Friday, 15 November 2013

'കരി' നോട്ടത്തിൽ തെളിയുന്നോരിന്ത്യ - II

പൊതുജന താൽപര്യ ഹർജികൾ വഴിയാണ് കോൾ ഗേറ്റ് കോടതിയുടെ പടി കാണുന്നത്, അതന്വേഷിക്കാൻ ഉള്ള ഭാഗ്യം കിട്ടിയത് സിബിഐ ക്കും.  "SI  ചെയ്ത കുറ്റം അന്വേഷിക്കാൻ വിധിക്കപ്പെട്ട ഹെഡ് കോണ്‍സ്റ്റബിൾ " എന്നൊരു പ്രയോഗം ഉണ്ടോ എന്നറിയില്ല , പക്ഷെ ഏതാണ്ട് അങ്ങനെ ഒരു മഹാഭാഗ്യമായിരുന്നു അത്.

കേസ് അന്വേഷണത്തിന്റെ പുരോഗതി കണ്ട് സുപ്രീം കോടതി സിബിഐയെ വിളിച്ചത് " കൂട്ടിലടക്കപെട്ട തത്ത " എന്നാണ്. യജമാനൻ പറയുന്നത് ഏറ്റു  പറയുക മാത്രമല്ല, ഒന്നിലധികം യജമാനന്മാരും ഒരു തത്തയും എന്ന ഗതികേടിലാണ് സിബിഐ എന്നായിരുന്നു  കോടതിയുടെ നിരീക്ഷണം.

അന്വേഷണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എല്ലാം തങ്ങളുടെ റിപ്പോർട്ട്‌ സർക്കാരുമായി പങ്കു വച്ചിട്ടില്ല എന്നാ ഉറച്ച നിലപാടിലായിരുന്നു സിബിഐ, എന്നാൽ അരമന രഹസ്യങ്ങൾ ഫേസ്ബുക്കിൽ ഹിറ്റ്‌ ആകുന്നു എന്ന് കണ്ടതോടെ തത്ത സത്യം പറഞ്ഞു തുടങ്ങി. മെയ്‌ ആറിന് കോടതിയിൽ  സർക്കാരുമായുള്ള മീറ്റിങ്ങുകളെ പറ്റി CBI പരസ്യമായി സമ്മതിച്ചു.

അന്വേഷണ റിപ്പോർട്ട്‌ സർക്കാരുമായി പങ്കുവച്ചു എന്നതിനപ്പുറം, അവർ ( ലോ മിനിസ്റ്റെർ , PMO ) നിർദേശിച്ച തിരുത്തലുകൾ റിപ്പോർട്ടിൽ വരുത്തി എന്നതാണ് ഇവിടെ മനസിലാക്കേണ്ട കാര്യം.SI  ക്ക് എതിരെയുള്ള റിപ്പോർട്ട്‌  കോടതിയിൽ ഹാജരാക്കുന്നതിന് മുന്നേ ഏമാനെ കാണിച്ചു അനുവാദം വാങ്ങുന്ന മര്യാദ. നാട്ടിലെ സാധാരണ കള്ളന്മാർക്കും  ഈ സൗകര്യം ലഭ്യമായിരുന്നെങ്കിൽ ജയിലിൽ ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാക്കാൻ ആളെ കിട്ടാതെ വന്നേനെ.

എന്താണ് തിരുത്തിയത് എന്ന് അന്വേഷിച്ചാൽ നമ്മൾ വീണ്ടും കഥയുടെ മർമ്മത്തിലേക്ക് തിരിച്ചു ചെല്ലും.  സുതാര്യമായ ലേലത്തിലൂടെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നതിന് പകരം , സ്റ്റിയറിംഗ് കമ്മിറ്റി എന്ന പുതുമയുള്ള ആശയവുമായി സർക്കാർ മുന്നോട്ട് പോയതിനെ പറ്റിയും , ഈ ചർച്ചകളുടെ ഫയലുകൾ കാണാതായതിനെ പറ്റിയും  ആദ്യ ഭാഗത്തിൽ പറഞ്ഞല്ലോ, സിബിഐ റിപ്പോർട്ടിൽ സർക്കാർ നിർദേശിച്ച തിരുത്തലുകളും ഈ കമ്മിറ്റിയെ പറ്റിയായിരുന്നു എന്ന് പ്രത്യേകം പറയണോ ?.

കൽക്കരി പാടങ്ങൾ അനുവദിച്ച സ്ക്രീനിംഗ് കമ്മിറ്റി , അപേക്ഷകളുടെ മൂല്യം നിർണയിക്കാൻ ഒരു പോയിന്റ്‌ സിസ്റ്റം ഉണ്ടാക്കിയില്ല എന്ന വിമർശനമാണ് PMO തിരുത്താൻ ആവശ്യപെട്ടത്‌, അതായത് രാജ്യത്തിൻറെ പ്രകൃതി വിഭവങ്ങൾ എന്തടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികൾക്ക് നൽകിയത് എന്നതിനെ പറ്റി സിബിഐ അധികം ചിന്തിക്കേണ്ട എന്ന് സാരം.

കല്ക്കരി പാടങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകൾ പരിശോധിക്കുമ്പോൾ തങ്ങളുടെ തീരുമാനങ്ങളെ ന്യായീകരിക്കാൻ കമ്മിറ്റി ചാർട്ടുകളും റിപ്പോർട്ടുകളും തയ്യാറാക്കിയില്ല എന്ന പരാമർശമാണ് അശ്വിനി കുമാർ എഡിറ്റു ചെയ്തു നീക്കിയത്.

കോടികളുടെ മൂല്യമുള്ള കലക്കാരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയ സ്ക്രീനിംഗ് കമ്മിറ്റി എന്തടിസ്ഥാനത്തിലാണ് അവ കൈമാറിയത് എന്ന് കണ്ടു പിടിക്കാൻ ജനം മാനത്തേക്ക് നോക്കേണ്ടി വരും.

1. വ്യക്തമായ ഒരു പോയിന്റ്‌ സിസ്റ്റം നിലവിലുണ്ടായിരുന്നില്ല

2.  കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ നിലവിലില്ല

3. കമ്മിറ്റി നടത്തിയ ചർച്ചകളെ പറ്റിയുള്ള ഫയലുകൾ ( ) കാണാനില്ല.

Tuesday, 29 October 2013

R T ക്ലിനിക്‌

ചുവരലമാരയിലെ സണ്‍ ഗ്ലാസ്സുകളെ നോക്കി പുഞ്ചിരിയോടെ പകൽ സ്വപ്നം കണ്ടു നിൽക്കെയാണ് പിന്നിൽ നിന്നും പെട്ടന്നൊരു വിളി വന്നത്. വാങ്ങാൻ പോകുന്ന പുതിയ  സ്കോഡയെ പറ്റിയുള്ള സ്വപനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന ഈർഷ്യയോടെ അയാൾ തിരിഞ്ഞു നോക്കി..

"എന്താ കാര്യം ?."

"ഡോക്ടർ, സണ്‍ ഗ്ലാസ്സുകൾക്ക് വേണ്ടി നൽകിയ ഓർഡറുകൾ  എല്ലാം വെബ്‌ സൈറ്റിൽ ക്യാൻസൽ ചെയ്യുകയാണ്. ഇന്ന് രാവിലെ ഒരു മണിക്കൂറിൽ മാത്രം നൂറു  പേർ ഓർഡർ ക്യാൻസൽ ചെയ്തു... "

പറഞ്ഞത്  മുഴുവൻ കേൾക്കാൻ ക്ഷമയുണ്ടായില്ല. സ്വപ്നത്തിലെ സ്കോഡ വെറും നാനോ ആയി മാറുന്നത് എത്ര പെട്ടന്നാണ്.  ഈ നശിച്ച ഗ്ലാസ്സുകൾ ഒക്കെ ഇനി ആർക്ക് തൂക്കി വിൽക്കും ?.

"ഡോക്ടർ, ഞാൻ പറഞ്ഞു തീർന്നില്ല".

 "ഇനിയെന്ത് പറയാൻ ?".

"കാലു മുറിഞ്ഞ പത്തിരുപത് രോഗികൾ പുറത്ത് ഇരിപ്പുണ്ട്."

"കഞ്ചാവ് വേട്ടക്ക്  പോയ പോലീസ് സംഘം വല്ലതുമാണോ , എല്ലാവരുടെയും കാലു മുറിയാൻ ?. കുറച്ചു പഞ്ഞിയും പ്ളാസ്റ്ററും വച്ച്, കഴുത്തറപ്പൻ കാശും വാങ്ങി വിടൂ".

"പക്ഷെ അവരെല്ലാം ഡോക്ടറെ കാണണം എന്ന് വാശി പിടിക്കുന്നു".

ആദ്യ രോഗിയെ കണ്ടപ്പോഴേ ഡോക്ടറുടെ ചുണ്ടിൽ  ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപെട്ടു. മുപ്പതു വയസിനടുത്ത് പ്രായം, നോട്ടം കയ്യിലെ സ്മാർട്ട്‌ ഫോണിലേക്ക്. ചെറുതായി വിയർക്കുന്നുണ്ട്‌, എന്തോ പിറുപിറുത്തു കൊണ്ട് ടൈപ്പ് ചെയ്യുന്ന തിരക്കിലാണ് ആശാൻ.  ചാകരകൾക്ക് മുന്നേ കണ്ട അതേ ലക്ഷണങ്ങൾ.

"ഡോക്ടറെ, ഡോക്ടർക്ക് ചെറുപ്പത്തിൽ പഠിച്ച  ഫിസിക്സ്‌ വല്ലതും ഓർമ്മയുണ്ടോ ?."  ആദ്യ ചോദ്യം പെട്ടന്നായിരുന്നു.

"ഇല്ല, കാലിലെ മുറിവ് നോക്കാൻ ഫിസിക്സ്‌ വേണോ ?".

" അതല്ല, ഇത് വേറൊരു ആവശ്യത്തിനാണ് . അറിയില്ലേൽ പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കാം." നോട്ടം അപ്പോഴും സ്മാർട്ട്‌ ഫോണിലെക്ക് ആണ്.

"കാലിന് എന്ത് പറ്റി ?."

"രാവിലെ ഗാന്ധി റോഡിലൂടെ നടക്കുമ്പോൾ എവിടെയോ തട്ടി മുറിഞ്ഞതാണ്. പല തവണയായി ഇന്ന് ഇത് പറ്റുന്നു, പക്ഷെ തട്ടുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല, അതാണ് ഡോക്ടറെ കാണണം എന്ന് വാശി പിടിച്ചത്.".

" റോഡ്‌ പൊട്ടി പൊളിഞ്ഞ് മൂർച്ചയുള്ള കല്ലുകൾ ഒരുപാട് കിടക്കുന്നുണ്ട് അവിടെ. അതായിരിക്കും തട്ടിയത്"

"എന്ത് മണ്ടത്തരമാണ് ഡോക്ടർ പറയുന്നത്, അവിടെയൊരു കല്ലും ഞാൻ കണ്ടില്ല, ഇത്രയും നല്ല ഒരു റോഡ്‌ ഈ നാട്ടിൽ വേറെയില്ല !!"

"അത് ഞാൻ .."

"ഒന്നും പറയണ്ട, കല്ലുണ്ട്‌ പോലും, ആര്ക്കും എന്തും പറയാമെന്നാണോ, ചികിത്സിക്കാൻ അറിയാമെങ്കിൽ അത് ചെയ്യൂ. ഇത് കല്ലോന്നുമല്ല എന്ന് എനിക്കറിയാം"

സൂക്ഷിച്ചില്ലെങ്കിൽ സ്കോഡ വീണ്ടും നാനോ ആവും എന്ന് ഡോക്ടർക്ക്‌ മനസിലായി. ഭാഷയുടെ കനം പതിയെ മാറിത്തുടങ്ങി.

"ദൃഷ്ടിഗോച്ചരമല്ലാത്ത  ഗോളാന്തര പദാർത്ഥങ്ങൾ കൊണ്ടുള്ള മുറിവുകളാണ് ഇവ. നഗ്ന നേത്രങ്ങൾ കൊണ്ട് ഇവയുടെ സഞ്ചാര പാത മനസിലാക്കുക എളുപ്പമല്ല"

മീറ്റിംഗിൽ ആദ്യമായി രോഗിയുടെ രണ്ടു കണ്ണും സ്മാർട്ട്‌ ഫോണിൽ നിന്ന് മാറി.

"അങ്ങനെ സത്യം പറ ഡോക്ടറെ, കല്ലാണ് പോലും കല്ല്‌. ഇതിനിപ്പോ എന്ത് ചെയ്യണം ?".

"ഇംഗ്ലീഷിൽ ഇതിനു Rashtreyocho Timiroso എന്ന് പറയും. ലോകത്ത് എല്ലായിടത്തും പല അളവുകളിൽ കാണുന്ന ഒരു പ്രതിഭാസം ആണിത്. നമ്മളുടെ കുഞ്ഞു സംസ്ഥാനത്തിന്റെ അക്ഷാംശവും രേഘംഷവും കാരണം ഇവിടെ അത് കൂടുതലാണ് എന്ന് മാത്രം"

"ഓ, ഇപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തമാവുന്നുണ്ട്. ഇത് മാറാൻ എന്താണ് വഴി ?"

"പ്രത്യേകം തയ്യാർ ചെയ്ത ഞങ്ങളുടെ കണ്ണട  ധരിച്ചാൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ. സൂര്യ പ്രകശം കാരണം കണ്ണ് കാണാൻ വയ്യാതായ ഒരുപാട് പേര് കഴിഞ്ഞ മൂന്നു മാസമായി ഇത് വച്ചാണ് പ്രശ്നം പരിഹരിച്ചത്."

പുറത്തേക്കിറങ്ങിയ രോഗിയെ നോക്കി കണ്ണടക്കുമ്പോൾ നാനോ മാറി വീണ്ടും സ്കോഡ അവിടെ ഇടം പിടിച്ചിരുന്നു.

Sunday, 20 October 2013

'കരി' നോട്ടത്തിൽ തെളിയുന്നോരിന്ത്യ - I

മഷി നോട്ടം എന്നൊരു ചെപ്പടി വിദ്യയുണ്ട്. കരി പോലൊരു മിശ്രിതം ഒരു പാത്രത്തിൽ പുരട്ടി കുട്ടികളെ കൊണ്ട് അതിൽ നോക്കി ഭൂതവും , ഭാവിയും വർത്തമാനവും വായിപ്പിച്ച് എടുക്കുന്ന സുന്ദര വിദ്യ. നിഷ്കളങ്കരായവർ നോക്കിയാലെ സത്യം തെളിയൂ എന്ന വിശ്വാസത്തിലാണ്‌ കുട്ടികളെ ഉപയോഗിക്കുന്നത്.

മഷി നോട്ടം ഇന്ന് നാട്ടിൽ നിന്ന് അപ്രത്യക്ഷമായി എങ്കിലും, ഇന്ത്യയുടെ ഭൂതവും ഭാവിയും ഗണിച്ചു നോക്കാൻ പറ്റിയൊരു മഷി നോട്ടമുണ്ട്, അത് കണ്കെട്ട് വിദ്യ പോലെ ഓടി മറയുന്ന 'കരി ' ഫയലുകൾക്കുള്ളിൽ ഉറങ്ങി കിടക്കുകയാണ് എന്ന് മാത്രം.

പറഞ്ഞു വരുന്നത് മഷിയിട്ട് നോക്കിയാലും കണ്ടു പിടിക്കാൻ കഴിയാത്ത 'കോൾ ഗേറ്റ്' ഫയലുകളെ പറ്റിയാണ്. മഷി നോട്ടത്തിന് കുട്ടി നിഷ്കളങ്കൻ ആയിരിക്കണം എങ്കിൽ, ഈ കരി നോട്ടത്തിന് ഒരല്പം വക്ര ബുദ്ധി വേണ്ടി വരും.

കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ ആദ്യ പകുതിയിലാണ്. 10 വർഷത്തിൽ രാജ്യത്തെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ സർക്കാർ തീരുമാനിക്കുന്നു , വികസനത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ ഊർജ സുരക്ഷ ഉറപ്പക്കാൻ ഉള്ള തീരുമാനം. 73 ൽ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ coal mines nationalisation act തിരുത്താനുള്ള നീക്കം ഉണ്ടാവുന്നത് സർക്കാരിന് സ്വകാര്യ മേഖലയുടെ സഹായമില്ലാതെ കോൾ ഉത്പാദനം ഇരട്ടിയാക്കാൻ കഴിയില്ല എന്ന ചിന്തയിൽ നിന്നാണ്.

93 ലാണ് പുതിയ നിയമം നിലവിൽ വരുന്നത്. കോൾ ഉത്‌പാദനത്തിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും, അത് നിലവിൽ ഊർജ ഉത്‌പാദനത്തിനും , പിന്നീട് കൂട്ടി ചേർക്കാവുന്ന മറ്റ് ആവശ്യങ്ങൾക്കും ഉപയോഗപ്പെടുത്താം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ഇതിലെ 'മറ്റ് ആവശ്യങ്ങൾ ("other end uses, which may be notified from time to time time" ) ഒന്ന് ഓർത്തു വച്ചോളൂ. യെവൻ കഥയിലെ ഒരു ട്വിസ്റ്റ്‌ കഥാപാത്രമാണ്.

സ്വകാര്യ കമ്പനികളെ കയറൂരി വിടാതിരിക്കാൻ കൃത്യമായ നിബന്ധനകളോടെയാണ് നിയമം നിലവിൽ വന്നത്. താഴെ പറയുന്ന നാല് പ്രധാന കാര്യങ്ങളാണ്‌ സർക്കാർ മുന്നോട്ടു വച്ചത്.

1. സ്വകാര്യ കമ്പനികൾക്ക് നൽകുന്ന കോൾ പാടങ്ങൾ അടിസ്ഥാന സൌകര്യങ്ങൾ ( road , rail , power ) ഇല്ലാത്തവ ആയിരിക്കണം

2. സർക്കാർ വികസിപ്പിച്ച , അല്ലെങ്കിൽ വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൽക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറരുത്.

3. സ്വകാര്യ കൽക്കരി പാടങ്ങൾ സർക്കാർ പാടങ്ങളിൽ നിന്നും ദൂരെ ആയിരിക്കണം. ( സർക്കാർ ചിലവിൽ നിർമ്മിച്ച സൌകര്യങ്ങൾ സ്വകാര്യ മേഖല ദുരുപയോഗം ചെയ്യാതിരിക്കാൻ )

4. സ്വകാര്യ മേഖലക്ക് കൈമാറിയ കൽക്കരി പാടങ്ങൾ വികസിപ്പിക്കാൻ ഉള്ള ചിലവ് അവരുടെ ഉത്തരവാദിത്വമാകുന്നു. മൈനിംഗ് നടത്താൻ ഉള്ള സാങ്കേതിക പരിജ്ഞാനവും , വിഭവ ശേഷിയും ഉള്ള കമ്പനികൾക്ക് മാത്രമേ ലൈസൻസ് നൽകാവൂ.

ഇതിനുമപ്പുറം, അടിസ്ഥാന സൌകര്യങ്ങൾ ഇല്ലാതെ കൽക്കരി പാടങ്ങൾ അനുവദിക്കുന്നത് കൊണ്ട് തന്നെ സ്വകാര്യ കമ്പനികളിൽ നിന്ന് ഈടാക്കുന്ന വില കുറവായിരുന്നു. കാരണം ലാഭത്തിന് വേണ്ടിയല്ലല്ലോ , രാജ്യത്തിന്റെ നന്മക്കു വേണ്ടിയല്ലേ ഈ കൈമാറ്റം. അത് മാത്രമല്ല , സ്വകാര്യ മേഘല അടിസ്ഥാന സൌകര്യങ്ങൾക്ക് വേണ്ടി കാര്യമായ മുതൽ മുടക്ക് നടത്തുന്നു എന്നതും പരിഗണിക്കണമല്ലോ.

രാജ്യത്തിൻറെ ഊർജ പ്രതിസന്ധി മാറി കടക്കാൻ സർക്കാരും സ്വകാര്യ കമ്പനികളും കൈ കോർത്ത്‌ നീങ്ങുന്ന ഒരു സുന്ദര ഭാവിയെ പറ്റി ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ. പക്ഷെ, ആധുനിക ഇന്ത്യയുടെ കരി വഴികളിലൂടെ ഉള്ള യാത്ര വിഭാവനം ചെയ്യപ്പെട്ട വഴികളിലൂടെ ആയിരുന്നില്ല.

സാധാരണ രീതിയിൽ കൽക്കരി പാടങ്ങൾ എതു കമ്പനിക്ക് നൽകണം എന്ന തീരുമാനം എങ്ങനെ ആവും ?. ഇന്ത്യൻ / അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടുന്ന ഒരു ലേലം ആവും മനസ്സിൽ വരിക. പക്ഷെ, അവിടെയും ഉണ്ട് പുതുമ മിക്കവാറും കൽക്കരി പാടങ്ങളും അനുവദിച്ചത് ഒരു സർക്കാർ "stereing committe" ആണ്.

കമ്പനികൾ ലൈസൻസ് വേണ്ട കൽക്കരി പാടങ്ങൾ തിരഞ്ഞെടുത്ത ശേഷം ഈ കമ്മിറ്റിക്ക് അപേക്ഷ നൽകുന്നു. 'കൂലംകർഷമായ' ചർച്ചകൾക്ക് ശേഷം കമ്മിറ്റി മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നു. ഈ കമ്മിറ്റി മീറ്റിംഗ്ഫയലുകളാണ് കാണാതായ കരി ഫയലുകളിൽ പലതും

എന്ന് പറയുമ്പോൾ തന്നെ സുതാര്യതയുടെ ആഴം അറിയാമല്ലോ. കോടികളുടെ മതിപ്പുള്ള കൽക്കരി ഖനികൾ സ്വകാര്യ മേഖലക്ക്കൈ മാറാൻ അടച്ചിട്ട മുറിയിൽ ഒരു കമ്മിറ്റി കൂടിയാൽ എന്ത് സംഭവിക്കും എന്നറിയാൻ സലിം കുമാർ പറഞ്ഞത് പോലെ അൽപം കോമണ്‍ സെൻസ് മാത്രം പോരെ ?.


CIL ( Coal India Limited) അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയ കല്ക്കരി പാടങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറിയാണ് കളി തുടങ്ങുന്നത്. വഴി ഇല്ലാത്തതു കൊണ്ട് വില കുറച്ചു പഞ്ചായത്ത് മെമ്പർ വാങ്ങിയ ഭൂമിയിലേക്ക്‌ പഞ്ചായത്ത് ചിലവിൽ റോഡ്‌ വെട്ടി ഭൂമിക്കു പൊന്നും വിലയാക്കുന്ന പഴയ നാട്ടു വിദ്യ തന്നെ.

ഇതൊന്നും പോരാതെയാണ് end use എന്ന ട്വിസ്ടുമായി സർക്കാർ രംഗത്തിറങ്ങുന്നത്. കോൾ കമ്പനികൾക്ക് മാത്രമല്ല , സിമെന്റ്, സ്റ്റീൽ തുടങ്ങിയ കമ്പനികൾക്കും കൽക്കരി പാടങ്ങൾ അനുവദിക്കാം എന്ന പുരോഗമന തീരുമാനം കളിയുടെ ഗതി തന്നെ മാറ്റി.മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ , അതിനുള്ള സാമ്പത്തിക ശേഷിയോ ഇല്ലാത്ത കമ്പനികൾക്ക് മൈനിംഗ് ലൈസൻസ് കിട്ടാൻ വഴിയൊരുങ്ങുന്നത് ഈ മാറ്റത്തിൽ നിന്നാണ്.


മൈനിംഗ് നടത്താനുള്ള സാങ്കേതിക വിദ്യയോ , വിഭവ ശേഷിയോ ഇല്ലാത്തപുഷപ് സ്റ്റീൽ എന്ന സ്ഥാപനത്തിന് വെറും ഒരു ലക്ഷം രൂപയ്ക്കാണ് ഛത്തിസ്‌ഗഡിൽ മൈനിങ്ങ് ലൈസെൻസ് അനുവദിക്കുന്നത്. നവഭാരത് പവർ എന്നാ ഹൈദരാബാദ് കമ്പനി ആകട്ടെ, അവർ വാങ്ങിയ രണ്ട് മൈനുകൾ 230 കോടി രൂപക്കാണ് മറിച്ചു വിറ്റത്. രാജ്യത്തെ കുന്നുകളും മലകളും സൂപ്പർ ഹിറ്റ്‌ പടത്തിന്റെ ടിക്കറ്റ്‌ പോലെ ബ്ലാക്കിൽ പത്ത് ഇരട്ടിക്ക് മറിച്ചു വിൽക്കുന്ന സൂപ്പർ വികസനം.


വനങ്ങൾ സംരക്ഷിക്കാൻ നിർണയിച്ച സുരക്ഷിത മേഘലകൾ മൈനിങ്ങിന് അനുയോജ്യമാണ് എന്ന കണ്ടെത്തലായിരുന്നു മറ്റൊരു വിവാദപരമായ . വനങ്ങളിൽ മൈനിംഗ് നടത്തുമ്പോൾ അവിടെ ആദിവാസികൾ ഉണ്ടെങ്കിൽ എന്ത് ചെയ്യും എന്നോട് ചോദ്യമുണ്ട്. എളുപ്പമല്ലേ ഉത്തരം , രാജ്യ പുരോഗതിക്കു മുന്നിൽ, വോട്ട് ബാങ്ക് അല്ലാത്ത ആദിവാസികൾക്ക് എന്ത് പ്രസക്തി ?. സിമന്റ്‌ കമ്പനി ചുളു വിലക്ക് നേടിയെടുത്ത മൈനുകളിൽ നിന്ന് അവർക്ക് കാശു വാരാൻ വേണ്ടി അവനവൻറെ അവസ വ്യവസ്ഥ വിട്ട് ഇറങ്ങേണ്ടി വരുന്ന ആദിവാസികളുടെ കാര്യം പിന്നെ നമ്മളുടെ സ്വീകരണ മുറികളിൽ എത്തുന്നതെ ഇല്ലല്ലോ.


93 മുതൽ 2010 വരെ 218 കോൾ ബ്ലോക്കുകൾ ആണ് അനുവദിക്കപ്പെട്ടത് . നരസിംഹറാവു സർക്കാർ അഞ്ചും, ദേവ ഗൌഡ നാലും കോൾ ബ്ലോക്കുകൾ അനുവദിച്ചപ്പോൾ BJP ഭരണ കാലത്ത് 32 ബ്ലോക്കുകൾ അനുവദിക്കപെട്ടു പക്ഷെ 2004 മുതൽ 2010 വരെ 175 ബ്ലോക്കുകൾ അനുവദിച്ചു കൊണ്ട് UPA ഇവരെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ച വയ്ച്ചത്‌.


നിയമം സ്വകാര്യ മേഖലക്ക് നട്ടെല്ല് വളച്ചു കൊടുക്കുന്ന, അധികാരവും, രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തവരുടെ ആവാസ വ്യവസ്ഥകളെ വിൽപ്പന ചരക്കാക്കുന്ന ഇന്നത്തെ ഇന്ത്യയുടെ നേർക്കാഴ്ചയാണ്‌ കോൾ ഗേറ്റ്. ഈ അഴിമതിയും അതിന്റെ അന്വേഷണവും എങ്ങനെ അവസാനിക്കുന്നു എന്നത് ഇന്ത്യയുടെ ഭാവിയെ പറ്റിയുള്ള വ്യക്തമായ സൂചന ആയേക്കാം.


പ്രധാന മന്ത്രിയുടെ ഓഫീസിലേക്ക് വരെ നീണ്ട അന്വേഷണം സിബിഐ കൈകാര്യം ചെയ്തതിനെ പറ്റിയും, ഇന്ത്യയുടെ പരമോന്നത നീീതി പീഠം അവരെ കൂട്ടിലടച്ച തത്ത എന്ന് വിശേഷിപ്പിക്കേണ്ടി വന്നതിനെയും പറ്റി മറ്റൊരു പോസ്റ്റിൽ.

Friday, 12 July 2013

വെള്ളാന

കാരണവരുടെ ആന, വാങ്ങിയ അന്ന് മുതൽ വെളുത്തിരുന്നു. എങ്ങനെ വെളുക്കാതിരിക്കും, അങ്ങ് ദേവലോകത്തിൽ ഇരിക്കുന്ന ത്രിമൂർത്തികളുടെയും നാട്ടിലെ ചാത്തന്മാരുടെയും അനുഗ്രഹമുള്ള ആനയല്ലേ. വെള്ളാനയെ കാണാനുള്ള ആളുകളുടെ വരവോടെയാണ്‌ കഞ്ഞിക്കു വകയില്ലാതിരുന്ന തറവാട് വികസിച്ചു വികസിച്ച് സ്മാർട്ട്‌ സിറ്റി പോലെ ആയത്.

അതിരാവിലെ ചാനലുകാരുടെ ഡിഷ്‌ ആന്റിന നേരെ വയ്ക്കാൻ പുരപ്പുറത്ത് കയറിയഅയൽവാസി ജോണിയാണ് ആരും കാണാത്ത ആ കാഴ്ച ആദ്യം കണ്ടത്. പക്ഷെ ജോണിക്കൊരു സംശയം, പരമ സാത്വികൻ കാരണവർ ഇതിനൊക്കെ കൂട്ട് നിൽക്കുമോ ?.


പക്ഷെ സംശയം മനുഷ്യനെ തളത്തിൽ ദിനേശനാക്കുന്നു എന്നാണല്ലോ ശ്രീനിവാസ വാക്യം. കണ്ടത് ഫേസ് ബുക്കിലും കവലയിലും എത്തിക്കാതെ പിന്നെ അതടങ്ങുമോ ?. കേട്ടവരോന്നും പക്ഷെ പെട്ടന്ന് അതങ്ങ് വിശ്വസിച്ചില്ല. കാരണവരുടെ ആന കറുത്തതാണെന്നോ ?. നുണ പറയുന്നതിനും ഒരതിരില്ലേ ജോണി കുട്ടീ ...


"ചുമ്മാ കുറച്ച് കറുത്ത നിറം കണ്ടതാണേൽ പോട്ടെ , ഞാൻ പാപ്പാന്മാരെ കണ്ടതിനെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ലേ ?. "

നാട്ടുകാരെയും കുഴക്കുന്ന ചോദ്യം അത് തന്നെ ആയിരുന്നു. നാല് പാപ്പാന്മാർ എന്തിനാണ് അതി രാവിലെ ബ്രഷും വെളുത്ത പൈയിന്റും ആയി ആനക്കൊട്ടിലിന് ചുറ്റും ഒരു ഒരു ചുറ്റിക്കളി ?.

"ഇത് തട്ടിപ്പ് തന്നെ , കറുത്ത ആനയെ പെയിന്റ് അടിച്ച് വെളുപ്പിച്ച് കാശു വാങ്ങുന്ന കലാപരിപാടി. ഞാൻ ഇത്രയും നാൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ! " . ദേശാഭിമാനി വായിച്ചു കൊണ്ടിരുന്ന കേശവൻ ചേട്ടന് മാത്രം സംശയമില്ല.

സത്യമറിയാൻ നാട്ടുകാർ കാരണവരുടെ വീട്ടു മുറ്റത്ത്‌ ജനം എത്തുന്നത്‌ അങ്ങനെയാണ്.

"എന്ത്, സത്യ സന്ധതക്ക് പേര് കേട്ട ഈ തറവാട്ടിൽ തട്ടിപ്പോ ?. എങ്ങനെ ധൈര്യം വന്നു നിങ്ങൾക്കിത് പറയാൻ. നൂറ്റാണ്ടുകളുടെ കറ പുരളാത്ത പാരമ്പര്യത്തെ പറ്റിയൊക്കെ മറന്നോ നിങ്ങൾ ?. ".

"അല്ല, ആന വെള്ള തന്നെയാണോ ? "

" പേരിലും നിറത്തിലും ഒക്കെ എന്ത് കാര്യം , നൂറ്റാണ്ടുകളുടെ പാരമ്പര്യം , അത് മറക്കരുത്".

" ആനക്ക് വെള്ള പൈയിന്റ്റ് അടിച്ചതല്ല എന്നതിന് എന്താണ് തെളിവ് ?".

" കറ പുരളാത്ത പാരമ്പര്യത്തെ അവിശ്വസിക്കരുത്. വേണമെങ്കിൽ പാപ്പാന്മാരെ നാല് പേരെയും ആങ്ങ്‌ മാറ്റി നിർത്താം , നാല് പേരും ഇപ്പോൾ തറവാട്ടിൽ തടവിലാണ് ".

ആനക്ക് പെയിന്റ് അടിച്ചില്ല എങ്കിൽ പിന്നെ എന്തിനാ പാപ്പാന്മാരെ മാറ്റി നിർത്തുന്നത് ?.

"അത് മൂത്ത മകന്റെ ബുദ്ധിയാണ്. അവനാണ് ഈ പ്രശ്നം അന്വേഷിക്കുന്നത് . ആരെയും ചാരി ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല. പാപ്പാന്മാർ ഒക്കെ പുറത്തായാൽ പിന്നെ ചാരാൻ ആളില്ലല്ലോ "


"അപ്പോൾ ഒരു നിക്ഷ്പക്ഷ അന്വേഷണം വേണ്ടേ ?."

"കറ പുരളാത്ത പാരമ്പര്യം ഉള്ളവർ നെറികേട് കാട്ടുമോ ?. അവന്റെ കഴിവിൽ ഞാൻ പൂർണ തൃപ്തനാണ്. പിന്നെ നിങ്ങൾക്ക് ആര്ക്ക് വേണമെങ്കിലും അന്വേഷിക്കാമല്ലോ , പക്ഷെ അതൊക്കെ തറവാട്ട്‌ വളപ്പിനു പുറത്തു മതി. "

" അങ്ങനെയെങ്കിൽ അങ്ങനെ. ആനയെ എപ്പോൾ പുറത്തിറക്കും ? "

"ദൈവീക പ്രഭയുള്ള ആനയല്ലേ , അതിനെ തറവാട്ട്‌ വളപ്പിന് പുറത്തിറക്കാറില്ല "

" അപ്പോൾ അതിനൊരു തീരുമാനം ആയി..കാശ് പോയ നാട്ടുകാരുടെ കാര്യം ? ".

" ഹൃദയത്തിൽ കൈ വച്ച് ഞാൻ പറയുന്നു ആന വെളുത്തത് തന്നെ . കറ പുരളാത്ത പാരമ്പര്യ ..."

"പാരമ്പര്യം കേട്ട് മടുത്തു കാർന്നോരെ , ആനയെ എപ്പോൾ കുളിപ്പിക്കും , അത് പറ. വെളുത്ത ആനയാണ് എങ്കിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഒന്ന് കുളിപ്പിച്ചാൽ പോരെ , സത്യം അറിയാമല്ലോ ?".


"അങ്ങനെ ആര്ക്കും കാണാവുന്ന കാര്യം ഒന്നും അല്ല അത് ( ദൈവീക ആന, പാരമ്പര്യം എന്ന പല്ലവികൾ പിന്നണിയിൽ ഉയരുന്നു ... ). പക്ഷെ സത്യം ജയിക്കണം എന്നെനിക്ക് നിര്ബന്ധമുണ്ട് അത് കൊണ്ട് സത്യ സന്ധനായ നാരായണന്റെ സന്നിധ്യത്തിലാണ് വര്ഷങ്ങളായി ഞങ്ങൾ ആനയെ കുളിപ്പിക്കുന്നത് "


" അത് കൊള്ളാം , വളരെ നല്ല കാര്യം, ഇനി കാര്യങ്ങളൊക്കെഅങ്ങേരോട് ചോദിച്ചാൽ മതിയല്ലോ. നാരായണൻ എവിടെയാണ് താമസം ? "

" അതൊക്കെ ഞാൻ പറയാം , പക്ഷെ നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് "

" ഇനിയും പാരമ്പര്യം എന്ന് പറയരുത് പ്ലീസ് , അത് താങ്ങാനുള്ള കരുത്തില്ല ".

" അതല്ല , ഈ പറഞ്ഞ നാരായണന് കണ്ണ് കാണില്ല . അപ്പോൾ എല്ലാവരും ഇറങ്ങുകയല്ലേ , എനിക്കിന്ന് ബഹുദൂരം പോകാനുള്ളതാണ്. " !.


അല്പം അകലെ വെളുത്ത ആന 'കറ പുരളാത്ത പാരമ്പര്യത്തിന് " അടിവരയിടാൻ എന്ന മട്ടിൽ ഒന്നുറച്ചു ചിന്നം വിളിച്ചു ...

Thursday, 13 June 2013

മേരി ടീച്ചർ പറയാത്ത കിണർ


"സമാധാനപരമായി പ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ പട്ടാളം നിറയൊഴിച്ചു. രക്ഷപെടാൻ ഉള്ള പരക്കം പാച്ചിലിനിടയിൽ സ്ത്രീകളും കുട്ടികളും മൈതാനത്തിലെ കിണറിലേക്ക് ചാടി. ബ്രിട്ടീഷ്‌ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടാണ് ജാലിയൻ വാലാബാഗ്. ഈ ക്രൂരതക്ക് നേതൃത്വം നല്കിയത് ഡയർ എന്നാ സൈനിക ഉദ്യോഗസ്ഥനാണ് ".. മേരി ടീച്ചർ പറഞ്ഞു നിർത്തി . ക്ലാസ്സിൽ പതിവില്ലാത്ത ഒരു നിശബ്ദത. മൂന്നാമത്തെ ബെഞ്ചിലെ ജീനയെ നോക്കി ഇരിക്കാറുള്ള ബാക്ക് ബെഞ്ചിലെ ജിസ്മോൻ പോലും ഇന്ന് ക്ലാസ്സിൽ ശ്രദ്ധിച്ചിരിക്കുന്നു.

അശോക ചക്രവർത്തിയുടെ ഭരണ പരിഷ്ക്കാരങ്ങളും പാനിപട്ട് യുദ്ധം നടന്ന വർഷവും മനസില്ലാ മനസ്സോടെ കാണാതെ പഠിച്ച് മാർക്ക്‌ വാങ്ങുന്ന കാലത്തും ജാലിയൻ വലാബാഗിലെ കൂട്ടക്കൊലയെ പറ്റിയുള്ള വിവരണം മനസിലെവിടെയോ ചെന്ന് കൊണ്ടു. ഒരു പക്ഷെ ആ ഒരു വികാരം ആയിരിക്കാം ഇന്ത്യയിലേക്ക്‌ വരുന്ന ബ്രിട്ടീഷ്‌ പ്രധാന മന്ത്രിയിൽ നിന്നും ഒരു ജലിയാൻ വാലാബാഗ് സന്ദർശനമോ , ഒരു മാപ്പ് പറച്ചിലോ പ്രതീക്ഷിക്കാൻ നമ്മെ ഇന്നും പ്രേരിപ്പിക്കുന്നത്.

ഈ ക്രൂരതയെ പറ്റി പഠിക്കാതെ / അറിയാതെ ഒരു കുട്ടിയും ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സാധ്യത ഇല്ല. ബ്രിട്ടീഷ്‌ ക്രൂരതയുടെ പ്രതീകമായി ജാലിയൻ വാലാ ബാഗും നൂറ്റി ഇരുപതോളം പേരുടെ മൃത ദേഹം കണ്ടെടുക്കപെട്ട ആ കിണറും ഇന്നും നിലകൊള്ളുന്നു. 87 വർഷങ്ങൾക്ക് ശേഷം രണ്ടായിരത്തി ആറിൽ ബ്രിട്ടീഷ്‌ സ്കൂളുകൾ ജാലിയൻ വാലാ ബാഗിനെ പറ്റി പഠിപ്പിച്ചു തുടങ്ങി.

ചരിത്രം മാർക്ക്‌ നേടാനുള്ള ഉപാധിയല്ലാതായ കാലത്താണ് രണ്ടാമത്തെ കിണറിനെ പറ്റി കേൾക്കുന്നത്.

യുദ്ധ തടവുകാരായ , സ്ത്രീകളും കുട്ടികളും മാത്രം അടങ്ങുന്ന ഇരുന്നൂറ് പേർക്കെതിരെ ഉള്ള ക്രൂരതക്ക് സാക്ഷിയായ ഈ കിണർ കാണ്‍പൂരിലാണ്. മൃഗീയതയിൽ ജാലിയൻ വാലാ ബാഗിനേക്കാൾ ഒട്ടും പിന്നിലായിരുന്നില്ല ഇവിടത്തെ കൊലപാതകങ്ങളും. നാല് ഇറച്ചി വെട്ടുകാർ അവരുടെ കശാപ്പ് കത്തി കൊണ്ട് തടവിലാക്കപ്പെട്ട 200 സ്ത്രീകളെയും കുട്ടികളെയും കഷണങ്ങളായി അരിയുകയായിരുന്നു.

പിറ്റേന്ന് രാവിലെ ശരീര ഭാഗങ്ങൾ കിണറ്റിലേക്ക് ഇടാൻ എത്തിയ ജോലിക്കാർ മൂന്ന് കുട്ടികളെയും , 3 സ്ത്രീകളെയും ജീവനോടെ കണ്ടെത്തി. വെട്ടി നുറുക്കിയ ശവശരീരങ്ങൾക്ക് ഒപ്പം അവരെയും ജീവനോടെ കുഴിച്ചു മൂടാനായിരുന്നു അവർക്ക് കിട്ടിയ നിർദേശം. അവരത് അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തു.

ഇത്രയും ക്രൂരമായ ഒരു കൂട്ടക്കൊലയെ പറ്റി മേരി ടീച്ചർ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് അന്വേഷിച്ചാൽ ഒരു പക്ഷെ നമ്മൾ എത്തി നിൽക്കുക നെപ്പോളിയൻ ചേട്ടന്റെ ഒരു പാട് ലൈക്കും ഷെയറും കിട്ടിയ ആ വാചകത്തിൽ ആയിരിക്കും.

“History is written by the winners.”

ഇവിടെ , കാണ്‍പൂരിലെ കൂട്ടക്കൊലയിൽ ഇംഗ്ലീഷുകാർ പ്രതി സ്ഥാനത്ത് നിർത്തുന്നത് 1857 ലെ സ്വാതന്ത്ര സമരത്തിൽ നിന്നും നമ്മളറിയുന്ന ചില പേരുകളാണ്. നാനാ സാഹിബ്‌ , താന്തിയാ തോപ്പേ , അസിമുള്ളാ ഖാൻ. മരിച്ചതാകട്ടെ ഇംഗ്ലീഷ് വനിതകളും , കുട്ടികളും.

ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മളുടെ ത്യാഗങ്ങളുടെ , വിജയങ്ങളുടെ കഥകൾ മാത്രം നമ്മൾ പഠിച്ചാൽ മതിയോ ?. അതോ ചരിത്രത്തെ നിക്ഷ്പക്ഷമായി വിശകലനം ചെയ്യാൻ നമ്മൾ കുട്ടികളെ പഠിപ്പിക്കണോ ?.

മേരി ടീച്ചർ കാണ്‍പൂരിലെ നരഹത്യയെ കുറിച്ച് പഠിപ്പിക്കുന്ന ഒരു കാലം വരുമോ ?.

Tuesday, 4 June 2013

ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത്..


The revolution will not be televised, will not be televised,

will not be televised, will not be televised.

The revolution will be no re-run brothers;

The revolution will be live. -- Gil Scott-Heron

ടെലിവിഷൻ ക്യാമറകൾ കണ്ണടച്ചിരിക്കുന്ന കാലത്ത് ടർക്കി കത്തുകയാണ്‌., നഗര മധ്യത്തിലെ പാർക്ക്‌ ഇടിച്ചു നിരത്തി ഷോപ്പിംഗ്‌ സെന്റെർ പണിയാനുള്ള സർക്കാർ തീരുമാനമാണ് Erdogan നയിക്കുന്ന AKP പാർട്ടിയുടെ സർക്കാരും ജനങ്ങളും തമ്മിലുള്ള പോരാട്ടത്തെ തെരുവിലേക്ക് വലിച്ചിഴച്ചത്. സമാധാനപരമായി പാർക്കിനുള്ളിൽ സമരം നടത്തിയ വിദ്യാർഥികളെ പോലീസ് അടിച്ചമർത്തിയതോടെ ആണ് ജനം തെരുവിലേക്ക് ഇറങ്ങിയത്‌. .. ടർക്കിഷ് മീഡിയ ഇപ്പോഴും പ്രതിഷേധങ്ങളെ അവഗണിക്കുകയാണ് .

പാർക്ക്‌ ഒരു പ്രതീകം മാത്രമാണ് , അത് പ്രതിനിധീകരിക്കുന്നത് ടർക്കിയിലെ ഭരണ സംവിധാനങ്ങളിൽ പിടി മുറുക്കിയിരിക്കുന്ന അഴിമതിയും , അതിനുമപ്പുറം ഒരു സെക്യുലർ ഭരണകൂടത്തിൽ നിന്ന് ഏകാധിപത്യതിലെക്കും മത രാഷ്ട്രത്തിലെക്കും ടർക്കി നടത്തുന്ന ചുവടു വയ്പ്പുകൾ തന്നെയാണ്. ഈ ഭരണകൂടം നടപ്പിലാക്കിയ മാറ്റങ്ങളിൽ ചിലത് ചുവടെ

1. പത്ര പ്രവർത്തകർക്കെതിരെ രാജ്യ ദ്രോഹ കുറ്റം ചുമത്തൽ. നൂറു കണക്കിന് പത്ര പ്രവർത്തകർ ജയിലിലാണ്

2. സ്കൂളുകളിലും സമൂഹത്തിലും മത സ്വാധീനം വർദ്ധിപ്പിക്കാൻ ഉള്ള നടപടികൾ.

3. ജന പ്രക്ഷോഭങ്ങൾക്ക് എതിരെ എടുക്കുന്ന കനത്ത പോലീസ് നിലപാടുകൾ.

4. ജനങ്ങളുടെ ജീവിത രീതിയിൽ ഉള്ള ഇടപെടലുകൾ (പൊതു സ്ഥലങ്ങളിൽ ചുംബിക്കുന്നതിനു വിലക്ക് , അബോർഷൻ നിരോധനം , മദ്യത്തിന് എതിരായ നിലപാടുകൾ )

5. ഭരണ ഖടനാ കോടതിയെ നിയന്ത്രിക്കാനുള്ള നീക്കങ്ങൾ.

6. അഴിമതി , നിയന്ത്രണങ്ങൾ ഇല്ലാത്ത സ്വകാര്യ വൽക്കരണം.

സമരം ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ , ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എതിരെയാണ് എന്നതും ശ്രദ്ധേയം . ടർക്കിയെ സാമ്പത്തിക പുരോഗതിയിലേക്ക് നയിച്ച, മൂന്ന് തിരഞ്ഞെടുപ്പുകൾ ജയിച്ച പാർട്ടി അഴിമതിയിലും , മുൻവിധികളിലും മുങ്ങി ജനങ്ങളിൽ നിന്ന് അകലുന്നത് മറ്റു ജനാധിപത്യ സർക്കാരുകൾക്ക് ഒരു പാഠം ആകേണ്ടതാണ്. അവർ കേൾക്കാൻ തയ്യാറാണെങ്കിൽ


കൂടുതൽ അറിയാൻ
===================

1. http://www.guardian.co.uk/commentisfree/2013/jun/03/turkey-protest-worth-heeding-editorial

2. http://www.guardian.co.uk/world/feedarticle/10821900

3. Pictures : http://imgur.com/a/k5WkW

Thursday, 30 May 2013

തങ്കപ്പനും പൊന്നപ്പനും


നാട്ടിൽ പറഞ്ഞു കേട്ട ഒരു പോലീസ് കഥയുണ്ട്...

സ്റ്റെഷൻ ആണ് സ്ഥലം , അടിപിടിയാണ് കേസ് .. വാദിയും പ്രതിയും 'നാരങ്ങാ വെള്ളം' ഉള്ളിൽ ചെന്നപ്പോൾ സൗഹൃദം മറന്ന രണ്ടു കൂട്ടുകാരാണ്. ഒരു സൌകര്യത്തിനു വേണേൽ നമുക്കവരെ തങ്കപ്പൻ എന്നും പൊന്നപ്പൻ എന്നും വിളിക്കാം. വാദി തങ്കപ്പൻ നല്ല വാശിയിലായിരുന്നു. 


"സാറേ , ഇവനെന്നെ കുടുംബം അടച്ചു തെറി പറഞ്ഞു .. തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവനിട്ട് നാല് കൊടുക്കണം സാറേ, ഇവൻറെ കള്ളുകുടി ഇന്നോടെ നിർത്തണം"

മീശ പിരിച്ച് ഇടിയൻ പോലീസ് പൊന്നപ്പനെ ഒന്ന് നോക്കി , " സത്യമാണോടാ ഈ കേട്ടത് "..

"വെള്ളത്തിൻറെ പുറത്ത് പറ്റിപ്പോയത സാറേ "..

ശ്രീശാന്തിനെ കയ്യിൽ കിട്ടിയ ചാനെൽ സിംഹങ്ങളെ പോലെ ഇടിയൻ പിന്നെ ഒരു 10 മിനിറ്റ് പൊന്നപ്പനെ അങ്ങ് കേറി മേഞ്ഞു. ആദ്യ റൌണ്ട് കഴിഞ്ഞു ക്ഷീണിതനായി ഇടിയൻ സഹതാപ റൌണ്ടിലേക്ക് കടന്നു. 

"കേസ് ഒന്നും ചാർജ് ചെയ്യുന്നില്ല , എനിക്ക് വെള്ളം കുടിക്കാൻ ഒരു 100 രൂപ മേശപ്പുറത്ത് വച്ചിട്ട് പൊക്കൊ "

പൊന്നപ്പന്റെ ഓട്ട കീശയിൽ രൂപ അമ്പതു മാത്രം. സിനിമയിൽ കാശില്ലേൽ തങ്ങളങ്ങാടി ബാപ്പുവിനെ വിളിക്കാം . ജീവിതത്തിൽ പറ്റുമോ ?.

" രൂപാ നൂറ് തികച്ചില്ലേൽ ലോക്കപ്പിൽ കിടക്ക്‌ , ഇപ്പോൾ തന്നതിൻറെ ബാക്കി ഞാൻ രാത്രി തരാം " ഇടിയൻ വിടുന്ന മട്ടില്ല. പോന്നപ്പൻ ദൈന്യതയോടെ തങ്കപ്പനെ നോക്കി.

തങ്കപ്പൻ രൂപ നൂറെടുത്ത് മേശപ്പുറത്തേക്ക് ഇട്ടു. " ഇതെന്നാ മര്യാദയില്ലാത്ത ഇടിയാ സാറെ, ഒരു മനുഷ്യനെ ഇങ്ങനെ ഇടിക്കാമോ. അതിൻറെ പുറത്ത് കൈക്കൂലിയും . ഇത് കോടതിയും നിയമവും ഒക്കെ നാടാണ് എന്നൊർമ വേണം. എന്റെ കുടുംബത്തിലും സാറിനേക്കാൾ നക്ഷത്രം കൂടിയ എമാന്മാരുണ്ട് . ഇനിയവനെ തൊട്ടു പോകരുത് ".

വാ പൊളിച്ച് നിന്ന ഇടിയനെ സാക്ഷിയാക്കി തങ്കപ്പൻ പൊന്നപ്പനെ വിളിച്ചു " നീ ഇങ്ങു വാടാ , ഇന്നത്തെ ചെലവ് എന്റെ വക. രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊന്നിച്ച്‌ ഈ ഇടിയനെ തെറി വിളിക്കാം "..


കേരള രാഷ്ട്രീയത്തിലെ ചില അച്ഛന്മാരെയും മക്കളെയും കാണുമ്പോൾ ഈ പഴയ പെരുമ്പാവൂർ കഥ ഓർമ വന്നാൽ തെറ്റ് പറയാൻ പറ്റുമോ ?

Tuesday, 21 May 2013

വീട്ടു ഭരണം


കാരണവർ എസ്റ്റേറ്റ്‌ ഭരണവും വീട്ടു കാര്യങ്ങളും ഒക്കെ നടത്തി വാഴുന്ന കാലത്താണ് , ഈ തിരക്കൊക്കെ ഒഴിവാക്കി പേരക്കുട്ടികളെയും നോക്കി സുഖമായി ഇരുന്നു കൂടെ എന്ന ചോദ്യം പരമ സാത്വികനായ ഗൾഫ്കാരൻ മൂത്ത മകനിൽ നിന്നും വരുന്നത്.

അത് ശരിയാണല്ലോ എന്ന് കാരണവർക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ പ്രതാപി കാരണവര് തന്നെയല്ലേ ?. പണിയൊക്കെ ചെയ്യാൻ നാട്ടിലുള്ള നാല് മക്കളുണ്ടല്ലോ. കൊച്ചു മക്കൾ ആണേൽ ദിവസവും തമ്മിലടി . അവരെ നിയന്ത്രിച്ച്‌ പിള്ളേരേം ഭരിച്ച് സുഖമായി ശിഷ്ടകാലം കഴിഞ്ഞുകൂടെ ?.


നയവും അടവും അറിയാവുന്ന രണ്ടാം മകനെ കാരണവർ ഭരണം ഏൽപ്പിച്ചു. പിന്നെ കാര്യങ്ങളൊക്കെ അതി വേഗത്തിലായിരുന്നു . അനിയന്മാരെയും വിളിച്ചു കൂട്ടി ചർച്ച തുടങ്ങി. അടച്ചിട്ട മുറിയിൽ നിന്ന് കൊലവിളിയും കരച്ചിലും പിന്നെ ഇളയമകന്റെ സ്പെഷ്യൽ തെറി വിളിയും ഒക്കെ കേട്ടെങ്കിലും എസ്റ്റേറ്റ്‌ വിഭജനം വിജയകരമായി.

ആദ്യമാദ്യം കാര്യങ്ങൾ പരമ സുഖമായിരുന്നു. വീട്ടിൽ ആര് വന്നാലും "ഞങ്ങൾ ഒക്കെ വെറും ജോലിക്കാർ , കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്‌ കാരണവര് തന്നെ " എന്ന പല്ലവി മക്കൾ ഉരുവിട്ട് കൊണ്ടേ ഇരുന്നു. പിന്നെ, പിന്നെ കാലം ബഹുദൂരം ചെന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി തുടങ്ങി.

എസ്റ്റേറ്റ്‌ വരുമാനം കൊണ്ട് മക്കൾ സുഖ ജീവിതം തുടങ്ങി , കാരണവരാവട്ടെ പിള്ളേരുടെ നാപ്പി മാറ്റലും , സ്‌കൂളിൽ വിടലും , തല്ലിന് മധ്യസ്ഥം പറഞ്ഞും മടുത്തു. അങ്ങനെ ഒരു ദിവസം കാരണവർ മൂത്ത മകന്റെ അടുത്തെത്തി .

"പിള്ളേരൊക്കെ വലുതായില്ലെ , ഇനി ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങിയാലോ ?"

" ഹ്മ് ... അതെന്താ അച്ഛന് ഇപ്പൊ അങ്ങനെ തോന്നാൻ ?. "

" അല്ല, നിങ്ങൾ നിർബന്ധിച്ചാൽ ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങാം , ആഗ്രഹം ഉണ്ടായിട്ടോന്നും അല്ല "..


"രണ്ടാമനല്ലേ ഇപ്പൊ ഭരണം , എന്താണെന്നു വച്ചാൽ നിങ്ങൾ തമ്മിൽ തീരുമാനിച്ചോ. ഞാൻ ഇടപെടുന്നില്ല ".

രണ്ടാമൻ അച്ഛന്റെ ആഗ്രഹം കേട്ടതോടെ കസേരയിൽ നിന്ന് ചാടി എണീറ്റു.


"അച്ഛന് ഈ കസേര വേണം എങ്കിൽ ഒരു വാക്ക് പറഞ്ഞാൽ പോരെ ?, ഈ ഞാൻ തരില്ലേ , പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട് ".

"അതെന്ത് പ്രശ്നം ? ".

" ഇപ്പോൾ അച്ഛനല്ലേ തറവാട്ട്‌ കാരണവർ , അതിൽ നിന്ന് താഴേക്കുള്ള ഒരു പതനമല്ലേ ഈ എസ്റ്റേറ്റ്‌ നോക്കുക എന്നത് ?. ഈ അപമാനം അച്ഛൻ സഹിച്ചാലും , ഞങ്ങൾ മക്കൾക്ക്‌ സഹിക്കില്ല. അത് മാത്രമല്ല , ഞാൻ ഈ കസേരയിൽ നിന്ന് എണീറ്റു എന്നറിഞ്ഞാൽ എനിക്ക് താഴെ ഉള്ള രണ്ടാളും അവിടെ കേറാൻ തല്ലു തുടങ്ങും . വെറുതെ നമ്മളായിട്ട് വീട്ടു വഴക്ക് ഉണ്ടാക്കണോ ?. ".

തല്ലും തെറി വിളിയും പൂരപ്പാട്ടും ആയി തെമ്മാടിക്കുഴി ലക്ഷ്യമാക്കി നടക്കുന്ന നാലാമൻ കേറി വന്നത് അപ്പോഴാണ് ..

" അയ്യയ്യേ , അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങുകയോ , ആ മനൊരമനും , ദേശപ്പനും ഒക്കെ എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്‌ . അധികാര മോഹിയാണ് അച്ഛൻ എന്ന് വരെ അവര് പറഞ്ഞു കളയും . കുടുംബത്തിന് ഇതിലും വലിയ ഒരു നാണക്കേട്‌ വരാനുണ്ടോ ? ".


" അത് മാത്രമല്ല , ആ സുകുവേട്ടൻ പറഞ്ഞത് കൊണ്ടാണ് അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ ഭരിക്കാൻ ഇറങ്ങുന്നത് എന്നും നാട്ടിൽ വാർത്തയുണ്ട് . നാലാൾ അറിഞ്ഞാൽ അച്ഛന്റെ ഇമേജ് എന്താവും അച്ഛാ ?. "


ഇത്രയും "നല്ല" മക്കളെ തന്നതിന് ദൈവത്തിന് പല്ല് ഇറുമി ഒരു "നന്ദി " പറഞ്ഞിട്ട് അച്ഛൻ ചാടി എണീറ്റു .


" മക്കളെ , ഇനി ഞാൻ ഒരു തീരുമാനം പറയാം. എനിക്ക് അധികാര മോഹമേ ഇല്ല , എസ്റ്റേറ്റ്‌ എന്നാ വാക്ക് തന്നെ ഞാൻ വെറുത്തു പോയി...".


ഇത്രയും സ്നേഹമുള്ള അച്ഛന് വേണ്ടി മക്കൾ കൂട്ട പ്രാര്ത്ഥന നടത്തുമ്പോൾ ആകാശത്ത് നിന്ന് മാലാഖമാർ പ്ലാസ്റ്റിക് പൂവ് കൊണ്ട് അഭിഷേകം തുടങ്ങിയിരുന്നു..

Tuesday, 14 May 2013

കേരളാ മോഡൽ.

" ഒകേ , അപ്പോൾ നാള പേപ്പറിനും , ഇന്ന് വൈകീട്ട് ചാനലിനും വേണ്ടിയുള്ള വാർത്തകളുടെ ലിസ്റ്റ് എടുക്കൂ".

"നമ്മുടെ കൊട്ടിഖോഷിച്ച കേരളാ മോഡൽ തകരുകയാണ് സാർ."

"അത് പിന്നെ പറയാനുണ്ടോ , പാർട്ടി ഉടനെ പിളരും , വിയെസ്സിനെ കേന്ദ്ര കമ്മിറ്റി പുറത്താക്കും, ബംഗാളിലെ പോലെ ഇവിടെയും കമ്മ്യൂണിസം പൊളിയും. .."

" അതല്ല, 36 കുട്ടികളാണ് രണ്ടു വർഷത്തിൽ അവിടെ മരിച്ചത് , കഴിഞ്ഞഅഞ്ച് മാസത്തിൽ മരിച്ചത് 18 പേർ "

"ചിറകരിഞ്ഞാൽ പിന്നെ മരണം പെട്ടന്നായിരിക്കും , എന്തായിരിക്കും പുതിയ പാർട്ടിയുടെ പേര് ?. തുറന്ന പോരിന് വീയെസ്സ് !! , എങ്ങനെ ഉണ്ട് തലക്കെട്ട് ?. അതോ അവസാന അങ്കത്തിന് എന്ന് വേണോ ?.".

" കൊല്ലം എഴായില്ലേ ഇതേ തലക്കെട്ട്‌ എഴുതാൻ തുടങ്ങിയിട്ട്, ഇനി പുറത്താക്കലോക്കെ കഴിഞ്ഞിട്ട് ബാക്കി എഴുതിയാൽ പോരെ സാറേ ?. അട്ടപ്പാടി ആദിവാസി കുടിലുകളിൽ ഭൂരിപക്ഷം കുട്ടികളും പോഷകാഹാര കുറവുള്ളവർ ആണെന്ന് ഹൊസ്പിറ്റൽ റിപ്പോർട്ട്‌". "". "

" ഭൂരിപക്ഷത്തിന് അല്ലെങ്കിലെ നാട് വിടേണ്ട ഗതിയാണ് , ഇനി വൈകീട്ട് നമ്മുടെ ടിവിയിൽ ചർച്ചയുണ്ട് " മത ഭൂരിപക്ഷം യുറോപ്പിലേക്കോ അമേരിക്കയിലേക്കോ ? ". പതിവ് ചാനൽ സിംഹങ്ങളെ ഒക്കെ ഒന്ന് വിളിച്ചു പറഞ്ഞേക്കൂ ".

" കഴിഞ്ഞ രണ്ടു വർഷത്തിൽ ആണ് ആദിവാസി കുടിലുകളിലെ വൈദ്യ സഹായം ഇത്രയ്ക്കു മോശമായത് , ഇതിൽ സർക്കാരിൻറെയും പാർട്ടിയുടെയും പ്രതികരണം അറിയണ്ടേ ? ".

" അത് പറഞ്ഞപ്പോഴാണ് , പാർട്ടി നേതാവിനോട് ഒന്ന് രണ്ടു ചൂടൻ ജാതി/ മത ചോദ്യങ്ങൾ ചോദിക്കണം, പുള്ളി എങ്ങി കരഞ്ഞോളും. മുഖ്യ മന്ത്രിയോട് പിന്നെ മെട്രോയെ പറ്റി ചോദിച്ചാൽ മതി. ആ മേൽപ്പാലത്തിനു മുകളിലും താഴെയും നിന്ന് ഓരോ ക്യാമറാ ടീം വീഡിയോ എടുക്കട്ടെ "

" നമ്മുടെ സംസ്ഥാനത്ത് ഇത്രയും കുട്ടികൾ മരിക്കുന്നത് എന്ത് കൊണ്ട് അന്വേഷിക്കണ്ടേ സാർ ? . ഉത്തരവാദിത്വപ്പെട്ടവരെ കണ്ടെത്തണ്ടേ ? "

" അതെ ഉത്തരവാദിത്വം ആർക്ക്, എന്ന് തന്നെയാവട്ടെ തലക്കെട്ട്‌ , വീയെസ്സിന്റെ പേർസണൽ സ്റ്റാഫിന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്കാർ ആരെങ്കിലും ചായ വാങ്ങി കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഉണ്ടെങ്കിൽ അവരെയും പുറത്താക്കി പാർട്ടി ധര്മികത കാണിക്കണമല്ലോ"

" അട്ടപ്പാടിയിലേക്ക് ക്യാമറാ ടീമിനെ അയക്കണ്ടേ ? "

" പെരുന്നയിലും ശിവഗിരിയിലും അവര് സ്ഥിരമായി ക്യാമ്പ്‌ ചെയ്യുന്നുണ്ടല്ലോ . പിന്നെന്തു വേണം ?."

" അപ്പോൾ കേരളത്തിൽ മരണങ്ങൾ എന്ത് കൊണ്ട് എന്ന അന്വേഷണം ? ".

"അന്വേഷിക്കുന്നുണ്ടല്ലോ, കേരളാ ഹൌസ് ധാർമികതയുടെ മരണമോ ??, അവന്മാരുടെ കുറച്ച് TRP ഇങ്ങു പോരും. പിന്നെ ആ സോഷ്യൽ മീഡിയ പിള്ളേരേം ഒന്ന് പൊക്കി പറഞ്ഞേരെ,,,"

ചർച്ചകൾ ഇങ്ങനെ നീണ്ടു പോകാൻ തന്നെയാണ് സാധ്യത , വിദേശ രാജ്യങ്ങൾക്ക് ഒപ്പം ആരോഗ്യ രംഗം മികവു കാട്ടിയ കേരളത്തിൽ 36 കുട്ടികൾ പോഷക കുറവ് മൂലം മരിക്കുകയോ ?. ആയിരക്കണക്കിന് ഡോക്ടർമാർ ഉള്ള സംസ്ഥാനത്ത് ജോലി ചെയ്യാൻ ആളെ കിട്ടാതെ വരികയോ ?. കോടികൾ ഒഴുക്കുന്ന ഇമേജിംഗ് കേരള ഉള്ള നാട്ടിൽ പട്ടിണിയോ ?. നാലാൾ അറിഞ്ഞാൽ കേരളത്തിന്റെ അന്തസ്സ് എവിടെ പോകും ?.

ജീവന് വിലയില്ലാത്ത മുപ്പത്തിയാറ് കുട്ടികളെ ഓർത്ത് നാണം കൊണ്ട് തല താണ് പോകുന്നു എന്നതാണ് സത്യം.

* രണ്ടു വർഷത്തിൽ മരിച്ചത് 36 കുട്ടികൾ

* 18 മരണങ്ങൾ കഴിഞ്ഞ അഞ്ച് മാസത്തിൽ

* 836 കുട്ടികളിൽ 536 പേർക്ക് പോഷകാഹാര കുറവ്

* Attappady Hills Area Development Society (AHADS) പ്രൊജക്റ്റ്‌ രണ്ടു വർഷമായി മുടങ്ങി കിടക്കുന്നു .

* 2010ൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ഒന്നും ഇപ്പോഴും ധനസഹായം എത്തിയിട്ടില്ല.

* പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല.

Reference 
=======

1. http://www.thehindu.com/news/national/kerala/government-machinery-yet-to-be-fully-activated/article4711155.ece

2. http://www.thehindu.com/news/national/kerala/in-attappady-a-welfare-society-in-distress/article4693381.ece

Friday, 10 May 2013

ഞാൻ, ലൈംഗിക തൊഴിലാളി

നളിനി ജമീലയുടെ ആത്മകഥ വായിക്കുമ്പോൾ മനസിൽ തട്ടുന്നത് രണ്ടു കാര്യങ്ങളാണ്‌ , അതിൽ ആദ്യത്തേത് ഇര വാദത്തിന്റെ അഭാവം തന്നെയാണ്. സമൂഹവും ജീവിതവും എന്നെ ഈ തൊഴിലിൽ കൊണ്ടെത്തിച്ചു എന്ന പതിവ് പരിഭവമൊന്നും തീരെയില്ലാത്ത ഒരു പുസ്തകം . (എന്ത് കൊണ്ടാണ് അത്തരം ഒരു വാദം ഞാൻ പ്രതീക്ഷിച്ചത് എന്നാലോചിക്കുമ്പോൾ , ഒരു പക്ഷെ ലൈംഗിക തൊഴിലാളികളെ കുറിച്ച മറ്റുള്ളവർ എഴുതുന്നത്‌ മാത്രമേ വായിച്ചിട്ടുള്ളൂ എന്നൊരുത്തരം ആണ് മനസിലേക്ക് വരുന്നത് )

കച്ചവട സാദ്ധ്യതകൾ മുതലെടുക്കാനുള്ള ഒരു ശ്രമവും എഴുത്തുകാരിയുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം. ഇക്കിളിപ്പെടുത്തുന്ന വിവരണങ്ങൾ ഇല്ലാതെ, വസ്തു നിഷ്ടമായി ലൈംഗികതയെ പറ്റിയും , ആ തൊഴിൽ ചെയ്യുന്നവരെ പറ്റിയും പറഞ്ഞു പോയിരിക്കുന്നു ഇതിൽ.

മക്കളെ നോക്കാനുള്ള പണമുണ്ടാക്കാൻ താൻ അന്ന് കണ്ട ഏറ്റവും നല്ല വഴി ഇതായിരുന്നു എന്നാണ് നളിനി ജമീല തന്റെ തൊഴിൽ തിരഞ്ഞെടുപ്പിനെ പറ്റി പറയുന്നത്. ലൈംഗിക തൊഴിലാളികൾ കാണുന്ന കേരളത്തിന്റെ ഒരു നേർ ചിത്രമുണ്ട് ഈ പുസ്തകത്തിൽ. ആദ്യ കാലങ്ങളിൽ ബ്രോക്കെർമാരോട് (ഇവരാണ് പലപ്പോഴും ഭർത്താക്കന്മാരും , പിന്നീട് കുട്ടികളുടെ അച്ഛനും ഒക്കെ ആവുന്നതെന്ന് നളിനി ജമീല ) ഒപ്പം താമസിച്ചു വീടുകളെ ചുറ്റി പറ്റി തൊഴിൽ ചെയ്യുന്ന കാലത്ത് ഇന്നത്തെ അത്ര ബുദ്ധിമുട്ടുള്ള ഒരു സാഹചര്യം അല്ലായിരുന്നു എന്നാണ് നളിനിയുടെ വാദം . വീടുകളിൽ നിന്ന് പുറത്തേക്ക് ഈ തൊഴിലിനായി ഇറങ്ങിയതോടെ ഒരു ലൈംഗിക തൊഴിലാളിയുടെ സുരക്ഷ ഭീഷണി നേരിടുന്നു എന്ന വിഷമം പങ്കുവയ്ക്കുന്നുണ്ട് അവർ.

ജനങ്ങളിൽ നിന്നും , പോലീസുകാരിൽ നിന്നും നിയമത്തിൽ നിന്നുമൊക്കെ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയുള്ള അവബോധമാണ് ജ്വാലാമുഖി എന്ന സംഖടനയിൽ പ്രവർത്തിക്കാൻ നളിനിയെ പ്രേരിപ്പിക്കുന്നത്. മറ്റുള്ളവർക്ക് കിട്ടുന്ന നിയമ പരിരക്ഷയോ , സാമൂഹിക പരിരക്ഷയോ ഒരു ലൈംഗിക തൊഴിലാളിക്ക് കിട്ടുന്നില്ല എന്ന സത്യത്തിന് ഒരു മാറ്റം വേണം എന്ന വാദത്തിൽ കഴമ്പുണ്ട്.

ലൈംഗിക തൊഴിലാളി എന്ന രീതിയിലുള്ള അനുഭവങ്ങൾക്ക് അപ്പുറത്ത്, വ്യക്തിപരമായി തീഷ്ണമായ അനുഭവങ്ങൾ കൂടി ഈ പുസ്തകം പങ്കു വയ്ക്കുന്നുണ്ട്‌. . മകളുടെ സുരക്ഷയ്ക്ക് വേണ്ടി ധര്മ സ്ഥാപനങ്ങളിൽ താമസിക്കേണ്ടി വന്ന കാലമാകട്ടെ , നിയമവും ദേശവും കയ്യോഴിഞ്ഞവരുടെ ബംഗ്ലാദേശ് കോളനിയിൽ ആവട്ടെ , ജീവിതം റോസാപ്പൂ വിരിച്ച പാതയിലൂടെ ഉള്ള യാത്രയല്ല നളിനി ജമീലക്ക്.

പുസ്തകത്തിൻറെ അവസാന അധ്യായങ്ങളിൽ ലൈംഗികതയെ പറ്റിയും , ഒരു തൊഴിൽ എന്ന രീതിയിൽ അതിനെ കാണുന്നതിനെ പറ്റിയും , സമൂഹത്തിന്റെ , പോലീസുകാരുടെ, മാധ്യമങ്ങളുടെ കാഴ്ചപ്പാടുകളെ പറ്റിയും ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഉണ്ട് . രണ്ട് മൂന്ന് ഉദാഹരണങ്ങൾ ചുവടെ

" ലൈംഗികത വളരെ ആസ്വദിക്കാവുന്ന ഒരു മഹത്തായ സംഗതിയല്ലേ , അത് വിൽക്കാമോ എന്നാണ് ചിലർ ചോദിക്കുന്നത്, വിദ്യാധനം സർവ ധനാൽ പ്രധാനം എന്നല്ലേ , വിദ്യ പകര്ന്നു തരുന്ന അധ്യാപകൻ അത് ഫ്രീ ആയി തരണം എന്ന് പറഞ്ഞാൽ തരുമോ?, ഇല്ല, അതിനയാൾക്ക് ശമ്പളം വേണം . യേശുദാസ്‌ പാട്ട് പാടിയാൽ പ്രതിഭലം വാങ്ങുന്നത് അത് ആസ്വദിക്കാവുന്ന കല അല്ലാത്തത് കൊണ്ടാണോ ?. അത് പോലെ കണക്കാക്കിയാൽ മതി ലൈംഗികതയും "

" വിൽക്കാമോ എന്ന് ചോദിക്കാനുള്ള അവകാശം പുറത്തുള്ളവർക്ക് ഇല്ല , അവർ സ്വയം ചോദിക്കേണ്ടത്‌ വാങ്ങാമോ എന്നാണ് . എല്ലാവരും വാങ്ങണം എന്ന് ആരും നിര്ബന്ധിക്കുന്നില്ല , ആവശ്യമുള്ളവർ മാത്രം വന്നാൽ മതി "

"ലെസ്ബിയനിസം കുടുംബാസൂത്രണം ആണ് എന്ന് അന്ഗീകരിച്ചാൽ എന്താണ് തെറ്റ് , ലെസ്ബിയനിസം കുടുംബാസൂത്രണം ആണ് , അത്രയധികം മനുഷ്യരെ ഒന്നും ലോകത്തിന് ആവശ്യം ഇല്ല "

വ്യത്യസ്തമായ ഒരു ലോകവും കാഴ്ചപ്പാടും അറിയാൻ ആഗ്രഹിക്കുന്നവർ വാങ്ങി വായിക്കേണ്ട ഒരു പുസ്തകം.

Tuesday, 2 April 2013

ഷാ ബാനുവിൽ നിന്ന് ബാബറി മസ്ജിദിലേക്ക് ...

The Muslim Women (Protection of Rights on Divorce) Act എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു ചിത്രം ഉണ്ട്. വിവാഹ മോചനം നേടുന്ന മുസ്ലിം സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കുന്ന ഒരു നിയമത്തെ പറ്റിയുള്ള ചിത്രം. ചരിത്രം പക്ഷെ പറയുന്നത് മറ്റൊന്നാണ് ഇന്ത്യൻമതേതരത്വം നേരിട്ട ഏറ്റവും വലിയ പരീക്ഷണമായ ബാബറി മസ്ജിദിന്റെ തകർച്ചയിലേക്ക് നയിച്ച, കോണ്‍ഗ്രസ്‌ സര്ക്കാരിന്റെ മത പ്രീണന നയങ്ങളുടെ തുടക്കം ഈ നിയമത്തിൽ നിന്നാണ് എന്ന് ചരിത്രകാരന്മാർ വാദിക്കുന്നു.


തന്റെ ഭാര്യയായിരുന്ന ഷാ ബാനോക്ക് ജീവനാംശം കൊടുക്കാൻ വിധിച്ച ഹൈ കോടതിക്കെതിരെ ഭർത്താവായ അഹമ്മദ്‌ ഖാൻ നല്കിയ പരാതിയിൽ സുപ്രീം കോടതിയുടെ വിധി വരുന്നത് 1985 ൽ ആണ്. ഇസ്ലാമിക്‌ പേർസണൽ ലോ അനുസരിച്ച് 3 മാസം ജീവനാംശം നല്കിയത് കൊണ്ട് മുന് ഭാര്യയെ സംരക്ഷിക്കേണ്ട കടമ തനിക്കില്ല എന്നായിരുന്നു ഖാന്റെ വാദം. ഈ വാദം തള്ളിയ കോടതി CPC (Criminal Procedure Code) 125 പ്രകാരം ഷാ ബാനോക്ക് ജീവനാംശ തുകക്ക് അർഹതയുണ്ട് എന്ന് വിധിച്ചു.


ഈ വിധിക്കൊപ്പം കോടതി uniform civil code നെ പറ്റിയും , അതിൽ ഉൾപെടാത്ത മുസ്ലിം മത വിഭാഗത്തെ പറ്റിയും നടത്തിയ ചില പരാമർശങ്ങൾ മുസ്ലിം മത പണ്ഡിതന്മാരുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. ഈ സാഹചര്യത്തിലാണ് ജി എം ബനാത്ത് വാല, മുസ്ലിം സമുദായത്തെ CPC 125 എന്ന നിയമത്തിന് പുറത്തു കൊണ്ട് വരാൻ മുകളില പറഞ്ഞ ബിൽ അവതരിപ്പിക്കുന്നത്‌.


കോണ്‍ഗ്രസിന്‌ മൃഗീയ ഭൂരിപക്ഷം ഉള്ള സഭയിൽ രാജീവ്‌ ഗാന്ധിയുടെ വിശ്വസ്തൻ ആരിഫ് മുഹമ്മദ്‌ ഖാനെ പോലെ ഉള്ള നേതാക്കൾ ബില്ലിനെ നിശിതമായി എതിർത്തു , ആദ്യ ശ്രമത്തിൽ ബിൽ സഭയിൽ പരാജയപ്പെട്ടു. പക്ഷെ സഭക്ക് പുറത്ത് പ്രതിഷേധം ശക്തമായി തുടർന്നു , എതിർപ്പുകളെ ഭയന്ന് ഷാ ബാനോ തന്റെ നിലപാടിൽ നിന്ന് പിന്മാറി, ഉത്തരേന്ത്യയിൽ മുസ്ലിങ്ങൾ കോണ്‍ഗ്രസിന്‌ എതിരാകും എന്ന് ഭയന്ന രാജീവ്‌ ഗാന്ധി തന്റെ ആദ്യ നിലപാടിൽ നിന്ന് പിന്നോട്ട് പോയി, 1986 ൽ മുസ്ലിം പേർസണൽ ലോ CPC 125 യുടെ പരിധിക്ക് പുറത്ത് ആക്കുന്ന ബിൽ കോണ്‍ഗ്രസ്‌ സഭയിൽ അവതരിപ്പിച്ചു വിജയിപ്പിച്ചു. ആരിഫ്‌ മുഹമ്മദ്‌ ഖാൻ രാജി വച്ച് പുറത്തു പോയി.


മുസ്ലിം മത പ്രീണനം നടത്തുന്ന സർക്കാർ എന്ന ആരോപണത്തിൽ നിന്നും രക്ഷപെടാൻ രാജിവ് ഗാന്ധിയും കോണ്‍ഗ്രസ്സും കണ്ടത്തിയ വഴി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായി മാറി. 1950 മുതൽ തർക്ക സ്ഥലമായിരുന്ന ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറക്കാൻ ഉള്ള ഉത്തരപ്രദേശ് കോടതിയുടെ വിധി പ്രധാന മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമായിരുന്നു എന്ന് രാമചന്ദ്ര ഗുഹയെപ്പോലെ ഉള്ള ചരിത്രകാരന്മാർ ഉറച്ചു വിശ്വസിക്കുന്നു.



തർക്ക സ്ഥലം ഹിന്ദുക്കൾക്ക് തുറന്നു കൊടുത്താൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉന്നത ഉദ്യോഗസ്ഥർ കോടതിക്ക് ഉറപ്പു നൽകി. കോടതി വിധി വന്ന് അര മണിക്കൂറിനകം ഉദ്യോഗസ്ഥർ ഗേറ്റ് തുറന്നു കൊടുത്തു. ഇന്ത്യയുടെ ദേശീയ ചാനൽ ആയ ദൂരദർശൻ ഈ നടപടികൾ നേരിട്ട് സംപ്രക്ഷേപണം ചെയ്തു. മൂന്ന് വർഷത്തിനു ശേഷം തിരഞ്ഞെടുപ്പിന് ഒരുങ്ങിയ രാജിവ് ഗാന്ധി തന്റെ പ്രചരണം തുടങ്ങിയത് അയോധ്യക്ക് അടുത്തുള്ള പട്ടണത്തിൽ നിന്നാണ്. ഹിന്ദു വോട്ട് ബാങ്ക് തന്നോടൊപ്പം എന്നുറപ്പിക്കാൻ തന്റെ അഭ്യന്തര മന്ത്രി ഭുട്ടാ സിംഗിനെ അയോധ്യയിലെ ശിലാന്യാസ ചടങ്ങിലേക്ക് അയക്കാനും മറന്നില്ല രാജീവ്‌ ഗാന്ധി.


തുലാസിന്റെ ഇരു വശവും ഒപ്പമാക്കി മതേതരത്വം എന്നാ പേരിൽ നടപ്പിലാക്കിയ ഇത്തരം മത പ്രീണനങ്ങൾ ഇന്ത്യയെയും കോണ്‍ഗ്രസിനെയും എവിടെ എത്തിച്ചു എന്നുള്ളതിന് കാലം സാക്ഷി. മസ്ജിദ് പൊളിക്കാൻ മൌനാനുവാദം കൊടുത്ത പ്രധാന മന്ത്രി എന്നാ പേര് നരസിംഹ റാവുവിന് ചരിത്രം പതിച്ചു നൽകിയപ്പോൾ ഷാ ബാനുവും , 86 ലെ കോടതി വിധിയും ഓർമയുടെ കയങ്ങളിൽ മാഞ്ഞു പോയി.

References
==========

1. India After Gandhi - Ramachandra Guha
2. Inspite of the Gods - Edward Luce
3. The Battle for India's Soul - Krishna Pokharel and Paul Beckett
4. Shah Bano, The Struggle and Surrender - Ritu Sarin. 

Saturday, 23 March 2013

കള്ളന്റെ കഥ

കള്ളൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളുടെ ജീവിത കഥ വായിക്കാൻ ഇരുന്നപ്പോൾ പ്രതീക്ഷിച്ച പലതും "തസ്കരൻ" എന്ന പുസ്തകത്തിൽ ഉണ്ട്,

ദാരിദ്ര്യം നിറഞ്ഞ ബാല്യം, ചെറിയ തെറ്റുകൾക്ക് കിട്ടുന്ന വലിയ ശിക്ഷകൾ , കളവിന്റെ പാഠശാലയായ ജയിലുകൾ , കള്ളന്മാരെ കളവിൽ തോപ്പിക്കുന്ന പോലീസുകാർ, ഒരിക്കൽ വീണു പോയാൽ ഒരിക്കലും മായാത്ത കള്ളൻ എന്ന വിളിപ്പേര് , അങ്ങനെ പലതും.

മലയാളിയുടെ മദ്യപാനം മുതൽ കിടപ്പറ ശീലങ്ങളെ പറ്റി വരെ മണിയൻ പിള്ളക്ക് വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ട്. വലിയ ഒരു വായനാ സുഖം തരുന്ന കൃതിയൊന്നും അല്ലെങ്കിലും മോഷണത്തെ പറ്റിയുള്ള ഒരു കള്ളന്റെ നിരീക്ഷണങ്ങളും വിശ്വാസങ്ങളും പലപ്പോഴും രസകരമായി തോന്നി

1. മനസമാധാനവും സന്തോഷവും ഉള്ള വീടുകൾ ആണ് പൊതുവെ മോഷണത്തിന് നല്ലത്. മനസമാധാനം ഇല്ലാത്തിടത്ത് ഉറക്കം കുറവായിരിക്കും. പിടിക്കപെടാൻ സാധ്യത കൂടുതൽ.

2. ഒരുപാട് ആളുകളുള്ള വീട്ടിൽ പലപ്പോഴും മോഷണം എളുപ്പമാണ്, അപ്പുറത്തെ മുറിയിൽ നിന്നും ശബ്ദം കേട്ടാലും വീട്ടുകാര ആരെങ്കിലും ആണ് എന്ന് കരുതി ആളുകള് കിടന്നുറങ്ങും .

3. വാതിലിനും ജനലിനും പുറത്തു ഗ്രിൽ വയ്ക്കുന്നതാണ് പലപ്പോഴും കള്ളന്മാരെ തടയാനുള്ള എളുപ്പ വഴി , മരം കൊണ്ടുള്ള വാതിലിനു പിറകിൽ പട്ട വയ്ക്കുന്നത് വലിയ ഒരു പ്രതിരോധം അല്ല

4. കള്ളന്മാർ അപൂർവമായേ ദേഹത്ത് എന്നാ പുരട്ടി കളവു നടത്തൂ. സമർഥരായ കള്ളന്മാർ കളവിന് ശേഷം മാന്യമായ വേഷം ധരിച്ചേ പുറത്തിറങ്ങൂ. (അസമയത് കണ്ടാൽ പോലീസുകാർ ആദ്യം നോക്കുന്നത് പ്ലാസ്റ്റിക്‌ കവറിൽ കളവു നടത്തിയ സമയത്തെ വസ്ത്രം പൊതിഞ്ഞു വച്ചിട്ടുണ്ടോ എന്നാണത്രേ )

5. രാത്രിയിലെ ബസ്‌ / ട്രെയിൻ സമയങ്ങളും , സെക്കന്റ്‌ ഷോ സിനിമയുടെ കഥയും , നാട്ടിലെ കുറച്ചു മാന്യന്മാരുടെ പേരുകളും എപ്പോഴും ഓർമ വേണം

6. സത്യമുള്ള പണം പരതിയാൽ കിട്ടില്ല, കണ്ടു പിടിക്കാൻ ഏറ്റവും വിഷമം ഉള്ള മോഷണ വസ്തു സ്റ്റോർ റൂമിലെ കുപ്പികളിൽ വീട്ടമ്മമാർ ഒളിപ്പിക്കുന്ന സ്വർണമാണ്.

7. ചുറ്റും ചെറിയ ബഹളങ്ങൾ ( വാഹനങ്ങൾ , ആൾ സഞ്ചാരം ) ഉള്ള വീടുകളില ആണ് മോഷണം എളുപ്പം, ചെറിയ ഒരു ശബ്ദം കേട്ടാലും ആരും എണീറ്റ്‌ നോക്കില്ല.

8. വീട്ടിൽ മനസമാധാനത്തോടെ ജീവിക്കണം എങ്കിൽ സ്വന്തം നാട്ടിൽ മോഷ്ടിക്കാതിരിക്കുക

കർണാടകയിൽ MLA പദത്തിന് അടുത്തെത്തിയ ഉയര്ച്ചയുടെ കാലവും , പിന്നീട് ഒരു ദിവസം കൊണ്ട് വീണ്ടും ഒരു കള്ളൻ ആയതും ഒക്കെ വിവരിക്കുന്നുണ്ട് മണിയന്പിള്ള.

രാഷ്ട്രീയ വൈരം തീർക്കാൻ ഗൾഫിൽ വിസ ശരിയായ എതിരാളിയുടെ പാസ്പോർട്ട്‌ മോഷ്ടിക്കാൻ പറയുന്ന നേതാക്കളെ പറ്റിയും ഉണ്ട് പരാമർശം .

എന്തായാലും കള്ളനും പറയാൻ ഒരു കഥ ഉണ്ടെന്നും , അവൻ കാണുന്ന ഒരു ലോകം ഉണ്ടെന്നും മനസിലാക്കി തന്റെ നാട്ടിലെ കള്ളനെ പറ്റി ഇത്തരം ഒരു പുസ്തകം എഴുതിയ ഇന്ദുഗോപന് നന്ദി.

Thursday, 7 March 2013

UDF ഉം മഹാവിഷ്ണുവും

ചെറുപ്പത്തില്‍ മുത്തച്ഛന്റെ മടിയില്‍ ഇരുന്നു കേട്ട ഒരു കഥയുണ്ട് , വിഷ്ണുവിന്‍റെ വേഷം കെട്ടിയ നെയ്ത്തുകാരന്റെ കഥ. രാജകുമാരിയെ പ്രണയിച്ച അയാള്‍ വിഷ്ണുവിന്‍റെ വേഷം ധരിച്ച് സുഹൃത്ത് ഉണ്ടാക്കിയ യന്ത്ര ഗരുഡനില്‍ കയറി രാജകുമാരിക്ക് അടുത്തെത്തി. മഹാവിഷ്ണു ആണെന്ന് തെറ്റിദ്ധരിച്ച്‌ രാജകുമാരി അയാളെ രഹസ്യമായി വിവാഹം കഴിച്ചു.

രഹസ്യങ്ങള്‍ക്ക് എല്ലാം സംഭവിക്കുന്ന പോലെ അതൊരിക്കല്‍ പരസ്യമായി, മഹാവിഷ്ണു മകളെ വിവാഹം കഴിച്ചത് അറിഞ്ഞ് രാജാവും സന്തോഷിച്ചു.

അങ്ങനെയിരിക്കെ അയല്‍ രാജ്യത്തെ രാജാവ്‌ വലിയൊരു സൈന്യവുമായി രാജ്യത്തെ ആക്രമിച്ചു. മരുമകനായി മഹാവിഷ്ണു ഉള്ളപ്പോള്‍ എന്ത് പേടിക്കാന്‍ , രാജാവ്‌ മരുമകനോട്‌ സഹായം അഭ്യര്‍ഥിച്ചു.

സത്യം പറഞ്ഞാല്‍ രാജാവ് തല വെട്ടും, പറഞ്ഞില്ലേല്‍ യുദ്ധ ഭൂമിയില്‍ മരിക്കും , രണ്ടാമത്തേത് ആണ് ഭേദം എന്ന് നെയ്ത്തുകാരന്‍ തീരുമാനിച്ചു. ഉള്ള ഭയം പുറത്തു കാട്ടാതെ യുദ്ധത്തിനൊരുങ്ങി.

അങ്ങകലെ ഈ തമാശയൊക്കെ കണ്ടിരുന്ന മഹാവിഷ്ണുവിനോട്‌ ഗരുഡന്‍ ചോദിച്ചു..

"അങ്ങിതില്‍ ഇടപെടുന്നില്ലേ " ??.

"ഞാന്‍ എന്തിന് ഇവനെയൊക്കെ ചുമക്കണം. അവനു കിട്ടാനുള്ളത് കിട്ടട്ടെ " എന്നായി മഹാവിഷ്ണു.

" ജനമായ ജനം മുഴുവന്‍ അയാള്‍ മഹാവിഷ്ണു ആണ് എന്ന് കരുതിയാണ് ഇരിക്കുന്നത് . യുദ്ധത്തില്‍ അയാള്‍ മരിച്ചാല്‍ , അയാള്‍ക്ക് ജീവനെ പോകൂ , അങ്ങയുടെ ഉള്ള വില മുഴുവന്‍ പോകും. ഒരു സാദാ യുദ്ധത്തില്‍ മരിച്ച ദൈവത്തെ ആരേലും ആരാധിക്കുമോ " .

സംഗതിയുടെ ഗുട്ടെന്‍സ് പിടി കിട്ടിയ മഹാ വിഷ്ണു ഉടന്‍ യുദ്ധത്തിനിറങ്ങി സൈന്യത്തെ മുഴുവന്‍ കൊന്നൊടുക്കി മാനം രക്ഷിച്ചു എന്ന് കഥാസാരം.

മൂന്നാളുടെ ബലമുള്ള ഭരണം രക്ഷിക്കാന്‍, യുദ്ധത്തിന് ചാടി പുറപെട്ട ആരെയും ചുമക്കാന്‍ തയ്യാറായി നേതാക്കള്‍ നെട്ടോട്ടം ഓടുന്നത് കാണുമ്പോള്‍ ഈ പഴയ കഥ വീണ്ടും വീണ്ടും ഓര്‍മ വരുന്നു. ഭരണത്തിനു വേണ്ടിയാകുമ്പോള്‍ എത്ര വലിയ ആലും തണലാണ്‌ എന്ന് പറയേണ്ടി വരും

Friday, 1 March 2013

കാഴ്ചകള്‍


ഭീമാകാരമായ ആ കാലുകള്‍ കണ്ടപ്പോഴേ അവള്‍ ഉറപ്പിച്ചു ഇത് പതിവ് പോലെ മരണത്തിന്‍റെ മുന്നറിയിപ്പാണ് എന്ന്. ഓടിയൊളിക്കാന്‍ ഉള്ള പതിവ് നിലവിളികള്‍ ചുറ്റിലും മുഴങ്ങിക്കൊണ്ടിരുന്നു. കാലുകള്‍ക്ക് പിറകെ പതിവ് പോലെ അനേകം പല്ലുകള്‍ ഉള്ള ആ നശിച്ച ജീവി എത്തും എന്ന് അറിയാവുന്നവരുടെ നിലവിളികള്‍.

അവളാദ്യം ഓര്‍ത്തത്‌ അവരുടെ കുട്ടികളെ കുറിച്ചാണ്. ഏതു നശിച്ച നേരത്താണ് അവളെ ഒറ്റയ്ക്ക് വിട്ടിട്ട് വരാന്‍ തോന്നിയത് ??. എങ്ങനെയും അവള്‍ക്കരികില്‍ എത്തണം. കാടുകള്‍ വകഞ്ഞു മാറ്റി എത്തുന്ന കാലുകളെയും യന്ത്രത്തെയും വക വയ്ക്കാതെ അവള്‍ ഓടി. വഴിയില്‍ സുഹൃത്തുക്കളും , പേരറിയാത്ത പരിചയക്കാരും പിടിക്കപ്പെടുന്നത് കണ്ടു. ഒരിക്കല്‍ പിടിക്കപെട്ടാല്‍ ഞെരിഞ്ഞമരുന്ന മരണം സുനിശ്ചിതം. പക്ഷെ അതോര്‍ക്കാന്‍ അവള്‍ക്കു സമയം ഉണ്ടായിരുന്നില്ല.

നീണ്ട ഓട്ടത്തിന് ഒടുവില്‍ മകളെ അവള്‍ ദൂരെ നിന്ന് കണ്ടു. ആശ്വാസത്തിന്റെ നെടുവീര്‍പ്പും ആയി അവര്‍ക്കരികിലേക്കു ഓടിയെത്തും മുന്നേ വീണ്ടും ആ നശിച്ച കാലുകള്‍ അവളെ ഉയര്‍ത്തിക്കൊണ്ടു പോയിരുന്നു. ചുറ്റും ഉയരുന്ന നിലവിളികള്‍ക്കിടയില്‍ അവളുടെ രോദനം അലിഞ്ഞു പോയി. ഒരുപാടു മരണങ്ങള്‍ക്ക് അപ്പുറം അന്നത്തെ ആക്രമണം അവസാനിച്ചു.


ആ ലോകത്തിന്‍റെ അതിര്‍ത്തിക്ക് അപ്പുറം ഒരമ്മ മകളുടെ തലയില്‍ നിന്ന് ചീപ്പും കയ്യും എടുത്തു മാറ്റി.


"പേന്‍ നോക്കിയത് മതി , ഇനി പോയിരുന്നു നാലക്ഷരം പഠിക്ക്. എത്ര എണ്ണത്തെ കൊന്നിട്ടെന്തിനാ , വീണ്ടും പെറ്റു പെരുകും ഇവറ്റകള്‍""" ''

Tuesday, 5 February 2013

UDF സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ ?

ഇത് മുന്നണികളുടെയോ ഭരണത്തിന്‍റെയോ ഒരു താരതമ്യം അല്ല , മറിച്ച് ഒരു സുഹൃത്ത്‌ തൊടുത്തു വിട്ട ചോദ്യത്തിന്‍റെ ഉത്തരം അറിയാനുള്ള ആകാംഷയാണ് . വായിച്ച് ചെല്ലുമ്പോള്‍ കണ്ണില്‍ പെടുന്ന പലതുണ്ട് , സര്‍ക്കാര്‍ വെബ്‌ സൈറ്റുകള്‍ മെച്ചപെട്ടു വരുന്ന കാഴ്ച , ഭരണത്തെ ഒരു പ്രോജെക്റ്റ്‌ ആയി നോക്കി കണ്ട് തയ്യാറായി വരുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ടുകള്‍, ഇന്റര്‍നെറ്റ്‌ എന്ന അനന്ത സാധ്യത ഉണ്ടായിട്ടും ഞങ്ങള്‍ ചെയ്തത് എന്ത് , ചെയ്യാന്‍ ഇരിക്കുന്നത് എന്ത് എന്നൊക്കെ ജനങ്ങളുടെ മുന്നില്‍ വയ്ക്കാന്‍ ശ്രമിക്കാത്ത മന്ത്രിമാര്‍ , മറു വശത്ത് ഇവയുടെ സാദ്ധ്യതകള്‍ ഉപയോഗിക്കാന്‍ ചില നല്ല ശ്രമങ്ങള്‍ അങ്ങനെ ഒരുപാട്. കുറച്ച് ഓഫീസര്‍മാര്‍ക്ക് ഇമെയില്‍ ഉണ്ടാക്കിയത് ഒരു നേട്ടമായി അവതരിപ്പിച്ച ഒരു വെബ്സൈറ്റ് പോലും കണ്ടു അക്കൂട്ടത്തില്‍. !!!!!, പത്ര , ദൃശ്യ മാധ്യമങ്ങളുടെ കുത്തൊഴുക്ക് ഉള്ള കേരളത്തില്‍ ഭരണത്തെ objective ആയി വിലയിരുത്താന്‍ ആരും ശ്രമിച്ച് കണ്ടില്ല എന്നതാണ് സങ്കടകരമായ മറ്റൊരു സത്യം


ഭരണത്തിനോട് അടുത്ത് നില്‍ക്കാത്ത , അതിന്‍റെ ഗുണദോഷങ്ങള്‍ നേരിട്ടറിയാത്ത ഒരാള്‍ക്ക് സര്‍ക്കാരിന്റെ നയങ്ങളെ പറ്റിയും, പ്രായോഗിക തലത്തില്‍ അവയുടെ നേട്ടങ്ങളെയും കൊട്ടങ്ങളെയും പറ്റി അറിയാനുള്ള വഴികള്‍ കുറവ് തന്നെ എന്നതാണ് ഏറ്റവും വലിയ പാഠം. അതറിഞ്ഞു കൊണ്ട് തന്നെയാണ് ഈ ഭരണത്തില്‍ നല്ലത് എന്നെനിക്ക് തോന്നിയെ കുറച്ചു കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നത്, രാഷ്ട്രീയത്തിന് അപ്പുറം ഇത്തരം നയങ്ങളുടെ ഗുണ ദോഷങ്ങളെ പറ്റി ഒരു ചര്‍ച്ച നടക്കും എന്ന പ്രതീക്ഷയോടെ..



1. സേവന അവകാശ നിയമം - നിശ്ചിത സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പരത്തി നല്‍കാന്‍ പൊതു ജനത്തിന് അധികാരം നല്കുന്ന ഈ നിയമം ഒരു നല്ല ദിശയിലുള്ള കാല്‍ വയ്പ്പായി തോന്നി.

2. സെക്രട്ടറിയെറ്റ് ഫയലുകളുടെ നീക്കം ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന IDEAS എന്ന പദ്ധതി.

3. മന്തിമാരുടെയും കുടുംബങ്ങളുടെയും , ഉന്നത ഉദ്യോഗസ്ഥരുടെയും സ്വത്തു വിവരങ്ങള്‍ വെളിപ്പെടുത്തുക എന്ന നയം. ഈ വിവരങ്ങള്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ ലഭ്യമാണ്.

4. മുഖ്യമന്ത്രിയുടെ ഓഫീസില്‍ 24 * 7 കാള്‍ സെന്‍റെര്‍., ജന ശ്രദ്ധ ആകര്‍ഷിച്ച ജനസമ്പര്‍ക്ക പരിപാടി

5. സംസ്ഥാനത്ത് നല്‍കാന്‍ ബാക്കിയുണ്ടായിരുന്ന മൂന്ന് ലക്ഷത്തില്‍ അധികം റേഷന്‍ കാര്‍ഡുകളുടെ വിതരണം. റേഷന്‍ കാര്‍ഡ്‌ അപേക്ഷിച്ചാല്‍ അന്ന് തന്നെ കാര്‍ഡ്‌ ലഭ്യമാക്കും എന്നതാണ് ഇപ്പോഴത്തെ നയം, അനുഭവസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇത് പ്രയോഗികമാക്കിയോ എന്നറിയാന്‍ താല്പര്യം ഉണ്ട്


6. ദരിദ്ര രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാസം ഒരു രൂപ നിരക്കില്‍ 25 കിലോ അറിയും രണ്ടു രൂപാ നിരക്കില്‍ 8 കിലോ ഗോതമ്പും. ഇതിന്‍റെ ഗുണം അനുഭവിക്കുന്നവരെ നേരിട്ടറിയാം

7. സര്‍കാര്‍ ആശുപത്രികള്‍ വഴി അറുനൂറോളം generic മരുന്നുകള്‍ സൌജന്യം ആയി നല്കാന്‍ ഉള്ള പദ്ധതി, ഇത് നടപ്പിലായോ എന്നറിയാന്‍ താല്പര്യം ഉണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി 12 generic മരുന്നുകള്‍ നല്‍കും എന്നും തീരുമാനം ഉണ്ട്.

8. ജെയിലുകളില്‍ ഭക്ഷണം ഉണ്ടാക്കി വില്‍ക്കാനും അത് വഴി കുറ്റവാളികള്‍ക്ക് പുനരധിവാസത്തിന് ഒരു അവസരം നല്‍കാനും ഉള്ള പദ്ധതി വളരെ നന്നായി തോന്നി, തിരുവനന്തപുരത്ത് ഇത് വളരെ നന്നായി പ്രവര്‍ത്തിക്കുന്നു.

9. പോലീസില്‍ വന്ന മാറ്റങ്ങളില്‍ തലസ്ഥാനത്ത് രൂപീകരിച്ച SWAT ടീമും , പോലീസ് പരാതികള്‍ ഇന്റര്‍നെറ്റില്‍ ട്രാക്ക് ചെയ്യാന്‍ ഉള്ള സൌകര്യവും , Crime and Criminal Tracking Network System എന്നിവ ശ്രദ്ധേയം.


10. സംസ്ഥാനത്ത് ആദ്യമായി വ്യക്തമായ ഒരു സ്പോര്‍ട്സ് നയം രൂപീകരിക്കപെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കായിക മേളകള്‍ കൃത്യമായി നടത്താത്ത സംഖടനകളുടെ ധനസഹായവും, അന്ഗീകാരവും നഷ്ടപ്പെടും, സ്പോര്‍ട്സ് ഹൊസ്റ്റെലുകളിലെ കാന്‍റീന്‍ സംവിധാനം കുടുംബശ്രീ വഴി നടത്താനും ധാരണ ഉണ്ടായിരുന്നു, പ്രായോഗിക തലത്തില്‍ ഇവ എവിടം വരെ എത്തി എന്ന് അറിയില്ല.


11. ചലച്ചിത്ര മേളയുടെ ഭാഗമായി സര്‍ക്കാര്‍ തീയറ്ററുകള്‍ പുതുക്കി പണിഞ്ഞു, ഇതുവരെ നടന്നതില്‍ മികച്ച ഒരു മേള. ചലച്ചിത്ര മേളക്ക് ഒരു സ്ഥിരം complex ഉണ്ടാക്കാനും , മൂന്നാറില്‍ ചലച്ചിത്ര archives സൌകര്യത്തിനും വേണ്ടിയുള്ള ശ്രമം നന്ന്.

12. ദേശീയ കായിക മേളക്ക് വേണ്ടിയുള്ള മുന്നോരുക്കത്തിന് വീണ്ടും ജീവന്‍ വച്ചത് ഗണേഷ് കുമാറിന്‍റെ കാലത്താണ്.


13. 625 പുതിയ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍, ക്ഷേമ പെന്‍ഷന്‍ വര്‍ധന , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് LTC തുടങ്ങിയ പതിവ് നേട്ടങ്ങള്‍ പലയിടത്തും എഴുതി കണ്ടു.


14. ഇതിനൊക്കെ അപ്പുറം കൂടുതല്‍ ഊന്നല്‍ വലിയ പദ്ധതികള്‍ക്ക് ആണെന്ന് തോന്നി, അപ്ക്ഷേ പതിവേ പോലെ പുരോഗതി കുറവ് തന്നെ, മോണോ റെയില്‍ ഇപ്പോഴും കടലാസ്സില്‍ ഒതുങ്ങുന്നു, സ്മാര്‍ട്ട്‌ സിറ്റിയുടെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ശുഷ്കാന്തി ഉണ്ടായെങ്കിലും ടീകോം എന്ത് ചെയ്യും എന്ന് ആര്‍ക്കും അറിയില്ല, മെട്രോ വിവാദങ്ങള്‍ക്ക് ശേഷം മുന്നോട്ട് നീങ്ങും എന്നാ ഒരു നേരിയ പ്രതീക്ഷ ഉണ്ട് , വിഴിഞ്ഞം പഴയ പടി തന്നെ.


15. പതിവ് പോലെ മൂലമ്പിള്ളി , ചെങ്ങറ സമരങ്ങള്‍ ഒത്തു തീര്‍പ്പാക്കി എന്ന് പറഞ്ഞെങ്കിലും പുനരധിവാസത്തെ കുറിച്ചുള്ള കൃത്യമായ രേഖകള്‍ ലഭ്യമല്ല.


16. പാന്‍ മസാല നിരോധനം , സംസ്ഥാന ലോകായുക്തയില്‍ വരുന്ന മാറ്റങ്ങള്‍ , ആദ്യമായി വരുന്ന വിസില്‍ ബ്ലോവേര്‍ പോളിസി എന്നിവ ആശാവഹം.

Reference
========


100 Days Report from Government

1 Year Report from Government

2012 Report from Government

Sports Policy : http://www.dsya.kerala.gov.in/index.php?option=com_content&view=article&id=60&Itemid=63

http://www.keralapolice.org/

Right to Service Act -- http://kerala.gov.in/docs/servicebill2012.pdf

Web Directory of Departments : http://www.minister-education.kerala.gov.in/index.php?option=com_content&view=article&id=55&Itemid=55

Thursday, 17 January 2013

ഹിമാലയന്‍ ബ്ലണ്ടര്‍ : ചൈനീസ് യുദ്ധത്തിന്‍റെ നേര്‍കാഴ്ച

1962 ലെ ചൈനയുമായുള്ള യുദ്ധത്തെ ഒരു പട്ടാളക്കാരന്‍റെ കണ്ണില്‍ നിന്നും നോക്കി കാണുന്ന ബ്രിഗേഡിയര്‍ ഡാല്‍വിയുടെ പുസ്തകത്തില്‍ അദ്ദേഹം വരച്ചിടുന്ന ഒരു ചിത്രമുണ്ട് , ആദ്യമായി തന്‍റെ ബറ്റാലിയന്‍ സംരക്ഷിക്കേണ്ട നമ്കാ ചു (Namka Chu ) എന്നാ പ്രദേശത്ത് എത്തി അദേഹം ഹൈ കമാന്‍ഡില്‍ നിന്ന് കിട്ടിയ മാപ്പ് തുറന്നു നോക്കുന്ന ഒരു കാഴ്ച.

തെക്ക് നിന്നും വടക്കോട്ട്‌ ഒഴുകുന്ന നദിക്കു കുറുകെ ഉള്ള തന്ത്രപ്രധാനമായ അഞ്ചു പാലങ്ങള്‍ സംരക്ഷിക്കാനാണ് സൈന്യത്തെ അവിടെ വിന്യസിച്ചത് . അവിടെയെത്തിയ ഡാല്‍വി കണ്ടത് കിഴക്ക് നിന്ന് പടിഞ്ഞാറേക്ക്‌ ഒഴുകുന്ന നദിയാണ് !!. ആര്‍മി ഹൈ കമാന്‍ഡ് എന്ത് വില കൊടുത്തും സംരക്ഷിക്കാന്‍ ആവശ്യപെട്ട അഞ്ച് പാലങ്ങള്‍ ആകട്ടെ , രണ്ടോ മൂന്നോ തടി കഷണങ്ങള്‍ ചേര്‍ത്ത് കെട്ടിയ നാടന്‍ പാലങ്ങളും. യുദ്ധം നടന്ന ഒക്ടോബര്‍ മാസത്തില്‍ ചൈനീസ് സൈന്യം ഈ പാലങ്ങള്‍ ഉപയോഗിക്കാതെ നദിയിലൂടെ നടന്നു കയറി എന്ന് കൂടി അറിയുമ്പോഴാണ് ശീതീകരിച്ച മുറികളിലിരുന്നു യുദ്ധം ചെയ്യുന്ന ജെനെറല്‍ മാരും , കൊടും തണുപ്പത്ത് ആര്‍ക്കും വേണ്ടാത്ത ഒരു തടിപ്പാലം സംരക്ഷിക്കാന്‍ ജീവന്‍ കളയുന്ന ജവാനും തമ്മിലുള്ള അന്തരം നമ്മള്‍ അറിയുന്നത്

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം മുതല്‍ യുദ്ധം വരെ ഉള്ള സമയം മുഴുവന്‍ ഇത്തരം തീരുമാനങ്ങളുടെ കാലം ആയിരുന്നു എന്ന് ഡാല്‍വി പറയുന്നു. യുദ്ധത്തെ പറ്റിയും , അതിന്‍റെ സങ്കീര്‍ണതകളെ പറ്റിയും ഇന്ത്യയില്‍ എഴുതപെട്ട ഏറ്റവും നല്ല പുസ്തകങ്ങളില്‍ ഒന്നായിരിക്കണം ഇത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണം കേട്ട തോല്‍വിക്ക് ഡാല്‍വി പറയുന്ന പ്രധാന കാരണങ്ങള്‍ ഇവയാണ്

1. ചൈനയില്‍ ഉള്ള അമിതമായ വിശ്വാസം : ചൈന ടിബറ്റ്‌ കയ്യേറിയപ്പോള്‍ അവരെ അനുകൂലിച്ചത് മുതല്‍ , യുദ്ധ തുടങ്ങുന്ന ദിവസം വരെ ചൈന ഇന്ത്യയെ അക്രമിക്കില്ല എന്ന മിഥ്യാ ധാരണയില്‍ ആയിരുന്നു ഇന്ത്യന്‍ നേതൃത്വം . എന്തിന് അതിര്‍ത്തി തര്‍ക്കം തുടങ്ങിയതിന് ശേഷം ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് ഓഫീസര്‍മാരെ നമ്മളുടെ സൈനിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വരെ അനുവദിച്ചു കേന്ദ്ര സര്‍ക്കാര്‍ !.

2. ആദ്യ കാലങ്ങളില്‍ അവസരം ഉണ്ടായിട്ടും ചൈനാ ഇന്ത്യാ അതിര്‍ത്തി രേഖയായ മക്മോഹന്‍ ലൈനിന്‍റെ സ്ഥാനത്തെ പറ്റി ചൈനയുമായി ഒത്തു തീര്‍പ്പില്‍ എത്താന്‍ ഇന്ത്യ ശ്രമിച്ചില്ല , ചൈനീസ് അതിര്‍ത്തിയിലും , എന്തിന് ഇന്ത്യന്‍ മണ്ണില്‍ വരെ ചൈന റോഡ്‌ പണിതിട്ടും , അതിര്‍ത്തിയിലേക്ക് റോഡുകള്‍ പണിയാണോ, സൈന്യത്തിന് അവിടെ എത്താനും , പോസ്റ്റുകള്‍ സ്ഥാപിക്കാനോ ഉള്ള വഴി ഒരുക്കാന്‍ ഇന്ത്യന്‍ സേനയുടെയോ സര്‍ക്കാരിന്റെയോ തലപ്പത്ത് ഉള്ളവര്‍ ശ്രമിച്ചില്ല

3. പുറത്ത് നിന്ന് (USA, UK) സൈനിക സഹായം തേടാനുള്ള നെഹ്റുവിന്‍റെയും പ്രതിരിധ മന്ത്രി വി കെ കൃഷ്ണമേനോന്റെയും ആശയപരമായ എതിര്‍പ്പ് ഇന്ത്യന്‍ സൈന്യത്തെ നവീന വല്‍ക്കരിക്കുന്നതിനു തടസമായി, പഞ്ചാബിലെ സമതലങ്ങളില്‍ യുദ്ധം ചെയ്ത്‌ ശീലിച്ച ജവാന്മാരെ കൊടും തണുപ്പത്ത് മതിയായ ആയുധങ്ങളോ, പരിശീലനമോ , എന്തിന് തണുപ്പിനെ ചെറുക്കാനുള്ള വസ്ത്രങ്ങളോ ഇല്ലാതെ ഹിമാലയത്തിലേക്ക് അയക്കേണ്ടി വന്നത് ഇതുകൊണ്ടാണെന്ന് ഡാ ല്‍വി പറയുന്നു .

4. മുന്നൊരുക്കവും ആയുധബലവും ഇല്ലാതിരുന്നിട്ടും ആക്രമിക്കാന്‍ ചൈനയ്ക്കു വഴി ഒരുക്കി കൊടുത്തത് ഇന്ത്യയുടെ ഫോര്‍വേഡ് പോളിസി എന്ന രാഷ്ട്രീയ നയമാണ്. യുദ്ധത്തില്‍ സൈന്യത്തിന് പ്രതിരോധിക്കാന്‍ സാധ്യത കൂടുതല്‍ ഉള്ള തന്ത്ര പ്രധാനമായ കേന്ദ്രങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിന് പകരം , രാഷ്ട്രീയക്കാരുടെ ആവേശത്തിന് ഒത്തു തുള്ളുന്ന സൈനിക നേതൃത്വം അതിര്‍ത്തി തര്‍ക്കം ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചു. ചൈനയ്ക്കു ഇന്ത്യയെ ആക്രമിക്കാനുള്ള കാരണം നല്‍കിയത് ഈ നീക്കം ആണ് എന്ന് ഡാല്‍വി വാദിക്കുന്നു.

5. യുദ്ധത്തിന്‍റെ സാങ്കേതികതയെ പറ്റിയും , അതിന് വേണ്ട മുന്നോരുക്കങ്ങളെ പറ്റിയും ( റോഡുകള്‍ , വാര്‍ത്താ വിനിമയ സൌകര്യങ്ങള്‍ , ഭക്ഷണം , പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ) ഒരു പിടിപാടും ഇല്ലാത്ത രാഷ്ട്രീയ കക്ഷികളും , പത്രങ്ങളും സാധാരണക്കാരനും ഉയര്‍ത്തി വിടുന്ന പ്രതിഷേധങ്ങളെയും , പോര്‍വിളികളെയും പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ വഴിയായിരുന്നു ഫോര്‍വേഡ് പോളിസി. രാഷ്ട്ര സ്നേഹത്തിന്‍റെ ആവേശത്തില്‍ ജനം പോര്‍വിളി ഉയര്‍ത്തുമ്പോള്‍ പട്ടിണി കിടന്ന് പോരാടി ജീവന്‍ കളയുന്ന ജവാന്‍റെ ചിത്രം ഡാല്‍വി ഹൃദയ വേദനയോടെ അവതരിപ്പിച്ചിട്ടുണ്ട്. പാകിസ്ഥാനും ആയുള്ള അതിര്‍ത്തി തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തരം കാഴ്ചപ്പാടുകള്‍ക്കു പ്രസക്തി കൂടുന്നു.

ഒരളവു വരെ ഇന്ത്യന്‍ സൈന്യത്തിന്‍റെ നവീകരണത്തിനു വഴി വച്ചത് ചൈനീസ് യുദ്ധത്തിലെ തോല്‍വിയാണ് , അത് കൊണ്ട് തന്നെ ചരിത്രത്തില്‍ നിന്ന് നമ്മള്‍ അല്പം എങ്കിലും പഠിച്ചു എന്ന് സമാധാനിക്കാം. ഇറങ്ങിയ കാലത്ത് ഇന്ത്യയില്‍ നിരോധിക്കപെട്ട ഈ പുസ്തം കൂടി ചേര്‍ക്കാതെ ചൈനീസ് യുദ്ധത്തെ പറ്റിയുള്ള വായന പൂര്‍ണമാവില്ല.

അടിക്കുറിപ്പ് : ചൈനയുടെ യുദ്ധ തടവുകാരന്‍ ആക്കപെട്ട ഡാല്‍വി യുദ്ധത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ച് എത്തിയ കഥ പറയുന്നുണ്ട്. ചൈനീസുകാരുടെ പക്ഷം പിടിക്കാന്‍ സാധ്യത ഉണ്ടോ എന്ന സംശയ കണ്ണുകളോടെ ആണ് ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ വീക്ഷിച്ചത് എന്ന് ഡാല്‍വി പറയുന്നു. യുദ്ധത്തിനു മുന്നേ വരെ ചൈന ഇന്ത്യയുടെ പക്ഷത്താണ് എന്ന് സ്വയം വിശ്വസിപ്പിച്ച ആളുകളാണ് ഇങ്ങനെ പറയുന്നത് എന്നത് തമാശയായി തോന്നുന്നു എന്ന ആ നിരീക്ഷണത്തില്‍ ചൈനീസ് യുദ്ധത്തിന്‍റെ സംക്ഷിപ്ത രൂപമുണ്ട്

1. http://en.wikipedia.org/wiki/Sino-Indian_War#The_Forward_Policy

Thursday, 10 January 2013

ഡിങ്ക ചരിതം

ഡിങ്കന്‍ ജനിച്ചത്‌ ബാലമംഗളം എന്ന പുസ്തകത്തില്‍ ആണെന്നും, വളര്‍ന്നത്‌ ഇന്റര്‍നെറ്റ്‌ എന്നാ ഇട്ടാ വട്ടത്തില്‍ ആണെന്നും ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നുണ്ട് , പക്ഷെ സത്യം അതല്ല , പൂച്ച ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന പോഞ്ഞശേരിക്കടുത്തുള്ള ചുണ്ടമലയില്‍ ആണ് ലോകത്തിലെ ഡിങ്കന്റെ ആദ്യ അമ്പലം ഉണ്ടാവുന്നത്. ശബരിമലയില്‍ എത്തിയ അയ്യപ്പനെ പോലെ , ഒരു നിയോഗമാണ് ഡിങ്കനെ അവിടെ എത്തിച്ചത്.

ചുണ്ടമലക്ക് മുകളിലെ കൂറ്റന്‍ അമ്പലത്തില്‍ പൂച്ചകളുടെ കാണപെട്ട ദൈവം, പൂചെശ്വര പ്രതിഷ്ട ആയിരുന്നു. കാലത്ത് നിര്‍മാല്യം തൊഴലും , വൈകീട്ട് നട തുറപ്പ് പൂജയും ഒക്കെ ആയി ക്ഷിപ്ര പ്രസാദിയായ പൂചെശ്വരന്‍ വാഴുന്ന കാലം.

അത്ഭുതങ്ങളുടെ വിളനിലം ആയിരുന്നു അന്ന് ചുണ്ടമലയും സമീപ പ്രദേശങ്ങളും. പൂചെശ്വരന്റെ പ്രസാദം കഴിച്ചു തുള്ളല്‍ പനി മാറിയ കുട്ടിയും , പൂചെശ്വര സന്നിധിയില്‍ പ്രായവും, ശമ്പളവും , സ്ത്രീധനവും എണ്ണി പറഞ്ഞു പ്രാര്‍ത്ഥിച്ചു കല്യാണം നടന്നു കിട്ടിയ പെന്‍ കുട്ടികളും, ആ മഹാ സന്നിധിയില്‍ CV യും ആയിരം രൂപയും സമര്‍പ്പിച്ച്‌ ഇന്റര്‍വ്യൂ വിളി നേടിയ ആള്‍ക്കാരുടേയും കഥകള്‍ എണ്ണിയാല്‍ തീരില്ലായിരുന്നു.

പൂചെശ്വര ക്ഷേത്രത്തിന്‍റെ എല്ലാം, നാട്ടുകാരുടെ പ്രിയങ്കരന്‍ ആയ മാര്‍ജാരന്‍ നാണു പിള്ളയായിരുന്നു. പിള്ളയുടെ അച്ഛന്‍ ആണത്രേ പൂചെശ്വര പ്രതിമ ഈ നാട്ടിലേക്കു കൊണ്ട് വന്നത് !. പ്രസാദ വിതരണം മുതല്‍ CV കളക്ഷന്‍ വളരെ എല്ലായിടത്തും പിള്ളയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ആ കടാ കൃപാക്ഷത്തില്‍ ആടി തിമിര്‍ക്കുന്ന നാട്ടിലേക്കാണ്‌ പാന്റിനു മുകളില്‍ ജെട്ടിയിട്ട ഡിങ്കന്‍ കടന്നു വരുന്നത്.

പ്രസാദ മരുന്നിനെയും CV കളക്ഷനെയും തള്ളി പറഞ്ഞ ഡിങ്കനെ നാട്ടുകാര്‍ ആദ്യം പുച്ഛത്തോടെ ആണ് കണ്ടത്. പക്ഷെ പിന്നെയല്ലേ കാര്യങ്ങള്‍ പതിയെ വെളിച്ചത് വന്നത്.
അമ്പലത്തിലെ പൂചെശ്വര പ്രസാദത്തില്‍ ചേര്‍ത്തിരിക്കുന്നത് മാര്‍ജാരന്‍ പിള്ളയുടെ മെഡിക്കല്‍ സ്റൊരില്‍ നിന്ന് വന്ന പാരസിട്ടമോള്‍ ആണെന്നും, CV കള്‍ ഒക്കെ പിള്ളയുടെ മകന്‍റെ ബോഡി ഷോപ്പിംഗ്‌ കമ്പനി ഇന്റര്‍വ്യൂ തട്ടിപ്പിന് ഉപയോഗിക്കുക ആണെന്നും ഡിങ്കന്‍ തെളിയിച്ചു.

സ്ത്രീധനതുകയുടെ പത്തു ശതമാനം കമ്മിഷന്‍ വാങ്ങുന്ന പിള്ളയുടെ വിവാഹ ബ്രോക്കെര്‍ പരിപാടി കൂടി കണ്ടെത്തിയതോടെ ജനം ഇളകി. അരുന്ധതി റോയിയെ കണ്ട ഫേസ്ബുക്ക്‌ താരങ്ങളെ പോലെ പിന്നെ അവര്‍ മുന്നും പിന്നും നോക്കിയില്ല, പിള്ളയെയും അയാളുടെ കുടുംബം സ്ഥാപിച്ച പൂചെശ്വര പ്രതിമയും അവര് നാട് കടത്തി. അവനവന്‍റെ ബുദ്ധിയില്‍ വിശ്വസിക്കാന്‍ ആഹ്വാനം നല്‍കി "എതിരാളിക്കൊരു പോരാളി " ഡിങ്കന്‍ അപ്പോഴേക്കും ധര്‍മ സംസ്ഥാപനത്തിനായി മറ്റൊരു നാട്ടിലേക്ക് യാത്രയായി.

ആളും ആരവവും ഒഴിഞ്ഞു കാട് കയറിയ അമ്പലം നാട്ടിലെ പയ്യന്മാരുടെ താവളം ആയി, മുച്ചീട്ട് കളിയും, കള്ള് കുടിയും പെരുകിയപ്പോള്‍ നാട്ടുകാര്‍ കാടു കയറിയ ക്ഷേത്രം വെട്ടിത്തെളിച്ച് പെയിന്റ് അടിച്ചു. പക്ഷെ, പൂചെശ്വരന്‍ പോയ സ്ഥാനത്ത് ഇനിയെന്ത് എന്ന ചോദ്യം മുറുകുന്ന നേരത്താണ് ഡിങ്കന്റെ ഏറ്റവും വലിയ ആരാധകര്‍ ആ ഞെട്ടിക്കുന്ന നിര്‍ദേശം പറഞ്ഞത് ,

"എന്ത് കൊണ്ട് ഡിങ്കന്റെ ഒരു പ്രതിമ വച്ച് കൂടാ ?".

ആദ്യം ജനം എതിര്‍ത്തു .

"എന്ത്, അനാചാരങ്ങളെ എതിര്‍ത്ത ഡിങ്കന് പ്രതിമയോ" ??.

"ഇത് പൂജിക്കാന്‍ അല്ലല്ലോ, ബഹുമാനം കാണിക്കാന്‍ അല്ലെ ?. മഹത്മ ഗാന്ധിക്ക് പ്രതിമയില്ലേ , അത് പോലെ . ഭക്തി കൊണ്ട് മാത്രം അല്ല, ആദരവു കൊണ്ടും തൊഴാം !. "

അങ്ങനെ ഒടുവില്‍ ചുണ്ടമലയുടെ മുകളില്‍ ഒരു ഡിങ്കക്ഷേത്രം പിറവിയെടുത്തു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു, നിര്‍മാല്യം തോഴുവാതെ നിരാശരായ ജനങ്ങള്‍ കാലത്ത് കുളിച്ചു ഡിങ്കനെ കാണാന്‍ എത്തി, വൈകെട്ടു നുണ പറഞ്ഞിരിക്കാന്‍ അമ്പലത്തില്‍ വന്ന കാരണവന്മാര്‍ അമ്പല കമ്മിറ്റി ഉണ്ടാക്കി, തിരക്ക് കൂടിയതോടെ ഡിങ്കന്‍ ആരാധകര്‍ അമ്പലത്തില്‍ പ്രസാദ വിതരണം തുടങ്ങി.

മുചീട്ടു കളിയില്‍ മൂന്നു രാജാവ്‌ വീഴാനും, മക്കളുടെ കല്യാണം നടക്കാനും , നാട്ടിലെ പ്രധാന പൂവാലന്മാര്‍ സോഫ്റ്റ്‌വെയര്‍ പണി കിട്ടി പോവാനുമൊക്കെ നാട്ടുകാര്‍ ഡിങ്കന് തെങ്ങാപൂള് നേര്‍ന്നു തുടങ്ങി. പിന്നെയെല്ലാം ചരിത്രം , നാട്ടിലും മറു നാട്ടില്‍ നിന്നും തെങ്ങപൂളുമായി ജനം ഒഴുകി എത്തി, തെങ്ങാപൂള് നേര്‍ച്ച കൊണ്ട് സോഫ്റ്റ്‌വെയര്‍ പണി കിട്ടിയ കുറേപേര്‍ ചേര്‍ന്ന് ഡിങ്കന് ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കി, ഡിങ്ക സന്നിധിയില്‍ അക്കാലത്തു വന്നെത്തിയ ബാലമംഗളം എഡിറ്റര്‍ ഡിങ്ക ചരിതം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ബാലമംഗളം മാസികയില്‍ ഡിങ്കന്റെ കഥ എഴുതി.

ദിനക ജയന്തി ദേശീയ അവധി ആക്കാന്‍ സമരങ്ങള്‍ തുടങ്ങി, ദിനക ജയന്തിക്കു KSRTC ചുണ്ടമലക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തി. ഡിങ്കന്റെ പടം വച്ച പോസ്റ്റര്‍ അടിക്കാന്‍ പാര്‍ട്ടികളും മത സംഖടനകളും തമ്മില്‍ തമ്മില്‍ തല്ലായി. അങ്ങനെ ഡിങ്കന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു.

പഴമ ഉറങ്ങുന്ന ആ നാട്ടില്‍ പോയാല്‍ നിങ്ങള്ക്ക് ഇന്നും ഡിങ്ക ക്ഷേത്രം കാണാം , ഡിങ്കന് കൊടുത്ത തേങ്ങാ പൂള് കൊണ്ട് ജീവിതം മെച്ചപെട്ട , മാറാ രോഗം മാറിയ ഒരുപാടു കഥകള്‍ കേക്കാം,

ഇതൊക്കെ വെറും കെട്ടുകഥ ആണോ എന്ന് നിങ്ങള്ക്ക് സംശയം തോന്നാം, ഒന്ന് മനസിലാക്കണം, പരമമായ സത്യം സത്യം ഡിങ്കന് മാത്രമേ അറിയൂ !!. മറ്റെല്ലാം മായ, ജഗത് മിഥ്യ !