Friday, 12 July 2013

വെള്ളാന

കാരണവരുടെ ആന, വാങ്ങിയ അന്ന് മുതൽ വെളുത്തിരുന്നു. എങ്ങനെ വെളുക്കാതിരിക്കും, അങ്ങ് ദേവലോകത്തിൽ ഇരിക്കുന്ന ത്രിമൂർത്തികളുടെയും നാട്ടിലെ ചാത്തന്മാരുടെയും അനുഗ്രഹമുള്ള ആനയല്ലേ. വെള്ളാനയെ കാണാനുള്ള ആളുകളുടെ വരവോടെയാണ്‌ കഞ്ഞിക്കു വകയില്ലാതിരുന്ന തറവാട് വികസിച്ചു വികസിച്ച് സ്മാർട്ട്‌ സിറ്റി പോലെ ആയത്.

അതിരാവിലെ ചാനലുകാരുടെ ഡിഷ്‌ ആന്റിന നേരെ വയ്ക്കാൻ പുരപ്പുറത്ത് കയറിയഅയൽവാസി ജോണിയാണ് ആരും കാണാത്ത ആ കാഴ്ച ആദ്യം കണ്ടത്. പക്ഷെ ജോണിക്കൊരു സംശയം, പരമ സാത്വികൻ കാരണവർ ഇതിനൊക്കെ കൂട്ട് നിൽക്കുമോ ?.


പക്ഷെ സംശയം മനുഷ്യനെ തളത്തിൽ ദിനേശനാക്കുന്നു എന്നാണല്ലോ ശ്രീനിവാസ വാക്യം. കണ്ടത് ഫേസ് ബുക്കിലും കവലയിലും എത്തിക്കാതെ പിന്നെ അതടങ്ങുമോ ?. കേട്ടവരോന്നും പക്ഷെ പെട്ടന്ന് അതങ്ങ് വിശ്വസിച്ചില്ല. കാരണവരുടെ ആന കറുത്തതാണെന്നോ ?. നുണ പറയുന്നതിനും ഒരതിരില്ലേ ജോണി കുട്ടീ ...


"ചുമ്മാ കുറച്ച് കറുത്ത നിറം കണ്ടതാണേൽ പോട്ടെ , ഞാൻ പാപ്പാന്മാരെ കണ്ടതിനെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ലേ ?. "

നാട്ടുകാരെയും കുഴക്കുന്ന ചോദ്യം അത് തന്നെ ആയിരുന്നു. നാല് പാപ്പാന്മാർ എന്തിനാണ് അതി രാവിലെ ബ്രഷും വെളുത്ത പൈയിന്റും ആയി ആനക്കൊട്ടിലിന് ചുറ്റും ഒരു ഒരു ചുറ്റിക്കളി ?.

"ഇത് തട്ടിപ്പ് തന്നെ , കറുത്ത ആനയെ പെയിന്റ് അടിച്ച് വെളുപ്പിച്ച് കാശു വാങ്ങുന്ന കലാപരിപാടി. ഞാൻ ഇത്രയും നാൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ! " . ദേശാഭിമാനി വായിച്ചു കൊണ്ടിരുന്ന കേശവൻ ചേട്ടന് മാത്രം സംശയമില്ല.

സത്യമറിയാൻ നാട്ടുകാർ കാരണവരുടെ വീട്ടു മുറ്റത്ത്‌ ജനം എത്തുന്നത്‌ അങ്ങനെയാണ്.

"എന്ത്, സത്യ സന്ധതക്ക് പേര് കേട്ട ഈ തറവാട്ടിൽ തട്ടിപ്പോ ?. എങ്ങനെ ധൈര്യം വന്നു നിങ്ങൾക്കിത് പറയാൻ. നൂറ്റാണ്ടുകളുടെ കറ പുരളാത്ത പാരമ്പര്യത്തെ പറ്റിയൊക്കെ മറന്നോ നിങ്ങൾ ?. ".

"അല്ല, ആന വെള്ള തന്നെയാണോ ? "

" പേരിലും നിറത്തിലും ഒക്കെ എന്ത് കാര്യം , നൂറ്റാണ്ടുകളുടെ പാരമ്പര്യം , അത് മറക്കരുത്".

" ആനക്ക് വെള്ള പൈയിന്റ്റ് അടിച്ചതല്ല എന്നതിന് എന്താണ് തെളിവ് ?".

" കറ പുരളാത്ത പാരമ്പര്യത്തെ അവിശ്വസിക്കരുത്. വേണമെങ്കിൽ പാപ്പാന്മാരെ നാല് പേരെയും ആങ്ങ്‌ മാറ്റി നിർത്താം , നാല് പേരും ഇപ്പോൾ തറവാട്ടിൽ തടവിലാണ് ".

ആനക്ക് പെയിന്റ് അടിച്ചില്ല എങ്കിൽ പിന്നെ എന്തിനാ പാപ്പാന്മാരെ മാറ്റി നിർത്തുന്നത് ?.

"അത് മൂത്ത മകന്റെ ബുദ്ധിയാണ്. അവനാണ് ഈ പ്രശ്നം അന്വേഷിക്കുന്നത് . ആരെയും ചാരി ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല. പാപ്പാന്മാർ ഒക്കെ പുറത്തായാൽ പിന്നെ ചാരാൻ ആളില്ലല്ലോ "


"അപ്പോൾ ഒരു നിക്ഷ്പക്ഷ അന്വേഷണം വേണ്ടേ ?."

"കറ പുരളാത്ത പാരമ്പര്യം ഉള്ളവർ നെറികേട് കാട്ടുമോ ?. അവന്റെ കഴിവിൽ ഞാൻ പൂർണ തൃപ്തനാണ്. പിന്നെ നിങ്ങൾക്ക് ആര്ക്ക് വേണമെങ്കിലും അന്വേഷിക്കാമല്ലോ , പക്ഷെ അതൊക്കെ തറവാട്ട്‌ വളപ്പിനു പുറത്തു മതി. "

" അങ്ങനെയെങ്കിൽ അങ്ങനെ. ആനയെ എപ്പോൾ പുറത്തിറക്കും ? "

"ദൈവീക പ്രഭയുള്ള ആനയല്ലേ , അതിനെ തറവാട്ട്‌ വളപ്പിന് പുറത്തിറക്കാറില്ല "

" അപ്പോൾ അതിനൊരു തീരുമാനം ആയി..കാശ് പോയ നാട്ടുകാരുടെ കാര്യം ? ".

" ഹൃദയത്തിൽ കൈ വച്ച് ഞാൻ പറയുന്നു ആന വെളുത്തത് തന്നെ . കറ പുരളാത്ത പാരമ്പര്യ ..."

"പാരമ്പര്യം കേട്ട് മടുത്തു കാർന്നോരെ , ആനയെ എപ്പോൾ കുളിപ്പിക്കും , അത് പറ. വെളുത്ത ആനയാണ് എങ്കിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഒന്ന് കുളിപ്പിച്ചാൽ പോരെ , സത്യം അറിയാമല്ലോ ?".


"അങ്ങനെ ആര്ക്കും കാണാവുന്ന കാര്യം ഒന്നും അല്ല അത് ( ദൈവീക ആന, പാരമ്പര്യം എന്ന പല്ലവികൾ പിന്നണിയിൽ ഉയരുന്നു ... ). പക്ഷെ സത്യം ജയിക്കണം എന്നെനിക്ക് നിര്ബന്ധമുണ്ട് അത് കൊണ്ട് സത്യ സന്ധനായ നാരായണന്റെ സന്നിധ്യത്തിലാണ് വര്ഷങ്ങളായി ഞങ്ങൾ ആനയെ കുളിപ്പിക്കുന്നത് "


" അത് കൊള്ളാം , വളരെ നല്ല കാര്യം, ഇനി കാര്യങ്ങളൊക്കെഅങ്ങേരോട് ചോദിച്ചാൽ മതിയല്ലോ. നാരായണൻ എവിടെയാണ് താമസം ? "

" അതൊക്കെ ഞാൻ പറയാം , പക്ഷെ നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് "

" ഇനിയും പാരമ്പര്യം എന്ന് പറയരുത് പ്ലീസ് , അത് താങ്ങാനുള്ള കരുത്തില്ല ".

" അതല്ല , ഈ പറഞ്ഞ നാരായണന് കണ്ണ് കാണില്ല . അപ്പോൾ എല്ലാവരും ഇറങ്ങുകയല്ലേ , എനിക്കിന്ന് ബഹുദൂരം പോകാനുള്ളതാണ്. " !.


അല്പം അകലെ വെളുത്ത ആന 'കറ പുരളാത്ത പാരമ്പര്യത്തിന് " അടിവരയിടാൻ എന്ന മട്ടിൽ ഒന്നുറച്ചു ചിന്നം വിളിച്ചു ...