Wednesday 4 March 2009

തീവ്ര വാദത്തിനു പരസ്യം ഫ്രീ !

മഹത്തരമായ അനിശ്ചിതാവസ്ഥയാണ് ക്രിക്കറ്റിനെ ഉദാത്തം ആക്കുന്നതെന്ന് പണ്ഡിത വാദം. എന്തിനേയും ജീവിതത്തോടുപമിക്കപെടുന്ന ഈ കാലത്ത് ജീവിതത്തിലും ആ അനിശ്ചിതാവസ്തയുടെ നിഴല്‍ കാണാം. തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ രണ്ടു ആഴ്ചകള്‍ക്ക് ശേഷം തുടയില്‍ ഒരു വേണ്ടിയുണ്ട ഏല്‍ക്കേണ്ടി വരുമ്പോള്‍ ശ്രീലങ്കയുടെ തിലന്‍ സമരവീര ചിന്തിച്ചതും ജീവിതത്തിന്റെ ഈ അനിശ്ചിതാവസ്ഥയെ പറ്റി ആവാം.

പൈശാചികമായ ഈ ആക്രമണത്തിനെ പറ്റി കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വന്നത് "എന്തിന്" എന്നാ ചോദ്യമാണ്. ശ്രീലങ്കയോ, ക്രിക്കറ്റ് എന്ന കളിയോ, പൊതുവില്‍ കായിക രംഗമോ അല്ല അവരുടെ ലക്‌ഷ്യം എന്ന് വ്യക്തം. ആണെങ്കില്‍ ഇതിലും സുരക്ഷിതത്വം കുറഞ്ഞ, എളുപ്പത്തില്‍ വധിക്കാന്‍ കഴിയുന്ന എത്രയോ കായിക താരങ്ങള്‍ ഉണ്ട് പാക്കിസ്ഥാനില്‍

ഇവിടെയാണ്‌ ഭീകര വാദത്തിന്റെ മാധ്യമ ബുദ്ധി നാം മനസിലാക്കേണ്ടത്. ഭീകരര്‍ക്കാവശ്യം അരക്ഷിതാവസ്ഥയാണ്. സാധാരണക്കാര്‍ക്ക്‌ നേരെയുള്ള ഏതൊരു ആക്രമണത്തിന്റെയും പിന്നില്‍ പേടിപ്പെടുത്തലിന്റെ മനശാസ്ത്രമുണ്ട്‌. ഒരു രാഷ്ട്രത്തിന്റെ, അവരുമായി ഇടപെടുന്നവരുടെ പേടിയും അരക്ഷിതാവസ്തയുമാണ് അവരുടെ ലക്‌ഷ്യം. "പണച്ചാക്കുകളുടെ പേടിയാണ് നമ്മുടെ ചോറ് , അവരുടെ മരണം അല്ല" എന്ന് പറയുന്ന അധോലോക നേതാവിനെ പോലെ.

കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായ "A Wednesday" എന്ന ഹിന്ദി ചിത്രത്തില്‍ നസറുദീന്‍ ഷാ ഒരു വീഡിയോ ചാനലിനെ തന്റെ കണ്ണുകള്‍ ആയി ഉപയോഗിക്കുന്ന, പ്രവചന പരമായ ഒരു രംഗമുണ്ട്. അറിഞ്ഞു കൊണ്ട് അല്ലെങ്കിലും ഇന്ന് തീവ്രവാദത്തിന്റെ പേടി ഏറ്റവും കൂടുതല്‍ വില്‍ക്കപെടുന്നത് മാധ്യമങ്ങളിലൂടെ അല്ലെ?. ഒരു തരം ഫ്രീ പരസ്യം.

പരസ്യങ്ങള്‍ ഇല്ലാതെ ഒന്നും വിറ്റഴിക്കാന്‍ കഴിയാത്ത ഒരു നാടാണ്‌ നമ്മുടേത്. തീവ്രവാദികള്‍ക്ക് ചെയ്യേണ്ടത് ഇത്ര മാത്രം, വാര്‍ത്തയാകാന്‍ തക്ക പ്രാധാന്യമുള്ള ഒരു ഇരയെ കണ്ടെത്തുക. അത് ബോംബെയിലെ പോലെ പ്രാധാന്യം ഉള്ള സ്ഥലങ്ങള്‍ ആകാം, പാകിസ്ഥാനിലെ പോലെ ഒരു ക്രിക്കറ്റ് ടീം ആകാം. ആക്രമങ്ങളിലെ ഇരകള്‍ക്ക് കിട്ടാവുന്ന TRP നിലവാരം നോക്കി ഇരയെ തിരഞ്ഞെടുക്കുന്ന ഒരു നിലയിലേക്ക് തീവ്രവാദം വളര്‍ന്നിരിക്കുന്നു.

ആക്രമണം നടന്നയുടന്‍ മീഡിയ സംഭവം ഏറ്റെടുക്കുകയായി. പൊലിപ്പിച്ച വാര്‍ത്തകളിലൂടെ, ഭീകരമായ ദ്രിശ്യങ്ങളിലൂടെ, സംഭ്രമ ജനകമായ അവതരണങ്ങളിലൂടെ ഭീകരതയും പേടിയും പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ വില്‍ക്കപെടുകയായി. തീവ്ര വാദികള്‍ക്ക് അവര്‍ ഏറ്റവും ആഗ്രഹിക്കുന്ന പബ്ലിസിറ്റിയും പരസ്യവും നാം പ്രൈം ടൈമില്‍ ഫ്രീ ആയി നല്‍കുന്നു.

തീവ്രവാദം ഒരു വിഷയം അല്ലതാകണം എന്നല്ല ഞാന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെ നോക്കി കാണുന്ന വീക്ഷണം നമുക്കല്‍പം മാറ്റി കൂടെ?. തീവ്ര വാദത്തെ നാം ഒരു മീഡിയ സര്‍ക്കസ് ആക്കും തോറും, അതിനെ പ്രൈം ടൈമില്‍ ഭീതി വളര്‍ത്താന്‍ ഉപയോഗിക്കും തോറും കൂടുതല്‍ കൂടുതല്‍ ഇത്തരം ലക്ഷ്യങ്ങളെ കണ്ടെത്താന്‍ അത് ഭീകരര്‍ക്ക്‌ പ്രചോദനം കൊടുക്കല്‍ ആവില്ലേ?.

തീവ്ര വാദത്തിനു കൊടുക്കുന്ന ഇത്തരം ഫ്രീ പരസ്യങ്ങള്‍ അല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയും നമുക്കും, മീഡിയക്കും? . അതിനെ കുറിച്ചുള്ള ചിന്തകള്‍ വഴിയെ..

3 comments:

  1. കറക്ട്, ഇതൊക്കെ എഷ്യാനെറ്റിനെ കണ്ടാണ് പഠിക്കെണ്ടത്.

    ReplyDelete
  2. നാടോടുമ്പോള്‍ ‘വിലങ്ങനെ’യോടാനാരുണ്ട്? എന്നാണോ?

    ReplyDelete