Friday 7 December 2012

പച്ചയും കാവിയും

പണ്ട് പണ്ട് ഒരു നാട്ടില്‍ ഒരുപാടു എലികള്‍ ഉണ്ടായിരുന്നു. കണ്ടാല്‍ ഒരേപോലെയുള്ള , ഒരേ നിറത്തിലുള്ള ഒരുപാട് എലികള്‍.. ... അരിയും തേങ്ങാ പൂളും കഴിച്ച് അവര്‍ സുഖമായി കഴിയുന്ന കാലത്താണ് ആ നാട്ടിലേക്ക് പേരില്ലാത്ത ഒരു പെയിന്‍റെര്‍ എലി വരുന്നത്. രണ്ടേ രണ്ട് നിറങ്ങളെ അവന്‍റെ പെട്ടിയില്‍ ഉണ്ടായിരുന്നുള്ളൂ. കാവിയും പച്ചയും. 

വെള്ള നിറം മാറ്റി കളറടിക്കാന്‍ പിന്നങ്ങോട്ട് എലികളുടെ ക്യൂ ആയിരുന്നു. ആദ്യമാദ്യം അവരവരുടെ കളറുകള്‍ കണ്ണാടിയില്‍ കണ്ടു രസിച്ച എലികള്‍ പിന്നെ പതിയെ പതിയെ സ്വന്തം കളര്‍ അടിക്കാത്ത എലികളെ കളിയാക്കാന്‍ തുടങ്ങി. തെങ്ങാപൂള് തിന്നാന്‍ പച്ച എലികള്‍ക്ക് അവകാശം ഇല്ലെന്ന് കാവി എലികളും , അരിച്ചാക്ക് മുറിച്ച് അരിയെടുക്കാന്‍ കാവി എലികള്‍ക്ക് അവകാശമില്ലെന്ന് പച്ച എലികളും പറഞ്ഞു തുടങ്ങിയതോടെയാണ് തര്‍ക്കംമൂത്തത്. നമ്മുടെ പെയിന്‍റെര്‍ എലി അപ്പോഴേക്കും ഫീസ്‌ ആയി കിട്ടിയ അരിയും തേങ്ങാ പൂളുമായി സ്ഥലം വിട്ടിരുന്നു.

പിന്നെടങ്ങോട്ട് പോരാട്ടങ്ങളുടെ കാലമായിരുന്നു. പാടത്തും പറമ്പിലും മാളത്തിലും ഒക്കെ പൊരിഞ്ഞ യുദ്ധം. ഒറ്റക്കുള്ള യുദ്ധം മടുത്തപ്പോള്‍ എന്നാലിനി കുളത്തിന്‍ കരയിലെ പറമ്പില്‍ വച്ച് ഒരു മഹായുദ്ധം തന്നെ ആവട്ടെ എന്ന് തീരുമാനമായി.രണ്ടിലൊന്ന് അറിയാമല്ലോ !.

കടിയും മാന്തലും ആയി യുദ്ധം പുരോഗമിക്കെ മാനം ഇരുണ്ടു , മഴ വന്നു. മഴ പെയ്തു തോര്‍ന്നപ്പോള്‍ എലികളുടെ നിറങ്ങള്‍ എല്ലാം ഒലിച്ചു പോയിരുന്നു. അവശേഷിച്ചത്, കാണാന്‍ ഒരു പോലിരിക്കുന്ന, തമ്മില്‍ തിരിച്ചറിയാന്‍ വയ്യാത്ത എലികള്‍ മാത്രം. 

കടിക്കേണ്ടതും മാന്തെണ്ടതും ആരെ എന്ന് നിറം നോക്കി തിരിച്ചറിയാന്‍ പറ്റാതെ വന്നപ്പോള്‍ , എലികള്‍ യുദ്ധം നിര്‍ത്തി തേങ്ങാപൂളും അരിയും അന്വേഷിച്ചു പോയി. 

6 comments:

  1. super idea executed very well.Implicating correct scenarios.

    ReplyDelete
  2. അപ്പോൾ പെയ്ന്റർ എലി അടിച്ചത് വെറും 'ജനതാസെം' ആയിരുന്നു അല്ലേ?

    ReplyDelete
  3. പൈന്റെര്‍ എലിയെ കണ്ടു പിടിച്ചോ ?

    ReplyDelete
  4. നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  5. എല്ലാവര്ക്കും നന്ദി.

    കമ്പ്യൂട്ടര്‍ ടിപ്സ്പെയിന്റ് അടിക്കുന്ന വീരന്മാരെ ഒന്നും ഒരിക്കലും പിടി കിട്ടാറ്‌ ഇല്ലല്ലോ !!

    ReplyDelete