Sunday 30 December 2012

അംലപാലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക്




അംലപാലി എന്ന ഗ്രാമത്തിന്‍റെ പേര് ഇന്നത്തെ തലമുറയിലെ പലരും കേട്ടിട്ടുണ്ടാവില്ല , പക്ഷെ സോഷ്യല്‍ മീഡിയക്കും ന്യൂസ്‌ ചാനലുകളുടെ കുത്തൊഴുക്കിനും മുന്‍പേ 1985ല്‍ ഇന്ന് ഡല്‍ഹിയില്‍ നടന്നതിന് സമാനമായ ഒരു വാര്‍ത്താ വിസ്ഭോടനത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്നു ഒറീസ്സയിലെ ഈ ഗ്രാമം. മുപ്പത് വയസായ ഒരു സ്ത്രീ കുട്ടികളുടെ പട്ടിണി മാറ്റാന്‍ തന്‍റെ ഭര്‍തൃ സഹോദരിയെ നാല്‍പതു രൂപയ്ക്കു വിറ്റ സംഭവം ആണ് അന്ന് ഒരു മീഡിയ സെന്‍സേഷന്‍ ആയി മാറിയത്. ഇന്ന് സോഷ്യല്‍ , ന്യൂസ്‌ മീഡിയകള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഉള്ള ഒരു പ്രതികരണം ഒക്കെ അന്ന് ഭരണകൂടത്തിന്‍റെ പക്ഷത്തു നിന്ന് ഉണ്ടായി. എന്തിന് ഇന്ത്യയുടെ പ്രധാന മന്ത്രിയായ രാജീവ് ഗാന്ധി തന്നെ സ്വയം പറന്നിറങ്ങി ആ ഗ്രാമത്തിലേക്ക് . 

ഒന്‍പത് വര്‍ഷത്തിന് ശേഷം ആ ഗ്രാമത്തില്‍ എത്തിയ പി സായിനാഥ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടര്‍ കണ്ടത് ഒരു വ്യത്യാസവും വന്നിട്ടില്ലാത്ത , പട്ടിണിക്ക് ഒരു മാറ്റവും ഇല്ലാത്ത ആ കുടുംബവും ഗ്രാമവും ആണ്. ഭക്ഷണത്തെക്കാള്‍ കൂടുതല്‍ കാറുകളാണ് വാര്‍ത്തകള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ട് വന്നത് എന്ന് അവര്‍ പറഞ്ഞതായി അദ്ദേഹം എഴുതിയിട്ടുണ്ട് തന്‍റെ പുസ്തകത്തില്‍..., ഒന്‍പതു വര്‍ഷത്തിന് ശേഷത്തെ ഡല്‍ഹിയിലും ഇന്ത്യയിലും സ്ത്രീകളോടുള്ള അതിക്രമം കൂടുമോ , അതോ കുറയുമോ ?.

അങ്ങകലെ നമ്മളാരും നേരിട്ട് അറിയാത്ത ഒരു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുമ്പോള്‍ മനസില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിയുന്നു എങ്കില്‍ അത് , പണ്ടേ മരിച്ചു എന്ന് നമ്മളൊക്കെ കരുതിയ മനുഷ്യത്വം ഇപ്പോഴും നമ്മളില്‍ ഒക്കെ ബാക്കി ഉണ്ട് എന്നതിന് തെളിവാകുന്നു. പക്ഷെ നമുക്ക് മുന്നേ നടന്നവര്‍ അംലപാലിയിലും , സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നമ്മളും നടത്തിയ വികാരപരമായ പ്രതിഷേധങ്ങള്‍ക്കും കണ്ണീരിനും ഒക്കെ അപ്പുറം അവശേഷിക്കുന്നത് എന്താണ് ?. സൗമ്യയെ പോലെ രാത്രി ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതത്വ ബോധത്തിന്റെ ഒരു കണികയെങ്കിലും കൂടുതല്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞോ ?. ആര്‍ക്കറിയാം , അംലപാലി പോലെ അതും ഒരു പഴയ വാര്‍ത്തയാണല്ലോ. ന്യൂ ജെനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതല്ലല്ലോ ഇപ്പോഴത്തെ ട്രെന്ടിംഗ് ഇവെന്റ്റ് !.

ഒരു അപകടം ദുരന്തമായി മാറുന്നത് അതില്‍ നിന്നും നാം ഒന്നും പഠിക്കാതെ പോകുമ്പോഴാണ്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വേണ്ടതാണ് , ആരോഗ്യമുള്ള ഒരു ജനതയുടെ ശബ്ദം ആണത് , പക്ഷെ ആ ശബ്ദങ്ങള്‍ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കേണ്ടത്‌ എവിടെയാണ് എന്ന ബോധം നമുക്ക് പലപ്പോഴും നഷ്ടപ്പെട്ട് പോകുന്നു. പ്രശങ്ങളെ ഒരു "സംഭവം" എന്ന രീതിയില്‍ മാത്രം കണ്ടു ശീലിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. സംഭവം നടന്നാല്‍ ഉടന്‍ ന്യൂസ്‌ ചാനെലുകളുടെ ബ്രെയ്ക്കിംഗ് ന്യൂസ്‌ പ്രളയം, സോഷ്യല്‍ മീഡിയയില്‍ മനുഷ്യ സ്നേഹികളുടെ പ്രതിഷേധം , കണ്ണീര്‍, വിലാപങ്ങള്‍ . ഒന്നോ രണ്ടോ ആഴ്ചക്ക് ശേഷം അടുത്ത സംഭവത്തിലേക്ക് ഇവരെല്ലാം ഒത്ത് ഒരുമിച്ച് നീങ്ങുകയായി. ഒരു സമൂഹം ഇതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം വട്ടപൂജ്യം എന്നായിരിക്കും.

പട്ടിണി എന്ന പ്രശ്നത്തെ process failure എന്ന രീതിയില്‍ കാണാതെ ഒരു event എന്ന രീതിയില്‍ കാണുന്നതാണ് നമ്മുടെ പ്രശ്നം എന്ന് സായിനാഥ് പറയുന്നുണ്ട്. വിശക്കുന്നവന് ഭക്ഷണം കിട്ടി എന്ന വാര്‍ത്തയോടെ പ്രശ്നം പരിഹരിച്ചു എന്ന മനോഭാവത്തില്‍ മാധ്യമങ്ങളും, ഭരണകൂടവും ജനങ്ങളും എല്ലാം അടുത്ത event തേടി യാത്രയാകുന്നു. പട്ടിണി എങ്ങനെ ഉണ്ടാകുന്നു എന്നോ , അതിനു വഴി വയ്ക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയോ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയോ പരിഹരിക്കപെടുന്നില്ല. എളുപ്പവഴിയില്‍ ഉത്തരം കാണുക എന്ന സമവാക്യത്തില്‍ എല്ലാവരും തൃപ്തര്‍... !

ഡല്‍ഹിയിലെ സംഭവ പരമ്പരകളും ഏതാണ്ട് ഈ വഴിയിലേക്ക് തന്നെയാണ് പോകുന്നത്. ആളി കത്തുന്ന പ്രതിഷേധം കുറ്റവാളികള്‍ക്ക് വധ ശിക്ഷ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഈ മൃഗീയ കൃത്യം നടത്തിയവര്‍ക്ക് അതിനൊത്ത ശിക്ഷ കിട്ടണം എന്നത് തന്നെയാണ് എന്റെയും അഭിപ്രായം , പക്ഷെ ഇന്ത്യ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത ഈ ഒരു പ്രതിഷേധം നമ്മളെ റേപ്പ് എന്ന അതിക്രമത്തിന്‌ എതിരെ ദീര്ഖകാല അടിസ്ഥാനത്തില്‍ ഒരു പ്രതിരോധം ഉണ്ടാക്കാന്‍ സഹായിച്ചില്ലെങ്കില്‍ അംലപാലിയും ഡല്‍ഹിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്ന് നമ്മള്‍ താമസിയാതെ തിരിച്ചറിയും.

സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുന്ന ഏക രാജ്യമോന്നും അല്ല ഇന്ത്യ, പല വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശ്നമാണിത്. പക്ഷെ അവരില്‍ പലരും വികാര പരമായ ശിക്ഷകള്‍ക്ക് അപ്പുറം ഈ മൃഗീയതയുടെ സാംസ്‌കാരിക , സാമൂഹിക , സാമ്പത്തിക വശങ്ങളെ പറ്റി പഠിച്ച് തയ്യാറാക്കിയ പ്രതിരോധങ്ങള്‍ ഉണ്ട്. പക്ഷെ ആറ് പേരെ തൂക്കി കൊല്ലുന്നത്‌ പോലെ എളുപ്പം ചെയ്യാവുന്ന ഒരു പണിയാവില്ല അത്. കാലാകാലങ്ങളായി സര്‍ക്കാരും ജനങ്ങളും കണ്ണടച്ച് ഇരുട്ടാക്കുന്ന പലതിനും നേരെ കണ്ണ് തുറക്കേണ്ടി വരും.

ഇത്തരം ഒരു പ്ലാനില്‍ ആദ്യ ശ്രമം വിദ്യാഭ്യാസം വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ എങ്ങനെ ബോധവല്‍ക്കരണം നടത്താം എന്നതാണ് . ലൈംഗിക വിദ്യാഭ്യാസത്തിന് അപ്പുറം , ആണ്‍ മേല്‍ക്കോയ്മ എന്ന ചിന്ത ഇല്ലാത്ത ആരോഗ്യപരമായ ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് കൂടി അടുത്ത തലമുറയെ പഠിപ്പിക്കുകയാണ് ഇത് വഴി ചെയ്യേണ്ടത്. വിദ്യാഭ്യാസം എന്ന ഭാഗ്യം ഇല്ലാത്ത 26% ജനതയെ ഇതെങ്ങനെ പഠിപ്പിക്കും എന്നാ ചോദ്യത്തിന് കുറെ കൂടി വിശാലമായ ഒരു മറുപടി വേണ്ടി വരും.

പിന്നീടുള്ളത് സുരക്ഷയാണ് , പെണ്‍കുട്ടികളെ പുറത്ത് ഇറക്കാതെ, പുതച്ച് മൂടി വീട്ടില്‍ ഇരുത്തുന്നത്‌ വീടിന് പുറത്തുള്ള അക്രമങ്ങള്‍ കുറക്കുമെങ്കിലും , ഒരു രാഷ്ട്രത്തിന്‍റെ അമ്പതു ശതമാനം ജനതയെ പിന്നോട്ട് വലിക്കുന്ന നയങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് എല്ലാവര്ക്കും അറിയാം. അപ്പോള്‍ സ്വന്ത്രയായി വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനും ഉള്ള സ്വതന്ത്രം ഉണ്ടാക്കുക എന്നത് തന്നെയാവണം അടുത്ത നയം.

വാര്‍ത്താ പ്രാധാന്യം നേടുന്ന ഇത്തരം അക്രമങ്ങളെക്കാള്‍ എത്രയോ കൂടുതലാണ് നമ്മള്‍ അറിയാതെ പോകുന്ന അക്രമങ്ങള്‍ . പോലീസും പട്ടാളവും നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെയും , സമൂഹത്തില്‍ ശബ്ദം ഇല്ലാത്ത ദളിതുകള്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും എതിരെ കരുതല്‍ നടപടികള്‍ വേണം. അരുന്ധതി റോയിയെ പോലെ സത്യം വിളിച്ചു പറയുന്നവരെ തല്ലിയോടിച്ചാല്‍ തീരുന്ന പ്രശ്നം ഒന്നും അല്ല അത്. ഉള്ളവനും ഇല്ലാത്തവനും കിട്ടുന്ന വാര്‍ത്താ പ്രധാന്യത്തിന്റെയും നീതിയുടെയും ഒന്നായിരിക്കണം എന്നൊരു സത്യം അതിനുള്ളില്‍ ഉണ്ട്.

പെണ്‍കുട്ടികള്‍ക്ക് എതിരെ ഉള്ള അക്രമങ്ങളില്‍ ഭൂരിഭാഗവും അവര്‍ അറിയുന്നവര്‍ തന്നെയാണ് ചെയ്യുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പത്രം വായിക്കുന്ന ആരോടും ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം കേസുകള്‍ അറിയാനോ തടയാനോ ഇന്ന് യാതൊരു സംവിധാനവും ഇന്ത്യയില്‍ ഇല്ല , കുട്ടികള്‍ പോകുന്ന ആശുപത്രികള്‍ , അവരുമായി ബന്ധമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , പഠിക്കുന്ന സ്ക്കൂളുകള്‍ തുടങ്ങിയ സ്ഥാപങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ സംശയം തോന്നിയാല്‍ പോലീസില്‍ അറിയിക്കാന്‍ ഉള്ള ഒരു നിയമവും സംവിധാനവും തീര്‍ച്ചയായും വേണ്ടതാണ്.

ഇത്തരം കുറ്റ കൃത്യങ്ങളില്‍ സമൂഹവും നിയമപാലകരും പലപ്പോഴും ഇരകളോട് പെരുമാറുന്നത് വളരെ ക്രൂരമായാണ്. പലരും സ്വന്തം അനുഭവവുമായി മുന്നോട്ടു വരാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത് തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലായ്മയാണ് കുടുംബത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ പലതും പുറത്തു വരാതിരിക്കാന്‍ ഉള്ള കാരണം. ആദ്യത്തേത് ബോധവല്‍ക്കരണവും , നിയമപാലകരുടെ പരിശീലനവും വഴി മറികടക്കണം എങ്കില്‍ , രണ്ടാമത്തേത് ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നവരെയും , ബന്ധപെട്ടവരെയും സാമ്പത്തികമായും സാമൂഹികമായും പുനരധിവസിപ്പിക്കുക എന്ന ചുമതല ഏറ്റെടുക്കുന്നതില്‍ കൂടെയേ പരിഹരിക്കാന്‍ കഴിയൂ.

കോടതിയും നീതിയും വരെ എത്തുന്നതിന് മുന്നേ തന്നെ പരിഗണിക്കേണ്ട പ്രശനങ്ങളുടെ എണ്ണം ഞാന്‍ മുകളില്‍ പറഞ്ഞതിലും കൂടുതല്‍ ആവാനേ തരമുള്ളൂ. ഇത്തരം പ്രശ്നങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ ഒരു നയരേഖയും , വ്യക്തമായ പ്ലാനും ആണ് സത്യത്തില്‍ നമ്മള്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടേണ്ടത്. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് ജനങ്ങള്‍ക്ക്‌ മുന്നില്‍ വയ്ക്കുന്ന ആ പ്ലാന്‍ , ഈ രണ്ടാഴ്ചത്തെ അവെഷതിനപ്പുരം പിന്തുടരാനും , സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനും ഇവിടത്തെ ജനങ്ങളും മീഡിയയും ഒരുപോലെ ശ്രമിച്ചാലേ ഇത്തരം പ്രശങ്ങള്‍ക്ക് ക്രിയാത്മകമായ ഒരു പരിഹാരം ഉണ്ടാവൂ...

ഇതൊക്കെ, നേരത്തെ പറഞ്ഞ പോലെ സമയവും അധ്വാനവും ഉള്ള പണിയാണ്, അതൊന്നും പറ്റില്ലെങ്കില്‍ നമുക്ക് പതിവ് പോലെ പോസ്റ്റ്‌ കറുപ്പിക്കലും , സര്‍ക്കാരിനെ ചീത്ത വിളിക്കലും ഒക്കെ ആയി രണ്ടാഴ്ച തള്ളി നീക്കാം , അപ്പോഴേക്കും ഇതിലും വലിയ എന്തെങ്കിലും കിട്ടും . ഡല്‍ഹി റേപ്പ് ഒരു പഴം കഥയായി എഴുതി തള്ളാം, പ്രതികള്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ ഫേസ് ബുക്കില്‍ പടക്കം പൊട്ടിക്കാം. പക്ഷെ അത് കൊണ്ടൊന്നും വലിയ വ്യത്യാസം ഉണ്ടാവും എന്ന് പ്രതീക്ഷിക്കരുത് !!


Further Reading
=============
Global Review on Rape Prevention : http://www.svri.org/GlobalReview.pdf-
Time for Action (Australian Action Plan ) :http://apo.org.au/sites/default/files/Time_for_action.pdf
http://en.wikipedia.org/wiki/Literacy_in_India
http://en.wikipedia.org/wiki/Armed_Forces_(Special_Powers)_Act,_1958
Everybody Loves a Good Draught - P Sainath

Friday 21 December 2012

ജനാധിപത്യ പോലീസ് !




ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‍റെ അര്‍മാദം അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കാണുന്നത് രണ്ട് തരം എതിര്‍പ്പുകള്‍ ആണ് . മോഡിയെയും, ഗുജറാത്തിലെ വംശ ഹത്യയെയും എതിര്‍ക്കുന്ന ആദ്യത്തെ വാദത്തെ ഞാനും പിന്തുണയ്ക്കുന്നു എന്ന് ആദ്യമേ പറയട്ടെ. ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം ഉള്ള ഒരാളാണ് ഞാന്‍., അത്  ഗുജറാത്തിലെ കലാപങ്ങള്‍ക്കും , വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെയുള്ള ഒരു നിലപാടാണ്‌. 

കേരളത്തേക്കാള്‍ വികസിതമായ ഒരു സ്വപ്ന ഭൂമിയാണ്‌ ഗുജറാത്ത്‌ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല (സമയം കിട്ടിയാല്‍, കണക്കുകള്‍ പിറകെ എഴുതാം), പക്ഷെ ഈ പോസ്റ്റ്‌ ഇതിനെ രണ്ടിനെയും കുറിച്ചല്ല , മറിച്ച് ഗുജറാത്തിലെ ജനവിധി ജനാധിപത്യത്തിന്‍റെ കശാപ്പുശാലയാണ് എന്നൊക്കെ എഴുതി പിടിപ്പിക്കുന്ന മലയാളിയുടെ "പുരോഗമന രാഷ്ട്രീയ" പ്രവണതക്ക് എതിരെയാണ്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബ്രിട്ടിഷുകാര്‍ ദാനം നല്‍കിയ വരമൊന്നും അല്ല ജനാധിപത്യം. സ്വാതന്ത്ര്യ ബോധം ഉള്ള നേതാക്കള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ ഒരു ആശയം തന്നെയാണ്. 1952 ല്‍ ഇന്ത്യ തന്‍റെ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വോട്ടര്‍മാരില്‍ 85 ശതമാനം എഴുതാനും വായിക്കാനും കഴിയാത്ത നിരക്ഷരര്‍ ആയിരുന്നു. ഇന്ന് പുരോഗമന രാഷ്ട്രം എന്ന് വാഴ്ത്തപ്പെടുന്ന പല രാഷ്ട്രങ്ങളും ചെയ്ത പോലെ ആദ്യം വിദ്യാഭ്യാസം ഉള്ളവനും , പുരുഷന്മാര്‍ക്കും  വോട്ട് , പിന്നെ കാലക്രമേണ സ്ത്രീകള്‍ക്കും നിരക്ഷരര്‍ക്കും വോട്ട് എന്ന ഒരു മോഡല്‍ നെഹ്രുവിനു മുന്നില്‍ ഉണ്ടായിരുന്നു. മറ്റു പല രാജ്യങ്ങളും ചെയ്ത പോലെ ഏകാധിപത്യത്തിന്റെ പാതയിലും സഞ്ചരിച്ചില്ല നെഹ്‌റു. ( ഇന്ത്യക്കൊപ്പം സ്വതന്ത്രം കിട്ടിയ പാകിസ്താനിലെ ആദ്യ തിരഞ്ഞെടുപ്പ്  1965 ല്‍ ആയിരുന്നു എന്നോര്‍ക്കുക )

ലോകം കണ്ട ഏറ്റവും വിഷമമേറിയ തിരഞ്ഞെടുപ്പ് മുന്നൊരുക്കവും ( 176 million voters  , 85 % illiterate , 4500 seats (parliament + assembly ), 224,000 polling booths, 2.8 million ladies denied  vote because they refused to give their name and gave it as wife of A or daughter of B  ) അതിനു ചുക്കാന്‍ പിടിച്ച സുകുമാര്‍ സെന്‍ എന്ന സമര്‍ഥനായ ഓഫീസറും ഇന്ത്യന്‍ ഓര്‍മയുടെ കയങ്ങളില്‍ മാഞ്ഞു പോയിരിക്കുന്നു . ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിനെ "ലോക ചരിത്രത്തിലെ ഏറ്റവും വലിയ പകിട കളി" എന്നാണ് അന്ന് നിരീക്ഷകര്‍ എഴുതി തള്ളിയത് , പക്ഷെ അറുപത് വര്‍ഷത്തിനപ്പുറം ഇന്ത്യ ഒരു രാജ്യമായി നില നില്‍ക്കുന്നു എങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്ക് ആ ജനാധിപത്യ പകിട കളിക്കാണ് എന്നത് വിസ്മരിക്കാന്‍ ആവാത്ത സത്യം മാത്രമാണ്. 

ആരെ പ്രണയിക്കണം,  എന്നത് പോലെ തികച്ചും വ്യക്തിപരമായ ഒരു തീരുമാനം ആണ് ആര്‍ക്ക് വോട്ട് ചെയ്യണം  അല്ലെങ്കില്‍ എന്ത് ആശയത്തിന്റെ പേരില്‍ വോട്ട് ചെയ്യണം എന്നത്. ഈ  വ്യക്തി സ്വാതന്ത്രത്തിന്റെ മുകളിലാണ് ഇന്ത്യയെ അറുപതു കൊല്ലത്തിന് അപ്പുറം ഒരു രാജ്യമായി നിലനിര്‍ത്തുന്ന ജനാധിപത്യം നമ്മള്‍ കെട്ടി ഉയര്‍ത്തിയത്‌.., നാട്ടില്‍ ആര് ആരെ പ്രേമിക്കണം എന്നത് തീരുമാനിക്കുന്ന സദാചാരപോലീസിന്‍റെ, അല്ലെങ്കില്‍ ഹിന്ദു മുസ്ലിമിനെ പ്രേമിക്കരുത് , അല്ലെങ്കില്‍ മുസ്ലിം ക്രിസ്ത്യനെ  പ്രേമിക്കരുത്, പ്രേമിച്ചാല്‍ സംസ്കാരം തകരും  എന്നൊക്കെ ഇണ്ടാസ് ഇറക്കുന്ന സദാചാര പോലീസ് തലവന്മാരുടെ അതെ മാര്‍ഗമാണ് ഗുജറാത്തിലെ സാധാരണക്കാരന്‍ എങ്ങനെ , എന്ത് ആശയത്തിന്‍റെ പേരില്‍ വോട്ട് ചെയ്താലാണ് ജനാധിപത്യം വിജയിക്കുക എന്ന് തീരുമാനിക്കുന്ന ജനാധിപത്യ പോലീസുകാരന്‍ തിരഞ്ഞെടുക്കുന്നത്. 

നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ എന്നത് പോലുള്ള ഒരു ചോദ്യം ആണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്നതും. ഓരോ തവണ പോളിംഗ് ബൂത്തില്‍ നില്‍ക്കുമ്പോഴും എന്തു ആശയത്തിന്റെ പേരിലാണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുള്ളത് ?. രാഷ്ട്രീയ പ്രബുദ്ധം എന്ന് കരുതുന്ന ആശയങ്ങള്‍ക്ക് അപ്പുറം ഒരു വികാരത്തിന്റെയും പേരില്‍ വോട്ട് ചെയ്തിട്ടില്ല എന്ന്  നിങ്ങള്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ ?.  ഗുജറാത്തിലെ ഒരു സാധാരണക്കാരന്‍ പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ , ബാലറ്റ് പേപ്പര്‍ കയ്യില്‍ എടുക്കുമ്പോള്‍ അവന്‍ ചിന്തിക്കുന്നത് എന്താവും , അത് ചിലപ്പോള്‍ പട്ടിണിയില്‍ ആയ കുടുംബത്തെ പറ്റി  ആവാം , ഗ്രാമത്തില്‍ വന്ന റോഡിനെ പറ്റി  ആവാം, ലോക്കല്‍ നേതാവ് ചെയ്ത സഹായത്തെ പറ്റി ആവാം, അടുത്തയിടക്ക്‌ വന്ന വരള്‍ച്ചയെ പറ്റിയും ആവാം, അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ പോകുന്ന പാര്‍ട്ടിയെയോ സ്ഥാനാര്‍ഥി യെ പറ്റിയോ ആവാം 

 ആ ചിന്തകള്‍ക്ക് ഇടയിലോന്നില്‍ ഈ തിരഞ്ഞെടുപ്പില്‍ അവന്‍ ചെയ്ത  വോട്ടിന്‍റെ കാരണം ഉണ്ട്. ഇതിനെ പറ്റി  ഒന്നും വലിയ വലിയ പിടിപാട് ഇല്ലാതെ , ഇങ്ങകലെ കേരളത്തില്‍ ഇരുന്ന് അവന്‍ എങ്ങനെ  ചിന്തിച്ച് , ആര്‍ക്കു വോട്ട് ചെയ്യണം എന്ന് പറയുന്നവരെ ജനാധിപത്യ പോലീസ്  എന്നല്ലാതെ എന്ത് പേരിട്ടു വിളിക്കും ?.

ഇനി ഇത് പറയാന്‍ അര്‍ഹത ഉണ്ടെന്ന് ധരിക്കുന്ന കേരളത്തിന്റെ വോട്ടിംഗ് ചരിത്രം ഒന്ന് പരിശോധിച്ച് നോക്കാം. ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലു വിളിയായ അടിയന്തിരാവസ്ഥക്ക്‌ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളം വോട്ട് ചെയ്തത് എങ്ങനെ ആണ് ?. കോണ്‍ഗ്രസ്സും , CPI യും മുസ്ലിം ലീഗും , കേരളാ കോണ്‍ഗ്രസ്സും ഉള്‍പെട്ട , അടിയന്തിരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ച മുന്നണിയെ മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മഹനീയ ചരിത്രം ആണ് നമുക്കുള്ളത്. 

ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷം ഡല്‍ഹിയിലെ സിഖ് ജനതയ്ക്ക്  എതിരെ കോണ്‍ഗ്രസ്‌ നര നായാട്ട് നടത്തിയതിനു ശേഷം വീണ്ടും വന്നു തിരഞ്ഞെടുപ്പ്. അന്ന് "വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും" എന്ന് ആലങ്കാരികമായി പറഞ്ഞ്  ഒഴിഞ്ഞ രാജിവ് ഗാന്ധി നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷം നല്കി ആദരിച്ചു കേരള ജനത. ഇത്രയ്ക്കു രാഷ്ട്രീയ പ്രബുദ്ധതയും , മത നിരപെക്ഷതയും ഉള്ള മലയാളിക്ക് മാത്രമേ ഗുജറാത്ത് തിരഞ്ഞെടുപ്പിനെതിരെ ജനാധിപത്യ പോലീസ് വാദങ്ങള്‍ ഉയര്‍ത്താനുള്ള അര്‍ഹതയുള്ളൂ..!!

അതുകൊണ്ട് വിമര്‍ശനം തുടരട്ടെ , ജനാധിപത്യത്തിന്‍റെ ബലാല്‍സംഗത്തെ  പറ്റിയും , എളുപ്പം മണ്ടന്‍ ആക്കാവുന്ന ഗുജറാത്തുകാരന്‍റെ രാഷ്ട്രീയ, മത പ്രബുദ്ധതക്കും ഒക്കെ എതിരെ . ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ സദാചാര പോലീസ്  കളി ഉണ്ടാകുമ്പോള്‍ അതിനെതിരെയും , വ്യക്തി സ്വാതന്ത്രത്തിന് നേരെ ഉയരുന്ന ഭീഷണിക്ക് എതിരെയും, സംസ്കാരം തകരുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് എതിരെയും  പ്രതികരിക്കാന്‍ മറക്കരുത് !. 

Tuesday 18 December 2012

ഓടുന്നത് പ്രേക്ഷകന്‍ !

റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ ആദ്യ അര മണിക്കൂറില്‍ തന്നെ സൂപ്പര്‍ താരങ്ങളെ നശിപ്പിക്കുന്ന ചേരുവകള്‍ എല്ലാം കൃത്യമായി ഉണ്ട്.

1. നായകന്‍ കേമന്‍ ആവണം എങ്കില്‍ നായകന്‍ സ്ക്രീനില്‍ വരുന്നതിന് പത്തു മിനിറ്റ് ,മുന്നേ സ്നേഹിതന്മാര്‍ , അവന്‍ ആനയാണ് , ചേനയാണ്, പുലിയാണ് (പുലികള്‍ക്ക് രക്ഷയില്ലാത്ത കാലമാണ് എന്നത് വേറെ), reuters ആണ്, കോടികള്‍ ശമ്പളം വാങ്ങുന്നവന്‍ ആണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കണം.

2. നാട്ടിലില്ലാത്ത നായകനെ വിലയുള്ളൂ , അത് കൊണ്ട് മലയാളിയായ നായകന്‍ ചുമ്മാ ആരെയൊക്കെയോ രക്ഷിക്കാനും , ഒരു തമാശക്ക് വീഡിയോ പിടിച്ചു കളിക്കാനും ആയി ഒന്ന് രണ്ടു ദിവസത്തേക്ക് നാട്ടില്‍ എത്തുന്നു.

3. പിന്നെ ആരും കണ്ടാല്‍ ഞെട്ടുന്ന ഒരു ന്യൂ ജെനറേഷന്‍ ഇന്ട്രോ. ഇത് വളരെ ആരും കാണിച്ചിട്ടില്ലാത്ത രീതിയില്‍ ആദ്യം ഷൂ കാണിച്ചിട്ട് , പിന്നെയാണ് നായകനെ കാണിക്കുക . ഹോ എന്നാ ഒരു ഷോട്ട് !!.

4. BBC ക്കും reuters നും വേണ്ടി പടം പിടിക്കുന്ന നായകന്‍ , അതാ ചെരുപ്പൂരി എറിഞ്ഞു പടം പിടിക്കാന്‍ ഒരു സീന്‍ ഉണ്ടാക്കുന്നു. വന്യ മൃഗങ്ങളുടെ ഷോട്ട് എടുക്കാന്‍ പോലും അവരെ ഉപദ്രവിക്കരുത് എന്ന് നിയമമുള്ള മീഡിയകളില്‍ നിന്ന് നായകന്‍ പഠിച്ച പാഠം കൊള്ളാം.

5. അഞ്ചു വയസുകാരന്‍ അച്ഛന്‍റെ തല്ലു കൊണ്ട് ഓടുമ്പോള്‍ ക്യാമറ കയ്യില്‍ കൊടുത്താല്‍ എങ്ങനെ വീഡിയോ വരുമോ , അങ്ങനെയുള്ള കുറച്ചു ഷോട്ടുകള്‍ കാണിച്ചിട്ട് മീഡിയ സിംഹങ്ങള്‍ എല്ലാം വാ പൊളിച്ചു നില്‍ക്കുന്നു !!. ഇനി നായകന്‍ പോസ്റ്റ്‌ മോഡേണ്‍ ക്യാമെറാ മാന്‍ ആണോ എന്തോ ?. മനുഷ്യന് നേരെ ചൊവ്വേ കാണാന്‍ പറ്റാത്ത ഷോട്ടുകള്‍ എടുത്തതും പോരാഞ്ഞ് എഡിറ്റ്‌ ചെയ്ത ചേട്ടന്മാരെ കൊതി തീരുവോളം ചീത്ത വിളിക്കുന്നും ഉണ്ട് നായകന്‍.

6. ഷൂ എറിഞ്ഞു കച്ചവട ഷോട്ട് ഉണ്ടാക്കിയ നമ്മുടെ നായകന്‍ , പിന്നെ കച്ചവട സിനിമക്കാരെയും ചാനെലുകാരെയും ചീത്ത പറയുകയും , പിന്നെ ഗോള്‍ഡ്‌ മെഡല്‍ കിട്ടിയ കഥ കൂടി വിളമ്പുകയും ചെയ്യുന്നതോടെ ആദര്ശ ധീരനായ നായകന്‍റെ ഒരു ഏകദേശ ചിത്രം നമുക്ക് കിട്ടും.

7. അറുപതു വയസ് തോന്നിക്കുന്ന നായകനെ അഞ്ചു വര്ഷം മുന്നേ പ്രേമിച്ച കഥയുമായി ഒരു ഇരുപതു വയസുകാരി പതിവ് പോലെ റെഡി ആയി നില്‍പ്പുണ്ട്

8. നായകന് എന്തും ആവാം എന്ന് പ്രേക്ഷകന് ഇത് വരെ മനസിലാക്കി ഇല്ലെങ്കിലോ ന്ന് തോന്നിയിട്ടാവാം , പോലീസിനെ തല്ലലും, പിന്നെ രക്ഷിക്കലും , പോലീസ് സ്റ്റേഷനില്‍ കയറി വിരട്ടലും ഒക്കെ വീണ്ടും കാണിച്ച് രോമാഞ്ചം വരുത്തുന്നുണ്ട് സംവിധായകന്‍. , reuters എന്നാ ഒരു വാക്കിന് ഈ കൊച്ചു കേരളത്തില്‍ ഇത്ര വിലയുണ്ടെന്ന് അവര്‍ക്ക് പോലും അറിവുണ്ടാവില്ല !!.

9. ഇതൊക്കെ കേട്ട് ഇതൊരു സ്ത്രീ പ്രാധാന്യം ഇല്ലാത്ത ചിത്രം ആണെന്ന് തെറ്റി ധരിക്കരുത്. രണ്ടു മിനിറ്റ് കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്നം അഞ്ചു കൊല്ലം മനസിനുള്ളില്‍ കൊണ്ട് നടക്കുന്ന , തന്നെ ചതിച്ച കമ്പനിയുടെ ശമ്പളവും വാങ്ങി, അവിടെ ചീഫ് എക്സിക്യൂട്ടീവ് ആയി വിലസുന്ന , ആദര്‍ശ ധീരയായ ഒരു പെണ്‍കൊടിയും ഉണ്ട് ചിത്രത്തില്‍

10. മൊത്തത്തില്‍, നായകനും നായികക്കും ഒക്കെ എന്തും ആവാം , പാവം പ്രേക്ഷകന്‍ ഇറങ്ങി ഓടാത്തത്‌ ബിജു മേനോന്‍ എന്നാ മലയാളി സ്നേഹിക്കുന്ന നടന്‍ ഉള്ളത് കൊണ്ട് മാത്രം . ( ആ ഉണ്ടത്രേ പരാമര്‍ശം കലക്കി)

ഇതൊക്കെ കണ്ടിട്ടും വിഷമം വരാത്ത ധീരന്മാര്‍ക്ക്‌ സങ്കടം വരാന്‍ ഈ സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ആയല്ലോ എന്ന് ഓര്‍ത്താല്‍ മതി.

സത്യത്തില്‍ ഫഹദ് ഫാസിലിനെ ഒക്കെ നായകനാക്കി , ഹീറോ പരിവേഷം ഒക്കെ കുറച്ച് എടുത്താല്‍ ചിലപ്പോ ഒരു നല്ല സിനിമ ആയേനെ ഇത് . അതിനുള്ള വകുപ്പ് ഒക്കെ കഥയില്‍ ഉണ്ട്

Tuesday 11 December 2012

ഒഴിമുറിയില്‍ നിറയുന്നത് ..

ഭരതനോട് ഒപ്പം സിനിമകള്‍ ചെയ്ത നല്ല നാളുകളെ കുറിച്ച് പറയുന്നതിനിടയില്‍ , അഭിനന്ദനങ്ങള്‍ക്ക് പോലും ഒരു ഭരതന്‍ ടച്ച്‌ ഉണ്ടെന്ന് സംഗീത സംവിധായകന്‍ ജോണ്‍സന്‍ പറഞ്ഞതോര്‍ക്കുന്നു. ഏതെങ്കിലും ഒരു പാട്ട്, അല്ലെങ്കില്‍ ആരുടെയെങ്കിലും അഭിനയം വളരെ ഇഷ്ടപെട്ടാല്‍ , "കൊള്ളാം. ഇത് നീ ചെയ്തതാണ് എന്ന് പറയില്ല" എന്നാണത്രേ ഭരതന്‍ പറയുക. ഒരേ സമയം ഇകഴ്ത്തലും പുകഴ്ത്തലും ആയി കാണാവുന്ന വാക്കുകള്‍. 

അവനവന് സാധാരണ ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്തേക്ക് ഒരാള്‍ , അല്ലെങ്കില്‍ ഒരു സൃഷ്ടി ചെന്നെത്തുന്നതിന്റെ ആനന്ദം ആയിട്ടാണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. ഒഴിമുറി എന്ന ചിത്രം എന്നെ ഒര്മിപ്പിച്ചതും ആ ഭാരത വാക്യമാണ്. സിനിമ എന്ന കലയുടെ വ്യാകരണവും അളവ് കോലുകളും വച്ച് അളന്നാല്‍ ഒഴിമുറിക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടാവാം, പക്ഷെ ഒഴിമുറി കാണുമ്പോള്‍ നമുക്ക് മുന്നില്‍ നിറയുന്നത്. സിനിമക്ക് അപ്പുറത്തേക്ക് ഒരു സമൂഹത്തിന്‍റെ, മൂന്ന് തലമുറയുടെ ചിത്രമാണ്‌. 

സ്ത്രീകള്‍ക്ക് സ്വത്തവകാശവും , വിവാഹത്തിന് ശേഷം സ്വന്തം വീട്ടില്‍ താമസിക്കാന്‍ അധികാരവും ഉണ്ടായിരുന്ന ഒന്നാം തലമുറയും, സ്ത്രീയുടെ ലോകം വീടിനുള്ളിലേക്ക് ചുരുങ്ങി പോയ രണ്ടാം തലമുറയും, അവരുടെ കഥകള്‍ വിലക്കി ചേര്‍ക്കാന്‍ സംവിധായകന്‍ ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയും നല്ല കയ്യടക്കത്തോടെ എഴുതി സംവിധാനം ചെയ്ത ഈ സിനിമയില്‍ നിറയുന്നു.

ഭാഷയും , ഭൂപ്രകൃതിയും കാലവും പലപ്പോഴും അപരിചിതം , പക്ഷെ മുന്നില്‍ തെളിഞ്ഞ കഥാപാത്രങ്ങള്‍ പലതും മനസിന്‍റെ ഉള്ളില്‍ ചെന്ന് കൊണ്ടു. ആരെയും കൂസാത്ത , ഏതു അര്‍ദ്ധരാത്രിയിലും ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ലാത്ത , ആരവിടെ എന്ന് ചോദിച്ചാല്‍ ഞാന്‍ ഇവിടെ എന്ന് ഉറച്ചു പറയാന്‍ കഴിയുന്ന അമ്മൂമ്മമാരെ കണ്ടിട്ടുണ്ട് ചെറുപ്പത്തില്‍..., ആര് മണിക്ക് ശേഷം ഒറ്റയ്ക്ക് പെണ്‍കുട്ടികള്‍ പുറത്തിറങ്ങാത്ത ഇന്നത്തെ കേരളത്തിന് , പായും തലയിണയും ആയി ഒറ്റയ്ക്ക് രാത്രി കഥകളി കാണാന്‍ പോകുന്ന അമ്മൂമ്മമാര്‍ ഒരു കൌതുകം ആയേക്കാം.

അഭിനയം പോരാ എന്ന് മലയാളി എഴുതി തള്ളിയിരുന്ന ശ്വേതാ മേനോന്‍ എന്ന നടിക്ക് കഴിഞ്ഞ നാല് വര്‍ഷത്തില്‍ വന്ന മാറ്റം അതിശയകരം തന്നെ. ആരെയും കൂസാത്ത അമ്മച്ചിയായി ശ്വേത തകര്‍ത്തിരിക്കുന്നു ഈ ചിത്രത്തില്‍....., ചെറുപ്പത്തില്‍ നിന്ന് വാര്ധക്യത്തിലേക്ക് എത്തുമ്പോള്‍ വരുന്ന വേഷ വിധാനത്തിലെ അലസത വളരെ സ്വാഭാവികമായി തോന്നി പലപ്പോഴും. 

സ്നേഹം ശകാരമായി മാത്രം പുറത്തു വരുന്ന, വാശിക്ക് ഒട്ടും കുറവില്ലാത്ത , പേടിക്കുന്നവന്റെ മുന്നില്‍ സിംഹവും, പേടിപ്പിക്കുന്നവന്റെ മുന്നില്‍ ആട്ടിന്‍ കുട്ടിയും ആകുന്ന സാധാരണക്കാരന്‍റെ വേഷം ലാലിന്‍റെ കയ്യില്‍ ഭദ്രം. താര പരിവേഷത്തിന്റെ ലഹരിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒക്കെ നഷ്ടപ്പെട്ട് പോകുന്നത് ഇത്തരം വേഷങ്ങള്‍ ആണ്.

ജീവിതകാലം മുഴുവന്‍ വഴക്കിട്ടു മാറ്റി നിര്‍ത്തിയ അമ്മയുടെ ബലിയിടുമ്പോള്‍ ഓര്‍മയുടെ ഭാരത്തിനു മുന്നില്‍ മനസ്‌ ഇടറുന്ന മക്കളും പുതിയ കാഴ്ചയല്ല. എന്തിനാണ് ജീവിച്ചിരിക്കെ ഇത്രയും വാശി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ചുറ്റും നോക്കുമ്പോള്‍. !!

പരസ്പരം ഉള്ളു തുറന്ന് സംസാരിക്കാതെ , പേടിച്ചും പേടിപ്പിച്ചും നഷ്ടപ്പെട്ട് പോയ ഒരു തലമുറയിലെ അച്ഛനും മകനും തമ്മിലുള്ള ബന്ധം ഈ സിനിമ നന്നായി കാണിക്കുന്നുണ്ട്.ട്രാഫി ക്കിന് ശേഷം അസിഫ് അലിക്ക് കിട്ടിയ ഒരു നല്ല വേഷം. 

ഭര്‍ത്താവിനും മകനും അപ്പുറം ഒരു ലോകം ഇല്ലാത്ത , അവര്‍ക്ക് വേണ്ടി സ്വന്തം കുടുംബത്തെ പോലും മാറ്റി നിര്‍ത്തേണ്ടി വരുന്ന അമ്മാരുടെ ഒരു തലമുറയും നമുക്ക് മുന്നില്‍ എത്തുന്നു.എത്രയൊക്കെ ത്യാഗം ചെയ്താലും ഒടുവില്‍ മറ്റുള്ളവരുടെ മനസിലേ കുറ്റബോധങ്ങളുടെ കുരിശ് ഏറ്റാന്‍ വിധിക്കപെടുന്നവര്‍..., അവര്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടയിക്കൂടാ എന്ന് വാശി പിടിക്കുന്നവര്‍ തന്നെ , അഭിപ്രായങ്ങള്‍ ഇല്ലാത്തവര്‍ എന്ന് അവരെ കളിയാക്കുന്ന അവസ്ഥകള്‍ , ഇത് കേരളത്തിലെ ഒരു തലമുറയിലെ സ്ത്രീകളുടെ നേര്‍ ചിത്രമല്ലേ ?.

മലയാള സിനിമയില്‍ തന്‍റെ ചുവടുറപ്പിക്കുന്ന നന്ദുവിന് വീണ്ടും ഒരു നല്ല വേഷം. രണ്ടു മിനിറ്റ് മാത്രം സ്ക്രീനില്‍ വന്നു പോകുന്ന ഗോപകുമാറിന്റെ വേഷം വരെ നന്നായിട്ടുണ്ട്. മലയാള സിനിമ ഈ നടനെ വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല എന്നതല്ലേ സത്യം ?.

ഇതിനൊക്കെ അപ്പുറത്ത് അവതരണം തെറ്റിയാല്‍ വളരെ വിരസമാകുമായിരുന്ന ഒരു കഥയെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് മധുപാല്‍., കാലങ്ങളെ ഇട കലര്‍ത്തി ഉള്ള കഥ പറച്ചിലും , പലപ്പോഴും കൂട്ടി വായിക്കാവുന്ന ചെറിയ സൂചനകളും സിനിമയെ മനോഹരമാക്കുന്നു.

പുറമേ നിന്ന് ദുഷ്ടന്‍ എന്ന് തോന്നുന്നവരുടെ മറുവശവും, ദുര്‍ബലര്‍ എന്ന് തോന്നുന്നവരുടെ അക കരുത്തും ഒക്കെ പതിയെ പതിയെ , കഥക്കൊപ്പം നമുക്ക് കാട്ടിത്തരുന്നുണ്ട് സംവിധായകന്‍.., മരണത്തെ പറ്റിയുള്ള നിരീക്ഷണങ്ങളും വളരെ നന്നയി തോന്നി ( " മരണത്തിന് മുന്നില്‍ മനുഷ്യര്‍ എത്ര ചവറാണ് ")

ഭക്ഷണ പ്രേമവും , കുറ്റം പറച്ചിലും അടക്കമുള്ള ശീലങ്ങളില്‍ പിടിച്ച് ഞങ്ങള്‍ നായന്മാരെ ഒരിത്തിരി കളിയാക്കി എങ്കിലും ഒരു സിനിമക്ക് അപ്പുറം, ഒരു സമൂഹത്തിന്‍റെ മൂന്ന് തലമുറയുടെ കഥ പറയുന്ന ഈ ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഭരതന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ , "നന്നായി. വെറും ഒരു സിനിമ ആണെന്ന് പറയില്ല കേട്ടോ !" 

Friday 7 December 2012

പച്ചയും കാവിയും

പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരുപാടു എലികള്‍ ഉണ്ടായിരുന്നു. കണ്ടാല്‍ ഒരേപോലെയുള്ള , ഒരേ നിറത്തിലുള്ള ഒരുപാട് എലികള്‍.. ... അരിയും തേങ്ങാ പൂളും കഴിച്ച് അവര്‍ സുഖമായി കഴിയുന്ന കാലത്താണ് ആ നാട്ടിലേക്ക് പേരില്ലാത്ത ഒരു പെയിന്‍റെര്‍ എലി വരുന്നത്. രണ്ടേ രണ്ട് നിറങ്ങളെ അവന്‍റെ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. കാവിയും പച്ചയും. 

വെള്ള നിറം മാറ്റി കളറടിക്കാന്‍ പിന്നങ്ങോട്ട് എലികളുടെ ക്യൂ ആയിരുന്നു. ആദ്യമാദ്യം അവരവരുടെ കളറുകള്‍ കണ്ണാടിയില്‍ കണ്ടു രസിച്ച എലികള്‍ പിന്നെ പതിയെ പതിയെ സ്വന്തം കളര്‍ അടിക്കാത്ത എലികളെ കളിയാക്കാന്‍ തുടങ്ങി. തെങ്ങാപൂള് തിന്നാന്‍ പച്ച എലികള്‍ക്ക് അവകാശം ഇല്ലെന്ന് കാവി എലികളും , അരിച്ചാക്ക് മുറിച്ച് അരിയെടുക്കാന്‍ കാവി എലികള്‍ക്ക് അവകാശമില്ലെന്ന് പച്ച എലികളും പറഞ്ഞു തുടങ്ങിയതോടെയാണ് തര്‍ക്കംമൂത്തത്. നമ്മുടെ പെയിന്‍റെര്‍ എലി അപ്പോഴേക്കും ഫീസ്‌ ആയി കിട്ടിയ അരിയും തേങ്ങാ പൂളുമായി സ്ഥലം വിട്ടിരുന്നു.

പിന്നെടങ്ങോട്ട് പോരാട്ടങ്ങളുടെ കാലമായിരുന്നു. പാടത്തും പറമ്പിലും മാളത്തിലും ഒക്കെ പൊരിഞ്ഞ യുദ്ധം. ഒറ്റക്കുള്ള യുദ്ധം മടുത്തപ്പോള്‍ എന്നാലിനി കുളത്തിന്‍ കരയിലെ പറമ്പില്‍ വച്ച് ഒരു മഹായുദ്ധം തന്നെ ആവട്ടെ എന്ന് തീരുമാനമായി.രണ്ടിലൊന്ന് അറിയാമല്ലോ !.

കടിയും മാന്തലും ആയി യുദ്ധം പുരോഗമിക്കെ മാനം ഇരുണ്ടു , മഴ വന്നു. മഴ പെയ്തു തോര്‍ന്നപ്പോള്‍ എലികളുടെ നിറങ്ങള്‍ എല്ലാം ഒലിച്ചു പോയിരുന്നു. അവശേഷിച്ചത്, കാണാന്‍ ഒരു പോലിരിക്കുന്ന, തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത എലികള്‍ മാത്രം. 

കടിക്കേണ്ടതും മാന്തെണ്ടതും ആരെ എന്ന് നിറം നോക്കി തിരിച്ചറിയാന്‍ പറ്റാതെ വന്നപ്പോള്‍ , എലികള്‍ യുദ്ധം നിര്‍ത്തി തേങ്ങാപൂളും അരിയും അന്വേഷിച്ചു പോയി. 

Thursday 29 November 2012

ജനാധിപത്യത്തിന്‍റെ യൂത്തന്‍ തുള്ളല്‍


പണ്ടേതോ കമ്മ്യൂണിസ്റ്റ്‌ കാരന്‍റെ ഒളിവിലെ ഓര്‍മകളില്‍ ആണ് കണാരേട്ടന്റെ കഥ വായിച്ചത്. 

ആറടി പൊക്കവും അതിനൊത്ത വണ്ണവും ഒരു കൊമ്പന്‍ മീശയും ഉള്ള കണാരേട്ടന്‍ ആയിരുന്നു ഒളിവില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ സംരക്ഷകന്‍ . എന്നും വൈകീട്ട് എത്തുന്ന ഭക്ഷണത്തോടൊപ്പം കണാരേട്ടന്റെ ക്ലാസും ഉണ്ടാവും , പോലീസ് പിടിച്ചാല്‍ രഹസ്യങ്ങള്‍ പുറത്തു വിടാതെ മര്‍ദനം സഹിക്കുന്നതിനെ പറ്റി .  കത്തിയും ഇടുപ്പില്‍ തിരുകി നടക്കുന്ന കണാരേട്ടന്‍ അന്ന് കുട്ടി സഖാക്കളുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. 

അങ്ങനെ ഒരുപാട് സഖാക്കളേ വിപ്ലവ വീര്യം പഠിപ്പിച്ച കണരേട്ടനെ ഒരിക്കല്‍ പോലീസ്  പിടിച്ചു . ആദ്യത്തെ അടിയില്‍ ജനിച്ചത്‌ മുതല്‍ അന്ന് വരെ അറിഞ്ഞ  എല്ലാ സത്യങ്ങളും കണാരേട്ടന്‍ വിളിച്ച് പറഞ്ഞു എന്നത് ചരിത്രം.

ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ എന്നിക്കൊര്‍മ വരിക കണാരേട്ടന്റെ കഥയാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭരിക്കുന്ന പാര്‍ട്ടികളില്‍ ഒന്നും ഉള്‍ പാര്‍ട്ടി ജനാധിപത്യം മഷിയിട്ടു നോക്കിയാല്‍ കാണാനില്ല.  അച്ഛനും , മകനും കൂടി ഭരിക്കുന്ന DMK യും സമാജ് വാദി പാര്‍ട്ടിയും, പിന്നെ മയാവതിയുടെയും , ശരദ് പവാറിന്‍റെയും സ്വന്തം പാര്‍ട്ടികള്‍ , ഇതിനൊക്കെ മുകളില്‍ അമ്മയും കുഞ്ഞും ഭരിക്കുന്ന നമ്മളുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ഇവരെല്ലാം ഉള്ള നാട്ടില്‍ ഇപ്പോഴും ജനാധിപത്യം ഉണ്ട് എന്നതൊരു മഹാത്ഭുതം തന്നെയാണ്. 

ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന , ഏതാണ്ട് എല്ലാ കൊല്ലവും ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഒരു കുടുംബത്തിന്‍റെ സാരിത്തുമ്പില്‍ ഒതുങ്ങിപ്പോയതെങ്ങനെ എന്നറിയാന്‍ ഒരല്പം ചരിത്രം മരിച്ചു നോക്കണം.  പിറവി കൊണ്ട 1885 മുതല്‍ സ്വാതന്ത്ര്യം കിട്ടിയ 1947 വരെ ഉള്ള അറുപത്തി രണ്ട് വര്‍ഷങ്ങളില്‍ അമ്പത്തി മൂന്ന് വ്യത്യസ്ത പ്രസിഡന്റ്‌മാര്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസിന്‌. . നെഹ്രുവിന്‍റെ കൈപ്പിടിയില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ കീഴിലേക്ക് പോകും വരെയുള്ള മുപ്പത് വര്‍ഷത്തില്‍ (1947 - 1977) പ്രസിഡന്റ്‌മാരുടെ എണ്ണം പത്തായി ചുരുങ്ങി. 

വല്ലഭായി പട്ടേലിന്റെ മരണ ശേഷം പാര്‍ട്ടി നെഹ്രുവിന് കീഴില്‍ ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പോലെ , കമരജിനെ പോലെ വ്യക്തിത്വമുള്ള നേതാക്കളുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു പാര്‍ട്ടിയില്‍. . പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കാന്‍ കാമരാജ്‌ നിര്‍ദേശിച്ച പ്ലാന്‍ അനുസരിച്ച് രാജി വയ്ക്കാന്‍ നെഹ്‌റു തയ്യാറായി എന്ന് കേട്ടിട്ടുണ്ട്. 

ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യതിലെക്കുള്ള പാര്‍ട്ടിയുടെ പോക്ക് തുടങ്ങുന്നത് ഇന്ദിരാ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും ആയി അകലുന്നതോടെ ആണ്.  പിന്നീട് Congress (I) ആയി മാറിയ , ആദ്യം Congress(R) ആയിരുന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദിരാ ഗാന്ധി  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിടുമ്പോള്‍ ഭൂരിപക്ഷം നേതാക്കളും , പിന്നെ 71 ലെ ഇലക്ഷനില്‍  ജനങ്ങളും അവരെ ആണ് അംഗീകരിച്ചത് . അടിയന്തിരാവസ്ഥ എന്നാ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍  പോലും പാര്‍ട്ടി ഇന്ദിരക്ക് ഒപ്പം നിന്നതോടെ ഗാന്ധി ഫാമിലിയുടെ സ്വന്തം പാര്‍ട്ടി ആയി കോണ്‍ഗ്രസ്‌ മാറിക്കഴിഞ്ഞു.

ഒരു പക്ഷെ അന്ന് ജനാധിപത്യത്തിന്‍റെ വശത്ത് നില്ക്കാന്‍ പാര്‍ട്ടിയും ജനങ്ങളും തീരുമാനിച്ചിരുന്നു എങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

എഴുപത്തി എട്ടില്‍ ഇന്ദിര ഗാന്ധി പ്രസിഡന്റായി അവരോധിക്കപെടുന്നതിന് ശേഷം പാര്‍ട്ടിയെ നയിച്ചവരെ ഒരൊറ്റ വിരലില്‍ എണ്ണാം. 84 ലെ അവരുടെ മരണം വരെ ഇന്ദിര ഗാന്ധി, പിന്നെടങ്ങോട്ട് രാജീവ്‌ ഗാന്ധി ഉണ്ടായിരുന്ന കാലത്തോളം രാജീവ്‌ ഗാന്ധി. പ്രധാന മന്ത്രിയും പാര്‍ട്ടി നേതാവും ഒന്ന് എന്ന  തത്വം നരസിംഹ റാവുവും തെറ്റിച്ചില്ല. അധികാരം ഇല്ലാതിരുന്ന രണ്ട് വര്‍ഷം (96- 98 )പാര്‍ട്ടിയെ നയിക്കാനുള്ള യോഗം സിതാറാം കേസരിക്കും കിട്ടി. 

ഗാന്ധി ഫാമിലിയുടെ പുറകെ ഇറങ്ങി തിരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് അവരില്ലാതെ നിലനില്പില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി 98ല്‍ സോണിയ ഗാന്ധിയെ നേതൃത്വം ഏല്‍പ്പിക്കുന്നത് . കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിയെ സത്യത്തില്‍ ഒരുമിച്ചു നിര്‍ത്തുന്നത് ഗാന്ധി ഫാമിലി എന്നാ ഫെവികോള്‍ ആണ്. പാര്‍ട്ടിയെ അവര്‍ക്ക് ആവശ്യം ഉള്ളതില്‍ കൂടുതല്‍ പാര്‍ട്ടിക്ക് അവരെ ആവശ്യം ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്യസന്ധമായ ഒരു ചിത്രം നമുക്ക് കിട്ടുന്നു.

പിന്നീടിങ്ങോട്ട്‌ 1998 മുതല്‍ ഇന്ന് വരെ ഉള്ള പതിനാല് വര്‍ഷം (98-2014) സോണിയ ഗാന്ധിയുടെ കീഴിലെ അച്ചടക്കമുള്ള കുട്ടിയാണ് ഇന്ത്യന്‍  ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ പാര്‍ട്ടി.

അന്ധമായ ഈ ഭക്തി തന്നെയാണ് ഇന്ന് കേരളത്തിലും കാണാവുന്നത്‌ . ഹാലിയുടെ വാല്‍നക്ഷത്രം രണ്ടു തവണ കണ്ട  വൃദ്ധന്മാര്‍ പോലും ഒരു KPCC തിരഞ്ഞെടുപ്പ് കാണാന്‍ യോഗമില്ലാതെ മരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ.

തോടുപുഴയില്‍ തിരഞ്ഞെടുപ്പിന് ശേഷം അനിയന്മാര്‍ നാല് മണിക്കൂര്‍ യുത്തന്‍ തുള്ളല്‍ നടത്തി എന്ന് കേള്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ വിനീത വിധേയത്വത്തെക്കാള്‍  മെച്ചമല്ലേ അത് എന്ന് ഒരു ജനാധിപത്യ വിശ്വാസി ചിന്തിച്ചാല്‍ തെറ്റ് പറയാനാവുമോ ?.

Tuesday 20 November 2012

ബനാനാ റിപബ്ലിക്

ഇരുട്ടിന്‍റെ പുതപ്പു വീണ വഴിയിലൂടെ അയാള്‍ മെല്ലെ  ശബ്ദം ഉണ്ടാക്കാതെ നടന്നു. കോട്ടിന്റെ പോക്കെറ്റില്‍ ഉള്ള ടോര്‍ച്ചില്‍ അയാളുടെ കൈ ഒന്ന് രണ്ടു തവണ ചെന്നെത്തി. അയാള്‍ക്ക് ഭയമായിരുന്നു. വെളിച്ചം ഒരു പക്ഷെ തന്നെ ഒറ്റി കൊടുത്തേക്കാം.

ഇനിയൊരിക്കലും വരാത്ത ആ നല്ല നാളുകളെ പറ്റി  ഓര്‍ത്ത്  അയാളുടെ മനസ് കരഞ്ഞു കൊണ്ടിരുന്നു   പക്ഷെ, പൊരുതാനുറച്ച ഒരു പോരാളിയുടെ മനസായിരുന്നു അയാള്‍ക്ക്..

മരച്ചില്ലകള്‍ കൊണ്ട് ഒളിപ്പിച്ച് വച്ച ആ തകര ഷെഡ്‌ അയാള്‍ ശബ്ദം ഉണ്ടാക്കാതെ തുറന്നു. ചെറുതായി ചൂളം വിളിച്ച് പോകുന്ന കാറ്റിന്‍റെ ഇലയനക്കം പോലും അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.  പൊടി  പിടിച്ചു കിടക്കുന്ന വിരിപ്പിന്  അടിയില്‍ നിന്ന് അയാള്‍ ആ യന്ത്രം പുറത്തെടുത്തു. 

തന്‍റെ വീട്ടില്‍ നിന്ന് ഏറെ അകലെ ആണ് താന്‍ എന്ന് അയാള്‍ ഓര്‍ത്തു. ആരും പിന്തുടരാതിരിക്കാന്‍ അടിവാരത്ത് മെട്രോ ഇറങ്ങി പതിനേഴ്‌ മൈല്‍ നടന്ന ക്ഷീണം അയാളെ  അലട്ടിയില്ല. 

വഴിയില്‍ മരിച്ചു കിടന്ന ഒരനാഥ ജഡത്തിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ട് വാങ്ങിയ ഉപകരണം അയാള്‍ യന്ത്രത്തിലേക്ക് ഖടിപ്പിച്ചു.  കയ്യുറകള്‍ ഇട്ടിട്ടുണ്ടായിരുന്നെങ്കിലും തന്‍റെ വിരലടയാളം എവിടെ എങ്കിലും പതിയുമോ എന്ന പേടി ഒഴിഞ്ഞു പോയിരുന്നില്ല . 

മിന്നിത്തിളങ്ങുന്ന വെളിച്ചങ്ങളുടെ അകമ്പടിയോടെ യന്ത്രത്തിന് ജീവന്‍ വച്ചു .  സത്യത്തിന്‍റെ അക്ഷരങ്ങള്‍  അയാളുടെ വിരലില്‍ നിന്ന് ഒഴുകാന്‍ തുടങ്ങി. അന്നാദ്യമായി അയാള്‍ പരിസരം മറന്നു പോയിരുന്നു. 

മുപ്പതു മിനിട്ടില്‍ കൂടുതല്‍ ഇവിടെ ചിലവഴിച്ചാല്‍ അവര്‍ തന്നെ ട്രാക്ക് ചെയ്യും എന്നാ ചിന്തയാവം, അയാളുടെ കൈകള്‍ പബ്ലിഷ് ബട്ടണിലെക്ക്  നീങ്ങി.  ലൈക്കും കമന്‍റും ഓഫ്‌ ചെയ്യാന്‍ ഇനിയൊരിക്കലും മറക്കരുത് എന്നയാള്‍ ഓര്‍ത്തു. വെറുതെ ജയിലുകള്‍ നിറക്കുന്നത് എന്തിന് ?. 

വിറയ്ക്കുന്ന കൈകളോടെ അയാള്‍  ബ്ലോഗിന്‍റെ  ബ്രൌസര്‍ ടാബ് അടക്കുമ്പോഴേക്കും  എവിടെയോ ഒരു പോലീസ്  സ്ക്രീനില്‍  അയാളുടെ  IP അഡ്രെസിന് മീതെ ചുവപ്പ് നിറം പടര്‍ന്നിരുന്നു ...

Sunday 11 November 2012

മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ചാല്‍ ..





നല്ല മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ച ഒരു ഫീലിംഗ് ആണ് സ്പിരിറ്റ്‌ എന്ന ചിത്രം. സാമൂഹിക പ്രസക്തി ഉള്ള വിഷയം, പക്ഷെ പതിവ് പോലെ ശൂരനും വീരനും ആയ നായകന്‍....,  എവിടെ തിരിഞ്ഞു നോക്കിയാലും ജീനിയസ് ജീനിയസ് എന്ന മുറവിളി . ഒരിക്കലും എഴുതി തീര്‍ക്കാത്ത ഒരു നോവലും , മന്ത്രിയെ ഫോട്ടോ കാണിച്ചു ബ്ലാക്ക്മൈല്‍ ചെയ്യലും , കമ്മിഷണറെ ചീത്ത വിളിക്കലും അല്ലാതെ ഒരു ജീനിയസും മഷിയിട്ടു നോക്കിയാല്‍ കാണാനും ഇല്ല.

മോഹന്‍ലാല്‍ പല സ്റ്റൈലില്‍ കള്ള് കുടിക്കുന്നത് കാട്ടാന്‍ തന്നെ ഒരുപാട് സമയം ചിലവാക്കുന്നു ഈ സിനിമ. ടിവി ഷോയില്‍ ആവട്ടെ, അതിഥിയെക്കാള്‍ വലിയ ആളാകുന്നു അവതാരകന്‍....


ഇടക്കിടക്ക് വീണു കിട്ടുന്ന ചില മോഹന്‍ലാല്‍ നിമിഷങ്ങള്‍, നമ്മെ മോഹിപ്പിക്കുന്നുമുണ്ട് . പക്ഷെ ആദ്യ പകുതിയില്‍ പലപ്പോഴും ഒരു ക്ലിഷെഡ്‌ ബുദ്ധി ജീവി കളി. മലയാള ബുദ്ധി ജീവികളെ ഒന്ന് ചെറുതായി കൊട്ടിയത് രസിച്ചു താനും.


മലയാള സിനിമയുടെ മുറ്റത്തും വരാന്തയിലും ഒരുപാടു സമയം ചിലവഴിച്ച നന്ദുവിന് ഒരു നല്ല വേഷം. അത് നന്ദു നന്നായി തന്നെ ചെയ്തു . ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ഈ നടനെ തേടി എത്തട്ടെ .

അഭിനയത്തിന് നല്ല സാദ്ധ്യതകള്‍ ഉള്ള ഒരു വേഷം സാമാന്യം ബോറായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിദ്ധാര്‍ഥ്. പക്ഷെ കേള്‍ക്കാന്‍ സുഖമുള്ള വരികള്‍ കഥാപാത്രത്തിന്‍റെ നാവില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട് രഞ്ജിത്

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണിന്‍ മനസ്സില്‍"" ------------"
   = അര്‍ഥം ഉള്ള വരികള്‍ 


ശോഭനയും മീനയും ഒക്കെ പല വട്ടം ശ്രമിച്ചിട്ടും ശരിയാവാത്ത ലേഡി പോലീസ് കമ്മിഷണര്‍ വേഷം നല്ല ശരീര ഭാഷയോടെ അവതരിപ്പിക്കുന്നുണ്ട് ലേന. ചെറുതെങ്കിലും കല്പനയുടെ വേഷവും ഇഷ്ടപ്പെട്ടു .

സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നുണ്ട് തിലകന്‍റെ ആ കുഞ്ഞു വേഷം കാണുമ്പോള്‍...., ഒരുപാട് ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും ശങ്കര്‍ രാമ കൃഷ്ണന്‍ ചെയ്ത മൊട്ട തലയന്‍ കൊള്ളാം.

മദ്യപാന ആസക്തിയെ പറ്റി പഠിക്കാന്‍ ഞാന്‍ പൊളി ടെക്നിക്കില്‍ ഒന്നും പോവാത്തത്‌ കൊണ്ട് സിനിമയുടെ അവസാന ഭാഗങ്ങളെ പറ്റി ഒന്നും പറയാനില്ല.

(കാശുള്ള നായകന്‍ കള്ളിന് , സോറി കുപ്പിയിലെ കവിതയ്ക്ക് അടിമ ആയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, വല്ലപ്പോഴും പാര്‍ട്ടികളില്‍ അലമ്പ് ഉണ്ടാക്കും എന്നല്ലാതെ. വെള്ളമടിച്ചു നോവല്‍ എഴുത്ത് , അത്യുഗ്രന്‍ ഷോ, പഴയ ഭാര്യയോടും അവരുടെ പുതിയ ഭര്‍ത്താവിനോടും സൗഹൃദം കാട്ടുന്ന വിശാല മനസ്കത.

കാശില്ലാത്ത പ്ലുംബെര്‍ മണിയന്‍ കുടിച്ചാല്‍ അത് അവന്‍റെ ജോലിയെ, കുടുംബത്തെ , ജീവിതത്തെ ഒക്കെ നശിപ്പിക്കുന്ന മഹാ വിപത്ത്.

ഈ ആല്‍ക്കഹോള്‍  അഡിക്ഷന് ഇത്രക്ക് സാമ്പത്തിക , സാമൂഹിക വേര്‍ തിരിവ് ഉണ്ടോ ?)

Wednesday 7 November 2012

മുന്നണി യോഗം

"പ്രഭാത സൂര്യന്‍റെ മനോഹര രശ്മികള്‍ ഏറ്റു തിളങ്ങുന്ന കൊട്ടാരത്തെ സാക്ഷി നിര്‍ത്തി ..."

"അല്ല, നീ എന്ത് ഭാവിച്ചാ , മുന്നണി യോഗം കവര്‍ ചെയ്യാനല്ലേ നമ്മള്‍ വന്നത് ??". 

"ഹി ഹി നീ ഇനി എന്തൊക്കെ പഠിക്കാന്‍ കിടക്കുന്നു , മോഷണം കവര്‍ ചെയ്യാന്‍ പോയാലും അല്പം സാഹിത്യം വിളമ്പണം, എന്നാലെ  ഒരു പ്രബുദ്ധത തോന്നൂ , മനസിലായോ?".  ഈ റബ്ബറിന്‍റെ നാട്ടിലെ സ്വന്തം ചാനല്‍ കേരളത്തിലെ നമ്പര്‍ വണ്  ചാനല്‍ ആയതു വെറുതെ അല്ല മോനെ...

"അതാ മലയോര പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ആയ മാത്തച്ചന്‍ എത്തിപ്പോയി. ആ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന വിഷാദം കണ്ടാലറിയാം, മുന്നണി യോഗത്തില്‍ ഇന്നൊരു സുനാമി ഉണ്ടാവുമെന്ന്. "

"തൊട്ടു പിറകെ പച്ച നിറമുള്ള പജേറോയില്‍ മലപ്പുറം  മഹാന്മാരും എത്തി. അര്‍ഹതപെട്ട മാര്‍ക്കറ്റ്‌ ഷെയര്‍ പിടിച്ചു വാങ്ങിയ ആന്‍ഡ്‌റൊയിടിനെ പോലെ ഉള്ളൊരു ആത്മ വിശ്വാസം ആണ് അവരെ നയിക്കുന്നത് .."

ഹരിതവും ധവളവും ഒക്കെ ആയ കുരിശുകളും, സോറി കൊടികളും ചുമന്ന്‍  മുന്നണി കണ്വീനര്‍ എത്തിപോയി , " മെട്രോ മെട്രോ " എന്നാ ചൂളം വിളിയോടെ അതിവേഗത്തില്‍ മുറിയിലേക്ക് പാഞ്ഞു പോയത് നമ്മുടെ മുഖ്യന്‍ ആണെന്ന് ഞങ്ങളുടെ സ്ലോ മോഷന്‍ അനല്യ്സ്റ്റ് സാക്ഷ്യപെടുത്തുന്നു !!

ഇതൊരു സമാധാന യോഗമാണ് , എല്ലാവരും സംയമനം പാലിക്കണം എന്ന് നേതാവ് പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്നേ മാത്തച്ചന്‍ ഒരു വെല്ലുവിളിയോടെ ചാടി എണീറ്റു ..

"അവഗണനകള്‍ സഹിച്ചു മുന്നണിയില്‍ തുടരാന്‍ ഞങ്ങളില്ല, എന്‍റെ കുഞ്ഞിനോട് കാട്ടിയ നീതികേടിന് നിങ്ങളോട് ദൈവം ചോദിക്കും.  എനിക്ക്  UK യില്‍ കിട്ടുന്ന വില പോലും ഈ മുന്നണിയില്‍ കിട്ടുന്നില്ല !. 

ചാനെല്‍ ക്യാമറകള്‍ പെണ്‍കുട്ടിയുടെ സ്റ്റാറ്റസ് കണ്ട ഫേസ് ബുക്ക്‌ കാരെ പോലെ മാത്തച്ചനെ സൂം ചെയുതു. പക്ഷെ അപ്പോഴേക്കും മലപ്പുറം മാഷിന്‍റെ ഏകാന്തതയുടെ ഏങ്ങലടികള്‍ അവരെ തേടി എത്തി. 

കൂട്ടിനു ആരും ഇല്ലാത്ത വിഷമം കൊണ്ട് എയര്‍ ഇന്ത്യ കണ്ട പ്രവാസിയെപ്പോലെ തേങ്ങുന്ന നേതാവിന്‍റെ  അടുത്തേക്ക്  മുന്നണി കണ്വീനര്‍ ഒരു പൈലറ്റിനെ പോലെ അലറിയടുത്തു ...

"ഈ നാട്ടിലെ മാറിയ സാഹചര്യത്തില്‍  നിങ്ങള്‍ ചീമുട്ടയെര്‍ കണ്ട മന്ത്രിയെ പോലെ അടങ്ങിയിരിക്കണം . ഇല്ലെങ്കില്‍ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ തുടങ്ങി തകര്‍ത്തു കളയും ഞാന്‍ " ഹാ !!

സുരേഷ് ഗോപിയുടെ പോലീസ്  സ്റ്റേഷന്‍ പ്രകടനം കാണുന്ന പ്രതീതിയില്‍ നിന്ന മാധ്യമങ്ങളെ നോക്കി നേതാവ് സ്വരം മാറ്റി 

"നിങ്ങള്‍ ഇനി പുറത്തേക്കു നില്‍ക്കൂ ,  ഞങ്ങള്‍ ഇതൊന്നു പറഞ്ഞു തീര്‍ത്തോട്ടെ !!"

മാധ്യമങ്ങളെ പുറത്ത് ഇറക്കി വാതില്‍ അടച്ച ഉടനെ നേതാവ് രണ്ടു കയ്യും കൊട്ടി ഒരു ചിരി ചിരിച്ചു . 

"സംഗതി ഏറ്റു  സഖാക്കളേ , ഇനി ഒരു മൂന്നു ദിവസത്തേക്ക് ഉള്ള സ്ക്രോളിംഗ്  ന്യൂസ്‌ ആയി അവന്മാര്‍ക്ക് . മാത്തച്ചനും മാഷും ഇനി രണ്ടു ദിവസം ചാനലുകളില്‍ നിറഞ്ഞു നിക്കും !!"

"അപ്പോള്‍ ഇനി കാര്യങ്ങള്‍ ഒക്കെ പറഞ്ഞ പോലെ , എല്ലാ പ്രശനവും തീര്‍ന്നു ഇനി പരസ്യ പ്രസ്താവന  ഇല്ല എന്നൊക്കെ ഞങ്ങള്‍ പുറത്തിറങ്ങി വിളിച്ചു പറയും. വെറുതെ അതൊന്നും കേട്ട് തെറ്റി ധരിക്കരുത് . ചാനല്‍ ആയ ചാനലില്‍ ഒക്കെ പോയി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കണം. ഞങ്ങളുടെ സൈഡില്‍ നിന്ന് ഞങ്ങള്‍ ധവള നേതാക്കളെയും ഹരിത നേതാക്കളെയും ഒക്കെ ഇറക്കി തരാം. അത് പോരെങ്കില്‍ അച്ചു മാമന് പഠിക്കുന്ന ഉണ്ണി കുട്ടനും ഉണ്ടല്ലോ ! ആര് കേട്ടാലും മുന്നണി ഇപ്പൊ വീഴും എന്ന് തോന്നണം. "

"അപ്പൊ മുന്നണി വീഴുമോ" , ഉണ്ണി കുട്ടന് സംശയം ആയി. 

"എന്‍റെ  ഉണ്ണി കുട്ടാ, മാധ്യമങ്ങളും ജനവും ഇപ്പൊ വീഴും നാളെ വീഴും എന്ന് നോക്കിയിരിക്കുന്ന ഗ്യാപ്പില്‍ അല്ലെ നമ്മള്‍ സ്രീധരേട്ടനെ ഓടിക്കല്‍, കേരളം മുറിച്ചു വിക്കല്‍ , സമരവും പട്ടിണിയും നിരോധിക്കല്‍ തുടങ്ങിയ ജന ക്ഷേമ പദ്ധതികള്‍ ഒക്കെ നടപ്പാക്കുന്നത്. "

"അതി ബുദ്ധിമാന്‍ മര മണ്ടന്‍ എന്ന് കേട്ടിട്ടില്ലേ , ഈ നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ആണ് അത് ഏറ്റവും നന്നായി ചേരുക !!. ". ഇനി എല്ലാവരും മുഖത്ത് ആ വിഷാദ ഭാവം ഒന്ന് വരുത്തു , ഞാന്‍ വാതില്‍ തുറക്കട്ടെ !!

Sunday 4 November 2012

അവള്‍ !

നെറ്റിയിലെ വിയര്‍പ്പു കണങ്ങള്‍ ഒപ്പി അയാള്‍  നടത്തത്തിനു വേഗം കൂട്ടി. മൊബൈലില്‍ അവളോട്‌ പറഞ്ഞ സമയം ആവാറായി എന്നയാള്‍ക്ക് അറിയാമായിരുന്നു. സമയത്തിന് എത്തിയില്ലെങ്കില്‍ അവള്‍ എനിക്ക് വേണ്ടി കാത്തു നിന്നില്ലെങ്കിലോ ?. 

റോഡിനു ഇപ്പുറത്ത് നിന്നെ അയാള്‍ അവളെ കണ്ടു. ജനാലയിലൂടെ അവള്‍ അവനെ  നോക്കി ഒന്ന് ചിരിച്ചു. ഇല്ല വൈകിയിട്ടില്ല. രണ്ടാഴ്ച മുന്നേ തീരുമാനിച്ച കൂടിക്കാഴ്ചയാണ് , ഇത് മുടക്കാന്‍ പാടില്ല. അയാള്‍ വാതിലിനടുത്തേക്ക് നടന്നു. 

അയാള്‍ അവിടെ  എത്തും  മുന്‍പേ നിറഞ്ഞ ചിരിയോടെ അവള്‍ വാതില്‍ തുറന്നു. അലസമായ ആ വസ്ത്ര ധാരണവും , അഴിച്ചിട്ട മുടിയും അയാള്‍ ശ്രദ്ധിച്ചു. 

"കുടിക്കാന്‍ ചൂടുള്ളത്‌ എന്തെങ്കിലും ?. " , അവള്‍ ചോദിച്ചു.

ആകാം, അയാള്‍ മുറിയിലെ ലെതര്‍ കസേരയിലേക്ക് അലസമായി ഇരുന്നു. 

"ഒരു മാസമായി കണ്ടിട്ട്" , അവള്‍ പറഞ്ഞു. 

"അതെ , ഒരു മാസമായി."


അവള്‍ മെല്ലെ ഒരു ചിരിയോടെ അയാളുടെ അരികിലേക്ക് നടന്നു . പതിയെ അയാളുടെ തലമുടിയില്‍ വിരലോടിച്ച്  അവള്‍ ചോദിച്ചു...





"ഹെയര്‍ കട്ട്‌ എല്ലാ തവണത്തെയും പോലെ നമ്പര്‍  ത്രീ മതിയോ?."

(( യൂറോപ്പില്‍ ആദ്യമായി ഒരു പെണ്‍കുട്ടി മുടി വെട്ടിയ സംഭവം രസകരമായി വിവരിച്ചു തന്ന എന്‍റെ സുഹൃത്ത് ബാബുവിന് സമര്‍പ്പണം . ))

നമുക്ക് അറിയേണ്ടാത്ത കാര്യങ്ങള്‍ !

നാഴികക്ക് നാല്‍പ്പതു വട്ടം ഭരണം മോശമാണ് എന്ന് വിളിച്ചു കൂവാന്‍ മടിയില്ലാത്തവര്‍ ആണ് നമ്മള്‍ എല്ലാം. എന്നാല്‍ അത് കൊണ്ട് എന്ത് പ്രയോജനം ?. സത്യത്തില്‍  നമ്മള്‍ ചെയ്യേണ്ടത് ഭരണാധികാരികളെ എങ്ങനെ  അളക്കാം എന്ന് കണ്ടു പിടിക്കുകയാണ്. കൂട്ടത്തോടെ രാഷ്ട്രീയക്കാരെ   തള്ളി പറയുമ്പോള്‍ നഷ്ടപ്പെട്ട് പോകുന്നത് ആത്മാര്‍ത്ഥത ഉള്ള രാഷ്ട്രീയക്കാരന്റ മനോവീര്യം കൂടി  ആണ്. 

കേരളത്തിലെ ഏറ്റവും നല്ല  MP ആരാണ് എന്ന് ചോദിച്ചാല്‍ എന്താവും നിങ്ങളുടെ ഉത്തരം ?. 

കോടിയുടെയും മതങ്ങളുടെയും ചതുര കള്ളികള്‍ക്ക് ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും ഓരോ ഉത്തരം ഉണ്ടാവാം , എന്നാല്‍ ഇവര്‍ ആരെങ്കിലും  പാര്‍ലമെന്‍റില്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?. 

കേരളത്തിലെ ഏറ്റവും നല്ല  പ്രതിനിധികളില്‍  ഒരാള്‍  ഇടുക്കി MP P T തോമസ്‌ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ , ഇതാ ഒരു കോണ്‍ഗ്രസുകാരന്‍ എന്നാവും നിങ്ങളുടെ ആദ്യ ചിന്ത. പക്ഷെ ഞാന്‍ ഇത് പറയുന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മുഴുവന്‍ സമയവും സഭയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , നൂറ്റി ഒന്പതു ചര്‍ച്ചകളില്‍ പങ്കെടുത്തു , മുന്നൂറ്റി മുപ്പത്തി ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ചു , എട്ടു ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. ഒരു MP യുടെ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളില്‍ .


പാര്‍ലമെന്റില്‍ ജന പ്രതിനിധികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന http://www.prsindia.org/index.php?name=mptracklok എന്ന  വെബ്‌ സൈറ്റില്‍ നിന്നാണ് ഈ വിവരങ്ങള്‍... . 

ഈ വെബ് സൈറ്റിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കിട്ടുന്ന ചില വിവരങ്ങള്‍ ചുവടെ 

1. കേരളത്തിലെ MPമാരുടെ പ്രവര്‍ത്തനം  പൊതുവേ മികച്ചതാണ് . ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് നമ്മുടെ ജനപ്രതിനിധികള്‍. . കൊടിക്കുന്നില്‍ സുരേഷ്, എം ബി രാജേഷ്‌ , പി കെ ബിജു, ധനപാലന്‍ , ജോസ് കെ മാണി  തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 

2. നമ്മുടെ സുരേഷ് ഗോപി സുധാകരേട്ടന്‍ ആണ് സഭ അറ്റന്‍ഡ് ചെയ്യുന്നതില്‍ ഏറ്റവും പിന്നില്‍.. (64.(64%). MP യുടെ ജോലി ഡല്‍ഹിയിലാണ് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ശശി തരൂരിന്‍റെ സഭയിലെ പ്രവര്‍ത്തനം വെറും ശരാശരി മാത്രം. (അദ്ദേഹം മന്ത്രി ആയിരുന്ന കാലത്തേ ഡാറ്റ ഇതിലില്ല എന്ന കാര്യം കണക്കില്‍ എടുത്താലും )

3. ഗാന്ധിമാരില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തനം പരിതാപകരം എന്ന് പറയേണ്ടി വരും. കഴിഞ്ഞ മൂന്നു കൊല്ലത്തില്‍ രണ്ടു പേരും ചേര്‍ന്ന് ഉന്നയിച്ച ചോദ്യങ്ങള്‍ വട്ട പൂജ്യം. പങ്കെടുത്തത് ഒരേ ഒരു ചര്‍ച്ചയില്‍..  !!, വരുണ്‍  ഗാന്ധിയും മനേക ഗാന്ധിയും തന്നെ   പാര്‍ലമെന്റിലെ  മികച്ച ഗാന്ധിമാര്‍ 


ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. സുനന്ദയെ തോണ്ടിയതും , സംവൃത കെട്ടിയതും ഒക്കെ തല്‍സമയ വാര്‍ത്തയും ചര്‍ച്ചയും ആവുന്ന  നാട്ടില്‍ ഇതൊക്കെ ഒരു വാര്‍ത്ത‍ ആവാത്തത് എന്തു കൊണ്ടായിരിക്കും ?.  ഇന്റര്‍നെറ്റും, ചിലവാക്കാന്‍ ഒരു മണിക്കൂറും   ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടു പിടിക്കാവുന്ന ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മാധ്യമവും ശ്രമിക്കാത്തത് എന്ത് കൊണ്ട്?.

അതോ, ഇതെല്ലാം  നമുക്കറിയാന്‍ താലപര്യം ഇല്ലാത്ത കാര്യങ്ങള്‍ തന്നെയാണോ?.

Wednesday 31 October 2012

സര്‍ക്കാര് ഹിന്ദുവാണോ?.

ഹിന്ദുവാണെന്ന് മുദ്രപത്രത്തില്‍ എഴുതി കൊടുക്കാത്ത MLAമാര്‍  ഒന്നും അമ്പലക്കാര്യത്തില്‍ ഇടപെട്ടു പോകരുത് എന്ന ആജ്ഞ കേള്‍ക്കുമ്പോള്‍ എനിക്കൊരു സംശയം "അമ്പലക്കാര്യത്തില്‍ ഇടപെടാന്‍ ഈ സര്‍ക്കാര് ഹിന്ദുവാണോ?.". 

ഈ നിയമം ഒരു അളവ് കോലായി എടുത്താല്‍ താഴെ പറയുന്ന വിപ്ലവകരമായ നിയമങ്ങളും ഉടന്‍ കേരളത്തില്‍ എത്തും

1. വൈകീട്ട് മിനിമം മൂന്നു പെഗ് അടിക്കാത്തവര്‍ ആരും Excise  വകുപ്പില്‍ ഇടപെടരുത്. ചാലക്കുടി, കരുനാഗപ്പിള്ളി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഈ ബില്ലുകളില്‍ ഒന്നിന് പകരം രണ്ടു വോട്ടു നല്‍കുന്നതാണ് 

2. യുവ തുര്‍ക്കികള്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആരും പെന്‍ഷന്‍, വയോജന വിദ്യാഭ്യാസ ബില്ലുകളുടെ അടുത്ത് കൂടെ പോലും പോകരുത്. 

3. മുപ്പതു കഴിഞ്ഞ ആര്‍ക്കും യുവജന ബില്ലുകളില്‍ വോട്ട് ചെയ്യാന്‍ അനുവാദം ഉണ്ടാവില്ല ! . വലിയ ബഹളമില്ലാതെ യുവജന ബില്ലുകള്‍ ഒക്കെ പാസ്സാവും എന്ന ഗുണവും ഈ നിയമത്തിനുണ്ട്. 

4. നാട്ടില്‍ ജീവിക്കുന്ന അംഗങ്ങള്‍ ആരെയും പ്രവാസി ബില്ലുകളില്‍ ചര്‍ച്ചക്ക് ക്ഷണിക്കില്ല. സ്ഥിരം ഗള്‍ഫ്‌ നാടുകളില്‍ പറന്നു നടക്കുന്ന സാമാജികര്‍ക്കു ഇതില്‍ ഒരു ഇളവു കിട്ടിയേക്കാം. ഇങ്ങനെയെങ്കിലും ഒരു പ്രവാസി MLA ഉണ്ടായാല്‍ മതിയായിരുന്നു. 

5. സ്വന്തം പേരില്‍ ഒരു കേസ് എങ്കിലും ഇല്ലാത്തവര്‍ പോലീസ്, കോടതി നിയമ നിര്‍മാണത്തില്‍ ഇടപെടാന്‍ പാടില്ല. അഭ്യന്തര മന്ത്രി സ്ഥാനം ഒരിക്കലെങ്കിലും ജയിലില്‍ കിടന്നവര്‍ക്ക് മാത്രം എന്ന ഒരു നിയമം കൂടെ വേണേല്‍ പാസ്സക്കാം. 

അമ്പലം സര്ക്കാര് ഭരിക്കണോ എന്നത് ആദ്യത്തെ ചോദ്യം. വേണം എന്നാണ് ഉത്തരം എങ്കില്‍ പിന്നെ അത് സര്ക്കാര് അങ്ങ് ഭരിക്കണം, അല്ലാതെ ജാതിയും മതവും കൊണ്ട് ജനപ്രതിനിധികളെ പല തട്ടിലാക്കരുത്. 

Monday 29 October 2012

ഇന്ത്യണോമിക്സ് !


തൊഴില്‍ തേടുകയല്ല, സൃഷ്ടിക്കുകയാണ് വേണ്ടതെന്നു മുഖ്യമന്ത്രി. നല്ലത് തന്നെ, പക്ഷെ അത് കേട്ട്  ആവേശം മൂത്ത് വല്ല കാര്‍ഷിക വായ്പയോ, ബിസിനസ്‌ വായ്പയോ എടുക്കരുത് ചേട്ടന്മാരെ, ഉദ്യോഗസ്ഥന്മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും പിന്നെ ലോഡിങ്ങുകാര്‍ക്കും കൊടുത്തിട്ട് ബാക്കി ഉള്ളത് കൊണ്ട് തറ കെട്ടാന്‍ പോലും തികയില്ല. 

പിന്നെ എന്ത് ചെയ്യും?.  ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത താഴെ പറയുന്ന ബിസിനസ്‌ മോഡലുകള്‍ പരീക്ഷിക്കാവുന്നതാണ് !!. ലോകത്തിനു  നമ്മുടെ സംഭാവന "വട്ട പൂജ്യം" ആണെന്ന് പറയുന്നവനോക്കെ ഒന്ന് വായിച്ചു പഠിക്കട്ടെ !

തറവാടി മോഡല്‍  : 

ഭാര്യ വീടിന്‍റെ പേരും അഡ്രസ്സും ചുമ്മാ എഴുതി കൊടുത്താല്‍  മതി ഈ മോഡെലില്‍ ഒരു ലോണ്‍ കിട്ടാന്‍, ഇന്‍ററെസ്റ്റും  വേണ്ട, ഈടും വേണ്ട. തിരിച്ചടക്കേണ്ട ബാധ്യതയും ഇല്ല.  അങ്ങനെ കിട്ടിയ കാശെടുത്ത് ഏതേലും ബില്‍ഡിംഗ്‌ കമ്പനില്‍ കൊടുത്താല്‍ മൂന്നേ മൂന്നു കൊല്ലം കൊണ്ട് സംഗതി ഒരു  500 ഇരട്ടിയാക്കി  തരും.

ആരേലും അഴിമതിയെന്നോ മറ്റോ ഒന്ന് മിണ്ടിയാല്‍ സര്ക്കാര് ചിലവില്‍ വെള്ളേം വെള്ളേം ഇട്ട ചേട്ടന്മാര്  ഇറങ്ങും, അവര്‍ക്ക് പണി കൊടുക്കാന്‍ ! 

തെളിവില്ലാതെ അന്വേഷിക്കില്ല, എന്ന സൂപ്പര്‍ പോളിസി ആണ് ഈ ചേട്ടന്മാരുടെ നയം. അന്വേഷിക്കാതെ തെളിവുണ്ടാവില്ല എന്നത് കൊണ്ട് ഇത് ഒരു ഫൂള്‍ പ്രൂഫ്‌ പരിപാടി തന്നെ !!


ആകാശ്  മോഡല്‍  :  

മുകളിലത്തെ മോഡല്‍ പോലെ അത്ര എളുപ്പമല്ല സംഗതി . കുറച്ചൊന്നു മെനക്കെടണം. പക്ഷെ, നല്ല ചിക്കിലി കിട്ടുന്ന പണിയാണ്. 

ആദ്യം ഒരു വന്‍ കമ്പനി അങ്ങ് തുടങ്ങുക, കണ്ടാല്‍ ആരും ഞെട്ടണം. വന്‍ ലാഭത്തില്‍ ആണെന്ന് തോന്നണം. പക്ഷെ, ഒറ്റ പൈസ കൈയീന്നു ഇടരുത്.  കമ്പനിക്ക്‌ വേണ്ടി സ്ഥലമോ, സമഗ്രിയോ വാങ്ങരുത്, എല്ലാം വാടകയ്ക്ക് എടുക്കണം. 


ആദ്യത്തെ ഒരു കൊല്ലം കഴിയുമ്പോ കമ്പനീന്ന് കിട്ടുന്ന കാശെല്ലാം എടുത്തു ചുമ്മാ ബിനാമി  പേരില്‍ FD ഇട്ടേക്കുക. പിന്നെ കമ്പനി തകരുന്നെ  തകരുന്നെ എന്ന് വിളിച്ചു കൂവാന്‍ മറക്കരുത്. 


കമ്പനിക്ക്‌ പണി കിട്ടുന്നതോടെ ദയാലുവായ സര്‍ക്കാരും ബാങ്കും കൂടെ കടമെല്ലാം എഴുതി തള്ളും. പിന്നത്തെ കാലം ബിനാമി FD കൊണ്ട് പുട്ടടിച്ചു ജീവിക്കാം. 


ലൈസന്‍സ്  മോഡല്‍ : 

കൈ നനയാതെ മീന്‍ പിടിക്കല്‍ എന്ന കലയുടെ ഉത്തമ ഉദാഹരണം ആണ് ഈ മോഡല്‍.  പരമ ദയാലുവായ സര്‍ക്കാര്‍ കാപ്പിക്കുരു മുതല്‍ കല്‍ക്കരി വരെയുള്ള സാധനങ്ങളുടെ ലൈസന്‍സ് നിങ്ങള്ക്ക് ആദായ വിലയില്‍ നല്‍കും. നിങ്ങള്‍ അത് ആവശ്യക്കാര്‍ക്ക് ഒരു "ചെറിയ" ലാഭത്തിനു മറിച്ച് വിക്കുക. സംഗതി ക്ലീന്‍ !

ലൈസന്‍സ് ലേലം നിങ്ങളല്ലാതെ മറ്റാരും അറിയുക പോലും ഇല്ലാത്തതു കൊണ്ട് ഒരു മത്സരവും ഒഴിവാവും. അല്ലേലും വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് സര്‍ക്കാര്‍ നയം !


മീഡിയ മോഡല്‍ : 

ഒരല്‍പം സാഹസികത നിങ്ങള്‍ക്കുള്ളില്‍ ഉണ്ടോ, എന്നാല്‍ ഈ മോഡല്‍ നിങ്ങള്‍ക്കുള്ളതാണ്. ആദ്യം അഴിമതി ചെയ്തെന്നു സംശയിക്കപെടുന്ന ഒരു രാഷ്ട്രീയക്കാരനെ കണ്ടു പിടിക്കുക. ( ഇതിലും ഈസി ആയ ഒരു ജോലി ഇന്ത്യയില്‍ ഉണ്ടാവില്ല ) . പിന്നെ അങ്ങേരെ കണ്ടു കുറച്ചു കാശു ചോദിക്കുക. തന്നില്ലേല്‍ അഴിമതിയുടെ വിവരം ഫേസ് ബുക്കിലോ മറ്റോ ഇടും, അത് മീഡിയ എടുത്തു വാര്‍ത്ത‍ ആക്കും എന്നൊക്കെ സ്നേഹത്തോടെ  ഒന്ന് പറഞ്ഞേക്കണം. ഒരുമാതിരി പേടി ഉള്ളവരൊക്കെ അതോടെ കാശ് എടുത്തു തരും. 

കണ്ണൂര്‍ , ബീഹാര്‍ , ഇവിടുന്നൊക്കെ ഉള്ളവരുടെ അടുത്ത്  ഈ മോഡല്‍ സാധാരണ നടക്കാറില്ല. ഒളി ക്യാമറ വയക്കാനുള്ള ബുദ്ധി ഒക്കെ ഉള്ള ചേട്ടന്മാരെയും സൂക്ഷിക്കണം !

Sunday 21 October 2012

ശ്രീധരന്‍ വന്നാലുള്ള പ്രശ്നങ്ങള്‍ !

ഇതാണീ ജനങ്ങള്‍ എന്ന് പറയുന്ന കഴുതകളുടെ കുഴപ്പം, എന്തെങ്കിലും കേള്‍ക്കും മുന്നേ ചാടി ഇറങ്ങിക്കോളും !. ഒരുമാതിരി കോക്ക് പിറ്റ് എന്ന് കേട്ടാലുടന്‍ ഹൈജാക്ക് ചെയ്യാനിറങ്ങുന്ന വര്‍ഗം !. 

 ശ്രീധരന്‍ വന്നില്ലേല്‍ ആകാശം  ഇടിഞ്ഞു വീഴും എന്നൊക്കെ പറയുന്ന ഇവന്മാര്‍ക്ക് അറിയാമോ ശ്രീധരന്‍ വന്നാലുള്ള പ്രശനങ്ങള്‍ !!. ദീര്‍ഖ വീക്ഷണം  ഇല്ലാത്തതിന്റെ ഓരോ പ്രശങ്ങളെ. !!. ഇപ്പോഴും കാര്യങ്ങള്‍ മനസിലായിട്ടില്ലാത്ത ചേട്ടന്മാര്‍ക്ക് വേണ്ടി  ഒരു 5 പോയിന്റ്‌  സാമ്പിള്‍ ചുവടെ. .

1. ശ്രീധരന്‍ വന്നാല്‍ വെറും മൂന്നു കൊല്ലം കൊണ്ട് മെട്രോ പ്രൊജക്റ്റ്‌ തീരുമത്രേ !. അത് കഴിഞ്ഞാല്‍ പിന്നെ മെട്രോയെ ആശ്രയിച്ചു ജീവിക്കുന്ന ജോലിക്കാരുടെ കാര്യം എന്താവും?. അവര്‍ എങ്ങോട്ട് പോകും?. അടുത്ത ഒരു 50 കൊല്ലത്തേക്ക്  രാഷ്ട്രീയക്കാര്‍ക്ക് കമ്മീഷന്‍സോറി, ജനങ്ങള്‍ക്ക്‌ തൊഴില്‍ കൊടുക്കേണ്ട സ്വപ്ന പദ്ധതിയാണ് വെറും മൂന്നു കൊല്ലം കൊണ്ട് ശ്രീധരന്‍ നശിപ്പിച്ചു കളയുന്നത് !!.

2. ശ്രീധരന് മാത്രമേ മെട്രോ പണിയാന്‍ അറിവുള്ളൂ എന്നാണ് വേറൊരു വാദം. അത് തന്നെ ഒരു വലിയ അപകടമല്ലേ?. അയാളുടെ കാലം കഴിഞ്ഞാല്‍ പിന്നെ ഇവിടെ ആര് മെട്രോ പണിയും?. അഞ്ചു തെങ്ങ് മുതല്‍ ഉദുമ വരെ എല്ലാ പഞ്ചായത്തിലും ഒരു മെട്രോ എന്ന സ്വപ്നം ആര് നടപ്പിലാക്കും?. ദീര്‍ഖ വീക്ഷണം വേണം ദീര്‍ഖ വീക്ഷണം !. 

വിഴിഞ്ഞവും ഇന്‍ഫോ പാര്‍ക്കും ഒക്കെ "പണിഞ്ഞു പണിഞ്ഞു" മിടുക്കന്മാരായ ആള്‍ക്കാരുള്ള നാടല്ലെ കേരളം ?. ഇനിയിപ്പം അല്‍പ്പം അറിവ് കുറവ് ഉണ്ടേല്‍  തന്നെ, ഒരു രണ്ടു മൂന്നു വിദേശ യാത്ര കൊണ്ട് പരിഹരിക്കാന്‍ പറ്റാത്ത എന്ത് പ്രശ്നമാണ് ഇവിടെ  ഉള്ളത് ??

3. പണി തുടങ്ങിയാല്‍ പിന്നെ ശ്രീധരന്‍ രാഷ്ട്രീയക്കാരെ ഒന്നും അടുപ്പിക്കില്ലത്രേ !!. ജനങ്ങളുടെ സ്വന്തം ആള്‍ക്കാരായ ഞങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എങ്ങനെ  ഞങ്ങളുടെ , സോറി , ജനങ്ങളുടെ താല്പര്യം സംരക്ഷിക്കപ്പെടും?. 

വഴിയെടുപ്പ് സമരം, ചാനല്‍ ചര്‍ച്ച, മന്ത്രിമാരെ തടയല്‍, നാട്ടുകാരെ പെരുവഴിയില്‍ ഇറക്കല്‍  തുടങ്ങിയ കേരളീയ കലകള്‍ ഇല്ലാത്ത വികസനം ഒരു വികസനം ആണോ?.

4. ശ്രീധരന്‍ മെട്രോ പണിയുമ്പോള്‍ രാത്രിയിലും വര്‍ക്ക്‌ ഉണ്ടത്രേ. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ തകിടം മറിക്കുന്ന ഒരു നീക്കമല്ലേ അത്?. ഇനിയങ്ങോട്ട് ബന്ദ്‌ നടത്തുമ്പോള്‍ രാത്രിയിലും ഞങ്ങള്‍ ഉണര്‍ന്നിരിക്കണോ ??. 

രാവിലെ വഴി തടയാനും ബസ്‌ കത്തിക്കാനും ഒക്കെ പെടുന്ന പാട് നമുക്കെ അറിയൂ. ഇനി രാത്രി മെട്രോ  പണി നടക്കുന്ന സ്ഥലത്തൊക്കെ പോണം എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ 'വൈകീട്ടത്തെ പരിപാടി' ഒക്കെ എന്താവും?. 

വല്ല ഒന്നോ രണ്ടോ ദിവസം ആണേല്‍ പിന്നെ പോട്ടെന്നു വയ്ക്കാമാരുന്നു, ഇത് മൂന്നു കൊല്ലത്തില്‍ ഒരു തൊണ്ണൂറു ബന്ദ്‌ , സോറി ഹര്‍ത്താല്‍ എങ്കിലും ജനങ്ങള്‍ക്ക്‌ വേണ്ടി നടത്താതെ എങ്ങനെയാ?. സമരവും പണി മുടക്കും  വേറെ !!.  ഉറക്കം കളഞ്ഞു ഇതൊക്കെ ചെയ്യാന്‍ ഞങ്ങള്‍ക്ക് ഓവര്‍ ടൈം കിട്ടുന്ന ജോലി ഒന്നും അല്ലല്ലോ ! 

5. ഇനി ആരോടും പറയാത്ത ആ ഞെട്ടിക്കുന്ന രഹസ്യം കൂടി അങ്ങ് പറഞ്ഞേക്കാം !!. ശ്രീധരന്‍ വന്നാല്‍ നമ്മുടെ ടൂറിസം മേഖല തകരും !!. എല്ലാ സിറ്റിയിലും മെട്രോയും എല്ലാ രാജ്യത്തും പോര്‍ട്ടും ഒക്കെ ആകുന്ന കാലത്തേ നിങ്ങള്ക്ക് അത് മനസിലാവൂ. അപ്പൊ പിന്നെ ശ്രീധരന്‍ പണിഞ്ഞ മെട്രോ കാണാന്‍ ആരേലും ഇങ്ങോട്ട് വരുമോ?

ശ്രീധരന്‍ ഇല്ലേല്‍  ഇതൊക്കെ കണ്ടു മടുത്ത ജനം കേരളത്തിലേക്ക് ഒഴുകി എത്തും. കാരണം, ഒരു റോഡും കുറച്ചു കല്ലും മാത്രം ഉള്ള വിഴിഞ്ഞം പോര്‍ട്ടും, ഫ്ലൈ ഓവറിന്റെ തൂണും , തുരുമ്പ് പിടിച്ച പാളവും മാത്രമുള്ള മെട്രോയും ഒക്കെ അന്ന് കേരളത്തിലെ ഉണ്ടാവൂ !!. ഹോ അമേരിക്ക മുതല്‍ ആഫ്രിക്ക വരെയുള്ള നാട്ടീന്നു  ജനം ക്യാമറയും തൂക്കി വരും !!. 

മെട്രോ പണിയാന്‍ എടുത്ത സമയത്തിന് കിട്ടുന്ന ഗിനെസ്സ് ബുക്ക്‌ അവാര്‍ഡ്‌ വേറെ !!. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു രോമാഞ്ചം !!. ഇതൊക്കെ അടുത്ത എമെര്‍ജിംഗ് കേരളയുടെ പരസ്യത്തില്‍ ഇടണം !!. 

ഇനി നിങ്ങള് തന്നെ പറ, ശ്രീധരന്‍ വരണോ?. 

Wednesday 17 October 2012

"ക്യുട് പ്രൊ കോ"

കൊളസ്ട്രോള്‍ കുറക്കാന്‍ എന്നും രാവിലെ ഉള്ള കാല്‍ നട ജാഥയിലെ മെമ്പര്‍ രാജീവാണ് ആദ്യം  അത് കണ്ടത്. ത്രീ സ്റ്റാര്‍ ഹോട്ടലിലെ 'നില്‍പ്പന്‍'  സപ്ലയര്‍ ജോജി അത് ശരി വച്ചതോടെ അതായി പിന്നെ നാട്ടിലെ സംസാരം. 

സിംഗപ്പൂരില്‍ ഉള്ള ജോണികുട്ടിയുടെ അടഞ്ഞു കിടക്കുന്ന വീടിന്‍റെ മതില് ചാടി  കുട്ടപ്പന്‍ പോകുന്നതാണ് രാജീവ്‌ കണ്ടത്. കുട്ടപ്പന്‍റെ തോളില്‍ ഒരു കറുത്ത ബാഗും ഉണ്ടായിരുന്നു.

രാവിലെ മുപ്പതു മില്ലിയടിക്കാന്‍ കടം ചോദിച്ചു നടന്ന കുട്ടപ്പന്‍റെ കയ്യില്‍ ഇപ്പോള്‍ പൂത്ത കാശ്. കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ കുട്ടപ്പന്‍ പെഗ് വാങ്ങി കൊടുക്കുന്നു. രാത്രി കഞ്ഞിക്കു പകരം കുട്ടപ്പന്‍ ഇപ്പൊ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കനും പൊറോട്ടയും ആണ് കഴിക്കുന്നത്‌ എന്ന് കൂടെ കേട്ടപ്പോള്‍ നാട്ടുകാര്‍ ഉറപ്പിച്ചു, ഇത് ജോണി കുട്ടീടെ സിങ്കപ്പൂര്‍ ഡോളെര്സ് തന്നെ !!.

കാശ്  എവിടുന്ന് കിട്ടി എന്ന് ചോദിച്ച ഗംഗാധരന്‍ മാഷെ കുട്ടപ്പന്‍ "ബ" യും "മാ" യും ചേര്‍ത്ത് ചീത്ത വിളിച്ചതോടെ നാട്ടുകാര്‍ ഒരു തീരുമാനത്തില്‍ എത്തി. 


" പോലീസ് ചോദിച്ചാല്‍ അവന്‍ തത്ത പറയുമ്പോലെ പറയും." 

പോലീസ് സ്റ്റേഷനില്‍ നിന്ന് കുട്ടപ്പനെ  ചോദ്യം ചെയ്യാന്‍ തയ്യാറായി SI  വന്നപ്പോഴാണ്  വെള്ളയും വെള്ളയും ഇട്ട മെമ്പര്‍ നാണപ്പന്‍ നാട്ടുകാരെ ഞെട്ടിക്കുന്ന ആ ചോദ്യം ചോദിച്ചത്. 

"കുട്ടപ്പനെതിരെ നിങ്ങടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത്?" 

"അഞ്ചു പൈസ ഇല്ലാതെ ചുറ്റിത്തിരിഞ്ഞു നടന്നവന്‍ ഇരുട്ടി വെളുക്കും മുന്നേ കാശുകാരന്‍ ആയതെങ്ങനെ ?. ജോണികുട്ടിയുടെ വീട്ടില്‍ അവനെന്തു കാര്യം?" രാജീവ്‌ തിരിച്ചടിച്ചു 

"ഇനിയത്തെ കാലത്ത് അതൊന്നും പോര മോനെ, "ക്യുട് പ്രൊ കോ" ഉണ്ടോ നിങ്ങടെ കയ്യില്‍ ?." 

"അതെന്താ ഐറ്റം ?. അന്ന് മെമ്പറുടെ വീട്ടില്‍ കയറീന്നു പറഞ്ഞു ആ ജഗനെ കൂമ്പിനു നോക്കി  ഇടിച്ചപ്പോ ഈ ഐറ്റം ഒന്നും കണ്ടില്ലല്ലോ ? " 

"കാലം മാറി മോനെ, കുട്ടപ്പന്‍ ഒരു പ്രൈവറ്റ് സിറ്റിസണ്‍ ആണ്".  ജോണി കുട്ടിയും ആയുള്ള കൊടുക്കല്‍ വാങ്ങല്‍ ഒക്കെ പരിശോധിക്കണേല്‍ "പ്ര്യമ ഫെസ" ഒന്നും പോര , "ക്യുട് പ്രൊ കോ" തന്നെ വേണം." 

"അന്വേഷിക്കാതെ ഈ പറഞ്ഞ ഐറ്റം എങ്ങനെ ഉണ്ടാവും മെമ്പറെ ?. "

"അതൊന്നും എനിക്കറിയില്ല, പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും ഒക്കെ ഇത് തന്നെയാണ് പറയുന്നത്."  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല !! . നിങ്ങള്‍ വേണേല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ കോടതിയില്‍ പോയി ഫൈറ്റ് ചെയൂ."

"ഞങ്ങള്‍ക്ക് ശിക്ഷിക്കേണ്ടത് കുട്ടപ്പനെയാണ്, അവന്‍റെ കൊച്ചു മോനെ അല്ല !!"

"അതൊന്നും എനിക്കറിയണ്ട, കോടതിയില്‍ പോകാതെ ചായക്കടയില്‍ ഇരുന്നു ഇത് പറയുന്നത് നമ്മുടെ പഞ്ചായത്തിനെ  നശിപ്പിക്കാനുള്ള നീക്കമാണ് !!. "

"ഒരു കള്ളനെ പിടിച്ചാല്‍ തകരുന്ന സാധനമാണോ മെമ്പറെ നമ്മുടെ പഞ്ചായത്ത് ?. "

"എന്തൊക്കെ പറഞ്ഞാലും ശരി,  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞാന്‍ സമ്മതിക്കില്ല !! "

"ശരി മെമ്പറെ , എന്നാല്‍, മെമ്പര്‍ ഒന്ന് കണ്ണടച്ചേ"  രാജീവ്‌ പെട്ടന്ന് വിഷയം മാറ്റി.  

കണ്ണടച്ചതും അടി വീണതും ഒന്നിച്ചായിരുന്നു,  ഓര്‍മ വന്നപ്പോ മെമ്പര്‍ നിലത്തു കിടക്കുകയായിരുന്നു. 

"സാറ് ഇതിന്‍റെ "ക്യുട് പ്രൊ കോ", കണ്ടു പിടിച്ചു കോടതിയിലേക്ക് ചെല്ല്, ബാക്കി നാട്ടുകാര് അടുത്ത അടുത്ത ഇലക്ഷന് തരും !"   മെമ്പര്‍ക്ക്‌ നേരെ കൈ നീട്ടികൊണ്ട് SI പറഞ്ഞു !

Wednesday 10 October 2012

മറവി

ബസിലെ തിരക്ക് കുറഞ്ഞപ്പോഴാണ് ആ കറുത്ത ബാഗ്‌ ആദ്യമായി അയാളുടെ കണ്ണില്‍ പെട്ടത്.  യാത്രകളില്‍ അവനവനെ മറന്നു ചുറ്റുപാടുകള്‍ നിരീക്ഷിക്കുന്നത് അല്ലെങ്കിലും അയാള്‍ക്കിഷ്ടമായിരുന്നു. വിമാന യാത്രകളില്‍ ഉപയോഗിക്കുന്ന, സൈഡില്‍ അടയാളത്തിനായി മഞ്ഞ റിബണ്‍ കെട്ടിയ ട്രാവല്‍ ബാഗ്‌ അയാളില്‍ കൌതുകം ജനിപ്പിച്ചു തുടങ്ങിയിരുന്നു.


ബസ്‌ ഹന്സ്ലോയുടെ അടുത്ത് എത്തിയിരുന്നു.  പെട്ടിക്കു ചുറ്റും നില്‍ക്കുന്ന മൂന്നു പേരില്‍ ആരുടെതാണ് ആ ബാഗ്‌ എന്നറിയാന്‍ അയാള്‍ ഒരു ഷേര്‍ലോക്ക് ഹോംസ് അവലോകനം നടത്തി നോക്കി. മുടിക്ക് പച്ച നിറം അടിച്ച, കടും ചുവപ്പ് ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടെ ബാഗ്‌ ആണോ അത്?. സാധ്യത കുറവാണ്. ആ കുട്ടിയുടെ പ്രായത്തിനും വസ്ത്രത്തിനും ചേരുന്ന ഒന്നല്ല അത്. ഹാന്‍വര്‍ത്തിലെ പബിന് മുന്നില്‍ അവള്‍ ഇറങ്ങിയതോടെ ആ അനാലിസിസ് വിജയിച്ചു. വെല്‍ഡണ് ഷേര്‍ലോക്ക് !!. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി പ്രത്യക്ഷപെട്ടു. 

അയാളുടെ ശ്രദ്ധ ബാക്കിയുള്ള രണ്ടു പേരിലേക്ക് തിരിഞ്ഞു. മധ്യ വയസുകാരനായ, നീളമുള്ള കോട്ട് ഇട്ട  ഒരു യൂറോപ്പ്യന്‍ !. ട്രാവല്‍ ബാഗ്‌ അയാളുടേത് ആവാന്‍ വഴിയുണ്ട്. പക്ഷെ ആ മഞ്ഞ റിബണ്‍ അയാള്‍ കേട്ടിയതാവാന്‍ വഴിയില്ല.  അയാളാകട്ടെ ആ ബാഗിലേക്കു നോക്കുന്നത് പോലും ഇല്ല. 

പിന്നെയുള്ളത്  ഏകദേശം ഒരു ആറു വയസു പ്രായം വരുന്ന കുട്ടിയുമായി യാത്ര ചെയ്യുന്ന ഒരു ആഫ്രിക്കന്‍ യുവതിയാണ്. കുട്ടിയാകട്ടെ, ഇടയ്ക്കിടെ ആ ബാഗില്‍ താളം പിടിക്കുന്നുമുണ്ട്. ആഫ്രിക്കക്കാര്‍ കടുത്ത നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട് എന്നയാള്‍ ഓര്‍ത്തു.  ആ റിബണ്‍ അവരുടേത് തന്നെയാണ്. 

ആ നിരീക്ഷണം പക്ഷെ ഹാംപ്ടന്‍ വരയെ നില നിന്നുള്ളൂ. ബാഗ്‌ എടുക്കാതെ അമ്മയും കുട്ടിയും ബസില്‍ നിന്നിറങ്ങി. ഛെ !. ഷേര്‍ലോക്ക് കഥകള്‍ ഒക്കെ ഒന്ന് കൂടി മനസിരുത്തി  വായിക്കണം !!. 

ബസ്‌ അപ്പോഴേക്കും കിംഗ്‌സ്ടനില്‍ എത്തിയിരുന്നു. യാത്ര അവസാനിക്കുന്നതിനു തൊട്ടു മുന്നിലെ സ്റ്റോപ്പില്‍ കോട്ടിട്ട മധ്യ വയസ്ക്കന്‍ ഇറങ്ങി ധൃതിയില്‍ നടന്നു നീങ്ങി. "അയ്യോ", അയാള്‍ ബാഗ്‌ എടുക്കാന്‍ മറന്നുവോ?. അല്പ നേരം നടന്നു നീഗുന്ന അയാളെ നോക്കിയിട്ടും അയാള്‍ നടപ്പിന്റെ വേഗം കുറച്ചില്ല. ഇങ്ങനെയും ഉണ്ടോ മനുഷ്യന്‍റെ മറവി !!. തിരക്ക് കൊണ്ടായിരിക്കും. ബസ്‌ അവസാന സ്റൊപ്പിലേക്ക് എത്തിയിരുന്നു. 

എന്തായാലും ആ ബാഗ്‌ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുത്തണം. ഓര്‍മ വരുമ്പോള്‍ അയാള്‍ മടങ്ങി വരും. ഛെ എന്നാലും അയാളെ ഒന്ന് പിന്നില്‍ നിന്ന് വിളിക്കാമായിരുന്നു.  അലക്ഷ്യമായി ബാഗ്‌ ബസില്‍ വയ്ക്കുന്നതിന്റെ ഓരോ പ്രശനങ്ങളെ !!. 

ബസില്‍ അവസാന സ്റ്റോപ്പില്‍ നിര്‍ത്തി. ബസില്‍ നിന്നിറങ്ങാന്‍ ഇനി അയാളും ഭാര്യയും മാത്രം. ബാഗിന് അടുത്ത് ഭാര്യ നില്‍പ്പുണ്ടായിരുന്നു.  

" അപ്പൊ നീയും ശ്രദ്ധിച്ചു അല്ലെ ഈ ബാഗ്‌"""""" 

"ശ്രദ്ധിക്കാതെ പിന്നെ, ഇത് വീട്ടിലേക്കു കൊണ്ടു പോകേണ്ടേ?. "

"വീട്ടിലേക്കോ?."

" എയര്‍പോര്‍ട്ടില്‍ നിന്ന് കയറിയപ്പോള്‍ ബാഗ്‌ ഇവിടെ ഒതുക്കി  വച്ചത് ഇത്ര വേഗം മറന്നോ?. ദേ നിങ്ങള്‍ നാട്ടില്‍ നിന്ന് കെട്ടിയ മഞ്ഞ റിബണ്‍ !! "

ഷേര്‍ലോക്ക് ഹോംസിനും വല്ലപ്പോഴും തെറ്റ് പറ്റാറുണ്ട് എന്ന് അയാള്‍  മുഖത്തെ ചമ്മല്‍ മറച്ചു കൊണ്ടു വെറുതെ ഒന്നോര്‍ത്തു. !!

Friday 5 October 2012

സിംഹവും 'സബ്സിഡി' മുയലും

പണ്ട് പണ്ട് ഏതാണ്ടൊരു  2 കൊല്ലം പണ്ട്, കുന്നിന്‍ മുകളില്‍ ഒരു കാടുണ്ടായിരുന്നു.  കാട്ടില്‍ പ്രതാപിയായ ഒരു സിംഹവും. ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഓടുന്ന സിംഹം ദിവസവും ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ  മൃഗങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു ശാപ്പിട്ടു നടന്ന കാലം. 

കുട്ടികളെയും കൂട്ടുകാരെയുമൊക്കെ സിംഹം തിന്നുന്നത് കണ്ടു മടുത്ത മൃഗങ്ങള്‍ എങ്ങനെ ഈ ശല്യം ഒഴിവാക്കാം എന്ന ചിന്തയിലായി. എത്രയാലോചിച്ചിട്ടും ഒരു വഴിയും കാണാതെ വിഷമിച്ചിരുന്ന അവരുടെ മുന്നിലേക്ക്‌ മലയാള സിനിമയെ രക്ഷിക്കാന്‍ എത്തിയ  ഫഹദ് ഫാസിലിനെ പോലെ  മുയല്‍ വന്നെത്തി. 

"സിംഹത്തിനെ പൂട്ടാന്‍ ഒരു വഴിയുണ്ട്. പക്ഷെ നല്ല ക്ഷമ വേണം. ശശി തരൂര്‍ മന്ത്രി ആയ പോലെ  പെട്ടന്നൊന്നും നടക്കില്ല"

ഒരു മണിക്കൂര്‍ എടുത്തു  മുയല്‍ തന്‍റെ "സബ്സിഡി" പ്ലാന്‍ വിശദീകരിച്ചു. കേട്ട് കഴിഞ്ഞപ്പോള്‍ മൃഗങ്ങള്‍ക്ക് സംശയം. 

"ഇത് വല്ലതും നടക്കുമോ". 

"നടക്കും എന്ന് ഞാന്‍ ഉറപ്പു പറയാം"  

"അതെങ്ങനെ" ??

"എല്ലാം വഴിയെ അറിയാം. എന്നെ ഒന്ന് വിശ്വസിച്ചു നോക്കൂ" 

പിറ്റേന്ന് രാവിലെ മുയല്‍ സിംഹത്തിന്‍റെ അടുത്തെത്തി. 

"രാജാവേ, എന്നെ കൊല്ലാതിരുന്നാല്‍ അങ്ങേക്ക് ഗുണമുള്ള ഒരു കാര്യം പറയാം".  

"ങ്ങും. എന്താ."

"ഈ കാട്ടിലെ രാജാവായ അങ്ങ് എന്തിനാണ് ഇങ്ങനെ ദിവസവും മൃഗങ്ങള്‍ക്ക് പിറകെ ഓടി കഷ്ടപ്പെടുന്നത്? "

"പിന്നല്ലാതെ, പുല്ലു തിന്നാന്‍ പറ്റുമോ?. നീ ഒരു മാതിരി മന്‍മോഹന്‍ സിങ്ങിന്‍റെ ലോജിക് പറയല്ലേ."

"ദിവസവും രാവിലെ ഞാന്‍ അന്നത്തേക്കുള്ള മൃഗത്തെ ഇവിടെ എത്തിച്ചാലോ ?." . അങ്ങേക്ക് ഓടുകയും വേണ്ട, ബാക്കി ഉള്ള മൃഗങ്ങള്‍ക്ക് സുഖമായി   ജീവിക്കുകയും ചെയ്യാം. 

അങ്ങനെ സിംഹം ഓരോ ദിവസവും ഓരോ മൃഗത്തെ  പ്രതീക്ഷിച്ചു ഇരുപ്പായി. ദിവസവും രാവിലെ, മുയല്‍ ഒരു മൃഗത്തെ കൃത്യമായി എത്തിച്ചു കൊണ്ടിരുന്നു. വെറുതെ ഇരുന്നിരുന്നു സിംഹം ഒരു മടിയനായി തുടങ്ങി. ഉസൈന് ബോള്‍ട്ട് പോയിട്ട് നൌഷാദിനോപ്പം പോലും ഓടിയെത്താന്‍  പറ്റാത്ത സ്ഥിയിലായി തുടങ്ങി.

അങ്ങനെ ഒരു നാള്‍ മുയല്‍ വീണ്ടും സിംഹത്തിനു അരികില്‍ എത്തി. 

"ഞങ്ങളുടെ രാജാവായ അങ്ങ് ഇങ്ങനെ ഈ കുന്നിന്‍ മുകളില്‍ മഴയും വെയിലും കൊണ്ട് കിടക്കേണ്ട കാര്യമുണ്ടോ?. അങ്ങേക്കായി ഞങ്ങള്‍ അടിവാരത്തില്‍ ഒരു നല്ല ഗുഹ കണ്ടെത്തിയിട്ടുണ്ട്. അവിടെ താമസിച്ചു കൂടെ?."

അങ്ങനെ സിംഹം കുന്നിറങ്ങി അടിവാരത്തില്‍ എത്തി. മഴയം മഞ്ഞും ഏല്‍ക്കാതെ സൌജന്യ ഭക്ഷണം കഴിച്ചു സിംഹം ഒന്ന് കൂടെ മടിയന്‍ ആകുന്നതു വരെ മുയല്‍ കാത്തിരുന്നു.  

പിന്നെ ഒരു ദിനം സിംഹത്തിന്‍റെ ഭക്ഷണമാകാന്‍ ആരും ചെന്നില്ല. വിശന്നു വലഞ്ഞു ഗുഹക്കു പുറത്തു കടന്ന സിംഹം കണ്ടത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മുയലിനെയാണ്. 

"നീയാണോ എന്‍റെ ഇന്നത്തെ ഇര ?" സിംഹം മുരണ്ടു.

"അല്ല. ഇനിയാരും ഈ വഴി വരുന്നില്ലെന്ന് തീരുമാനിച്ചു ". 

"എന്നാല്‍ ഞാന്‍ ഇരതേടി അങ്ങോട്ടിറങ്ങും" സിംഹം മുയലിനു പിറകെ ഓടി. കൊല്ലങ്ങളായി വെറുതെ ഇരിക്കുന്ന സിംഹത്തിനു കുന്നിലേക്കുള്ള പകുതി ദൂരം പോലും ഓടാനായില്ല !!. 

പിന്നെ കേട്ടത് ഇര തേടി നാട്ടിലെക്കിറങ്ങിയ സിംഹത്തെ നാട്ടുകാര്‍ പിടി കൂടി എന്നാണ്. സിംഹത്തെ പിടിക്കാന്‍ ജീവന്‍ പണയം വച്ച് ഇറങ്ങിയവനെ 
പോലീസും പിടിച്ചു അത്രേ. കലി കാലം !.

സിംഹം ഒഴിഞ്ഞു പോയത്  ആഘോഷിക്കാന്‍ കൂടിയ പാര്‍ട്ടിയില്‍ എല്ലാവരും മുയലിനോടു ചോദിച്ചു  " നീ എങ്ങനെ പഠിച്ചു ഈ സൂത്രം?"

"ഈ കുന്നിനും അടിവാരത്തിനും അപ്പുറം കേരളം എന്നൊരു നാടുണ്ട്. പണ്ട് അവിടെ സ്വന്തം ഭൂമിയില്‍ നിന്ന് വിറകു വെട്ടി അടുപ്പില്‍ വച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ഒരു ജനത ഉണ്ടായിരുന്നു. അവരെ മണ്ണെണ്ണ സബ്സിഡി , LPG സബ്സിഡി , വില കുറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കര്‍ എല്ലാം കാട്ടി മോഹിപ്പിച്ചു ഫ്ലാറ്റുകളില്‍ കുടിയിരുത്തിയ ആ ട്രിക്ക് അല്ലെ ഞാന്‍ ഇവിടെയും പ്രയോഗിച്ചത് !!"

പൊള്ളും വില കൊടുത്തും, LPG , മണ്ണെണ്ണ  വിതരണ തമ്പുരാക്കാന്‍മാരോട് മല്ലിട്ടും, കുടുംബത്തിനു  വേണ്ടി അടുക്കള പൂട്ടാതെ കാക്കുന്ന വീട്ടമ്മമാര്‍ക്ക്  ഈ കഥ സമര്‍പ്പിച്ചു കൊള്ളുന്നു !

Wednesday 3 October 2012

ഫേസ്ബുക്ക്‌

മണി ആറ്. അങ്ങനെ ഇന്നത്തെ  റിലീസ് മഹാമഹവും പൊടി പൊടിച്ചു !!. 'ബഗ്' എന്ന ഓമന പേരിട്ടു വിളിക്കുന്ന എട്ടിന്റെ  പണികള്‍ നാളെ ഇങ്ങെത്തും. എന്ത് പ്രശ്നം വന്നാലും "Please look at it on priority " എന്ന് എഴുതി ഇങ്ങോട്ടയക്കാന്‍ ഒരു onsite  ചേട്ടന്‍  ഉള്ളത് കൊണ്ട് കാര്യങ്ങള്‍ അത്യുഗ്രന്‍ !!.

"PM" എന്ന ഓമനപ്പേരുള്ള ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ചിട്ടു വേണം ഇനി  ഓഫീസില്‍ നിന്ന് മതില് ചാടി രക്ഷപെടാന്‍..................... എങ്ങാനും അങ്ങേരുടെ കണ്ണില്‍ പെട്ടാല്‍ "Continuous Improvement",  "Process Streamlining" എന്നൊക്കെ പറഞ്ഞു പിറകെ കൂടും. എന്ത് ചെയ്യാം, അപ്രൈസല്‍ എന്ന പൊറോട്ടയും onsite എന്ന മുട്ടക്കറിയും അങ്ങേരുടെ കയ്യിലല്ലേ.

അങ്ങനെ ഒരു വിധം പുറത്തു ചാടി ബസ്‌ സ്റ്റോപ്പില്‍ എത്തി. അവിടെ ദേ നില്‍ക്കുന്നു കോളേജിലെ കൂട്ടുകാരന്‍ രതീഷ്‌....... "അയ്യോ" ഇന്നല്ലേ അവന്മാരുടെ ഗെറ്റ് ടുഗേതെര്‍ പാര്‍ട്ടി. അവനെ കാണാതെ ഉടനെ മുങ്ങിയേക്കാം. ഇല്ലേല്‍ പിന്നെ പാര്‍ട്ടിയും കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഒരു നേരം ആവും. ചുമ്മാ ഇവന്മാരുടെ വളിപ്പും കേട്ട് വെള്ളവും അടിച്ചു ഇരുന്നിട്ട് എന്ത് നേടാന്‍... !.

രതീഷിന്റെ കണ്ണില്‍ പെടാതെ, അങ്ങനെ ഒരു കണക്കില്‍ വോള്‍വോയില്‍ കയറി പറ്റി. എന്താ തിരക്ക് !!. ഇവന്മാര്‍ക്കൊക്കെ കാറില്‍ പോയിക്കൂടെ ?. 
മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഒരു കണക്കിന് ഒരു സീറ്റ്‌ കിട്ടി.  അപ്പോഴതാ അടുത്ത സീറ്റില്‍ ഒരു കൊച്ചു പയ്യന്‍സ്. പുതിയ ബാച്ചില്‍ ജോയിന്‍ ചെയ്തതാണെന്ന് തോന്നുന്നു. ഇരുന്നയുടനെ പയ്യന്‍സ് ഒന്ന് മുരടനക്കി.

"ചേട്ടാ, ചേട്ടന്‍ TCS ഇല്‍ ആണോ?". 

ഇവന്‍ കൊണ്ടേ പോകൂ. നിവൃത്തിയില്ലാതെ ഒന്ന് മൂളി. "ങ്ങും"

"ചേട്ടാ, ഈ onsite കിട്ടാന്‍ എത്ര നാള്‍ പിടിക്കും ??" പയ്യന്‍ വിടുന്ന മട്ടില്ല. 

വേറൊന്നും കണ്ടില്ല അവനു ചോദിക്കാന്‍ !!. നാല് കൊല്ലമായി പുര നിറഞ്ഞു നിക്കുന്ന ചേച്ചിയോട് അനിയത്തി  "എന്റെ കല്യാണം എപ്പോഴാ"  എന്ന് ചോദിച്ച പോലായി കാര്യങ്ങള്‍.. !!

"അതൊക്കെ യോഗം പോലെ നടക്കും അനിയാ" പറഞ്ഞു തീര്‍ന്നതും ബാഗില്‍ നിന്ന് ബുക്ക്‌ എടുത്തു അതിലേക്കു മുഖം പൂഴ്ത്തി. അവനു കാര്യം മനസിലായി എന്ന് തോന്നുന്നു. പിന്നെ വല്യ ശല്യം ഉണ്ടായില്ല.

കവലയില്‍ വണ്ടിയിറങ്ങി പാര്‍ക്ക്‌ ചെയ്ത ബൈക്കിനു അരികിലേക്ക് നടന്നു.  ബൈക്കില്‍ കയറിയില്ല, ഉടനെ കേട്ടു പിറകില്‍ നിന്നൊരു വിളി. 

"പശിക്കരുത്, വല്ലതും തായോ". ഒരു കറുത്ത് മെലിഞ്ഞ തമിള്‍ പയ്യന്‍.. 

"ഓടെടാ.. എന്റെ കയ്യില്‍ ഒന്നും ഇല്ല ". ഓരോ പരിപാടിയും ആയി ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല കപ്പലണ്ടിയും വിറ്റ് ജീവിച്ചു കൂടെ?.


വീടിന്റെ അടുത്ത കലുങ്കില്‍ പതിവ് പോലെ രമേശ്‌ ബാബുവും കൂട്ടരും ഉണ്ടായിരുന്നു. ഇന്നെന്താണാവോ പരിപാടി, നോട്ടീസ് ഒക്കെ ആയിട്ടാണ് ഇരിപ്പ്.

"എടാ, നാളെ പ്ല്യ്വുഡ്  കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. നീ വരില്ലേ ?."

"എന്തിനാ ഇപ്പൊ പ്രതിഷേധം ?? ".

" അവരുടെ പുകകുഴല്‍ ഒന്നും ഗവണ്മെന്റ് അംഗീകരിച്ച ഉയരത്തില്‍ അല്ല, പല നാട്ടിലും കാന്‍സര്‍ കേസുകള്‍ കൂടുന്നത് ഈ കമ്പനികള്‍ വന്നതില്‍ പിന്നെയാണ്.". 

" ശരി, നോക്കാം ചേട്ടാ.".  ഞാന്‍ ഒരു വിധം പറഞ്ഞൊഴിഞ്ഞു. വേറെ  പണിയില്ലേ , നാട്ടിലെ പ്രശ്നത്തിന് ഒക്കെ കൊടി പിടിച്ചിറങ്ങാന്‍ !!.

വീട്ടില്‍ എത്തി കുളിയും കഴിഞ്ഞു ടിവി ഓണ്‍ ചെയ്തു.  ചാനലില്‍ മൊത്തം കൂടം കുളം തന്നെ. ഇതാണല്ലോ ഇപ്പൊ എല്ലാവരുടെയും നാവില്‍ !. 

ഊണ് കഴിഞ്ഞപ്പോള്‍ പതുക്കെ എന്നത്തേയും പോലെ ലാപ്ടോപ് തുറന്നു. ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാത്തിനും വെറുതെ മൂളി. ഫേസ് ബുക്ക്‌ തുറന്നു അന്നത്തെ ലൈക്കും ഷെയറും എണ്ണി തിട്ടപെടുത്തല്‍ തുടങ്ങി. കളക്ഷന്‍ ഒക്കെ വളരെ മോശം. എന്തേലും നല്ല രണ്ടു മൂന്നു സ്റ്റാറ്റസ് ഇട്ടില്ലേല്‍ പണി പാളും. 

രാവിലെ ഓസട്രലിയയിലെ ഫ്രണ്ടിനു അയച്ച മെസ്സജിനു മറുപടി ഒന്നും ഇല്ല. അവിടെ ഒരു ജോലി കിട്ടുമോ എന്ന് ചോദിച്ചാല്‍ ഒരു റിപ്ലേ അയക്കാന്‍ ഇത്ര താമസം എന്താണാവോ?.  ഒട്ടും സോഷ്യല്‍ അല്ലാത്ത വര്‍ഗങ്ങള്‍ !.  രതീഷ്‌ ആണേല്‍ ഗെറ്റ് ടുഗേതെറിന്റെ ഫോട്ടോസ് ഒക്കെ ഇട്ടു തുടങ്ങി അതിലണേല്‍ ഫുള്ള് കമന്റ്സും. ഒരെണ്ണം ഞാനും കാച്ചിയേക്കാം.

" missed this one badly :(. Just reminds me of our good old days in hostel"  മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയ ഒക്കെ കിടന്നോട്ടെ.

കൂടം കുളത്തിനെ പറ്റി ഒരു കിടിലന്‍ മെസ്സേജ് കാച്ചണം. വെടി വയ്പ്പില്‍ മരിച്ച ആളുടെ ഫോട്ടോ തന്നെ കൊടുക്കാം. ഇങ്ങനത്തെ അക്രമം ഒക്കെ ജനങ്ങളോട്  കാട്ടാമോ ?. ജനങ്ങളായാല്‍ ഇങ്ങനെ വേണം. അങ്ങനെയങ്ങ് തോറ്റു കൊടുക്കരുത്.

" എടീ, ഈ കൂടം കുളം ശരിക്കും കേരളത്തില്‍ ആണോ?." 

" നോ. ഇന്‍ തമിള്‍ നാട് " ഒടനെ വന്നു ഭാര്യയുടെ റിപ്ലേ !.

ഓ, ഈ ലൈക്‌ കിട്ടാന്‍ ഒക്കെ ഉള്ള ഒരു പാടേ, വല്ല പെങ്കൊച്ചും ആയിരുന്നേല്‍ 
"feeling lonely" എന്നൊരു കാച്ച് കാച്ചിയാല്‍  നെല്ലിയാം പതിക്കു പോണ എം എല്‍ എ മാരെ പോലെ ജനം ചാടി വീണേനെ.


കൂടം കുളം കാരോട് ഐക്യം പ്രഖ്യാപിച്ചു ഒരു നീണ്ട മെസ്സേജ് ഒക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും രാത്രിയായി.  ഗ്രാമര്‍ ഒക്കെ ശരിയാണോ എന്നറിയാന്‍ ഭാര്യയെ ഒന്ന് കാണിച്ചു. അവള് ഇംഗ്ലീഷ് മീഡിയം ആണല്ലോ !. അപ്പൊ അവളുടെ മുടിഞ്ഞ ഒരു സംശയം.

" പണ്ട് ഇത് പോലെ ഉറക്കം കളഞ്ഞു മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ എന്നെഴുതിയിട്ടെന്തായി ??" . 

ആര്‍ക്കറിയാം ഇതൊക്കെ, മുല്ലപെരിയാറില്‍ നിരാഹാരം കാണാന്‍ ഒരു പിക്നിക്‌ പോയി വന്നത് മാത്രം മിച്ചം. ആ ഫോട്ടോസിനു പത്തു പന്ത്രണ്ടു  ലൈക്‌  കിട്ടിയിരുന്നു.

"പോയി കിടന്നു ഉറങ്ങു മോളെ, നാളെ രാവിലെ പോണ്ടേ ?" അവളെ അങ്ങനെ ഒതുക്കി.

ഓസ്ട്രലിയക്കാരന്‍ ഫ്രണ്ട് ഇനി വല്ല മെസ്സേജും ജി മെയിലില്‍ അയച്ചോന്നു ോക്കി. വീണ്ടും നിരാശ. നമ്മളൊക്കെ ഇങ്ങനെ onsite  പോവാതെ കിടന്നു നരകിക്കുകയെ  ഉള്ളൂ !!

കൂടം കുളം മെസ്സജിനു ലൈക്‌ ഉണ്ടോന്നു അറിയാന്‍ വീണ്ടും ഫേസ് ബുക്കിലേക്ക്. എവിടെ , ഒരുത്തി  മാത്രം  എന്തോ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്. അവളുടെ പ്രൊഫൈലില്‍ ഒന്ന് കേറി നോക്കി. 

അവള് അര ചാക്ക് അരി അഫ്രിക്കക്ക്  കൊടുത്തത്രേ. ഇവളുടെ അപ്പന്‍ അരി കച്ചവടം വല്ലോം തൊടങ്ങിയോ?. പിന്നെയല്ലേ കാര്യം പിടി കിട്ടിയത്. അവള് പറഞ്ഞ ലിങ്കില്‍ പോയാല്‍ ഓരോ ക്ലിക്കിനും ഒരു അരി മണി ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് കിട്ടുമത്രേ. എല്ലുന്തിയ കൊച്ചിന്റെ ഫോട്ടോ കണ്ടപ്പം കഷ്ടം തോന്നി. ഈ ഫേസ് ബുക്കില്‍ ഉള്ളവര്‍ക്കൊക്കെ ഒരു അര മണികൂര്‍ ഇരുന്നു ക്ലിക്കിയാല്‍ എന്താ ?. പാവങ്ങളുടെ പട്ടിണി മാറില്ലേ?. 

ക്ലിക്കി ക്ലിക്കി അരി അര ചാക്ക് ആക്കാന്‍ ഒരു പാട് പാടു പെട്ടു. എന്നാലെന്താ , നാട്ടുകാര്‍ അറിയട്ടെ,  എന്റെ സാമൂഹ്യ പ്രതിബദ്ധത !. എല്ലുന്തിയ കുട്ടിയുടെ ഫോട്ടോയും അര ചാക്കിന്റെ പടവും അങ്ങ് ഷെയര്‍ ചെയ്തു. 

അങ്ങനെ ഒരു ദിവസം കഴിഞ്ഞു. എന്നെക്കൊണ്ട് ഇത്രയൊക്കെ  പറ്റൂ !!. മനസ് നിറയെ നാളെ രാവിലെ കണി കാണുന്ന ലൈക്കും ഷെയറും ആയിരുന്നു.