Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Tuesday, 18 December 2012

ഓടുന്നത് പ്രേക്ഷകന്‍ !

റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ ആദ്യ അര മണിക്കൂറില്‍ തന്നെ സൂപ്പര്‍ താരങ്ങളെ നശിപ്പിക്കുന്ന ചേരുവകള്‍ എല്ലാം കൃത്യമായി ഉണ്ട്.

1. നായകന്‍ കേമന്‍ ആവണം എങ്കില്‍ നായകന്‍ സ്ക്രീനില്‍ വരുന്നതിന് പത്തു മിനിറ്റ് ,മുന്നേ സ്നേഹിതന്മാര്‍ , അവന്‍ ആനയാണ് , ചേനയാണ്, പുലിയാണ് (പുലികള്‍ക്ക് രക്ഷയില്ലാത്ത കാലമാണ് എന്നത് വേറെ), reuters ആണ്, കോടികള്‍ ശമ്പളം വാങ്ങുന്നവന്‍ ആണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കണം.

2. നാട്ടിലില്ലാത്ത നായകനെ വിലയുള്ളൂ , അത് കൊണ്ട് മലയാളിയായ നായകന്‍ ചുമ്മാ ആരെയൊക്കെയോ രക്ഷിക്കാനും , ഒരു തമാശക്ക് വീഡിയോ പിടിച്ചു കളിക്കാനും ആയി ഒന്ന് രണ്ടു ദിവസത്തേക്ക് നാട്ടില്‍ എത്തുന്നു.

3. പിന്നെ ആരും കണ്ടാല്‍ ഞെട്ടുന്ന ഒരു ന്യൂ ജെനറേഷന്‍ ഇന്ട്രോ. ഇത് വളരെ ആരും കാണിച്ചിട്ടില്ലാത്ത രീതിയില്‍ ആദ്യം ഷൂ കാണിച്ചിട്ട് , പിന്നെയാണ് നായകനെ കാണിക്കുക . ഹോ എന്നാ ഒരു ഷോട്ട് !!.

4. BBC ക്കും reuters നും വേണ്ടി പടം പിടിക്കുന്ന നായകന്‍ , അതാ ചെരുപ്പൂരി എറിഞ്ഞു പടം പിടിക്കാന്‍ ഒരു സീന്‍ ഉണ്ടാക്കുന്നു. വന്യ മൃഗങ്ങളുടെ ഷോട്ട് എടുക്കാന്‍ പോലും അവരെ ഉപദ്രവിക്കരുത് എന്ന് നിയമമുള്ള മീഡിയകളില്‍ നിന്ന് നായകന്‍ പഠിച്ച പാഠം കൊള്ളാം.

5. അഞ്ചു വയസുകാരന്‍ അച്ഛന്‍റെ തല്ലു കൊണ്ട് ഓടുമ്പോള്‍ ക്യാമറ കയ്യില്‍ കൊടുത്താല്‍ എങ്ങനെ വീഡിയോ വരുമോ , അങ്ങനെയുള്ള കുറച്ചു ഷോട്ടുകള്‍ കാണിച്ചിട്ട് മീഡിയ സിംഹങ്ങള്‍ എല്ലാം വാ പൊളിച്ചു നില്‍ക്കുന്നു !!. ഇനി നായകന്‍ പോസ്റ്റ്‌ മോഡേണ്‍ ക്യാമെറാ മാന്‍ ആണോ എന്തോ ?. മനുഷ്യന് നേരെ ചൊവ്വേ കാണാന്‍ പറ്റാത്ത ഷോട്ടുകള്‍ എടുത്തതും പോരാഞ്ഞ് എഡിറ്റ്‌ ചെയ്ത ചേട്ടന്മാരെ കൊതി തീരുവോളം ചീത്ത വിളിക്കുന്നും ഉണ്ട് നായകന്‍.

6. ഷൂ എറിഞ്ഞു കച്ചവട ഷോട്ട് ഉണ്ടാക്കിയ നമ്മുടെ നായകന്‍ , പിന്നെ കച്ചവട സിനിമക്കാരെയും ചാനെലുകാരെയും ചീത്ത പറയുകയും , പിന്നെ ഗോള്‍ഡ്‌ മെഡല്‍ കിട്ടിയ കഥ കൂടി വിളമ്പുകയും ചെയ്യുന്നതോടെ ആദര്ശ ധീരനായ നായകന്‍റെ ഒരു ഏകദേശ ചിത്രം നമുക്ക് കിട്ടും.

7. അറുപതു വയസ് തോന്നിക്കുന്ന നായകനെ അഞ്ചു വര്ഷം മുന്നേ പ്രേമിച്ച കഥയുമായി ഒരു ഇരുപതു വയസുകാരി പതിവ് പോലെ റെഡി ആയി നില്‍പ്പുണ്ട്

8. നായകന് എന്തും ആവാം എന്ന് പ്രേക്ഷകന് ഇത് വരെ മനസിലാക്കി ഇല്ലെങ്കിലോ ന്ന് തോന്നിയിട്ടാവാം , പോലീസിനെ തല്ലലും, പിന്നെ രക്ഷിക്കലും , പോലീസ് സ്റ്റേഷനില്‍ കയറി വിരട്ടലും ഒക്കെ വീണ്ടും കാണിച്ച് രോമാഞ്ചം വരുത്തുന്നുണ്ട് സംവിധായകന്‍. , reuters എന്നാ ഒരു വാക്കിന് ഈ കൊച്ചു കേരളത്തില്‍ ഇത്ര വിലയുണ്ടെന്ന് അവര്‍ക്ക് പോലും അറിവുണ്ടാവില്ല !!.

9. ഇതൊക്കെ കേട്ട് ഇതൊരു സ്ത്രീ പ്രാധാന്യം ഇല്ലാത്ത ചിത്രം ആണെന്ന് തെറ്റി ധരിക്കരുത്. രണ്ടു മിനിറ്റ് കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്നം അഞ്ചു കൊല്ലം മനസിനുള്ളില്‍ കൊണ്ട് നടക്കുന്ന , തന്നെ ചതിച്ച കമ്പനിയുടെ ശമ്പളവും വാങ്ങി, അവിടെ ചീഫ് എക്സിക്യൂട്ടീവ് ആയി വിലസുന്ന , ആദര്‍ശ ധീരയായ ഒരു പെണ്‍കൊടിയും ഉണ്ട് ചിത്രത്തില്‍

10. മൊത്തത്തില്‍, നായകനും നായികക്കും ഒക്കെ എന്തും ആവാം , പാവം പ്രേക്ഷകന്‍ ഇറങ്ങി ഓടാത്തത്‌ ബിജു മേനോന്‍ എന്നാ മലയാളി സ്നേഹിക്കുന്ന നടന്‍ ഉള്ളത് കൊണ്ട് മാത്രം . ( ആ ഉണ്ടത്രേ പരാമര്‍ശം കലക്കി)

ഇതൊക്കെ കണ്ടിട്ടും വിഷമം വരാത്ത ധീരന്മാര്‍ക്ക്‌ സങ്കടം വരാന്‍ ഈ സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ആയല്ലോ എന്ന് ഓര്‍ത്താല്‍ മതി.

സത്യത്തില്‍ ഫഹദ് ഫാസിലിനെ ഒക്കെ നായകനാക്കി , ഹീറോ പരിവേഷം ഒക്കെ കുറച്ച് എടുത്താല്‍ ചിലപ്പോ ഒരു നല്ല സിനിമ ആയേനെ ഇത് . അതിനുള്ള വകുപ്പ് ഒക്കെ കഥയില്‍ ഉണ്ട്

Tuesday, 11 December 2012

ഒഴിമുറിയില്‍ നിറയുന്നത് ..

ഭരതനോട് ഒപ്പം സിനിമകള്‍ ചെയ്ത നല്ല നാളുകളെ കുറിച്ച് പറയുന്നതിനിടയില്‍ , അഭിനന്ദനങ്ങള്‍ക്ക് പോലും ഒരു ഭരതന്‍ ടച്ച്‌ ഉണ്ടെന്ന് സംഗീത സംവിധായകന്‍ ജോണ്‍സന്‍ പറഞ്ഞതോര്‍ക്കുന്നു. ഏതെങ്കിലും ഒരു പാട്ട്, അല്ലെങ്കില്‍ ആരുടെയെങ്കിലും അഭിനയം വളരെ ഇഷ്ടപെട്ടാല്‍ , "കൊള്ളാം. ഇത് നീ ചെയ്തതാണ് എന്ന് പറയില്ല" എന്നാണത്രേ ഭരതന്‍ പറയുക. ഒരേ സമയം ഇകഴ്ത്തലും പുകഴ്ത്തലും ആയി കാണാവുന്ന വാക്കുകള്‍. 

അവനവന് സാധാരണ ചെയ്യാന്‍ പറ്റുന്നതിലും അപ്പുറത്തേക്ക് ഒരാള്‍ , അല്ലെങ്കില്‍ ഒരു സൃഷ്ടി ചെന്നെത്തുന്നതിന്റെ ആനന്ദം ആയിട്ടാണ് ഞാന്‍ അതിനെ വ്യാഖ്യാനിച്ചത്. ഒഴിമുറി എന്ന ചിത്രം എന്നെ ഒര്മിപ്പിച്ചതും ആ ഭാരത വാക്യമാണ്. സിനിമ എന്ന കലയുടെ വ്യാകരണവും അളവ് കോലുകളും വച്ച് അളന്നാല്‍ ഒഴിമുറിക്ക് കുറ്റങ്ങളും കുറവുകളും ഉണ്ടാവാം, പക്ഷെ ഒഴിമുറി കാണുമ്പോള്‍ നമുക്ക് മുന്നില്‍ നിറയുന്നത്. സിനിമക്ക് അപ്പുറത്തേക്ക് ഒരു സമൂഹത്തിന്‍റെ, മൂന്ന് തലമുറയുടെ ചിത്രമാണ്‌. 

സ്ത്രീകള്‍ക്ക് സ്വത്തവകാശവും , വിവാഹത്തിന് ശേഷം സ്വന്തം വീട്ടില്‍ താമസിക്കാന്‍ അധികാരവും ഉണ്ടായിരുന്ന ഒന്നാം തലമുറയും, സ്ത്രീയുടെ ലോകം വീടിനുള്ളിലേക്ക് ചുരുങ്ങി പോയ രണ്ടാം തലമുറയും, അവരുടെ കഥകള്‍ വിലക്കി ചേര്‍ക്കാന്‍ സംവിധായകന്‍ ഉപയോഗിക്കുന്ന ഇന്നത്തെ തലമുറയും നല്ല കയ്യടക്കത്തോടെ എഴുതി സംവിധാനം ചെയ്ത ഈ സിനിമയില്‍ നിറയുന്നു.

ഭാഷയും , ഭൂപ്രകൃതിയും കാലവും പലപ്പോഴും അപരിചിതം , പക്ഷെ മുന്നില്‍ തെളിഞ്ഞ കഥാപാത്രങ്ങള്‍ പലതും മനസിന്‍റെ ഉള്ളില്‍ ചെന്ന് കൊണ്ടു. ആരെയും കൂസാത്ത , ഏതു അര്‍ദ്ധരാത്രിയിലും ഒറ്റയ്ക്ക് നടക്കാന്‍ പേടിയില്ലാത്ത , ആരവിടെ എന്ന് ചോദിച്ചാല്‍ ഞാന്‍ ഇവിടെ എന്ന് ഉറച്ചു പറയാന്‍ കഴിയുന്ന അമ്മൂമ്മമാരെ കണ്ടിട്ടുണ്ട് ചെറുപ്പത്തില്‍..., ആര് മണിക്ക് ശേഷം ഒറ്റയ്ക്ക് പെണ്‍കുട്ടികള്‍ പുറത്തിറങ്ങാത്ത ഇന്നത്തെ കേരളത്തിന് , പായും തലയിണയും ആയി ഒറ്റയ്ക്ക് രാത്രി കഥകളി കാണാന്‍ പോകുന്ന അമ്മൂമ്മമാര്‍ ഒരു കൌതുകം ആയേക്കാം.

അഭിനയം പോരാ എന്ന് മലയാളി എഴുതി തള്ളിയിരുന്ന ശ്വേതാ മേനോന്‍ എന്ന നടിക്ക് കഴിഞ്ഞ നാല് വര്‍ഷത്തില്‍ വന്ന മാറ്റം അതിശയകരം തന്നെ. ആരെയും കൂസാത്ത അമ്മച്ചിയായി ശ്വേത തകര്‍ത്തിരിക്കുന്നു ഈ ചിത്രത്തില്‍....., ചെറുപ്പത്തില്‍ നിന്ന് വാര്ധക്യത്തിലേക്ക് എത്തുമ്പോള്‍ വരുന്ന വേഷ വിധാനത്തിലെ അലസത വളരെ സ്വാഭാവികമായി തോന്നി പലപ്പോഴും. 

സ്നേഹം ശകാരമായി മാത്രം പുറത്തു വരുന്ന, വാശിക്ക് ഒട്ടും കുറവില്ലാത്ത , പേടിക്കുന്നവന്റെ മുന്നില്‍ സിംഹവും, പേടിപ്പിക്കുന്നവന്റെ മുന്നില്‍ ആട്ടിന്‍ കുട്ടിയും ആകുന്ന സാധാരണക്കാരന്‍റെ വേഷം ലാലിന്‍റെ കയ്യില്‍ ഭദ്രം. താര പരിവേഷത്തിന്റെ ലഹരിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒക്കെ നഷ്ടപ്പെട്ട് പോകുന്നത് ഇത്തരം വേഷങ്ങള്‍ ആണ്.

ജീവിതകാലം മുഴുവന്‍ വഴക്കിട്ടു മാറ്റി നിര്‍ത്തിയ അമ്മയുടെ ബലിയിടുമ്പോള്‍ ഓര്‍മയുടെ ഭാരത്തിനു മുന്നില്‍ മനസ്‌ ഇടറുന്ന മക്കളും പുതിയ കാഴ്ചയല്ല. എന്തിനാണ് ജീവിച്ചിരിക്കെ ഇത്രയും വാശി എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ചുറ്റും നോക്കുമ്പോള്‍. !!

പരസ്പരം ഉള്ളു തുറന്ന് സംസാരിക്കാതെ , പേടിച്ചും പേടിപ്പിച്ചും നഷ്ടപ്പെട്ട് പോയ ഒരു തലമുറയിലെ അച്ഛനും മകനും തമ്മിലുള്ള ബന്ധം ഈ സിനിമ നന്നായി കാണിക്കുന്നുണ്ട്.ട്രാഫി ക്കിന് ശേഷം അസിഫ് അലിക്ക് കിട്ടിയ ഒരു നല്ല വേഷം. 

ഭര്‍ത്താവിനും മകനും അപ്പുറം ഒരു ലോകം ഇല്ലാത്ത , അവര്‍ക്ക് വേണ്ടി സ്വന്തം കുടുംബത്തെ പോലും മാറ്റി നിര്‍ത്തേണ്ടി വരുന്ന അമ്മാരുടെ ഒരു തലമുറയും നമുക്ക് മുന്നില്‍ എത്തുന്നു.എത്രയൊക്കെ ത്യാഗം ചെയ്താലും ഒടുവില്‍ മറ്റുള്ളവരുടെ മനസിലേ കുറ്റബോധങ്ങളുടെ കുരിശ് ഏറ്റാന്‍ വിധിക്കപെടുന്നവര്‍..., അവര്‍ക്ക് അഭിപ്രായങ്ങള്‍ ഉണ്ടയിക്കൂടാ എന്ന് വാശി പിടിക്കുന്നവര്‍ തന്നെ , അഭിപ്രായങ്ങള്‍ ഇല്ലാത്തവര്‍ എന്ന് അവരെ കളിയാക്കുന്ന അവസ്ഥകള്‍ , ഇത് കേരളത്തിലെ ഒരു തലമുറയിലെ സ്ത്രീകളുടെ നേര്‍ ചിത്രമല്ലേ ?.

മലയാള സിനിമയില്‍ തന്‍റെ ചുവടുറപ്പിക്കുന്ന നന്ദുവിന് വീണ്ടും ഒരു നല്ല വേഷം. രണ്ടു മിനിറ്റ് മാത്രം സ്ക്രീനില്‍ വന്നു പോകുന്ന ഗോപകുമാറിന്റെ വേഷം വരെ നന്നായിട്ടുണ്ട്. മലയാള സിനിമ ഈ നടനെ വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല എന്നതല്ലേ സത്യം ?.

ഇതിനൊക്കെ അപ്പുറത്ത് അവതരണം തെറ്റിയാല്‍ വളരെ വിരസമാകുമായിരുന്ന ഒരു കഥയെ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് മധുപാല്‍., കാലങ്ങളെ ഇട കലര്‍ത്തി ഉള്ള കഥ പറച്ചിലും , പലപ്പോഴും കൂട്ടി വായിക്കാവുന്ന ചെറിയ സൂചനകളും സിനിമയെ മനോഹരമാക്കുന്നു.

പുറമേ നിന്ന് ദുഷ്ടന്‍ എന്ന് തോന്നുന്നവരുടെ മറുവശവും, ദുര്‍ബലര്‍ എന്ന് തോന്നുന്നവരുടെ അക കരുത്തും ഒക്കെ പതിയെ പതിയെ , കഥക്കൊപ്പം നമുക്ക് കാട്ടിത്തരുന്നുണ്ട് സംവിധായകന്‍.., മരണത്തെ പറ്റിയുള്ള നിരീക്ഷണങ്ങളും വളരെ നന്നയി തോന്നി ( " മരണത്തിന് മുന്നില്‍ മനുഷ്യര്‍ എത്ര ചവറാണ് ")

ഭക്ഷണ പ്രേമവും , കുറ്റം പറച്ചിലും അടക്കമുള്ള ശീലങ്ങളില്‍ പിടിച്ച് ഞങ്ങള്‍ നായന്മാരെ ഒരിത്തിരി കളിയാക്കി എങ്കിലും ഒരു സിനിമക്ക് അപ്പുറം, ഒരു സമൂഹത്തിന്‍റെ മൂന്ന് തലമുറയുടെ കഥ പറയുന്ന ഈ ചിത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഭരതന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ , "നന്നായി. വെറും ഒരു സിനിമ ആണെന്ന് പറയില്ല കേട്ടോ !" 

Sunday, 11 November 2012

മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ചാല്‍ ..





നല്ല മധുരക്കള്ളില്‍ ഷാംപൈന്‍ ഒഴിച്ച ഒരു ഫീലിംഗ് ആണ് സ്പിരിറ്റ്‌ എന്ന ചിത്രം. സാമൂഹിക പ്രസക്തി ഉള്ള വിഷയം, പക്ഷെ പതിവ് പോലെ ശൂരനും വീരനും ആയ നായകന്‍....,  എവിടെ തിരിഞ്ഞു നോക്കിയാലും ജീനിയസ് ജീനിയസ് എന്ന മുറവിളി . ഒരിക്കലും എഴുതി തീര്‍ക്കാത്ത ഒരു നോവലും , മന്ത്രിയെ ഫോട്ടോ കാണിച്ചു ബ്ലാക്ക്മൈല്‍ ചെയ്യലും , കമ്മിഷണറെ ചീത്ത വിളിക്കലും അല്ലാതെ ഒരു ജീനിയസും മഷിയിട്ടു നോക്കിയാല്‍ കാണാനും ഇല്ല.

മോഹന്‍ലാല്‍ പല സ്റ്റൈലില്‍ കള്ള് കുടിക്കുന്നത് കാട്ടാന്‍ തന്നെ ഒരുപാട് സമയം ചിലവാക്കുന്നു ഈ സിനിമ. ടിവി ഷോയില്‍ ആവട്ടെ, അതിഥിയെക്കാള്‍ വലിയ ആളാകുന്നു അവതാരകന്‍....


ഇടക്കിടക്ക് വീണു കിട്ടുന്ന ചില മോഹന്‍ലാല്‍ നിമിഷങ്ങള്‍, നമ്മെ മോഹിപ്പിക്കുന്നുമുണ്ട് . പക്ഷെ ആദ്യ പകുതിയില്‍ പലപ്പോഴും ഒരു ക്ലിഷെഡ്‌ ബുദ്ധി ജീവി കളി. മലയാള ബുദ്ധി ജീവികളെ ഒന്ന് ചെറുതായി കൊട്ടിയത് രസിച്ചു താനും.


മലയാള സിനിമയുടെ മുറ്റത്തും വരാന്തയിലും ഒരുപാടു സമയം ചിലവഴിച്ച നന്ദുവിന് ഒരു നല്ല വേഷം. അത് നന്ദു നന്നായി തന്നെ ചെയ്തു . ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ഈ നടനെ തേടി എത്തട്ടെ .

അഭിനയത്തിന് നല്ല സാദ്ധ്യതകള്‍ ഉള്ള ഒരു വേഷം സാമാന്യം ബോറായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് സിദ്ധാര്‍ഥ്. പക്ഷെ കേള്‍ക്കാന്‍ സുഖമുള്ള വരികള്‍ കഥാപാത്രത്തിന്‍റെ നാവില്‍ ഫിറ്റ്‌ ചെയ്തിട്ടുണ്ട് രഞ്ജിത്

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ പലതുണ്ട് മണ്ണിന്‍ മനസ്സില്‍"" ------------"
   = അര്‍ഥം ഉള്ള വരികള്‍ 


ശോഭനയും മീനയും ഒക്കെ പല വട്ടം ശ്രമിച്ചിട്ടും ശരിയാവാത്ത ലേഡി പോലീസ് കമ്മിഷണര്‍ വേഷം നല്ല ശരീര ഭാഷയോടെ അവതരിപ്പിക്കുന്നുണ്ട് ലേന. ചെറുതെങ്കിലും കല്പനയുടെ വേഷവും ഇഷ്ടപ്പെട്ടു .

സന്തോഷവും സങ്കടവും ഒരു പോലെ തോന്നുന്നുണ്ട് തിലകന്‍റെ ആ കുഞ്ഞു വേഷം കാണുമ്പോള്‍...., ഒരുപാട് ഒന്നും ചെയ്യാന്‍ ഇല്ലെങ്കിലും ശങ്കര്‍ രാമ കൃഷ്ണന്‍ ചെയ്ത മൊട്ട തലയന്‍ കൊള്ളാം.

മദ്യപാന ആസക്തിയെ പറ്റി പഠിക്കാന്‍ ഞാന്‍ പൊളി ടെക്നിക്കില്‍ ഒന്നും പോവാത്തത്‌ കൊണ്ട് സിനിമയുടെ അവസാന ഭാഗങ്ങളെ പറ്റി ഒന്നും പറയാനില്ല.

(കാശുള്ള നായകന്‍ കള്ളിന് , സോറി കുപ്പിയിലെ കവിതയ്ക്ക് അടിമ ആയാല്‍ ആര്‍ക്കും ഒരു പ്രശ്നവും ഇല്ല, വല്ലപ്പോഴും പാര്‍ട്ടികളില്‍ അലമ്പ് ഉണ്ടാക്കും എന്നല്ലാതെ. വെള്ളമടിച്ചു നോവല്‍ എഴുത്ത് , അത്യുഗ്രന്‍ ഷോ, പഴയ ഭാര്യയോടും അവരുടെ പുതിയ ഭര്‍ത്താവിനോടും സൗഹൃദം കാട്ടുന്ന വിശാല മനസ്കത.

കാശില്ലാത്ത പ്ലുംബെര്‍ മണിയന്‍ കുടിച്ചാല്‍ അത് അവന്‍റെ ജോലിയെ, കുടുംബത്തെ , ജീവിതത്തെ ഒക്കെ നശിപ്പിക്കുന്ന മഹാ വിപത്ത്.

ഈ ആല്‍ക്കഹോള്‍  അഡിക്ഷന് ഇത്രക്ക് സാമ്പത്തിക , സാമൂഹിക വേര്‍ തിരിവ് ഉണ്ടോ ?)

Wednesday, 29 July 2009

പ്രേക്ഷകനെ മെരുക്കിയ കാട്ടുകുതിരക്ക് വിട !

ഇതൊരു പ്രേക്ഷകന്റെ ഓര്‍മക്കുറിപ്പാണ്‌. രാജന്‍ പി ദേവ് എന്ന നടനെ മാത്രം അറിയുന്ന, ആ വ്യക്തിയെ അറിയാത്ത. ഒരാളുടേത്‌. നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടന്‍ കടന്നു പോകുമ്പോള്‍ ഉള്ള ഓര്‍മ്മകള്‍ .

സിനിമകള്‍ കണ്ടു തുടങ്ങുന്നതിനു മുന്നേയാണ്‌ രാജന്‍ പി ദേവ് എന്ന നടനെക്കുറിച്ച് കേള്‍ക്കുന്നത്. വളയന്ചിറങ്ങരയില്‍ നിന്ന് നാടകം കണ്ടെത്തിയ കൊച്ചച്ചനില്‍ (അച്ഛന്റെ അനിയന്‍) നിന്ന്. അത് പക്ഷെ രാജന്‍ പി ദേവ് എന്ന പേരിലല്ല. നാടകം എസ് എല്‍ പുരത്തിന്റെ കാട്ടു കുതിര. നടന്‍ ?. "കൊച്ചു വാവ". നടനെയും കഥാപാത്രത്തെയും ഒന്നായിക്കാണുന്ന വിധം അന്നാ കഥാപാത്രം അവരുടെ മനസ്സില്‍ പതിഞ്ഞിരുന്നു. ആയിരത്തോളം വേദികള്‍ പിന്നിട്ട ആ യാഗാശ്വം അങ്ങനെ ആയില്ലെന്കിലെ അതിശയമുള്ളൂ.

പിന്നീട് വെള്ളിത്തിരയില്‍ കാര്‍ലോസ്‌ ആയി രണ്ടാം ജന്മം. ക്രൂരനില്‍ നിന്ന് ചതിക്കപ്പെട്ടവനിലെക്കുള്ള ദൂരം അനായാസമായി നടന്നു കയറി നമ്മെ അമ്പരപ്പിച്ച വരവ്. ശരീര ഭാഷയിലൂടെയും, ക്രൂര മുഖ ഭാവങ്ങളിലൂടെയും, സംഭാഷണ രീതിയിലൂടെയും എനിക്ക് പ്രിയപ്പെട്ട വില്ലന്‍.

പിന്നീട് പതിയെ പതിയ തമാശ കലര്‍ന്ന വില്ലന്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റം. തമാശ കലര്‍ന്ന വേഷങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കഴിവ് ശരിക്കും തെളിഞ്ഞു കണ്ടത്. രസകരമായ ഒരു വില്ലന്‍ വേഷം ചെയ്ത ക്രൈം ഫയലിലെ 'മണിമല മാമച്ചന്‍' എനിക്കേറെ ഇഷ്ടപെട്ട വേഷം. (ആ തൃക്കൈ !) കിങ്ങിലെ ഗോവിന്ദ മേനോനെ പോലെ ചെയ്ത ചെറിയ വേഷങ്ങള്‍ പോലും മനസ്സില്‍ കൊള്ളിക്കാനുള്ള കഴിവ്.

കാട്ടുകുതിര എന്ന സിനിമയിലെ കൊച്ചുവാവയാവാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. തിലകന്റെ "അഭിനയം പോര" എന്നൊരഭിപ്രായം ഞാന്‍ ആദ്യമായി കേട്ടത് കൊച്ചച്ചന്‍ കാട്ടു കുതിര കണ്ടപ്പോഴാണ്. പ്രേക്ഷക ഹൃദയത്തില്‍ "കൊച്ചു വാവ" യുടെ സ്ഥാനം അത്ര വലുതായിരുന്നു.

ഒരു നടന്റെ അഭിനയ മികവു മാറ്റുരച്ചു നോക്കുന്നത് മറ്റു നടന്മാരോടുത്തുള്ള അഭിനയ രംഗങ്ങളില്‍ ആണെന്ന് പറയാറുണ്ട്. ജഗതിയോടൊപ്പം CBI ഡയറികുറിപ്പിലും (തിരുമേനി കൌപീനത്തില്‍ മുള്ളിയിട്ടുണ്ടോ?). മോഹന്‍ ലാലിനോടൊപ്പം ചോട്ടാ മുംബൈയിലും (പാമ്പ്) നമ്മള്‍ ആ അഭിനയത്തിന്റെ മാറ്റ് ഉരച്ചു അറിഞ്ഞു.

രാജന്‍ പി ദേവ് എന്ന നടന്റെ നിര്യാണം കൊണ്ടുണ്ടായ നഷ്ടത്തെ പറ്റി പ്രസംഗിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ, ഇനി മലയാള സിനിമകള്‍ കാണുമ്പോള്‍, അദ്ദേഹം അഭിനയിച്ചു രസിപ്പിച്ച വേഷങ്ങള്‍ കാണുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന് പറ്റിയ കഥാപാത്രങ്ങളെ കാണുമ്പോള്‍ ആ നടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നെനിക്കു തോന്നും. ഇന്ന് ഒടുവില്‍ എന്ന നടനെക്കുറിച്ച് തോന്നുന്നത് പോലെ. ഒരു പക്ഷെ ഒരു പ്രേക്ഷകന് നല്കാന്‍ കഴിയുന്ന ഏറ്റവും നല്ല സ്മരണാഞ്ജലി അത് തന്നെയല്ലേ?. ഒരു നടന് കിട്ടാവുന്നതും.

Tuesday, 28 July 2009

ഗുഡ് ബൈ ലെനിന്‍ !

കഥയെ കാഴ്ചയാക്കലാണ് സിനിമ. തുടക്കം മുതല്ക്കിങ്ങോട്ടു കഥകളുടെ അടിസ്ഥാനം എന്നും മനുഷ്യ വികാരങ്ങളാണ്. അത് സ്നേഹമാകാം, വെറുപ്പാകാം, പ്രതികാരമാവാം, പേടിയാകാം. കഥയുടെ പുതുമയും, അതിന്റെ അവതരണ രീതിയുമാണ് ഒരു കഥയെ മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

അവതരണവും കഥയുമാണ് ഒരു സിനിമയെ മികച്ചതാക്കുന്നത് എങ്കില്‍, അവയെ മഹത്തരം ആക്കുന്നത് എന്താണ്?. കാലാതീതമായ കഥ എന്നത് ഒരുത്തരം. കഥകള്‍ ഒരു കാലത്തെ വരച്ചു കാട്ടുമ്പോള്‍ എന്ന് മറ്റൊരുത്തരം. ഇത് രണ്ടും ചേര്‍ന്ന ഒരു സിനിമയാണ് ഈ ആഴ്ച കണ്ട "ഗുഡ് ബൈ ലെനിന്‍" എന്ന ചിത്രം.

പണ്ടെഴുതിയ ജര്‍മന്‍ സിനിമകളെ പറ്റി ഉള്ള പോസ്റ്റിലെ കമന്റുകളില്‍ നിന്നാണ് ഈ സിനിമയെ പറ്റി അറിയുന്നത്.

ജര്‍മെനികളുടെ ഏകീകരണത്തിനു മുന്‍പുള്ള ഈസ്റ്റ്‌ ജര്‍മെനിയിലാണ് കഥ നടക്കുന്നത്. വര്‍ഷങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനു ശേഷം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്ന ഈസ്റ്റ്‌ ജര്‍മനിയിലെ സാമൂഹിക പ്രവര്‍ത്തകയും പാര്‍ട്ടി മെമ്പറും ആണ് ക്രിസ്റ്റിന.

തന്‍റെ മകന്‍ അലക്സ്‌ നെ പോലീസ് അറസ്റ്റ് ചെയ്യുന്നതു കണ്ടു ബോധമറ്റു വീഴുന്ന ക്രിസ്ടിന പിന്നീട് ഉണരുന്നത് എട്ടു മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷെ എട്ടു മാസങ്ങള്‍ കൊണ്ട് ക്രിസ്ടിന വിശ്വസിച്ച ജര്‍മ്മനി എതിരാളികളുടെ രീതിയിലേക്ക് മാറിയിരുന്നു.

ഹൃദയം ദുര്‍ബലമായ അമ്മ മാറ്റങ്ങളെ കുറിച്ച് പെട്ടന്നറിഞ്ഞാല്‍ അപകടമാണെന്ന് വിശ്വസിക്കുന്ന അലക്സ്‌ മാറ്റങ്ങളെ അമ്മയില്‍ നിന്ന് മറച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. രസകരമായ രീതിയില്‍ തമാശകളുടെ അകമ്പടിയോടെ സംവിധായകന്‍ കഥ പറയുന്നു.

കഥയ്ക്ക് പുറത്തെ കാലത്തിന്റെ കഥ മറ്റൊന്നാണ്‌. ഏകീകരണം ഈസ്റ്റ്‌ ജര്‍മ്മനിയില്‍ വരുത്തുന്ന മാറ്റങ്ങളെ സംവിധായകന്‍ മനോഹരമായി വരച്ചു കാട്ടുന്നു. ആവേശഭരിതരായ പുതു തലമുറയും, മാറുന്ന അഭിരുചികളും, ഏകീകരണത്തിന്‍റെ ചെറിയ പ്രശ്നങ്ങളും ഇതിലുണ്ട്.

ജനാധിപത്യപരമല്ലാത്ത രാജ്യങ്ങളിലെ ജീവിത രീതിയും ആകുലതകളും, ചിട്ടകളും മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം. നല്ല സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കയുള്ള ഒരു ചിത്രം.

Tuesday, 21 July 2009

അയലത്തു നിന്ന് കഥകള്‍ കൂടി കൊണ്ട് വരൂ.

ക്യാമറ നായകന്റെ ഓരോ സ്റെപ്പിലും വട്ടം ചുറ്റിക്കുക, നായകന്‍ നാല്‍പ്പതു പേരെ ഒറ്റയ്ക്ക് ഇടിച്ചു തോല്‍പ്പിക്കുക തെരുവില്‍ ജീവിക്കുന്ന നായകനും നായികയും ഡാന്‍സ് ചെയ്യാന്‍ വിദേശത്തു പോകുക, പിന്നെ ഏഴ് മുഴം ചേല ചുറ്റി ദിവസം നാല് നേരം അമ്പലത്തില്‍ പോകുന്ന, ആണ്‍ കുട്ടികളുടെ നേരെ നോക്കാന്‍ മടിക്കുന്ന നായിക പാട്ട് പാടുമ്പോള്‍ കുട്ടി പാവാടയിലേക്ക് മാറുക തുടങ്ങിയ മഹത്തായ ആശയങ്ങള്‍ പകര്‍ത്തുന്ന കൂട്ടത്തില്‍ കഥ എന്ന സിനിമയുടെ ആ ചെറിയ ആശയം കൂടി നമുക്ക് പകര്‍ത്തി കൂടെ?.

ഉദാഹരണത്തിന് ഏറെ അകലെ അങ്ങ് അമേരിക്കയിലോ,യുറൊപ്പിലോ ഒന്നും പോകേണ്ട അയല്‍പക്കമായ , പണ്ട് നമ്മള്‍ മസാല സിനിമാക്കാര്‍ എന്നാക്ഷേപിച്ച, ഇപ്പോഴും പാണ്ടികള്‍ എന്നാക്ഷേപിക്കുന്ന തമിഴ്നാട്ടിലേക്കു നോക്കിയാല്‍ മതി. കഴിഞ്ഞ ആഴ്ചയില്‍ കണ്ട രണ്ടു തമിഴ് സിനിമകളാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ആദ്യത്തേത്‌ 'പസംഗ' എന്നാ ചിത്രം. ട്രെയിലര്‍ കണ്ടു തെറ്റിദ്ധരിച്ച്‌ ചിത്രം കനതിരുന്നെന്കില്‍ അതൊരു നഷ്ടം ആയേനെ. കുട്ടികളുടെ സ്കൂള്‍ കാല ജീവിതം മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം.
സ്കൂളിലെ ബാക്ക് ബെഞ്ച്‌ ഗ്യാങ്ങും, അവര്‍ക്കിടയിലെ വീറും വാശിയും ഒക്കെ നന്നായി ചിത്രീകരിച്ച ചിത്രം. എന്നാല്‍ ഇതിനെല്ലാം ഉപരി, മറ്റു ചില സവിശേഷതതകള്‍ ആണ് എന്നെ ആകര്‍ഷിച്ചത്‌. രണ്ടു കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ക്ക് ചുറ്റും നാം കാണുന്ന കഥാപാത്രങ്ങളോ, നാം കണ്ടു മുട്ടാന്‍ സാധ്യതയുള്ള സാധാരണക്കാര്‍. അതി സുന്ദരിയായ നയികയോ, അതിമാനുഷനായ നായകനോ ഇല്ല. ഇത്തരം ഒരു കഥ മലയാളത്തില്‍ ആരെങ്കിലും ഒന്ന് പരീക്ഷിക്കുമോ ആവൊ?.

രണ്ടാമത്തേത് അച്ഛന്റെയും, ഒരു മകളെ വളര്ത്തുന്നതിന്റെയും കഥ പറയുന്ന "അഭിയും ഞാനും". പ്രകാശ രാജ് എന്ന നടന്റെ പ്രതിഭക്ക് അപ്പുറം, ഒരു മകലോടോപ്പോം വളരുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രം. ലളിതമായ ആഖ്യാന രീതി, സിനിമ കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷവും, ആ വേലക്കാരന്‍ കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഐറ്റം നമ്പരോ, ക്യാമറ കറക്കലോ ഒന്നുമില്ലാത്ത ഒരു സിമ്പിള്‍ ചിത്രം. ഇതുവരെ അധികമാരും എത്തി നോക്കാത്ത, ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്ന അച്ഛന്റെ മനസിലേക്ക് എത്തി നോക്കുന്ന ചിത്രം.

നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായം ഒന്നും എനിക്കില്ല. ക്ലാസ്സ്‌ മേറ്സും, അറബി കഥയും, തിരക്കഥയും ഒക്കെ നല്ല സിനിമകള്‍ തന്നെ. ഇനിയും മലയാള പ്രേക്ഷകര്‍ക്ക്‌ (ചുരുക്കം പേര്‍ക്ക് ഒഴിച്ച് ) തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത പകല്‍ നക്ഷത്രങ്ങളും, തലപ്പാവും, ഗുല്മൊഹരുമ് ഒക്കെ നല്ല സിനിമകള്‍ ആയിരിക്കാം.

പക്ഷെ സിനിമയെ മുന്നോട്ടു നയിക്കേണ്ട പരീക്ഷണങ്ങള്‍ പലതും, ക്യാമറ വട്ടം കറക്കലും, സ്ലോ മോറേനിലും ഒതുങ്ങുന്നു എന്ന് മാത്രം. അഭിനയത്തില്‍ ആകട്ടെ, സംവിധാനത്തില്‍ ആകട്ടെ, ഒരു സൂപ്പര്‍ സ്റ്റാറിന്റെ പിന്‍ബലം ഇല്ലെങ്കില്‍ എത്ര പുതു മുഖങ്ങള്‍ക്കു അവസരം കിട്ടുന്നു?. ഇത് വരെ പറയാത്ത കഥകളുമായി പരീക്ഷണം നടത്താന്‍ ശ്രമിക്കുന്നവരുണ്ടോ?. ഉണ്ടെങ്കില്‍ അവരെങ്ങനെ സിനിമ എടുക്കും?.

പുറത്തു നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് പുത്തന്‍ തരെങ്ങളെയും കഥകളുടെയും സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തമിഴിന്റെ പാഠം ആണ്. പ്രക്ഷകനും പഠിക്കാനുണ്ട്, സൂപ്പറുകളുടെ കോമാളി പടങ്ങള്‍ക്ക് പകരം, കഥയും കാമ്പും ഉള്ള പടങ്ങള്‍ക്ക് മാത്രം ടിക്കറ്റ്‌ എടുത്തു കയറാന്‍ !.

Monday, 4 May 2009

ഇഷ്ടപ്പെട്ട ജര്‍മന്‍ സിനിമകള്‍

എനിക്കിഷ്ടപെട്ട കുറച്ചു ജര്‍മന്‍ സിനിമകള്‍.

ലോക മഹാ യുദ്ധങ്ങളുടെയും പിന്നീട് കിഴക്കന്‍ -പടിഞ്ഞാറന്‍ വിഭജനത്തിന്‍റെയും വിളനിലമായത് കൊണ്ട് തന്നെ മികച്ച പല ജര്‍മന്‍ സിനിമകളുടെയും പശ്ചാത്തലം യുദ്ധമോ അതിനോടനുബന്ധിച്ച വസ്തുതകളോ ആണ്.

ദസ് ബോട്ട് (Das Boot)

രണ്ടാം ലോക മഹായുദ്ധത്തില്‍ കടലില്‍ സഖ്യ സേന ഏറ്റവും പേടിച്ചിരുന്നത് ജര്‍മന്‍ പടക്കപ്പലുകളെ ആയിരുന്നില്ല. ആ ബഹുമതി ജര്‍മന്‍ യു-ബോട്ടുകള്‍ക്കായിരുന്നു.

പക്ഷെ സൂര്യവെളിച്ചം കാണാനാകാതെ, കടലിന്‍റെ അടിത്തട്ടില്‍ ഇടുങ്ങിയ സ്ഥല പരിമിതികളില്‍ ജീവിക്കുന്ന, യുദ്ധം എന്ന ക്രൂരതയുടെ നിസ്സഹായാവസ്ഥ ശരിക്കും അറിയുന്ന ഒരു കൂട്ടം യു-ബോട്ട് നാവികരുടെ കഥ പറയുന്നു ഈ ചിത്രം.

യുദ്ധത്തിന്‍റെ ഭീകരത മരണം എന്ന ഒരവസ്ഥ മാത്രമല്ലെന്നും അതുളവാക്കുന്ന ഭീതി പലപ്പോഴും മരണതുല്യം ആണെന്നും കാട്ടിത്തരുന്നു ഈ മികച്ച ചിത്രം. യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ കണ്ടിരിക്കേണ്ട ഒരു ചിത്രം.

റണ്‍ ലോല റണ്‍ (Run Lola Run)

യുറോപ്യന്‍ പരീക്ഷണ സിനിമകളുടെ മറ്റൊരു ഉത്തമ ഉദാഹരണം. ബാങ്ക് കൊള്ളയടിക്കാന്‍ ഒരുങ്ങുന്ന ഒരു ചെറുപ്പക്കാരന്‍റെയും അത് തടയാനായി ഓടുന്ന കൂട്ടുകാരിയുടെയും കഥ പറയുന്ന ഈ ചിത്രം, അവതരണത്തിലെ പുതുമ കൊണ്ട് നിങ്ങളെ അമ്പരപ്പിക്കും.

കൂടുതല്‍ എന്തെങ്കിലും എഴുതിയാല്‍ അത് അവതരണ രീതിയെപ്പറ്റി ഉള്ള സസ്പെന്‍സ് തകര്‍ക്കലാവും. പുതുമയുള്ള സിനിമ അനുഭവം തേടുന്ന പ്രേക്ഷകര്‍ക്കുള്ള സിനിമ.

ഡൌണ്‍ ഫാള്‍ (DownFall)

യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം. തങ്ങളുടെ ചരിത്രത്തോട് സത്യസന്ധത പുലര്‍ത്തുന്ന ഈ ചിത്രം അഡോള്‍ഫ് ഹിറ്റ്‌ലറുടെ അവസാന നാളുകളുടെ കഥ പറയുന്നു. അവസാന നാളുകളില്‍ ഹിറ്റ്‌ലറുടെ അസിസ്റ്റന്റ്‌ ആയി എത്തുന്ന പെണ്കുട്ടിയിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്.

അവസാന നാളുകളില്‍ ചിത്ത ഭ്രമം ബാധിക്കുന്ന ഹിറ്റ്‌ലറെയും മരണം വരെ ഹിറ്റ്‌ലറുടെ കല്പനകള്‍ കണ്ണടച്ച് അനുസരിക്കുന്ന അനുയായികളെയും, ജര്‍മ്മനിയുടെ പതനവും ഈ സിനിമയില്‍ കാണാം. മുന്‍പ് പറഞ്ഞത് പോലെ തങ്ങളുടെ മുന്‍കാല ചരിത്രം എത്ര മോശം ആയാലും അതിനോട് സത്യസന്ധത പുലര്‍ത്തുന്നതാണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണീയത. രണ്ടാം ലോക മഹാ യുദ്ധ സിനിമകള്‍ ഇഷ്ടപെടുന്നവര്‍ തീര്‍ച്ചയായും കാണേണ്ട സിനിമ.

ദി ലൈവ്സ്‌ ഓഫ് അതെര്സ് (The Lives of Others)

ഞാന്‍ കണ്ടിട്ടുള്ളവയില്‍ വച്ചേറ്റവും മികച്ച ജര്‍മന്‍ സിനിമ. കഥ നടക്കുന്നത് ഈസ്റ്റ്‌ ജര്‍മ്മനിയില്‍. സംശയം ഉള്ളവരുടെ രഹസ്യങ്ങള്‍ വീട്ടില്‍ ഒളിപ്പിച്ച ട്രന്‍സ്മിട്ടെര്‍ വഴി ഗവണ്മെന്റ് ചോര്‍ത്തുന്ന കാലം. ഒരു എഴുത്തുകാരന്‍റെയും അവന്‍റെ കാമുകിയുടെയും സംഭാഷണങ്ങള്‍ കേള്‍ക്കുന്ന ഒരു ഉദ്യോഗസ്ഥന് അവരോടു തോന്നുന്ന മമതയാണ്‌ ചിത്രത്തിന്‍റെ പ്രമേയം.

ചിന്തിക്കുന്ന എതൊരു മനുഷ്യനുള്ളിലും ഉള്ള നന്മയെ ഈ സിനിമ നമുക്ക് കാട്ടിത്തരുന്നു. ഒരു ക്ലാസ്സിക്‌ എന്ന് തന്നെ ഈ സിനിമയെ വിശേഷിപ്പിക്കാം. കഥയുടെ പിരിമുറുക്കം അവസാനം വരെ നില നിര്‍ത്തുന്നു സംവിധായകന്‍. മനോഹരമായ ഒരന്ത്യവും.

കൌണ്ടര്‍ ഫെട്ടെര്സ് (Counterfeiters)

ചരിത്രത്തിലെ ഏറ്റവും വലിയ കള്ള നോട്ടടി നടന്നത് രണ്ടാം ലോക മഹായുദ്ധ കാലത്തായിരുന്നു. പൌണ്ടും ഡോളറും പുനര്‍സ്രിഷ്ടിക്കാന്‍ ജര്‍മന്‍ ഗവണ്മെന്റ് നടത്തിയ ആ ശ്രമത്തിന്‍റെ, ജീവന്‍ തുലാസില്‍ ആടുന്നതിനു ഇടയിലും ഈ പദ്ധതിക്ക് കൂട്ട് നില്ക്കാന്‍ വിസമ്മതിക്കുന്നവരുടെ, കഥ പറയുന്ന ചിത്രം.

ജീവന്‍ ബലി കഴിച്ചും നന്മയ്ക്കു വേണ്ടി നില കൊള്ളുന്ന ഒരുപാട് പേരുടെ ശ്രമങ്ങളാണ് രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മ്മനിയെ തോല്പ്പിച്ചതെന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ചിത്രം. ജര്‍മന്‍ ക്യാമ്പുകളുടെ ഭീകരതയും, ജീവന്‍ രക്ഷിക്കാനായി ജര്‍മന്‍ കാരെ സഹായിക്കേണ്ടി വരുന്ന മനുഷ്യരുടെ നിസഹായതയും വരച്ചു കാട്ടുന്ന ചിത്രം. മറ്റു സിനിമകളെ പോലെ ഉദാത്തം അല്ലെങ്കിലും ഒരു നല്ല ചിത്രം.

യൂറോപ്പാ യൂറോപ്പാ (Europa, Europa)

സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജര്‍മന്‍ ആയി അഭിനയിക്കേണ്ടി വരുന്ന ഒരു ജൂത പയ്യന്‍റെ കഥ. റഷ്യക്കാര്‍ക്കും ജര്‍മന്‍ കാര്‍ക്കും ഇടയില്‍ ജീവിക്കാന്‍ നടത്തുന്ന സാഹസങ്ങള്‍ നമ്മെ ജീവിതത്തിന്‍റെ വിലയെപറ്റി ഓര്‍മിപ്പിക്കും.

ശുഭ പര്യവസായിയായ ഈ ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമയാണ്. യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന ഒരു സാധാരണക്കാരന്‍റെ അവസ്ഥ തന്നെയാണ് ഈ ചിത്രത്തിന്‍റെയും കാതല്‍.

സിനിമകളെ പറ്റിയുള്ള എന്‍റെ ഈ കൊച്ചു കുറിപ്പുകള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ കൊറിയന്‍ സിനിമകളെ പറ്റിയുള്ള എന്‍റെ കുറിപ്പുകള്‍ ഇവിടെ വായിക്കാം.

Sunday, 5 April 2009

കുറച്ചു കൊറിയന്‍ സിനിമകള്‍.

സിനിമ കാണല്‍ പണ്ടേ ഇഷ്ടമാണ്. പക്ഷെ ഇംഗ്ലണ്ടില്‍ വന്നു ജയകൃഷ്ണന്‍ ചേട്ടനെ കാണുമ്പോഴാണ് എന്‍റെ സിനിമ കാണല്‍ ഒന്നും ഒരു കാണലേ അല്ല എന്ന് മനസിലായത്. ലോകത്തുള്ള ഭാഷകളിലെ എല്ലാം സിനിമകള്‍ കാണുന്ന ചേട്ടനാണ് എന്നോട് കൊറിയന്‍ സിനിമകളെ പറ്റി പറയുന്നത്.

എന്നാല്‍ പിന്നെ ഒന്ന് കണ്ടു കളയാം എന്ന് ഞാനും വിചാരിച്ചു. അങ്ങനെ കണ്ടിഷ്ടപെട്ട (ഞെട്ടിയതെന്നും പറയാം) കുറച്ചു സിനിമകള്‍ താഴെ.

Old Boy :

കാണേണ്ടുന്ന കൊറിയന്‍ പടങ്ങളില്‍ ആദ്യത്തേത്‌. "ഞെട്ടിപ്പിക്കുന്ന ഒരു സിനിമ". മൃദുല ഹൃദയര്‍ക്ക് ഒട്ടും ചേരാത്ത ഒരു സിനിമ. കഥയുടെ തീവ്രത കൊണ്ടും, അമ്പരപ്പിക്കുന്ന രംഗങ്ങള്‍ കൊണ്ടും കാഴ്ചക്ക് ശേഷവും നമ്മെ വിട്ടു പോകാത്ത ഒരു പടം.

വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രതികാരത്തിന്‍റെ കഥ പറയുന്നു ഈ ചിത്രം. പ്രതികാര രീതിയും (കാരണവും) കഥാപാത്രങ്ങളും നമ്മുടെ സാധാരണ സങ്കല്‍പ്പങ്ങള്‍ക്ക് വഴങ്ങുന്നില്ല എന്നത് തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത.

സന്തോഷത്തില്‍ അവസാനിക്കുന്ന ഹൃദയഹാരിയായ ഒരു സിനിമ ആഗ്രഹിക്കുന്നവര്‍ ഇത് കാണാതിരിക്കുക. അമ്പരപ്പിക്കുന്ന, തീവ്രമായ ഒരു സിനിമ അനുഭവം തേടുന്നവര്‍ ഇത് തീര്‍ച്ചയായും കാണുക.

Taegukgi :

കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു രത്നച്ചുരുക്കം എന്ന് വേണമെന്കില്‍ നമുക്കീ സിനിമയെ വിശേഷിപ്പിക്കാം. കൊറിയന്‍ യുദ്ധത്തിന്‍റെ ഒരു ചെറു ചരിത്രം നമുക്ക് കാട്ടിത്തരുന്നുണ്ട് ഈ സിനിമ. പക്ഷെ അതിലുപരി, യുദ്ധത്തിനിടയില്‍ പെട്ട് പോകുന്ന സാധാരണക്കാരുടെ കഥ പറയുന്നു ഈ ചിത്രം.

നിര്‍ബന്ധിത സൈനിക സേവനം വഴി കൊറിയന്‍ യുദ്ധത്തില്‍ വന്നു പെടുന്ന രണ്ടു സഹോദരങ്ങളുടെ കഥയാണിത്. ഈ ചിത്രം യുദ്ധത്തിന്‍റെ ഭീകരതയും, ആവേശവും, ക്രൂരതയും അത് മനുഷ്യനില്‍ വരുത്തുന്ന മാറ്റങ്ങളും ഉജ്ജ്വലമായി വരച്ചു കാട്ടുന്നു. സഹോദര സ്നേഹം പലപ്പോഴും രാജ്യ സ്നേഹത്തിനെക്കാളും വലുതാണ് എന്നാ സന്ദേശവും ഈ സിനിമയിലുണ്ട്.
ഒരുപാട് നാടകീയമായ അന്ത്യം മാത്രമാണ് സിനിമയുടെ ന്യൂനത.

ഇത് യുദ്ധ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ കാണേണ്ട ചിത്രമാണ്‌. അര്‍ഹിക്കുന്നതിലും കൂടുതല്‍ നിരൂപക അംഗീകാരം കിട്ടിയ Saving Private Ryan എന്ന ചിത്രത്തേക്കാള്‍ മികച്ചതാണെന്ന് എന്‍റെ അഭിപ്രായം.

My Sassy Girl :

ഞാന്‍ കണ്ട ആദ്യ കൊറിയന്‍ സിനിമ. അത് കൊണ്ട് തന്നെ ഒരല്പം ഇഷ്ടകൂടുതല്‍ ഉണ്ട് സിനിമയോട്. ഒരു യുവാവിനെയും, അവന്‍ അവിചാരിതമായി കണ്ടു മുട്ടുന്ന ഒരു യുവതിയെയും ചുറ്റിപറ്റിയാണ് കഥ വികസിക്കുന്നത്. കേള്‍ക്കുമ്പോള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും കണ്ടു മടുത്ത ഒരു സാദാ പ്രണയ കഥ എന്ന് തോന്നാം.

പക്ഷെ അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും, പ്രതീക്ഷിക്കാത്ത മുഹൂര്‍ത്തങ്ങള്‍ കൊണ്ടും ഒരു സിനിമയെ എങ്ങനെ മികച്ചതാക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണം.

പ്രണയ ചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ കാണേണ്ടുന്ന ഒരു ചിത്രം.

The Classic:

ഞാന്‍ കണ്ട കൊറിയന്‍ സിനിമകളില്‍ ഏറ്റവും ഹൃദയ ഹാരിയായ ചിത്രം; ഓര്‍മ കുറിപ്പുകളിലൂടെ അമ്മയുടെ പ്രണയ കഥ മനസിലാക്കുന്ന ഒരു പെണ്‍കുട്ടിയെയും, അവളുടെ ഉള്ളിലൊളിപ്പിച്ച പ്രണയത്തിന്റെയും കഥ പറയുന്നു.

ഇടകലര്‍ത്തിയ രണ്ടു കഥകള്‍ സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. രണ്ടു കഥകള്‍ക്കും സമാനതകള്‍ നല്കുന്നതിലുള്ള സൂക്ഷ്മത മനോഹരമാണ്. നമ്മെ അമ്പരപ്പിക്കുന്ന , അതിശയിപ്പിക്കുന്ന നല്ല മുഹൂര്‍ത്തങ്ങള്‍ ഏറെ ഉണ്ട് സിനിമയില്‍. മനോഹരമായ climax.

സാധാരണമായ കഥകളെ മനോഹരമായി ചിത്രീകരിക്കുന്ന ഈ കല നമ്മുടെ സംവിധായകര്‍ക്കും ഒന്ന് കണ്ടു പഠിക്കാം.

Joint Security Area :

അവതരണത്തില്‍ പുതുമയൊന്നും തോന്നിയില്ലെങ്കിലും, ആശയം കൊണ്ട് പുതുമതോന്നിയ കഥ. ഉത്തര ദക്ഷിണ കൊറിയകള്‍ എന്ന പോലെ നമ്മള്‍ ഇന്ത്യക്കും പാകിസ്ഥാനും ബാധകമായ ഒരാശയം എന്ന പേരിലാണ്‌ എനിക്ക് ഈ സിനിമ ഇഷ്ടമായത്. മനുഷ്യന്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ ഉണ്ടെങ്കിലും, അതിനപ്പുറം നാമെല്ലാം സഹോദരങ്ങള്‍ ആണ് എന്ന് വിളിച്ചു പറയുന്ന ചിത്രം.

കൊറിയന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ വളരെ ധീരമായ ഒരു സിനിമ.

കണ്ടിഷ്ടപെട്ട പടങ്ങള്‍ പോലെ ഇഷ്ടപ്പെടാത്തവയും ഉണ്ട് സിനിമകള്‍. ഉദാഹരണത്തിന് കൊറിയയില്‍ വളരെ പ്രശസ്തിയാര്‍ജിച്ച, എന്നാല്‍ എനിക്ക് ഒരു സാദാ ആക്ഷന്‍ ത്രില്ലര്‍ ആയി തോന്നിയ ചിത്രം ആണ് "Shiri".

Thursday, 8 January 2009

ഹിന്ദി സിനിമയും ചില നല്ല ചിത്രങ്ങളും.

വര്‍ഷാവസാനം കിട്ടിയ മെഗാ ഹിറ്റുകളുടെ തിളക്കത്തില്‍ കണ്ണ് മഞ്ഞളിച്ച ഹിന്ദി സിനിമ ലോകം അടുത്ത വര്ഷവും തരാധിപത്യത്തിലാവും എന്നതില്‍ സംശയമൊന്നുമില്ല.

പക്ഷെ, ഷാരൂഖ്‌ ഖാനും അക്ഷയ് കുമാറുമൊക്കെ ഉള്ള തട്ട് പൊളിപ്പന്‍ സിനിമകള്‍ മാത്രമല്ല, നിലവാരമുള്ള ഒരു പിടി സിനിമകളും ഹിന്ദിയില്‍ പുറത്തിറങ്ങുന്നുണ്ട്. താരബലമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ക്കിടയില്‍ അവ അര്‍ഹിക്കുന്ന വിജയം അവര്ക്കു കിട്ടുന്നില്ലെന്ന് മാത്രം.

കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ ഞാന്‍ കണ്ട അത്തരം ചില ചിത്രങ്ങളെക്കുറിച്ചാണ് ഈ പോസ്റ്റ്. ബുദ്ധി ജീവി കളിക്കാനാണ് എന്റെ പുറപ്പാടെന്ന് നിങ്ങള്‍ കരുതിയെങ്ങില്‍, തള്ളെ, നിങ്ങള്‍ക്ക് തെറ്റി. അവാര്‍ഡു കിട്ടിയ ഒറ്റ പടവും ഇല്ല ഈ ലിസ്റ്റില്‍. ഞാന്‍ കണ്ടു ഇഷ്ട്ടപെട്ട ചില സിനിമകള്‍ മാത്രം.

ജോണി ഗദ്ദാര്‍ (Johnny Gaddaar) :
==========================

5 പേര്‍ ചേര്ന്നു നടത്തുന്ന കച്ചവടത്തിനിടയില്‍ മറ്റു 4പേരയും ചതിക്കാന്‍ ശ്രമിക്കുന്ന ജോണി എന്ന പ്രധാന കഥാപാത്രത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന കഥ. ഒന്നാംതരം ത്രില്ലര്‍. അത്യുഗ്രന്‍ ക്ലൈമാക്സ്. 2007 ലെ ഏറ്റവും മികച്ച ഹിന്ദി സിനിമ.

ഒയെ ലക്കി ലക്കി ഒയെ (Oye Lucky Oye)
===============================

ഒരു കള്ളന്റെ കഥ പറയുന്ന ഈ ചിത്രം പതിവ് ഹിന്ദി സിനിമകളില്‍ നിന്നു വ്യത്യസ്തം. നായകന്‍ - വില്ലന്‍ - നായിക ചിന്തകളില്‍ നിന്നു മാറി രസകരമായ അവതരണ ശൈലി. നല്ല സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കഴിവ് അഭി ഡിയോള്‍ വീണ്ടും കാണിക്കുന്നു.

മനോരമ 6 ഫീറ്റ് അണ്ടര്‍ (Manorama 6 Ft Under)
=====================================

ചൈന ടൌണ്‍ എന്ന വിഖ്യാത ഇംഗ്ലീഷ് സിനിമയില്‍ നിന്നു കടമെടുത്ത പ്രമേയം. വീണ്ടും അഭി ഡിയോള്‍ നായകന്‍. അഴിമതിക്ക് പുറകെ പോകാന്‍ നിര്‍ബന്ധിതനാകുന്ന ഒരു പുസ്തക രചയിതാവിന്റെ കഥ.

മികവുറ്റ അഭിനയവും സസ്പെന്‍സും സിനിമയെ വ്യത്യസ്തമാക്കുന്നു. വേഗം കുറഞ്ഞ അവതരണ ശൈലി ചെറിയ രസം കൊല്ലി ആകുന്നുവെങ്കിലും ഒരു നല്ല സിനിമ.

ദസ് വിദാനിയാ (Dasvidaniya)
=======================

മരണത്തിനു മുന്പേ തന്റെ പത്തു ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം. വിനയ് പതക് എന്ന കഴിവുറ്റ നടന്റെ അഭിനയ മികവു കൊണ്ടും ജീവസുറ്റ ഒരു കഥ കൊണ്ടു ശ്രദ്ധേയം. കരച്ചില്‍ ഫോര്‍മുലകള്‍ക്കു ഇടം കൊടുക്കാതെ രസകരമായ രീതിയില്‍ സംവിധായകന്‍ കഥ പറഞ്ഞിരിക്കുന്നു.

ഭേജ ഫ്രൈ (Bheja Fry)
===============

വിനയ് പതക് എന്ന നടന്റെ പ്രതിഭയുടെ സാക്ഷ്യ പത്രം. വെറും 6 കഥാപാത്രങ്ങള്‍ മാത്രമുള്ള ഈ സിനിമ, കഥയുടെ വ്യത്യസ്തത കൊണ്ടും, നര്‍മം കൊണ്ടും, അഭിനയ മികവു കൊണ്ടും നമ്മെ അതിശയിപ്പിക്കും.

വെല്‍ക്കം ടു സജ്ജന്പുര്‍ (Welcome to Sajjanpur)
=====================================

സജ്ജന്പുര്‍ എന്ന ഗ്രാമത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും എഴുത്തുകാരന്‍ ആകാന്‍ മോഹിച്ചു നാട്ടുകാരുടെ കത്തെഴുത്ത് കാരന്‍ ആയി മാറിയ നായകന്റെ ജീവിത ദൃശ്യങ്ങളിലൂടെ രസകരമായി അവതരിപ്പിക്കുന്ന ചിത്രം. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തെയും അവിടുത്തെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തെയും നര്‍മം തുളുമ്പുന്ന രീതിയില്‍ ശ്യാം ബെനഗല്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്ത്തും ബോറടിപ്പിക്കാത്ത ചിത്രം.

ഹിന്ദിയേക്കാള്‍ അല്പം കൂടി മനസിലാക്കാന്‍ പ്രയാസമായ ഭോജ്പുരി ആണ് ഭാഷ. അതിനാല്‍ ഇംഗ്ലീഷ് സബ് ടൈറ്റില്‍ ഉള്ള കോപ്പി കാണുന്നത് നന്ന്.

എ വെനെസ് ഡേ (A Wednesday)
=========================

കൂട്ടത്തില്‍ ഏറ്റവും പ്രശസ്തി കിട്ടിയ ചിത്രം. തീവ്രവാദി ആക്രമങ്ങളില്‍ മനം മടുത്തു പ്രതികാരം ചെയ്യാനിറങ്ങുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ഈ ചിത്രം കാലിക പ്രസക്തമായ ഒരു വിഷയം തീവ്രതയോടെ കൈകാര്യം ചെയ്യുന്നു. ഈ കൊല്ലത്തെ ഏറ്റവും നല്ല ഹിന്ദി സിനിമ എന്ന് നിസ്സംശയം പറയാം.

നസറുദ്ദിന്‍ ഷായും അനുപം ഖേറും മത്സരിച്ചഭിനയിച്ച ചിത്രം. തീര്‍ച്ചയായും കാണേണ്ടുന്ന ഒന്ന്.


ഇതുവരെ കണ്ടിട്ടില്ലെങ്ങിലും സമാന മനസ്കരായ സുഹൃത്തുക്കളില്‍ നിന്നു നല്ല അഭിപ്രായം കേട്ട മറ്റു രണ്ടു സിനിമകള്‍ ആണ് 'ഖോസ്ല കാ ഖോസ്ലയും' (khosla ka khosla), 'മുംബൈ മേരി ജാനും'. (Mumbai Meri Jaan)

താരങ്ങളില്ലാതെ, വമ്പന്‍ പരസ്യങ്ങള്‍ ഇല്ലാതെ വന്ന, എന്നാല്‍ നിങ്ങള്‍ക്കിഷ്ടപെട്ട, നിലവാരമുള്ള ഇത്തരം സിനിമകള്‍ വേറെയുണ്ടോ?. പറയൂ.

Wednesday, 31 December 2008

ഭൂമി, അതിന്റെ എല്ലാ ഭംഗിയിലും

ഡോകുമെന്ടറികളുടെ, പ്രത്യേകിച്ച് മൃഗങ്ങളെ കുറിച്ചുള്ളവയുടെ, ഒരു ആരാധകനേ അല്ല ഞാന്‍. TV കാണുന്ന കാലത്ത് ഞാന്‍ ഒഴിവാക്കിയിരുന്ന ഏക ചാനല്‍ അനിമല്‍ പ്ലാനെറ്റ് ആയിരുന്നു. അത് കൊണ്ടു തന്നെ BBC യുടെ "പ്ലാനെറ്റ് ഏര്‍ത്ത് " എന്ന ഡോകുമെന്ററി യാദൃശ്ചികമായി ഞാന്‍ കണ്ടു തുടങ്ങിയപ്പോള്‍ അതിന്റെ 11 ഭാഗങ്ങള്‍ ഞാന്‍ കണ്ടു തീര്‍ക്കില്ല എന്നെനിക്കുറപ്പായിരുന്നു.

പക്ഷെ 2 അവധി ദിവസങ്ങള്‍ക്കും 7 ഭാഗങ്ങള്ക്കുമപ്പ്റം, ആ ഉറപ്പു വെറും കുറുപ്പിന്റെ ഉറപ്പായി മാറി. "Pole to Pole" എന്ന ആദ്യ എപ്പിസോടോടെ തന്നെ ഞാന്‍ പ്ലാനെറ്റ് ഏര്‍ത്തിന്റെ ആരാധകനായി മാറിയിരുന്നു.

ഭൂമിയെയും, അതിലെ മനുഷ്യന്‍ കടന്നു ചെന്നിട്ടില്ലാത്ത പ്രദേശങ്ങളെയും, അവയിലെ ജീവല്‍ വിവിധ്യത്തെയും ലോകത്തിനു കാട്ടിക്കൊടുക്കാനായി BBC ഒരുക്കിയ ഈ ദ്രിശ്യ വിരുന്നു ഭൂമിയെപറ്റി അറിയാന്‍ ആഗ്രഹിക്കുന്നവരെല്ലാം .
കാണേണ്ടതാണ്. ബോറടിപ്പിക്കുന്ന വസ്തുതകളും , ഇഴഞ്ഞു നീങ്ങുന്ന ഇല്ലാതെ BBC ഭൂമിയെപ്പടി നമുക്കേറെ പറഞ്ഞു തരുന്നു. ഭൂമിയുടെ, അതിലെ ജീവജാലങ്ങളുടെ ഇത്രയും മനോഹരമായ ചിത്രീകരണം ഞാന്‍ മറ്റൊരിടത്തും കണ്ടിട്ടില്ല.

58 മിനിട്ട് വീതമുള്ള 11 ഭാഗങ്ങളായാണ് BBC പ്ലാനെറ്റ് ഏര്‍ത്ത് ഒരുക്കിയിരിക്കുന്നത്. മനോഹരമായ
ഷോടുകളും അതിനപ്പുറം ഒരിക്കലും ബോറടിപ്പിക്കാത്ത വിവരണങ്ങളും, വിവിധ്യമാര്‍ന്ന കാഴ്ചകളും, ഉദ്വേഗ ജനകമായ ഇര തേടല്കളും ഓരോ ഭാഗത്തിലുമുണ്ട്. ഇതു വരെ ക്യാമറക്ക് മുന്നില്‍ വന്നിട്ടില്ലാത്ത പല മൃഗങ്ങളെയും ആദ്യമായി ഷൂട്ട് ചെയ്ത BBC, ലോകത്തിന്റെ ജീവല്‍ വിവിധ്യത്തെ അതിന്റെ എല്ലാ പോലിമയോടും കൂടി നമുക്കു സമ്മാനിക്കുന്നു.

മസൈമാരയിലെ കാട്ടു പോത്തുകളുടെ കൂട്ട പ്രവാസവും, ഹിമാലയം കടന്നെത്തുന്ന പക്ഷികളുടെ കൂട്ടങ്ങളും, 6 മാസം
അന്ടാര്ടികായിലെ കൊടും തണുപ്പില്‍ മുട്ടയ്ക്ക് കാവല്‍ നില്ക്കുന്ന ആണ്‍ പെന്ഗുഇനുകല് തുടങ്ങി, കവിത പോലെ മനോഹരമയ ഷോടുകളിലൂടെ മാറി മാറി പ്രതിപാദിക്കപെടുന്ന ജീവികളുടെ, പ്രദേശങ്ങളുടെ, കാലാവസ്ത്ഥയുടെ കഥകള്‍ നമ്മെ ആശ്ചര്യം എന്ന ഭാവത്തിന്റെ അര്‍ഥം അറിയിക്കും.

david attenborough ശബ്ദം നല്കുന്ന ഈ സീരീസ് 2000 ദിവസത്തെ, ലോകത്തിന്റെ 110 ഭാഗങ്ങളിടെ ചിത്രീകരണത്തിന് ശേഷമാണു പൂര്‍ത്തിയാക്കിയത്. BBC യുടെ പൂര്‍ണമായി High Defenition ല്‍ ചിത്രീകരിച്ച ആദ്യ ഡോകുമെന്ടര്യും ഇതു തന്നെ.

നമ്മള്‍ ജീവിക്കുന്ന ഭൂമിയുടെ വൈവിധ്യവും ഭംഗിയും അറിയാന്‍ ആഗ്രഹമുള്ളവര്‍, അല്ലെങ്ങില്‍ അത് പുതു തലമുറയ്ക്ക് കാട്ടി കൊടുക്കാന്‍ താല്പര്യമുള്ളവര്‍ ഈ പരമ്പര തീര്ച്ചയായും കാണണം.

ഒത്തിരി പറഞ്ഞു ബോറടിപ്പിക്ക്ന്നതില്‍ അര്‍ഥമില്ല, ഈ പരമ്പര നിങ്ങല്കിഷ്ടപെടുമോ എന്നറിയാന്‍ ആദ്യ ഭാഗം ഒന്നു കണ്ടു നോക്കൂ.

Planet Earth

Saturday, 20 December 2008

എന്തിന് കാണണം ഈ "നല്ല" സിനിമകള്‍?

ഇതു മലയാള സിനിമ ലോകത്ത് വിലാപങ്ങളുടെ കാലം. നല്ല സിനിമ കാണാന്‍ ആളില്ലാത്തത് കൊണ്ടാണ് അങ്ങനത്തെ സിനിമകള്‍ ഉണ്ടാകാത്തത് എന്ന സ്ഥിരം പല്ലവികള്‍ കേട്ടപ്പോള്‍ അതില്‍ സത്യമുണ്ടോ എന്ന് എനിക്കും തോന്നിപോയി.

ആദ്യമേ പറയട്ടെ, ജനം കയ്യടിക്കുന്നത് കൊണ്ടും ഹിറ്റ് ആവുന്നത് കൊണ്ടും ഒരു സിനിമ നല്ലതാണെന്ന് ഞാന്‍ വിശ്വസികുന്നില്ല. അണ്ണന്‍ തമ്പിയും മാടമ്പിയും ബോര്‍ പടങ്ങള്‍ തന്നെ. പക്ഷെ ജനങ്ങള്‍ ഇഷ്ട്ടപെടുന്നത് കൊണ്ടു പടം മോശവും ആകുന്നില്ല. ആറാം തമ്പുരാനും രാജമാണിക്യവും നല്ല പടങ്ങള്‍ തന്നെ.

നല്ല സിനിമകളെ അവഗണിക്കരുത് എന്ന് കരുതിയാണ് കഴിഞ്ഞ ആഴ്ച "കയ്യൊപ്പും", "ദൈവനാമത്തിലും" കാണാന്‍ തീരുമാനിച്ചത്.

ഈ രണ്ടു സിനിമകളിലും കഥയില്ലെന്നോ, നല്ല കഥാപാത്രങ്ങള്‍ ഇല്ലെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ, ദുരന്തങ്ങളിലേ സിനിമ അവസാനിക്കൂ എന്ന് സംവിധായകര്‍ വാശി പിടിക്കുന്നതന്തിന്?.

നായകനോ നായികയോ മരിക്കുന്നതിനെയല്ല ഞാന്‍ ദുരന്തമായി കാണുന്നത്. പ്രതീക്ഷയുടെ ഒരു തരി പോലും ബാക്കി വയ്ക്കാതെ കഥകളെ കൊന്നോടുക്കുന്നതിലാണ്.

ജീവിതത്തില്‍ സങ്കടങ്ങളും ദുരന്തങ്ങളും നേരില്‍ കാണുന്നവരാണ് നാം. സങ്കടങ്ങളില്ലാത്തവര്‍ ആരുണ്ട്‌ ഭൂമിയില്‍?. സങ്കടങ്ങളും ദുരന്തങ്ങളും കാണിച്ചോളൂ. പക്ഷെ അവയ്ക്കിടയില്‍ നിന്നു പ്രത്യാശയുടെ ഒരു ശബ്ദം കേള്പ്പിക്കാന്‍ കഴിയുമ്പോഴല്ലേ മഹത്തരമെന്നു വിശേഷിപ്പിക്കാവുന്ന, ഞങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു സിനിമ പിറക്കുന്നത്‌?.

അങ്ങനെയുള്ള സിനിമകള്‍ വരുന്ന കാലത്ത് ഈ സിനിമകള്‍ കാണാന്‍ ആളുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുവരെ, എന്തിന് കാണണം ഞങ്ങള്‍ ഈ "നല്ല" സിനിമകള്‍?