Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, 29 October 2013

R T ക്ലിനിക്‌

ചുവരലമാരയിലെ സണ്‍ ഗ്ലാസ്സുകളെ നോക്കി പുഞ്ചിരിയോടെ പകൽ സ്വപ്നം കണ്ടു നിൽക്കെയാണ് പിന്നിൽ നിന്നും പെട്ടന്നൊരു വിളി വന്നത്. വാങ്ങാൻ പോകുന്ന പുതിയ  സ്കോഡയെ പറ്റിയുള്ള സ്വപനം പകുതി വഴിയിൽ നിർത്തേണ്ടി വന്ന ഈർഷ്യയോടെ അയാൾ തിരിഞ്ഞു നോക്കി..

"എന്താ കാര്യം ?."

"ഡോക്ടർ, സണ്‍ ഗ്ലാസ്സുകൾക്ക് വേണ്ടി നൽകിയ ഓർഡറുകൾ  എല്ലാം വെബ്‌ സൈറ്റിൽ ക്യാൻസൽ ചെയ്യുകയാണ്. ഇന്ന് രാവിലെ ഒരു മണിക്കൂറിൽ മാത്രം നൂറു  പേർ ഓർഡർ ക്യാൻസൽ ചെയ്തു... "

പറഞ്ഞത്  മുഴുവൻ കേൾക്കാൻ ക്ഷമയുണ്ടായില്ല. സ്വപ്നത്തിലെ സ്കോഡ വെറും നാനോ ആയി മാറുന്നത് എത്ര പെട്ടന്നാണ്.  ഈ നശിച്ച ഗ്ലാസ്സുകൾ ഒക്കെ ഇനി ആർക്ക് തൂക്കി വിൽക്കും ?.

"ഡോക്ടർ, ഞാൻ പറഞ്ഞു തീർന്നില്ല".

 "ഇനിയെന്ത് പറയാൻ ?".

"കാലു മുറിഞ്ഞ പത്തിരുപത് രോഗികൾ പുറത്ത് ഇരിപ്പുണ്ട്."

"കഞ്ചാവ് വേട്ടക്ക്  പോയ പോലീസ് സംഘം വല്ലതുമാണോ , എല്ലാവരുടെയും കാലു മുറിയാൻ ?. കുറച്ചു പഞ്ഞിയും പ്ളാസ്റ്ററും വച്ച്, കഴുത്തറപ്പൻ കാശും വാങ്ങി വിടൂ".

"പക്ഷെ അവരെല്ലാം ഡോക്ടറെ കാണണം എന്ന് വാശി പിടിക്കുന്നു".

ആദ്യ രോഗിയെ കണ്ടപ്പോഴേ ഡോക്ടറുടെ ചുണ്ടിൽ  ഒരു ചെറു പുഞ്ചിരി പ്രത്യക്ഷപെട്ടു. മുപ്പതു വയസിനടുത്ത് പ്രായം, നോട്ടം കയ്യിലെ സ്മാർട്ട്‌ ഫോണിലേക്ക്. ചെറുതായി വിയർക്കുന്നുണ്ട്‌, എന്തോ പിറുപിറുത്തു കൊണ്ട് ടൈപ്പ് ചെയ്യുന്ന തിരക്കിലാണ് ആശാൻ.  ചാകരകൾക്ക് മുന്നേ കണ്ട അതേ ലക്ഷണങ്ങൾ.

"ഡോക്ടറെ, ഡോക്ടർക്ക് ചെറുപ്പത്തിൽ പഠിച്ച  ഫിസിക്സ്‌ വല്ലതും ഓർമ്മയുണ്ടോ ?."  ആദ്യ ചോദ്യം പെട്ടന്നായിരുന്നു.

"ഇല്ല, കാലിലെ മുറിവ് നോക്കാൻ ഫിസിക്സ്‌ വേണോ ?".

" അതല്ല, ഇത് വേറൊരു ആവശ്യത്തിനാണ് . അറിയില്ലേൽ പിന്നെ ഞാൻ ഗൂഗിൾ ചെയ്തു നോക്കാം." നോട്ടം അപ്പോഴും സ്മാർട്ട്‌ ഫോണിലെക്ക് ആണ്.

"കാലിന് എന്ത് പറ്റി ?."

"രാവിലെ ഗാന്ധി റോഡിലൂടെ നടക്കുമ്പോൾ എവിടെയോ തട്ടി മുറിഞ്ഞതാണ്. പല തവണയായി ഇന്ന് ഇത് പറ്റുന്നു, പക്ഷെ തട്ടുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല, അതാണ് ഡോക്ടറെ കാണണം എന്ന് വാശി പിടിച്ചത്.".

" റോഡ്‌ പൊട്ടി പൊളിഞ്ഞ് മൂർച്ചയുള്ള കല്ലുകൾ ഒരുപാട് കിടക്കുന്നുണ്ട് അവിടെ. അതായിരിക്കും തട്ടിയത്"

"എന്ത് മണ്ടത്തരമാണ് ഡോക്ടർ പറയുന്നത്, അവിടെയൊരു കല്ലും ഞാൻ കണ്ടില്ല, ഇത്രയും നല്ല ഒരു റോഡ്‌ ഈ നാട്ടിൽ വേറെയില്ല !!"

"അത് ഞാൻ .."

"ഒന്നും പറയണ്ട, കല്ലുണ്ട്‌ പോലും, ആര്ക്കും എന്തും പറയാമെന്നാണോ, ചികിത്സിക്കാൻ അറിയാമെങ്കിൽ അത് ചെയ്യൂ. ഇത് കല്ലോന്നുമല്ല എന്ന് എനിക്കറിയാം"

സൂക്ഷിച്ചില്ലെങ്കിൽ സ്കോഡ വീണ്ടും നാനോ ആവും എന്ന് ഡോക്ടർക്ക്‌ മനസിലായി. ഭാഷയുടെ കനം പതിയെ മാറിത്തുടങ്ങി.

"ദൃഷ്ടിഗോച്ചരമല്ലാത്ത  ഗോളാന്തര പദാർത്ഥങ്ങൾ കൊണ്ടുള്ള മുറിവുകളാണ് ഇവ. നഗ്ന നേത്രങ്ങൾ കൊണ്ട് ഇവയുടെ സഞ്ചാര പാത മനസിലാക്കുക എളുപ്പമല്ല"

മീറ്റിംഗിൽ ആദ്യമായി രോഗിയുടെ രണ്ടു കണ്ണും സ്മാർട്ട്‌ ഫോണിൽ നിന്ന് മാറി.

"അങ്ങനെ സത്യം പറ ഡോക്ടറെ, കല്ലാണ് പോലും കല്ല്‌. ഇതിനിപ്പോ എന്ത് ചെയ്യണം ?".

"ഇംഗ്ലീഷിൽ ഇതിനു Rashtreyocho Timiroso എന്ന് പറയും. ലോകത്ത് എല്ലായിടത്തും പല അളവുകളിൽ കാണുന്ന ഒരു പ്രതിഭാസം ആണിത്. നമ്മളുടെ കുഞ്ഞു സംസ്ഥാനത്തിന്റെ അക്ഷാംശവും രേഘംഷവും കാരണം ഇവിടെ അത് കൂടുതലാണ് എന്ന് മാത്രം"

"ഓ, ഇപ്പോൾ കാര്യങ്ങൾ ഒക്കെ വ്യക്തമാവുന്നുണ്ട്. ഇത് മാറാൻ എന്താണ് വഴി ?"

"പ്രത്യേകം തയ്യാർ ചെയ്ത ഞങ്ങളുടെ കണ്ണട  ധരിച്ചാൽ മാറാവുന്ന പ്രശ്നമേ ഉള്ളൂ. സൂര്യ പ്രകശം കാരണം കണ്ണ് കാണാൻ വയ്യാതായ ഒരുപാട് പേര് കഴിഞ്ഞ മൂന്നു മാസമായി ഇത് വച്ചാണ് പ്രശ്നം പരിഹരിച്ചത്."

പുറത്തേക്കിറങ്ങിയ രോഗിയെ നോക്കി കണ്ണടക്കുമ്പോൾ നാനോ മാറി വീണ്ടും സ്കോഡ അവിടെ ഇടം പിടിച്ചിരുന്നു.

Friday, 12 July 2013

വെള്ളാന

കാരണവരുടെ ആന, വാങ്ങിയ അന്ന് മുതൽ വെളുത്തിരുന്നു. എങ്ങനെ വെളുക്കാതിരിക്കും, അങ്ങ് ദേവലോകത്തിൽ ഇരിക്കുന്ന ത്രിമൂർത്തികളുടെയും നാട്ടിലെ ചാത്തന്മാരുടെയും അനുഗ്രഹമുള്ള ആനയല്ലേ. വെള്ളാനയെ കാണാനുള്ള ആളുകളുടെ വരവോടെയാണ്‌ കഞ്ഞിക്കു വകയില്ലാതിരുന്ന തറവാട് വികസിച്ചു വികസിച്ച് സ്മാർട്ട്‌ സിറ്റി പോലെ ആയത്.

അതിരാവിലെ ചാനലുകാരുടെ ഡിഷ്‌ ആന്റിന നേരെ വയ്ക്കാൻ പുരപ്പുറത്ത് കയറിയഅയൽവാസി ജോണിയാണ് ആരും കാണാത്ത ആ കാഴ്ച ആദ്യം കണ്ടത്. പക്ഷെ ജോണിക്കൊരു സംശയം, പരമ സാത്വികൻ കാരണവർ ഇതിനൊക്കെ കൂട്ട് നിൽക്കുമോ ?.


പക്ഷെ സംശയം മനുഷ്യനെ തളത്തിൽ ദിനേശനാക്കുന്നു എന്നാണല്ലോ ശ്രീനിവാസ വാക്യം. കണ്ടത് ഫേസ് ബുക്കിലും കവലയിലും എത്തിക്കാതെ പിന്നെ അതടങ്ങുമോ ?. കേട്ടവരോന്നും പക്ഷെ പെട്ടന്ന് അതങ്ങ് വിശ്വസിച്ചില്ല. കാരണവരുടെ ആന കറുത്തതാണെന്നോ ?. നുണ പറയുന്നതിനും ഒരതിരില്ലേ ജോണി കുട്ടീ ...


"ചുമ്മാ കുറച്ച് കറുത്ത നിറം കണ്ടതാണേൽ പോട്ടെ , ഞാൻ പാപ്പാന്മാരെ കണ്ടതിനെ പറ്റി നിങ്ങൾക്കൊന്നും പറയാനില്ലേ ?. "

നാട്ടുകാരെയും കുഴക്കുന്ന ചോദ്യം അത് തന്നെ ആയിരുന്നു. നാല് പാപ്പാന്മാർ എന്തിനാണ് അതി രാവിലെ ബ്രഷും വെളുത്ത പൈയിന്റും ആയി ആനക്കൊട്ടിലിന് ചുറ്റും ഒരു ഒരു ചുറ്റിക്കളി ?.

"ഇത് തട്ടിപ്പ് തന്നെ , കറുത്ത ആനയെ പെയിന്റ് അടിച്ച് വെളുപ്പിച്ച് കാശു വാങ്ങുന്ന കലാപരിപാടി. ഞാൻ ഇത്രയും നാൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല ! " . ദേശാഭിമാനി വായിച്ചു കൊണ്ടിരുന്ന കേശവൻ ചേട്ടന് മാത്രം സംശയമില്ല.

സത്യമറിയാൻ നാട്ടുകാർ കാരണവരുടെ വീട്ടു മുറ്റത്ത്‌ ജനം എത്തുന്നത്‌ അങ്ങനെയാണ്.

"എന്ത്, സത്യ സന്ധതക്ക് പേര് കേട്ട ഈ തറവാട്ടിൽ തട്ടിപ്പോ ?. എങ്ങനെ ധൈര്യം വന്നു നിങ്ങൾക്കിത് പറയാൻ. നൂറ്റാണ്ടുകളുടെ കറ പുരളാത്ത പാരമ്പര്യത്തെ പറ്റിയൊക്കെ മറന്നോ നിങ്ങൾ ?. ".

"അല്ല, ആന വെള്ള തന്നെയാണോ ? "

" പേരിലും നിറത്തിലും ഒക്കെ എന്ത് കാര്യം , നൂറ്റാണ്ടുകളുടെ പാരമ്പര്യം , അത് മറക്കരുത്".

" ആനക്ക് വെള്ള പൈയിന്റ്റ് അടിച്ചതല്ല എന്നതിന് എന്താണ് തെളിവ് ?".

" കറ പുരളാത്ത പാരമ്പര്യത്തെ അവിശ്വസിക്കരുത്. വേണമെങ്കിൽ പാപ്പാന്മാരെ നാല് പേരെയും ആങ്ങ്‌ മാറ്റി നിർത്താം , നാല് പേരും ഇപ്പോൾ തറവാട്ടിൽ തടവിലാണ് ".

ആനക്ക് പെയിന്റ് അടിച്ചില്ല എങ്കിൽ പിന്നെ എന്തിനാ പാപ്പാന്മാരെ മാറ്റി നിർത്തുന്നത് ?.

"അത് മൂത്ത മകന്റെ ബുദ്ധിയാണ്. അവനാണ് ഈ പ്രശ്നം അന്വേഷിക്കുന്നത് . ആരെയും ചാരി ഞാൻ രക്ഷപെടാൻ ശ്രമിക്കില്ല. പാപ്പാന്മാർ ഒക്കെ പുറത്തായാൽ പിന്നെ ചാരാൻ ആളില്ലല്ലോ "


"അപ്പോൾ ഒരു നിക്ഷ്പക്ഷ അന്വേഷണം വേണ്ടേ ?."

"കറ പുരളാത്ത പാരമ്പര്യം ഉള്ളവർ നെറികേട് കാട്ടുമോ ?. അവന്റെ കഴിവിൽ ഞാൻ പൂർണ തൃപ്തനാണ്. പിന്നെ നിങ്ങൾക്ക് ആര്ക്ക് വേണമെങ്കിലും അന്വേഷിക്കാമല്ലോ , പക്ഷെ അതൊക്കെ തറവാട്ട്‌ വളപ്പിനു പുറത്തു മതി. "

" അങ്ങനെയെങ്കിൽ അങ്ങനെ. ആനയെ എപ്പോൾ പുറത്തിറക്കും ? "

"ദൈവീക പ്രഭയുള്ള ആനയല്ലേ , അതിനെ തറവാട്ട്‌ വളപ്പിന് പുറത്തിറക്കാറില്ല "

" അപ്പോൾ അതിനൊരു തീരുമാനം ആയി..കാശ് പോയ നാട്ടുകാരുടെ കാര്യം ? ".

" ഹൃദയത്തിൽ കൈ വച്ച് ഞാൻ പറയുന്നു ആന വെളുത്തത് തന്നെ . കറ പുരളാത്ത പാരമ്പര്യ ..."

"പാരമ്പര്യം കേട്ട് മടുത്തു കാർന്നോരെ , ആനയെ എപ്പോൾ കുളിപ്പിക്കും , അത് പറ. വെളുത്ത ആനയാണ് എങ്കിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഒന്ന് കുളിപ്പിച്ചാൽ പോരെ , സത്യം അറിയാമല്ലോ ?".


"അങ്ങനെ ആര്ക്കും കാണാവുന്ന കാര്യം ഒന്നും അല്ല അത് ( ദൈവീക ആന, പാരമ്പര്യം എന്ന പല്ലവികൾ പിന്നണിയിൽ ഉയരുന്നു ... ). പക്ഷെ സത്യം ജയിക്കണം എന്നെനിക്ക് നിര്ബന്ധമുണ്ട് അത് കൊണ്ട് സത്യ സന്ധനായ നാരായണന്റെ സന്നിധ്യത്തിലാണ് വര്ഷങ്ങളായി ഞങ്ങൾ ആനയെ കുളിപ്പിക്കുന്നത് "


" അത് കൊള്ളാം , വളരെ നല്ല കാര്യം, ഇനി കാര്യങ്ങളൊക്കെഅങ്ങേരോട് ചോദിച്ചാൽ മതിയല്ലോ. നാരായണൻ എവിടെയാണ് താമസം ? "

" അതൊക്കെ ഞാൻ പറയാം , പക്ഷെ നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് "

" ഇനിയും പാരമ്പര്യം എന്ന് പറയരുത് പ്ലീസ് , അത് താങ്ങാനുള്ള കരുത്തില്ല ".

" അതല്ല , ഈ പറഞ്ഞ നാരായണന് കണ്ണ് കാണില്ല . അപ്പോൾ എല്ലാവരും ഇറങ്ങുകയല്ലേ , എനിക്കിന്ന് ബഹുദൂരം പോകാനുള്ളതാണ്. " !.


അല്പം അകലെ വെളുത്ത ആന 'കറ പുരളാത്ത പാരമ്പര്യത്തിന് " അടിവരയിടാൻ എന്ന മട്ടിൽ ഒന്നുറച്ചു ചിന്നം വിളിച്ചു ...

Thursday, 30 May 2013

തങ്കപ്പനും പൊന്നപ്പനും


നാട്ടിൽ പറഞ്ഞു കേട്ട ഒരു പോലീസ് കഥയുണ്ട്...

സ്റ്റെഷൻ ആണ് സ്ഥലം , അടിപിടിയാണ് കേസ് .. വാദിയും പ്രതിയും 'നാരങ്ങാ വെള്ളം' ഉള്ളിൽ ചെന്നപ്പോൾ സൗഹൃദം മറന്ന രണ്ടു കൂട്ടുകാരാണ്. ഒരു സൌകര്യത്തിനു വേണേൽ നമുക്കവരെ തങ്കപ്പൻ എന്നും പൊന്നപ്പൻ എന്നും വിളിക്കാം. വാദി തങ്കപ്പൻ നല്ല വാശിയിലായിരുന്നു. 


"സാറേ , ഇവനെന്നെ കുടുംബം അടച്ചു തെറി പറഞ്ഞു .. തല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവനിട്ട് നാല് കൊടുക്കണം സാറേ, ഇവൻറെ കള്ളുകുടി ഇന്നോടെ നിർത്തണം"

മീശ പിരിച്ച് ഇടിയൻ പോലീസ് പൊന്നപ്പനെ ഒന്ന് നോക്കി , " സത്യമാണോടാ ഈ കേട്ടത് "..

"വെള്ളത്തിൻറെ പുറത്ത് പറ്റിപ്പോയത സാറേ "..

ശ്രീശാന്തിനെ കയ്യിൽ കിട്ടിയ ചാനെൽ സിംഹങ്ങളെ പോലെ ഇടിയൻ പിന്നെ ഒരു 10 മിനിറ്റ് പൊന്നപ്പനെ അങ്ങ് കേറി മേഞ്ഞു. ആദ്യ റൌണ്ട് കഴിഞ്ഞു ക്ഷീണിതനായി ഇടിയൻ സഹതാപ റൌണ്ടിലേക്ക് കടന്നു. 

"കേസ് ഒന്നും ചാർജ് ചെയ്യുന്നില്ല , എനിക്ക് വെള്ളം കുടിക്കാൻ ഒരു 100 രൂപ മേശപ്പുറത്ത് വച്ചിട്ട് പൊക്കൊ "

പൊന്നപ്പന്റെ ഓട്ട കീശയിൽ രൂപ അമ്പതു മാത്രം. സിനിമയിൽ കാശില്ലേൽ തങ്ങളങ്ങാടി ബാപ്പുവിനെ വിളിക്കാം . ജീവിതത്തിൽ പറ്റുമോ ?.

" രൂപാ നൂറ് തികച്ചില്ലേൽ ലോക്കപ്പിൽ കിടക്ക്‌ , ഇപ്പോൾ തന്നതിൻറെ ബാക്കി ഞാൻ രാത്രി തരാം " ഇടിയൻ വിടുന്ന മട്ടില്ല. പോന്നപ്പൻ ദൈന്യതയോടെ തങ്കപ്പനെ നോക്കി.

തങ്കപ്പൻ രൂപ നൂറെടുത്ത് മേശപ്പുറത്തേക്ക് ഇട്ടു. " ഇതെന്നാ മര്യാദയില്ലാത്ത ഇടിയാ സാറെ, ഒരു മനുഷ്യനെ ഇങ്ങനെ ഇടിക്കാമോ. അതിൻറെ പുറത്ത് കൈക്കൂലിയും . ഇത് കോടതിയും നിയമവും ഒക്കെ നാടാണ് എന്നൊർമ വേണം. എന്റെ കുടുംബത്തിലും സാറിനേക്കാൾ നക്ഷത്രം കൂടിയ എമാന്മാരുണ്ട് . ഇനിയവനെ തൊട്ടു പോകരുത് ".

വാ പൊളിച്ച് നിന്ന ഇടിയനെ സാക്ഷിയാക്കി തങ്കപ്പൻ പൊന്നപ്പനെ വിളിച്ചു " നീ ഇങ്ങു വാടാ , ഇന്നത്തെ ചെലവ് എന്റെ വക. രണ്ടെണ്ണം അടിച്ചിട്ട് നമുക്കൊന്നിച്ച്‌ ഈ ഇടിയനെ തെറി വിളിക്കാം "..


കേരള രാഷ്ട്രീയത്തിലെ ചില അച്ഛന്മാരെയും മക്കളെയും കാണുമ്പോൾ ഈ പഴയ പെരുമ്പാവൂർ കഥ ഓർമ വന്നാൽ തെറ്റ് പറയാൻ പറ്റുമോ ?

Tuesday, 21 May 2013

വീട്ടു ഭരണം


കാരണവർ എസ്റ്റേറ്റ്‌ ഭരണവും വീട്ടു കാര്യങ്ങളും ഒക്കെ നടത്തി വാഴുന്ന കാലത്താണ് , ഈ തിരക്കൊക്കെ ഒഴിവാക്കി പേരക്കുട്ടികളെയും നോക്കി സുഖമായി ഇരുന്നു കൂടെ എന്ന ചോദ്യം പരമ സാത്വികനായ ഗൾഫ്കാരൻ മൂത്ത മകനിൽ നിന്നും വരുന്നത്.

അത് ശരിയാണല്ലോ എന്ന് കാരണവർക്കും തോന്നി. എന്തൊക്കെ പറഞ്ഞാലും വീട്ടിൽ പ്രതാപി കാരണവര് തന്നെയല്ലേ ?. പണിയൊക്കെ ചെയ്യാൻ നാട്ടിലുള്ള നാല് മക്കളുണ്ടല്ലോ. കൊച്ചു മക്കൾ ആണേൽ ദിവസവും തമ്മിലടി . അവരെ നിയന്ത്രിച്ച്‌ പിള്ളേരേം ഭരിച്ച് സുഖമായി ശിഷ്ടകാലം കഴിഞ്ഞുകൂടെ ?.


നയവും അടവും അറിയാവുന്ന രണ്ടാം മകനെ കാരണവർ ഭരണം ഏൽപ്പിച്ചു. പിന്നെ കാര്യങ്ങളൊക്കെ അതി വേഗത്തിലായിരുന്നു . അനിയന്മാരെയും വിളിച്ചു കൂട്ടി ചർച്ച തുടങ്ങി. അടച്ചിട്ട മുറിയിൽ നിന്ന് കൊലവിളിയും കരച്ചിലും പിന്നെ ഇളയമകന്റെ സ്പെഷ്യൽ തെറി വിളിയും ഒക്കെ കേട്ടെങ്കിലും എസ്റ്റേറ്റ്‌ വിഭജനം വിജയകരമായി.

ആദ്യമാദ്യം കാര്യങ്ങൾ പരമ സുഖമായിരുന്നു. വീട്ടിൽ ആര് വന്നാലും "ഞങ്ങൾ ഒക്കെ വെറും ജോലിക്കാർ , കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്‌ കാരണവര് തന്നെ " എന്ന പല്ലവി മക്കൾ ഉരുവിട്ട് കൊണ്ടേ ഇരുന്നു. പിന്നെ, പിന്നെ കാലം ബഹുദൂരം ചെന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി തുടങ്ങി.

എസ്റ്റേറ്റ്‌ വരുമാനം കൊണ്ട് മക്കൾ സുഖ ജീവിതം തുടങ്ങി , കാരണവരാവട്ടെ പിള്ളേരുടെ നാപ്പി മാറ്റലും , സ്‌കൂളിൽ വിടലും , തല്ലിന് മധ്യസ്ഥം പറഞ്ഞും മടുത്തു. അങ്ങനെ ഒരു ദിവസം കാരണവർ മൂത്ത മകന്റെ അടുത്തെത്തി .

"പിള്ളേരൊക്കെ വലുതായില്ലെ , ഇനി ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങിയാലോ ?"

" ഹ്മ് ... അതെന്താ അച്ഛന് ഇപ്പൊ അങ്ങനെ തോന്നാൻ ?. "

" അല്ല, നിങ്ങൾ നിർബന്ധിച്ചാൽ ഞാൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങാം , ആഗ്രഹം ഉണ്ടായിട്ടോന്നും അല്ല "..


"രണ്ടാമനല്ലേ ഇപ്പൊ ഭരണം , എന്താണെന്നു വച്ചാൽ നിങ്ങൾ തമ്മിൽ തീരുമാനിച്ചോ. ഞാൻ ഇടപെടുന്നില്ല ".

രണ്ടാമൻ അച്ഛന്റെ ആഗ്രഹം കേട്ടതോടെ കസേരയിൽ നിന്ന് ചാടി എണീറ്റു.


"അച്ഛന് ഈ കസേര വേണം എങ്കിൽ ഒരു വാക്ക് പറഞ്ഞാൽ പോരെ ?, ഈ ഞാൻ തരില്ലേ , പക്ഷെ ഒരു ചെറിയ പ്രശ്നം ഉണ്ട് ".

"അതെന്ത് പ്രശ്നം ? ".

" ഇപ്പോൾ അച്ഛനല്ലേ തറവാട്ട്‌ കാരണവർ , അതിൽ നിന്ന് താഴേക്കുള്ള ഒരു പതനമല്ലേ ഈ എസ്റ്റേറ്റ്‌ നോക്കുക എന്നത് ?. ഈ അപമാനം അച്ഛൻ സഹിച്ചാലും , ഞങ്ങൾ മക്കൾക്ക്‌ സഹിക്കില്ല. അത് മാത്രമല്ല , ഞാൻ ഈ കസേരയിൽ നിന്ന് എണീറ്റു എന്നറിഞ്ഞാൽ എനിക്ക് താഴെ ഉള്ള രണ്ടാളും അവിടെ കേറാൻ തല്ലു തുടങ്ങും . വെറുതെ നമ്മളായിട്ട് വീട്ടു വഴക്ക് ഉണ്ടാക്കണോ ?. ".

തല്ലും തെറി വിളിയും പൂരപ്പാട്ടും ആയി തെമ്മാടിക്കുഴി ലക്ഷ്യമാക്കി നടക്കുന്ന നാലാമൻ കേറി വന്നത് അപ്പോഴാണ് ..

" അയ്യയ്യേ , അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ നോക്കാൻ ഇറങ്ങുകയോ , ആ മനൊരമനും , ദേശപ്പനും ഒക്കെ എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്‌ . അധികാര മോഹിയാണ് അച്ഛൻ എന്ന് വരെ അവര് പറഞ്ഞു കളയും . കുടുംബത്തിന് ഇതിലും വലിയ ഒരു നാണക്കേട്‌ വരാനുണ്ടോ ? ".


" അത് മാത്രമല്ല , ആ സുകുവേട്ടൻ പറഞ്ഞത് കൊണ്ടാണ് അച്ഛൻ വീണ്ടും എസ്റ്റേറ്റ്‌ ഭരിക്കാൻ ഇറങ്ങുന്നത് എന്നും നാട്ടിൽ വാർത്തയുണ്ട് . നാലാൾ അറിഞ്ഞാൽ അച്ഛന്റെ ഇമേജ് എന്താവും അച്ഛാ ?. "


ഇത്രയും "നല്ല" മക്കളെ തന്നതിന് ദൈവത്തിന് പല്ല് ഇറുമി ഒരു "നന്ദി " പറഞ്ഞിട്ട് അച്ഛൻ ചാടി എണീറ്റു .


" മക്കളെ , ഇനി ഞാൻ ഒരു തീരുമാനം പറയാം. എനിക്ക് അധികാര മോഹമേ ഇല്ല , എസ്റ്റേറ്റ്‌ എന്നാ വാക്ക് തന്നെ ഞാൻ വെറുത്തു പോയി...".


ഇത്രയും സ്നേഹമുള്ള അച്ഛന് വേണ്ടി മക്കൾ കൂട്ട പ്രാര്ത്ഥന നടത്തുമ്പോൾ ആകാശത്ത് നിന്ന് മാലാഖമാർ പ്ലാസ്റ്റിക് പൂവ് കൊണ്ട് അഭിഷേകം തുടങ്ങിയിരുന്നു..

Thursday, 7 March 2013

UDF ഉം മഹാവിഷ്ണുവും

ചെറുപ്പത്തില്‍ മുത്തച്ഛന്റെ മടിയില്‍ ഇരുന്നു കേട്ട ഒരു കഥയുണ്ട് , വിഷ്ണുവിന്‍റെ വേഷം കെട്ടിയ നെയ്ത്തുകാരന്റെ കഥ. രാജകുമാരിയെ പ്രണയിച്ച അയാള്‍ വിഷ്ണുവിന്‍റെ വേഷം ധരിച്ച് സുഹൃത്ത് ഉണ്ടാക്കിയ യന്ത്ര ഗരുഡനില്‍ കയറി രാജകുമാരിക്ക് അടുത്തെത്തി. മഹാവിഷ്ണു ആണെന്ന് തെറ്റിദ്ധരിച്ച്‌ രാജകുമാരി അയാളെ രഹസ്യമായി വിവാഹം കഴിച്ചു.

രഹസ്യങ്ങള്‍ക്ക് എല്ലാം സംഭവിക്കുന്ന പോലെ അതൊരിക്കല്‍ പരസ്യമായി, മഹാവിഷ്ണു മകളെ വിവാഹം കഴിച്ചത് അറിഞ്ഞ് രാജാവും സന്തോഷിച്ചു.

അങ്ങനെയിരിക്കെ അയല്‍ രാജ്യത്തെ രാജാവ്‌ വലിയൊരു സൈന്യവുമായി രാജ്യത്തെ ആക്രമിച്ചു. മരുമകനായി മഹാവിഷ്ണു ഉള്ളപ്പോള്‍ എന്ത് പേടിക്കാന്‍ , രാജാവ്‌ മരുമകനോട്‌ സഹായം അഭ്യര്‍ഥിച്ചു.

സത്യം പറഞ്ഞാല്‍ രാജാവ് തല വെട്ടും, പറഞ്ഞില്ലേല്‍ യുദ്ധ ഭൂമിയില്‍ മരിക്കും , രണ്ടാമത്തേത് ആണ് ഭേദം എന്ന് നെയ്ത്തുകാരന്‍ തീരുമാനിച്ചു. ഉള്ള ഭയം പുറത്തു കാട്ടാതെ യുദ്ധത്തിനൊരുങ്ങി.

അങ്ങകലെ ഈ തമാശയൊക്കെ കണ്ടിരുന്ന മഹാവിഷ്ണുവിനോട്‌ ഗരുഡന്‍ ചോദിച്ചു..

"അങ്ങിതില്‍ ഇടപെടുന്നില്ലേ " ??.

"ഞാന്‍ എന്തിന് ഇവനെയൊക്കെ ചുമക്കണം. അവനു കിട്ടാനുള്ളത് കിട്ടട്ടെ " എന്നായി മഹാവിഷ്ണു.

" ജനമായ ജനം മുഴുവന്‍ അയാള്‍ മഹാവിഷ്ണു ആണ് എന്ന് കരുതിയാണ് ഇരിക്കുന്നത് . യുദ്ധത്തില്‍ അയാള്‍ മരിച്ചാല്‍ , അയാള്‍ക്ക് ജീവനെ പോകൂ , അങ്ങയുടെ ഉള്ള വില മുഴുവന്‍ പോകും. ഒരു സാദാ യുദ്ധത്തില്‍ മരിച്ച ദൈവത്തെ ആരേലും ആരാധിക്കുമോ " .

സംഗതിയുടെ ഗുട്ടെന്‍സ് പിടി കിട്ടിയ മഹാ വിഷ്ണു ഉടന്‍ യുദ്ധത്തിനിറങ്ങി സൈന്യത്തെ മുഴുവന്‍ കൊന്നൊടുക്കി മാനം രക്ഷിച്ചു എന്ന് കഥാസാരം.

മൂന്നാളുടെ ബലമുള്ള ഭരണം രക്ഷിക്കാന്‍, യുദ്ധത്തിന് ചാടി പുറപെട്ട ആരെയും ചുമക്കാന്‍ തയ്യാറായി നേതാക്കള്‍ നെട്ടോട്ടം ഓടുന്നത് കാണുമ്പോള്‍ ഈ പഴയ കഥ വീണ്ടും വീണ്ടും ഓര്‍മ വരുന്നു. ഭരണത്തിനു വേണ്ടിയാകുമ്പോള്‍ എത്ര വലിയ ആലും തണലാണ്‌ എന്ന് പറയേണ്ടി വരും

Thursday, 10 January 2013

ഡിങ്ക ചരിതം

ഡിങ്കന്‍ ജനിച്ചത്‌ ബാലമംഗളം എന്ന പുസ്തകത്തില്‍ ആണെന്നും, വളര്‍ന്നത്‌ ഇന്റര്‍നെറ്റ്‌ എന്നാ ഇട്ടാ വട്ടത്തില്‍ ആണെന്നും ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നുണ്ട് , പക്ഷെ സത്യം അതല്ല , പൂച്ച ദൈവങ്ങളുടെ സ്വന്തം നാടായിരുന്ന പോഞ്ഞശേരിക്കടുത്തുള്ള ചുണ്ടമലയില്‍ ആണ് ലോകത്തിലെ ഡിങ്കന്റെ ആദ്യ അമ്പലം ഉണ്ടാവുന്നത്. ശബരിമലയില്‍ എത്തിയ അയ്യപ്പനെ പോലെ , ഒരു നിയോഗമാണ് ഡിങ്കനെ അവിടെ എത്തിച്ചത്.

ചുണ്ടമലക്ക് മുകളിലെ കൂറ്റന്‍ അമ്പലത്തില്‍ പൂച്ചകളുടെ കാണപെട്ട ദൈവം, പൂചെശ്വര പ്രതിഷ്ട ആയിരുന്നു. കാലത്ത് നിര്‍മാല്യം തൊഴലും , വൈകീട്ട് നട തുറപ്പ് പൂജയും ഒക്കെ ആയി ക്ഷിപ്ര പ്രസാദിയായ പൂചെശ്വരന്‍ വാഴുന്ന കാലം.

അത്ഭുതങ്ങളുടെ വിളനിലം ആയിരുന്നു അന്ന് ചുണ്ടമലയും സമീപ പ്രദേശങ്ങളും. പൂചെശ്വരന്റെ പ്രസാദം കഴിച്ചു തുള്ളല്‍ പനി മാറിയ കുട്ടിയും , പൂചെശ്വര സന്നിധിയില്‍ പ്രായവും, ശമ്പളവും , സ്ത്രീധനവും എണ്ണി പറഞ്ഞു പ്രാര്‍ത്ഥിച്ചു കല്യാണം നടന്നു കിട്ടിയ പെന്‍ കുട്ടികളും, ആ മഹാ സന്നിധിയില്‍ CV യും ആയിരം രൂപയും സമര്‍പ്പിച്ച്‌ ഇന്റര്‍വ്യൂ വിളി നേടിയ ആള്‍ക്കാരുടേയും കഥകള്‍ എണ്ണിയാല്‍ തീരില്ലായിരുന്നു.

പൂചെശ്വര ക്ഷേത്രത്തിന്‍റെ എല്ലാം, നാട്ടുകാരുടെ പ്രിയങ്കരന്‍ ആയ മാര്‍ജാരന്‍ നാണു പിള്ളയായിരുന്നു. പിള്ളയുടെ അച്ഛന്‍ ആണത്രേ പൂചെശ്വര പ്രതിമ ഈ നാട്ടിലേക്കു കൊണ്ട് വന്നത് !. പ്രസാദ വിതരണം മുതല്‍ CV കളക്ഷന്‍ വളരെ എല്ലായിടത്തും പിള്ളയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

ആ കടാ കൃപാക്ഷത്തില്‍ ആടി തിമിര്‍ക്കുന്ന നാട്ടിലേക്കാണ്‌ പാന്റിനു മുകളില്‍ ജെട്ടിയിട്ട ഡിങ്കന്‍ കടന്നു വരുന്നത്.

പ്രസാദ മരുന്നിനെയും CV കളക്ഷനെയും തള്ളി പറഞ്ഞ ഡിങ്കനെ നാട്ടുകാര്‍ ആദ്യം പുച്ഛത്തോടെ ആണ് കണ്ടത്. പക്ഷെ പിന്നെയല്ലേ കാര്യങ്ങള്‍ പതിയെ വെളിച്ചത് വന്നത്.
അമ്പലത്തിലെ പൂചെശ്വര പ്രസാദത്തില്‍ ചേര്‍ത്തിരിക്കുന്നത് മാര്‍ജാരന്‍ പിള്ളയുടെ മെഡിക്കല്‍ സ്റൊരില്‍ നിന്ന് വന്ന പാരസിട്ടമോള്‍ ആണെന്നും, CV കള്‍ ഒക്കെ പിള്ളയുടെ മകന്‍റെ ബോഡി ഷോപ്പിംഗ്‌ കമ്പനി ഇന്റര്‍വ്യൂ തട്ടിപ്പിന് ഉപയോഗിക്കുക ആണെന്നും ഡിങ്കന്‍ തെളിയിച്ചു.

സ്ത്രീധനതുകയുടെ പത്തു ശതമാനം കമ്മിഷന്‍ വാങ്ങുന്ന പിള്ളയുടെ വിവാഹ ബ്രോക്കെര്‍ പരിപാടി കൂടി കണ്ടെത്തിയതോടെ ജനം ഇളകി. അരുന്ധതി റോയിയെ കണ്ട ഫേസ്ബുക്ക്‌ താരങ്ങളെ പോലെ പിന്നെ അവര്‍ മുന്നും പിന്നും നോക്കിയില്ല, പിള്ളയെയും അയാളുടെ കുടുംബം സ്ഥാപിച്ച പൂചെശ്വര പ്രതിമയും അവര് നാട് കടത്തി. അവനവന്‍റെ ബുദ്ധിയില്‍ വിശ്വസിക്കാന്‍ ആഹ്വാനം നല്‍കി "എതിരാളിക്കൊരു പോരാളി " ഡിങ്കന്‍ അപ്പോഴേക്കും ധര്‍മ സംസ്ഥാപനത്തിനായി മറ്റൊരു നാട്ടിലേക്ക് യാത്രയായി.

ആളും ആരവവും ഒഴിഞ്ഞു കാട് കയറിയ അമ്പലം നാട്ടിലെ പയ്യന്മാരുടെ താവളം ആയി, മുച്ചീട്ട് കളിയും, കള്ള് കുടിയും പെരുകിയപ്പോള്‍ നാട്ടുകാര്‍ കാടു കയറിയ ക്ഷേത്രം വെട്ടിത്തെളിച്ച് പെയിന്റ് അടിച്ചു. പക്ഷെ, പൂചെശ്വരന്‍ പോയ സ്ഥാനത്ത് ഇനിയെന്ത് എന്ന ചോദ്യം മുറുകുന്ന നേരത്താണ് ഡിങ്കന്റെ ഏറ്റവും വലിയ ആരാധകര്‍ ആ ഞെട്ടിക്കുന്ന നിര്‍ദേശം പറഞ്ഞത് ,

"എന്ത് കൊണ്ട് ഡിങ്കന്റെ ഒരു പ്രതിമ വച്ച് കൂടാ ?".

ആദ്യം ജനം എതിര്‍ത്തു .

"എന്ത്, അനാചാരങ്ങളെ എതിര്‍ത്ത ഡിങ്കന് പ്രതിമയോ" ??.

"ഇത് പൂജിക്കാന്‍ അല്ലല്ലോ, ബഹുമാനം കാണിക്കാന്‍ അല്ലെ ?. മഹത്മ ഗാന്ധിക്ക് പ്രതിമയില്ലേ , അത് പോലെ . ഭക്തി കൊണ്ട് മാത്രം അല്ല, ആദരവു കൊണ്ടും തൊഴാം !. "

അങ്ങനെ ഒടുവില്‍ ചുണ്ടമലയുടെ മുകളില്‍ ഒരു ഡിങ്കക്ഷേത്രം പിറവിയെടുത്തു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു, നിര്‍മാല്യം തോഴുവാതെ നിരാശരായ ജനങ്ങള്‍ കാലത്ത് കുളിച്ചു ഡിങ്കനെ കാണാന്‍ എത്തി, വൈകെട്ടു നുണ പറഞ്ഞിരിക്കാന്‍ അമ്പലത്തില്‍ വന്ന കാരണവന്മാര്‍ അമ്പല കമ്മിറ്റി ഉണ്ടാക്കി, തിരക്ക് കൂടിയതോടെ ഡിങ്കന്‍ ആരാധകര്‍ അമ്പലത്തില്‍ പ്രസാദ വിതരണം തുടങ്ങി.

മുചീട്ടു കളിയില്‍ മൂന്നു രാജാവ്‌ വീഴാനും, മക്കളുടെ കല്യാണം നടക്കാനും , നാട്ടിലെ പ്രധാന പൂവാലന്മാര്‍ സോഫ്റ്റ്‌വെയര്‍ പണി കിട്ടി പോവാനുമൊക്കെ നാട്ടുകാര്‍ ഡിങ്കന് തെങ്ങാപൂള് നേര്‍ന്നു തുടങ്ങി. പിന്നെയെല്ലാം ചരിത്രം , നാട്ടിലും മറു നാട്ടില്‍ നിന്നും തെങ്ങപൂളുമായി ജനം ഒഴുകി എത്തി, തെങ്ങാപൂള് നേര്‍ച്ച കൊണ്ട് സോഫ്റ്റ്‌വെയര്‍ പണി കിട്ടിയ കുറേപേര്‍ ചേര്‍ന്ന് ഡിങ്കന് ഫേസ്ബുക്ക്‌ പേജ് ഉണ്ടാക്കി, ഡിങ്ക സന്നിധിയില്‍ അക്കാലത്തു വന്നെത്തിയ ബാലമംഗളം എഡിറ്റര്‍ ഡിങ്ക ചരിതം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ബാലമംഗളം മാസികയില്‍ ഡിങ്കന്റെ കഥ എഴുതി.

ദിനക ജയന്തി ദേശീയ അവധി ആക്കാന്‍ സമരങ്ങള്‍ തുടങ്ങി, ദിനക ജയന്തിക്കു KSRTC ചുണ്ടമലക്ക് സ്പെഷ്യല്‍ സര്‍വീസ് നടത്തി. ഡിങ്കന്റെ പടം വച്ച പോസ്റ്റര്‍ അടിക്കാന്‍ പാര്‍ട്ടികളും മത സംഖടനകളും തമ്മില്‍ തമ്മില്‍ തല്ലായി. അങ്ങനെ ഡിങ്കന്റെ കീര്‍ത്തി ലോകമെങ്ങും പരന്നു.

പഴമ ഉറങ്ങുന്ന ആ നാട്ടില്‍ പോയാല്‍ നിങ്ങള്ക്ക് ഇന്നും ഡിങ്ക ക്ഷേത്രം കാണാം , ഡിങ്കന് കൊടുത്ത തേങ്ങാ പൂള് കൊണ്ട് ജീവിതം മെച്ചപെട്ട , മാറാ രോഗം മാറിയ ഒരുപാടു കഥകള്‍ കേക്കാം,

ഇതൊക്കെ വെറും കെട്ടുകഥ ആണോ എന്ന് നിങ്ങള്ക്ക് സംശയം തോന്നാം, ഒന്ന് മനസിലാക്കണം, പരമമായ സത്യം സത്യം ഡിങ്കന് മാത്രമേ അറിയൂ !!. മറ്റെല്ലാം മായ, ജഗത് മിഥ്യ !

Wednesday, 7 November 2012

മുന്നണി യോഗം

"പ്രഭാത സൂര്യന്‍റെ മനോഹര രശ്മികള്‍ ഏറ്റു തിളങ്ങുന്ന കൊട്ടാരത്തെ സാക്ഷി നിര്‍ത്തി ..."

"അല്ല, നീ എന്ത് ഭാവിച്ചാ , മുന്നണി യോഗം കവര്‍ ചെയ്യാനല്ലേ നമ്മള്‍ വന്നത് ??". 

"ഹി ഹി നീ ഇനി എന്തൊക്കെ പഠിക്കാന്‍ കിടക്കുന്നു , മോഷണം കവര്‍ ചെയ്യാന്‍ പോയാലും അല്പം സാഹിത്യം വിളമ്പണം, എന്നാലെ  ഒരു പ്രബുദ്ധത തോന്നൂ , മനസിലായോ?".  ഈ റബ്ബറിന്‍റെ നാട്ടിലെ സ്വന്തം ചാനല്‍ കേരളത്തിലെ നമ്പര്‍ വണ്  ചാനല്‍ ആയതു വെറുതെ അല്ല മോനെ...

"അതാ മലയോര പാര്‍ട്ടിയുടെ ജീവാത്മാവും പരമാത്മാവും ആയ മാത്തച്ചന്‍ എത്തിപ്പോയി. ആ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന വിഷാദം കണ്ടാലറിയാം, മുന്നണി യോഗത്തില്‍ ഇന്നൊരു സുനാമി ഉണ്ടാവുമെന്ന്. "

"തൊട്ടു പിറകെ പച്ച നിറമുള്ള പജേറോയില്‍ മലപ്പുറം  മഹാന്മാരും എത്തി. അര്‍ഹതപെട്ട മാര്‍ക്കറ്റ്‌ ഷെയര്‍ പിടിച്ചു വാങ്ങിയ ആന്‍ഡ്‌റൊയിടിനെ പോലെ ഉള്ളൊരു ആത്മ വിശ്വാസം ആണ് അവരെ നയിക്കുന്നത് .."

ഹരിതവും ധവളവും ഒക്കെ ആയ കുരിശുകളും, സോറി കൊടികളും ചുമന്ന്‍  മുന്നണി കണ്വീനര്‍ എത്തിപോയി , " മെട്രോ മെട്രോ " എന്നാ ചൂളം വിളിയോടെ അതിവേഗത്തില്‍ മുറിയിലേക്ക് പാഞ്ഞു പോയത് നമ്മുടെ മുഖ്യന്‍ ആണെന്ന് ഞങ്ങളുടെ സ്ലോ മോഷന്‍ അനല്യ്സ്റ്റ് സാക്ഷ്യപെടുത്തുന്നു !!

ഇതൊരു സമാധാന യോഗമാണ് , എല്ലാവരും സംയമനം പാലിക്കണം എന്ന് നേതാവ് പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്നേ മാത്തച്ചന്‍ ഒരു വെല്ലുവിളിയോടെ ചാടി എണീറ്റു ..

"അവഗണനകള്‍ സഹിച്ചു മുന്നണിയില്‍ തുടരാന്‍ ഞങ്ങളില്ല, എന്‍റെ കുഞ്ഞിനോട് കാട്ടിയ നീതികേടിന് നിങ്ങളോട് ദൈവം ചോദിക്കും.  എനിക്ക്  UK യില്‍ കിട്ടുന്ന വില പോലും ഈ മുന്നണിയില്‍ കിട്ടുന്നില്ല !. 

ചാനെല്‍ ക്യാമറകള്‍ പെണ്‍കുട്ടിയുടെ സ്റ്റാറ്റസ് കണ്ട ഫേസ് ബുക്ക്‌ കാരെ പോലെ മാത്തച്ചനെ സൂം ചെയുതു. പക്ഷെ അപ്പോഴേക്കും മലപ്പുറം മാഷിന്‍റെ ഏകാന്തതയുടെ ഏങ്ങലടികള്‍ അവരെ തേടി എത്തി. 

കൂട്ടിനു ആരും ഇല്ലാത്ത വിഷമം കൊണ്ട് എയര്‍ ഇന്ത്യ കണ്ട പ്രവാസിയെപ്പോലെ തേങ്ങുന്ന നേതാവിന്‍റെ  അടുത്തേക്ക്  മുന്നണി കണ്വീനര്‍ ഒരു പൈലറ്റിനെ പോലെ അലറിയടുത്തു ...

"ഈ നാട്ടിലെ മാറിയ സാഹചര്യത്തില്‍  നിങ്ങള്‍ ചീമുട്ടയെര്‍ കണ്ട മന്ത്രിയെ പോലെ അടങ്ങിയിരിക്കണം . ഇല്ലെങ്കില്‍ ഫേസ് ബുക്ക്‌ ഗ്രൂപ്പ്‌ തുടങ്ങി തകര്‍ത്തു കളയും ഞാന്‍ " ഹാ !!

സുരേഷ് ഗോപിയുടെ പോലീസ്  സ്റ്റേഷന്‍ പ്രകടനം കാണുന്ന പ്രതീതിയില്‍ നിന്ന മാധ്യമങ്ങളെ നോക്കി നേതാവ് സ്വരം മാറ്റി 

"നിങ്ങള്‍ ഇനി പുറത്തേക്കു നില്‍ക്കൂ ,  ഞങ്ങള്‍ ഇതൊന്നു പറഞ്ഞു തീര്‍ത്തോട്ടെ !!"

മാധ്യമങ്ങളെ പുറത്ത് ഇറക്കി വാതില്‍ അടച്ച ഉടനെ നേതാവ് രണ്ടു കയ്യും കൊട്ടി ഒരു ചിരി ചിരിച്ചു . 

"സംഗതി ഏറ്റു  സഖാക്കളേ , ഇനി ഒരു മൂന്നു ദിവസത്തേക്ക് ഉള്ള സ്ക്രോളിംഗ്  ന്യൂസ്‌ ആയി അവന്മാര്‍ക്ക് . മാത്തച്ചനും മാഷും ഇനി രണ്ടു ദിവസം ചാനലുകളില്‍ നിറഞ്ഞു നിക്കും !!"

"അപ്പോള്‍ ഇനി കാര്യങ്ങള്‍ ഒക്കെ പറഞ്ഞ പോലെ , എല്ലാ പ്രശനവും തീര്‍ന്നു ഇനി പരസ്യ പ്രസ്താവന  ഇല്ല എന്നൊക്കെ ഞങ്ങള്‍ പുറത്തിറങ്ങി വിളിച്ചു പറയും. വെറുതെ അതൊന്നും കേട്ട് തെറ്റി ധരിക്കരുത് . ചാനല്‍ ആയ ചാനലില്‍ ഒക്കെ പോയി അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കണം. ഞങ്ങളുടെ സൈഡില്‍ നിന്ന് ഞങ്ങള്‍ ധവള നേതാക്കളെയും ഹരിത നേതാക്കളെയും ഒക്കെ ഇറക്കി തരാം. അത് പോരെങ്കില്‍ അച്ചു മാമന് പഠിക്കുന്ന ഉണ്ണി കുട്ടനും ഉണ്ടല്ലോ ! ആര് കേട്ടാലും മുന്നണി ഇപ്പൊ വീഴും എന്ന് തോന്നണം. "

"അപ്പൊ മുന്നണി വീഴുമോ" , ഉണ്ണി കുട്ടന് സംശയം ആയി. 

"എന്‍റെ  ഉണ്ണി കുട്ടാ, മാധ്യമങ്ങളും ജനവും ഇപ്പൊ വീഴും നാളെ വീഴും എന്ന് നോക്കിയിരിക്കുന്ന ഗ്യാപ്പില്‍ അല്ലെ നമ്മള്‍ സ്രീധരേട്ടനെ ഓടിക്കല്‍, കേരളം മുറിച്ചു വിക്കല്‍ , സമരവും പട്ടിണിയും നിരോധിക്കല്‍ തുടങ്ങിയ ജന ക്ഷേമ പദ്ധതികള്‍ ഒക്കെ നടപ്പാക്കുന്നത്. "

"അതി ബുദ്ധിമാന്‍ മര മണ്ടന്‍ എന്ന് കേട്ടിട്ടില്ലേ , ഈ നാട്ടുകാര്‍ക്കും മാധ്യമങ്ങള്‍ക്കും ആണ് അത് ഏറ്റവും നന്നായി ചേരുക !!. ". ഇനി എല്ലാവരും മുഖത്ത് ആ വിഷാദ ഭാവം ഒന്ന് വരുത്തു , ഞാന്‍ വാതില്‍ തുറക്കട്ടെ !!

Monday, 29 October 2012

ഇന്ത്യണോമിക്സ് !


തൊഴില്‍ തേടുകയല്ല, സൃഷ്ടിക്കുകയാണ് വേണ്ടതെന്നു മുഖ്യമന്ത്രി. നല്ലത് തന്നെ, പക്ഷെ അത് കേട്ട്  ആവേശം മൂത്ത് വല്ല കാര്‍ഷിക വായ്പയോ, ബിസിനസ്‌ വായ്പയോ എടുക്കരുത് ചേട്ടന്മാരെ, ഉദ്യോഗസ്ഥന്മാര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും പിന്നെ ലോഡിങ്ങുകാര്‍ക്കും കൊടുത്തിട്ട് ബാക്കി ഉള്ളത് കൊണ്ട് തറ കെട്ടാന്‍ പോലും തികയില്ല. 

പിന്നെ എന്ത് ചെയ്യും?.  ഭാരതത്തില്‍ വികസിപ്പിച്ചെടുത്ത താഴെ പറയുന്ന ബിസിനസ്‌ മോഡലുകള്‍ പരീക്ഷിക്കാവുന്നതാണ് !!. ലോകത്തിനു  നമ്മുടെ സംഭാവന "വട്ട പൂജ്യം" ആണെന്ന് പറയുന്നവനോക്കെ ഒന്ന് വായിച്ചു പഠിക്കട്ടെ !

തറവാടി മോഡല്‍  : 

ഭാര്യ വീടിന്‍റെ പേരും അഡ്രസ്സും ചുമ്മാ എഴുതി കൊടുത്താല്‍  മതി ഈ മോഡെലില്‍ ഒരു ലോണ്‍ കിട്ടാന്‍, ഇന്‍ററെസ്റ്റും  വേണ്ട, ഈടും വേണ്ട. തിരിച്ചടക്കേണ്ട ബാധ്യതയും ഇല്ല.  അങ്ങനെ കിട്ടിയ കാശെടുത്ത് ഏതേലും ബില്‍ഡിംഗ്‌ കമ്പനില്‍ കൊടുത്താല്‍ മൂന്നേ മൂന്നു കൊല്ലം കൊണ്ട് സംഗതി ഒരു  500 ഇരട്ടിയാക്കി  തരും.

ആരേലും അഴിമതിയെന്നോ മറ്റോ ഒന്ന് മിണ്ടിയാല്‍ സര്ക്കാര് ചിലവില്‍ വെള്ളേം വെള്ളേം ഇട്ട ചേട്ടന്മാര്  ഇറങ്ങും, അവര്‍ക്ക് പണി കൊടുക്കാന്‍ ! 

തെളിവില്ലാതെ അന്വേഷിക്കില്ല, എന്ന സൂപ്പര്‍ പോളിസി ആണ് ഈ ചേട്ടന്മാരുടെ നയം. അന്വേഷിക്കാതെ തെളിവുണ്ടാവില്ല എന്നത് കൊണ്ട് ഇത് ഒരു ഫൂള്‍ പ്രൂഫ്‌ പരിപാടി തന്നെ !!


ആകാശ്  മോഡല്‍  :  

മുകളിലത്തെ മോഡല്‍ പോലെ അത്ര എളുപ്പമല്ല സംഗതി . കുറച്ചൊന്നു മെനക്കെടണം. പക്ഷെ, നല്ല ചിക്കിലി കിട്ടുന്ന പണിയാണ്. 

ആദ്യം ഒരു വന്‍ കമ്പനി അങ്ങ് തുടങ്ങുക, കണ്ടാല്‍ ആരും ഞെട്ടണം. വന്‍ ലാഭത്തില്‍ ആണെന്ന് തോന്നണം. പക്ഷെ, ഒറ്റ പൈസ കൈയീന്നു ഇടരുത്.  കമ്പനിക്ക്‌ വേണ്ടി സ്ഥലമോ, സമഗ്രിയോ വാങ്ങരുത്, എല്ലാം വാടകയ്ക്ക് എടുക്കണം. 


ആദ്യത്തെ ഒരു കൊല്ലം കഴിയുമ്പോ കമ്പനീന്ന് കിട്ടുന്ന കാശെല്ലാം എടുത്തു ചുമ്മാ ബിനാമി  പേരില്‍ FD ഇട്ടേക്കുക. പിന്നെ കമ്പനി തകരുന്നെ  തകരുന്നെ എന്ന് വിളിച്ചു കൂവാന്‍ മറക്കരുത്. 


കമ്പനിക്ക്‌ പണി കിട്ടുന്നതോടെ ദയാലുവായ സര്‍ക്കാരും ബാങ്കും കൂടെ കടമെല്ലാം എഴുതി തള്ളും. പിന്നത്തെ കാലം ബിനാമി FD കൊണ്ട് പുട്ടടിച്ചു ജീവിക്കാം. 


ലൈസന്‍സ്  മോഡല്‍ : 

കൈ നനയാതെ മീന്‍ പിടിക്കല്‍ എന്ന കലയുടെ ഉത്തമ ഉദാഹരണം ആണ് ഈ മോഡല്‍.  പരമ ദയാലുവായ സര്‍ക്കാര്‍ കാപ്പിക്കുരു മുതല്‍ കല്‍ക്കരി വരെയുള്ള സാധനങ്ങളുടെ ലൈസന്‍സ് നിങ്ങള്ക്ക് ആദായ വിലയില്‍ നല്‍കും. നിങ്ങള്‍ അത് ആവശ്യക്കാര്‍ക്ക് ഒരു "ചെറിയ" ലാഭത്തിനു മറിച്ച് വിക്കുക. സംഗതി ക്ലീന്‍ !

ലൈസന്‍സ് ലേലം നിങ്ങളല്ലാതെ മറ്റാരും അറിയുക പോലും ഇല്ലാത്തതു കൊണ്ട് ഒരു മത്സരവും ഒഴിവാവും. അല്ലേലും വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നാണ് സര്‍ക്കാര്‍ നയം !


മീഡിയ മോഡല്‍ : 

ഒരല്‍പം സാഹസികത നിങ്ങള്‍ക്കുള്ളില്‍ ഉണ്ടോ, എന്നാല്‍ ഈ മോഡല്‍ നിങ്ങള്‍ക്കുള്ളതാണ്. ആദ്യം അഴിമതി ചെയ്തെന്നു സംശയിക്കപെടുന്ന ഒരു രാഷ്ട്രീയക്കാരനെ കണ്ടു പിടിക്കുക. ( ഇതിലും ഈസി ആയ ഒരു ജോലി ഇന്ത്യയില്‍ ഉണ്ടാവില്ല ) . പിന്നെ അങ്ങേരെ കണ്ടു കുറച്ചു കാശു ചോദിക്കുക. തന്നില്ലേല്‍ അഴിമതിയുടെ വിവരം ഫേസ് ബുക്കിലോ മറ്റോ ഇടും, അത് മീഡിയ എടുത്തു വാര്‍ത്ത‍ ആക്കും എന്നൊക്കെ സ്നേഹത്തോടെ  ഒന്ന് പറഞ്ഞേക്കണം. ഒരുമാതിരി പേടി ഉള്ളവരൊക്കെ അതോടെ കാശ് എടുത്തു തരും. 

കണ്ണൂര്‍ , ബീഹാര്‍ , ഇവിടുന്നൊക്കെ ഉള്ളവരുടെ അടുത്ത്  ഈ മോഡല്‍ സാധാരണ നടക്കാറില്ല. ഒളി ക്യാമറ വയക്കാനുള്ള ബുദ്ധി ഒക്കെ ഉള്ള ചേട്ടന്മാരെയും സൂക്ഷിക്കണം !

Wednesday, 17 October 2012

"ക്യുട് പ്രൊ കോ"

കൊളസ്ട്രോള്‍ കുറക്കാന്‍ എന്നും രാവിലെ ഉള്ള കാല്‍ നട ജാഥയിലെ മെമ്പര്‍ രാജീവാണ് ആദ്യം  അത് കണ്ടത്. ത്രീ സ്റ്റാര്‍ ഹോട്ടലിലെ 'നില്‍പ്പന്‍'  സപ്ലയര്‍ ജോജി അത് ശരി വച്ചതോടെ അതായി പിന്നെ നാട്ടിലെ സംസാരം. 

സിംഗപ്പൂരില്‍ ഉള്ള ജോണികുട്ടിയുടെ അടഞ്ഞു കിടക്കുന്ന വീടിന്‍റെ മതില് ചാടി  കുട്ടപ്പന്‍ പോകുന്നതാണ് രാജീവ്‌ കണ്ടത്. കുട്ടപ്പന്‍റെ തോളില്‍ ഒരു കറുത്ത ബാഗും ഉണ്ടായിരുന്നു.

രാവിലെ മുപ്പതു മില്ലിയടിക്കാന്‍ കടം ചോദിച്ചു നടന്ന കുട്ടപ്പന്‍റെ കയ്യില്‍ ഇപ്പോള്‍ പൂത്ത കാശ്. കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ഒക്കെ കുട്ടപ്പന്‍ പെഗ് വാങ്ങി കൊടുക്കുന്നു. രാത്രി കഞ്ഞിക്കു പകരം കുട്ടപ്പന്‍ ഇപ്പൊ ഹോട്ടലില്‍ നിന്ന് ചില്ലി ചിക്കനും പൊറോട്ടയും ആണ് കഴിക്കുന്നത്‌ എന്ന് കൂടെ കേട്ടപ്പോള്‍ നാട്ടുകാര്‍ ഉറപ്പിച്ചു, ഇത് ജോണി കുട്ടീടെ സിങ്കപ്പൂര്‍ ഡോളെര്സ് തന്നെ !!.

കാശ്  എവിടുന്ന് കിട്ടി എന്ന് ചോദിച്ച ഗംഗാധരന്‍ മാഷെ കുട്ടപ്പന്‍ "ബ" യും "മാ" യും ചേര്‍ത്ത് ചീത്ത വിളിച്ചതോടെ നാട്ടുകാര്‍ ഒരു തീരുമാനത്തില്‍ എത്തി. 


" പോലീസ് ചോദിച്ചാല്‍ അവന്‍ തത്ത പറയുമ്പോലെ പറയും." 

പോലീസ് സ്റ്റേഷനില്‍ നിന്ന് കുട്ടപ്പനെ  ചോദ്യം ചെയ്യാന്‍ തയ്യാറായി SI  വന്നപ്പോഴാണ്  വെള്ളയും വെള്ളയും ഇട്ട മെമ്പര്‍ നാണപ്പന്‍ നാട്ടുകാരെ ഞെട്ടിക്കുന്ന ആ ചോദ്യം ചോദിച്ചത്. 

"കുട്ടപ്പനെതിരെ നിങ്ങടെ കയ്യില്‍ എന്ത് തെളിവാണ് ഉള്ളത്?" 

"അഞ്ചു പൈസ ഇല്ലാതെ ചുറ്റിത്തിരിഞ്ഞു നടന്നവന്‍ ഇരുട്ടി വെളുക്കും മുന്നേ കാശുകാരന്‍ ആയതെങ്ങനെ ?. ജോണികുട്ടിയുടെ വീട്ടില്‍ അവനെന്തു കാര്യം?" രാജീവ്‌ തിരിച്ചടിച്ചു 

"ഇനിയത്തെ കാലത്ത് അതൊന്നും പോര മോനെ, "ക്യുട് പ്രൊ കോ" ഉണ്ടോ നിങ്ങടെ കയ്യില്‍ ?." 

"അതെന്താ ഐറ്റം ?. അന്ന് മെമ്പറുടെ വീട്ടില്‍ കയറീന്നു പറഞ്ഞു ആ ജഗനെ കൂമ്പിനു നോക്കി  ഇടിച്ചപ്പോ ഈ ഐറ്റം ഒന്നും കണ്ടില്ലല്ലോ ? " 

"കാലം മാറി മോനെ, കുട്ടപ്പന്‍ ഒരു പ്രൈവറ്റ് സിറ്റിസണ്‍ ആണ്".  ജോണി കുട്ടിയും ആയുള്ള കൊടുക്കല്‍ വാങ്ങല്‍ ഒക്കെ പരിശോധിക്കണേല്‍ "പ്ര്യമ ഫെസ" ഒന്നും പോര , "ക്യുട് പ്രൊ കോ" തന്നെ വേണം." 

"അന്വേഷിക്കാതെ ഈ പറഞ്ഞ ഐറ്റം എങ്ങനെ ഉണ്ടാവും മെമ്പറെ ?. "

"അതൊന്നും എനിക്കറിയില്ല, പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറും ഒക്കെ ഇത് തന്നെയാണ് പറയുന്നത്."  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞങ്ങള്‍ സമ്മതിക്കില്ല !! . നിങ്ങള്‍ വേണേല്‍ ലാലേട്ടന്‍ പറഞ്ഞ പോലെ കോടതിയില്‍ പോയി ഫൈറ്റ് ചെയൂ."

"ഞങ്ങള്‍ക്ക് ശിക്ഷിക്കേണ്ടത് കുട്ടപ്പനെയാണ്, അവന്‍റെ കൊച്ചു മോനെ അല്ല !!"

"അതൊന്നും എനിക്കറിയണ്ട, കോടതിയില്‍ പോകാതെ ചായക്കടയില്‍ ഇരുന്നു ഇത് പറയുന്നത് നമ്മുടെ പഞ്ചായത്തിനെ  നശിപ്പിക്കാനുള്ള നീക്കമാണ് !!. "

"ഒരു കള്ളനെ പിടിച്ചാല്‍ തകരുന്ന സാധനമാണോ മെമ്പറെ നമ്മുടെ പഞ്ചായത്ത് ?. "

"എന്തൊക്കെ പറഞ്ഞാലും ശരി,  "ക്യുട് പ്രൊ കോ" ഇല്ലാതെ കുട്ടപ്പനെ തൊടാന്‍ ഞാന്‍ സമ്മതിക്കില്ല !! "

"ശരി മെമ്പറെ , എന്നാല്‍, മെമ്പര്‍ ഒന്ന് കണ്ണടച്ചേ"  രാജീവ്‌ പെട്ടന്ന് വിഷയം മാറ്റി.  

കണ്ണടച്ചതും അടി വീണതും ഒന്നിച്ചായിരുന്നു,  ഓര്‍മ വന്നപ്പോ മെമ്പര്‍ നിലത്തു കിടക്കുകയായിരുന്നു. 

"സാറ് ഇതിന്‍റെ "ക്യുട് പ്രൊ കോ", കണ്ടു പിടിച്ചു കോടതിയിലേക്ക് ചെല്ല്, ബാക്കി നാട്ടുകാര് അടുത്ത അടുത്ത ഇലക്ഷന് തരും !"   മെമ്പര്‍ക്ക്‌ നേരെ കൈ നീട്ടികൊണ്ട് SI പറഞ്ഞു !

Friday, 5 October 2012

സിംഹവും 'സബ്സിഡി' മുയലും

പണ്ട് പണ്ട് ഏതാണ്ടൊരു  2 കൊല്ലം പണ്ട്, കുന്നിന്‍ മുകളില്‍ ഒരു കാടുണ്ടായിരുന്നു.  കാട്ടില്‍ പ്രതാപിയായ ഒരു സിംഹവും. ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഓടുന്ന സിംഹം ദിവസവും ബ്രേക്ഫാസ്റ്റ് മുതല്‍ ഡിന്നര്‍ വരെ  മൃഗങ്ങളെ ഓടിച്ചിട്ട്‌ പിടിച്ചു ശാപ്പിട്ടു നടന്ന കാലം. 

കുട്ടികളെയും കൂട്ടുകാരെയുമൊക്കെ സിംഹം തിന്നുന്നത് കണ്ടു മടുത്ത മൃഗങ്ങള്‍ എങ്ങനെ ഈ ശല്യം ഒഴിവാക്കാം എന്ന ചിന്തയിലായി. എത്രയാലോചിച്ചിട്ടും ഒരു വഴിയും കാണാതെ വിഷമിച്ചിരുന്ന അവരുടെ മുന്നിലേക്ക്‌ മലയാള സിനിമയെ രക്ഷിക്കാന്‍ എത്തിയ  ഫഹദ് ഫാസിലിനെ പോലെ  മുയല്‍ വന്നെത്തി. 

"സിംഹത്തിനെ പൂട്ടാന്‍ ഒരു വഴിയുണ്ട്. പക്ഷെ നല്ല ക്ഷമ വേണം. ശശി തരൂര്‍ മന്ത്രി ആയ പോലെ  പെട്ടന്നൊന്നും നടക്കില്ല"

ഒരു മണിക്കൂര്‍ എടുത്തു  മുയല്‍ തന്‍റെ "സബ്സിഡി" പ്ലാന്‍ വിശദീകരിച്ചു. കേട്ട് കഴിഞ്ഞപ്പോള്‍ മൃഗങ്ങള്‍ക്ക് സംശയം. 

"ഇത് വല്ലതും നടക്കുമോ". 

"നടക്കും എന്ന് ഞാന്‍ ഉറപ്പു പറയാം"  

"അതെങ്ങനെ" ??

"എല്ലാം വഴിയെ അറിയാം. എന്നെ ഒന്ന് വിശ്വസിച്ചു നോക്കൂ" 

പിറ്റേന്ന് രാവിലെ മുയല്‍ സിംഹത്തിന്‍റെ അടുത്തെത്തി. 

"രാജാവേ, എന്നെ കൊല്ലാതിരുന്നാല്‍ അങ്ങേക്ക് ഗുണമുള്ള ഒരു കാര്യം പറയാം".  

"ങ്ങും. എന്താ."

"ഈ കാട്ടിലെ രാജാവായ അങ്ങ് എന്തിനാണ് ഇങ്ങനെ ദിവസവും മൃഗങ്ങള്‍ക്ക് പിറകെ ഓടി കഷ്ടപ്പെടുന്നത്? "

"പിന്നല്ലാതെ, പുല്ലു തിന്നാന്‍ പറ്റുമോ?. നീ ഒരു മാതിരി മന്‍മോഹന്‍ സിങ്ങിന്‍റെ ലോജിക് പറയല്ലേ."

"ദിവസവും രാവിലെ ഞാന്‍ അന്നത്തേക്കുള്ള മൃഗത്തെ ഇവിടെ എത്തിച്ചാലോ ?." . അങ്ങേക്ക് ഓടുകയും വേണ്ട, ബാക്കി ഉള്ള മൃഗങ്ങള്‍ക്ക് സുഖമായി   ജീവിക്കുകയും ചെയ്യാം. 

അങ്ങനെ സിംഹം ഓരോ ദിവസവും ഓരോ മൃഗത്തെ  പ്രതീക്ഷിച്ചു ഇരുപ്പായി. ദിവസവും രാവിലെ, മുയല്‍ ഒരു മൃഗത്തെ കൃത്യമായി എത്തിച്ചു കൊണ്ടിരുന്നു. വെറുതെ ഇരുന്നിരുന്നു സിംഹം ഒരു മടിയനായി തുടങ്ങി. ഉസൈന് ബോള്‍ട്ട് പോയിട്ട് നൌഷാദിനോപ്പം പോലും ഓടിയെത്താന്‍  പറ്റാത്ത സ്ഥിയിലായി തുടങ്ങി.

അങ്ങനെ ഒരു നാള്‍ മുയല്‍ വീണ്ടും സിംഹത്തിനു അരികില്‍ എത്തി. 

"ഞങ്ങളുടെ രാജാവായ അങ്ങ് ഇങ്ങനെ ഈ കുന്നിന്‍ മുകളില്‍ മഴയും വെയിലും കൊണ്ട് കിടക്കേണ്ട കാര്യമുണ്ടോ?. അങ്ങേക്കായി ഞങ്ങള്‍ അടിവാരത്തില്‍ ഒരു നല്ല ഗുഹ കണ്ടെത്തിയിട്ടുണ്ട്. അവിടെ താമസിച്ചു കൂടെ?."

അങ്ങനെ സിംഹം കുന്നിറങ്ങി അടിവാരത്തില്‍ എത്തി. മഴയം മഞ്ഞും ഏല്‍ക്കാതെ സൌജന്യ ഭക്ഷണം കഴിച്ചു സിംഹം ഒന്ന് കൂടെ മടിയന്‍ ആകുന്നതു വരെ മുയല്‍ കാത്തിരുന്നു.  

പിന്നെ ഒരു ദിനം സിംഹത്തിന്‍റെ ഭക്ഷണമാകാന്‍ ആരും ചെന്നില്ല. വിശന്നു വലഞ്ഞു ഗുഹക്കു പുറത്തു കടന്ന സിംഹം കണ്ടത് ചിരിച്ചു കൊണ്ട് നില്‍ക്കുന്ന മുയലിനെയാണ്. 

"നീയാണോ എന്‍റെ ഇന്നത്തെ ഇര ?" സിംഹം മുരണ്ടു.

"അല്ല. ഇനിയാരും ഈ വഴി വരുന്നില്ലെന്ന് തീരുമാനിച്ചു ". 

"എന്നാല്‍ ഞാന്‍ ഇരതേടി അങ്ങോട്ടിറങ്ങും" സിംഹം മുയലിനു പിറകെ ഓടി. കൊല്ലങ്ങളായി വെറുതെ ഇരിക്കുന്ന സിംഹത്തിനു കുന്നിലേക്കുള്ള പകുതി ദൂരം പോലും ഓടാനായില്ല !!. 

പിന്നെ കേട്ടത് ഇര തേടി നാട്ടിലെക്കിറങ്ങിയ സിംഹത്തെ നാട്ടുകാര്‍ പിടി കൂടി എന്നാണ്. സിംഹത്തെ പിടിക്കാന്‍ ജീവന്‍ പണയം വച്ച് ഇറങ്ങിയവനെ 
പോലീസും പിടിച്ചു അത്രേ. കലി കാലം !.

സിംഹം ഒഴിഞ്ഞു പോയത്  ആഘോഷിക്കാന്‍ കൂടിയ പാര്‍ട്ടിയില്‍ എല്ലാവരും മുയലിനോടു ചോദിച്ചു  " നീ എങ്ങനെ പഠിച്ചു ഈ സൂത്രം?"

"ഈ കുന്നിനും അടിവാരത്തിനും അപ്പുറം കേരളം എന്നൊരു നാടുണ്ട്. പണ്ട് അവിടെ സ്വന്തം ഭൂമിയില്‍ നിന്ന് വിറകു വെട്ടി അടുപ്പില്‍ വച്ച് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്ന ഒരു ജനത ഉണ്ടായിരുന്നു. അവരെ മണ്ണെണ്ണ സബ്സിഡി , LPG സബ്സിഡി , വില കുറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കര്‍ എല്ലാം കാട്ടി മോഹിപ്പിച്ചു ഫ്ലാറ്റുകളില്‍ കുടിയിരുത്തിയ ആ ട്രിക്ക് അല്ലെ ഞാന്‍ ഇവിടെയും പ്രയോഗിച്ചത് !!"

പൊള്ളും വില കൊടുത്തും, LPG , മണ്ണെണ്ണ  വിതരണ തമ്പുരാക്കാന്‍മാരോട് മല്ലിട്ടും, കുടുംബത്തിനു  വേണ്ടി അടുക്കള പൂട്ടാതെ കാക്കുന്ന വീട്ടമ്മമാര്‍ക്ക്  ഈ കഥ സമര്‍പ്പിച്ചു കൊള്ളുന്നു !

Wednesday, 3 October 2012

ഫേസ്ബുക്ക്‌

മണി ആറ്. അങ്ങനെ ഇന്നത്തെ  റിലീസ് മഹാമഹവും പൊടി പൊടിച്ചു !!. 'ബഗ്' എന്ന ഓമന പേരിട്ടു വിളിക്കുന്ന എട്ടിന്റെ  പണികള്‍ നാളെ ഇങ്ങെത്തും. എന്ത് പ്രശ്നം വന്നാലും "Please look at it on priority " എന്ന് എഴുതി ഇങ്ങോട്ടയക്കാന്‍ ഒരു onsite  ചേട്ടന്‍  ഉള്ളത് കൊണ്ട് കാര്യങ്ങള്‍ അത്യുഗ്രന്‍ !!.

"PM" എന്ന ഓമനപ്പേരുള്ള ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ചിട്ടു വേണം ഇനി  ഓഫീസില്‍ നിന്ന് മതില് ചാടി രക്ഷപെടാന്‍..................... എങ്ങാനും അങ്ങേരുടെ കണ്ണില്‍ പെട്ടാല്‍ "Continuous Improvement",  "Process Streamlining" എന്നൊക്കെ പറഞ്ഞു പിറകെ കൂടും. എന്ത് ചെയ്യാം, അപ്രൈസല്‍ എന്ന പൊറോട്ടയും onsite എന്ന മുട്ടക്കറിയും അങ്ങേരുടെ കയ്യിലല്ലേ.

അങ്ങനെ ഒരു വിധം പുറത്തു ചാടി ബസ്‌ സ്റ്റോപ്പില്‍ എത്തി. അവിടെ ദേ നില്‍ക്കുന്നു കോളേജിലെ കൂട്ടുകാരന്‍ രതീഷ്‌........  "അയ്യോ" ഇന്നല്ലേ അവന്മാരുടെ ഗെറ്റ് ടുഗേതെര്‍ പാര്‍ട്ടി. അവനെ കാണാതെ ഉടനെ മുങ്ങിയേക്കാം. ഇല്ലേല്‍ പിന്നെ പാര്‍ട്ടിയും കഴിഞ്ഞു വീട്ടില്‍ എത്തുമ്പോള്‍ ഒരു നേരം ആവും. ചുമ്മാ ഇവന്മാരുടെ വളിപ്പും കേട്ട് വെള്ളവും അടിച്ചു ഇരുന്നിട്ട് എന്ത് നേടാന്‍... !.

രതീഷിന്റെ കണ്ണില്‍ പെടാതെ, അങ്ങനെ ഒരു കണക്കില്‍ വോള്‍വോയില്‍ കയറി പറ്റി. എന്താ തിരക്ക് !!. ഇവന്മാര്‍ക്കൊക്കെ കാറില്‍ പോയിക്കൂടെ ?. 
മൂന്നു സ്റ്റോപ്പ്‌ കഴിഞ്ഞപ്പോള്‍ ഒരു കണക്കിന് ഒരു സീറ്റ്‌ കിട്ടി.  അപ്പോഴതാ അടുത്ത സീറ്റില്‍ ഒരു കൊച്ചു പയ്യന്‍സ്. പുതിയ ബാച്ചില്‍ ജോയിന്‍ ചെയ്തതാണെന്ന് തോന്നുന്നു. ഇരുന്നയുടനെ പയ്യന്‍സ് ഒന്ന് മുരടനക്കി.

"ചേട്ടാ, ചേട്ടന്‍ TCS ഇല്‍ ആണോ?". 

ഇവന്‍ കൊണ്ടേ പോകൂ. നിവൃത്തിയില്ലാതെ ഒന്ന് മൂളി. "ങ്ങും"

"ചേട്ടാ, ഈ onsite കിട്ടാന്‍ എത്ര നാള്‍ പിടിക്കും ??" പയ്യന്‍ വിടുന്ന മട്ടില്ല. 

വേറൊന്നും കണ്ടില്ല അവനു ചോദിക്കാന്‍ !!. നാല് കൊല്ലമായി പുര നിറഞ്ഞു നിക്കുന്ന ചേച്ചിയോട് അനിയത്തി  "എന്റെ കല്യാണം എപ്പോഴാ"  എന്ന് ചോദിച്ച പോലായി കാര്യങ്ങള്‍.. !!

"അതൊക്കെ യോഗം പോലെ നടക്കും അനിയാ" പറഞ്ഞു തീര്‍ന്നതും ബാഗില്‍ നിന്ന് ബുക്ക്‌ എടുത്തു അതിലേക്കു മുഖം പൂഴ്ത്തി. അവനു കാര്യം മനസിലായി എന്ന് തോന്നുന്നു. പിന്നെ വല്യ ശല്യം ഉണ്ടായില്ല.

കവലയില്‍ വണ്ടിയിറങ്ങി പാര്‍ക്ക്‌ ചെയ്ത ബൈക്കിനു അരികിലേക്ക് നടന്നു.  ബൈക്കില്‍ കയറിയില്ല, ഉടനെ കേട്ടു പിറകില്‍ നിന്നൊരു വിളി. 

"പശിക്കരുത്, വല്ലതും തായോ". ഒരു കറുത്ത് മെലിഞ്ഞ തമിള്‍ പയ്യന്‍.. 

"ഓടെടാ.. എന്റെ കയ്യില്‍ ഒന്നും ഇല്ല ". ഓരോ പരിപാടിയും ആയി ഇറങ്ങിക്കോളും. ഇവനൊക്കെ വല്ല കപ്പലണ്ടിയും വിറ്റ് ജീവിച്ചു കൂടെ?.


വീടിന്റെ അടുത്ത കലുങ്കില്‍ പതിവ് പോലെ രമേശ്‌ ബാബുവും കൂട്ടരും ഉണ്ടായിരുന്നു. ഇന്നെന്താണാവോ പരിപാടി, നോട്ടീസ് ഒക്കെ ആയിട്ടാണ് ഇരിപ്പ്.

"എടാ, നാളെ പ്ല്യ്വുഡ്  കമ്പനിക്കെതിരെ പ്രതിഷേധം ഉണ്ട്. നീ വരില്ലേ ?."

"എന്തിനാ ഇപ്പൊ പ്രതിഷേധം ?? ".

" അവരുടെ പുകകുഴല്‍ ഒന്നും ഗവണ്മെന്റ് അംഗീകരിച്ച ഉയരത്തില്‍ അല്ല, പല നാട്ടിലും കാന്‍സര്‍ കേസുകള്‍ കൂടുന്നത് ഈ കമ്പനികള്‍ വന്നതില്‍ പിന്നെയാണ്.". 

" ശരി, നോക്കാം ചേട്ടാ.".  ഞാന്‍ ഒരു വിധം പറഞ്ഞൊഴിഞ്ഞു. വേറെ  പണിയില്ലേ , നാട്ടിലെ പ്രശ്നത്തിന് ഒക്കെ കൊടി പിടിച്ചിറങ്ങാന്‍ !!.

വീട്ടില്‍ എത്തി കുളിയും കഴിഞ്ഞു ടിവി ഓണ്‍ ചെയ്തു.  ചാനലില്‍ മൊത്തം കൂടം കുളം തന്നെ. ഇതാണല്ലോ ഇപ്പൊ എല്ലാവരുടെയും നാവില്‍ !. 

ഊണ് കഴിഞ്ഞപ്പോള്‍ പതുക്കെ എന്നത്തേയും പോലെ ലാപ്ടോപ് തുറന്നു. ഭാര്യ എന്തൊക്കെയോ പറയുന്നുണ്ട്. എല്ലാത്തിനും വെറുതെ മൂളി. ഫേസ് ബുക്ക്‌ തുറന്നു അന്നത്തെ ലൈക്കും ഷെയറും എണ്ണി തിട്ടപെടുത്തല്‍ തുടങ്ങി. കളക്ഷന്‍ ഒക്കെ വളരെ മോശം. എന്തേലും നല്ല രണ്ടു മൂന്നു സ്റ്റാറ്റസ് ഇട്ടില്ലേല്‍ പണി പാളും. 

രാവിലെ ഓസട്രലിയയിലെ ഫ്രണ്ടിനു അയച്ച മെസ്സജിനു മറുപടി ഒന്നും ഇല്ല. അവിടെ ഒരു ജോലി കിട്ടുമോ എന്ന് ചോദിച്ചാല്‍ ഒരു റിപ്ലേ അയക്കാന്‍ ഇത്ര താമസം എന്താണാവോ?.  ഒട്ടും സോഷ്യല്‍ അല്ലാത്ത വര്‍ഗങ്ങള്‍ !.  രതീഷ്‌ ആണേല്‍ ഗെറ്റ് ടുഗേതെറിന്റെ ഫോട്ടോസ് ഒക്കെ ഇട്ടു തുടങ്ങി അതിലണേല്‍ ഫുള്ള് കമന്റ്സും. ഒരെണ്ണം ഞാനും കാച്ചിയേക്കാം.

" missed this one badly :(. Just reminds me of our good old days in hostel"  മൊത്തത്തില്‍ ഒരു നൊസ്റ്റാള്‍ജിയ ഒക്കെ കിടന്നോട്ടെ.

കൂടം കുളത്തിനെ പറ്റി ഒരു കിടിലന്‍ മെസ്സേജ് കാച്ചണം. വെടി വയ്പ്പില്‍ മരിച്ച ആളുടെ ഫോട്ടോ തന്നെ കൊടുക്കാം. ഇങ്ങനത്തെ അക്രമം ഒക്കെ ജനങ്ങളോട്  കാട്ടാമോ ?. ജനങ്ങളായാല്‍ ഇങ്ങനെ വേണം. അങ്ങനെയങ്ങ് തോറ്റു കൊടുക്കരുത്.

" എടീ, ഈ കൂടം കുളം ശരിക്കും കേരളത്തില്‍ ആണോ?." 

" നോ. ഇന്‍ തമിള്‍ നാട് " ഒടനെ വന്നു ഭാര്യയുടെ റിപ്ലേ !.

ഓ, ഈ ലൈക്‌ കിട്ടാന്‍ ഒക്കെ ഉള്ള ഒരു പാടേ, വല്ല പെങ്കൊച്ചും ആയിരുന്നേല്‍ 
"feeling lonely" എന്നൊരു കാച്ച് കാച്ചിയാല്‍  നെല്ലിയാം പതിക്കു പോണ എം എല്‍ എ മാരെ പോലെ ജനം ചാടി വീണേനെ.


കൂടം കുളം കാരോട് ഐക്യം പ്രഖ്യാപിച്ചു ഒരു നീണ്ട മെസ്സേജ് ഒക്കെ എഴുതി കഴിഞ്ഞപ്പോഴേക്കും രാത്രിയായി.  ഗ്രാമര്‍ ഒക്കെ ശരിയാണോ എന്നറിയാന്‍ ഭാര്യയെ ഒന്ന് കാണിച്ചു. അവള് ഇംഗ്ലീഷ് മീഡിയം ആണല്ലോ !. അപ്പൊ അവളുടെ മുടിഞ്ഞ ഒരു സംശയം.

" പണ്ട് ഇത് പോലെ ഉറക്കം കളഞ്ഞു മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ എന്നെഴുതിയിട്ടെന്തായി ??" . 

ആര്‍ക്കറിയാം ഇതൊക്കെ, മുല്ലപെരിയാറില്‍ നിരാഹാരം കാണാന്‍ ഒരു പിക്നിക്‌ പോയി വന്നത് മാത്രം മിച്ചം. ആ ഫോട്ടോസിനു പത്തു പന്ത്രണ്ടു  ലൈക്‌  കിട്ടിയിരുന്നു.

"പോയി കിടന്നു ഉറങ്ങു മോളെ, നാളെ രാവിലെ പോണ്ടേ ?" അവളെ അങ്ങനെ ഒതുക്കി.

ഓസ്ട്രലിയക്കാരന്‍ ഫ്രണ്ട് ഇനി വല്ല മെസ്സേജും ജി മെയിലില്‍ അയച്ചോന്നു ോക്കി. വീണ്ടും നിരാശ. നമ്മളൊക്കെ ഇങ്ങനെ onsite  പോവാതെ കിടന്നു നരകിക്കുകയെ  ഉള്ളൂ !!

കൂടം കുളം മെസ്സജിനു ലൈക്‌ ഉണ്ടോന്നു അറിയാന്‍ വീണ്ടും ഫേസ് ബുക്കിലേക്ക്. എവിടെ , ഒരുത്തി  മാത്രം  എന്തോ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്. അവളുടെ പ്രൊഫൈലില്‍ ഒന്ന് കേറി നോക്കി. 

അവള് അര ചാക്ക് അരി അഫ്രിക്കക്ക്  കൊടുത്തത്രേ. ഇവളുടെ അപ്പന്‍ അരി കച്ചവടം വല്ലോം തൊടങ്ങിയോ?. പിന്നെയല്ലേ കാര്യം പിടി കിട്ടിയത്. അവള് പറഞ്ഞ ലിങ്കില്‍ പോയാല്‍ ഓരോ ക്ലിക്കിനും ഒരു അരി മണി ആഫ്രിക്കയിലെ പാവങ്ങള്‍ക്ക് കിട്ടുമത്രേ. എല്ലുന്തിയ കൊച്ചിന്റെ ഫോട്ടോ കണ്ടപ്പം കഷ്ടം തോന്നി. ഈ ഫേസ് ബുക്കില്‍ ഉള്ളവര്‍ക്കൊക്കെ ഒരു അര മണികൂര്‍ ഇരുന്നു ക്ലിക്കിയാല്‍ എന്താ ?. പാവങ്ങളുടെ പട്ടിണി മാറില്ലേ?. 

ക്ലിക്കി ക്ലിക്കി അരി അര ചാക്ക് ആക്കാന്‍ ഒരു പാട് പാടു പെട്ടു. എന്നാലെന്താ , നാട്ടുകാര്‍ അറിയട്ടെ,  എന്റെ സാമൂഹ്യ പ്രതിബദ്ധത !. എല്ലുന്തിയ കുട്ടിയുടെ ഫോട്ടോയും അര ചാക്കിന്റെ പടവും അങ്ങ് ഷെയര്‍ ചെയ്തു. 

അങ്ങനെ ഒരു ദിവസം കഴിഞ്ഞു. എന്നെക്കൊണ്ട് ഇത്രയൊക്കെ  പറ്റൂ !!. മനസ് നിറയെ നാളെ രാവിലെ കണി കാണുന്ന ലൈക്കും ഷെയറും ആയിരുന്നു. 

Friday, 17 July 2009

എന്റെ കോമഡി ബ്ലോഗെഴുത്തു.

ഒരെഴുത്തുകാരന്‍ ആവണം ആവണം എന്നത് മൂന്നാം ക്ലാസ്സ്‌ മുതലേ ഉള്ള ആഗ്രഹം ആണ്. 3Bയില്‍ പഠിക്കുന്ന കാലത്തു ബാലഭൂമിയിലേക്ക് കവിത അയച്ചാണ് കാര്യങ്ങളുടെ തുടക്കം. അച്ചടിക്കാത്ത , തിരിച്ചു വരാത്ത കഥകളും കവിതകളുമായി കാലം അങ്ങനെ ഒരുപാട് കടന്നു പോയി.

മീശ മുളച്ച കാലം മുതലേ എഴുത്തു മനോരമയിലെക്കും, മംഗളത്തിലെക്കും പിന്നെ നെരൂദയുടെ കോപ്പി അടിച്ചു മാറ്റി സ്വന്തം പേരെഴുതിയ കവിതകള്‍ മാതൃഭൂമിയിലേക്കും. കവറുകള്‍ ഒന്ന് രണ്ടെണ്ണം തിരിച്ചു വന്നു എന്നല്ലാതെ മറ്റു വിശേഷങ്ങള്‍ ഒന്നും ഉണ്ടായില്ല.

എന്നാല്പിന്നെ കേരളം അറിയുന്ന നോവലിസ്റ്റ്‌ ആയേക്കാം എന്ന് വച്ചു. നോവല്‍ എഴുത്തു തുടങ്ങിയതല്ലാതെ തീര്‍ന്നുമില്ല, സ്വന്തം അനിയന്‍ പോലും വായിച്ചു നോക്കിയതുമില്ല.

അങ്ങനെ ആശങ്ക മൂത്ത് ഇരിക്കുന്ന നാളിലാണ്‌ എന്റെ ബ്രൌസെരില്‍ ചിന്ത പ്രത്യക്ഷപ്പെടുന്നത്. ബ്ലോഗെങ്കില്‍ ബ്ലോഗ്‌, നാലാള് വായിച്ചു കയ്യടിച്ചാല്‍ പോരെ?. എന്തെഴുതും? കഥയും, കവിതയും, ഫോട്ടോയും ഒക്കെ നിറഞ്ഞ ബ്ലോഗുകള്‍ ഒത്തിരി. അപ്പോള്‍ പിന്നെ ഒരു ചേഞ്ച്‌ വേണ്ടേ.

കോമഡി തന്നെ മെയിന്‍ ആയുധം. നാട്ടിലെ പത്രവാര്‍ത്ത എടുത്തു നോക്കി അതിനെ അങ്ങ് തമാശയിട്ടു തകര്‍ക്കാം. തമാശഎഴുതാന്‍ പണ്ടേ നല്ല കഴിവയത് കൊണ്ട് മെയിലായും ഫോര്‍വേഡ് ആയും അത് നാട്ടില്‍ വിലസും. അതോടെ ആരാധകരുടെ ബഹളമാവും ബ്ലോഗ്ഗില്‍. ആരാധകര്‍ വന്നു തുടങ്ങുന്നതോടെ നമ്മുടെ അടുത്ത നമ്പര്‍, പമ്മന്‍ മുതല്‍ സാഗര്‍ കോട്ടപ്പുറം വരെ പ്രയോഗിച്ചു തകര്‍ത്ത ഇക്കിളി ഭാഷ. അതോടെയതാ തേങ്ങ അടിക്കാനും, വാനോളം പുകഴ്ത്താനും ജനം ഇരമ്പുന്നു. കുറച്ചു നിമ്നോന്നത പ്രയോഗങ്ങളും, ജാരന്‍ നമ്പറും കൂടെ കൂട്ടിയാല്‍ എന്റെ ബ്ലോഗ്‌ സൂപ്പര്‍ ഹിറ്റ്‌.

ഇക്കിളി മടുത്തു തുടങ്ങിയാല്‍?. ജനത്തിന് വേണ്ടത് എന്താണെന്ന് പണ്ട് രെന്ജി പണിക്കര്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തിലെ നിരാശ മാറ്റാന്‍ നാട്ടുകാര്‍ക്കിട്ട് തെറിവിളി. അത് രാഷ്ട്രീയമോ,സിനിമക്കാരോ ഒക്കെയാവാം. നടികള്‍ ആണേല്‍ ബെസ്റ്റ് !. തനിക്കു വിളിക്കാന്‍ പറ്റാത്ത തെറി മറ്റൊരുത്തന്‍ വിളിക്കുന്ന കേള്‍ക്കാനുള്ള പൂതിയുമായി ജനം എന്റെ ബ്ലോഗിലേക്ക് ഓടിയെത്തും.

ഇതിനിടക്ക്‌ കുറച്ചു ജനം ഈ സ്ഥിരം നമ്പര്‍ എതിര്‍ക്കും. എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന വമ്പന്‍ ഡയലോഗ് എടുത്തു വീശി ഞാന്‍ അവന്മാരുടെ വായടക്കും. പോരെങ്കില്‍ എന്തിനും പോന്ന 'തേങ്ങയടി' പട്ടാളം ഉണ്ടാവുമല്ലോ എന്റെ കൂടെ. അവന്മാര് ഒതുക്കിക്കോളും അവരെ.

അങ്ങനെ ഇക്കിളി സ്റ്റോക്കും തെറി വിളി സ്റ്റോക്കും തീര്‍ന്നാല്‍?. . ഹഹ , അങ്ങനെയങ്ങ് തോല്‍ക്കുമോ ഞാന്‍?. ബൂലോകം എന്ന ലോകത്തും കുറച്ചു ജനമുണ്ടല്ലോ. സ്വന്തം കഥയും, കവിതയും, പടമെടുപ്പും സ്വന്തം ബ്ലോഗില്‍ ഇട്ടു ജീവിക്കുന്നവര്‍. അവന്മാരുടെ ബ്ലോഗില്‍ ജനം ഒത്തിരി വരുന്നതും പെണ്‍ പിള്ളേര് കംമെന്റിടുന്നതും ഇഷ്ടപ്പെടാത്ത ജനം ഒരുപാടുണ്ട് മോനെ ഈ ബൂലോകത്തില്‍.

അവന്മാര്‍ക്കിട്ടു തെറിവിളിച്ചാല്‍ എന്റെ ആരാധകര്‍ക്ക് അതങ്ങ് ഇഷ്ടപ്പെടും. വിമര്‍ശനാത്മക സാഹിത്യം ആണെന്ന് വരെ അവര് പറഞ്ഞു കളയും. അവര് കഥ എഴുതിയാലും, ഫോട്ടോ ഇട്ടാലും, കൂട്ട് കൂടിയാലും, അവന്മാരെ ഞാന്‍ ചീത്ത വിളിച്ചു ഒതുക്കും. അതിഷ്ടപ്പെടുന്ന ആരാധകര്‍ എന്നെ തേങ്ങ കൊണ്ട് മൂടും !.

അപ്പൊ സ്വന്തം ബ്ലോഗില്‍ അവനവനു ഇഷ്ടപ്പെടുന്നത് ചെയ്യാമെന്ന് അണ്ണന്‍ നേരത്തെ പറഞ്ഞതോ?. അവര്‍ക്ക് അറിയാവുന്നതു അവര് ചെയുന്നു എന്നല്ലേ ഉള്ളൂ ?. ഇതൊക്കെ ആരാധകന്മാര്‍ക്ക് മനസിലായാല്‍?.

ഹി ഹി ഹി. സാഗര്‍ കോട്ടപ്പുരത്തിന്റെ ദിവ്യ വചനം നീ ഓര്‍ക്കുന്നില്ലേ?. "ആരാധകന്മാര്‍ വെറും പുണ്ണാക്കന്മാര്‍". ഇക്കിളിയും , ചീത്ത വിളിയും, പിന്നെ കോമഡിയും സമാസമം ചെറുത്തു ഞാന്‍ ഉണ്ടാക്കുന്ന പോസ്റ്റ്‌ വായിച്ചു പുളകിതരായി ജയ് വിളിക്കുന്നവര്‍ക്ക് ഇത് വല്ലോം മനസിലാവുമോ?. അവര്‍ വീണ്ടും ജയ് വിളിക്കും, തേങ്ങ അടിക്കും.

Friday, 1 May 2009

ശ്രീഹരിക്ക് (അതോ കാല്‍വിനോ?) പോസ്റ്റ്‌ മോഡേണ്‍ പാക്കരന്റെ മറുപടി.

പ്രിയ ശ്രീഹരി,

ഒള്ളത് പറയാമല്ലോ. പണ്ട് നിങ്ങള്‍ ഗുരുവായൂരില്‍ വച്ച് സുന്ദരിയായ പെണ്‍കുട്ടിയെ വായി നോക്കിയ (ക്ഷമിക്കണം, സൌന്ദര്യ ആരാധന നടത്തിയ) ചരിത്രം ബ്ലോഗില്‍ എഴുതി എന്ന് കേട്ട് അത് വായിക്കാന്‍ എത്തിയപ്പോഴാണ് നിങ്ങളുടെ പുതിയ ഐറ്റം (സോറി, രചന) ആയ സിനിമ ക്വിസ് കണ്ണില്‍ പെട്ടത്.

നിയോ ലിബറല്‍ ആയ ബിംബ കല്പനകളിലൂടെ വിശകലനം ചെയ്യുമ്പോള്‍ ഉദാത്തമല്ലെങ്കിലും വായിച്ചു പൊട്ടിച്ചിരിച്ചു വരവേയാണ് ഞാന്‍ പോസ്റ്റ്‌ മോഡേണ്‍ കവികള്‍ക്കെതിരെയുള്ള നിങ്ങളുടെ ഒളിയമ്പ് കണ്ടത്.

==================
"മനസിലൊരു പൂമാല
കൊരുത്തുവെച്ചതാരാണ്?
മണിച്ചിക്കലമാനോ പൂമീനോ?
വരണുണ്ടേ വിമാനച്ചിറകില്‍
സുല്‍ത്താന്‍മാര്‍ ഒത്തൊരുമിച്ചിരിക്കാന്‍
ആരാണാ ബീവി ഇതിലാരാണാ ഹൂറി?"

-- പ്രതിപാദിച്ചിരിക്കുന്ന കവിതാ ശകലത്തിന്റെ വൃത്തം കണ്ടു പിടിച്ച ശേഷം ആശയം വ്യക്തമാക്കുക (ഒന്നറിഞ്ഞിട്ടു തന്നെ കാര്യം).
====================

ഒന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന ഈ വെല്ലുവിളി ഞങ്ങള്‍ പു.ക.സ ക്കാരുടെ നെഞ്ചിലാണ് കൊള്ളുന്നത്‌. എന്നാല്‍ പിന്നെ ഒന്ന് അറിയിച്ചിട്ട് തന്നെ കാര്യം എന്ന് ഞാനും. അല്ലെങ്കില്‍ പിന്നെ ഈ പാക്കരന്‍ ഉത്തരാധുനികന്‍ ആണെന്ന് പറഞ്ഞു നടന്നിട്ടെന്തു കാര്യം?.

രണ്ടു ചോദ്യങ്ങള്‍ക്കാണ്‌ ചോദ്യ കര്‍ത്താവിനു ഉത്തരം വേണ്ടത്. ചോദ്യം ഒന്ന് : കവിതാ ശകലത്തിന്റെ വൃത്തം എന്താണ് ? : ഉത്തരമില്ല മാഷെ .... മനുഷ്യന്‍ മഹാ ജ്ഞാനത്തിന്റെ കൊടുമുടി കേറുംമ്പോഴും അവന്റെ ഉള്ളില്‍ ഉത്തരം കിട്ടാത്ത ... ( സോറി, പെട്ടന്ന് കച്ചവട സിനിമയിലെ കുത്തക നായകനായി പോയി.)

നമുക്ക് ചോദ്യത്തിലേക്ക് തിരിച്ചു വരാം. ഈ ചോദ്യം ഉത്തരാധുനിക കവിതയെപ്പറ്റിയുള്ള ചോദ്യകര്‍ത്താവിന്റെ അറിവില്ലായ്മ മാത്രമാണ്. വൃത്തം എന്ന പഴഞ്ചന്‍ സങ്കേതത്തില്‍ ഞങ്ങളെ തളച്ചിടാന്‍ നോക്കണ്ട മോനെ ദിനേശാ. ബിംബങ്ങളും പ്രതി ബിംബങ്ങളും നിയോ ലിബറല്‍ കല്പനകളും ഉപയോഗിച്ച് ഞങ്ങള്‍ സാമൂഹിക വിമര്‍ശനം നടത്തുമ്പോള്‍ അതിനു അറപ്പുരകളില്‍ ജീര്‍ണിച്ചു പോയ വൃത്തം എന്ന യാഥാസ്ഥിതിക കേട്ടുപാടെന്തിനാണ്?

ചോദ്യം രണ്ട് : ആശയം വ്യക്തമാക്കുക. ദേ, ഇപ്പൊ റെഡി ആക്കി തരാം.

വിവാഹം എന്ന ആധുനിക ദുര്‍ഗതിയില്‍ പെട്ട് ഉഴലുന്ന ഒരു പെണ്‍കുട്ടിയുടെ അന്തരാളങ്ങളിലേക്ക് ഉറ്റു നോക്കുന്നു, കവി ഈ സയോനിസ്റ്റ്‌ ബിംബ കല്പനയിലൂടെ. ആദ്യ മൂന്ന് വരികളിലേക്ക് കണ്ണോടിക്കുക. മനസ്സില്‍ കൊരുത്തു വച്ച പൂമാല വിവാഹത്തെ സൂചിപ്പിക്കുന്നു. പഴഞ്ചന്‍ ബിംബമായ മാലയെ പുത്തന്‍ രചനാ സങ്കേതങ്ങളും ആയി കൂട്ടി ഇണക്കുകയാണ് കവി ഇവിടെ.

കൊരുത്തു വച്ചത് പൂമീനോ മണിച്ചിക്കലമാനോ എന്നതു സമൂഹ മനസാക്ഷിക്ക് നേരെ ഉള്ള ഒരു തുറന്ന ചോദ്യമാണ്. പൂമീന്‍ എന്നത് മീനിന്റെ സഞ്ചാരം പോലെ വശങ്ങളിലേക്ക് തെന്നുന്ന ഹൃദയത്തെ സൂചിപ്പിക്കുന്നു എങ്കില്‍‍, വേഗത്തില്‍ ഓടുന്ന മാന്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനെക്കാള്‍ വേഗമേറിയ മനുഷ്യ തലച്ചോറിനെ അല്ലാതെ മറ്റെന്തിനെയാണ് അര്‍ഥമാക്കുന്നത്?.

പെണ്‍കുട്ടി തന്റെ ഹൃദയം കൊണ്ടാണോ വരനെ തീരുമാനിച്ചത് . അതോ സമൂഹം തങ്ങളുടെ കച്ചവട തലച്ചോറ് ഉപയോഗിച്ച് നിശ്ചയിച്ച ഒരു വിവാഹം ആണോ ഇത് എന്ന് കവി ബലമായി സംശയിക്കുന്നു. ഹൃദയം കൊണ്ട് തീരുമാനിക്കപെടെണ്ട വിവാഹം എന്ന ബാന്ധവം, മനുഷ്യര്‍ ഇന്ന് തലച്ചോറ് കൊണ്ട് ചെയ്യുന്ന കച്ചവടം ആക്കിയ പ്രവണതക്കെതിരെയുള്ള കവിയുടെ മൂര്‍ച്ചയേറിയ ശരം ആണിതെന്നു പകല്‍ പോലെ വ്യക്തമല്ലേ?

മെറ്റാ-ഫിക്‌ഷന്റെ ഉദാത്ത തലങ്ങളിലേക്ക് കവി പിന്നീട് ഊളിയിടുന്നു.."വരണുണ്ടേ വിമാനച്ചിറകില്‍" എന്ന പ്രയോഗം വിദേശത്തു നിന്ന് വരുന്ന മാരനെ കുറിച്ചാണ്. ഒത്തോരുമിച്ചിരിക്കാന്‍ വരുന്ന സുല്‍ത്താന്മാരെ കുറിച്ചുള്ള വര്‍ണനയില്‍ കവിയുടെ പ്രതിഭയുടെ ആഴം കാണാം. സുല്‍ത്താന്മാര്‍ വരനും വരന്റെ അച്ഛനും തന്നെ. പെണ്‍കുട്ടികള്‍ ഇല്ലാതെ ആണുങ്ങള്‍ മാത്രം ഇരുന്നു വിവാഹം നടത്തുന്ന രീതിക്കെതിരെയുള്ള ഒരു കറുത്ത പരിഹാസ്യ ശരമാണ് "ഒത്തോരുമിച്ചിരിക്കാന്‍" എന്ന ലിബറല്‍ ആക്രമണം.

"ആരാണാ ബീവി ഇതിലാരാണാ ഹൂറി?" എന്നത് ബഹുഭാര്യാത്വം എന്ന പ്രവണതക്കെതിരെയുള്ള ഒരു തുറന്ന ആക്രമണം തന്നെയാണ്. വന്നെത്തുന്ന മാരന് മറ്റൊരു ബീവി ഉണ്ടെന്നറിയുന്ന പെണ്‍കുട്ടിയുടെ മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. തനിക്കു മുന്നില്‍ കൂടി നില്‍ക്കുന്ന സ്ത്രീ ജനങ്ങളില്‍ ആരാണ് ആ ബീവി, എന്നറിയാനുള്ള ചോദ്യം.

"ആരാണാ ഹൂറി" എന്നത് ത്രികോണ മാനങ്ങളുള്ള ഒരു സൂചനയാണ്. തന്നേക്കാള്‍ സുന്ദരിയാണോ ആ ബീവി എന്നറിയാനുള്ള വധുവിന്റെ ആകാംശ ഒരു വശത്ത്. രണ്ടാം ഭാര്യ ആയതിന്റെ വിഷമം മറു വശത്തു. ഇതിനെല്ലാം ഉപരി സൌന്ദര്യം മാത്രമാണ് വിവാഹത്തിന്റെ മാനദണ്ഡം എന്ന് സൂചിപ്പിക്കുന്നതിലൂടെ കവി സയോനിസ്റ്റ്‌ നിയോ ലിബറല്‍ സങ്കേതങ്ങളെ അതിന്റെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നു.

ആശയം വ്യക്തമായെന്നു പ്രതീക്ഷിക്കുന്നു. ഇതെല്ലാം ആണെങ്കിലും ശ്രീഹരി, നിങ്ങളുടെ ഉള്ളിലും ഉണ്ട് ഒരു ഉത്തരാധുനികന്‍. ഈ ജീര്‍ണിച്ച ലോകത്തിലെ കെട്ടുപാടുകളില്‍ നിന്ന് മുക്തനായി ജീവിക്കാനുള്ള നിങ്ങളുടെ നിയോ-ലിബറല്‍ കാഴ്ചപ്പാടുകളാണ് "കാല്‍വിന്‍" എന്ന പേര് മാറ്റത്തില്‍ ഞാന്‍ കണ്ടത്.

ഈ വശത്തേക്ക് വരാന്‍ ഇനിയും സമയം ഉണ്ടെന്നു ഓര്‍മ്മപ്പെടുത്തിക്കൊണ്ട്,
സസ്നേഹം,
(പോസ്റ്റ്‌ മോഡേണ്‍ ‍) പാക്കരന്‍

Tuesday, 28 April 2009

കുഞ്ചന്‍ നമ്പ്യാര്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌.

ഇക്കൊല്ലത്തെ മുട്ടത്തു വര്‍ക്കി പുരസ്‌കാരം 1995ഇല്‍ എഴുതിയ ഹിഗ്വിറ്റക്ക് കൊടുത്തു കൊണ്ട് പഴമയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനകരമായ നീക്കം കലാ സംസാരിക ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുന്നു..

പുത്തന്‍ കൃതികളുടെ മാറ്റ് നിര്‍ണയിച്ചു അവാര്ടുകളിലൂടെ പുതിയ പ്രതിഭകളെ അംഗീകരിക്കുക എന്ന കാലാകാലമായി തുടര്‍ന്ന് വന്ന മൂരാച്ചി നയത്തിനെതിരെ കാലത്തിന്‍റെ തിരിച്ചടിയായി ഇതിനെ കാണണമെന്ന് സാംസ്‌കാരിക നേതാക്കള്‍ ഉദ്ഘോഷിച്ചു കഴിഞ്ഞു. മലയാള കഥാ ചരിത്രത്തിന്‍റെ തുടക്കം മുതലിങ്ങോട്ട്‌ അവാര്‍ഡ്‌ കിട്ടാന്‍ യോഗ്യതയുള്ള ബാക്കിയുള്ള എല്ലാ കൃതികളെയും അടുത്ത കൊല്ലവും അവാര്‍ഡിന് പരിഗണിച്ചേക്കും.

വിപ്ലവകരമായ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഇക്കൊല്ലത്തെ സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക മന്ത്രി അഭിപ്രായപെട്ടു.
ചെമ്മീന്‍ ആണ് മികച്ച ചിത്രം. സത്യന്‍ മികച്ച നടന്‍. ഷീലയാണ് മികച്ച നടി. മധു ആണ് മികച്ച പുതു മുഖ നടന്‍. പുതു മുഖ നടി ശ്രീ വിദ്യയും. ഓസ്കാറിനു ഉള്ള ഇക്കൊല്ലത്തെ മലയാള നോമിനേഷന്‍ "ബാലന്‍" ആയിരിക്കും എന്നദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണത്തെ സാഹിത്യ അക്കാദമി അവാര്‍ഡ്‌ അപ്പു നെടുങ്ങാടിയുടെ കുന്ദലതക്കും ഓടക്കുഴല്‍ അവാര്‍ഡ്‌ എഴുത്തച്ചനും നല്‍കുന്നതായിരിക്കും. ആക്ഷേപ ഹാസ്യത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കുഞ്ചന്‍ നമ്പ്യാര്‍ക്കാണ്.

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ അമ്പതു ലക്ഷത്തിന്റെ ഫ്ലാറ്റ് ഇക്കൊല്ലം ജി വേണുഗോപാലിനും ആപ്പിള്‍ മെഗാ സിങ്ങര്‍ന്‍റെ ഒരു കോടി കെ എസ് ചിത്രക്കും നല്‍കുന്നതായിരിക്കും.

ലോകത്തെങ്ങും ഈ മാറ്റത്തിന്റെ കാറ്റു പ്രകടമാണ്. രാഷ്ട്രീയത്തില്‍ മികച്ച തുടക്കം കുറിച്ചവര്‍ക്ക് വേണ്ടിയുള്ള യുവതുര്‍ക്കി അവാര്‍ഡ്‌ ഇക്കൊല്ലം കരുണാകരനാണ്. ഭാരത രത്നം ജവഹര്‍ ലാല്‍ നെഹ്രുവിനും പത്മശ്രീ വല്ലഭായി പട്ടേലിനും പത്മ ഭൂഷന്‍ ഭഗത് സിംഗിനും സമ്മാനിക്കും.

BCCI യുടെ മികച്ച ബാറ്റ്‌സ്‌മാന്‍ അംഗീകാരം ഗുണ്ടപ്പ വിശ്വനാഥും , മികച്ച ബൌളര്‍ക്കുള്ള അവാര്‍ഡ്‌ ബിഷന്‍ സിംഗ് ബേദിയും ഏറ്റു വാങ്ങും.

ഓസ്കാര്‍ പോരാട്ടത്തില്‍ ഇക്കൊല്ലം മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഗോണ് വിത്ത്‌
ദി വിന്‍ഡ് ആണ്. മികച്ച നടന്‍ പുരസ്‌കാരം മര്‍ലോണ്‍ ബ്രാണ്ടോ നേടും എന്ന് കരുതപ്പെടുന്നു. മര്‍ലോണ്‍ മണ്രോ ആയിരിക്കും മിക്കവാറും മികച്ച നടി.

സമാധാനത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ സമ്മാനം മഹാത്മാ ഗാന്ധിക്കാണ്. സാഹിത്ത്യത്തിനുള്ള നോബല്‍ സമ്മാനം വ്യാസനും ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ഐസക് ന്യൂട്ടനും നല്‍കുന്നതായിരിക്കും.

Friday, 24 April 2009

പുണ്യത്തിനു ബെസ്റ്റ് പൊന്നു തന്നെ !

സ്വര്‍ണക്കടക്കാരുടെ സ്വന്തം പെരുന്നാളായ അക്ഷയ ത്രിതീയ ഇങ്ങു എത്താറായി. (അതോ, എത്തിയോ?) . ഇനിയങ്ങോട്ട് കൂപ്പണ്‍ വഴിയും, പവന്‍ ആയും സ്വര്‍ണ വില്പന പൊടി പൊടിക്കും. രണ്ടോ മൂന്നോ കൊല്ലമേ ആയുള്ളൂ ഈ പുത്തന്‍ പെരുന്നാളിനെ പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

പണി ചെയ്യാന്‍ മടി പിടിച്ച ഒരു വെള്ളിയാഴ്ച ആയതു കൊണ്ട് ഈ 'പോന്നു' പെരുന്നാളിനെ പറ്റി ഒന്നറിയാം എന്ന് കരുതി. മുപ്പത്തി മുക്കോടി ദൈവങ്ങളുള്ള നാട്ടില്‍, തീക്കും, വെള്ളത്തിനും ദൈവങ്ങള്‍ ഉള്ള നാട്ടില്‍ സ്വര്‍ണത്തിനും ആകാം ഒരു ഉത്സവം. ഒന്നല്ലേലും നമ്മളു തുല്യവകാശ ജനാധിപത്യ രാഷ്ട്രമല്ലേ?.

പക്ഷെ വായിച്ചു തുടങ്ങിയപ്പോഴല്ലേ, സ്വര്‍ണവും ത്രിതീയയും തമ്മില്‍ ഗൂഗിള്‍ ചെയ്താല്‍ പോലും കിട്ടാനില്ല ഒരു ഒറിജിനല്‍ ബന്ധം. മാദ്ധ്യമങ്ങളും, സ്വര്‍ണക്കടക്കാരും കല്പിച്ചു നല്‍കിയ ഡ്യൂപ്ലിക്കേറ്റ്‌ ബന്ധങ്ങള്‍ മാത്രം. ത്രിതീയയെ പറ്റി വിശ്വാസങ്ങള്‍ പലതുണ്ടെങ്കിലും, ക്ഷയിക്കാത്ത (അക്ഷയ) പുണ്യം നേടാന്‍ ഉള്ള ഒരു ദിവസം ആണിതെന്നു പൊതു തത്വം. പുണ്യം നേടാനുള്ള വഴികളും ഉണ്ട്.. അവ താഴെ പറയും പോലെ.

സ്നാനം, ദാനം, തപോ, ഹോമഃ
സ്വാധ്യായഃ പിതൃതര്‍പ്പണം,
യദസ്യാം ക്രിയതേ കിഞ്ചിത്

സംസ്കൃതം ഒന്നും അറിയില്ലെങ്കിലും ഇപ്പറഞ്ഞതില്‍ സ്വര്‍ണം ഷോപ്പിങ്ങ് ഇല്ലെന്നറിയാന്‍ സലിം കുമാര്‍ പറഞ്ഞ പോലെ വെറും "കോമണ്‍ സെന്‍സ്" പോരെ?. ഇതൊന്നും ചെയ്യാന്‍ പറ്റിയില്ലേലും പുണ്യം ചെയ്യാനുള്ള വഴി നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കുക എന്നതായിരുന്നു എന്റെ അറിവ്. ഛെ, വെറും തെറ്റ്. പുണ്യം നേടാന്‍ പണം കൊടുത്തു പോന്നു വാങ്ങുക, ഇനി പോന്നു കിട്ടിയില്ലേല്‍ കൂപ്പണ്‍ എങ്കിലും വാങ്ങുക, പുണ്യം പുറകെ എത്തും.

പുണ്യം നേടാന്‍ ഒരു ദിവസം ഉണ്ടെന്നും, അന്ന് ദാനം ചെയ്‌താല്‍ അത് വരെ കഞ്ചാവ് കൃഷി ചെയ്തതിന്റെ പാപം പോകുമെന്നൊക്കെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഇത്തിരി പുളിക്കും. ഈശ്വരന്‍ മോളില്‍ ഓരോരുതരുടെയം പാപ പുണ്യത്തിന്റെ എക്സല്‍ അപ്ഡേറ്റ് ചെയ്തു ഇരിക്കുകയാണെന്നും എനിക്ക് വിശ്വാസം ഇല്ല. പക്ഷെ, ഇതൊക്കെ വിശ്വസിക്കുന്ന ആളുള്ള നാട്ടില്‍ നമുക്ക് ഈയൊരു സ്വര്‍ണ വില്പനയെ കിട്ടിയൊള്ളൂ പുണ്യത്തിനു?.

ആചാരങ്ങള്‍ കാപട്യങ്ങള്‍ ആകുന്നതിനും, അവ കണ്ണടച്ച് അനുഷ്ടിച്ചു അന്ധ വിശ്വാസം ആകുന്നതിനും ഉത്തമ ഉദാഹരണം ആണ് സ്വര്‍ണ കടക്കാര്‍ക്ക് വില്പന മേള, മാധ്യമങ്ങള്‍ക്ക് പരസ്യ മേള, ജനങ്ങള്‍ക്ക്‌ പുണ്യ മേള എന്നിങ്ങനെ ആചാരപൂര്‍വ്വം നടക്കുന്ന അക്ഷയ ത്രിതീയ.

കൊടുക്കുന്നത് മുക്ക് പണ്ടം അല്ലാത്ത കാലത്തോളം. ഇതൊരു കുഞ്ഞു തട്ടിപ്പ് മാത്രം. അത് കൊണ്ട് ഗവണ്മെന്റ് സ്വര്‍ണ കടക്കാര്‍ക്കെതിരെ വാളെടുക്കേണ്ട കാര്യമൊന്നും ഇല്ല. പക്ഷെ ഇങ്ങനെ ഒരു വിശ്വാസം ഉണ്ടെങ്കില്‍ അതിനെ നമുക്ക് നല്ല രീതിയിലും ഉപയോഗിക്കാമല്ലോ !.

ഓപ്പറേഷന്‍ സിമ്പിള്‍ : നമ്മുടെ ഏഷ്യാനെറ്റിലെ പ്രശസ്ത ജോത്സ്യനെയും മോഹന്‍ ലാലിനെയും ആയുധമാക്കുക. അന്നേ ദിവസം അനാധാലയങ്ങള്‍ക്ക് ദാനം ചെയ്താല്‍ പുണ്യം സ്വര്‍ണത്തിന്റെ പത്തിരട്ടി എന്ന് ജ്യോത്സ്യഭാഷ്യം. ത്രിതീയക്ക്‌ മുന്നേയുള്ള മൂന്ന് മാസം എല്ലാ പരിഹാര ക്രിയകളിലും അക്ഷയ ത്രിതീയക്കുള്ള അനാഥാലയ ദാനം ഒരു ഐറ്റം ആക്കുക. മീഡിയ ജ്യോത്സനെ കോപ്പി അടിക്കുന്ന ലോക്കല്‍ ജ്യോത്സന്മാര്‍ സംഭവം ഏറ്റു പിടിച്ചോളും. പിന്നെ പിന്നെ ത്രിതീയ പരിഹാരം പറഞ്ഞില്ലേല്‍ ജനം ജോത്സ്യനെ വിശ്വസിക്കില്ല എന്ന ഗതി വരും.

ആദ്യത്തെ സംഭാവനയായി 100001 രൂപ ലാലിന്റെ വക. ചെറുപ്പം മുതലിങ്ങോട്ട്‌ തന്‍ നടത്തിയ അക്ഷയ ത്രിതീയ ദാനങ്ങളാണ് തന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആക്കിയതെന്ന്‍ ഒരു പ്രസ്താവനയും. "എന്റെ മനസ പുത്രിക്കും" "രഹസ്യത്തിനും" ഒക്കെ ഇടയില്‍ ഒരു ഒരു മിനിറ്റ് പരസ്യമായി ഇവനെ അങ്ങ് കാച്ചുക. വിശ്വാസത്തിന്റെ വെള്ളിക്കാശുകള്‍ അനാധാലയങ്ങളിലേക്ക് പറന്നു വരും. നല്ല കാര്യത്തിനല്ലേ ഒരല്പം നുണയൊക്കെ പറയാം.

അടുത്ത ത്രിതീയക്ക്‌ മുന്നേ സര്‍ക്കാരിനോ/ ഹൈന്ദവ സംഘടനകള്‍ക്കോ ഈ നല്ല ബുദ്ധി തോന്നിയെങ്കില്‍ !!

Thursday, 23 April 2009

ഓഫീസില്‍ കേട്ടത്

വാചകമടി പണിയുടെ ഭാഗം ആയതു കൊണ്ടോ, അല്ലേല്‍ പണി തന്നെ വാചകമടി ആയതു കൊണ്ടോ ഞങ്ങള്‍ IT ക്കാര്‍ക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് കോണ്‍ഫറന്‍സ് കോള്‍. അമേരിക്കയില്‍ പോയി തുട്ടുണ്ടാക്കുന്ന സഖാവിനെ അവിടെ പോകാന്‍ കൊതിക്കുന്ന കുട്ടി സഖാക്കള്‍ വിളിച്ചു പണിയെപ്പറ്റി സംശയം തീര്‍ക്കുന്നതാണ് പ്രധാന കലാ പരിപാടി എങ്കിലും, കുട്ടി സഖാക്കള്‍ക്ക് നൂതന ആംഗലേയ പ്രയോഗങ്ങള്‍ വീണു കിട്ടുന്നതും ഈ അവസരങ്ങളിലാണ്. നാട്ടില്‍ എടാ , പോടാ എന്ന് വിളിച്ചു നടന്ന ചേട്ടന്മാര്‍ കടല് കടന്നതോടെ mate, dude എന്നൊക്കെ വിളി തുടങ്ങും.

അത്തരം തകര്‍പ്പന്‍ പ്രയോഗങ്ങളില്‍ ഒന്നാണ് ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ "ഷൂട്ട്" (shoot) ചെയൂ എന്ന പറച്ചില്‍. എനിക്കൊരു ചോദ്യമുണ്ട് (I have a Question) എന്നതിന് ചോദിച്ചോളൂ എന്നര്‍ത്ഥം വരുന്ന മറുപടി ഷൂട്ട് എന്നാകുന്നു.

അങ്ങനെ കുട്ടി സഖാക്കള്‍ അറിവിന്‍റെ നിറകുടങ്ങള്‍ ആയിരിക്കുന്ന സമയത്താണ് നമ്മുടെ കണ് കണ്ട ദൈവം, അതായതു കസ്റ്റമര്‍ ഇന്ത്യയിലെ കുട്ടി സഖാക്കള്‍ക്ക് വേണ്ടി ഒരു ക്ലാസ് എടുക്കുന്നത്. അര മണിക്കൂര്‍ നേരത്തെ പ്രഭാഷണത്തിന് ശേഷം പതിവ് ഔപചാരികതയോടെ ചേട്ടന്‍റെ ചോദ്യം. "Any Questions?" (ചോദ്യങ്ങള്‍ എന്തെങ്കിലും?)

ചോദ്യങ്ങള്‍ ഒന്നുമില്ലെങ്കിലും, പഠിച്ചത് പ്രയോഗിക്കാന്‍ കിട്ടിയ അവസരം വെറുതെ കളയാമോ? സഖാവ് no:1 ധീരതയോടെ തിരിച്ചടിച്ചു. "If I have any Questions, I will shoot you" (ചോദ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യും എന്ന്) :)

കസ്റ്റമര്‍ ചേട്ടന്‍, മാക്ട റാലി കണ്ട മമ്മൂട്ടിയെ പോലെ ഞെട്ടി. അകവും പുറവും വിയര്‍ത്ത അമേരിക്കയില്‍ ഇരിക്കുന്ന ചേട്ടന്‍ ഇതൊരു ഭീഷണിയല്ലെന്നും വെറും പ്രയോഗ പിശക് മാത്രമാണ് എന്നും പറഞ്ഞു തടിയൂരി എന്ന് ചരിത്രം.


Sunday, 15 March 2009

അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന്‌?

ആണ്ടി മുക്ക് കവലയിലെ അന്തോനീസ് മാര്‍ജിന്‍ ഫ്രീ ഷോപ്പില്‍ നില്‍ക്കുമ്പോഴാണ് അന്നമ്മ ചേടത്തിക്ക് ശാരദയുടെ sms കിട്ടുന്നത്. "അന്തപ്പന്‍ ചേട്ടന്‍ തെങ്ങേന്നു വീണു" !. കേട്ട പാടെ അന്നമ്മ ചേച്ചി ആണ്ടി മുക്കിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. "ഇതിയാനിന്നു തെങ്ങേല്‍ കേറണ്ട കാര്യമെന്താ" എന്നൊരു ചിന്ത ചേടത്തിയുടെ മനസിലൂടെ പോകാതിരുന്നില്ല.

ആണ്ടി മുക്കിലെ ഒരേ ഒരു തെങ്ങ് കയറ്റക്കാരന്‍ ആയിരുന്നു അന്തപ്പന്‍ ചേട്ടന്‍. നാല് കൊല്ലം മുന്‍പ് ചേട്ടന്റെ ഏക മകന്‍ മത്തായിക്ക് മൈക്രോസോഫ്റ്റില്‍ ജോലി കിട്ടിയതോടെ ആണ് ചേട്ടന്റെ ശുക്രന്‍ ഉദിച്ചത്. ഓഫ്ഷോറില്‍ നിന്നും ഓണ്‍സൈറ്റില്‍ നിന്നും മത്തായി കാശ് അയച്ചു തുടങ്ങിയതോടെ തെങ്ങ് കയറ്റം പൂര്‍ണമായും നിന്നു. അല്‍പ സ്വല്പം വീശുന്ന സ്വഭാവമുള്ള ചേട്ടന്‍ കള്ള് ഷോപ്പില്‍ നിന്നു പുത്തന്‍ ത്രീ സ്റ്റാര്‍ ബാറിലേക്ക് പുരോഗമിച്ചു.

നാല് കൊല്ലം മുന്നേ തെങ്ങ് കയറ്റം നിര്‍ത്തിയ ആ ചേട്ടനാണ് ഇന്ന് തെങ്ങേന്നു വീണിരിക്കുന്നത്. ഗള്‍ഫീന്ന് അവധിക്കു വന്ന മരുമകന്‍ ജോണി കുട്ടി ആണ് വീഴ്ച നേരില്‍ കണ്ടത്. തെങ്ങിന്റെ മണ്ടയിലിരുന്ന അന്തപ്പന്‍ ചേട്ടന്‍ പെട്ടന്ന് കൈ രണ്ടു വിടുന്നത് കണ്ടു ജോണി കുട്ടി ഞെട്ടി. എന്തിനായിരിക്കും മൂപ്പരീ കടും കൈ ചെയ്തത്?. ICU ഇല്‍ ബോധം കേട്ട് കിടക്കുന്ന അന്തപ്പന്‍ ചേട്ടനോട് ചോദിക്കാനും പറ്റില്ല !

ആ അന്വേഷണം എങ്ങുമെത്താതെ വഴി മുട്ടി നില്‍ക്കുമ്പോഴാണ് അന്തപ്പന്‍ ചേട്ടന്റെ ആത്മ മിത്രം രാമന്‍ കുട്ടി ആ രഹസ്യം പുറത്തു വിട്ടത്. അന്ന് രാവിലെ വിളിച്ചപ്പോള്‍ മത്തായി എന്തോ സാമ്പത്തിക മണ്ടരിയോ, മന്ദതയോ കാരണം അവന്റെ പണി പോകാന്‍ സാധ്യത ഉണ്ടെന്നു
അന്നമ്മ ചേടത്തിയോടു പറഞ്ഞിരുന്നത്രെ. അത് മാത്രമോ?. അന്തപ്പന്‍ പതിവില്ലാതെ തന്റെ ഷാപ്പില്‍ വന്നു നാല് കുപ്പി വീശി എന്ന് ഷാപ്പുകാരന്‍ തോമ്മിചെട്ടന്‍ പറഞ്ഞതോടെ കാര്യങ്ങള്‍ 65ലെ തിരഞ്ഞെടുപ്പ് ഫലം പോലെ വ്യക്തമായി. നാട്ടുകാര്‍ ഉറപ്പിച്ചു, ലെവന്‍ തന്നെ കാരണം, സാമ്പത്തിക മാന്ദ്യം !. സാമ്പത്തിക മാന്ദ്യ ആത്മഹത്യാ ശ്രമം mobile/sms ചാര്‍ട്ടില്‍ No:1 !.

സാധാരണക്കാര്‍ കുറെ അടക്കം പറഞ്ഞു നടന്നെന്കിലും സംഭവത്തിന്റെ താത്വിക ഉള്ളറകളിലേക്ക് ആദ്യം വെളിച്ചം വീശിയത് ചായക്കടയില്‍, സോറി ത്രീ സ്റ്റാര്‍ ഹോട്ടലില്‍ 'കട്ടന്‍' വീശിക്കൊണ്ടിരുന്ന താമരാക്ഷന്‍ സഘാവ് തന്നെ. "ആഗോളവത്കരണത്തിന്റെയും, മുതലാളിത്തത്തിന്റെയും, ആണവ കരാറിന്റെയും ഇര തന്നെ അന്തപ്പന്‍. വര്‍ഗതോഴിലാളി ആയി തെങ്ങ് ചെത്തി നടന്ന കാലത്ത് ഒരു കുട്ടി തെങ്ങേന്നു പോലും വീണിട്ടുണ്ടോ അവന്‍?"

മൂന്ന് കോടി ജനങ്ങള്‍ക്കായി വെറും മുപ്പതിനായിരം മാധ്യമങ്ങള്‍ ഉള്ള നാടായത് കൊണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഇരയെത്തേടി ആളെത്താന്‍ താമസിച്ചില്ല. അല്ലേലും കണ്ട മലയും കാടും കയറി ആര്‍ക്കും വേണ്ടാത്ത കര്‍ഷക ആത്മഹത്യ കവര്‍ ചെയ്യുന്നപോലെ ഒന്നും അല്ലല്ലോ ഇത്. വിദേശത്തുള്ള മലയാള ചാനലുകള്‍ക്ക് പോലും വമ്പന്‍ ന്യൂസ്.

അമേരിക്കയിലെ അലാസ്കയിലെയും അലബാമയിലെയും ആത്മഹത്യകളുടെ തുടര്ച്ചയാണീ ആണ്ടി മുക്ക് സംഭവം എന്ന് റബ്ബറിന്റെ മണമുള്ള ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. "അന്തപ്പന്‍ ചേട്ടന്‍ ആത്മഹത്യ ചെയ്ത വഴി" എന്ന പേരില്‍ ഷാപ്പില്‍ നിന്നു തെങ്ങിന്‍ മുകളിലേക്കുള്ള വഴി വരച്ചു കാട്ടാനും അവര്‍ മറന്നില്ല. കേരളത്തിലെ പ്രവാസി കുടുംബങ്ങളില്‍ ഇനി കൂട്ട ആത്മഹത്യകള്‍ പ്രതീക്ഷിക്കാം എന്ന മുന്നറിയിപ്പോടെയാണ് ചാനല്‍ പരിപാടി നിര്‍ത്തിയത്.

വര്‍ഗ തൊഴിലാളികള്‍ മുതലാളിത്തത്തിന് അടിമപെട്ട് പോകുന്നതിന്റെ മാരക വിപത്തുകളെ പറ്റി, വിപ്ലവ പാര്‍ട്ടി ചാനല്‍ പ്രസംഗം തുടങ്ങി. മുതലാളിത്ത വ്യവസ്ഥക്ക് അടിമപെട്ട് പോയ ഒരു ജനത ചെന്നെത്തുന്ന ദുരന്തങ്ങളെ പറ്റി A/C സ്റ്റുഡിയോയില്‍ കനത്ത ചര്‍ച്ച നടന്നു. ഈ ദുരന്തം വരുത്തി വച്ച അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയമോ, മൈക്രോസോഫ്റ്റ് കമ്പനിയുടെ ഒരു ശാഖയോ ഈ നാട്ടില്‍ ഇല്ലാത്തതില്‍ വിപ്ലവ കുട്ടി നേതാക്കള്‍ സങ്കടപെട്ടു. ഇത്തരം അവസരങ്ങളില്‍ കല്ലെറിയാന്‍ എങ്കിലും ഒന്ന് വേണ്ടതായിരുന്നു.

പ്രവാസി കുടുംബ ആത്മഹത്യാ വാദങ്ങള്‍ ചൂട് പിടിക്കവേ ആണ് അന്തപ്പന്‍ ചേട്ടന് ബോധം തിരിച്ചു കിട്ടുന്നത്. കണ്ണ് തുറന്നു നോക്കിയ ചേട്ടന്‍ അന്നമ്മ ചെടത്തിയെക്കാള്‍ മുന്നേ കണ്ടത് ചാനലുകാരെ ആണ്. ചേടത്തിയെ തട്ടി മാറ്റിയിട്ട മ: ന്യൂസിന്റെ മോളികുട്ടിയുടെ വകയായിരുന്നു ആദ്യ ചോദ്യം.

"ഇന്ത്യന്‍ തൊഴിലാളികളെ പടിയിറക്കി വിടുന്ന അമേരിക്കന്‍ ഒബാമ നയത്തിന്റെ ഒരു ഇരയാണോ ചേട്ടന്‍"?

ചോദ്യം മനസിലയില്ലെന്കിലും അന്തപ്പന്‍ ചേട്ടന്‍ ഒരുത്തരം പറഞ്ഞു. ഉത്തരം കേട്ടതോടെ സൂപ്പര്‍ സ്റ്റാറിന്റെ മീശ പിരിയും, മുണ്ട് മടക്കി കുത്തലും തെറിവിളിയും ഇല്ലാത്ത സിനിമ ഓടുന്ന തിയേറ്റര്‍ പോലായി മുറി. ശുദ്ധ ശൂന്യം. അന്നമ്മ ചേടത്തി മാത്രമുണ്ട്.

മത്തായി കുട്ടിയെപറ്റിയും മാന്ദ്യത്തെ പറ്റി ഒന്നും അന്തപ്പന്‍ ചേട്ടന്‍ കേട്ടില്ലായിരുന്നു. ത്രീ സ്റ്റാര്‍ മദ്യം മടുത്തു ഒരു മാറ്റത്തിനായി നാടന്‍ അടിച്ചതാണ് ചേട്ടന്‍. അല്പം കൂടി പോയി. ആ ലഹരി മൂത്ത് പഴയ ഓര്‍മയില്‍ തെങ്ങിന്‍ മോളിലെത്തിയപ്പോഴാണ് ബോധം പോയത്.പെട്ടന്ന് പേടിച്ചു കൈ വിട്ടു.അത്ര തന്നെ.

പ്രബുദ്ധ ആണ്ടി മുക്കിനും കേരളത്തിനും അപ്പോഴേക്കും മങ്ങാട് ലൈനിലെ മാധവി ചേച്ചിയുടെ മരണം കിട്ടിയിരുന്നു..

Monday, 2 March 2009

ബേബി ഫുഡും, കൂവലും, പിന്നെ വാര്യര്‍ സാറും!

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലം. (പ്രീ ഡിഗ്രി എന്തെന്നറിയാത്ത +2 പൈതങ്ങളേ, അത് സ്വാതന്ത്രത്തിന്റെ, തോന്ന്യാസത്തിന്റെ, കൂക്കി വിളിയുടെ, കുസൃതിയുടെ കാലം). പാവങ്ങളായ അധ്യാപകരുടെ ക്ലാസ്സില്‍ പയ്യന്മാരും പയ്യികളും കയറാതെയും, കയറിയവര്‍ കൂക്കുവിളിയും, പശു കരയലും, കടലാസ് അമ്പു എയ്തും കാലം കഴിക്കുന്ന ക്ലാസ്സിലേക്കാണ് പരമ സാത്വികനായ വാരിയര്‍ സാര്‍ കടന്നു വരുന്നത്.

ഓരോ തവണ സാര്‍ ബോര്‍ഡിലേക്ക് തിരിയുമ്പോഴും, പശുവിന്റെ അമറലും, കുറുക്കന്റെ ഓരിയിടലുകളും ക്ലാസ്സില്‍ സുലഭം. പതിനഞ്ച് മിനിറ്റ് നീണ്ട ഈ കലാ പരിപാടികള്‍ക്കൊടുവില്‍ സാര്‍ ചോക്കും പുസ്തകവും താഴെ വച്ച് ഞങ്ങളെ അഭിസംബോധന ചെയ്തു.

"കുട്ടികളെ, ഞങ്ങളുടെ ചെറുപ്പകാലത്ത് അമ്മമാര്‍ മക്കള്‍ക്ക്‌ മുലപ്പാല്‍ കൊടുത്താണ് വളര്‍ത്തുക. ഇന്ന് മുലപ്പാല്‍ കൊടുക്കാന്‍ അമ്മമാര്‍ക്കെവിടെ സമയം?. അപ്പോള്‍ പിന്നെ, ചിലര് പശുവിന്‍ പാല് കൊടുക്കും, പശു ഇല്ലാത്തവര്‍ കടയില്‍ കിട്ടുന്ന പാല്‍പ്പൊടി വാങ്ങി കലക്കി കൊടുക്കും. "

വാര്യര്‍ സാറിന്റെ പെട്ടെന്നുള്ള കുട്ടിയെ വളര്‍ത്തല്‍ സന്ദേശങ്ങള്‍ കേട്ട് ഞങ്ങള്‍ മിഴിച്ചിരിക്കവേ, അദ്ദേഹം തുടര്‍ന്നു. "പാല്‍പ്പൊടി വാങ്ങുമ്പോള്‍ അത് പശുവിന്റെ ആകാം, എരുമയുടെതാകാം, അതുമല്ലെങ്കില്‍ മായം ചേര്‍ക്കാനായി മറ്റു വല്ലതിന്റെതുമാകാം."

"മുലപ്പാല് കുടിച്ച കുഞ്ഞുങ്ങള്‍ക്ക് മനുഷ്യന്റെ സ്വഭാവം വരുമ്പോള്‍, പൊടി പാല് കുടിച്ച കുഞ്ഞുങ്ങള്‍ക്ക് ആ മൃഗത്തിന്റെ സ്വഭാവവും ശബ്ദവും ആണ് കിട്ടുക. ഈ ക്ലാസ്സില്‍ പോടി പാല് കുഞ്ഞുങ്ങള്‍ ആണ് കൂടുതല്‍ എന്ന് തോന്നുന്നു."

പശുവിന്റെ അമറലും, കുറുക്കന്റെ ഓരിയിടലുകളും, ഓരി ഇടുന്നവരെയും പിന്നെ മാഷിന്റെ ക്ലാസ്സില്‍ കണ്ടിട്ടില്ല !!.

Monday, 5 January 2009

കള്ളിയങ്കാട്ടു നീലിയും കോവാലനും

ഇപ്പോള്‍ ബംഗ്ലൂരില്‍ കഞ്ഞി കുടിച്ചു (ശോ തെറ്റി, ഫ്രൈഡ് റൈസ് അടിച്ച് ) ജീവിച്ചു പോകുന്ന കോവാലന്റെ പഴയകാല സാഹസങ്ങളില്‍ ഒന്ന്.

ഈ ബ്ലോഗ് പണ്ടു വായിച്ചിട്ടുള്ള ഒന്നോ രണ്ടോ പേര്ക്ക് കോവാലനെ പരിചയം കാണും. ബാക്കിയുള്ള നൂറു കണക്കിന് അഭ്യുദയകാംക്ഷികള്‍ (എന്റെ ഒരു അത്യാഗ്രഹമേ ! ) ഇവിടെ നോക്കാന്‍ അപേക്ഷ.

പേരിലൊരു വ്യംഗ്യം ഉള്ള പോലെ കോവാലന്‍ ഒരു കോലന്‍ ആയിരുന്നു. കോലന്‍ എന്ന് പറഞ്ഞാല്‍ വെറും കോലന്‍ അല്ല, ഒരു ഒന്നൊന്നര കോലന്‍. ക്ലാസ്സിലെ മിക്ക പെണ്‍ കുട്ടികള്‍ക്കും കൊവാലനെക്കാള്‍ തൂക്കമുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ കൊലതരം ഊഹിക്കാമല്ലോ !. 6 അടി പൊക്കത്തില്‍ ആണ് ഈ ചെറിയ തൂക്കം എന്നറിയുമ്പോള്‍ ചുള്ളിക്കമ്പ് പോലുള്ള കോവാലന്റെ രൂപം ഊഹിക്കാമല്ലോ.

ഊഹിച്ചു കഴിഞ്ഞെകില്‍ ഇനി സംഭ്രമാജനകമായ കഥയിലേക്ക്...

അന്ന് കോവാലന്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു കൊച്ചിയില്‍ ജോലി നോക്കുന്ന കാലം. എഞ്ചിനീയറിംഗ് കാലത്തേ എല്ലാ ശീലങ്ങളും സാമാന്യം ഭേദപ്പെട്ട രീതിയില്‍ തന്നെ കൊവാലനുണ്ടായിരുന്നു. രാവിലെ 9:൦൦ മണിക്കേ എണികൂ. പിന്നെ ശങ്കരപ്പിള്ളയുടെ കടയില്‍ നിന്നു വിശാലമായ പ്രാതലിനു ശേഷം ഓഫീസിലേക്ക്. പെണ്ണും പിടക്കോഴിയും എന്തിന് ഒരു PS3 പോലും വീട്ടില്‍ ഇല്ലാത്തതു കൊണ്ടു ഓഫിസിലെ പണിയും ബ്രൌസിങ്ങും ചാറ്റിങ്ങും ഒക്കെ കഴിഞ്ഞു അര്‍ദ്ധരാത്രിയോടെ വീട്ടിലേക്ക്.

മുരളീധരന്റെ രാഷ്ട്രീയ വീരവാദങ്ങള്‍ പോലെ ദിവസങ്ങള്‍ അങ്ങനെ ബോറായി കടന്നു പോകുമ്പോഴാണ് അവളുടെ വരവ്. കണ്ണില്‍ കണ്ട പൈങ്കിളി നോവലിലെ നായികയല്ല അവള്‍, കുട്ടി ചാത്തന്മാരെയും ചാത്തന്മാരെയും വെല്ലുന്ന, മറുതകള്ക്കും കാളികള്‍ക്കും ഇടയിലെ ഐശ്വര്യ റായി , കള്ളിയങ്കാട്ടു നീലി.

പാതിരാത്രി പടം കണ്ടു വന്ന ജേക്കബ് ആണ് അവളെ ആദ്യം കണ്ടത്. ഐ-ഫോണും ആയി ഹോട്സ്പോടിനു ചുവട്ടിലിരുന്ന നീലി ജേക്കബിനോട് അക്സസ്സ് കോട് ചോദിച്ചത്രേ.അക്സസ്സ് കോഡ് കൊടുക്കാന്‍ ചെന്ന ജേക്കബ് വായില്‍നിന്നു പുറത്തേക്ക് നീളുന്ന അവളുടെ പല്ലുകള്‍ കണ്ടു ഓടി രക്ഷപെട്ടു പോലും.

ഇക്കഥ അറിഞ്ഞതോടെ അമ്മമാര്‍ തങ്ങളുടെ IT തന്കകുടങ്ങളെ 8:00 മണിക്ക് ശേഷം പുറത്തിറങ്ങാന്‍ സമ്മതിക്കാതായി. കൊച്ചിയില്‍ കമ്പനികള്‍ നൈറ്റ് ഡ്രോപ്പ് ടാക്സി ഏര്‍പ്പാട് തുടങ്ങിയത് ഇതിന് ശേഷമാണത്രേ. ഏതായാലും പ്രേതത്തെ പോയിട്ട് ദൈവത്തില്‍ പോലും വിശ്വാസമില്ലാത്ത കോവാലന്‍ ഇതിനൊന്നും ചെവി കൊടുത്തില്ല.

അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. വെള്ളിയാഴ്ച രാത്രി, ഇന്‍റര്‍നെറ്റില്‍ ബ്ലോഗ് എഴുത്തും ബ്രൌസിങ്ങും ഉച്ചസ്ഥായിയില്‍ ആവുന്ന സമയം. കള്ളിയങ്കാട്ടു നീലി ഇന്‍റര്‍നെറ്റിനായി പരവേശം കൊള്ളുന്ന സമയം. പതിവു പോലെ പാതിരാത്രി കോവാലന്‍ പാതിയുറക്കത്തില്‍ നടന്നെത്തി.

ഹോട്സ്പോടിനടുതെത്തിയപ്പോള്‍ മധുരമായ ഒരു ചോദ്യം, "അക്സസ്സ് കോഡ് ഉണ്ടോ?". കോവാലന്‍ തിരിഞു നോക്കി. TV ചാനലിലെ പാട്ടു പാടൂ ഫ്ലാറ്റ് നേടു പരിപാടിയിലെ ചേച്ചിയെപ്പോലൊരു ചേച്ചി. കോവാലന്‍ അക്സസ്സ് നമ്പര്‍ പറഞ്ഞു കൊടുത്തു.

പിന്നെയല്ലേ രസം, ചേച്ചി ഉടനെ മുടിയെല്ലാം അഴിച്ചിട്ടു ദ്രുംഷ്ട്രകള്‍ നീട്ടി ചുവന്ന നാക്കും നീട്ടി ഒരു വരവ്. ഈ ആറടി പൊക്കത്തില്‍ ആകെയുള്ള 60 മില്ലി ചോര കുടിക്കാനും ഒരാളോ?. കോവാലന്‍ ആദ്യം ഒന്നു ഞെട്ടി.

പക്ഷെ കോവാലന്‍ ആരാ മോന്‍ !. അടവ് നമ്പര്‍ 19: കോവാലന്‍ അങ്ങ് ചെരിഞ്ഞു നിന്നു. ചോരകുടിക്കാന്‍ എത്തിയ നീലി ഞെട്ടി, ഞെട്ടിയെന്നു പറഞ്ഞാല്‍ മമ്മൂട്ടിയുടെ ബ്ലോഗിലെ ഹിറ്റും കമന്റും കണ്ടു ബൂലോക ബ്ലോഗ് ശ്രേഷ്ടന്മാര്‍ ഞെട്ടിയ പോലെ ഒരു ഞെട്ടല്‍ !. കോവാലനെ കാണാനില്ല !. മുന്നില്‍ ഒരു നേര്ത്ത വര മാത്രം.

നിന്നനില്‍പ്പില്‍ മായയാകുന്ന ഇന്ദ്രജാലം കണ്ടു പേടിച്ച നീലി കൊച്ചി വിട്ടു ബാംഗളൂരില്‍ കുടിയേറി എന്നും അവിടുത്തെ നൈറ്റ് ഡ്രോപ്പ് ടാക്സിക്കാര്‍ അവര്ക്കു അമ്പലം പണിതു എന്നും ജന സംസാരം.

ഏതായാലും അങ്ങനെ കോവാലന്‍ കള്ളിയങ്കാട്ടു നീലിയെ പറ്റിച്ചു.

Friday, 2 January 2009

ചിന്തേ, നീയെവിടെ?.

ബോറടിച്ചിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരമാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ജനാലക്കുള്ളിലെ 'തീ കുറുക്കനിലൂടെ' ഞാന്‍ നിന്റെ സുന്ദര വദനം കണ്ടു, നിന്നെ പ്രണയിച്ചു.

ആ സുന്ദര വദനത്തിലെ തിലക കുറി ആകാന്‍ മോഹിച്ചു ഞാന്‍ എന്റെ പൊട്ടിയ സ്ലേടുമായി നിന്റെ അടുത്തെത്തി. നീ എന്റെ കുറിപ്പുകളെ കൂട്ടുകാര്‍ക്കു കാട്ടിക്കൊടുത്തു, എനിക്ക് പുതിയ കൂട്ടുകാരെ തന്നു.

ക്രിസ്തുമസ് അവധി ദിനങ്ങളില്‍ നീ എനിക്ക് പ്രിയന്കരിയായ കൂട്ടുകാരിയായി. അവധിയുടെ വിരസതകളില്‍ ഞാന്‍ നിന്നിലൂടെ ഒരു പുതിയ ലോകം കണ്ടു.

പക്ഷെ, ഹാ പുഷ്പമേ, സന്തോഷം ജീവിതത്തില്‍ നൈമിഷികമല്ലോ !. ഇന്നു രാവിലെ നീ " വീണിതല്ലോ കിടക്കുന്നു ബൂലോഗ ധരണിയില്‍ ". നിന്നെ കാണാന്‍ ഓടിയെത്തിയ ഞാന്‍ കണ്ടത് ഈ കിരാത സന്ദെശമത്രെ !

എം കെ പോള്‍ എന്ന കിരാതന്റെ പിടിയിലാണ് നീ എന്ന് ഞാനറിയുന്നു. ആ കരാള ഹസ്തങ്ങളില്‍ നിന്നു രക്ഷപെട്ടു നീ എന്നരികിലേക്ക് ഓടി വരുന്ന ദിനവും കാത്തു ഞാനിരിക്കുന്നു. അതോ, ഇനി കാമുകിയെ വില്ലനില്‍ നിന്നു രക്ഷിക്കാന്‍ ലാലേട്ടനെ പോലെ മുണ്ടും മടക്കി കുത്തി, മീശയും പിരിച്ചു ഞാന്‍ എത്ത്ണോ?
-- പ്രിയ കാമുകന്‍.