Sunday, 30 December 2012

അംലപാലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക്
അംലപാലി എന്ന ഗ്രാമത്തിന്‍റെ പേര് ഇന്നത്തെ തലമുറയിലെ പലരും കേട്ടിട്ടുണ്ടാവില്ല , പക്ഷെ സോഷ്യല്‍ മീഡിയക്കും ന്യൂസ്‌ ചാനലുകളുടെ കുത്തൊഴുക്കിനും മുന്‍പേ 1985ല്‍ ഇന്ന് ഡല്‍ഹിയില്‍ നടന്നതിന് സമാനമായ ഒരു വാര്‍ത്താ വിസ്ഭോടനത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്നു ഒറീസ്സയിലെ ഈ ഗ്രാമം. മുപ്പത് വയസായ ഒരു സ്ത്രീ കുട്ടികളുടെ പട്ടിണി മാറ്റാന്‍ തന്‍റെ ഭര്‍തൃ സഹോദരിയെ നാല്‍പതു രൂപയ്ക്കു വിറ്റ സംഭവം ആണ് അന്ന് ഒരു മീഡിയ സെന്‍സേഷന്‍ ആയി മാറിയത്. ഇന്ന് സോഷ്യല്‍ , ന്യൂസ്‌ മീഡിയകള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഉള്ള ഒരു പ്രതികരണം ഒക്കെ അന്ന് ഭരണകൂടത്തിന്‍റെ പക്ഷത്തു നിന്ന് ഉണ്ടായി. എന്തിന് ഇന്ത്യയുടെ പ്രധാന മന്ത്രിയായ രാജീവ് ഗാന്ധി തന്നെ സ്വയം പറന്നിറങ്ങി ആ ഗ്രാമത്തിലേക്ക് . 

ഒന്‍പത് വര്‍ഷത്തിന് ശേഷം ആ ഗ്രാമത്തില്‍ എത്തിയ പി സായിനാഥ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടര്‍ കണ്ടത് ഒരു വ്യത്യാസവും വന്നിട്ടില്ലാത്ത , പട്ടിണിക്ക് ഒരു മാറ്റവും ഇല്ലാത്ത ആ കുടുംബവും ഗ്രാമവും ആണ്. ഭക്ഷണത്തെക്കാള്‍ കൂടുതല്‍ കാറുകളാണ് വാര്‍ത്തകള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ട് വന്നത് എന്ന് അവര്‍ പറഞ്ഞതായി അദ്ദേഹം എഴുതിയിട്ടുണ്ട് തന്‍റെ പുസ്തകത്തില്‍..., ഒന്‍പതു വര്‍ഷത്തിന് ശേഷത്തെ ഡല്‍ഹിയിലും ഇന്ത്യയിലും സ്ത്രീകളോടുള്ള അതിക്രമം കൂടുമോ , അതോ കുറയുമോ ?.

അങ്ങകലെ നമ്മളാരും നേരിട്ട് അറിയാത്ത ഒരു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുമ്പോള്‍ മനസില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിയുന്നു എങ്കില്‍ അത് , പണ്ടേ മരിച്ചു എന്ന് നമ്മളൊക്കെ കരുതിയ മനുഷ്യത്വം ഇപ്പോഴും നമ്മളില്‍ ഒക്കെ ബാക്കി ഉണ്ട് എന്നതിന് തെളിവാകുന്നു. പക്ഷെ നമുക്ക് മുന്നേ നടന്നവര്‍ അംലപാലിയിലും , സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നമ്മളും നടത്തിയ വികാരപരമായ പ്രതിഷേധങ്ങള്‍ക്കും കണ്ണീരിനും ഒക്കെ അപ്പുറം അവശേഷിക്കുന്നത് എന്താണ് ?. സൗമ്യയെ പോലെ രാത്രി ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതത്വ ബോധത്തിന്റെ ഒരു കണികയെങ്കിലും കൂടുതല്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞോ ?. ആര്‍ക്കറിയാം , അംലപാലി പോലെ അതും ഒരു പഴയ വാര്‍ത്തയാണല്ലോ. ന്യൂ ജെനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതല്ലല്ലോ ഇപ്പോഴത്തെ ട്രെന്ടിംഗ് ഇവെന്റ്റ് !.

ഒരു അപകടം ദുരന്തമായി മാറുന്നത് അതില്‍ നിന്നും നാം ഒന്നും പഠിക്കാതെ പോകുമ്പോഴാണ്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വേണ്ടതാണ് , ആരോഗ്യമുള്ള ഒരു ജനതയുടെ ശബ്ദം ആണത് , പക്ഷെ ആ ശബ്ദങ്ങള്‍ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കേണ്ടത്‌ എവിടെയാണ് എന്ന ബോധം നമുക്ക് പലപ്പോഴും നഷ്ടപ്പെട്ട് പോകുന്നു. പ്രശങ്ങളെ ഒരു "സംഭവം" എന്ന രീതിയില്‍ മാത്രം കണ്ടു ശീലിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. സംഭവം നടന്നാല്‍ ഉടന്‍ ന്യൂസ്‌ ചാനെലുകളുടെ ബ്രെയ്ക്കിംഗ് ന്യൂസ്‌ പ്രളയം, സോഷ്യല്‍ മീഡിയയില്‍ മനുഷ്യ സ്നേഹികളുടെ പ്രതിഷേധം , കണ്ണീര്‍, വിലാപങ്ങള്‍ . ഒന്നോ രണ്ടോ ആഴ്ചക്ക് ശേഷം അടുത്ത സംഭവത്തിലേക്ക് ഇവരെല്ലാം ഒത്ത് ഒരുമിച്ച് നീങ്ങുകയായി. ഒരു സമൂഹം ഇതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം വട്ടപൂജ്യം എന്നായിരിക്കും.

പട്ടിണി എന്ന പ്രശ്നത്തെ process failure എന്ന രീതിയില്‍ കാണാതെ ഒരു event എന്ന രീതിയില്‍ കാണുന്നതാണ് നമ്മുടെ പ്രശ്നം എന്ന് സായിനാഥ് പറയുന്നുണ്ട്. വിശക്കുന്നവന് ഭക്ഷണം കിട്ടി എന്ന വാര്‍ത്തയോടെ പ്രശ്നം പരിഹരിച്ചു എന്ന മനോഭാവത്തില്‍ മാധ്യമങ്ങളും, ഭരണകൂടവും ജനങ്ങളും എല്ലാം അടുത്ത event തേടി യാത്രയാകുന്നു. പട്ടിണി എങ്ങനെ ഉണ്ടാകുന്നു എന്നോ , അതിനു വഴി വയ്ക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയോ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയോ പരിഹരിക്കപെടുന്നില്ല. എളുപ്പവഴിയില്‍ ഉത്തരം കാണുക എന്ന സമവാക്യത്തില്‍ എല്ലാവരും തൃപ്തര്‍... !

ഡല്‍ഹിയിലെ സംഭവ പരമ്പരകളും ഏതാണ്ട് ഈ വഴിയിലേക്ക് തന്നെയാണ് പോകുന്നത്. ആളി കത്തുന്ന പ്രതിഷേധം കുറ്റവാളികള്‍ക്ക് വധ ശിക്ഷ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഈ മൃഗീയ കൃത്യം നടത്തിയവര്‍ക്ക് അതിനൊത്ത ശിക്ഷ കിട്ടണം എന്നത് തന്നെയാണ് എന്റെയും അഭിപ്രായം , പക്ഷെ ഇന്ത്യ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത ഈ ഒരു പ്രതിഷേധം നമ്മളെ റേപ്പ് എന്ന അതിക്രമത്തിന്‌ എതിരെ ദീര്ഖകാല അടിസ്ഥാനത്തില്‍ ഒരു പ്രതിരോധം ഉണ്ടാക്കാന്‍ സഹായിച്ചില്ലെങ്കില്‍ അംലപാലിയും ഡല്‍ഹിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്ന് നമ്മള്‍ താമസിയാതെ തിരിച്ചറിയും.

സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുന്ന ഏക രാജ്യമോന്നും അല്ല ഇന്ത്യ, പല വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശ്നമാണിത്. പക്ഷെ അവരില്‍ പലരും വികാര പരമായ ശിക്ഷകള്‍ക്ക് അപ്പുറം ഈ മൃഗീയതയുടെ സാംസ്‌കാരിക , സാമൂഹിക , സാമ്പത്തിക വശങ്ങളെ പറ്റി പഠിച്ച് തയ്യാറാക്കിയ പ്രതിരോധങ്ങള്‍ ഉണ്ട്. പക്ഷെ ആറ് പേരെ തൂക്കി കൊല്ലുന്നത്‌ പോലെ എളുപ്പം ചെയ്യാവുന്ന ഒരു പണിയാവില്ല അത്. കാലാകാലങ്ങളായി സര്‍ക്കാരും ജനങ്ങളും കണ്ണടച്ച് ഇരുട്ടാക്കുന്ന പലതിനും നേരെ കണ്ണ് തുറക്കേണ്ടി വരും.

ഇത്തരം ഒരു പ്ലാനില്‍ ആദ്യ ശ്രമം വിദ്യാഭ്യാസം വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ എങ്ങനെ ബോധവല്‍ക്കരണം നടത്താം എന്നതാണ് . ലൈംഗിക വിദ്യാഭ്യാസത്തിന് അപ്പുറം , ആണ്‍ മേല്‍ക്കോയ്മ എന്ന ചിന്ത ഇല്ലാത്ത ആരോഗ്യപരമായ ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് കൂടി അടുത്ത തലമുറയെ പഠിപ്പിക്കുകയാണ് ഇത് വഴി ചെയ്യേണ്ടത്. വിദ്യാഭ്യാസം എന്ന ഭാഗ്യം ഇല്ലാത്ത 26% ജനതയെ ഇതെങ്ങനെ പഠിപ്പിക്കും എന്നാ ചോദ്യത്തിന് കുറെ കൂടി വിശാലമായ ഒരു മറുപടി വേണ്ടി വരും.

പിന്നീടുള്ളത് സുരക്ഷയാണ് , പെണ്‍കുട്ടികളെ പുറത്ത് ഇറക്കാതെ, പുതച്ച് മൂടി വീട്ടില്‍ ഇരുത്തുന്നത്‌ വീടിന് പുറത്തുള്ള അക്രമങ്ങള്‍ കുറക്കുമെങ്കിലും , ഒരു രാഷ്ട്രത്തിന്‍റെ അമ്പതു ശതമാനം ജനതയെ പിന്നോട്ട് വലിക്കുന്ന നയങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് എല്ലാവര്ക്കും അറിയാം. അപ്പോള്‍ സ്വന്ത്രയായി വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനും ഉള്ള സ്വതന്ത്രം ഉണ്ടാക്കുക എന്നത് തന്നെയാവണം അടുത്ത നയം.

വാര്‍ത്താ പ്രാധാന്യം നേടുന്ന ഇത്തരം അക്രമങ്ങളെക്കാള്‍ എത്രയോ കൂടുതലാണ് നമ്മള്‍ അറിയാതെ പോകുന്ന അക്രമങ്ങള്‍ . പോലീസും പട്ടാളവും നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെയും , സമൂഹത്തില്‍ ശബ്ദം ഇല്ലാത്ത ദളിതുകള്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും എതിരെ കരുതല്‍ നടപടികള്‍ വേണം. അരുന്ധതി റോയിയെ പോലെ സത്യം വിളിച്ചു പറയുന്നവരെ തല്ലിയോടിച്ചാല്‍ തീരുന്ന പ്രശ്നം ഒന്നും അല്ല അത്. ഉള്ളവനും ഇല്ലാത്തവനും കിട്ടുന്ന വാര്‍ത്താ പ്രധാന്യത്തിന്റെയും നീതിയുടെയും ഒന്നായിരിക്കണം എന്നൊരു സത്യം അതിനുള്ളില്‍ ഉണ്ട്.

പെണ്‍കുട്ടികള്‍ക്ക് എതിരെ ഉള്ള അക്രമങ്ങളില്‍ ഭൂരിഭാഗവും അവര്‍ അറിയുന്നവര്‍ തന്നെയാണ് ചെയ്യുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പത്രം വായിക്കുന്ന ആരോടും ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം കേസുകള്‍ അറിയാനോ തടയാനോ ഇന്ന് യാതൊരു സംവിധാനവും ഇന്ത്യയില്‍ ഇല്ല , കുട്ടികള്‍ പോകുന്ന ആശുപത്രികള്‍ , അവരുമായി ബന്ധമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , പഠിക്കുന്ന സ്ക്കൂളുകള്‍ തുടങ്ങിയ സ്ഥാപങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ സംശയം തോന്നിയാല്‍ പോലീസില്‍ അറിയിക്കാന്‍ ഉള്ള ഒരു നിയമവും സംവിധാനവും തീര്‍ച്ചയായും വേണ്ടതാണ്.

ഇത്തരം കുറ്റ കൃത്യങ്ങളില്‍ സമൂഹവും നിയമപാലകരും പലപ്പോഴും ഇരകളോട് പെരുമാറുന്നത് വളരെ ക്രൂരമായാണ്. പലരും സ്വന്തം അനുഭവവുമായി മുന്നോട്ടു വരാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത് തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലായ്മയാണ് കുടുംബത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ പലതും പുറത്തു വരാതിരിക്കാന്‍ ഉള്ള കാരണം. ആദ്യത്തേത് ബോധവല്‍ക്കരണവും , നിയമപാലകരുടെ പരിശീലനവും വഴി മറികടക്കണം എങ്കില്‍ , രണ്ടാമത്തേത് ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നവരെയും , ബന്ധപെട്ടവരെയും സാമ്പത്തികമായും സാമൂഹികമായും പുനരധിവസിപ്പിക്കുക എന്ന ചുമതല ഏറ്റെടുക്കുന്നതില്‍ കൂടെയേ പരിഹരിക്കാന്‍ കഴിയൂ.

കോടതിയും നീതിയും വരെ എത്തുന്നതിന് മുന്നേ തന്നെ പരിഗണിക്കേണ്ട പ്രശനങ്ങളുടെ എണ്ണം ഞാന്‍ മുകളില്‍ പറഞ്ഞതിലും കൂടുതല്‍ ആവാനേ തരമുള്ളൂ. ഇത്തരം പ്രശ്നങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ ഒരു നയരേഖയും , വ്യക്തമായ പ്ലാനും ആണ് സത്യത്തില്‍ നമ്മള്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടേണ്ടത്. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് ജനങ്ങള്‍ക്ക്‌ മുന്നില്‍ വയ്ക്കുന്ന ആ പ്ലാന്‍ , ഈ രണ്ടാഴ്ചത്തെ അവെഷതിനപ്പുരം പിന്തുടരാനും , സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനും ഇവിടത്തെ ജനങ്ങളും മീഡിയയും ഒരുപോലെ ശ്രമിച്ചാലേ ഇത്തരം പ്രശങ്ങള്‍ക്ക് ക്രിയാത്മകമായ ഒരു പരിഹാരം ഉണ്ടാവൂ...

ഇതൊക്കെ, നേരത്തെ പറഞ്ഞ പോലെ സമയവും അധ്വാനവും ഉള്ള പണിയാണ്, അതൊന്നും പറ്റില്ലെങ്കില്‍ നമുക്ക് പതിവ് പോലെ പോസ്റ്റ്‌ കറുപ്പിക്കലും , സര്‍ക്കാരിനെ ചീത്ത വിളിക്കലും ഒക്കെ ആയി രണ്ടാഴ്ച തള്ളി നീക്കാം , അപ്പോഴേക്കും ഇതിലും വലിയ എന്തെങ്കിലും കിട്ടും . ഡല്‍ഹി റേപ്പ് ഒരു പഴം കഥയായി എഴുതി തള്ളാം, പ്രതികള്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ ഫേസ് ബുക്കില്‍ പടക്കം പൊട്ടിക്കാം. പക്ഷെ അത് കൊണ്ടൊന്നും വലിയ വ്യത്യാസം ഉണ്ടാവും എന്ന് പ്രതീക്ഷിക്കരുത് !!


Further Reading
=============
Global Review on Rape Prevention : http://www.svri.org/GlobalReview.pdf-
Time for Action (Australian Action Plan ) :http://apo.org.au/sites/default/files/Time_for_action.pdf
http://en.wikipedia.org/wiki/Literacy_in_India
http://en.wikipedia.org/wiki/Armed_Forces_(Special_Powers)_Act,_1958
Everybody Loves a Good Draught - P Sainath

Friday, 21 December 2012

ജനാധിപത്യ പോലീസ് !
ഗുജറാത്ത്‌ തിരഞ്ഞെടുപ്പിന്‍റെ അര്‍മാദം അവസാനിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ കാണുന്നത് രണ്ട് തരം എതിര്‍പ്പുകള്‍ ആണ് . മോഡിയെയും, ഗുജറാത്തിലെ വംശ ഹത്യയെയും എതിര്‍ക്കുന്ന ആദ്യത്തെ വാദത്തെ ഞാനും പിന്തുണയ്ക്കുന്നു എന്ന് ആദ്യമേ പറയട്ടെ. ഈ വിഷയത്തില്‍ വ്യക്തമായ അഭിപ്രായം ഉള്ള ഒരാളാണ് ഞാന്‍., അത്  ഗുജറാത്തിലെ കലാപങ്ങള്‍ക്കും , വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെയുള്ള ഒരു നിലപാടാണ്‌. 

കേരളത്തേക്കാള്‍ വികസിതമായ ഒരു സ്വപ്ന ഭൂമിയാണ്‌ ഗുജറാത്ത്‌ എന്നും ഞാന്‍ വിശ്വസിക്കുന്നില്ല (സമയം കിട്ടിയാല്‍, കണക്കുകള്‍ പിറകെ എഴുതാം), പക്ഷെ ഈ പോസ്റ്റ്‌ ഇതിനെ രണ്ടിനെയും കുറിച്ചല്ല , മറിച്ച് ഗുജറാത്തിലെ ജനവിധി ജനാധിപത്യത്തിന്‍റെ കശാപ്പുശാലയാണ് എന്നൊക്കെ എഴുതി പിടിപ്പിക്കുന്ന മലയാളിയുടെ "പുരോഗമന രാഷ്ട്രീയ" പ്രവണതക്ക് എതിരെയാണ്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ബ്രിട്ടിഷുകാര്‍ ദാനം നല്‍കിയ വരമൊന്നും അല്ല ജനാധിപത്യം. സ്വാതന്ത്ര്യ ബോധം ഉള്ള നേതാക്കള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ ഒരു ആശയം തന്നെയാണ്. 1952 ല്‍ ഇന്ത്യ തന്‍റെ ചരിത്രത്തിലെ ആദ്യ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ വോട്ടര്‍മാരില്‍ 85 ശതമാനം എഴുതാനും വായിക്കാനും കഴിയാത്ത നിരക്ഷരര്‍ ആയിരുന്നു. ഇന്ന് പുരോഗമന രാഷ്ട്രം എന്ന് വാഴ്ത്തപ്പെടുന്ന പല രാഷ്ട്രങ്ങളും ചെയ്ത പോലെ ആദ്യം വിദ്യാഭ്യാസം ഉള്ളവനും , പുരുഷന്മാര്‍ക്കും  വോട്ട് , പിന്നെ കാലക്രമേണ സ്ത്രീകള്‍ക്കും നിരക്ഷരര്‍ക്കും വോട്ട് എന്ന ഒരു മോഡല്‍ നെഹ്രുവിനു മുന്നില്‍ ഉണ്ടായിരുന്നു. മറ്റു പല രാജ്യങ്ങളും ചെയ്ത പോലെ ഏകാധിപത്യത്തിന്റെ പാതയിലും സഞ്ചരിച്ചില്ല നെഹ്‌റു. ( ഇന്ത്യക്കൊപ്പം സ്വതന്ത്രം കിട്ടിയ പാകിസ്താനിലെ ആദ്യ തിരഞ്ഞെടുപ്പ്  1965 ല്‍ ആയിരുന്നു എന്നോര്‍ക്കുക )

ലോകം കണ്ട ഏറ്റവും വിഷമമേറിയ തിരഞ്ഞെടുപ്പ് മുന്നൊരുക്കവും ( 176 million voters  , 85 % illiterate , 4500 seats (parliament + assembly ), 224,000 polling booths, 2.8 million ladies denied  vote because they refused to give their name and gave it as wife of A or daughter of B  ) അതിനു ചുക്കാന്‍ പിടിച്ച സുകുമാര്‍ സെന്‍ എന്ന സമര്‍ഥനായ ഓഫീസറും ഇന്ത്യന്‍ ഓര്‍മയുടെ കയങ്ങളില്‍ മാഞ്ഞു പോയിരിക്കുന്നു . ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിനെ "ലോക ചരിത്രത്തിലെ ഏറ്റവും വലിയ പകിട കളി" എന്നാണ് അന്ന് നിരീക്ഷകര്‍ എഴുതി തള്ളിയത് , പക്ഷെ അറുപത് വര്‍ഷത്തിനപ്പുറം ഇന്ത്യ ഒരു രാജ്യമായി നില നില്‍ക്കുന്നു എങ്കില്‍ അതില്‍ ഏറ്റവും വലിയ പങ്ക് ആ ജനാധിപത്യ പകിട കളിക്കാണ് എന്നത് വിസ്മരിക്കാന്‍ ആവാത്ത സത്യം മാത്രമാണ്. 

ആരെ പ്രണയിക്കണം,  എന്നത് പോലെ തികച്ചും വ്യക്തിപരമായ ഒരു തീരുമാനം ആണ് ആര്‍ക്ക് വോട്ട് ചെയ്യണം  അല്ലെങ്കില്‍ എന്ത് ആശയത്തിന്റെ പേരില്‍ വോട്ട് ചെയ്യണം എന്നത്. ഈ  വ്യക്തി സ്വാതന്ത്രത്തിന്റെ മുകളിലാണ് ഇന്ത്യയെ അറുപതു കൊല്ലത്തിന് അപ്പുറം ഒരു രാജ്യമായി നിലനിര്‍ത്തുന്ന ജനാധിപത്യം നമ്മള്‍ കെട്ടി ഉയര്‍ത്തിയത്‌.., നാട്ടില്‍ ആര് ആരെ പ്രേമിക്കണം എന്നത് തീരുമാനിക്കുന്ന സദാചാരപോലീസിന്‍റെ, അല്ലെങ്കില്‍ ഹിന്ദു മുസ്ലിമിനെ പ്രേമിക്കരുത് , അല്ലെങ്കില്‍ മുസ്ലിം ക്രിസ്ത്യനെ  പ്രേമിക്കരുത്, പ്രേമിച്ചാല്‍ സംസ്കാരം തകരും  എന്നൊക്കെ ഇണ്ടാസ് ഇറക്കുന്ന സദാചാര പോലീസ് തലവന്മാരുടെ അതെ മാര്‍ഗമാണ് ഗുജറാത്തിലെ സാധാരണക്കാരന്‍ എങ്ങനെ , എന്ത് ആശയത്തിന്‍റെ പേരില്‍ വോട്ട് ചെയ്താലാണ് ജനാധിപത്യം വിജയിക്കുക എന്ന് തീരുമാനിക്കുന്ന ജനാധിപത്യ പോലീസുകാരന്‍ തിരഞ്ഞെടുക്കുന്നത്. 

നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ എന്നത് പോലുള്ള ഒരു ചോദ്യം ആണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്നതും. ഓരോ തവണ പോളിംഗ് ബൂത്തില്‍ നില്‍ക്കുമ്പോഴും എന്തു ആശയത്തിന്റെ പേരിലാണ് നിങ്ങള്‍ വോട്ട് ചെയ്തിട്ടുള്ളത് ?. രാഷ്ട്രീയ പ്രബുദ്ധം എന്ന് കരുതുന്ന ആശയങ്ങള്‍ക്ക് അപ്പുറം ഒരു വികാരത്തിന്റെയും പേരില്‍ വോട്ട് ചെയ്തിട്ടില്ല എന്ന്  നിങ്ങള്ക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമോ ?.  ഗുജറാത്തിലെ ഒരു സാധാരണക്കാരന്‍ പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ , ബാലറ്റ് പേപ്പര്‍ കയ്യില്‍ എടുക്കുമ്പോള്‍ അവന്‍ ചിന്തിക്കുന്നത് എന്താവും , അത് ചിലപ്പോള്‍ പട്ടിണിയില്‍ ആയ കുടുംബത്തെ പറ്റി  ആവാം , ഗ്രാമത്തില്‍ വന്ന റോഡിനെ പറ്റി  ആവാം, ലോക്കല്‍ നേതാവ് ചെയ്ത സഹായത്തെ പറ്റി ആവാം, അടുത്തയിടക്ക്‌ വന്ന വരള്‍ച്ചയെ പറ്റിയും ആവാം, അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ പോകുന്ന പാര്‍ട്ടിയെയോ സ്ഥാനാര്‍ഥി യെ പറ്റിയോ ആവാം 

 ആ ചിന്തകള്‍ക്ക് ഇടയിലോന്നില്‍ ഈ തിരഞ്ഞെടുപ്പില്‍ അവന്‍ ചെയ്ത  വോട്ടിന്‍റെ കാരണം ഉണ്ട്. ഇതിനെ പറ്റി  ഒന്നും വലിയ വലിയ പിടിപാട് ഇല്ലാതെ , ഇങ്ങകലെ കേരളത്തില്‍ ഇരുന്ന് അവന്‍ എങ്ങനെ  ചിന്തിച്ച് , ആര്‍ക്കു വോട്ട് ചെയ്യണം എന്ന് പറയുന്നവരെ ജനാധിപത്യ പോലീസ്  എന്നല്ലാതെ എന്ത് പേരിട്ടു വിളിക്കും ?.

ഇനി ഇത് പറയാന്‍ അര്‍ഹത ഉണ്ടെന്ന് ധരിക്കുന്ന കേരളത്തിന്റെ വോട്ടിംഗ് ചരിത്രം ഒന്ന് പരിശോധിച്ച് നോക്കാം. ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെ ഉയര്‍ന്ന ഏറ്റവും വലിയ വെല്ലു വിളിയായ അടിയന്തിരാവസ്ഥക്ക്‌ ശേഷമുള്ള തിരഞ്ഞെടുപ്പില്‍ കേരളം വോട്ട് ചെയ്തത് എങ്ങനെ ആണ് ?. കോണ്‍ഗ്രസ്സും , CPI യും മുസ്ലിം ലീഗും , കേരളാ കോണ്‍ഗ്രസ്സും ഉള്‍പെട്ട , അടിയന്തിരാവസ്ഥയെ പൂര്‍ണമായി പിന്തുണച്ച മുന്നണിയെ മൃഗീയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച മഹനീയ ചരിത്രം ആണ് നമുക്കുള്ളത്. 

ഇന്ദിര ഗാന്ധിയുടെ മരണത്തിന് ശേഷം ഡല്‍ഹിയിലെ സിഖ് ജനതയ്ക്ക്  എതിരെ കോണ്‍ഗ്രസ്‌ നര നായാട്ട് നടത്തിയതിനു ശേഷം വീണ്ടും വന്നു തിരഞ്ഞെടുപ്പ്. അന്ന് "വന്മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങും" എന്ന് ആലങ്കാരികമായി പറഞ്ഞ്  ഒഴിഞ്ഞ രാജിവ് ഗാന്ധി നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷം നല്കി ആദരിച്ചു കേരള ജനത. ഇത്രയ്ക്കു രാഷ്ട്രീയ പ്രബുദ്ധതയും , മത നിരപെക്ഷതയും ഉള്ള മലയാളിക്ക് മാത്രമേ ഗുജറാത്ത് തിരഞ്ഞെടുപ്പിനെതിരെ ജനാധിപത്യ പോലീസ് വാദങ്ങള്‍ ഉയര്‍ത്താനുള്ള അര്‍ഹതയുള്ളൂ..!!

അതുകൊണ്ട് വിമര്‍ശനം തുടരട്ടെ , ജനാധിപത്യത്തിന്‍റെ ബലാല്‍സംഗത്തെ  പറ്റിയും , എളുപ്പം മണ്ടന്‍ ആക്കാവുന്ന ഗുജറാത്തുകാരന്‍റെ രാഷ്ട്രീയ, മത പ്രബുദ്ധതക്കും ഒക്കെ എതിരെ . ഇടയ്ക്കിടയ്ക്ക് കേരളത്തില്‍ സദാചാര പോലീസ്  കളി ഉണ്ടാകുമ്പോള്‍ അതിനെതിരെയും , വ്യക്തി സ്വാതന്ത്രത്തിന് നേരെ ഉയരുന്ന ഭീഷണിക്ക് എതിരെയും, സംസ്കാരം തകരുന്നു എന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് എതിരെയും  പ്രതികരിക്കാന്‍ മറക്കരുത് !. 

Tuesday, 18 December 2012

ഓടുന്നത് പ്രേക്ഷകന്‍ !

റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ ആദ്യ അര മണിക്കൂറില്‍ തന്നെ സൂപ്പര്‍ താരങ്ങളെ നശിപ്പിക്കുന്ന ചേരുവകള്‍ എല്ലാം കൃത്യമായി ഉണ്ട്.

1. നായകന്‍ കേമന്‍ ആവണം എങ്കില്‍ നായകന്‍ സ്ക്രീനില്‍ വരുന്നതിന് പത്തു മിനിറ്റ് ,മുന്നേ സ്നേഹിതന്മാര്‍ , അവന്‍ ആനയാണ് , ചേനയാണ്, പുലിയാണ് (പുലികള്‍ക്ക് രക്ഷയില്ലാത്ത കാലമാണ് എന്നത് വേറെ), reuters ആണ്, കോടികള്‍ ശമ്പളം വാങ്ങുന്നവന്‍ ആണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കണം.

2. നാട്ടിലില്ലാത്ത നായകനെ വിലയുള്ളൂ , അത് കൊണ്ട് മലയാളിയായ നായകന്‍ ചുമ്മാ ആരെയൊക്കെയോ രക്ഷിക്കാനും , ഒരു തമാശക്ക് വീഡിയോ പിടിച്ചു കളിക്കാനും ആയി ഒന്ന് രണ്ടു ദിവസത്തേക്ക് നാട്ടില്‍ എത്തുന്നു.

3. പിന്നെ ആരും കണ്ടാല്‍ ഞെട്ടുന്ന ഒരു ന്യൂ ജെനറേഷന്‍ ഇന്ട്രോ. ഇത് വളരെ ആരും കാണിച്ചിട്ടില്ലാത്ത രീതിയില്‍ ആദ്യം ഷൂ കാണിച്ചിട്ട് , പിന്നെയാണ് നായകനെ കാണിക്കുക . ഹോ എന്നാ ഒരു ഷോട്ട് !!.

4. BBC ക്കും reuters നും വേണ്ടി പടം പിടിക്കുന്ന നായകന്‍ , അതാ ചെരുപ്പൂരി എറിഞ്ഞു പടം പിടിക്കാന്‍ ഒരു സീന്‍ ഉണ്ടാക്കുന്നു. വന്യ മൃഗങ്ങളുടെ ഷോട്ട് എടുക്കാന്‍ പോലും അവരെ ഉപദ്രവിക്കരുത് എന്ന് നിയമമുള്ള മീഡിയകളില്‍ നിന്ന് നായകന്‍ പഠിച്ച പാഠം കൊള്ളാം.

5. അഞ്ചു വയസുകാരന്‍ അച്ഛന്‍റെ തല്ലു കൊണ്ട് ഓടുമ്പോള്‍ ക്യാമറ കയ്യില്‍ കൊടുത്താല്‍ എങ്ങനെ വീഡിയോ വരുമോ , അങ്ങനെയുള്ള കുറച്ചു ഷോട്ടുകള്‍ കാണിച്ചിട്ട് മീഡിയ സിംഹങ്ങള്‍ എല്ലാം വാ പൊളിച്ചു നില്‍ക്കുന്നു !!. ഇനി നായകന്‍ പോസ്റ്റ്‌ മോഡേണ്‍ ക്യാമെറാ മാന്‍ ആണോ എന്തോ ?. മനുഷ്യന് നേരെ ചൊവ്വേ കാണാന്‍ പറ്റാത്ത ഷോട്ടുകള്‍ എടുത്തതും പോരാഞ്ഞ് എഡിറ്റ്‌ ചെയ്ത ചേട്ടന്മാരെ കൊതി തീരുവോളം ചീത്ത വിളിക്കുന്നും ഉണ്ട് നായകന്‍.

6. ഷൂ എറിഞ്ഞു കച്ചവട ഷോട്ട് ഉണ്ടാക്കിയ നമ്മുടെ നായകന്‍ , പിന്നെ കച്ചവട സിനിമക്കാരെയും ചാനെലുകാരെയും ചീത്ത പറയുകയും , പിന്നെ ഗോള്‍ഡ്‌ മെഡല്‍ കിട്ടിയ കഥ കൂടി വിളമ്പുകയും ചെയ്യുന്നതോടെ ആദര്ശ ധീരനായ നായകന്‍റെ ഒരു ഏകദേശ ചിത്രം നമുക്ക് കിട്ടും.

7. അറുപതു വയസ് തോന്നിക്കുന്ന നായകനെ അഞ്ചു വര്ഷം മുന്നേ പ്രേമിച്ച കഥയുമായി ഒരു ഇരുപതു വയസുകാരി പതിവ് പോലെ റെഡി ആയി നില്‍പ്പുണ്ട്

8. നായകന് എന്തും ആവാം എന്ന് പ്രേക്ഷകന് ഇത് വരെ മനസിലാക്കി ഇല്ലെങ്കിലോ ന്ന് തോന്നിയിട്ടാവാം , പോലീസിനെ തല്ലലും, പിന്നെ രക്ഷിക്കലും , പോലീസ് സ്റ്റേഷനില്‍ കയറി വിരട്ടലും ഒക്കെ വീണ്ടും കാണിച്ച് രോമാഞ്ചം വരുത്തുന്നുണ്ട് സംവിധായകന്‍. , reuters എന്നാ ഒരു വാക്കിന് ഈ കൊച്ചു കേരളത്തില്‍ ഇത്ര വിലയുണ്ടെന്ന് അവര്‍ക്ക് പോലും അറിവുണ്ടാവില്ല !!.

9. ഇതൊക്കെ കേട്ട് ഇതൊരു സ്ത്രീ പ്രാധാന്യം ഇല്ലാത്ത ചിത്രം ആണെന്ന് തെറ്റി ധരിക്കരുത്. രണ്ടു മിനിറ്റ് കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്നം അഞ്ചു കൊല്ലം മനസിനുള്ളില്‍ കൊണ്ട് നടക്കുന്ന , തന്നെ ചതിച്ച കമ്പനിയുടെ ശമ്പളവും വാങ്ങി, അവിടെ ചീഫ് എക്സിക്യൂട്ടീവ് ആയി വിലസുന്ന , ആദര്‍ശ ധീരയായ ഒരു പെണ്‍കൊടിയും ഉണ്ട് ചിത്രത്തില്‍

10. മൊത്തത്തില്‍, നായകനും നായികക്കും ഒക്കെ എന്തും ആവാം , പാവം പ്രേക്ഷകന്‍ ഇറങ്ങി ഓടാത്തത്‌ ബിജു മേനോന്‍ എന്നാ മലയാളി സ്നേഹിക്കുന്ന നടന്‍ ഉള്ളത് കൊണ്ട് മാത്രം . ( ആ ഉണ്ടത്രേ പരാമര്‍ശം കലക്കി)

ഇതൊക്കെ കണ്ടിട്ടും വിഷമം വരാത്ത ധീരന്മാര്‍ക്ക്‌ സങ്കടം വരാന്‍ ഈ സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ആയല്ലോ എന്ന് ഓര്‍ത്താല്‍ മതി.

സത്യത്തില്‍ ഫഹദ് ഫാസിലിനെ ഒക്കെ നായകനാക്കി , ഹീറോ പരിവേഷം ഒക്കെ കുറച്ച് എടുത്താല്‍ ചിലപ്പോ ഒരു നല്ല സിനിമ ആയേനെ ഇത് . അതിനുള്ള വകുപ്പ് ഒക്കെ കഥയില്‍ ഉണ്ട്

Tuesday, 11 December 2012

ഒഴിമുറിയില്‍ നിറയുന്നത് ..

ഭരതനോട് ഒപ്പം സിനിമകള്‍ ചെയ്ത നല്ല നാളുകളെ കുറിച്ച് പറയുന്നതിനിടയില്‍ , അഭിനന്ദനങ്ങള്‍ക്ക് പോലും ഒരു ഭരതന്‍ ടച്ച്‌ ഉണ്ടെന്ന് സംഗീത സംവിധായകന്‍ ജോണ്‍സന്‍ പറഞ്ഞതോര്‍ക്കുന്നു. ഏതെങ്കിലും ഒരു പാട്ട്, അല്ലെങ്കില്‍ ആരുടെയെങ്കിലും അഭിനയം വളരെ ഇഷ്ടപെട്ടാല്‍ , "കൊള്ളാം. ഇത് നീ ചെയ്തതാണ് എന്ന് പറയില്ല" എന്നാണത്രേ ഭരതന്‍ പറയുക. ഒരേ സമയം ഇകഴ്ത്തലും പുകഴ്ത്തലും ആയി കാണാവുന്ന വാക്കുകള്‍. 

അവനവന് സാധാരണ ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്തേക്ക് ഒരാള്‍ , അല്ലെങ്കില്‍ ഒരു സൃഷ്ടി ചെന്നെത്തുന്നതിന്റെ ആനന്ദം ആയിട്ടാണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. ഒഴിമുറി എന്ന ചിത്രം എന്നെ ഒര്മിപ്പിച്ചതും ആ ഭാരത വാക്യമാണ്. സിനിമ എന്ന കലയുടെ വ്യാകരണവും അളവ് കോലുകളും വച്ച് അളന്നാല്‍ ഒഴിമുറിക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടാവാം, പക്ഷെ ഒഴിമുറി കാണുമ്പോള്‍ നമുക്ക് മുന്നില്‍ നിറയുന്നത്. സിനിമക്ക് അപ്പുറത്തേക്ക് ഒരു സമൂഹത്തിന്‍റെ, മൂന്ന് തലമുറയുടെ ചിത്രമാണ്‌. 

സ്ത്രീകള്‍ക്ക് സ്വത്തവകാശവും , വിവാഹത്തിന് ശേഷം സ്വന്തം വീട്ടില്‍ താമസിക്കാന്‍ അധികാരവും ഉണ്ടായിരുന്ന ഒന്നാം തലമുറയും, സ്ത്രീയുടെ ലോകം വീടിനുള്ളിലേക്ക് ചുരുങ്ങി പോയ രണ്ടാം തലമുറയും, അവരുടെ കഥകള്‍ വിലക്കി ചേര്‍ക്കാന്‍ സംവിധായകന്‍ ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയും നല്ല കയ്യടക്കത്തോടെ എഴുതി സംവിധാനം ചെയ്ത ഈ സിനിമയില്‍ നിറയുന്നു.

ഭാഷയും , ഭൂപ്രകൃതിയും കാലവും പലപ്പോഴും അപരിചിതം , പക്ഷെ മുന്നില്‍ തെളിഞ്ഞ കഥാപാത്രങ്ങള്‍ പലതും മനസിന്‍റെ ഉള്ളില്‍ ചെന്ന് കൊണ്ടു. ആരെയും കൂസാത്ത , ഏതു അര്‍ദ്ധരാത്രിയിലും ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ലാത്ത , ആരവിടെ എന്ന് ചോദിച്ചാല്‍ ഞാന്‍ ഇവിടെ എന്ന് ഉറച്ചു പറയാന്‍ കഴിയുന്ന അമ്മൂമ്മമാരെ കണ്ടിട്ടുണ്ട് ചെറുപ്പത്തില്‍..., ആര് മണിക്ക് ശേഷം ഒറ്റയ്ക്ക് പെണ്‍കുട്ടികള്‍ പുറത്തിറങ്ങാത്ത ഇന്നത്തെ കേരളത്തിന് , പായും തലയിണയും ആയി ഒറ്റയ്ക്ക് രാത്രി കഥകളി കാണാന്‍ പോകുന്ന അമ്മൂമ്മമാര്‍ ഒരു കൌതുകം ആയേക്കാം.

അഭിനയം പോരാ എന്ന് മലയാളി എഴുതി തള്ളിയിരുന്ന ശ്വേതാ മേനോന്‍ എന്ന നടിക്ക് കഴിഞ്ഞ നാല് വര്‍ഷത്തില്‍ വന്ന മാറ്റം അതിശയകരം തന്നെ. ആരെയും കൂസാത്ത അമ്മച്ചിയായി ശ്വേത തകര്‍ത്തിരിക്കുന്നു ഈ ചിത്രത്തില്‍....., ചെറുപ്പത്തില്‍ നിന്ന് വാര്ധക്യത്തിലേക്ക് എത്തുമ്പോള്‍ വരുന്ന വേഷ വിധാനത്തിലെ അലസത വളരെ സ്വാഭാവികമായി തോന്നി പലപ്പോഴും. 

സ്നേഹം ശകാരമായി മാത്രം പുറത്തു വരുന്ന, വാശിക്ക് ഒട്ടും കുറവില്ലാത്ത , പേടിക്കുന്നവന്റെ മുന്നില്‍ സിംഹവും, പേടിപ്പിക്കുന്നവന്റെ മുന്നില്‍ ആട്ടിന്‍ കുട്ടിയും ആകുന്ന സാധാരണക്കാരന്‍റെ വേഷം ലാലിന്‍റെ കയ്യില്‍ ഭദ്രം. താര പരിവേഷത്തിന്റെ ലഹരിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒക്കെ നഷ്ടപ്പെട്ട് പോകുന്നത് ഇത്തരം വേഷങ്ങള്‍ ആണ്.

ജീവിതകാലം മുഴുവന്‍ വഴക്കിട്ടു മാറ്റി നിര്‍ത്തിയ അമ്മയുടെ ബലിയിടുമ്പോള്‍ ഓര്‍മയുടെ ഭാരത്തിനു മുന്നില്‍ മനസ്‌ ഇടറുന്ന മക്കളും പുതിയ കാഴ്ചയല്ല. എന്തിനാണ് ജീവിച്ചിരിക്കെ ഇത്രയും വാശി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ചുറ്റും നോക്കുമ്പോള്‍. !!

പരസ്പരം ഉള്ളു തുറന്ന് സംസാരിക്കാതെ , പേടിച്ചും പേടിപ്പിച്ചും നഷ്ടപ്പെട്ട് പോയ ഒരു തലമുറയിലെ അച്ഛനും മകനും തമ്മിലുള്ള ബന്ധം ഈ സിനിമ നന്നായി കാണിക്കുന്നുണ്ട്.ട്രാഫി ക്കിന് ശേഷം അസിഫ് അലിക്ക് കിട്ടിയ ഒരു നല്ല വേഷം. 

ഭര്‍ത്താവിനും മകനും അപ്പുറം ഒരു ലോകം ഇല്ലാത്ത , അവര്‍ക്ക് വേണ്ടി സ്വന്തം കുടുംബത്തെ പോലും മാറ്റി നിര്‍ത്തേണ്ടി വരുന്ന അമ്മാരുടെ ഒരു തലമുറയും നമുക്ക് മുന്നില്‍ എത്തുന്നു.എത്രയൊക്കെ ത്യാഗം ചെയ്താലും ഒടുവില്‍ മറ്റുള്ളവരുടെ മനസിലേ കുറ്റബോധങ്ങളുടെ കുരിശ് ഏറ്റാന്‍ വിധിക്കപെടുന്നവര്‍..., അവര്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടയിക്കൂടാ എന്ന് വാശി പിടിക്കുന്നവര്‍ തന്നെ , അഭിപ്രായങ്ങള്‍ ഇല്ലാത്തവര്‍ എന്ന് അവരെ കളിയാക്കുന്ന അവസ്ഥകള്‍ , ഇത് കേരളത്തിലെ ഒരു തലമുറയിലെ സ്ത്രീകളുടെ നേര്‍ ചിത്രമല്ലേ ?.

മലയാള സിനിമയില്‍ തന്‍റെ ചുവടുറപ്പിക്കുന്ന നന്ദുവിന് വീണ്ടും ഒരു നല്ല വേഷം. രണ്ടു മിനിറ്റ് മാത്രം സ്ക്രീനില്‍ വന്നു പോകുന്ന ഗോപകുമാറിന്റെ വേഷം വരെ നന്നായിട്ടുണ്ട്. മലയാള സിനിമ ഈ നടനെ വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല എന്നതല്ലേ സത്യം ?.

ഇതിനൊക്കെ അപ്പുറത്ത് അവതരണം തെറ്റിയാല്‍ വളരെ വിരസമാകുമായിരുന്ന ഒരു കഥയെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് മധുപാല്‍., കാലങ്ങളെ ഇട കലര്‍ത്തി ഉള്ള കഥ പറച്ചിലും , പലപ്പോഴും കൂട്ടി വായിക്കാവുന്ന ചെറിയ സൂചനകളും സിനിമയെ മനോഹരമാക്കുന്നു.

പുറമേ നിന്ന് ദുഷ്ടന്‍ എന്ന് തോന്നുന്നവരുടെ മറുവശവും, ദുര്‍ബലര്‍ എന്ന് തോന്നുന്നവരുടെ അക കരുത്തും ഒക്കെ പതിയെ പതിയെ , കഥക്കൊപ്പം നമുക്ക് കാട്ടിത്തരുന്നുണ്ട് സംവിധായകന്‍.., മരണത്തെ പറ്റിയുള്ള നിരീക്ഷണങ്ങളും വളരെ നന്നയി തോന്നി ( " മരണത്തിന് മുന്നില്‍ മനുഷ്യര്‍ എത്ര ചവറാണ് ")

ഭക്ഷണ പ്രേമവും , കുറ്റം പറച്ചിലും അടക്കമുള്ള ശീലങ്ങളില്‍ പിടിച്ച് ഞങ്ങള്‍ നായന്മാരെ ഒരിത്തിരി കളിയാക്കി എങ്കിലും ഒരു സിനിമക്ക് അപ്പുറം, ഒരു സമൂഹത്തിന്‍റെ മൂന്ന് തലമുറയുടെ കഥ പറയുന്ന ഈ ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഭരതന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ , "നന്നായി. വെറും ഒരു സിനിമ ആണെന്ന് പറയില്ല കേട്ടോ !" 

Friday, 7 December 2012

പച്ചയും കാവിയും

പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരുപാടു എലികള്‍ ഉണ്ടായിരുന്നു. കണ്ടാല്‍ ഒരേപോലെയുള്ള , ഒരേ നിറത്തിലുള്ള ഒരുപാട് എലികള്‍.. ... അരിയും തേങ്ങാ പൂളും കഴിച്ച് അവര്‍ സുഖമായി കഴിയുന്ന കാലത്താണ് ആ നാട്ടിലേക്ക് പേരില്ലാത്ത ഒരു പെയിന്‍റെര്‍ എലി വരുന്നത്. രണ്ടേ രണ്ട് നിറങ്ങളെ അവന്‍റെ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. കാവിയും പച്ചയും. 

വെള്ള നിറം മാറ്റി കളറടിക്കാന്‍ പിന്നങ്ങോട്ട് എലികളുടെ ക്യൂ ആയിരുന്നു. ആദ്യമാദ്യം അവരവരുടെ കളറുകള്‍ കണ്ണാടിയില്‍ കണ്ടു രസിച്ച എലികള്‍ പിന്നെ പതിയെ പതിയെ സ്വന്തം കളര്‍ അടിക്കാത്ത എലികളെ കളിയാക്കാന്‍ തുടങ്ങി. തെങ്ങാപൂള് തിന്നാന്‍ പച്ച എലികള്‍ക്ക് അവകാശം ഇല്ലെന്ന് കാവി എലികളും , അരിച്ചാക്ക് മുറിച്ച് അരിയെടുക്കാന്‍ കാവി എലികള്‍ക്ക് അവകാശമില്ലെന്ന് പച്ച എലികളും പറഞ്ഞു തുടങ്ങിയതോടെയാണ് തര്‍ക്കംമൂത്തത്. നമ്മുടെ പെയിന്‍റെര്‍ എലി അപ്പോഴേക്കും ഫീസ്‌ ആയി കിട്ടിയ അരിയും തേങ്ങാ പൂളുമായി സ്ഥലം വിട്ടിരുന്നു.

പിന്നെടങ്ങോട്ട് പോരാട്ടങ്ങളുടെ കാലമായിരുന്നു. പാടത്തും പറമ്പിലും മാളത്തിലും ഒക്കെ പൊരിഞ്ഞ യുദ്ധം. ഒറ്റക്കുള്ള യുദ്ധം മടുത്തപ്പോള്‍ എന്നാലിനി കുളത്തിന്‍ കരയിലെ പറമ്പില്‍ വച്ച് ഒരു മഹായുദ്ധം തന്നെ ആവട്ടെ എന്ന് തീരുമാനമായി.രണ്ടിലൊന്ന് അറിയാമല്ലോ !.

കടിയും മാന്തലും ആയി യുദ്ധം പുരോഗമിക്കെ മാനം ഇരുണ്ടു , മഴ വന്നു. മഴ പെയ്തു തോര്‍ന്നപ്പോള്‍ എലികളുടെ നിറങ്ങള്‍ എല്ലാം ഒലിച്ചു പോയിരുന്നു. അവശേഷിച്ചത്, കാണാന്‍ ഒരു പോലിരിക്കുന്ന, തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത എലികള്‍ മാത്രം. 

കടിക്കേണ്ടതും മാന്തെണ്ടതും ആരെ എന്ന് നിറം നോക്കി തിരിച്ചറിയാന്‍ പറ്റാതെ വന്നപ്പോള്‍ , എലികള്‍ യുദ്ധം നിര്‍ത്തി തേങ്ങാപൂളും അരിയും അന്വേഷിച്ചു പോയി.