Friday 6 March 2009

തീവ്ര വാദത്തിനു പരസ്യം ഫ്രീ ! - 2

ഇതിനു തൊട്ടു മുന്നേ ഉള്ള പോസ്റ്റിന്റെ തുടര്ച്ചയാണീ പോസ്റ്റ്.

പാക്കിസ്ഥാനിലെ പോലുള്ള ഒരു ആക്രമണത്തില്‍ ഒരു തീവ്രവാദിക്ക്‌ വേണ്ടതെന്താണ്?. നമുക്ക് അവരുടെ വശത്ത് നിന്ന് ഒന്ന് ചിന്തിച്ചു നോക്കാം. ഒന്നോ രണ്ടോ ശ്രീലങ്കന്‍ കളിക്കാരെ കൊല്ലുക എന്നതൊന്നുമാവില്ല ലക്‌ഷ്യം. കിട്ടുന്ന ഗുണങ്ങളില്‍ ഒന്ന് സംഘടനക്കു കിട്ടുന്ന മീഡിയ പബ്ലിസിറ്റി ആകുന്നു. രണ്ടാമത്തെ ഉന്നം പാക്കിസ്ഥാന്‍ ഭരണകൂടത്തെ നാണം കേടുത്തലാണ്. ഇനിയാരും ക്രിക്കറ്റ് കളിയ്ക്കാന്‍ അങ്ങോട്ട്‌ ചെല്ലരുത്‌ എന്നതും ഒരു ലക്‌ഷ്യം ആവാം.

ആക്രമണത്തിനു തൊട്ടു പിന്നാലെ സംഭവിക്കുന്നതെന്താണ്?. മീഡിയ പബ്ലിസിറ്റി തികച്ചും ഫ്രീ. ഇന്ത്യന്‍/ലോക മീഡിയ ആകട്ടെ പാക്കിസ്ഥാനിലെ അരക്ഷിതാവസ്ഥയെ പറ്റി ഘോര ഘോരം ചര്‍ച്ചകള്‍ നടത്തുന്നു. ICC യും ലോക ക്രിക്കറ്റ് രാഷ്ട്രങ്ങളും ഇനിയങ്ങോട്ട് പോകുന്നില്ല എന്ന് തീരുമാനിക്കുന്നു. തീവ്രവാദികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ എല്ലാം നമ്മള്‍ സാധിച്ചു കൊടുക്കുന്നു !!.
അറിയാതെയുള്ള ഈ സഹകരണം അവര്‍ക്ക് ഇനി IPLഇല്‍ ഇത് പോലെ ഒരാക്രമണം നടത്താന്‍ ഒരു പ്രചോദനം അല്ലെ?.

നമുക്ക് ചെയ്യാന്‍ കഴിയുന്നതിനു ഒരു പരിമിതി ഉണ്ടെന്നറിയാം. പക്ഷെ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്?. ഓരോ ആക്രമണം ഉണ്ടാകുമ്പോഴും അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം മീഡിയ കൂടുതല്‍ പ്രാധാന്യം തീവ്രവാദത്തെ ചെറുക്കുന്ന/ അതിനു ശ്രമിച്ചു ജീവന്‍ വെടിയുന്നവര്‍ക്ക് കൊടുക്കാമല്ലോ. ഓരോ ആക്രമണത്തിലും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനകള്‍ക്കെതിരെ അറിയാവുന്ന വിവരങ്ങള്‍ എല്ലാം ഭരണകൂടത്തിനു കൈമാറാം. ആക്രമിച്ച സന്ഘടനക്കെതിരെ ആഞ്ഞടിക്കാന്‍ ആവശ്യമായ നിയമ നിര്‍മാണത്തിന് വേണ്ട ജന പിന്തുണ ഉണ്ടാക്കി കൊടുക്കാന്‍ പ്രയത്നിക്കാം.

തീവ്രവാദത്തെ ചെറുക്കുന്നത് ഏറെ പണച്ചിലവുള്ള ഒരു യത്നം ആണ്. ഓരോ ആക്രമണത്തിലും അതിനെതിരെ പ്രവര്‍ത്തിക്കാന്‍ ഒരു ഓരോ മീഡിയയും ഫണ്ട് രൂപീകരണം നടത്തി അത് ഭരണകൂടത്തിനു കൈമാറി കൂടെ?. തീവ്രവാദത്തെ എതിര്‍ക്കുന്ന ഓരോ ആള്‍ക്കും അതിനായി ഒരു തുക മാറ്റി വയ്ക്കാം. ആക്രമണങ്ങളെ അപലപിക്കുന്നതിനോടൊപ്പം വന്‍ കിട കമ്പനികള്‍ക്ക് ഒരു വലിയ തുക അതിനെതിരായി ചിലവഴിക്കാം. സത്യസന്ധതയോടെ അതിനെ എതിര്‍ക്കുന്നവര്‍ക്ക് പ്രാധാന്യം കിട്ടും എന്നതും ഇതിന്റെ ഒരു ഗുണമാകും. അഞ്ചു പൈസ ചിലവഴിക്കാതെ വാചക കസര്‍ത്ത് നടത്തുന്നവര്‍ക്ക് പ്രാധാന്യം കുറയട്ടെ. ബോംബെ ആക്രമണത്തിനു ശേഷം ഇന്ത്യയില്‍ കണ്ട ജന രോഷത്തെ നമുക്ക് പ്രായോഗികമായി ഇങ്ങനെ ഒക്കെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ടതായിരുന്നു.

ഓരോ ആക്രമണത്തിനു ശേഷവും തങ്ങള്‍ക്കെതിരെ ശക്തമായ ഒരു ജനവികാരവും അതിനൊത്ത പടയോരുക്കങ്ങളും, പ്രവര്‍ത്തനങ്ങളും നടക്കുമ്പോള്‍ ഏതൊരു സംഘടനയും ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്നേ ഒന്ന് ആലോചിക്കില്ലേ?. ആലോചിക്കും എന്ന് എന്റെ മനസ് പറയുന്നു.

No comments:

Post a Comment