Tuesday 28 July 2009

സ്വിറ്റ്സര്‍ ലാന്‍ഡ്‌ലെ വഴിയോര കച്ചവടം.

പണ്ട് മൈസൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയില്‍ ഇഷ്ടപെട്ട കാര്യങ്ങളിലൊന്ന് വഴി നീളെ ഉള്ള കച്ചവടക്കാരായിരുന്നു. കാരറ്റ് മുതല്‍ തേന്‍ വരെ ഉള്ള വിഭവങ്ങള്‍ സ്വന്തം കൃഷിയിടങ്ങള്‍ക്കു മുന്നില്‍ ഇരുന്നു കച്ചവടം നടത്തുന്ന നാട്ടു കച്ചവടക്കാര്‍ . ഏതാണ്ട് എല്ലായിടത്തും വണ്ടി നിര്‍ത്തുകയും വാങ്ങുകയും വിലപേശുകയും ചെയ്യുന്നത് ഒരു രസമായിരുന്നു.

കഴിഞ്ഞ വര്ഷം സ്വിറ്റ്സര്‍ ലാന്‍ഡ്‌ലൂടെ വണ്ടിയില്‍ പോകുമ്പോള്‍ കാഴ്ചകള്‍ ആസ്വദിച്ചിരിക്കെ ആദ്യം മനസ്സില്‍ ഓര്‍ത്തത് എന്ത് കൊണ്ടോ വഴിയോര കച്ചവടക്കാരെ പറ്റിയാണ്. ഇന്ത്യക്ക് പുറത്തു ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മനുഷ്യരെ കാണുക തന്നെ അപൂര്‍വ്വം ആണല്ലോ !. പിന്നെയല്ലേ വഴിയോര കച്ചവടം.

ലുസാന്‍ എന്ന നഗരത്തില്‍ നിന്ന് തിരിച്ചു വരുമ്പോഴാണ്‌ വഴിയരികില്‍ ചോള വയലുകള്‍ക്കരികില്‍ കാര്‍ നിര്‍ത്തി പൂ പറിക്കുന്ന ഒരു കുടുംബത്തെ ശ്രദ്ധിച്ചത്. വലിയ ചോള വയലുകളുടെ എല്ലാം അരികില്‍ ഒരു ചെറിയ പൂന്തോട്ടം ഉണ്ടെന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. അപ്പോള്‍ പണ്ട് സ്കൂളീന്ന് വരുമ്പോള്‍ നാട്ടുകാരുടെ മാങ്ങയെല്ലാം ഞങ്ങള്‍ എറിഞ്ഞെടുക്കുന്നത് പോലെ മോഷണം ഇവിടെയും ഉണ്ടല്ലേ, എന്നാണ് ആദ്യം തോന്നിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അമ്മാവനാണ് തിരുത്തിയത്.

വസന്ത കാലത്തു വലിയ വയലുകള്‍ ഉള്ളവരെല്ലാം ഇവിടെ അതിന്റെ കോണില്‍ പൂ ചെടികള്‍ നടുമത്രേ, വഴിയിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വാങ്ങാനായി. പൂവിന്റെ വില എഴുതിയ ഒരു കാര്‍ഡും പണം ഇടാനുള്ള ഒരു പെട്ടിയും അരികില്‍ വച്ചിരിക്കും. അത്ര തന്നെ. ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യരാരും ഉണ്ടാവാറില്ല. യാത്രക്കാര്‍ തങ്ങള്‍ക്കു ആവശ്യമുള്ളത്ര പൂക്കള്‍ പറിക്കുന്നു, വില കണക്കു കൂട്ടി പെട്ടിയില്‍ നിക്ഷേപിച്ചു പോകും. പലപ്പോഴും പൂക്കള്‍ ഇഷ്ടപ്പെട്ടാല്‍ ചോദിച്ചതിലും കൂടുതല്‍ പണം പലരും പെട്ടിയില്‍ ഇടുന്നത് പതിവാണത്രെ.

കര്‍ഷകരുടെ എല്ലാ കച്ചവടങ്ങളും ഏതാണ്ടിങ്ങനെ തന്നെ ആണെന്ന് പിന്നീട് മനസിലായി. പച്ചക്കറികളും അവയുടെ വിലയും ഫാം ഹൌസുകളില്‍ വച്ചിരിക്കും. മിക്കപ്പോഴും അടുത്തെങ്ങും ആരും ഉണ്ടാവാറില്ല. ആളുകള്‍ പച്ചക്കറികള്‍ എടുത്തു വില കണക്കു കൂട്ടി പെട്ടിയില്‍ നിക്ഷേപിച്ചു പോകും. ഉടമസ്ഥര്‍ ദിവസത്തില്‍ ഒരിക്കല്‍ വന്നു കാശെടുത്തു പോകും.

നാട്ടില്‍ പച്ചക്കറി കൃഷി നടത്തി ജീവിച്ചിരുന്ന രാമന്‍ ചേട്ടന്‍ ഈ പരിപാടി തുടങ്ങിയാല്‍ പച്ചക്കറി പോയിട്ട് വച്ച പെട്ടി കാണുമോ പിറ്റേന്ന്?.

2 comments:

  1. കാണില്ല, ഉറപ്പല്ലേ.

    ReplyDelete
  2. നമുക്ക് കാണാനും പഠിയ്ക്കാനും കുറെയധികമുണ്ട് പുറം‌ലോകത്ത്. പലപ്പോഴും ഈ നന്മകള്‍ കാണുമ്പോള്‍ നമ്മളോട് തന്നെ പുച്ഛം തോന്നാറുണ്ട്. ആവശ്യത്തിന് സാധനങ്ങള്‍ ഇല്ലാത്തതാണോ, അതോ വേണ്ടത് വാങ്ങിയ്ക്കാനുള്ള സാമ്പത്തികശേഷിയില്ലാത്തതാണോ നമ്മുടെ പ്രശ്നം?

    ReplyDelete