Tuesday 21 May 2013

വീട്ടു ഭരണം


കാരണവർ എസ്റ്റേറ്റ്‌ ഭരണവും വീട്ടു കാര്യങ്ങളും ഒക്കെ നടത്തി വാഴുന്ന കാലത്താണ് , ഈ തിരക്കൊക്കെ ഒഴിവാക്കി പേരക്കുട്ടികളെയും നോക്കി സുഖമായി ഇരുന്നു കൂടെ എന്ന ചോദ്യം പരമ സാത്വികനായ ഗൾഫ്കാരൻ മൂത്ത മകനിൽ നിന്നും വരുന്നത്.

അത് ശരിയാണല്ലോ എന്ന് കാരണവർക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ പ്രതാപി കാരണവര് തന്നെയല്ലേ ?. പണിയൊക്കെ ചെയ്യാൻ നാട്ടിലുള്ള നാല് മക്കളുണ്ടല്ലോ. കൊച്ചു മക്കൾ ആണേൽ ദിവസവും തമ്മിലടി . അവരെ നിയന്ത്രിച്ച്‌ പിള്ളേരേം ഭരിച്ച് സുഖമായി ശിഷ്ടകാലം കഴിഞ്ഞുകൂടെ ?.


നയവും അടവും അറിയാവുന്ന രണ്ടാം മകനെ കാരണവർ ഭരണം ഏൽപ്പിച്ചു. പിന്നെ കാര്യങ്ങളൊക്കെ അതി വേഗത്തിലായിരുന്നു . അനിയന്മാരെയും വിളിച്ചു കൂട്ടി ചർച്ച തുടങ്ങി. അടച്ചിട്ട മുറിയിൽ നിന്ന് കൊലവിളിയും കരച്ചിലും പിന്നെ ഇളയമകന്റെ സ്പെഷ്യൽ തെറി വിളിയും ഒക്കെ കേട്ടെങ്കിലും എസ്റ്റേറ്റ്‌ വിഭജനം വിജയകരമായി.

ആദ്യമാദ്യം കാര്യങ്ങൾ പരമ സുഖമായിരുന്നു. വീട്ടിൽ ആര് വന്നാലും "ഞങ്ങൾ ഒക്കെ വെറും ജോലിക്കാർ , കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്‌ കാരണവര് തന്നെ " എന്ന പല്ലവി മക്കൾ ഉരുവിട്ട് കൊണ്ടേ ഇരുന്നു. പിന്നെ, പിന്നെ കാലം ബഹുദൂരം ചെന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി തുടങ്ങി.

എസ്റ്റേറ്റ്‌ വരുമാനം കൊണ്ട് മക്കൾ സുഖ ജീവിതം തുടങ്ങി , കാരണവരാവട്ടെ പിള്ളേരുടെ നാപ്പി മാറ്റലും , സ്‌കൂളിൽ വിടലും , തല്ലിന് മധ്യസ്ഥം പറഞ്ഞും മടുത്തു. അങ്ങനെ ഒരു ദിവസം കാരണവർ മൂത്ത മകന്റെ അടുത്തെത്തി .

"പിള്ളേരൊക്കെ വലുതായില്ലെ , ഇനി ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങിയാലോ ?"

" ഹ്മ് ... അതെന്താ അച്ഛന് ഇപ്പൊ അങ്ങനെ തോന്നാൻ ?. "

" അല്ല, നിങ്ങൾ നിർബന്ധിച്ചാൽ ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങാം , ആഗ്രഹം ഉണ്ടായിട്ടോന്നും അല്ല "..


"രണ്ടാമനല്ലേ ഇപ്പൊ ഭരണം , എന്താണെന്നു വച്ചാൽ നിങ്ങൾ തമ്മിൽ തീരുമാനിച്ചോ. ഞാൻ ഇടപെടുന്നില്ല ".

രണ്ടാമൻ അച്ഛന്റെ ആഗ്രഹം കേട്ടതോടെ കസേരയിൽ നിന്ന് ചാടി എണീറ്റു.


"അച്ഛന് ഈ കസേര വേണം എങ്കിൽ ഒരു വാക്ക് പറഞ്ഞാൽ പോരെ ?, ഈ ഞാൻ തരില്ലേ , പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട് ".

"അതെന്ത് പ്രശ്നം ? ".

" ഇപ്പോൾ അച്ഛനല്ലേ തറവാട്ട്‌ കാരണവർ , അതിൽ നിന്ന് താഴേക്കുള്ള ഒരു പതനമല്ലേ ഈ എസ്റ്റേറ്റ്‌ നോക്കുക എന്നത് ?. ഈ അപമാനം അച്ഛൻ സഹിച്ചാലും , ഞങ്ങൾ മക്കൾക്ക്‌ സഹിക്കില്ല. അത് മാത്രമല്ല , ഞാൻ ഈ കസേരയിൽ നിന്ന് എണീറ്റു എന്നറിഞ്ഞാൽ എനിക്ക് താഴെ ഉള്ള രണ്ടാളും അവിടെ കേറാൻ തല്ലു തുടങ്ങും . വെറുതെ നമ്മളായിട്ട് വീട്ടു വഴക്ക് ഉണ്ടാക്കണോ ?. ".

തല്ലും തെറി വിളിയും പൂരപ്പാട്ടും ആയി തെമ്മാടിക്കുഴി ലക്ഷ്യമാക്കി നടക്കുന്ന നാലാമൻ കേറി വന്നത് അപ്പോഴാണ് ..

" അയ്യയ്യേ , അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങുകയോ , ആ മനൊരമനും , ദേശപ്പനും ഒക്കെ എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്‌ . അധികാര മോഹിയാണ് അച്ഛൻ എന്ന് വരെ അവര് പറഞ്ഞു കളയും . കുടുംബത്തിന് ഇതിലും വലിയ ഒരു നാണക്കേട്‌ വരാനുണ്ടോ ? ".


" അത് മാത്രമല്ല , ആ സുകുവേട്ടൻ പറഞ്ഞത് കൊണ്ടാണ് അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ ഭരിക്കാൻ ഇറങ്ങുന്നത് എന്നും നാട്ടിൽ വാർത്തയുണ്ട് . നാലാൾ അറിഞ്ഞാൽ അച്ഛന്റെ ഇമേജ് എന്താവും അച്ഛാ ?. "


ഇത്രയും "നല്ല" മക്കളെ തന്നതിന് ദൈവത്തിന് പല്ല് ഇറുമി ഒരു "നന്ദി " പറഞ്ഞിട്ട് അച്ഛൻ ചാടി എണീറ്റു .


" മക്കളെ , ഇനി ഞാൻ ഒരു തീരുമാനം പറയാം. എനിക്ക് അധികാര മോഹമേ ഇല്ല , എസ്റ്റേറ്റ്‌ എന്നാ വാക്ക് തന്നെ ഞാൻ വെറുത്തു പോയി...".


ഇത്രയും സ്നേഹമുള്ള അച്ഛന് വേണ്ടി മക്കൾ കൂട്ട പ്രാര്ത്ഥന നടത്തുമ്പോൾ ആകാശത്ത് നിന്ന് മാലാഖമാർ പ്ലാസ്റ്റിക് പൂവ് കൊണ്ട് അഭിഷേകം തുടങ്ങിയിരുന്നു..

6 comments:

  1. ഇതുതന്നെയാണു പ്രവാസികളുടെ ജീവിതവും കുടുംബത്തിനു വേണ്ടി യൗവനം ചെലവാക്കി വാർദ്ധക്യത്തിൽ കൂടണയുന്ന കാർന്നോർമാരുടെ നേർക്കാഴ്ചകൂടിയാണിവിടെ കോറിയതായി എനിക്കു തോന്നുന്നത്.

    ReplyDelete
    Replies
    1. ഭയങ്കരം ...കണ്ടുപിടിച്ചു കളഞ്ഞു..!!!

      Delete
  2. അണ്ണോ.. ഇവിടെയൊക്കെത്തന്നെ ഉണ്ടോ..?

    ReplyDelete
  3. തകര്‍പ്പന്‍ പോസ്റ്റ്...
    നാടുനീളേ നിരങ്ങിയത് മാത്രം കാര്‍ന്നോര്‍ക്ക് മിച്ചം..(കിട്ടിയ നോട്ടുമാലയൊക്കെ എണ്ണിത്തീര്‍ത്തോ ആവോ..?)

    ReplyDelete
  4. റിയല്‍ എസ്റ്റേറ്റ്

    ReplyDelete