Friday, 1 May 2009

ശ്രീഹരിക്ക് (അതോ കാല്‍വിനോ?) പോസ്റ്റ്‌ മോഡേണ്‍ പാക്കരന്റെ മറുപടി.

പ്രിയ ശ്രീഹരി,

ഒള്ളത് പറയാമല്ലോ. പണ്ട് നിങ്ങള്‍ ഗുരുവായൂരില്‍ വച്ച് സുന്ദരിയായ പെണ്‍കുട്ടിയെ വായി നോക്കിയ (ക്ഷമിക്കണം, സൌന്ദര്യ ആരാധന നടത്തിയ) ചരിത്രം ബ്ലോഗില്‍ എഴുതി എന്ന് കേട്ട് അത് വായിക്കാന്‍ എത്തിയപ്പോഴാണ് നിങ്ങളുടെ പുതിയ ഐറ്റം (സോറി, രചന) ആയ സിനിമ ക്വിസ് കണ്ണില്‍ പെട്ടത്.

നിയോ ലിബറല്‍ ആയ ബിംബ കല്പനകളിലൂടെ വിശകലനം ചെയ്യുമ്പോള്‍ ഉദാത്തമല്ലെങ്കിലും വായിച്ചു പൊട്ടിച്ചിരിച്ചു വരവേയാണ് ഞാന്‍ പോസ്റ്റ്‌ മോഡേണ്‍ കവികള്‍ക്കെതിരെയുള്ള നിങ്ങളുടെ ഒളിയമ്പ് കണ്ടത്.

==================
"മനസിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?"

-- പ്രതിപാദിച്ചിരിക്കുന്ന കവിതാ ശകലത്തിന്റെ വൃത്തം കണ്ടു പിടിച്ച ശേഷം ആശയം വ്യക്തമാക്കുക (ഒന്നറിഞ്ഞിട്ടു തന്നെ കാര്യം).
====================

ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന ഈ വെല്ലുവിളി ഞങ്ങള്‍ പു.ക.സ ക്കാരുടെ നെഞ്ചിലാണ് കൊള്ളുന്നത്‌. എന്നാല്‍ പിന്നെ ഒന്ന് അറിയിച്ചിട്ട് തന്നെ കാര്യം എന്ന് ഞാനും. അല്ലെങ്കില്‍ പിന്നെ ഈ പാക്കരന്‍ ഉത്തരാധുനികന്‍ ആണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം?.

രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ചോദ്യ കര്‍ത്താവിനു ഉത്തരം വേണ്ടത്. ചോദ്യം ഒന്ന് : കവിതാ ശകലത്തിന്റെ വൃത്തം എന്താണ് ? : ഉത്തരമില്ല മാഷെ .... മനുഷ്യന്‍ മഹാ ജ്ഞാനത്തിന്റെ കൊടുമുടി കേറുംമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ... ( സോറി, പെട്ടന്ന് കച്ചവട സിനിമയിലെ കുത്തക നായകനായി പോയി.)

നമുക്ക് ചോദ്യത്തിലേക്ക് തിരിച്ചു വരാം. ഈ ചോദ്യം ഉത്തരാധുനിക കവിതയെപ്പറ്റിയുള്ള ചോദ്യകര്‍ത്താവിന്റെ അറിവില്ലായ്മ മാത്രമാണ്. വൃത്തം എന്ന പഴഞ്ചന്‍ സങ്കേതത്തില്‍ ഞങ്ങളെ തളച്ചിടാന്‍ നോക്കണ്ട മോനെ ദിനേശാ. ബിംബങ്ങളും പ്രതി ബിംബങ്ങളും നിയോ ലിബറല്‍ കല്പനകളും ഉപയോഗിച്ച് ഞങ്ങള്‍ സാമൂഹിക വിമര്‍ശനം നടത്തുമ്പോള്‍ അതിനു അറപ്പുരകളില്‍ ജീര്‍ണിച്ചു പോയ വൃത്തം എന്ന യാഥാസ്ഥിതിക കേട്ടുപാടെന്തിനാണ്?

ചോദ്യം രണ്ട് : ആശയം വ്യക്തമാക്കുക. ദേ, ഇപ്പൊ റെഡി ആക്കി തരാം.

വിവാഹം എന്ന ആധുനിക ദുര്‍ഗതിയില്‍ പെട്ട് ഉഴലുന്ന ഒരു പെണ്‍കുട്ടിയുടെ അന്തരാളങ്ങളിലേക്ക് ഉറ്റു നോക്കുന്നു, കവി ഈ സയോനിസ്റ്റ്‌ ബിംബ കല്പനയിലൂടെ. ആദ്യ മൂന്ന് വരികളിലേക്ക് കണ്ണോടിക്കുക. മനസ്സില്‍ കൊരുത്തു വച്ച പൂമാല വിവാഹത്തെ സൂചിപ്പിക്കുന്നു. പഴഞ്ചന്‍ ബിംബമായ മാലയെ പുത്തന്‍ രചനാ സങ്കേതങ്ങളും ആയി കൂട്ടി ഇണക്കുകയാണ് കവി ഇവിടെ.

കൊരുത്തു വച്ചത് പൂമീനോ മണിച്ചിക്കലമാനോ എന്നതു സമൂഹ മനസാക്ഷിക്ക് നേരെ ഉള്ള ഒരു തുറന്ന ചോദ്യമാണ്. പൂമീന്‍ എന്നത് മീനിന്റെ സഞ്ചാരം പോലെ വശങ്ങളിലേക്ക് തെന്നുന്ന ഹൃദയത്തെ സൂചിപ്പിക്കുന്നു എങ്കില്‍‍, വേഗത്തില്‍ ഓടുന്ന മാന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ വേഗമേറിയ മനുഷ്യ തലച്ചോറിനെ അല്ലാതെ മറ്റെന്തിനെയാണ് അര്‍ഥമാക്കുന്നത്?.

പെണ്‍കുട്ടി തന്റെ ഹൃദയം കൊണ്ടാണോ വരനെ തീരുമാനിച്ചത് . അതോ സമൂഹം തങ്ങളുടെ കച്ചവട തലച്ചോറ് ഉപയോഗിച്ച് നിശ്ചയിച്ച ഒരു വിവാഹം ആണോ ഇത് എന്ന് കവി ബലമായി സംശയിക്കുന്നു. ഹൃദയം കൊണ്ട് തീരുമാനിക്കപെടെണ്ട വിവാഹം എന്ന ബാന്ധവം, മനുഷ്യര്‍ ഇന്ന് തലച്ചോറ് കൊണ്ട് ചെയ്യുന്ന കച്ചവടം ആക്കിയ പ്രവണതക്കെതിരെയുള്ള കവിയുടെ മൂര്‍ച്ചയേറിയ ശരം ആണിതെന്നു പകല്‍ പോലെ വ്യക്തമല്ലേ?

മെറ്റാ-ഫിക്‌ഷന്റെ ഉദാത്ത തലങ്ങളിലേക്ക് കവി പിന്നീട് ഊളിയിടുന്നു.."വരണുണ്ടേ വിമാനച്ചിറകില്‍" എന്ന പ്രയോഗം വിദേശത്തു നിന്ന് വരുന്ന മാരനെ കുറിച്ചാണ്. ഒത്തോരുമിച്ചിരിക്കാന്‍ വരുന്ന സുല്‍ത്താന്മാരെ കുറിച്ചുള്ള വര്‍ണനയില്‍ കവിയുടെ പ്രതിഭയുടെ ആഴം കാണാം. സുല്‍ത്താന്മാര്‍ വരനും വരന്റെ അച്ഛനും തന്നെ. പെണ്‍കുട്ടികള്‍ ഇല്ലാതെ ആണുങ്ങള്‍ മാത്രം ഇരുന്നു വിവാഹം നടത്തുന്ന രീതിക്കെതിരെയുള്ള ഒരു കറുത്ത പരിഹാസ്യ ശരമാണ് "ഒത്തോരുമിച്ചിരിക്കാന്‍" എന്ന ലിബറല്‍ ആക്രമണം.

"ആരാണാ ബീവി ഇതിലാരാണാ ഹൂറി?" എന്നത് ബഹുഭാര്യാത്വം എന്ന പ്രവണതക്കെതിരെയുള്ള ഒരു തുറന്ന ആക്രമണം തന്നെയാണ്. വന്നെത്തുന്ന മാരന് മറ്റൊരു ബീവി ഉണ്ടെന്നറിയുന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. തനിക്കു മുന്നില്‍ കൂടി നില്‍ക്കുന്ന സ്ത്രീ ജനങ്ങളില്‍ ആരാണ് ആ ബീവി, എന്നറിയാനുള്ള ചോദ്യം.

"ആരാണാ ഹൂറി" എന്നത് ത്രികോണ മാനങ്ങളുള്ള ഒരു സൂചനയാണ്. തന്നേക്കാള്‍ സുന്ദരിയാണോ ആ ബീവി എന്നറിയാനുള്ള വധുവിന്റെ ആകാംശ ഒരു വശത്ത്. രണ്ടാം ഭാര്യ ആയതിന്റെ വിഷമം മറു വശത്തു. ഇതിനെല്ലാം ഉപരി സൌന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന് സൂചിപ്പിക്കുന്നതിലൂടെ കവി സയോനിസ്റ്റ്‌ നിയോ ലിബറല്‍ സങ്കേതങ്ങളെ അതിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നു.

ആശയം വ്യക്തമായെന്നു പ്രതീക്ഷിക്കുന്നു. ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു ഉത്തരാധുനികന്‍. ഈ ജീര്‍ണിച്ച ലോകത്തിലെ കെട്ടുപാടുകളില്‍ നിന്ന് മുക്തനായി ജീവിക്കാനുള്ള നിങ്ങളുടെ നിയോ-ലിബറല്‍ കാഴ്ചപ്പാടുകളാണ് "കാല്‍വിന്‍" എന്ന പേര് മാറ്റത്തില്‍ ഞാന്‍ കണ്ടത്.

ഈ വശത്തേക്ക് വരാന്‍ ഇനിയും സമയം ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട്,
സസ്നേഹം,
(പോസ്റ്റ്‌ മോഡേണ്‍ ‍) പാക്കരന്‍

13 comments:

 1. പ്ലാനോയില്‍ നിന്ന് ലണ്ടനിലേക്ക് ഓട്ടോ കിട്ടുമോ?. കിട്ടിയാല്‍ തല്ലു ഉറപ്പാ !! :D

  ReplyDelete
 2. കാല്‍വിന്‍ ശ്രീഹരിയോടൊരു കൊമ്പുകോര്‍ക്കല്‍... നാന്നായിട്ടുണ്ട്. ഇപ്പൊഴാ ഈ നിയോ ലിബറല്‍ സങ്കേതങ്ങളെക്കുറിച്ചറിയാന്‍ പറ്റിയത്. എന്തൊരുദാത്തമായ കാഴ്ച്പ്പാട്. ശ്രീ ഹരീ... വേല വേലായുധനിട്ടാ...

  ReplyDelete
 3. ഏതാ ഈ മണിച്ചിക്കലമാൻ?

  ReplyDelete
 4. ഞമ്മടെ ശ്രീഹരിയെ ജീവിക്കാന്‍ സമ്മതിക്കില്ലേ?????

  ReplyDelete
 5. വരി മുറിച്ച കവിതയെ നല്ല രസികൻ വസന്തതിലകവൃത്തതിലാക്കി ദ്വിതീയാക്ഷരപ്രാസവും ഫിറ്റു ചെയ്തു മണിപ്രവാളത്തിൽ ദാ താഴെ:

  കോർത്താരു വെച്ചു മമ ചിത്തമതിൽ സുമത്തിൻ
  സത്താർന്ന മാല? കലമാൻ, ഉത പുഷ്പമത്സ്യം?
  സുൽത്താരൊടൊത്തിരി വിമാനമെടുത്തു പത്രം
  എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?

  അർത്ഥം:

  കോർത്താരു് എന്നു വെച്ചാൽ ജാതിപ്പേരൊന്നുമല്ല. കോർത്തു് + ആരു്. ആരു കോർത്തു എന്നർത്ഥം. മമ = എന്റെ. ചത്ത മതിലും ചീത്ത മതിലും ഒന്നുമല്ല. ചിത്തമതിൽ. ചിത്തം + അതിൽ. ചിത്തം = മനസ്സു്. അതിൽ എന്നതു ചുമ്മാ. എന്റെ മനസ്സിൽ എന്നർത്ഥം. സുമത്തിൻ സത്താർന്ന മാല = പൂമാല. സത്തു പ്രാസത്തിനു്. കലമാൻ = കലമാൻ. മണിച്ചി വൃത്തത്തിലൊതുങ്ങുന്നില്ല. ഉത = അതോ എന്നതിന്റെ സംസ്കൃതം. “ഉത ഹരിണികളോടു വാഴുമാറോ സതതമിയം മദിരേക്ഷണപ്രിയാഭിഃ” എന്നു കേരളവർമ്മ വലിയ കോയിത്തമ്പുരാൻ. “കലമാൻ ഉത പുഷ്പമത്സ്യം” എന്നു വെച്ചാൽ കലമാനോ പൂമീനോ എന്നർത്ഥം. സുൽത്താർ = സുൽത്താൻ എന്നതിന്റെ ബഹുവചനം. സുൽത്താന്മാർ എന്നതു വൃത്തത്തിലൊതുങ്ങില്ല. ഒത്തിരി = ഒരുപാടു് എന്ന അർത്ഥമല്ല, ഒത്തു് ഇരിക്കാൻ എന്നർത്ഥം. “വിമാനമെടുത്തു പത്രം” എന്നതു് “വിമാനപത്രം എടുത്തു” എന്നന്വയിക്കണം. അതായതു്, വിമാനമാകുന്ന ചിറകു് (അലങ്കാരം രൂപകം) എടുത്തു് എന്നർത്ഥം. ഹന്ത, ഹഹ = വൃത്തം തികയ്ക്കാൻ കയറ്റിയതു്. എത്തുന്നതു കണ്ടപ്പോൾ ഉള്ള ആഹ്ലാദപ്രകടനം. കാ എന്നു വെച്ചാൽ സംസ്കൃതത്തിൽ ആരു് (ഏതവൾ?) എന്നർത്ഥം. “കാ ത്വം ബാലേ?” എന്നു കാളിദാസൻ. ച എന്നു വെച്ചാൽ and എന്നും. ബീവി ച ഹൂറി കാ കാ = ബീവിയും ഹൂറിയും ആരാണു്, ആരാണു് എന്നു കവി സന്ദേഹിക്കുന്നു. (അലങ്കാരം സസന്ദേഹം).

  ആരാ പറഞ്ഞതു് അർത്ഥത്തിനു കോട്ടം വരാതെ ആധുനികനെ വൃത്തത്തിലാക്കാൻ കഴിയില്ല എന്നു്?

  :)

  ReplyDelete
 6. ന്റെ ലോകനാര്‍ക്കാവിലമ്മേ...
  ഗുരുകാരണവന്മാരേ.....

  മറുപടി പറയാന്‍ അശക്തനായി തൊഴുകൈകളോടെ നില്‍ക്കുന്നു...

  ഉത്തര പൂര്‍‌വോത്തര ഗാനശാഖയിലെ ഉദാത്തമായ സൃഷ്ടികള്‍ക്കുദാഹരണമായിരുന്നു ഈ കവിതയെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍, ഇത്തരമൊരു വിമര്‍ശന കൈയാങ്കളിക്ക് മുതിരുമായിരുന്നോ? ഒരിക്കലുമില്ല.

  എങ്കിലും ചില സംശയങ്ങള്‍ മനസില്‍ വരാതിരിക്കുന്നില്ല...

  അപ്രമേയ വിലാസലോലയാം സുപ്രഭാതത്തിന്റെ സുസ്മിതങ്ങളാല്‍ തീര്‍ത്ത പുഷ്പഹാരങ്ങളെ സയണിസ്റ്റ് ബിംബവല്‍ക്കരിക്കുമ്പോള്‍ പാശ്ചാത്യവല്‍കൃതസമൂഹത്തിന്റെ ദുഷിച്ചു നാറുന്ന പൈതൃക തിരസ്കരണത്തിന്റെ ചെളിക്കുണ്ടുകളിലേക്ക് ഇടറിവീഴുകയല്ലേ ആധുനികന്‍ എന്നവകാശപ്പെടുന്ന കവികുലോത്തമനും?

  പുരാതന കവി പുനത്തില്‍ അയമ്മുട്ടി നമ്പൂതിരി എഴുതിയ ഖണ്ഢകാവ്യത്തില്‍ ഇല്ലാത്ത എന്തു ബിംബകല്പനായണ് നിങ്ങളുടെ ആധുനികം(എന്നവകാശപ്പെടുന്ന ) കവിതയില്‍ ഉള്ളത്?

  പുരാതന ഭാരതത്തില്‍ ഉണ്ടായിരുന്ന കവിതാ പദ്ധതികള്‍ എത്ര ഉയര്‍ന്ന നിലയിലായിരുന്നു എന്നു താങ്കള്‍ക്കറിയാമോ?


  ക്രിസ്തുവിനും എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വാല്‍മീകി എന്ന് മുനിവരശ്രേഷ്ഠന്‍ എഴുതിയ രാമായാണമഹാകാവ്യത്തില്‍ ഇല്ലാത്ത എന്ത് ആശയങ്ങളാണ് ഇപ്പറയുന്ന ആധുനിക കവിതയിലുള്ളത്?

  സീതയുമായി വിമാനച്ചിറകില്‍ പോകുന്ന രാവണനോട് ജഡായു ഉന്നയിക്കുന്ന ചോദ്യമല്ലേ ആരാണാ ബീവി, ഇതിലാരാണാ ഹൂറി? ( ആരുടെ ഭാര്യയാണത്?, ഈ വിമാനത്തിലെ സുന്ദരി ഏതാണ്?)


  ഇനി സംസ്കൃതത്തില്‍ കവിത എഴുതിയ റഷ്യന്‍ കവിയോട്:

  താങ്കള്‍ എഴുതിയത് മണിപ്രവാളമോ ചമ്പുവോ എന്തുമാകട്ടെ, അതില്‍ ഒളിപ്പിച്ചു വെച്ച ചില കാലഹരണപ്പെട്ട ഐഡിയോളജികള്‍ ഞങ്ങളുടെ കണ്ണില്‍ പെടുന്നില്ല എന്നു ധരിക്കരുത്..

  "എത്തുന്നു ഹന്ത ഹഹ, ബീവി ച ഹൂറി കാ കാ?" എന്നു പറയുമ്പോള്‍ അവസാനം താങ്കള്‍ കാറല്‍ മാര്‍ക്സിനെ തന്നെയല്ലേ വിളിക്കുന്നത്?

  ഹന്ത ഹ ഹ എന്നത് റഷ്യന്‍ ഭാഷായിലെ ഏതോ പദപ്രയോഗം ആണെന്നു കരുതാന്‍ മാത്രമേ തല്‍ക്കാലം നിര്വാഹമുള്ളൂ. ഇതിനെക്കുറിച്ച് വിശദമായി പിന്നിട് പറയാം....

  ReplyDelete
 7. ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു ഉത്തരാധുനികന്‍. ഈ ജീര്‍ണിച്ച ലോകത്തിലെ കെട്ടുപാടുകളില്‍ നിന്ന് മുക്തനായി ജീവിക്കാനുള്ള നിങ്ങളുടെ നിയോ-ലിബറല്‍ കാഴ്ചപ്പാടുകളാണ് "കാല്‍വിന്‍" എന്ന പേര് മാറ്റത്തില്‍ ഞാന്‍ കണ്ടത്.ഹി ഹി ഹി

  ReplyDelete
 8. കല്‍വിനല്ലയിതു പാക്ക്രനാകിലും
  അല്ലലില്ല മമ വൃത്തവാടിയില്‍
  കണ്‍ തുറന്ന് ബത നോക്കിയാലഹോ
  കണ്ടിടാമിവിടെയും രഥോദ്ധത:

  “ഹാ! മനസ്സിലൊരു പുഷ്പമാലയെ
  ആരുതാനതു കൊരുത്തുവെച്ചതാര്‍
  ആ മണിച്ചികലമാനതോ പുമീന്‍?
  ദാ വരുന്നത വിമാനമേറിയാള്‍

  സുല്‍ സുലൂ സുലുസു സുല്‍ സുലുത്തര്‍ ഹാ
  ഒത്തുവൊത്തൊരുമയോടിരിക്കുവാന്‍
  ബീവിയാരിതിലെ ഹൂറിയാരുതാന്‍?
  ആരുവാണഹഹ ആരുവാണഹാ”

  ReplyDelete
 9. :) nannayi.. sreehari /calvin mashinittoru kottu.. :)

  ReplyDelete
 10. ഹ ഹ ശ്രീഹരി തോറ്റുതൊപ്പിയിട്ടു:)

  ReplyDelete
 11. innaa onnoode,

  ചിത്തേ പുഷ്പ ഹാരമൊന്ന്
  ഇത്ഥം കൊരുത്തിതേവന്‍
  ചാരുനേത്രമോ മത്സ്യമോ?
  ആഗതാ വിമാനപര്‍ണേ
  ആഴിയാരൊത്തിരിക്കുവാന്‍
  ആരിതില്‍ വധു ബീവിയും?

  ReplyDelete
 12. പ്രോത്സാഹിപ്പിക്കാന്‍, വിമര്‍ശിക്കാന്‍, ഒരു വാക്കല്ല, നൂറു വാക്ക് എഴുതാനും വിരോധം ഒന്നുല്ല...വല്ലതും മനസ്സിലായിട്ടു വേണ്ടേ...ഇതൊക്കെ മലയാളാ???

  ReplyDelete
 13. bangiyaayittundu....vritthavum vyakhyaanangalum....hridayam nirnaja aasamsakal...ellaavarkkum...

  ReplyDelete