ത് നടത്തുന്നവര്‍ക്ക് പ്രാധാന്യം കുറയട്ടെ. ബോംബെ ആക്രമണത്തിനു ശേഷം ഇന്ത്യയില്‍ കണ്ട ജന രോഷത്തെ നമുക്ക് പ്രായോഗികമായി ഇങ്ങനെ ഒക്കെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ടതായിരുന്നു.

ഓരോ ആക്രമണത്തിനു ശേഷവും തങ്ങള്‍ക്കെതിരെ ശക്തമായ ഒരു ജനവികാരവും അതിനൊത്ത പടയോരുക്കങ്ങളും, പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ ഏതൊരു സംഘടനയും ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്നേ ഒന്ന് ആലോചിക്കില്ലേ?. ആലോചിക്കും എന്ന് എന്റെ മനസ് പറയുന്നു.

Wednesday, 4 March 2009

തീവ്ര വാദത്തിനു പരസ്യം ഫ്രീ !

മഹത്തരമായ അനിശ്ചിതാവസ്ഥയാണ് ക്രിക്കറ്റിനെ ഉദാത്തം ആക്കുന്നതെന്ന് പണ്ഡിത വാദം. എന്തിനേയും ജീവിതത്തോടുപമിക്കപെടുന്ന ഈ കാലത്ത് ജീവിതത്തിലും ആ അനിശ്ചിതാവസ്തയുടെ നിഴല്‍ കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ രണ്ടു ആഴ്ചകള്‍ക്ക് ശേഷം തുടയില്‍ ഒരു വേണ്ടിയുണ്ട ഏല്‍ക്കേണ്ടി വരുമ്പോള്‍ ശ്രീലങ്കയുടെ തിലന്‍ സമരവീര ചിന്തിച്ചതും ജീവിതത്തിന്റെ ഈ അനിശ്ചിതാവസ്ഥയെ പറ്റി ആവാം.

പൈശാചികമായ ഈ ആക്രമണത്തിനെ പറ്റി കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വന്നത് "എന്തിന്" എന്നാ ചോദ്യമാണ്. ശ്രീലങ്കയോ, ക്രിക്കറ്റ് എന്ന കളിയോ, പൊതുവില്‍ കായിക രംഗമോ അല്ല അവരുടെ ലക്‌ഷ്യം എന്ന് വ്യക്തം. ആണെങ്കില്‍ ഇതിലും സുരക്ഷിതത്വം കുറഞ്ഞ, എളുപ്പത്തില്‍ വധിക്കാന്‍ കഴിയുന്ന എത്രയോ കായിക താരങ്ങള്‍ ഉണ്ട് പാക്കിസ്ഥാനില്‍

ഇവിടെയാണ്‌ ഭീകര വാദത്തിന്റെ മാധ്യമ ബുദ്ധി നാം മനസിലാക്കേണ്ടത്. ഭീകരര്‍ക്കാവശ്യം അരക്ഷിതാവസ്ഥയാണ്. സാധാരണക്കാര്‍ക്ക്‌ നേരെയുള്ള ഏതൊരു ആക്രമണത്തിന്റെയും പിന്നില്‍ പേടിപ്പെടുത്തലിന്റെ മനശാസ്ത്രമുണ്ട്‌. ഒരു രാഷ്ട്രത്തിന്റെ, അവരുമായി ഇടപെടുന്നവരുടെ പേടിയും അരക്ഷിതാവസ്തയുമാണ് അവരുടെ ലക്‌ഷ്യം. "പണച്ചാക്കുകളുടെ പേടിയാണ് നമ്മുടെ ചോറ് , അവരുടെ മരണം അല്ല" എന്ന് പറയുന്ന അധോലോക നേതാവിനെ പോലെ.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായ "A Wednesday" എന്ന ഹിന്ദി ചിത്രത്തില്‍ നസറുദീന്‍ ഷാ ഒരു വീഡിയോ ചാനലിനെ തന്റെ കണ്ണുകള്‍ ആയി ഉപയോഗിക്കുന്ന, പ്രവചന പരമായ ഒരു രംഗമുണ്ട്. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഇന്ന് തീവ്രവാദത്തിന്റെ പേടി ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്നത് മാധ്യമങ്ങളിലൂടെ അല്ലെ?. ഒരു തരം ഫ്രീ പരസ്യം.

പരസ്യങ്ങള്‍ ഇല്ലാതെ ഒന്നും വിറ്റഴിക്കാന്‍ കഴിയാത്ത ഒരു നാടാണ്‌ നമ്മുടേത്. തീവ്രവാദികള്‍ക്ക് ചെയ്യേണ്ടത് ഇത്ര മാത്രം, വാര്‍ത്തയാകാന്‍ തക്ക പ്രാധാന്യമുള്ള ഒരു ഇരയെ കണ്ടെത്തുക. അത് ബോംബെയിലെ പോലെ പ്രാധാന്യം ഉള്ള സ്ഥലങ്ങള്‍ ആകാം, പാകിസ്ഥാനിലെ പോലെ ഒരു ക്രിക്കറ്റ് ടീം ആകാം. ആക്രമങ്ങളിലെ ഇരകള്‍ക്ക് കിട്ടാവുന്ന TRP നിലവാരം നോക്കി ഇരയെ തിരഞ്ഞെടുക്കുന്ന ഒരു നിലയിലേക്ക് തീവ്രവാദം വളര്‍ന്നിരിക്കുന്നു.

ആക്രമണം നടന്നയുടന്‍ മീഡിയ സംഭവം ഏറ്റെടുക്കുകയായി. പൊലിപ്പിച്ച വാര്‍ത്തകളിലൂടെ, ഭീകരമായ ദ്രിശ്യങ്ങളിലൂടെ, സംഭ്രമ ജനകമായ അവതരണങ്ങളിലൂടെ ഭീകരതയും പേടിയും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വില്‍ക്കപെടുകയായി. തീവ്ര വാദികള്‍ക്ക് അവര്‍ ഏറ്റവും ആഗ്രഹിക്കുന്ന പബ്ലിസിറ്റിയും പരസ്യവും നാം പ്രൈം ടൈമില്‍ ഫ്രീ ആയി നല്‍കുന്നു.

തീവ്രവാദം ഒരു വിഷയം അല്ലതാകണം എന്നല്ല ഞാന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെ നോക്കി കാണുന്ന വീക്ഷണം നമുക്കല്‍പം മാറ്റി കൂടെ?. തീവ്ര വാദത്തെ നാം ഒരു മീഡിയ സര്‍ക്കസ് ആക്കും തോറും, അതിനെ പ്രൈം ടൈമില്‍ ഭീതി വളര്‍ത്താന്‍ ഉപയോഗിക്കും തോറും കൂടുതല്‍ കൂടുതല്‍ ഇത്തരം ലക്ഷ്യങ്ങളെ കണ്ടെത്താന്‍ അത് ഭീകരര്‍ക്ക്‌ പ്രചോദനം കൊടുക്കല്‍ ആവില്ലേ?.

തീവ്ര വാദത്തിനു കൊടുക്കുന്ന ഇത്തരം ഫ്രീ പരസ്യങ്ങള്‍ അല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും നമുക്കും, മീഡിയക്കും? . അതിനെ കുറിച്ചുള്ള ചിന്തകള്‍ വഴിയെ..

Monday, 2 March 2009

ബേബി ഫുഡും, കൂവലും, പിന്നെ വാര്യര്‍ സാറും!

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. (പ്രീ ഡിഗ്രി എന്തെന്നറിയാത്ത +2 പൈതങ്ങളേ, അത് സ്വാതന്ത്രത്തിന്റെ, തോന്ന്യാസത്തിന്റെ, കൂക്കി വിളിയുടെ, കുസൃതിയുടെ കാലം). പാവങ്ങളായ അധ്യാപകരുടെ ക്ലാസ്സില്‍ പയ്യന്മാരും പയ്യികളും കയറാതെയും, കയറിയവര്‍ കൂക്കുവിളിയും, പശു കരയലും, കടലാസ് അമ്പു എയ്തും കാലം കഴിക്കുന്ന ക്ലാസ്സിലേക്കാണ് പരമ സാത്വികനായ വാരിയര്‍ സാര്‍ കടന്നു വരുന്നത്.

ഓരോ തവണ സാര്‍ ബോര്‍ഡിലേക്ക് തിരിയുമ്പോഴും, പശുവിന്റെ അമറലും, കുറുക്കന്റെ ഓരിയിടലുകളും ക്ലാസ്സില്‍ സുലഭം. പതിനഞ്ച് മിനിറ്റ് നീണ്ട ഈ കലാ പരിപാടികള്‍ക്കൊടുവില്‍ സാര്‍ ചോക്കും പുസ്തകവും താഴെ വച്ച് ഞങ്ങളെ അഭിസംബോധന ചെയ്തു.

"കുട്ടികളെ, ഞങ്ങളുടെ ചെറുപ്പകാലത്ത് അമ്മമാര്‍ മക്കള്‍ക്ക്‌ മുലപ്പാല്‍ കൊടുത്താണ് വളര്‍ത്തുക. ഇന്ന് മുലപ്പാല്‍ കൊടുക്കാന്‍ അമ്മമാര്‍ക്കെവിടെ സമയം?. അപ്പോള്‍ പിന്നെ, ചിലര് പശുവിന്‍ പാല് കൊടുക്കും, പശു ഇല്ലാത്തവര്‍ കടയില്‍ കിട്ടുന്ന പാല്‍പ്പൊടി വാങ്ങി കലക്കി കൊടുക്കും. "

വാര്യര്‍ സാറിന്റെ പെട്ടെന്നുള്ള കുട്ടിയെ വളര്‍ത്തല്‍ സന്ദേശങ്ങള്‍ കേട്ട് ഞങ്ങള്‍ മിഴിച്ചിരിക്കവേ, അദ്ദേഹം തുടര്‍ന്നു. "പാല്‍പ്പൊടി വാങ്ങുമ്പോള്‍ അത് പശുവിന്റെ ആകാം, എരുമയുടെതാകാം, അതുമല്ലെങ്കില്‍ മായം ചേര്‍ക്കാനായി മറ്റു വല്ലതിന്റെതുമാകാം."

"മുലപ്പാല് കുടിച്ച കുഞ്ഞുങ്ങള്‍ക്ക് മനുഷ്യന്റെ സ്വഭാവം വരുമ്പോള്‍, പൊടി പാല് കുടിച്ച കുഞ്ഞുങ്ങള്‍ക്ക് ആ മൃഗത്തിന്റെ സ്വഭാവവും ശബ്ദവും ആണ് കിട്ടുക. ഈ ക്ലാസ്സില്‍ പോടി പാല് കുഞ്ഞുങ്ങള്‍ ആണ് കൂടുതല്‍ എന്ന് തോന്നുന്നു."

പശുവിന്റെ അമറലും, കുറുക്കന്റെ ഓരിയിടലുകളും, ഓരി ഇടുന്നവരെയും പിന്നെ മാഷിന്റെ ക്ലാസ്സില്‍ കണ്ടിട്ടില്ല !!.