Wednesday 17 October 2012

"ക്യുട് പ്രൊ കോ"

കൊളസ്ട്രോള്‍ കുറക്കാന്‍ എന്നും രാവിലെ ഉള്ള കാല്‍ നട ജാഥയിലെ മെമ്പര്‍ രാജീവാണ് ആദ്യം  അത് കണ്ടത്. ത്രീ സ്റ്റാര്‍ ഹോട്ടലിലെ 'നില്‍പ്പന്‍'  സപ്ലയര്‍ ജോജി അത് ശരി വച്ചതോടെ അതായി പിന്നെ നാട്ടിലെ സംസാരം. 

സിംഗപ്പൂരില്‍ ഉള്ള ജോണികുട്ടിയുടെ അടഞ്ഞു കിടക്കുന്ന വീടിന്‍റെ മതില് ചാടി  കുട്ടപ്പന്‍ പോകുന്നതാണ് രാജീവ്‌ കണ്ടത്. കുട്ടപ്പന്‍റെ തോളില്‍ ഒരു കറുത്ത ബാഗും ഉണ്ടായിരുന്നു.

രാവിലെ മുപ്പതു മില്ലിയടിക്കാന്‍ കടം ചോദിച്ചു നടന്ന കുട്ടപ്പന്‍റെ കയ്യില്‍ ഇപ്പോള്‍ പൂത്ത കാശ്. കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ കുട്ടപ്പന്‍ പെഗ് വാങ്ങി കൊടുക്കുന്നു. രാത്രി കഞ്ഞിക്കു പകരം കുട്ടപ്പന്‍ ഇപ്പൊ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കനും പൊറോട്ടയും ആണ് കഴിക്കുന്നത്‌ എന്ന് കൂടെ കേട്ടപ്പോള്‍ നാട്ടുകാര്‍ ഉറപ്പിച്ചു, ഇത് ജോണി കുട്ടീടെ സിങ്കപ്പൂര്‍ ഡോളെര്സ് തന്നെ !!.

കാശ്  എവിടുന്ന് കിട്ടി എന്ന് ചോദിച്ച ഗംഗാധരന്‍ മാഷെ കുട്ടപ്പന്‍ "ബ" യും "മാ" യും ചേര്‍ത്ത് ചീത്ത വിളിച്ചതോടെ നാട്ടുകാര്‍ ഒരു തീരുമാനത്തില്‍ എത്തി. 


" പോലീസ് ചോദിച്ചാല്‍ അവന്‍ തത്ത പറയുമ്പോലെ പറയും." 

പോലീസ് സ്റ്റേഷനില്‍ നിന്ന് കുട്ടപ്പനെ  ചോദ്യം ചെയ്യാന്‍ തയ്യാറായി SI  വന്നപ്പോഴാണ്  വെള്ളയും വെള്ളയും ഇട്ട മെമ്പര്‍ നാണപ്പന്‍ നാട്ടുകാരെ ഞെട്ടിക്കുന്ന ആ ചോദ്യം ചോദിച്ചത്. 

"കുട്ടപ്പനെതിരെ നിങ്ങടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത്?" 

"അഞ്ചു പൈസ ഇല്ലാതെ ചുറ്റിത്തിരിഞ്ഞു നടന്നവന്‍ ഇരുട്ടി വെളുക്കും മുന്നേ കാശുകാരന്‍ ആയതെങ്ങനെ ?. ജോണികുട്ടിയുടെ വീട്ടില്‍ അവനെന്തു കാര്യം?" രാജീവ്‌ തിരിച്ചടിച്ചു 

"ഇനിയത്തെ കാലത്ത് അതൊന്നും പോര മോനെ, "ക്യുട് പ്രൊ കോ" ഉണ്ടോ നിങ്ങടെ കയ്യില്‍ ?." 

"അതെന്താ ഐറ്റം ?. അന്ന് മെമ്പറുടെ വീട്ടില്‍ കയറീന്നു പറഞ്ഞു ആ ജഗനെ കൂമ്പിനു നോക്കി  ഇടിച്ചപ്പോ ഈ ഐറ്റം ഒന്നും കണ്ടില്ലല്ലോ ? " 

"കാലം മാറി മോനെ, കുട്ടപ്പന്‍ ഒരു പ്രൈവറ്റ് സിറ്റിസണ്‍ ആണ്".  ജോണി കുട്ടിയും ആയുള്ള കൊടുക്കല്‍ വാങ്ങല്‍ ഒക്കെ പരിശോധിക്കണേല്‍ "പ്ര്യമ ഫെസ" ഒന്നും പോര , "ക്യുട് പ്രൊ കോ" തന്നെ വേണം." 

"അന്വേഷിക്കാതെ ഈ പറഞ്ഞ ഐറ്റം എങ്ങനെ ഉണ്ടാവും മെമ്പറെ ?. "

"അതൊന്നും എനിക്കറിയില്ല, പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും ഒക്കെ ഇത് തന്നെയാണ് പറയുന്നത്."  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല !! . നിങ്ങള്‍ വേണേല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ കോടതിയില്‍ പോയി ഫൈറ്റ് ചെയൂ."

"ഞങ്ങള്‍ക്ക് ശിക്ഷിക്കേണ്ടത് കുട്ടപ്പനെയാണ്, അവന്‍റെ കൊച്ചു മോനെ അല്ല !!"

"അതൊന്നും എനിക്കറിയണ്ട, കോടതിയില്‍ പോകാതെ ചായക്കടയില്‍ ഇരുന്നു ഇത് പറയുന്നത് നമ്മുടെ പഞ്ചായത്തിനെ  നശിപ്പിക്കാനുള്ള നീക്കമാണ് !!. "

"ഒരു കള്ളനെ പിടിച്ചാല്‍ തകരുന്ന സാധനമാണോ മെമ്പറെ നമ്മുടെ പഞ്ചായത്ത് ?. "

"എന്തൊക്കെ പറഞ്ഞാലും ശരി,  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞാന്‍ സമ്മതിക്കില്ല !! "

"ശരി മെമ്പറെ , എന്നാല്‍, മെമ്പര്‍ ഒന്ന് കണ്ണടച്ചേ"  രാജീവ്‌ പെട്ടന്ന് വിഷയം മാറ്റി.  

കണ്ണടച്ചതും അടി വീണതും ഒന്നിച്ചായിരുന്നു,  ഓര്‍മ വന്നപ്പോ മെമ്പര്‍ നിലത്തു കിടക്കുകയായിരുന്നു. 

"സാറ് ഇതിന്‍റെ "ക്യുട് പ്രൊ കോ", കണ്ടു പിടിച്ചു കോടതിയിലേക്ക് ചെല്ല്, ബാക്കി നാട്ടുകാര് അടുത്ത അടുത്ത ഇലക്ഷന് തരും !"   മെമ്പര്‍ക്ക്‌ നേരെ കൈ നീട്ടികൊണ്ട് SI പറഞ്ഞു !

3 comments:

  1. "ക്യുട് പ്രൊ കോയും", "പ്ര്യമ ഫെസായും" ഒന്നും ഇല്ലാതെ പോലീസും രാഷ്ട്രീയക്കാരും പണി കൊടുത്ത പാവങ്ങള്‍ക്ക് സമര്‍പ്പിതം !

    ReplyDelete
  2. അല്ല മാഷെ എന്തുവാ ഈ "ക്യുട് പ്രൊ കോയും", "പ്ര്യമ ഫെസായും" നാട്ടില്‍ അല്ല അതുകൊണ്ട് ഒന്നും മനസിലായില്ല.

    ReplyDelete
  3. വദ്രക്കെതിരെ ആരോപണം വന്നപ്പോള്‍ "ക്യുട് പ്രൊ കോ" ഇല്ലാതെ അന്വേഷിക്കില്ല എന്ന് കേട്ട് മടുത്തു എഴുതിയ പോസ്റ്റാ

    It literally means "a favor for a favor".

    ReplyDelete