Saturday, 29 August 2009

ഓര്‍ക്കുട്ട്

കഥയില്‍ കഥാപാത്രങ്ങള്‍ നാലാണ്. സന്തോഷ്‌ ‌, ഞാന്‍, ഓര്‍ക്കുട്ട് (അതെ, നമ്മുടെ ഫേസ് ബുക്കിന്‍റെ അനിയന്‍ തന്നെ) പിന്നെ... വായനക്കാരന്‍. എന്ന് വച്ചാല്‍ നിങ്ങള്‍ തന്നെ! സംശയിക്കണ്ട, നിങ്ങള്‍ക്കുമുണ്ട് ഒരു റോള്‍. എം ടി മുതല്‍ ബഷീര്‍ വരെ എഴുതിട്ടും ആരെങ്കിലും നിങ്ങള്‍ക്കൊരു റോള്‍ തന്നോ? ഈ എന്‍റെ ഒരു കാര്യം! അപ്പൊ തുടങ്ങുകയല്ലേ? പിന്നെ വാക്കുകള്‍ ചുരുക്കേണ്ട ട്വിറ്റെര്‍ യുഗത്തില്‍ കഥാകൃത്ത്‌ 'ക' എന്നും വായനക്കാരന്‍ 'വാ' എന്നും അറിയപ്പെടും.

സന്തോഷിനെ ഓര്‍മയില്ലാത്ത ഒരു സമയം എനിക്കോര്‍മയുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. നാല് വീടുകള്‍ക്ക് അപ്പുറത്തെ അശോകന്‍ ചേട്ടന്‍റെ മകനെ അറിയാതിരിക്കുക എന്നത് ഒരു നാട്ടു നടപ്പേ അല്ലല്ലോ! ഒരു സ്കൂളും ഒരു കോളേജും ഉള്ള ഗ്രാമത്തില്‍ സമപ്രായക്കാര്‍ ഒരേ ക്ലാസ്സില്‍ പഠിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
( വാ : ഇല്ലേ? എങ്കില്‍ പിന്നെ ഇങ്ങേരു അതിപ്പോ പറഞ്ഞതെന്തിനാ?
ക : അതൊക്കെ ഒരു ശൈലിയല്ലേ മോനെ ദിനേശാ, പറഞ്ഞില്ലേല്‍ പിന്നെ അവരെങ്ങനെ അറിയും? )

പിന്നെ മണ്ണപ്പം ചുട്ടും മാക്കാന്‍ തവളയെ പിടിച്ചും ബാല്യം കടന്നു പോകുന്നു. പഴം കഞ്ഞി കുടിച്ചതും നാരങ്ങ മുട്ടായി കഴിച്ചതും ദേ. ഇന്നലത്തെ പോലെ ഓര്‍മയുണ്ട്. (വാ : അപ്പൊ രാമായണം സീരിയല്‍ കണ്ടതും അമ്മാവന്‍ അമേരിക്കേന്നു കൊണ്ട് വന്ന വീഡിയോ ഗെയിം കളിച്ചതും ഒക്കെ? മാഗി നൂടില്‍സിനും ഫ്രൈഡ്‌ റൈസിനും വേണ്ടി വാശി പിടിച്ചതും മറന്നോ?
ക : റോള്‍ തന്നവന്‍റെ നെഞ്ചത്തോട്ട് തന്നെ കേറിക്കോ, അതിലൊക്കെ എവിടെയാണ് മകനെ മലയാളത്തിന്‍റെ മണമുള്ള ഗ്രഹാതുരത്വം? ഈ പറയുന്ന സാധനമില്ലേല്‍ പിന്നെ ആര് വായിക്കും എന്റെ കഥ ?)

മനുഷ്യരെക്കാള്‍ കൂടുതല്‍ പുസ്തകങ്ങളെ സ്നേഹിച്ചത് കൊണ്ടാവാം, അല്ലെങ്കില്‍ 'മടി' എന്ന മാറാരോഗം ഉള്ളത് കൊണ്ടാവാം, സൗഹൃദങ്ങള്‍ തീരെ കുറവായിരുന്നു ചെറുപ്പത്തില്‍. കൂട്ടുകാരുടെ, നാട്ടുകാരുടെ ഏതു കാര്യത്തിനും ഓടിയെത്തുന്ന സന്തോഷായിരുന്നു നാട്ടിലെ താരം.

പന്ത്രണ്ടാം ക്ലാസ്സ്‌ വരെ നോണ്‍ സ്റ്റൊപ്പായിരുന്ന സൗഹൃദത്തിന് സ്റ്റോപ്പ്‌ സൈന്‍ കാട്ടിയത് എഞ്ചിനീയറിംഗ് എന്ട്രന്‍സ് എന്ന പെരുത്ത പരീക്ഷയാണ്‌. എഞ്ചിനീയറിംഗ് കോളേജില്‍ എത്തിയതോടെ സൗഹൃദത്തിന്‍റെ ചരട് വലിഞ്ഞു തുടങ്ങിയെങ്കില്‍ , അത് പൊട്ടി തുടങ്ങിയത് ഞാന്‍ ജോലി കിട്ടി രാജ്യത്തിനു പുറത്തേക്ക് കടക്കുന്നതോടെയാണ്.

അതിരാവിലെ കോണ്ഫ്ലെകെസ് എന്ന സമീകൃതാഹാരം പാലില്‍ കലക്കി കഴിച്ചു സന്തോഷം സഹിക്കാന്‍ വയ്യാതെ പത്തു പതിനാറു മണികൂര്‍ അത്യധ്വാനം ചെയ്തു തിരിച്ചെത്തുമ്പോള്‍ പിന്നെ സൗഹൃദത്തിന് എവിടെ സമയം?.
(വാ : അപ്പൊ ഈ എസി മുറിയിലിരുന്ന് അര മണിക്കൂറില്‍ ഒരിക്കെ വെബ്ബും ബ്രൌസ് ചെയ്തു നാലഞ്ചു ടീ ബ്രേയ്ക്കും രണ്ടു മൂന്നു ഫുഡ്‌ ബ്രേയ്ക്കും ഒക്കെ എടുത്തു പണി ചെയ്യുന്നത് ആണല്ലേ അത്യധ്വാനം? അപ്പൊ മനുഷ്യര് ഗള്‍ഫിലെല്ലാം പൊരി വെയിലത്തു പന്ത്രണ്ടു മണിക്കൂര്‍ വിശ്രമം ഇല്ലാതെ കഷ്ട പ്പെടുന്നതോ?
ക : പാസ്. ഒട്ടകത്തിനു സ്പേസ് കൊടുത്ത എന്നെ പറഞ്ഞാല്‍ മതിയല്ലോ! ഇനിയങ്ങോട്ട് തന്‍റെ കമന്‍റ് ഒക്കെ ഞാന്‍ മോഡറേറ്റ് ചെയ്യും.)

അത്യധ്വാനത്തിന്‍റെ ആ ഇന്‍റര്‍നെറ്റ് യുഗത്തിലാണ് ഞാന്‍ ഓര്‍ക്കുട്ടില്‍ എത്തുന്നത്. മൂന്നാം ക്ലാസ്സ്‌ തൊട്ടു മുപ്പതാം വയസു വരെയുള്ള കൂട്ടുകാരെ തേടിപ്പിടിക്കല്‍ ആയിരുന്നു പിന്നത്തെ ഹോബി. ഹോ, എനിക്കിത്രയും കൂട്ടുകാരുണ്ടെന്നു ഞാന്‍ തന്നെ മനസിലാക്കിയത് എണ്ണം മുന്നൂറു കടന്നപ്പോഴാണ്.

അങ്ങനെ മനുഷ്യന്‍ എന്ന സാമൂഹിക ജീവിയിലേക്കുള്ള എന്‍റെ മടക്കം മാരകമായി മുന്നേറുന്ന കാലത്താണ് ഓര്‍കുട്ടിന്‍റെ ശക്തി എനിക്ക് ശരിക്കും പിടി കിട്ടുന്നത്. കാലത്തു കട്ടന്‍കാപ്പി കുടിക്കുന്നതിനു മുന്നേ ലാപ്ടോപ്പിലേക്ക് നോക്കിയ എന്‍റെ മുന്നിലതാ, ഒരു ഫ്രണ്ട് റിക്വസ്റ്റ്. സാക്ഷാല്‍ സന്തോഷിന്‍റെ! വെറും നാലേ നാല് ഓര്‍ക്കുട്ട് ഫ്രണ്ട്സു മാത്രമുള്ള അവന്‍റെ അഞ്ചാം ഫ്രണ്ട് ആയി എന്നെ ക്ഷണിക്കാന്‍.

അവന്‍റെ ഫ്രണ്ട് ഗ്രൂപ്പില്‍ ഉള്ളവരെല്ലാം നാല്‍ക്കവലയിലെ തിരുമ്മു ശാലയ്ക്ക് മുന്നില്‍ എന്നും വൈകീട്ട് അവനിരുപുറവും കൂടുന്നവര്‍ ആണെന്ന് ഞാന്‍ കണ്ടു. ലോകം മുഴുവന്‍ കൂട്ടുകാരുള്ള ഞാനെവിടെ, ഒരു കിലോമീറ്റര്‍ ചുറ്റുവട്ടത്തില്‍ നാല് പേരുള്ള അവനെവിടെ. ഓര്‍കുടിനു നന്ദി. ആദ്യമായി എന്‍റെ സാമൂഹിക ജീവിതത്തില്‍ എനിക്കൊരു അഹങ്കാരമൊക്കെ തോന്നി തുടങ്ങി.

ഒന്നര വര്‍ഷത്തിനു ശേഷം നാട്ടിലേക്കുള്ള യാത്രയിലാണ് ജീവിതത്തിലെ ആദ്യത്തെ അപകടം. ബോധം തിരിച്ചു കിട്ടുമ്പോള്‍ കട്ടിലിനു അടുത്തു അച്ഛനും അമ്മയ്ക്കും അപ്പുറം സന്തോഷും ഉണ്ടായിരുന്നു. പരിക്കുകള്‍ സാരമുള്ളതല്ല എന്ന് തിരിച്ചറിഞ്ഞ ആശ്വാസം അവരുടെ മുഖത്തും.

"അമ്മെ, മൊബൈല്‍ ഫോണ്‍ ഇവിടെ വച്ചേക്കണേ, കൂട്ടുകാരാരെങ്കിലും വിളിക്കും". ഹോ ഇന്റര്‍നെറ്റ്‌ ഉണ്ടായിരുന്നേല്‍ 'എന്‍റെ കാലൊടിഞ്ഞു' എന്നോ മറ്റോ ഒരു ഓര്‍ക്കുട്ട് സ്റ്റാറ്റസ് ഇടാമായിരുന്നു. ഇല്ലെങ്കിലും ആരെങ്കിലുമോകെ അറിഞ്ഞു വിളിക്കാതിരിക്കില്ല. രണ്ടു ദിവസം ബെല്ലടിക്കാതിരുന്ന ഫോണില്‍ നോക്കിയിരിക്കുമ്പോള്‍ കൂട്ടിനു സന്തോഷ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

വീട്ടിലെത്തിയപ്പോള്‍ ആദ്യം ചെയ്തത് ഓര്‍ക്കുട്ടില്‍ അപകടത്തിന്‍റെ കാര്യം എഴുതലയിരുന്നു. കൂട്ടുകാരില്‍ നൂറുപേര്‍ എങ്കിലും നാട്ടിലാണല്ലോ. രണ്ടു ദിവസത്തിന് ശേഷം രാവിലെ കൂട്ടുകാര്‍ കാണാനെത്തി എന്ന് അമ്മ പറഞ്ഞപ്പോള്‍ ഞാന്‍ മുന്നൂറു മുഖങ്ങളില്‍ ഏതാവും അവ എന്ന് പരതുകയായിരുന്നു.

മുറിയിലെക്കാദ്യം കടന്നത് സന്തോഷാണ്. അതിനു പിന്നാലെ വന്ന നാല് മുഖങ്ങള്‍ ഞാന്‍ ഓര്‍ക്കുട്ടില്‍ കണ്ടിരുന്നു. പക്ഷെ എന്‍റെ പ്രൊഫൈലിലെ മുന്നൂറു മുഖങ്ങള്‍ക്കിടയില്‍ അല്ല എന്ന് മാത്രം. എന്‍റെ സ്ക്രാപ്പ് ബുക്കില്‍ ഇപ്പോള്‍ 'ഗെറ്റ് വെല്‍ സൂണ്‍' മെസ്സേജുകള്‍ വെറുതെ വന്നു നിറയുന്നുണ്ടാവാം.....

13 comments:

 1. Nalla katha, thamaashichu thamaashichu kaaryathinte kombathu thanne kerippidichu lle...?
  congrats..

  ReplyDelete
 2. ഏട്ടിലെ പട്ടി കടിക്കില്ല.
  കാവലിരിക്കയുമില്ല.
  സത്യം.

  ReplyDelete
 3. സത്യമാണ്. ഫ്രണ്ട് ഇൻ നീഡ് ഈസ് ഫ്രണ്ട് ഇൻഡീഡ്...

  ReplyDelete
 4. എല്ലാ മലയാളികൾക്കും ഓണാശംസകള്‍ !
  പോസ്റ്റ്‌ നന്നായി
  ആശംസകള്‍!

  ReplyDelete
 5. " ഗെറ്റ് വെല്‍ സൂണ് " ഒന്ന് ബ്ലൊഗിലും ഇട്ടേക്കാം :)

  ഓര്‍ക്കൂട്ടിനെ പറ്റി ഒരക്ഷരം പറയരുത്. ഞാന്‍ എങ്ങാനും വീണു കാലൊടിഞ്ഞാല്‍ കാണാന്‍ വരുന്നവരില്‍ അഞ്ച് പേരെങ്കിലും ഓര്‍ക്കൂട്ടിലെ മുഖങ്ങളായിരിക്കും. പക്ഷെ അതൊന്നും പണ്ട് നഷ്ടപെട്ട സൗഹൃദങ്ങളല്ല. ഇന്റെര്‍നെറ്റ് ലോകത്ത് കണ്ട്മുട്ടിയ നല്ല കൂട്ടുകാര്‍.

  പണ്ട് നഷ്ടപ്പെട്ടവരെ നമ്മള്‍ തന്നെ ഓരോരോ കാലത്ത് ഓരോരോ കാരണങ്ങളാല്‍ വേണ്ടെന്ന് വച്ചതാകാം.പിന്നെ ഓര്‍ക്കൂട്ട് വഴി തിരികെ കിട്ടിയിട്ടെന്തു കാര്യം?

  ReplyDelete
 6. നന്നായിട്ടുണ്ട്...കഥ...
  :)

  ReplyDelete
 7. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി

  ReplyDelete
 8. നന്നായിട്ടുണ്ട്...

  ReplyDelete