Saturday, 28 February 2009

ചുട്ട കോഴിയെ (വയറ്റിലേക്ക്) പറപ്പിക്കല്‍ .

പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന ഒരു ക്രിസ്മസ് അവധി ദിനത്തിലാണ് കോഴിയെ മുഴുവനോടെ ചുട്ടെടുക്കാം എന്ന് ശ്രീമതിക്ക് തോന്നിയത്. ആദ്യം ഒന്ന് മടിച്ചെങ്കിലും ഈ പരീക്ഷണത്തിന് ഇരയാവാന്‍ എന്റെ ഒരു സുഹൃത്ത്‌ കൂടി ഉണ്ടായിരുന്നതിനാല്‍ ഞാന്‍ പരീക്ഷണത്തിന് പച്ചക്കൊടി വീശി.

മലബാറിന്റെ സ്വന്തം വിഭവം ആയ "കോഴി നിറച്ചത്" ആണ് സംഗതി. ഒരു മുഴുവന്‍ കോഴിയെ ഉള്ളില്‍ മുട്ടയും ഉള്ളിയും നിറച്ചു പൊരിച്ചു/ചുട്ടു എടുക്കുന്ന മലബാറിന്റെ മാന്ത്രിക വിദ്യ.

താല്പര്യം തോന്നുന്നോ? എങ്കില്‍ പാചക കുറിപ്പും ചിത്രങ്ങളും താഴെ.

ചേരുവകള്‍
==========

1. കോഴി മുഴുവനോടെ - 1
2. മുളക് പൊടി
3. മല്ലി പൊടി
4. മഞ്ഞള്‍ പൊടി
5. സവാള - 3 നീളത്തില്‍ അരിഞ്ഞത്
6. വെളുത്തുള്ളി - 1 tspn അരച്ചത്
7. ഇഞ്ചി - 1 tspn അരച്ചത്
8. പച്ചമുളക് - 6/8
9. തക്കാളി - 2
10. പെരുംജീരകം
11. ഗരം മസാല പൊടി
12. കറി വേപ്പില
13. നാരങ്ങ ചാറ് - 1
14. എണ്ണ
15. ഉപ്പ്‌
16. മുട്ട (പുഴുങ്ങിയത്‌) - 2/3 കോഴിയുടെ വലിപ്പം പോലെ
17. തക്കാളി - 2 നീളത്തില്‍ അരിഞ്ഞത്

പാചക രീതി
===========
കോഴിയുടെ തോല്‍ കളയുക. എനിട്ട്‌ കോഴിയുടെ അകവും പുറവും വരയുക. വരഞ്ഞു കഴുകിയ കൊഴിമേല്‍ നാരങ്ങ നീര് പുരട്ടി വൃത്തിയാക്കുക. മുളക്, മല്ലി മഞ്ഞള്‍ എന്നിവയും ഉപ്പും വെള്ളത്തില്‍ കുഴച്ചെടുത്തു അത് കഴുകി വച്ചിരിക്കുന്ന കോഴിയുടെ അകത്തും പുറത്തും നന്നായി പുരട്ടിവയ്ക്കുക. ഇതിനെ 2 മണിക്കൂര്‍ എങ്കിലും ഫ്രിഡ്ജില്‍ എരിവുപിടിക്കാന്‍ വയ്ക്കുക. ഒരു രാത്രി വയ്ക്കാന്‍ കഴിഞ്ഞാല്‍ അത്യുത്തമം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് അതില്‍ 1 സവാള അരിഞ്ഞതും പച്ചമുളക് ( 3- 4 എരിവിനനുസരിച്ചു) വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതും കറിവേപിലയും ഇട്ടു വഴറ്റുക. ഇതില്‍ മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി, ഉപ്പ്‌ എന്നിവയും ഇട്ടു എണ്ണ തെളിയുന്നത്‌ വരെ വഴറ്റുക. നന്നായി വഴറ്റി കഴിഞ്ഞാല്‍ അതിലേക്കു വരഞ്ഞ, പുഴുങ്ങിയ മുട്ട ഇട്ടു നന്നായി ഇളക്കി വാങ്ങുക.ഫ്രിഡ്ജില്‍ വച്ചിരിക്കുന്ന മസാല പിടിച്ച കോഴി പുറത്തെടുത്ത്, അതിലേക്കു ഈ മുട്ട മസാല നിറയ്ക്കുക. നിറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ആദ്യം മുട്ട നിറച്ചിട്ട്‌ വേണം മസാല നിറക്കാന്‍ എന്നുള്ളതാണു. മുട്ട മസാല നിറച്ചു കഴിഞ്ഞാല്‍ കോഴിയുടെ ചിറകും കാലും ഒരു വെള്ള ട്വ്യന്‍ നൂലുകൊണ്ട് നല്ലതുപോലെ കെട്ടുക. കോഴി നിറയ്ക്കാന്‍ തുടങ്ങുന്നതിനൂടൊപ്പം ഓവന്‍ 200deg/400F ചൂടാക്കാന്‍ ഇടേണ്ടതാണ്.

മുഴുവന്‍ കോഴിയും കൊള്ളുന്ന ഒരു ചീനച്ചട്ടി അല്ലെങ്കില്‍ frying pan ഇല്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച്, ചൂടാകുമ്പോള്‍ കോഴിയെ അതിലേക്കു ഇടുക. കോഴിയുടെ നാല് വശവും ചെറുതായി മൊരിയുമ്പോള്‍, അതിനെ ഒരു ബേക്കിംഗ് ട്രെയില്‍ കമഴ്ത്തി വയ്ക്കുക. അതിലേക്കു അല്പം എണ്ണയും ഒഴിക്കുക. ട്രേ ഒരു അലൂമിനിയം ഫോയില്‍ കൊണ്ട് മൂടി ഓവനിലേക്കു വച്ച് ഒരു 30 മിനിറ്റ് വേകിക്കുക. പകുതി സമയം കഴിയുമ്പോള്‍ കോഴിയെ ഒന്ന് തിരിച്ചു വയ്കുന്നത് നല്ലത് പോലെ വേകാന്‍ സഹായിക്കും.കോഴി പൊരിച്ചതിനു ശേഷം ബാക്കി വന്ന എണ്ണയില്‍ ബാക്കി സവാള, പച്ച മുളക്, ഇഞ്ചി, വെളുത്തിള്ളി എന്നിവ നല്ലതായി വഴറ്റുക. അതിലേക്കു തക്കാളി അരിഞ്ഞതും ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. തക്കാളി വെന്തു കഴിയുമ്പോള്‍ മല്ലി, മുളക്, മഞ്ഞള്‍, ഗരം മസാല, ഉപ്പ്‌ പൊടികള്‍ ചേര്‍ത്ത് എണ്ണ തെളിയുന്നത്‌ വരെ വഴറ്റുക. വഴറ്റിയ മസാല മാറ്റിവയ്ക്കുക.

30 min കഴിയുമ്പോള്‍ ഓവനില്‍ നിന്ന് എടുത്ത ട്രെയില്‍ ഈ മസാല ഒഴിക്കുക. കോഴിയുടെ എല്ലാ വശത്തും ഈ മസാല പുരളാനായി ശ്രദ്ധിക്കുക. മസാലയും കൂടി ചേര്‍ത്ത ഈ ട്രേ വീണ്ടും ഓവനില്‍ വച്ച് 45 min വേകിക്കുക. ഇത്തവണ മൂടിയില്ലതെയാണ് വേകിക്കേണ്ടത്.

45 min കഴിഞ്ഞാല്‍ ഈ ചുട്ട കോഴി വയറിലേക്ക് പറക്കാന്‍ തയ്യാര്‍!. ചപ്പാത്തിയോ നെയ് ചോറോ ഒപ്പം പറത്താം !.കടപ്പാട് : http://deepann.wordpress.com/

3 comments:

 1. കൊതി ആയിട്ട് പാടില്ല ഇഷ്ടാ...
  ക്യാപ്റ്റന്‍ കുക്ക് തന്നെ സമ്മതിച്ചു

  ReplyDelete
 2. ഇത്തരം പോസ്റ്റുകള് കണ്ടാലുടന്‍ കോഴിക്കടയിലേക്ക് ഓറ്റിപ്പോകും...ഹാഹഹ..ഒരു ഗ്രില്ലടി മണം...

  ReplyDelete
 3. പടം കണ്ടിട്ട് വായില്‍ വെള്ളം വരുന്നുണ്ട്.

  ReplyDelete