Sunday 4 November 2012

നമുക്ക് അറിയേണ്ടാത്ത കാര്യങ്ങള്‍ !

നാഴികക്ക് നാല്‍പ്പതു വട്ടം ഭരണം മോശമാണ് എന്ന് വിളിച്ചു കൂവാന്‍ മടിയില്ലാത്തവര്‍ ആണ് നമ്മള്‍ എല്ലാം. എന്നാല്‍ അത് കൊണ്ട് എന്ത് പ്രയോജനം ?. സത്യത്തില്‍  നമ്മള്‍ ചെയ്യേണ്ടത് ഭരണാധികാരികളെ എങ്ങനെ  അളക്കാം എന്ന് കണ്ടു പിടിക്കുകയാണ്. കൂട്ടത്തോടെ രാഷ്ട്രീയക്കാരെ   തള്ളി പറയുമ്പോള്‍ നഷ്ടപ്പെട്ട് പോകുന്നത് ആത്മാര്‍ത്ഥത ഉള്ള രാഷ്ട്രീയക്കാരന്റ മനോവീര്യം കൂടി  ആണ്. 

കേരളത്തിലെ ഏറ്റവും നല്ല  MP ആരാണ് എന്ന് ചോദിച്ചാല്‍ എന്താവും നിങ്ങളുടെ ഉത്തരം ?. 

കോടിയുടെയും മതങ്ങളുടെയും ചതുര കള്ളികള്‍ക്ക് ഉള്ളില്‍ നമുക്കെല്ലാവര്‍ക്കും ഓരോ ഉത്തരം ഉണ്ടാവാം , എന്നാല്‍ ഇവര്‍ ആരെങ്കിലും  പാര്‍ലമെന്‍റില്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയാമോ?. 

കേരളത്തിലെ ഏറ്റവും നല്ല  പ്രതിനിധികളില്‍  ഒരാള്‍  ഇടുക്കി MP P T തോമസ്‌ ആണെന്ന് ഞാന്‍ പറഞ്ഞാല്‍ , ഇതാ ഒരു കോണ്‍ഗ്രസുകാരന്‍ എന്നാവും നിങ്ങളുടെ ആദ്യ ചിന്ത. പക്ഷെ ഞാന്‍ ഇത് പറയുന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആണ്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ മുഴുവന്‍ സമയവും സഭയില്‍ ഉണ്ടായിരുന്ന ഇദ്ദേഹം , നൂറ്റി ഒന്പതു ചര്‍ച്ചകളില്‍ പങ്കെടുത്തു , മുന്നൂറ്റി മുപ്പത്തി ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ചു , എട്ടു ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. ഒരു MP യുടെ ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളില്‍ .


പാര്‍ലമെന്റില്‍ ജന പ്രതിനിധികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന http://www.prsindia.org/index.php?name=mptracklok എന്ന  വെബ്‌ സൈറ്റില്‍ നിന്നാണ് ഈ വിവരങ്ങള്‍... . 

ഈ വെബ് സൈറ്റിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ കിട്ടുന്ന ചില വിവരങ്ങള്‍ ചുവടെ 

1. കേരളത്തിലെ MPമാരുടെ പ്രവര്‍ത്തനം  പൊതുവേ മികച്ചതാണ് . ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ് നമ്മുടെ ജനപ്രതിനിധികള്‍. . കൊടിക്കുന്നില്‍ സുരേഷ്, എം ബി രാജേഷ്‌ , പി കെ ബിജു, ധനപാലന്‍ , ജോസ് കെ മാണി  തുടങ്ങിയവര്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 

2. നമ്മുടെ സുരേഷ് ഗോപി സുധാകരേട്ടന്‍ ആണ് സഭ അറ്റന്‍ഡ് ചെയ്യുന്നതില്‍ ഏറ്റവും പിന്നില്‍.. (64.(64%). MP യുടെ ജോലി ഡല്‍ഹിയിലാണ് എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ശശി തരൂരിന്‍റെ സഭയിലെ പ്രവര്‍ത്തനം വെറും ശരാശരി മാത്രം. (അദ്ദേഹം മന്ത്രി ആയിരുന്ന കാലത്തേ ഡാറ്റ ഇതിലില്ല എന്ന കാര്യം കണക്കില്‍ എടുത്താലും )

3. ഗാന്ധിമാരില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രവര്‍ത്തനം പരിതാപകരം എന്ന് പറയേണ്ടി വരും. കഴിഞ്ഞ മൂന്നു കൊല്ലത്തില്‍ രണ്ടു പേരും ചേര്‍ന്ന് ഉന്നയിച്ച ചോദ്യങ്ങള്‍ വട്ട പൂജ്യം. പങ്കെടുത്തത് ഒരേ ഒരു ചര്‍ച്ചയില്‍..  !!, വരുണ്‍  ഗാന്ധിയും മനേക ഗാന്ധിയും തന്നെ   പാര്‍ലമെന്റിലെ  മികച്ച ഗാന്ധിമാര്‍ 


ഇത്രയും എഴുതി കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. സുനന്ദയെ തോണ്ടിയതും , സംവൃത കെട്ടിയതും ഒക്കെ തല്‍സമയ വാര്‍ത്തയും ചര്‍ച്ചയും ആവുന്ന  നാട്ടില്‍ ഇതൊക്കെ ഒരു വാര്‍ത്ത‍ ആവാത്തത് എന്തു കൊണ്ടായിരിക്കും ?.  ഇന്റര്‍നെറ്റും, ചിലവാക്കാന്‍ ഒരു മണിക്കൂറും   ഉണ്ടെങ്കില്‍ ആര്‍ക്കും കണ്ടു പിടിക്കാവുന്ന ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരു മാധ്യമവും ശ്രമിക്കാത്തത് എന്ത് കൊണ്ട്?.

അതോ, ഇതെല്ലാം  നമുക്കറിയാന്‍ താലപര്യം ഇല്ലാത്ത കാര്യങ്ങള്‍ തന്നെയാണോ?.

4 comments:

  1. എഴുത്തുകാരാ... കാര്യങ്ങള്‍ അറിയാന്‍ രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തിന്റെ അമ്മ ഗാന്ധിക്കും പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കേണ്ട ആവശ്യമൊന്നും ഇല്ല... ഇത് അവരുടെയും മറ്റു പൊതു ജനങ്ങളുടെയും സ്വന്തം സര്‍ക്കാരല്ലേ....

    ReplyDelete
  2. അതെ അതെ, രാജ്യവും സര്‍ക്കാരും ഒക്കെ അവരുടെ സ്വന്തം ആണല്ലോ !. സര്‍ക്കാര്‍ അവരുടെതായത് കൊണ്ട് ചോദ്യം ചോദിക്കണ്ട എന്നാണെങ്കില്‍ കാര്യങ്ങള്‍ ഒക്കെ കോണ്‍ഗ്രസ്‌ കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്താല്‍ മതിയല്ലോ !!

    ചര്‍ച്ചകളില്‍ ഒന്നും പങ്കെടുക്കാത്തത് എന്ത് കൊണ്ടാണാവോ?

    ReplyDelete
  3. ചര്‍ച്ചയൊക്കെ അങ്ങ് അക്ബര്‍ റോഡിലെ പാര്‍ട്ടി കാര്യാലയത്തില്‍...!!!.....!!! അല്ലേലും സഹകരണ മനോഭാവം ഇല്ലാത്ത പ്രതിപക്ഷം ഉള്ള പാര്‍ലമെന്റില്‍ സംസാരിച്ചു ഉര്‍ജ്ജം കളയുന്നത് എന്തിനാ എന്നാ എന്റെ അഭിപ്രായം...!!!

    ഈ വെബ്സൈറ്റിലെ കണക്ക് നിരത്തി പ്രവര്‍ത്തനക്ഷമത അളക്കുന്നത് വെറുതെയല്ലേ.... ഇവരൊക്കെ ലോക്സഭയിലും രാജ്യസഭയിലും ചെന്നിട്ടു എത്ര ഡെസിബല്‍ സബ്ദം ആണ് ഉണ്ടാക്കുന്നത്‌ എന്നതിന് വല്ല കണക്കും ഉണ്ടോ??? ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു ലോക്പാല്‍ ബില്ലിന്‍റെ അവതരണവും അതിനോട് അനുബന്ധിച്ച് നടന്ന ചര്‍ച്ചയും.... അതിനു കുറച്ചു വര്‍ഷം മുന്‍പേ നടന്ന സ്ത്രീ പ്രാധിനിത്യ നിയമം സംബന്ധിച്ച ചര്‍ച്ചയും കുറേ സബ്ദതരംഗങ്ങള്‍ അല്ലാതെ മറ്റൊന്നും ഉണ്ടാക്കിയില്ലല്ലോ.....

    ReplyDelete
  4. "it has been said that democracy is the worst form of government except all those other forms that have been tried from time to time." - Churchill

    മറ്റൊരു മാര്‍ഗം ഇല്ലാത്തിടത്തോളം ഇത് തന്നെ ശരണം.

    ഇത് ഒരു പൂര്‍ണ ചിത്രം തന്നില്ലെങ്കില്‍ കൂടി , പകുതി സഭ പോലും അറ്റന്‍ഡ് ചെയ്യാത്തവര്‍ എംപി സ്ഥാനത്തോട് നീതി പുലര്‍ത്തുന്നില്ല എന്ന് പറഞ്ഞു കൂടെ?. ചര്‍ച്ച ചെയ്യുന്നതിലും മെച്ചം മിണ്ടാതെ ഇരിക്കുന്നതാണ് എന്ന വാദവും അംഗീകരിക്കാം പറ്റുമോ ?

    ReplyDelete