Sunday 11 November 2012

മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ചാല്‍ ..





നല്ല മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ച ഒരു ഫീലിംഗ് ആണ് സ്പിരിറ്റ്‌ എന്ന ചിത്രം. സാമൂഹിക പ്രസക്തി ഉള്ള വിഷയം, പക്ഷെ പതിവ് പോലെ ശൂരനും വീരനും ആയ നായകന്‍....,  എവിടെ തിരിഞ്ഞു നോക്കിയാലും ജീനിയസ് ജീനിയസ് എന്ന മുറവിളി . ഒരിക്കലും എഴുതി തീര്‍ക്കാത്ത ഒരു നോവലും , മന്ത്രിയെ ഫോട്ടോ കാണിച്ചു ബ്ലാക്ക്മൈല്‍ ചെയ്യലും , കമ്മിഷണറെ ചീത്ത വിളിക്കലും അല്ലാതെ ഒരു ജീനിയസും മഷിയിട്ടു നോക്കിയാല്‍ കാണാനും ഇല്ല.

മോഹന്‍ലാല്‍ പല സ്റ്റൈലില്‍ കള്ള് കുടിക്കുന്നത് കാട്ടാന്‍ തന്നെ ഒരുപാട് സമയം ചിലവാക്കുന്നു ഈ സിനിമ. ടിവി ഷോയില്‍ ആവട്ടെ, അതിഥിയെക്കാള്‍ വലിയ ആളാകുന്നു അവതാരകന്‍....


ഇടക്കിടക്ക് വീണു കിട്ടുന്ന ചില മോഹന്‍ലാല്‍ നിമിഷങ്ങള്‍, നമ്മെ മോഹിപ്പിക്കുന്നുമുണ്ട് . പക്ഷെ ആദ്യ പകുതിയില്‍ പലപ്പോഴും ഒരു ക്ലിഷെഡ്‌ ബുദ്ധി ജീവി കളി. മലയാള ബുദ്ധി ജീവികളെ ഒന്ന് ചെറുതായി കൊട്ടിയത് രസിച്ചു താനും.


മലയാള സിനിമയുടെ മുറ്റത്തും വരാന്തയിലും ഒരുപാടു സമയം ചിലവഴിച്ച നന്ദുവിന് ഒരു നല്ല വേഷം. അത് നന്ദു നന്നായി തന്നെ ചെയ്തു . ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ഈ നടനെ തേടി എത്തട്ടെ .

അഭിനയത്തിന് നല്ല സാദ്ധ്യതകള്‍ ഉള്ള ഒരു വേഷം സാമാന്യം ബോറായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിദ്ധാര്‍ഥ്. പക്ഷെ കേള്‍ക്കാന്‍ സുഖമുള്ള വരികള്‍ കഥാപാത്രത്തിന്‍റെ നാവില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട് രഞ്ജിത്

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണിന്‍ മനസ്സില്‍"" ------------"
   = അര്‍ഥം ഉള്ള വരികള്‍ 


ശോഭനയും മീനയും ഒക്കെ പല വട്ടം ശ്രമിച്ചിട്ടും ശരിയാവാത്ത ലേഡി പോലീസ് കമ്മിഷണര്‍ വേഷം നല്ല ശരീര ഭാഷയോടെ അവതരിപ്പിക്കുന്നുണ്ട് ലേന. ചെറുതെങ്കിലും കല്പനയുടെ വേഷവും ഇഷ്ടപ്പെട്ടു .

സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നുണ്ട് തിലകന്‍റെ ആ കുഞ്ഞു വേഷം കാണുമ്പോള്‍...., ഒരുപാട് ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും ശങ്കര്‍ രാമ കൃഷ്ണന്‍ ചെയ്ത മൊട്ട തലയന്‍ കൊള്ളാം.

മദ്യപാന ആസക്തിയെ പറ്റി പഠിക്കാന്‍ ഞാന്‍ പൊളി ടെക്നിക്കില്‍ ഒന്നും പോവാത്തത്‌ കൊണ്ട് സിനിമയുടെ അവസാന ഭാഗങ്ങളെ പറ്റി ഒന്നും പറയാനില്ല.

(കാശുള്ള നായകന്‍ കള്ളിന് , സോറി കുപ്പിയിലെ കവിതയ്ക്ക് അടിമ ആയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, വല്ലപ്പോഴും പാര്‍ട്ടികളില്‍ അലമ്പ് ഉണ്ടാക്കും എന്നല്ലാതെ. വെള്ളമടിച്ചു നോവല്‍ എഴുത്ത് , അത്യുഗ്രന്‍ ഷോ, പഴയ ഭാര്യയോടും അവരുടെ പുതിയ ഭര്‍ത്താവിനോടും സൗഹൃദം കാട്ടുന്ന വിശാല മനസ്കത.

കാശില്ലാത്ത പ്ലുംബെര്‍ മണിയന്‍ കുടിച്ചാല്‍ അത് അവന്‍റെ ജോലിയെ, കുടുംബത്തെ , ജീവിതത്തെ ഒക്കെ നശിപ്പിക്കുന്ന മഹാ വിപത്ത്.

ഈ ആല്‍ക്കഹോള്‍  അഡിക്ഷന് ഇത്രക്ക് സാമ്പത്തിക , സാമൂഹിക വേര്‍ തിരിവ് ഉണ്ടോ ?)

2 comments:

  1. വളരെ നന്നായി ഇഷ്ടപ്പെട്ട ഒരു ചിത്രം തന്നെയാണ് 'സ്പിരിറ്റ്'. ഞാന്‍ കുറച്ചു കാലത്തിനു ശേഷം കണ്ട (ഇന്ത്യന്‍ റുപ്പീയ്ക്കു ശേഷം) ഏറ്റവും നല്ല ചിത്രം എന്ന് നിസ്സംശയം പറയും. രഞ്ജിത്തിന്റെ തന്നെ 'കയ്യൊപ്പ്' 'ഇന്ത്യന്‍ റുപ്പീ' എന്നിവയ്ക്ക് ശേഷം വന്ന നല്ലൊരു സിനിമ.

    ഇതിലെ ലാലേട്ടന്റെ ക്യാരക്റ്ററും മാനറിസങ്ങളും ഒട്ടും അധികപ്പറ്റായി തോന്നിയതുമില്ല. 'ലെന' യുടെ കമ്മീഷണറെ മുന്നിലിരുത്തി നായകന്‍ വിരട്ടി വിടുന്നതു മാത്രമേ അത്ര സുഖകരമല്ലാതായി തോന്നിയുള്ളൂ.

    ReplyDelete
  2. ശ്രീ , അഭിപ്രായം മാനിക്കുന്നു. എനിക്ക് മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഇഷ്ടപെട്ടില്ല എന്ന് മാത്രം. മോഹന്‍ ലാലിന്‍റെ അഭിനയം നന്നായി എന്ന് തന്നെ തോന്നി , പക്ഷെ കാരക്റ്റര്‍ അല്പം ഓവര്‍ ആണ് എന്നും തോന്നി.

    പണ്ട് ഞാന്‍ ഒരു സിനിമ ബ്ലോഗ്‌ ഉണ്ടാക്കിയപ്പോള്‍ അതിനിട്ട പേര്, ഒരു സിനിമ പല കാഴ്ചകള്‍ എന്നായിരുന്നു . സിനിമ ഒന്നാണെങ്കിലും നമ്മള്‍ കാണുന്നത് പല സിനിമകള്‍ ആണ് . അവനവന്‍റെ ആശയങ്ങളും ജീവിത അനുഭവങ്ങളും നാം കാണുന്ന രീതിയെ സ്വാധീനിക്കുന്നുണ്ട്

    ReplyDelete