Friday 19 June 2009

അദ്ധ്വാനത്തിന്റെ അഞ്ചു പൌണ്ട്.

വെയിലും ചൂടുമുള്ള ദിനങ്ങള്‍ ഇവിടെ അധികം കിട്ടാത്തത് കൊണ്ടാവാം, അതുള്ള ദിനങ്ങളില്‍ എല്ലാം പുറത്തേക്ക് പോകാന്‍ മനസു പറയുന്നത്. വര്‍ഷത്തില്‍ വെറും മൂന്ന് മാസമാണ് ചൂട് കാലം. അതില്‍ പകുതിയും മഴ പെയ്തു പോകും. പിന്നെ ബാക്കിയുള്ളത് പണ്ട് ബാലകൃഷ്ണ പിള്ള ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ ജോലി സമയം കണക്കാക്കിയത് പോലെ കുറച്ചു ദിവസങ്ങള്‍. അത് കൊണ്ട് തന്നെ അവധി ദിവസങ്ങളില്‍ വെയില്‍ കണ്ടാല്‍ പൊതുവേ ഇറങ്ങി നടക്കും.

അങ്ങനെ ഒരു നടത്തത്തിനൊടുവില്‍ ആണ് അടുത്തുള്ള പാര്‍കില്‍ എത്തുന്നത്. മരച്ചുവട്ടില്‍ ഇരുന്നു പുസ്തകം വായിക്കുന്നതിനിടയില്‍ ഒരാഗ്രഹം. ഒരു ഐസ് ക്രീം കഴിച്ചാലോ?. ഇസ്നൊഫെലിയ എന്ന കൊടും ഭീകരന്‍ ദേഹത്തു കേറി കൂടിയതില്‍ പിന്നെ ആഹാരത്തില്‍ നിന്ന് വെട്ടി മാറ്റിയ ഒന്നാണ് ഐസ് ക്രീം. തണുപ്പുള്ള രാജ്യത്തു വന്നു പെട്ടത്തില്‍ പിന്നെ പ്രത്യേകിച്ചും. വെയിലും ചൂടുമുള്ള ഇന്ന് കഴിച്ചില്ലെങ്കില്‍ പിന്നെ എന്ന്?.

പിന്നെ മടി പിടിച്ചില്ല, ഉടനെ എണീറ്റ്‌ നടന്നു. അടുത്ത കട കണ്ടു പിടിക്കാന്‍. ഞായറാഴ്ച ആയതിനാല്‍ തുറക്കാത്ത കടകളാണ് ഏറെയും. പക്ഷെ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന വചനം സത്യമാക്കി കൊണ്ട് അവസാനം ഒരു കട കണ്ടെത്തി. റോഡിനപ്പുറത്തേക്ക് കടക്കാന്‍ തുനിയവെ പിറകില്‍ നിന്നൊരു ശബ്ദം.

"കാന്‍ യു ഹെല്പ് മി വിത്ത്‌ ദിസ്‌ TV"? -- ഒരു വലിയ പെട്ടിയുമായി മാന്യമായി വസ്ത്രം ധരിച്ച ഒരു ഇംഗ്ലീഷ് വൃദ്ധന്‍. TV ഒന്നാം നിലയിലെത്തിക്കണം. അതാണാവശ്യം. റോഡില്‍ ആണെങ്കില്‍ മറ്റാരുമില്ല. അഞ്ചു മിനിറ്റ് നേരത്തെ കാര്യമല്ലേ, സമ്മതിച്ചു. പക്ഷെ അപ്പോളതാ, ഇംഗ്ലീഷു കാരന്റെ മര്യാദ തലപൊക്കുന്നു.

"യു ഹാവ് ടു ടേക്ക് 5 പൌണ്ട് ഫ്രം മി.". പൈസ വേണ്ട എന്ന് പറഞ്ഞു നോക്കി. എന്നാല്‍ സഹായിക്കണ്ട എന്ന് വൃദ്ധന്‍. അങ്ങനെയെങ്കില്‍ അങ്ങനെ ഒരു പുതിയ അനുഭവം അല്ലെ എന്ന് ഞാനും. അല്പം പണിപ്പെട്ടെങ്കിലും TV മുകളില്‍ കയറ്റി. അഞ്ചു പൌണ്ടില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ഒരിക്കല്‍ കൂടി ശ്രമിച്ചു. വിട്ടില്ല ചേട്ടന്‍. അത് പോക്കറ്റില്‍ തിരുകി. മനസ്സില്‍ അപ്പോഴും ഒരു വിമ്മിഷ്ടം. എന്തിനാണോ ആവൊ?. ചെയ്ത ജോലിക്ക് കൂലി വാങ്ങുന്നത് നമ്മുടെ മനസ്സില്‍ അത്ര വലിയ തെറ്റാണോ?. ഒന്ന് കൂടി ആലോചിച്ചപ്പോള്‍ ജോലി ചെയ്യിപ്പിച്ചവന് സന്തോഷമെങ്കില്‍ കൂലി വാങ്ങുന്നതിന് ഞാന്‍ എന്തിനു മടിക്കണം. പിന്നെ മടിച്ചില്ല. ഈ അനുഭവം എങ്ങനെ എന്നറിയാമല്ലോ.

അധ്വാനത്തിന്റെ കൂലി കൊണ്ട് വാങ്ങിയ ഐസ് ക്രീമുമായി തിരികെ നടക്കുമ്പോള്‍ വൃദ്ധന്‍ ജനാലയിലൂടെ എന്റെ നേര്‍ക്ക്‌ കൈ വീശുന്നു. അന്നത്തെ വിയര്‍പ്പു കൊണ്ട് നേടിയ ആ ഐസ് ക്രീമിന് രുചി കൂടുതലുണ്ടായിരുന്നോ?. എനിക്കങ്ങനെ തോന്നി !. മനസ്സില്‍ സന്തോഷവും !.

Friday 12 June 2009

ഒരു സാഹസം. (മഞ്ഞുകട്ടകള്‍ - കഥ )

15 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു കഥ എഴുതല്‍ സാഹസം. തോന്ന്യാശ്രമത്തിലെ കഥാ മത്സരം ആണ് കാരണം. വിമര്‍ശനങ്ങളും തിരുത്തലും സ്വാഗതം.

നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ്‌ അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ്‌ വീണ്ടും ഓര്‍മകളില്‍ മുഴുകി...

ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ? കഴിഞ്ഞ കാര്യങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ നന്ദനയ്ക്ക് കഴിയുമായിരിക്കും പക്ഷെ തനിക്കതിനാകുമോ? ആകുമായിരുന്നെന്കില്‍ ഇത്രയും വര്‍ഷങ്ങള്‍ വേണ്ടി വരുമായിരുന്നില്ല ഈ തിരിച്ചു പോക്കിന്..
വണ്ടി "തൃശ്ശിവപേരൂര്‍" എന്ന ബോര്‍ഡ്‌ കടന്നു മുന്‍പോട്ടു പോയി... രമേശ്‌ തന്റെ ബാഗുകളും പെട്ടിയും എടുത്ത്‌ വാതിലിനടുത്തേക്ക് നടന്നു...പിന്നെ പ്ലാറ്റ്‌ ഫോമില്‍ ഇറങ്ങി നിന്ന് ചുറ്റും നോക്കി....



ഓടിയകലുന്ന വണ്ടിയിലേക്ക് നോക്കാതെ രമേശ്‌ തിരിഞ്ഞു നടന്നു. ടിവിയില്‍ വെളുത്തുരുണ്ട രണ്ടു കുട്ടി രൂപങ്ങള്‍ മലയാളികള്‍ക്ക് മൊബൈല്‍ ഫോണ്‍ തന്ത്രങ്ങള്‍ വില്‍ക്കുന്നു. ഏഴു വര്ഷം മുന്‍പേ ടിക്കറ്റില്ലാതെ ഒരു പാതിരാത്രിക്ക്‌ വണ്ടി കയറാന്‍ എത്തിയ ആ സ്റ്റേഷെനെ അല്ല ഇന്നിത്. ആ രാത്രിയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രമേശ്‌ ചാപ്പനെ ഓര്‍ത്തു, പിന്നെ മനസ് മറഞ്ഞു കിടന്ന വേദനയുടെ കനലുകളെ ഊതിപ്പെരുപ്പിക്കാന്‍ തുടങ്ങി. ആ സമയം നന്ദനയുടെ വീടില്‍ നിന്നും ഏറെ അകലെ ഇരുണ്ട ഒരു വീടിനുള്ളില്‍ രമേഷിന് വേണ്ടി ഒരു കത്തി ഒരുങ്ങി തുടങ്ങിയിരുന്നു.

ഏഴു വര്‍ഷം, കണ്ണീരിന്‍റെ, കഷ്ടപ്പാടിന്‍റെ ഏഴു നീണ്ട വര്‍ഷങ്ങള്‍. അതിനു ശേഷം അവനിന്നെത്തും. നന്ദനക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു. തന്‍റെ മുഖം കണ്ടു ഞെട്ടിത്തെറിച്ചു നില്‍ക്കുന്ന രമേഷിനെ ഇന്നലെ കണ്ടത് പോലെ തോന്നുന്നു. അവനു താന്‍ എഴുതിയത് ശരിയാണൊ?. അവനെ അറിഞ്ഞു കൊണ്ട് ഈ നാട്ടിലേക്കു വരുത്തിയത് ശരിയാണൊ?. തെറ്റും ശരിയും അറിയാത്ത കുട്ടിയുടെ നിസ്സഹായത തന്നെ പൊതിയുന്നത് അവള്‍ അറിഞ്ഞു. കൈകള്‍ മൊബൈലിലേക്ക് നീണ്ടു. അവസാനം വിളിച്ചു നിര്‍ത്തിയ നമ്പര്‍ വീണ്ടും ഡയല്‍ ചെയ്യുമ്പോള്‍ എന്താണ് പറയേണ്ടത് എന്ന് പോലും അവള്‍ക്കു അറിയില്ലായിരുന്നു...

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുകളിലേക്കുള്ള കുന്നു കയറുമ്പോഴേക്കും, രമേശ്‌ പഴയ ത്രിശൂര്‍ക്കാരന്‍ "ഗടി" ആയി മാറിയിരുന്നു. മായ്ച്ചാലും മായാത്ത വിധം ഈ നഗരം തന്നിലലിഞ്ഞു കിടക്കുന്നു. ഒരര്‍ഥത്തില്‍ തൃശൂരിന്‍റെ ചരിത്രം തന്നെയല്ലേ എന്‍റെതും?. ഒരു കാലത്ത് പേര് കൊണ്ട് മാത്രമല്ല, സ്വഭാവം കൊണ്ടും, കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം. പിന്നീട് കൂണ് പോലെ മുളച്ചു പൊന്തിയ കുറി കമ്പനികളുടെ കൂട്ട് പിടിച്ചു പണത്തിനു പുറകെയുള്ള പലായനം. അത് വളര്‍ത്താനും നില നിര്‍ത്താനും ഗുണ്ടാ സംഘങ്ങളുടെ വിത്തു പാകല്‍. പിന്നെ പിന്നെ തങ്ങള്‍ വളര്‍ത്തി വലുതാക്കിയ ഗുണ്ടാ സംഘങ്ങളെ പേടിച്ചു ജീവിതം.

കോളേജില്‍ പഠിക്കുന്ന കാലത്തു പോക്കറ്റ്‌ മണിക്ക് വേണ്ടി തുടങ്ങിയ കൊച്ചു കൂട്ട് കെട്ടുകള്‍ കൊണ്ടെത്തിച്ച ഒരു ഭൂത കാലത്തേ പേടിച്ചുള്ള തന്‍റെ ജീവിതവും ഇത് തന്നെയല്ലേ?. മരണം എല്ലാ അര്‍ഥത്തിലും ഒരു മോചനമാണ് എന്ന് പാടുന്ന അന്ധേരിയിലെ ഗായകനെ രമേശ്‌ ഓര്‍ത്തു പോയി. മരിക്കാതെ മരിക്കുന്നതിലും എത്രയോ ഭേദം.

സ്ക്രൂ ഡ്രൈവര്‍ മണിയാണ് രമേഷിനെ നഗരത്തില്‍ ആദ്യം കണ്ടത്. മൊബൈലിനു നന്ദി. വെറും മൂന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ജയന്ത്‌ അങ്ങേ തലക്കല്‍ എത്തി. "അവന്‍ എത്തിയെങ്കില്‍ അത് നന്ദനയുടെ കത്ത് കിട്ടിയിട്ട് തന്നെ". നാളെ, നമുക്കവനെ കിട്ടും. ഒതേനനെ!. "ഈ പഴഞ്ചന്‍ പേരുള്ള മാക്രിക്ക് പഞ്ഞി വയ്ക്കാന്‍ മൂന്ന് പേരോ?. ഞാന്‍ ഒറ്റയ്ക്ക് പൂളാം അവനെ". പോളിന്, സംഘത്തിലെ പുത്തന്‍ താരത്തിനു ആവേശം ഇരട്ടിച്ചു. ജയന്ത്‌ ഒന്ന് ചിരിച്ചു. കേരള വര്‍മ കോളേജിലെ ബി എ വിദ്യാര്‍ഥി രമേശ്‌, തൃശ്ശൂരിനെ വിറപ്പിച്ച ഒതേനന്‍ രമേശായത് ഇത് പോലെ എത്ര പേരെ കണ്ടിട്ടാണെന്ന് അവനറിയില്ലല്ലോ.

തന്‍റെ സുഹൃത്തു ജിജോയെ തല്ലനെത്തിയ ഗുണ്ട നേതാവിനെ തല്ലി തുടക്കം. പിന്നെടങ്ങോട്ടു കടയോഴിപ്പിക്കല്കാര്‍ക്കും കുറിക്കാര്‍ക്കും വേണ്ടി ഗുണ്ടായിസം. കല്ലന്‍ ബിജുവിനും ഗ്യാങ്ങിനും ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ വച്ച് ഒറ്റയ്ക്ക് പണി കൊടുത്തതോടെ ആണ് രമേശ്‌ ഒതെനനും വാല് പോലെ നടക്കുന്ന ജിജോ ചാപ്പനും ആകുന്നത്‌. നരേഷിനോപ്പം നടന്ന അക്കാലത്താണ് താനും രമേഷുമായി മുട്ടുന്നത്.നരേഷ് ഉണ്ടായിരുന്ന ആ കാലം..

തലേന്ന് രാത്രിയിലെ ഉറക്കം അത്ര നന്നായില്ല എന്ന് അബ്ദു ഓര്‍ത്തു. അടയുന്ന കണ്പോളകളെ രാവിലെ കുടിച്ച ചായയുടെ ശക്തി കൊണ്ട് തുറന്നു വച്ച് അയാള്‍ ആക്സിലേറ്ററില്‍ കാല്‍ അമര്ത്തി. ഇന്ന് ഉച്ചക്ക് മുന്നേ ചരക്ക് കോട്ടയത്ത്‌ എത്തേണ്ടതാണ്. തൃശൂര്‍ എത്താറായി. പക്ഷെ , ഇനിയുമുണ്ട് 150 കിലോമീറ്റര്‍..

"ഇനി എന്തെങ്കിലും, സര്‍?". ജയ പാലസിലെ ജീവനക്കാരന്റെ ചോദ്യമാണ് രമേഷിനെ ഓര്‍മകളില്‍ നിന്ന് ഉണര്‍ത്തിയത്. ചാപ്പന് ഏറ്റവും ഇഷ്ടപെട്ട ഹോട്ടല്‍ ആയിരുന്നു ഇത്. താന്‍ ട്രെയിന്‍ കയറിയ രാത്രിയില്‍, ജയന്തും സംഘവും തന്നെയാവണം അവനെ ലോറിയിടിച്ച് കൊന്നത്. ചോരക്കു ചോര, അതാണല്ലോ തൃശ്ശൂരിന്റെ കണക്ക്. അതോര്‍ത്തപ്പോള്‍ അവനു നന്ദനയെ ഓര്മ വന്നു പിന്നെ നരേഷിന്റെ മുഖവും. ആരെയും കൂസാത്ത അവളുടെ നിലപാടുകള്‍ തന്നെയാണ് തങ്ങള്‍ക്കിടയിലെ സൗഹൃദം വളര്‍ത്തിയതെന്ന് അവനോര്‍ത്തു. കോളേജിലെ വൈസ് ചെയര്‍മാന്‍, തീപ്പൊരി പ്രാസംഗിക. തന്റെ ഈ ചങ്കൂറ്റം നല്ല കാര്യത്തിന് ഉപയോഗിച്ച് കൂടെ എന്ന അവളുടെ സ്ഥിരം ചോദ്യങ്ങള്‍..

ജീവിതം വിചിത്രം തന്നെ. അനിയത്തിയുടെ ചങ്കൂറ്റം തന്നെ അവളുടെ സുഹൃത്തു ആക്കിയപ്പോള്‍, നരേഷിന്റെ ചങ്കൂറ്റം തന്നെ അവന്‍റെ ശത്രുവാക്കി. അല്ലെങ്കിലും ഗുണ്ടകള്‍ക്കെന്തു ശത്രുത?. അത് നഗരത്തിലെ കാശുകാരും രാഷ്ട്രീയക്കാരും തമ്മിലല്ലേ?. വെട്ടിയും കുത്തിയും ചാകാന്‍ ഈയം പാറ്റകളെ പോലെ ഞങ്ങളും.

ഒരു കടയോഴിപ്പിക്കല്‍ കേസില്‍ നരേഷ് ഉടക്കിയപ്പോഴാണ് തന്‍ നരേഷിനു വിലയിടുന്നത്. നേരിട്ട് വേണ്ട എന്ന് തീരുമാനിച്ചാണ് കൊച്ചിയില്‍ നിന്ന് ആളെ ഇറക്കിയത്. വെട്ടാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന ഇനം. അവരതു ചെയ്തു. മോര്‍ച്ചറിയുടെ മുന്നില്‍ വച്ചാണ് നന്ദനയുടെ ചേട്ടനാണ് നരേഷ് എന്നറിഞ്ഞത്. മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍?. ആവേശത്തിന്‍റെ, വാശിയുടെ കാലത്ത് സൌഹൃദങ്ങള്‍ക്ക് വിലയുണ്ടായിരുന്നോ?. താനാണ് ഇതിനു പിന്നിലെന്ന് അവരെങ്ങനെ ആണോ അറിഞ്ഞത്?. തീപ്പന്തം പോലെ കത്തുന്ന അവളുടെ കണ്ണുകള്‍ തന്നോടെന്തോ പറയുന്നുണ്ടായിരുന്നു. അന്ന് രാത്രി തന്നെ സ്ഥലം വിടാന്‍ ചാപ്പനാണ് നിര്‍ബന്ധിച്ചത്.
"കൊല്ലാന്‍ തന്നെയാണ് അവനെ വരുത്തിയത് ജയന്ത്‌, പക്ഷെ?". നന്ദനയുടെ സ്വരം ഇടറി.

"എന്ത് പക്ഷെ?. നരേഷിന്റെ വീട്ടു മുറ്റത്തിട്ട് തന്നെ തീര്‍ക്കണം അവനെ".

"എന്തിനു ജയന്ത്‌?. ഇന്ന് അവനെ കൊല്ലാന്‍ നമ്മള്‍, നാളെ അവനു വേണ്ടി കൊല്ലാന്‍ മറ്റൊരാള്‍. ഈ ജീവിതങ്ങള്‍ വരുത്തുന്ന കണ്ണീരിനൊരു അറുതിയില്ലേ?. ചേട്ടന്‍റെ ജീവിതത്തിനു കിട്ടിയ ശിക്ഷയായി കരുതി ആ മരണത്തെ നമുക്ക് മറക്കാം. ഇതു നശിച്ച നിമിഷത്തില്‍ ആണാവോ ആ കത്തെഴുതാന്‍ എനിക്ക് തോന്നിയത്?."

"മറക്കാന്‍ നിനക്ക് കഴിയുമായിരിക്കും, പക്ഷെ ഞാന്‍ അതിനൊരുക്കമല്ല. അവന്‍ നിന്‍റെ വീട്ടിലേക്കു വരുന്നതും കാത്തു ആണ്ടി ഇറക്കത്തിന് താഴെ വളവിനപ്പുറം ഞങ്ങളുണ്ടാവും, ഒരു വെളുത്ത സുമോയില്‍. ഇനി നീ വിളിക്കണം എന്നില്ല.". സ്വിച്ച് ഓഫ്‌ ചെയ്ത മൊബൈല്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞിട്ട്‌ ജയന്ത്‌ വണ്ടിയിലേക്ക് നീങ്ങി. ശബ്ദം ഒഴിഞ്ഞ മൊബൈല്‍ ചെവിയില്‍ നിന്ന് മാറ്റുമ്പോള്‍, ഹൃദയം കാര്‍ മേഘങ്ങള്‍ കൊണ്ട് നിറയുന്നത് നന്ദന അറിഞ്ഞു.

ഓട്ടോയില്‍ ഇരുന്നാണ് രമേശ്‌ നന്ദനയുടെ നമ്പര്‍ ഡയല്‍ ചെയ്യുന്നത്. അവളുടെ പരിഭ്രമം തന്റെ ഊഹം തെറ്റിയില്ല എന്ന് രമേഷിനെ ഓര്‍മിപ്പിച്ചു.

"രമേശ്‌, നിങ്ങള്‍ തിരിച്ച് പൊയ്ക്കോളൂ."

"എത്ര മണിക്കാണ് എന്റെ മരണം?". തിരിഞ്ഞു നോക്കിയാ ഓട്ടോക്കാരനെ നോക്കി കണ്ണിറുക്കി കൊണ്ട് രമേശ്‌ ചോദിച്ചു. അവന്‍റെ ശബ്ദത്തില്‍ പരിഭ്രമം ഉണ്ടായിരുന്നില്ല. ആലോചിക്കാന്‍ ഏറെ സമയം ഉണ്ടായിരുന്നല്ലോ. ഒറ്റപ്പെടലിന്റെ നീണ്ട ഏഴു വര്ഷം. എല്ലാം അവസനിപ്പിച്ചുള്ള മരണം തന്നെയാണ് ഭേദം എന്ന് തീരുമാനിച്ചാണ് വണ്ടി കയറിയത്. പിന്നെ എന്തിനു ഭയക്കണം?.

"രമേശ്‌, പറയുന്നത് കേള്‍ക്കൂ, നിങ്ങള്‍ തിരിച്ചു പോകണം". നന്ദന കരച്ചിലിന്റെ വക്കത്തു എത്തിയിരുന്നു.

എങ്ങോട്ട് പോകാന്‍?. എന്നാണ് രമേഷിന് തോന്നിയത്. ജീവിതത്തിലെന്നും തന്നെ പറ്റി കണ്ണീരു കുടിച്ചു മരിച്ച അമ്മ ഉറങ്ങുന്ന വീട്ടിലേക്കോ?. അതോ നന്നായി ജീവിക്കുന്ന സഹോദരങ്ങളെ ശല്യപ്പെടുത്താനോ? . തിരിച്ചു പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍ക്ക് മരണം ഒരു നല്ല വഴിയല്ലേ?.

"അവിടെ വച്ച് പറയാന്‍ പറ്റിയില്ലെങ്കില്‍, മാപ്പ്. നരേഷിനെ പറ്റി. അറിയാതെ പറ്റിയത് എന്ന് ഞാന്‍ പറയില്ല. പക്ഷെ അറിഞ്ഞിരുന്നെങ്കില്‍, അതുണ്ടാകില്ലായിരുന്നു."

വീട്ടു മുറ്റത്ത്‌ വന്ന ഓട്ടോയുടെ ശബ്ദം നന്ദനയുടെ ഹൃദയമിടിപ്പ്‌ കൂടി. അതെ , അവന്‍ തന്നെ.ഇറക്കത്തിന് താഴെ നിന്നും വെളുത്ത സുമോ സ്റ്റാര്‍ട്ട്‌ ചെയ്തിരുന്നു.

"ഒന്ന് വേഗം, അവന്‍ നമ്മളെ കാണും മുന്നേ കാര്യം നടക്കണം" ജയേഷിന്റെ ശബ്ദം പോളിന്‍റെ ശ്രദ്ധ തെറ്റിച്ചു. ഇറക്കത്തില്‍ ഇമയടഞ്ഞു പോയ അബ്ദു എതിരെ വന്ന സുമോ കാണാന്‍ ഏറെ താമസിച്ചു പോയിരുന്നു.

"അള്ളാ, ചതിച്ചല്ലോ" !

ഇറക്കത്തിനു അപ്പുറത്തു ചലനമറ്റ ശരീരങ്ങളും ആയി തെറിച്ചു വീണ സുമോ കാണാന്‍ ആളുകള്‍ തിങ്ങി കൂടുമ്പോള്‍, മുറ്റത്ത്‌. മഞ്ഞു കട്ടകള്‍ പോലെ മനം ഉരുകുന്ന രണ്ടു പേര്‍ പരസ്പരം നോക്കി പുഞ്ചിരിക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു.....

Thursday 11 June 2009

പിണറായി ചരിതം : ചില വേറിട്ട ചിന്തകള്‍

Democracy is a device that ensures we shall be governed no better than we deserve. - Bernard Shaw

വാര്‍ത്ത അന്വേഷിച്ചു പോയി കണ്ടുപിടിക്കേണ്ട ഇക്കാലത്ത് വാര്‍ത്ത‍ ഇങ്ങോട്ട് വരുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ചാകരക്കാലം, ബ്ലോഗുകള്‍ക്കും. ജന വികാരത്തിനെതിരെ തിരിയുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന വലതരുടെയും ഇടതരുടെയും പോസ്റ്റുകള്‍ കണ്ടു തോന്നിയ ചിന്തകളാണ് ഈ കുറിപ്പ്.

1. എവിടുന്ന് വരുന്നു ഈ രാഷ്ട്രീയക്കാര്‍?.

ജനങ്ങള്‍ക്ക്‌ മുകളിലൂടെ നൂലില്‍ കെട്ടിയിറക്കുന്ന ഒരു പറ്റം അപരിചിതര്‍ ആണോ ഈ രാഷ്ട്രീയക്കാര്‍?. അല്ല, എന്ന് തന്നെയാണ് ഉത്തരം. ജനങ്ങള്‍ക്കിടയില്‍ ജനിച്ചു, ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു തന്നെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ ഇവിടെ വരെ എത്തുന്നത്.

കോളേജ് മുതല്ക്കിങ്ങോട്ടു ഓരോ ചവിട്ടു പടിയിലും അവരക്കേതിരായോ അനുകൂലമായോ വിധി എഴുതാന്‍ ജനങ്ങള്‍ക്ക്‌ അവസരം കിട്ടിയിട്ടുണ്ടാവണം. അപ്പോഴെല്ലാം ജനങ്ങള്‍, (പൊതു ജനങ്ങളും , പാര്‍ടിക്കാരും ) ഭൂരിഭാഗം തവണയും അനുകൂലമായി വിധി എഴുതിയത് കൊണ്ട് തന്നെയാണ് നേതാക്കള്‍ നേതാക്കള്‍ ആകുന്നതു.

ഗുണ്ടായിസം കാണിക്കുന്നവര്‍ ജന പ്രതിനിധിയും മന്ത്രിയുമായാല്‍, അത് അവരെ ജനം തിരഞ്ഞെടുത്തത് കൊണ്ട് തന്നെയാണ്. ബീഹാറിലെ പോലെ തോക്ക് ചൂണ്ടി വോട്ടു ചെയ്യിപ്പിക്കുന്ന പാരമ്പര്യം കേരളത്തില്‍ ഇല്ലാത്തിടത്തോളം, തിരഞ്ഞെടുപ്പിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യേണ്ടതില്ല.

2. എവിടെന്നാണ് ഇവര്‍ക്കിത്ര ധാര്‍ഷ്ട്യം?.

ജനങ്ങള്‍ ജയിപ്പിച്ച പാര്‍ട്ടി, പിന്നെ ജനങ്ങള്‍ക്കെതിരെ തിരിയുന്നതെന്തു കൊണ്ട്?. കേരളത്തിലെ പാര്‍ടികള്‍ ജനങ്ങളെ എന്തിനു പേടിക്കണം എന്നതാണ് മറു ചോദ്യം. എല്ലാ പത്തു വര്‍ഷത്തിലും കൃത്യമായി തങ്ങളെ ജയിപ്പിക്കുന്ന ഒരു ജനതയെ രാഷ്ട്രീയ പാര്‍ടികള്‍ എന്തിനു പേടിക്കണം?.

ഇന്ന് കല്ലെറിയുന്ന പിണറായിയും, കോടിയേരിയും ഒക്കെ തന്നെയല്ലേ മൂന്ന് വര്‍ഷത്തിനു മുന്നേയും പാര്‍ട്ടി ഭരിച്ചിരുന്നത്?. ഇന്ന് കാണിക്കുന്ന സംശയത്തിന്റെ ഒരംശം പോലുമില്ലാതെ അന്ന് അവരെ ജയിപ്പിച്ചു അധികാരത്തില്‍ എത്തിച്ചതും നമ്മള്‍ തന്നെയല്ലേ?. ലാവ്‌ലിന്‍ വിവാദമാകുന്നത് അതിനും മുന്നെയാണ്. ലോകത്തില്‍ ഒരു പക്ഷെ ഏറ്റവും മാധ്യമ സാന്ദ്രതയുള്ള, രാഷ്ട്രീയ ബോധമുള്ളതെന്നു അവകാശപ്പെടുന്ന ഒരു ജനത തന്നെയാണ് ഇവരെ നേതാക്കള്‍ ആക്കിയത്.

ഇവിടെയാണ് കേരളീയ മനസ്സിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ ആഴം ചോദ്യം ചെയ്യപെടെണ്ടത്. എന്ത് അക്രമം കാണിച്ചാലും, നിയമ വ്യവസ്ഥിതിയെ കൊഞ്ഞനം കാണിച്ചാലും, അഴിമതികള്‍ കൊണ്ട് കോടികള്‍ നേടിയാലും, ഏറിയാല്‍ ഒരു തോല്‍വി, അതിലപ്പുറം ഒന്നും സംഭവിക്കാനില്ലെന്നു ഇവിടുത്തെ നേതാക്കള്‍ മനസിലാക്കുന്നു.

അന്വേഷണത്തെ പിണറായി രാഷ്ട്രീയമായി മാത്രം നേരിട്ടാല്‍ എന്ത് സംഭവിക്കും?. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം തോല്‍ക്കും. (അത് ഇതൊന്നുമില്ലെന്കിലും സംഭവിക്കും) . അടുത്ത അഞ്ചു കൊല്ലം നമ്മള്‍ കോണ്‍ഗ്രെസുകാരുടെ കസേര കളി കാണും. ഇടതു പക്ഷത്തിന്റെ സമരങ്ങളും.
അതിനു ശേഷം ജനം ഇടതു പക്ഷത്തെ വീണ്ടു തിരഞ്ഞെടുക്കും. ഇതറിയാവുന്ന ഒരു നേതാവ് എന്തിനു പേടിക്കണം?.

3. എങ്ങനെ വോട്ട് ചെയ്യണം?.

സാമാന്യ ബുദ്ധിയുള്ള ഏതൊരാളും മനസിലാക്കേണ്ട ഒരു കാര്യം, നമ്മള്‍ കേരളീയര്‍ ഒരു പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാനല്ല, മറിച്ചു മറു പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് ഇറക്കാനാണ് വോട്ട് ചെയ്യുന്നത് എന്നാണ്. പതിനാറു സീറ്റുകള്‍ നല്‍കി നമ്മള്‍ കോണ്‍ഗ്രസിനെ അനുഗ്രഹിച്ചത് അവര്‍ കറ തീര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടോ, ഭരിച്ചു നാട് നന്നാക്കും എന്ന കണക്കു കൂട്ടല്‍ ഉള്ളത് കൊണ്ടോ അല്ല , മറിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയുള്ള ദേഷ്യം വോട്ടു കുത്തി തീര്‍ത്തത് തന്നെയാണ്.

രണ്ടു വര്‍ഷത്തിനു ശേഷം ജനം അത് ഒരിക്കല്‍ കൂടി ചെയ്യുകയും ചെയ്യും. അതൊക്കെ നല്ലത് തന്നെ, പക്ഷെ ഏഴു വര്‍ഷത്തിനു ശേഷം ഈ ദേഷ്യം തീര്‍ക്കല്‍ കോണ്‍ഗ്രസിനെതിരെ ആകും എന്ന് ഇവിടുത്തെ കുഞ്ഞു കുട്ടികള്‍ക്ക് വരെ അറിയാം. അപ്പോള്‍ പിന്നെ എന്തിനു ജനത്തെ, ജനാധിപത്യത്തെ പേടിക്കണം ?.

ഇവിടെയാണ് ജനാധിപത്യം പാര്‍ട്ടി-ആധി-പത്യം ആയി മാറുന്നത്. ഭരണത്തില്‍, പൊതു ജീവിതത്തില്‍ എന്ത് നടന്നാലും ഈ രണ്ടു പാര്‍ടികളില്‍ ഒരാള്‍ക്കേ വോട്ട് ചെയൂ എന്ന് നാം തീര്മാനിക്കും തോറും, പാര്‍ട്ടികള്‍ ,അതിന്റെ നേതാക്കള്‍ ജനങ്ങളില്‍ നിന്നകന്നു കൊണ്ടിരിക്കും. ലോകത്തെങ്ങും ഏകാധിപത്യത്തില്‍ നാം കാണുന്ന കാഴ്ച്ചയാണിത്. അല്പം അളവ് കുറവില്‍ അത് ഇവിടെയും നടക്കുന്നു എന്നേയുള്ളു.

ഈ രണ്ടു പാര്‍ട്ടികളും ശുധീകരിക്കപെടാതെ ഞങ്ങള്‍ ഇവര്‍ക്ക് വോട്ടു ചെയ്യില്ല എന്നാ ഉറച്ച തീരുമാനം രണ്ടു തിരഞ്ഞെടുപ്പുകളില്‍ കേരള ജനത എടുത്താല്‍ , മൂലമ്പിള്ളിയിലെ മേരി ടീച്ചര്‍ക്കോ, അത് പോലെ എം ആര്‍ മുരളിയുടെ പാര്‍ട്ടിക്കോ, അത് പോലെ ഒരു തവണ പരീക്ഷിച്ചു നോക്കാന്‍ തെറ്റില്ലാത്ത വേറെ ആര്‍ക്കെങ്കിലുമോ ജനം വോട്ട് ചെയ്‌താല്‍ , പേടിക്കേണ്ട പാര്‍ട്ടികളും നേതാക്കളും പേടിക്കേണ്ടത് പോലെ പേടിക്കുന്നത് കാണാം.

പക്ഷെ അത് ചെയ്യാന്‍ ജന ഭൂരിപക്ഷം മടിക്കുന്ന കാലത്തോളം, ജനങ്ങളെ പേടിക്കാത്ത പാര്‍ട്ടികള്‍ ‍, നേതാക്കള്‍ ഇവിടെ തഴച്ചു വളര്‍ന്നു കൊണ്ടേയിരിക്കും. അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ കമ്മ്യൂണിസ്റ്റ്‌ അഴിമതി കാണണോ, കോണ്‍ഗ്രസ്‌ അഴിമതി കാണണോ എന്നാ ചോദ്യമായി തിരഞ്ഞെടുപ്പ് ചുരുങ്ങുകയും ചെയ്യും.

ഇനി അതാണ് നമുക്ക് വേണ്ടതെങ്കില്‍, അത് തന്നെ നമുക്ക് കിട്ടുകയും ചെയ്യും. അതാണല്ലോ, ജനാധിപത്യം !!.

അടിക്കുറിപ്പ് : Democracy can't lead you to Heaven, But it can defenitely stop you from going to Hell !.

Friday 5 June 2009

ഗുണ്ട ! (ചെറു കഥ)

ആറു മാസം കൊണ്ടും നാടിനു വലിയ മാറ്റമൊന്നും ഇല്ലല്ലോ. ജയിലീന്ന് ഇറങ്ങിയിട്ടും ആരും തന്നെ മറന്നിട്ടും ഇല്ല. പയ്യന്മാര്‍ക്കും നാട്ടുകാര്‍ക്കും ഈ ഷാപ്പും പടി ഷാജിയെക്കണ്ടിട്ടു ഇപ്പോഴും ഒരു പേടിയുണ്ടേ. മര്യാദക്ക് നടന്നാല്‍ ഇവന്മാരൊക്കെ നമ്മുടെ മെക്കിട്ടു കയറും, ഇപ്പൊ എല്ലാത്തിനും ഒരു പേടിയുണ്ട് !.

ഇതാരടെയ്‌ രണ്ടു പയ്യന്മാര് ബൈക്കില്‍ ചെത്തി വരുന്നത്?. യെവന്മാര് എന്റെ കയ്യീന്ന് മേടിക്കും.
നിര്‍ത്താതെ എടുത്തോണ്ട് പോടേയ്‌, വെറുതെ കൈക്ക് പണി ഉണ്ടാക്കല്ലേ. ഏയ്, ഇതെന്നാ പിന്നിലും രണ്ടു ബൈക്കോ ?, പിറകിലുള്ളത് ശശിയല്ലേ?. മുന്നിലുള്ള പയ്യന്‍ അരയില്‍ നിന്ന് ടൂള്‍ എടുക്കുന്നു, ദൈവമേ, കളി പാളി.

ഇടവഴീല്‍ ചാടിയിട്ടും നാലെണ്ണം പിറകെ ഉണ്ടല്ലോ, ഏതു വകുപ്പാണാവോ ?. മോഹനനെ പൂളിയ കേസ് ആവും, എന്നാലും ശശി എന്റെ കേസ് എടുക്കുമെന്ന് വിചാരിച്ചില്ല, ഒന്ന് രക്ഷപെട്ടോട്ടെ, അവനു ഞാന്‍ കൊടുക്കുന്നുണ്ട് പണി. ആള്‍ക്കാര്‍ക്കിടയിലേക്ക് തന്നെ ഓടാം, അതേയുള്ളൂ രക്ഷ. തിരക്കിലെത്തിയാല്‍ രക്ഷപെട്ടു, മുത്തപ്പാ, രക്ഷിക്കണേ,

എല്ലാ കഴുവേറികളും ഓടി മാറുന്നല്ലോ, കടയില്‍ കേറി ഷട്ടര്‍ ഇട്ടാലോ, അയ്യോ അവന്‍ കടയടച്ചു കഴിഞ്ഞു. ആരേലും ഒന്ന് രക്ഷിക്കടെയ്‌, മോഹനനിട്ടു പണിയണ്ടായിരുന്നു. ദൈവമേ അവരെത്തി, ഇനി ഓടാന്‍ ഒരിടമില്ല, ആ !, ശശി, കൊല്ലല്ലെടാ, അയ്യോ , അമ്മെ, മര്യാദക്ക് ജീവിച്ച മതിയായിരുന്നെ...

ഷാജിയുടെ ശരീരത്തിന് ചുറ്റം ഈച്ചകള്‍ പറന്നു തുടങ്ങിയപ്പോഴേക്കും , മുകളില്‍ ചിത്ര ഗുപ്തന്‍, ശശിയുടെ ആയുസ്സിന്റെ പുസ്തകത്തില്‍ അവസാനത്തെ പേജില്‍ എത്തിയിരുന്നു. ഇനി ആറു മാസത്തിനു ശേഷം ഇത് പോലെ മറ്റൊരു ചൊവ്വാഴ്ച...