Tuesday 5 June 2012

ടി പിയും ചരിത്രവും


 "Shoot, coward! You are only going to kill a man!" എന്ന വാക്കുകളോടെയാണ് ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരി മരണത്തെ നേരിട്ടത്.  കൊന്നവരും കൊല്ലിച്ചവരും  ചരിത്രത്തിന്റെ ചവറ്റു കുട്ടയിലെക്കാണ്  പോയത്, പക്ഷെ മരണം ചെ എന്ന രണ്ടക്ഷരം ചരിത്രത്തിന്റെ ചുവരില്‍ മായ്ക്കാനാവാത്ത  വിധം കോറിയിട്ടു. ആത്യന്തികമായി വിജയിക്കുന്നത് കശാപ്പുകാരല്ല, സ്വന്തം ആശയങ്ങള്‍ക്ക് വേണ്ടി പൊരുതി മരിക്കുന്ന ധീരര്‍ തന്നെയാണ്. 

മാസത്തില്‍ ഒന്ന് വച്ച് മുറ പോലെ രാഷ്ട്രീയ വധം നടക്കുന്ന നാട്ടില്‍ ടി പിയുടെ മരണം ഇത്ര വലിയ വാര്‍ത്തയാവുന്നത്‌ ഒരു യഥാര്‍ത്ഥ വിപ്ലവകാരിയോടുള്ള  മലയാളിയുടെ ആദരം കൊണ്ട് മാത്രമാണ്. അധികാരത്തിന്‍റെ  അപ്പ കഷ്ണങ്ങള്‍ക്ക് വേണ്ടി ജനത്തെ മറക്കുന്ന, ആരോടും സന്ധി ചെയ്യുന്ന, രാഷ്ട്രീയക്കാരെ കണ്ടു മടുത്തവര്‍ക്ക്, അധികാരത്തിനു പിറകെയല്ലാതെ, ആദര്‍ശത്തിന്റെ പിറകെ നടന്ന, തന്നെ കാത്തിരിക്കുന്ന കത്തി മുനകള്‍ക്ക് മുന്നില്‍ മുട്ട് മടക്കാത്ത ടി പിയോട് ആദരവുണ്ടായതില്‍  അതിശയമില്ല.

ആശയങ്ങള്‍ക്ക് വേണ്ടി പൊരുതി മരിച്ച ഈ സഖാവിന്റെ ചോരകൊണ്ട് നാം ചരിത്രമാകുന്ന ചുവരില്‍ എന്തെഴുതും?. ഈ ചോദ്യം ഇന്ന് പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന CPI(M) എന്ന പാര്‍ട്ടിയോട്  മാത്രമല്ല, ഈ സമൂഹത്തിലെ ഓരോ വ്യക്തിയോടുമാണ്. ഒരു പക്ഷെ ചരിത്രം നമ്മെ നാളെ വിലയിരുത്തുന്നത് ഈ  പ്രതികരങ്ങളിലൂടെ ആയിരിക്കും.

പാര്‍ട്ടി നേതാക്കള്‍ എത്ര പ്രസ്താവനകള്‍ നടത്തിയാലും  സംശയം ഇന്ന് ചെന്ന് നില്‍ക്കുന്നത്  CPI(M) എന്ന പാര്‍ടിയിലേക്ക് തന്നെയാണ്. കൊന്നതാരെന്നും കൊല്ലിച്ചതാരെന്നും തീരുമാനിക്കാന്‍ ഞാന്‍ ആളല്ല. അതിനിവിടെ പോലീസും കോടതിയും ഉണ്ട്. പക്ഷെ ഈ കൊലപാതകത്തില്‍ CPI(M) പങ്കുണ്ടെങ്കില്‍ ഞാന്‍  അടക്കമുള്ളവര്‍ വിശ്വസിക്കുന്ന ഈ പാര്‍ട്ടി  ഇതിനുത്തരം പറയേണ്ടി വരിക ജനങ്ങളോട് തന്നെയാവും. ആത്യന്തികമായി ജനങ്ങള്‍ തന്നെയാണ് പാര്‍ട്ടി. ജനങ്ങള്‍ക്ക്‌ പാര്‍ടിയില്‍ സംശയം തോന്നിയാല്‍ അത് വാക്കുകള്‍ കൊണ്ട് മാത്രമല്ല  പ്രവൃത്തി കൊണ്ടും തിരുത്തേണ്ട ചരിത്രപരമായ ചുമതല പാര്‍ട്ടിക്കുണ്ട്.


അധികാരത്തോട് പട പൊരുതി വളര്‍ന്ന പാര്‍ട്ടിയാണ് CPI(M)  . ഒരുപാടു സാധാരണക്കാര്‍ തങ്ങളുടെ ജീവനും മനസും കൊടുത്തു കെട്ടി പൊക്കിയ പ്രസ്ഥാനം. പണ്ട് പാര്‍ട്ടിക്ക് അധികാരം ഇല്ലായിരുന്നു, കൂറ്റന്‍ പാര്‍ട്ടി  ഓഫീസുകള്‍ ഇല്ലായിരുന്നു, പണം ഇല്ലായിരുന്നു, പക്ഷെ അന്നെല്ലാം അവര്‍ക്ക് പിന്നില്‍ അണി നിരക്കാന്‍ ജനവും അവരുടെ മനസ്സില്‍ ഒരു അഗ്നി ജ്വാലയായി പാര്‍ട്ടിയും ഉണ്ടായിരുന്നു.  അതില്ലാതാവുന്ന ഒരു കാലം വന്നാല്‍, കോടികള്‍ കൊണ്ട് കെട്ടിപടുത്ത പറ്റി ഓഫീസുകളും, അഹങ്കാരം കാട്ടുന്ന നേതാക്കന്മാരും ഒന്നും മതിയാവാതെ വരും, പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍.

ഒരു മരണം അത് ആരുടേതായാലും ഒരല്പം വിനയവും ബഹുമാനവും കാട്ടുന്നതില്‍ ഒരു തെറ്റുമില്ല. ഈ പ്രശ്നത്തില്‍ പാര്‍ട്ടിക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതില്‍ ഒരു മോശവുമില്ല. അല്ലാതെ, ഞങ്ങള്‍ മാത്രമാണ്  കമ്മ്യൂണിസ്റ്റ്‌ എന്നും, ഞങ്ങള്‍ ചെയ്യുന്നതെല്ലാം ശരി എന്നും ഒരു പാര്‍ട്ടി തീരുമാനിച്ചാല്‍ ചരിത്രത്തിന്‍റെ ചുവരുകളില്‍ നിന്ന് പാര്‍ട്ടിയുടെ പേര് കഴുകിക്കളയുന്നതിനു തുല്യമാവും അത്.  രണ്ടു കോടി അംഗ ബലവും ഒരു രാഷ്ട്രത്തിന്‍റെ പരമാധികാരവും ഉണ്ടായിരുന്ന റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി തകര്‍ന്നു പോകാമെങ്കില്‍,  കേരളമെന്ന കൊച്ചു സംസ്ഥാനത്ത് ഒരു  ജനാധിപത്യ പാര്‍ട്ടിക്ക് ജനങ്ങളില്‍ നിന്നകന്നാല്‍ പിന്നെ എന്ത് നിലനില്‍പ്പ്‌.

ടി പി എന്ന വ്യക്തി ശരിയായിരുന്നെകില്‍, അദേഹത്തിന്റെ ആശയം ജനങ്ങളുടെത് ആണെങ്കില്‍, ചരിത്രത്തില്‍ അതിനൊരു ഇടമുണ്ടാവുക തന്നെ ചെയ്യും. " കൊല്ലാനേ പറ്റൂ, തോല്‍പ്പിക്കാന്‍ ആവില്ല " എന്ന മുദ്രാവാക്യം ജീവിതം കൊണ്ട് തെളിയിച്ച വിപ്ലവകാരികളുടെ നാടാണിത്. ടി പിയുടെ ചോര ആ ആശയത്തെ  ശക്തമാക്കുകയെ ഉള്ളൂ. ആ ആശയം അതെന്തു തന്നെയായാലും ശരിയാണോ എന്ന് ചിന്തിക്കാനുള്ള ധാര്‍മിക ബാധ്യത എങ്കിലും കേരളത്തിലെ ഇടതു പക്ഷ പാര്ടികള്‍ക്കുണ്ട്.

ഈ മരണത്തില്‍ ഒഴുക്കിയ കണീര്‍ വെറും മുതലക്കണീര്‍  അല്ലെന്നും, കുറ്റവാളികളെ പിടിക്കുമെന്ന് പ്രഖ്യാപിച്ച വാശി നെയ്യാറ്റിന്‍കര കടക്കാന്‍ വേണ്ടി മാത്രമല്ല എന്നും പ്രവൃത്തി കൊണ്ട് തെളിയിക്കേണ്ട ബാധ്യത കോണ്‍ഗ്രെസ്സിനുണ്ട്. അധികാരം ഉറപ്പിക്കാന്‍ നാടകം കളിച്ച മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയി അറിയപ്പെടുന്നതിനെക്കാള്‍, ചരിത്രത്തില്‍ ജനപക്ഷത്തു നിന്ന് കൊലപാതക രാഷ്ട്രീയത്തിനെതിരെ പട നയിച്ച ധീര്‍ന്മാരയി അറിയപ്പെടാന്‍ ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചിയൂരിനും കഴിയുമോ?. കഴിയണം, അതാണ് ചരിത്രം അവരോടവശ്യപെടുന്നത്. എതിര്‍ പാളയത്തില്‍ നിന്ന് മാത്രമല്ല, സ്വന്തം ചേരിയില്‍ നിന്നും കൊലപാതക രാഷ്ട്രീയത്തിന്‍റെ , പ്രതിപക്ഷ ബഹുമാനമില്ലയ്മയുടെ  കറകള്‍ തുടച്ചു നീക്കാന്‍ കാലം തന്ന അവസരമാണിത്.

സ്വന്തം മരണം കൊണ്ട് ടി പി നമുക്ക് തന്ന ഒരു സന്ദേശമുണ്ട്. ധാര്‍മികമായും രാഷ്ട്രീയപരമായും കേരളം എത്തി നില്‍ക്കുന്ന അവസ്ഥയുടെ ഒരു നേര്‍ചിത്രം ആണത്. ഇനിയും നമ്മള്‍ പഠിച്ചില്ലെങ്കില്‍, ഇനിയൊരിക്കലും അതിനവസരം കിട്ടാം വിധം രാഷ്ട്രീയ ഭ്രാന്തമാരുടെ നാടായി അധപതിച്ചു പോകും കേരളം.

പ്രതികളുടെ മൊഴികളും , രാഷ്ട്രീയ ചെറി വാരി ഏറിയലും മാത്രം വാര്‍ത്തയാക്കുന്ന, 'പ്രമുഖ നേതാവിന്' പങ്കുണ്ട് എന്ന് എങ്ങും തൊടാതെ വിളിച്ചു പറയന്ന മാധ്യമങ്ങളെ, ചരിത്രം നിങ്ങളെ  നാളെ മഞ്ഞപ്പത്രങ്ങള്‍ എന്ന് വിളിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ?. ദുരൂഹതകളുടെ പുകമറകള്‍ സൃഷ്ടിച്ചതിനപ്പുറം എന്ത് മാധ്യമ ധര്‍മം ആണ് നിങ്ങള്‍ നിറവേറ്റിയത്?.  ഭരണകൂടങ്ങളെ തകിടം മറിച്ച, വ്യ്വസ്ഥിതികളെ തകര്‍ത്തെറിഞ്ഞ അന്വേഷണ പത്രപ്രവര്‍ത്തനം നടത്താന്‍ ഇതിലും നല്ല ഒരു അവസരവും ജന പിന്തുണയും നിങ്ങള്ക്ക് കിട്ടുമോ?.

പോലീസും കോടതിയും കണ്ടു പിടിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ അത് കണ്ടു പിടിക്കും എന്ന് തീരുമാനിക്കാന്‍ ധൈര്യമുള്ള ഒരു  മാധ്യമം  ഈ നാട്ടില്‍  ഉണ്ടോ?. കാലം ടി പിയുടെ മരണം കൊണ്ട് നിങ്ങളോട് ചോദിക്കുന്ന ചോദ്യമതാണ്. അതിനു നിങ്ങള്‍ കൊടുക്കുന്ന ഉത്തരം നിങ്ങളുടെ ചരിത്രത്തിലേക്കുള്ള വഴിയാകുന്നു. അത് അകത്തേക്ക് ആണോ പുറത്തേക്കു ആണോ എന്നത് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

കഷ്ടപ്പെടാതെ, പോരാടാതെ, റിയാലിറ്റി ഷോ കാണുന്നതിനിടയില്‍ വിപ്ലവം  വന്നു എല്ലാം നന്നായെങ്കില്‍ എന്ന് ചിന്തിക്കുന്ന ഞാന്‍ അടക്കമുള്ള  മലയാളികളെ, ഈ ചോര കണ്ടില്ലെന്നു നടിച്ചു കണ്ണടച്ച് കളഞ്ഞാല്‍, വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാരന് അതിന്‍റെ വില മനസിലാക്കി കൊടുത്തില്ലെങ്കില്‍, പ്രതികരണ ശേഷി നഷ്ടപ്പെട്ട്  ജനാധിപത്യം വെറും  പാര്‍ട്ടി ആധിപത്യം  ആവുന്നത് കണ്ടു കണ്ണടക്കാനുള്ള സൌഭാഗ്യം തന്നയാണ് നമ്മളെ കാത്തിരിക്കുന്നത്. ചരിത്രത്തിന്‍റെ ചുവരില്‍ പോയിട്ട് റോഡരികിലെ ഓടയില്‍ പോലും ഇടം കിട്ടാത്ത ഒരു ജനതയായി മാറാന്‍ ആണോ നമുക്കാഗ്രഹം ?.


സഹജീവിയോടുള്ള സ്നേഹത്തിന്റെ തത്വശാസ്ത്രമാണ് വിപ്ലവം എന്ന് വിശ്വസിച്ച ഒരു സഖാവിന്‍റെ ചോര കണ്ടാല്‍ പോലും നമ്മള്‍ പഠിക്കില്ലെങ്കില്‍, "ഈ നാട് നന്നാവില്ല" എന്നൊരു തനി മലയാളിയെ പോലെ പറയുമ്പോള്‍  ഓര്‍ത്തു നോക്കേണ്ട  ഒരു കാര്യമുണ്ട്. കോട്ട കൊത്തളങ്ങളും ഒരിക്കലും തകരില്ലെന്നു അഹങ്കരിച്ച രാഷ്ട്രങ്ങളും പാര്‍ട്ടികളും ഭരണങ്ങളും ഒക്കെ തകര്‍ന്നടിഞ്ഞിട്ടുണ്ട് ചരിത്രത്തില്‍. പലപ്പോഴും അതിനൊക്കെ തുടക്കം കുറിച്ചത് മരണത്തെ പേടിയില്ലാത്ത, സത്യത്തിന്റെ പിറകെ നടന്ന ഒറ്റയാന്മാരുടെ പോരാട്ടങ്ങള്‍ ആണെന്ന് മറന്നു പോകരുത്. അവനവന്റെ ജീവന്‍ കൊണ്ട് പലപ്പോഴും അവരാണ് ചരിത്രത്തിന്‍റെ പുതിയ ചാലുകള്‍ വെട്ടി കീറുന്നത്. രാജാവും മന്ത്രിയും സൈന്യാധിപന്മാരും ഒക്കെ മരിച്ചു മണ്മറഞ്ഞു  മറവിയിലേക്കു പോകുമ്പോഴും അവനാണ് ചരിത്രത്തിന്‍റെ ചുവരുകളില്‍ ജ്വലിച്ചു നില്കുന്നത് !.

2 comments:

  1. ആനയിലും കുഴിയാനയിലും 'ആന' ഉണ്ട്.
    സിപി ഐ എമ്മിലും ആര്‍ എം പിയിലും 'മാര്‍ക്സിസ്റ്റ്‌' ഉണ്ട്.

    ആനയും കുഴിയാനയും ഒന്നാണോ? ആനയെക്കാള്‍ വലുതാണ്‌ കുഴിയാന എന്ന് വിശ്വസിക്കുന്ന, അത് പ്രചരിപ്പിക്കുന്ന ഒഞ്ചിയം പാണന്മാര്‍ സഹതാപം മാത്രമേ പകരുന്നുള്ളൂ.

    ReplyDelete