Monday 6 April 2009

ഓട്ടോ പുരാണങ്ങള്‍

ഞങ്ങള്‍ കൊച്ചിക്കാര്‍ക്ക്‌ പൊതുവേ ഓട്ടോക്കാരെ പേടിയാണ്. ദൈവം സഹായിച്ചു മീറ്റര്‍ എന്ന ഒരേര്‍പ്പാട് ഇന്നുവരെ കൊച്ചി നരകത്തിലെ ഓട്ടോകളില്‍ കണ്ടിട്ടില്ല. ഇനി ഹാലിയുടെ ധൂമകേതു പോലെ വല്ലപ്പോഴും ഒന്ന് കണ്ടാലും അത് പ്രവര്‍ത്തിച്ചു കാണണേ കാശു വേറെ കൊടുക്കേണ്ടി വരും.

നാട്ടും പുറത്തും ഇല്ല മീറ്റര്‍. പക്ഷെ നാട്ടുകാരായത് കൊണ്ട് പോക്കറ്റ് കാലിയാക്കുന്ന ചാര്‍ജും ചീത്തവിളിയും ഒന്നുമില്ല. പക്ഷെ കൊച്ചിയിലേക്ക് കടന്നാല്‍ പിന്നെ ഓട്ടോ പിടുത്തം ഒരു ചടങ്ങ് തന്നെ.

മാര്‍ക്കറ്റില്‍ ലേലം വിളിക്കുന്ന പോലെ കൂട്ടിയും കുറച്ചും (ഒവ്വ, ഇമ്മിണി കുറയും) ഒരു തുക ഉറപ്പിക്കല്‍ ആണ് ആദ്യത്തെ ദൌത്യം. നഗരത്തിലെ പൊതുവേ അറിയുന്ന പോയിന്റില്‍ ആണ് ഇറങ്ങുന്നതെങ്കില്‍ രക്ഷപെട്ടു. പറഞ്ഞ കാശിനു കാര്യം നടക്കും. ഇനി അതല്ല, അല്പം മോശമായ വഴിയോ, പറഞ്ഞതിലും 10 മീറ്റര്‍ കൂടുതലോ ആണെന്കില്‍ പെട്ടു. ലേലം വിളി പാര്‍ട്ട് -2 ആരംഭിക്കുകയായി...

കൊച്ചിയില്‍ നിന്ന് ചെന്നയില്‍ ലാന്‍ഡ്‌ ചെയ്തപ്പോഴാണ് കൊച്ചിയിലെ ഓട്ടോ ചേട്ടന്മാരൊക്കെ വെറും മുലപ്പാല് കുടിക്കുന്ന പാവം പൈതങ്ങള്‍ ആണെന്ന് പിടി കിട്ടിയത്. പോകേണ്ടത് കിലോമീറ്റര്‍ വെറും അഞ്ചായാലും ചാര്‍ജ് നൂറ്റി അന്‍പതില്‍ ഒട്ടും കുറയില്ലത്രേ. പണ്ട് കോളേജില്‍ വച്ച് കണ്ട അണ്ണന്റെ പടയപ്പ പടത്തെ മനസില്‍ ധ്യാനിച്ച് അറിയാവുന്ന തമിഴൊക്കെ പ്രയോഗിച്ചാലും "ന്യായമുള്ള റേറ്റ്ക്കാരുടെ" മനസലിയില്ല. പിന്നെ ഒരാഴ്ച കഴിയുന്നതോടെ അവര് 150 പറയുമ്പോള്‍ തിരിച്ചു 50 എന്ന് പറയാന്‍ നമ്മള് പഠിക്കും എന്നതൊരശ്വാസം.

മംഗലാപുരത്തും മൈസൂരും കേറുന്ന പാടെ ചേട്ടന്മാര് മീറ്റര്‍ ഇടും. അത് കാണുമ്പോഴുള്ള ആനന്ദം ഒക്കെ ഓട്ടോയില്‍ നിന്നിറങ്ങുമ്പോള്‍ തീരും.ഒന്നുകില്‍ ഓട്ടോ ഓടുന്നതിന്റെ ഇരട്ടി വേഗത്തിലോടുന്ന മീറ്റര്‍. അല്ലെങ്കില്‍ മീറ്ററില്‍ കാണുന്നതിന്‍റെ ഒന്നര ഇരട്ടിയാണ് ചാര്‍ജ്. ആ കണക്കു എനിക്കിന്നും പിടി കിട്ടിയിട്ടില്ല. രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ മീറ്ററില്‍ കാണുന്നതിന്‍റെ ഇരട്ടിയാണ് ചാര്‍ജ്. (10 മണിക്ക് ശേഷം മീറ്ററില്‍ കാണുന്നതിന്‍റെ ഒന്നര ഇരട്ടി എന്നാണ് സര്‍ക്കാര്‍ കണക്കു) . നന്നായി പ്രവര്‍ത്തിക്കുന്ന ഒരു പ്രീ-പൈഡ് ഓട്ടോ സംവിധാനം ഉണ്ടെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാലും ചെന്നൈക്കൊപ്പം ചെന്നൈ മാത്രം.

എന്നാല്‍ സ്വന്തം ഗ്രാമത്തില്‍ നിന്നകന്നു ഓട്ടോക്കാരില്‍ നിന്നുള്ള നല്ല രണ്ടനുഭവങ്ങളും കേരളത്തില്‍ നിന്ന് തന്നെ.

ആദ്യത്തേത് രണ്ടായിരത്തി ഒന്നില്‍. മംഗലാപുരത്ത് ജോലിയില്‍ പ്രവേശിച്ച സമയം. ബേക്കല്‍ ഫോര്‍ട്ട്‌ കാണാന്‍ കൊതിപിടിച്ച 6 ഉത്തരേന്ത്യന്‍ സുഹൃത്തുക്കളുമായി ഒരു ബേക്കല്‍ യാത്ര. കോട്ടയും ബീച്ചും കണ്ടു സമയം പോയതറിഞ്ഞില്ല. കറങ്ങി നടന്നു ഒരു നടന്‍ കടയില്‍ നിന്ന് ദോശയും കഴിച്ചു ഇറങ്ങിയപ്പോള്‍ ഏറെ വൈകി. ആ വഴിക്കുള്ള അവസാന ബസ് പോയിരുന്നു എന്നാണോര്‍മ. അടുത്ത കവലയിലേക്ക് ദൂരം കുറച്ചൊന്നുമല്ല.

നടന്നു ക്ഷീണിച്ചു അടുത്ത് കണ്ട ഒരു കലുന്കില്‍ ഇരിക്കവേ അതാ വരുന്നു രണ്ടു ഓട്ടോ. കാശെത്ര ആയാലും വീടെത്തിയാല്‍ മതി എന്ന് ജനം. മംഗലാപുരത്തേക്ക് പോകുന്ന ബസ് കിട്ടുന്ന കവലയിലേക്ക് പോട്ടെ എന്ന് പറഞ്ഞു തീര്‍ന്നില്ല, ചേട്ടന്‍ മീറ്റര്‍ ഇട്ടു. വളവുകളും തിരിവുകളും ഒരു പാട് കടന്നു വണ്ടി മുന്നേറുമ്പോള്‍ ഇന്നൊരു 50 രൂപയാകും എന്ന് സുഹൃത്തിന്റെ കണക്കു കൂട്ടല്‍. ഒടുവില്‍ വണ്ടി നിര്‍ത്തിയിട്ട്‌ ചേട്ടന്‍ ചോദിച്ചത് മീറ്ററില്‍ കണ്ട 12 രൂപ. പകല് ഒന്നരയും രാത്രി രണ്ടിരട്ടിയും ചാര്‍ജ് കണ്ടു ശീലിച്ച കൂട്ടുകാര് ഞെട്ടി. കൂടെ ഞാനും.

വഴിയറിയാതെ വട്ടം കറങ്ങിയ ഞങ്ങളെ സ്റ്റാന്‍ഡില്‍ എത്തിച്ച സന്തോഷത്തിനു കാശു അല്പം കൂടുതല്‍ കൊടുത്തപ്പോള്‍ "ചെയ്ത കാശിന്റെ കൂലി മതി മോനെ" എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞ, അത് മാത്രം വാങ്ങിയ ആ മുഖം ഇന്നും ഓര്‍മയിലുണ്ട്. പ്രകൃതിക്ക്‌ മാത്രമല്ല, മനുഷ്യര്‍ക്കും മനസിന്‌ ഭംഗിയുള്ള നാടാണ്‌ കേരളം എന്ന കൂട്ടുകാരന്റെ വാക്ക് കേട്ടപ്പോഴുണ്ടായ സന്തോഷവും ചെറുതല്ല. !!

രണ്ടാമത്തെ അനുഭവം ഈയിടെ വടകരയില്‍ സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍. അല്പം വിശദമായി എഴുതണം എന്ന് മോഹം ഉള്ളത് കൊണ്ട് ആ കഥ വഴിയെ..

9 comments:

  1. നാട്ടിന്‍‌പുറങ്ങളിലെ ഓട്ടോക്കാര്‍ മനുഷ്യപ്പറ്റുള്ളവരാ.

    :)

    ReplyDelete
  2. ഓട്ടോ എനിക്ക് ഇഷ്ടമുള്ള വാഹനമാണ്.
    കോഴിക്കോട്ടെ ഓട്ടോക്കാര്‍ നല്ല പെരുമാറ്റത്തിന് പ്രശസ്തരാണ്. അതാവാം കാരണം. പല തവണ കോഴിക്കോട് നഗരത്തിലെ ഓട്ടോക്കാര്‍ എന്നെ ഞെട്ടിച്ചിട്ടുണ്ട്. എനിക്കു അറിയാത്ത ഷോര്‍ട്ട് കട്ടുകളിലൂടെ ഓടിച്ച് മിനിമം ചാര്‍ജില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ച് പല തവണ. മറന്നു വെച്ച പൊതികള്‍ തിരിച്ചു വിളിച്ച് തന്നുകൊണ്ട്.... ഞങ്ങടെ നാട്ടില്‍ പുറത്തെ ഓട്ടോക്കാര്‍ ബഹുഭൂരിഭാഗം പേരും നല്ലവരാണ്. മീറ്റര്‍ ഇല്ലെങ്കിലും ന്യായമായ ചാര്‍ജ്ജ്....

    മൈസൂര്‍, പൂനെ, ബാംഗ്ലൂര്‍ നഗരത്തില്‍ വെച്ച് വിവരം അറിഞ്ഞു. (ഇതില്‍ പൂണെ ഭേദമാണ്. കോര്‍ സിറ്റി ഭാഗത്തുള്ളവര്‍ കറക്ട് മീറ്റര്‍ ചാര്‍ജ്ജേ എടുക്കൂ)

    ചെന്നൈ നഗരത്തില്‍ നിന്നു രണ്ടോ മൂന്നോ തവണയേ വിളിച്ചിട്ടുള്ളൂ. മതിയായി... കൂട്ടം കൂടി ആക്രമിച്ചു കളയും. നാട്ടുകാരും അവര്‍ക്ക് സപ്പൊര്‍ട്ട് ആയിരിക്കും പലപ്പൊഴും.

    മൈസൂര്‍, ബാംഗ്ലൂര്‍ നഗരത്തിലെ ഓട്ടോക്കാര്‍ക്ക് ഐടിക്കാര്‍ക്ക് ഒരു ചാര്‍ജ്ജും നാട്ടുകാര്‍ക്ക് വേറെ ഒരു ചാര്‍ജ്ജും ആണ്. (അവിടെ സര്‍ക്കാര്‍ ബസ്സുകളില്‍ പോലും ഇലക്ട്രോണിക് സിന്റിയിലേക്ക്ക് ചാര്‍ജ്ജ് കൂടുതല്‍ ആണ് ... വോള്വോയില്‍... )

    അത് കൊണ്ട് ബാംഗ്ലൂരില്‍ എപ്പോഴും നടത്തമായിരുന്നു പതിവ്... ആരോഗ്യത്തിനും നല്ലതായത് കൊണ്ട് കുഴപ്പമില്ല :)

    തിരുവനന്തപുരത്തും കൊച്ചിയിലും നല്ല അനുഭവങ്ങളും ചീത്ത അനുഭവങ്ങളും ഉണ്ടാവാം.. എന്തായാലും ചെന്നൈ ബാംഗ്ലൂര്‍ പോലെ വരില്ല....

    വടകര നല്ല ഓട്ടോ ഡ്രൈവേഴ്സ് ആണ്. എത്രയോ തവണം ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയപ്പോ ഓട്ടോ വിളിച്ചിരിക്കുന്നു :)

    കമന്റ് ഒരു പോസ്റ്റോളം ആയല്ലോ... ഷെമീര്... :)

    ReplyDelete
  3. ഓട്ടോക്കാരുടെ കഥ പാമ്പിനെ പറ്റി പറഞ്ഞ പോലാണു. പറഞ്ഞാലും‌ പറഞ്ഞാലും‌ തീരില്ല അല്ലേ!!

    ReplyDelete
  4. പൊതുവേ നാട്ടുമ്പുറത്തൊക്കെ നല്ല പെരുമാറ്റം തന്നെയാണ്,വളരെ കുറച്ചുപേര്‍ അപവാദമായുണ്ടാകാമെങ്കിലും. കോയമ്പത്തൂര്‍ ഒരു രക്ഷയുമില്ല. ഒന്നുരണ്ടു അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ പിന്നെ ഓട്ടോ വിളിക്കാനുള്ള ധൈര്യമില്ലാതായി.

    ReplyDelete
  5. ചാത്തനേറ്:നാട്ടുകാരായ ഓട്ടോക്കാരെപ്പറ്റി നല്ലതു പറയുന്നത് കേട്ടപ്പോള്‍ ഒരു സുഖം. ബാംഗ്ലൂരില്‍ ഓട്ടോയെ പരമാവധി ഒഴിവാക്കുന്ന ഞാന്‍, പയ്യന്നൂര്‍ ഒരു കല്യാണത്തിനു പോയപ്പോള്‍ പിടിച്ച ഓട്ടോ കൃത്യം ചാര്‍ജിനു ഓടിയത് കണ്ട് ഞെട്ടിയതും തിരിച്ച് വരുമ്പോള്‍ അതേ ഓട്ടോ ചേട്ടന്‍ വേറെ എങ്ങാണ്ട് പോയി വരുന്നത് കണ്ട് ചാടി ഓടി അതേ ഓട്ടോ പിടിച്ചതും ഒരു സംഭവമായിപ്പോയി എന്ന് കൂടെ ഉണ്ടായ വാമഭാഗം അരുള്‍ ചെയ്തിരുന്നു.

    ഓടോ: “ മറന്നു വെച്ച പൊതികള്‍ തിരിച്ചു വിളിച്ച് തന്നുകൊണ്ട്.... ” --ശ്രീഹരി എന്താ നീ ബോംബ് വെയ്ക്കാന്‍ വല്ല ട്രെയിനിംഗും എടുക്കുവാണോ...അല്ലെങ്കില്‍ ഒരു 3-4 ലക്ഷം രൂപയുമായി ബാംഗ്ലൂര്‍ക്ക് വന്നേ ഞാനൊരു ഓട്ടോക്കാരനായി വരാം...(മറന്ന് വയ്ക്കാന്‍ മറക്കരുത്)

    ReplyDelete
  6. True, the Auto people in Calicut, Vadakara and other Malabr area are wonderful people. They don't cheat and take advantage.

    ReplyDelete
  7. പ്രിയ, സത്യം. അവര് നല്ലവര് തന്നെ.

    ശ്രീഹരി, കമന്റ് കലക്കി. കുട്ടിച്ചാത്തന്‍ പറഞ്ഞത് പോലെ മറന്നു വയ്ക്കാനുള്ള പൊതിയുമായി അമേരിക്കേന്നു വരുമ്പോള്‍ അറിയിക്കണേ.

    എഴുത്തുകാരി, തമിഴ് നാട്ടില്‍ തമിഴ് അറിയില്ലെങ്ങില്‍ ഓട്ടോ പിടുത്തം ഒരു മല്ലു പിടുത്തം തന്നെ.

    ആഷ്‌ലി, കുമാരന്‍,
    കമന്റുകള്‍ക്കു നന്ദി.

    ReplyDelete
  8. “നല്ല മനുഷ്യരെ കാണണമെങ്കിൽ, കുട്ടികളേ നിങ്ങൾ കോഴിക്കോട്ടേക്കു വരൂ” എന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്ന പ്രഭുസർ പറഞ്ഞിരുന്നത് സത്യമാണല്ലേ?! എന്തായാലും നാട്ടുമ്പുറത്തെ ഓട്ടോക്കാരെ കുറിച്ച് എനിക്കും നല്ലതേപറയാനുള്ളൂ

    ReplyDelete
  9. i studied at vatakara engineering college. the auto people there are very well mannered and cooperative.once i have seen an auto driver take and accident patient to emergency at hospital.nowadays i am in chennai, and such things never happen there.

    ReplyDelete