Wednesday 29 July 2009

പ്രേക്ഷകനെ മെരുക്കിയ കാട്ടുകുതിരക്ക് വിട !

ഇതൊരു പ്രേക്ഷകന്റെ ഓര്‍മക്കുറിപ്പാണ്‌. രാജന്‍ പി ദേവ് എന്ന നടനെ മാത്രം അറിയുന്ന, ആ വ്യക്തിയെ അറിയാത്ത. ഒരാളുടേത്‌. നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടന്‍ കടന്നു പോകുമ്പോള്‍ ഉള്ള ഓര്‍മ്മകള്‍ .

സിനിമകള്‍ കണ്ടു തുടങ്ങുന്നതിനു മുന്നേയാണ്‌ രാജന്‍ പി ദേവ് എന്ന നടനെക്കുറിച്ച് കേള്‍ക്കുന്നത്. വളയന്ചിറങ്ങരയില്‍ നിന്ന് നാടകം കണ്ടെത്തിയ കൊച്ചച്ചനില്‍ (അച്ഛന്റെ അനിയന്‍) നിന്ന്. അത് പക്ഷെ രാജന്‍ പി ദേവ് എന്ന പേരിലല്ല. നാടകം എസ് എല്‍ പുരത്തിന്റെ കാട്ടു കുതിര. നടന്‍ ?. "കൊച്ചു വാവ". നടനെയും കഥാപാത്രത്തെയും ഒന്നായിക്കാണുന്ന വിധം അന്നാ കഥാപാത്രം അവരുടെ മനസ്സില്‍ പതിഞ്ഞിരുന്നു. ആയിരത്തോളം വേദികള്‍ പിന്നിട്ട ആ യാഗാശ്വം അങ്ങനെ ആയില്ലെന്കിലെ അതിശയമുള്ളൂ.

പിന്നീട് വെള്ളിത്തിരയില്‍ കാര്‍ലോസ്‌ ആയി രണ്ടാം ജന്മം. ക്രൂരനില്‍ നിന്ന് ചതിക്കപ്പെട്ടവനിലെക്കുള്ള ദൂരം അനായാസമായി നടന്നു കയറി നമ്മെ അമ്പരപ്പിച്ച വരവ്. ശരീര ഭാഷയിലൂടെയും, ക്രൂര മുഖ ഭാവങ്ങളിലൂടെയും, സംഭാഷണ രീതിയിലൂടെയും എനിക്ക് പ്രിയപ്പെട്ട വില്ലന്‍.

പിന്നീട് പതിയെ പതിയ തമാശ കലര്‍ന്ന വില്ലന്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റം. തമാശ കലര്‍ന്ന വേഷങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കഴിവ് ശരിക്കും തെളിഞ്ഞു കണ്ടത്. രസകരമായ ഒരു വില്ലന്‍ വേഷം ചെയ്ത ക്രൈം ഫയലിലെ 'മണിമല മാമച്ചന്‍' എനിക്കേറെ ഇഷ്ടപെട്ട വേഷം. (ആ തൃക്കൈ !) കിങ്ങിലെ ഗോവിന്ദ മേനോനെ പോലെ ചെയ്ത ചെറിയ വേഷങ്ങള്‍ പോലും മനസ്സില്‍ കൊള്ളിക്കാനുള്ള കഴിവ്.

കാട്ടുകുതിര എന്ന സിനിമയിലെ കൊച്ചുവാവയാവാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. തിലകന്റെ "അഭിനയം പോര" എന്നൊരഭിപ്രായം ഞാന്‍ ആദ്യമായി കേട്ടത് കൊച്ചച്ചന്‍ കാട്ടു കുതിര കണ്ടപ്പോഴാണ്. പ്രേക്ഷക ഹൃദയത്തില്‍ "കൊച്ചു വാവ" യുടെ സ്ഥാനം അത്ര വലുതായിരുന്നു.

ഒരു നടന്റെ അഭിനയ മികവു മാറ്റുരച്ചു നോക്കുന്നത് മറ്റു നടന്മാരോടുത്തുള്ള അഭിനയ രംഗങ്ങളില്‍ ആണെന്ന് പറയാറുണ്ട്. ജഗതിയോടൊപ്പം CBI ഡയറികുറിപ്പിലും (തിരുമേനി കൌപീനത്തില്‍ മുള്ളിയിട്ടുണ്ടോ?). മോഹന്‍ ലാലിനോടൊപ്പം ചോട്ടാ മുംബൈയിലും (പാമ്പ്) നമ്മള്‍ ആ അഭിനയത്തിന്റെ മാറ്റ് ഉരച്ചു അറിഞ്ഞു.

രാജന്‍ പി ദേവ് എന്ന നടന്റെ നിര്യാണം കൊണ്ടുണ്ടായ നഷ്ടത്തെ പറ്റി പ്രസംഗിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ, ഇനി മലയാള സിനിമകള്‍ കാണുമ്പോള്‍, അദ്ദേഹം അഭിനയിച്ചു രസിപ്പിച്ച വേഷങ്ങള്‍ കാണുമ്പോള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന് പറ്റിയ കഥാപാത്രങ്ങളെ കാണുമ്പോള്‍ ആ നടന്‍ ഉണ്ടായിരുന്നെങ്കില്‍ എന്നെനിക്കു തോന്നും. ഇന്ന് ഒടുവില്‍ എന്ന നടനെക്കുറിച്ച് തോന്നുന്നത് പോലെ. ഒരു പക്ഷെ ഒരു പ്രേക്ഷകന് നല്കാന്‍ കഴിയുന്ന ഏറ്റവും നല്ല സ്മരണാഞ്ജലി അത് തന്നെയല്ലേ?. ഒരു നടന് കിട്ടാവുന്നതും.

Tuesday 28 July 2009

ഗുഡ് ബൈ ലെനിന്‍ !

കഥയെ കാഴ്ചയാക്കലാണ് സിനിമ. തുടക്കം മുതല്ക്കിങ്ങോട്ടു കഥകളുടെ അടിസ്ഥാനം എന്നും മനുഷ്യ വികാരങ്ങളാണ്. അത് സ്നേഹമാകാം, വെറുപ്പാകാം, പ്രതികാരമാവാം, പേടിയാകാം. കഥയുടെ പുതുമയും, അതിന്റെ അവതരണ രീതിയുമാണ് ഒരു കഥയെ മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.

അവതരണവും കഥയുമാണ് ഒരു സിനിമയെ മികച്ചതാക്കുന്നത് എങ്കില്‍, അവയെ മഹത്തരം ആക്കുന്നത് എന്താണ്?. കാലാതീതമായ കഥ എന്നത് ഒരുത്തരം. കഥകള്‍ ഒരു കാലത്തെ വരച്ചു കാട്ടുമ്പോള്‍ എന്ന് മറ്റൊരുത്തരം. ഇത് രണ്ടും ചേര്‍ന്ന ഒരു സിനിമയാണ് ഈ ആഴ്ച കണ്ട "ഗുഡ് ബൈ ലെനിന്‍" എന്ന ചിത്രം.

പണ്ടെഴുതിയ ജര്‍മന്‍ സിനിമകളെ പറ്റി ഉള്ള പോസ്റ്റിലെ കമന്റുകളില്‍ നിന്നാണ് ഈ സിനിമയെ പറ്റി അറിയുന്നത്.

ജര്‍മെനികളുടെ ഏകീകരണത്തിനു മുന്‍പുള്ള ഈസ്റ്റ്‌ ജര്‍മെനിയിലാണ് കഥ നടക്കുന്നത്. വര്‍ഷങ്ങളുടെ കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനു ശേഷം പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്ന ഈസ്റ്റ്‌ ജര്‍മനിയിലെ സാമൂഹിക പ്രവര്‍ത്തകയും പാര്‍ട്ടി മെമ്പറും ആണ് ക്രിസ്റ്റിന.

തന്‍റെ മകന്‍ അലക്സ്‌ നെ പോലീസ് അറസ്റ്റ് ചെയ്യുന്നതു കണ്ടു ബോധമറ്റു വീഴുന്ന ക്രിസ്ടിന പിന്നീട് ഉണരുന്നത് എട്ടു മാസങ്ങള്‍ക്കു ശേഷമാണ്. പക്ഷെ എട്ടു മാസങ്ങള്‍ കൊണ്ട് ക്രിസ്ടിന വിശ്വസിച്ച ജര്‍മ്മനി എതിരാളികളുടെ രീതിയിലേക്ക് മാറിയിരുന്നു.

ഹൃദയം ദുര്‍ബലമായ അമ്മ മാറ്റങ്ങളെ കുറിച്ച് പെട്ടന്നറിഞ്ഞാല്‍ അപകടമാണെന്ന് വിശ്വസിക്കുന്ന അലക്സ്‌ മാറ്റങ്ങളെ അമ്മയില്‍ നിന്ന് മറച്ചു പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് കഥയുടെ ഇതിവൃത്തം. രസകരമായ രീതിയില്‍ തമാശകളുടെ അകമ്പടിയോടെ സംവിധായകന്‍ കഥ പറയുന്നു.

കഥയ്ക്ക് പുറത്തെ കാലത്തിന്റെ കഥ മറ്റൊന്നാണ്‌. ഏകീകരണം ഈസ്റ്റ്‌ ജര്‍മ്മനിയില്‍ വരുത്തുന്ന മാറ്റങ്ങളെ സംവിധായകന്‍ മനോഹരമായി വരച്ചു കാട്ടുന്നു. ആവേശഭരിതരായ പുതു തലമുറയും, മാറുന്ന അഭിരുചികളും, ഏകീകരണത്തിന്‍റെ ചെറിയ പ്രശ്നങ്ങളും ഇതിലുണ്ട്.

ജനാധിപത്യപരമല്ലാത്ത രാജ്യങ്ങളിലെ ജീവിത രീതിയും ആകുലതകളും, ചിട്ടകളും മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം. നല്ല സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കയുള്ള ഒരു ചിത്രം.

സ്വിറ്റ്സര്‍ ലാന്‍ഡ്‌ലെ വഴിയോര കച്ചവടം.

പണ്ട് മൈസൂരില്‍ നിന്ന് ഊട്ടിയിലേക്കുള്ള യാത്രയില്‍ ഇഷ്ടപെട്ട കാര്യങ്ങളിലൊന്ന് വഴി നീളെ ഉള്ള കച്ചവടക്കാരായിരുന്നു. കാരറ്റ് മുതല്‍ തേന്‍ വരെ ഉള്ള വിഭവങ്ങള്‍ സ്വന്തം കൃഷിയിടങ്ങള്‍ക്കു മുന്നില്‍ ഇരുന്നു കച്ചവടം നടത്തുന്ന നാട്ടു കച്ചവടക്കാര്‍ . ഏതാണ്ട് എല്ലായിടത്തും വണ്ടി നിര്‍ത്തുകയും വാങ്ങുകയും വിലപേശുകയും ചെയ്യുന്നത് ഒരു രസമായിരുന്നു.

കഴിഞ്ഞ വര്ഷം സ്വിറ്റ്സര്‍ ലാന്‍ഡ്‌ലൂടെ വണ്ടിയില്‍ പോകുമ്പോള്‍ കാഴ്ചകള്‍ ആസ്വദിച്ചിരിക്കെ ആദ്യം മനസ്സില്‍ ഓര്‍ത്തത് എന്ത് കൊണ്ടോ വഴിയോര കച്ചവടക്കാരെ പറ്റിയാണ്. ഇന്ത്യക്ക് പുറത്തു ഹൈവേകളിലൂടെ യാത്ര ചെയ്യുമ്പോള്‍ മനുഷ്യരെ കാണുക തന്നെ അപൂര്‍വ്വം ആണല്ലോ !. പിന്നെയല്ലേ വഴിയോര കച്ചവടം.

ലുസാന്‍ എന്ന നഗരത്തില്‍ നിന്ന് തിരിച്ചു വരുമ്പോഴാണ്‌ വഴിയരികില്‍ ചോള വയലുകള്‍ക്കരികില്‍ കാര്‍ നിര്‍ത്തി പൂ പറിക്കുന്ന ഒരു കുടുംബത്തെ ശ്രദ്ധിച്ചത്. വലിയ ചോള വയലുകളുടെ എല്ലാം അരികില്‍ ഒരു ചെറിയ പൂന്തോട്ടം ഉണ്ടെന്നതും ശ്രദ്ധയില്‍ പെട്ടിരുന്നു. അപ്പോള്‍ പണ്ട് സ്കൂളീന്ന് വരുമ്പോള്‍ നാട്ടുകാരുടെ മാങ്ങയെല്ലാം ഞങ്ങള്‍ എറിഞ്ഞെടുക്കുന്നത് പോലെ മോഷണം ഇവിടെയും ഉണ്ടല്ലേ, എന്നാണ് ആദ്യം തോന്നിയത്. കാറില്‍ ഒപ്പമുണ്ടായിരുന്ന അമ്മാവനാണ് തിരുത്തിയത്.

വസന്ത കാലത്തു വലിയ വയലുകള്‍ ഉള്ളവരെല്ലാം ഇവിടെ അതിന്റെ കോണില്‍ പൂ ചെടികള്‍ നടുമത്രേ, വഴിയിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് വാങ്ങാനായി. പൂവിന്റെ വില എഴുതിയ ഒരു കാര്‍ഡും പണം ഇടാനുള്ള ഒരു പെട്ടിയും അരികില്‍ വച്ചിരിക്കും. അത്ര തന്നെ. ഒന്നോ രണ്ടോ കിലോമീറ്റര്‍ ചുറ്റളവില്‍ മനുഷ്യരാരും ഉണ്ടാവാറില്ല. യാത്രക്കാര്‍ തങ്ങള്‍ക്കു ആവശ്യമുള്ളത്ര പൂക്കള്‍ പറിക്കുന്നു, വില കണക്കു കൂട്ടി പെട്ടിയില്‍ നിക്ഷേപിച്ചു പോകും. പലപ്പോഴും പൂക്കള്‍ ഇഷ്ടപ്പെട്ടാല്‍ ചോദിച്ചതിലും കൂടുതല്‍ പണം പലരും പെട്ടിയില്‍ ഇടുന്നത് പതിവാണത്രെ.

കര്‍ഷകരുടെ എല്ലാ കച്ചവടങ്ങളും ഏതാണ്ടിങ്ങനെ തന്നെ ആണെന്ന് പിന്നീട് മനസിലായി. പച്ചക്കറികളും അവയുടെ വിലയും ഫാം ഹൌസുകളില്‍ വച്ചിരിക്കും. മിക്കപ്പോഴും അടുത്തെങ്ങും ആരും ഉണ്ടാവാറില്ല. ആളുകള്‍ പച്ചക്കറികള്‍ എടുത്തു വില കണക്കു കൂട്ടി പെട്ടിയില്‍ നിക്ഷേപിച്ചു പോകും. ഉടമസ്ഥര്‍ ദിവസത്തില്‍ ഒരിക്കല്‍ വന്നു കാശെടുത്തു പോകും.

നാട്ടില്‍ പച്ചക്കറി കൃഷി നടത്തി ജീവിച്ചിരുന്ന രാമന്‍ ചേട്ടന്‍ ഈ പരിപാടി തുടങ്ങിയാല്‍ പച്ചക്കറി പോയിട്ട് വച്ച പെട്ടി കാണുമോ പിറ്റേന്ന്?.

Wednesday 22 July 2009

കലാമിനെ തൊട്ടാല്‍ അമേരിക്കയെ തട്ടും. !

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും, ആരാധ്യനുമായ അബ്ദുല്‍ കലാമിനെ ദേഹപരിശോധന നടത്തിയ വിവാദം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു അമേരിക്കന്‍ എയര്‍ലൈന്‍സ്‌ ആണ് പ്രതി എന്നതിനാല്‍ പ്രതിഷേധം അമേരിക്കക്ക് നേരെയും ഉണ്ട്. പ്രതികരണത്തിന്റെ ചൂട് കണ്ടാല്‍ ഒബാമ എയര്‍ലൈന്‍സ്‌ കാരെ നേരിട്ട് വിളിച്ചു കലാമിനെ ദേഹ പരിശോധന നടത്താന്‍ പറഞ്ഞു എന്ന് തോന്നും.

ദേ, മറ്റൊരു അമേരിക്കന്‍ ചാരന്‍ എന്ന് വിളിച്ചു കൂവും മുന്നേ, നമുക്ക് നടന്നതിനെ പറ്റി ഒന്നാലോചിച്ചു നോക്കാം. നടന്നതിനെ കുറിച്ച് വായിക്കും തോറും അദ്ദേഹത്തെ അപമാനിച്ചത് ആര് എന്ന ചോദ്യം ഉയരുന്നു.

ദേഹപരിശോധനയില്‍ നിന്ന് VIP കളെ ഒഴിവാക്കി കൊണ്ടുള്ള ലിസ്റ്റ് തന്നെ ഒന്ന് പരിശോധിക്കൂ, രാഷ്ട്ര പതിയും, പ്രധാന മന്ത്രിയും പോട്ടെ, മറ്റു മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഗാന്ധി കുടുംബം, മുഖ്യ മന്ത്രിമാര്‍ തുടങ്ങി ലിസ്റ്റ് അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു. ജനാധിപത്യ രാജ്യത്തില്‍ ഇത്തരം ഒരു ലിസ്റ്റു തന്നെ വേണോ എന്നത് ആദ്യത്തെ ചോദ്യം. തേര്‍ഡ് ക്ലാസ്സില്‍ ജനങ്ങളോടൊപ്പം യാത്ര ചെയ്തു മാതൃക കാട്ടിയ രാഷ്ട്ര പിതാവിന്റെ നാടല്ലെ ഇത്?.

ഇനി ലിസ്റ്റ് വേണം എന്ന് തന്നെ ആകട്ടെ, അഭിവന്ദ്യരായ കുറച്ചു പേര്‍ക്ക് മാത്രമായി ചുരുക്കേണ്ട ലിസ്റ്റില്‍ എങ്ങനെ ഇരുനൂറു പേര്‍ ഇടം പിടിച്ചു?. ലിസ്റിനെ വലിച്ചു നീട്ടും തോറും വിമാന കമ്പനികളുടെ കണ്ണില്‍ അതിന്റെ മൂല്യം കുറയും എന്നറിയാന്‍ സാമാന്യ ബുദ്ധി പോരെ?.

ഇനി മുന്‍ രാഷ്ട്രപതിയുടെ സുരക്ഷയുടെ കാര്യം പറഞ്ഞാല്‍ , സംഭവ സമയത്തു സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ലേ?. ഉണ്ടായിരുന്നെങ്കില്‍, അവര്‍ എന്ത് കൊണ്ട് ഇത്തരം ഒരു നടപടി ക്രമം ചൂണ്ടിക്കട്ടിയില്ല ?. ഒരു മുന്‍ രാഷ്ട്രപതി എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വരവ് അറിഞ്ഞിരുന്നില്ലേ?. അറിഞ്ഞില്ലെങ്കില്‍ എന്ത് കൊണ്ട്?. അറിഞ്ഞിരുന്നെങ്കില്‍ എന്ത് കൊണ്ട് അവര്‍ എയര്‍ലൈന്‍സ്‌നെ വിലക്കിയില്ല?.

ഇന്ത്യന്‍ ഗവെര്‍മെന്റിന്റെ ഭാഷ്യം അനുസരിച്ച് ഇത്തരം ഒരു നടപടിക്രമം നിലവില്‍ ഉണ്ടെങ്കിലും കോണ്ടിനെന്‍റല്‍ അത് നിയമപരമായി അംഗീകരിച്ചിട്ടില്ല എന്നാണ്. അപ്പോള്‍ സത്യത്തില്‍ ഈ ലിസ്റ്റിനു നിയമ സാധുതയുണ്ടോ?. ഉണ്ടെങ്കില്‍ സംഭവം നടന്നു 3 മാസത്തിനു ശേഷവും അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകത്ത്തെന്തു കൊണ്ട്?. അഥവാ അങ്ങനെ ഒരു നിയമം ഇല്ലെങ്കില്‍ അവര്‍ ചെയ്തതില്‍ എന്താണ് തെറ്റ്?.

ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തേടാതെ ഇത് ഇന്ത്യക്കെതിരെ ഉള്ള ആക്രമണം ആയും, അത് കലാം മുസ്ലിം ആയതു കൊണ്ടാണെന്നും ഒക്കെ വാദിക്കുന്നവര്‍ ജനങ്ങളുടെ കണ്ണില്‍ പോടിയിടുകയല്ലേ?.

അമേരിക്കന്‍ നിയമം അനുസരിച്ചു പ്രത്യേക വിമാനത്തിലോ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കൂടെയോ അല്ലാതെ സഞ്ചരിക്കുന്ന മുന്‍ പ്രേസിടെന്റ്മാരെ സുരക്ഷ പരിശോധനയ്ക്ക്‌ വിധേയമാക്കും. അവര്‍ അത് പാലിച്ചു. താന്‍ നിയമങ്ങള്‍ക്കു അതീതനായ ഒരാളാണെന്ന തോന്നല്‍ ഇല്ലാത്ത കലാം എന്ന വലിയ മനുഷ്യന്‍ അതിനെ ഒരു വലിയ കാര്യമായെടുത്തില്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ നിന്ന് നമുക്കേറെ പഠിക്കാനുണ്ട്.

നിയമപരമായി എയര്‍ലൈന്‍സ്‌ സ്റ്റാഫ്‌ ചെയ്തത് തെറ്റാണെങ്കില്‍, അവരെ ശിക്ഷിക്കണം, അവര്‍ അദ്ദേഹത്തോട് തെറ്റായി പെരുമാറി എങ്കില്‍, അത് തീര്‍ച്ചയായും രാജ്യം വിട്ടു പോകേണ്ട തെറ്റ് തന്നെയാണ്. പക്ഷെ, അമേരിക്കന്‍ വിരോധത്തിന്റെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാതെ എന്ത് കൊണ്ട് ഇത് സംഭവിച്ചു എന്നന്വേഷിക്കാനുള്ള മര്യാദ എങ്കിലും നമുക്ക് കാട്ടാം.

ആത്മാഭിമാനമുള്ള ഒരു രാജ്യം മറ്റുള്ളവരുടെ മാത്രമല്ല, അവരുടെ തെറ്റുകളിലെക്കും കണ്ണ് തുറന്നു വയ്ക്കണം. ചെയ്യുന്നതെന്തും വിവേചനം എന്ന് കരുതുന്നത് അപകര്‍ഷത ബോധത്തിന്റെ മറ്റൊരു പതിപ്പാണ് !.

Tuesday 21 July 2009

അയലത്തു നിന്ന് കഥകള്‍ കൂടി കൊണ്ട് വരൂ.

ക്യാമറ നായകന്റെ ഓരോ സ്റെപ്പിലും വട്ടം ചുറ്റിക്കുക, നായകന്‍ നാല്‍പ്പതു പേരെ ഒറ്റയ്ക്ക് ഇടിച്ചു തോല്‍പ്പിക്കുക തെരുവില്‍ ജീവിക്കുന്ന നായകനും നായികയും ഡാന്‍സ് ചെയ്യാന്‍ വിദേശത്തു പോകുക, പിന്നെ ഏഴ് മുഴം ചേല ചുറ്റി ദിവസം നാല് നേരം അമ്പലത്തില്‍ പോകുന്ന, ആണ്‍ കുട്ടികളുടെ നേരെ നോക്കാന്‍ മടിക്കുന്ന നായിക പാട്ട് പാടുമ്പോള്‍ കുട്ടി പാവാടയിലേക്ക് മാറുക തുടങ്ങിയ മഹത്തായ ആശയങ്ങള്‍ പകര്‍ത്തുന്ന കൂട്ടത്തില്‍ കഥ എന്ന സിനിമയുടെ ആ ചെറിയ ആശയം കൂടി നമുക്ക് പകര്‍ത്തി കൂടെ?.

ഉദാഹരണത്തിന് ഏറെ അകലെ അങ്ങ് അമേരിക്കയിലോ,യുറൊപ്പിലോ ഒന്നും പോകേണ്ട അയല്‍പക്കമായ , പണ്ട് നമ്മള്‍ മസാല സിനിമാക്കാര്‍ എന്നാക്ഷേപിച്ച, ഇപ്പോഴും പാണ്ടികള്‍ എന്നാക്ഷേപിക്കുന്ന തമിഴ്നാട്ടിലേക്കു നോക്കിയാല്‍ മതി. കഴിഞ്ഞ ആഴ്ചയില്‍ കണ്ട രണ്ടു തമിഴ് സിനിമകളാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.

ആദ്യത്തേത്‌ 'പസംഗ' എന്നാ ചിത്രം. ട്രെയിലര്‍ കണ്ടു തെറ്റിദ്ധരിച്ച്‌ ചിത്രം കനതിരുന്നെന്കില്‍ അതൊരു നഷ്ടം ആയേനെ. കുട്ടികളുടെ സ്കൂള്‍ കാല ജീവിതം മനോഹരമായി വരച്ചു കാട്ടുന്ന ചിത്രം.
സ്കൂളിലെ ബാക്ക് ബെഞ്ച്‌ ഗ്യാങ്ങും, അവര്‍ക്കിടയിലെ വീറും വാശിയും ഒക്കെ നന്നായി ചിത്രീകരിച്ച ചിത്രം. എന്നാല്‍ ഇതിനെല്ലാം ഉപരി, മറ്റു ചില സവിശേഷതതകള്‍ ആണ് എന്നെ ആകര്‍ഷിച്ചത്‌. രണ്ടു കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങള്‍. അവര്‍ക്ക് ചുറ്റും നാം കാണുന്ന കഥാപാത്രങ്ങളോ, നാം കണ്ടു മുട്ടാന്‍ സാധ്യതയുള്ള സാധാരണക്കാര്‍. അതി സുന്ദരിയായ നയികയോ, അതിമാനുഷനായ നായകനോ ഇല്ല. ഇത്തരം ഒരു കഥ മലയാളത്തില്‍ ആരെങ്കിലും ഒന്ന് പരീക്ഷിക്കുമോ ആവൊ?.

രണ്ടാമത്തേത് അച്ഛന്റെയും, ഒരു മകളെ വളര്ത്തുന്നതിന്റെയും കഥ പറയുന്ന "അഭിയും ഞാനും". പ്രകാശ രാജ് എന്ന നടന്റെ പ്രതിഭക്ക് അപ്പുറം, ഒരു മകലോടോപ്പോം വളരുന്ന അച്ഛന്റെ കഥ പറയുന്ന ചിത്രം. ലളിതമായ ആഖ്യാന രീതി, സിനിമ കഴിഞ്ഞു ദിവസങ്ങള്‍ക്ക് ശേഷവും, ആ വേലക്കാരന്‍ കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഐറ്റം നമ്പരോ, ക്യാമറ കറക്കലോ ഒന്നുമില്ലാത്ത ഒരു സിമ്പിള്‍ ചിത്രം. ഇതുവരെ അധികമാരും എത്തി നോക്കാത്ത, ഒരു പെണ്‍കുട്ടിയെ വളര്‍ത്തുന്ന അച്ഛന്റെ മനസിലേക്ക് എത്തി നോക്കുന്ന ചിത്രം.

നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകുന്നില്ല എന്ന അഭിപ്രായം ഒന്നും എനിക്കില്ല. ക്ലാസ്സ്‌ മേറ്സും, അറബി കഥയും, തിരക്കഥയും ഒക്കെ നല്ല സിനിമകള്‍ തന്നെ. ഇനിയും മലയാള പ്രേക്ഷകര്‍ക്ക്‌ (ചുരുക്കം പേര്‍ക്ക് ഒഴിച്ച് ) തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത പകല്‍ നക്ഷത്രങ്ങളും, തലപ്പാവും, ഗുല്മൊഹരുമ് ഒക്കെ നല്ല സിനിമകള്‍ ആയിരിക്കാം.

പക്ഷെ സിനിമയെ മുന്നോട്ടു നയിക്കേണ്ട പരീക്ഷണങ്ങള്‍ പലതും, ക്യാമറ വട്ടം കറക്കലും, സ്ലോ മോറേനിലും ഒതുങ്ങുന്നു എന്ന് മാത്രം. അഭിനയത്തില്‍ ആകട്ടെ, സംവിധാനത്തില്‍ ആകട്ടെ, ഒരു സൂപ്പര്‍ സ്റ്റാറിന്റെ പിന്‍ബലം ഇല്ലെങ്കില്‍ എത്ര പുതു മുഖങ്ങള്‍ക്കു അവസരം കിട്ടുന്നു?. ഇത് വരെ പറയാത്ത കഥകളുമായി പരീക്ഷണം നടത്താന്‍ ശ്രമിക്കുന്നവരുണ്ടോ?. ഉണ്ടെങ്കില്‍ അവരെങ്ങനെ സിനിമ എടുക്കും?.

പുറത്തു നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നവര്‍ ആദ്യം പഠിക്കേണ്ടത് പുത്തന്‍ തരെങ്ങളെയും കഥകളുടെയും സമീപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തമിഴിന്റെ പാഠം ആണ്. പ്രക്ഷകനും പഠിക്കാനുണ്ട്, സൂപ്പറുകളുടെ കോമാളി പടങ്ങള്‍ക്ക് പകരം, കഥയും കാമ്പും ഉള്ള പടങ്ങള്‍ക്ക് മാത്രം ടിക്കറ്റ്‌ എടുത്തു കയറാന്‍ !.

Monday 20 July 2009

കണ്ണുകള്‍ മാത്രം കണ്ടു ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍.

ഈ ശനിയാഴ്ച കണ്ടുമുട്ടിയ എന്റെ സുഹൃത്തില്‍ നിന്ന് കേട്ട ഒരു അനുഭവം. കേട്ടപ്പോള്‍ രസകരമായി തോന്നിയത് കൊണ്ട് ഇവിടെ കുറിക്കുന്നു.

ഒരു അന്താരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിന് ശരി-യാ നിയമം കര്‍ശനമായി പാലിക്കുന്ന ഒരു രാജ്യത്തേക്ക് ജോലി മാറ്റം കിട്ടുന്നു. സ്ത്രീകള്‍ കണ്ണ് മാത്രമേ പുരത്ത് കട്ടാവൂ എന്നതാണ് ആ രാജ്യത്തെ ഒരു നിയമം. അതുകൊണ്ട് തന്നെ ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദയാണ് സ്ത്രീകളുടെ വേഷം. മാത്രമല്ല, സ്ത്രീകള്‍ പൊതുവേ ഒറ്റയ്ക്ക് യാത്ര ചെയ്യാറും ഇല്ല. രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചാണ് യാത്ര.

സുഹൃത്തു അവിടെയെത്തി ഏതാനം മാസങ്ങള്‍ക്കു ശേഷം കമ്പനിയില്‍ ഒരു ഒഴിവുണ്ടാകുന്നു. കമ്പനിയുടെ ആ രാജ്യത്തെ പോളിസി പ്രകാരം, ഒരു പെണ്‍കുട്ടിയെ ജോലിക്ക് നിയമിക്കാന്‍ തീരുമാനമാകുന്നു. പതിവ് പ്രോസിസ്സിങ്ങിനു ശേഷം ഇന്റര്‍വ്യൂ ആരംഭിക്കുന്നു.

ഇന്റര്‍വ്യൂ തുടങ്ങിയപ്പോഴാണ് സുഹൃത്തിന് കാര്യങ്ങളുടെ കിടപ്പ് പിടി കിട്ടുന്നത്. വരുന്നവരെല്ലാം പലപ്പോഴും ഒന്നോ രണ്ടോ സുഹൃത്തുക്കളോടോ വീട്ടുകരോടോ ഒപ്പമാണ് വരവ്. അവര്‍ മിക്കപ്പോഴും ഇന്റര്‍വ്യൂ സമയത്തു ഒപ്പം കാണുകയും ചെയ്യും.

ഇന്റര്‍വ്യൂ തുടങ്ങുമ്പോള്‍ സുഹൃത്തിന് മുന്നില്‍ പര്‍ദയിട്ട കണ്ണ് മാത്രം പുറത്തു കാണാവുന്ന മൂനോ നാലോ സ്ത്രീകള്‍ ഉണ്ടാവും. ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത് ജോലിക്ക് അപേക്ഷിച്ച ആള്‍ തന്നെയാണെന്നു എങ്ങനെ അറിയും?. അത് മാത്രമല്ല, ജോലി കൊടുത്താല്‍, ജോലിക്ക് വരുന്നത് ഇന്റര്‍വ്യൂ വിനു വന്ന ആള്‍ തന്നെയാണെന്നു തിരിച്ചരിയുന്നതെങ്ങനെ?. നിയമനങ്ങള്‍ എല്ലാം ഒരു വിശ്വാസത്തിന്റെ ബലത്തില്‍. കണ്ണുകള്‍ മാത്രം കണ്ടു ആളെ തിരിച്ചറിയുന്ന പുതിയ സാങ്കേതിക വിദ്യ വേണം എന്ന് സുഹൃത്തു തമാശയായി പറയുന്നുണ്ടായിരുന്നു.

അനുഭവം എന്ന ലേബലില്‍ പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചിട്ട് ചിന്ത സമ്മതിക്കുന്നില്ല. അത് കൊണ്ട് നര്‍മം അല്ലെങ്കിലും അതില്‍ പോസ്റ്റുന്നു.

Friday 17 July 2009

മുകേഷും ,ഗബ്ബര്‍ സിംഗും പിന്നെ മലയാളിയും.

രണ്ടായിരത്തിലെ അവസാന മാസങ്ങളില്‍ ഒന്നിലാണ് ഞാന്‍ രണ്ടാം വട്ടം കേരളത്തിന്റെ അതിര്‍ത്തി കടക്കുന്നതു. ചെന്നൈയിലേക്കുള്ള ഒരു കുടുംബ സന്ദര്‍ശനം ഒഴിച്ചാല്‍ മറ്റൊരിക്കലും അതിര്‍ത്തി കടന്നിട്ടില്ല അതുവരെ. ലക്‌ഷ്യം മംഗലാപുരം. IT എന്ന മഹാ സാഗരത്തിലേക്ക് ഉള്ള ചാട്ടം തന്നെ കാരണം.

കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന് മറു നാട്ടുകാരോടൊപ്പം താമസിക്കണം എന്നതായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് പഠിക്കാന്‍ വേണ്ടി എടുത്ത ഒരു തീരുമാനം. അങ്ങനെയാണ് സച്ചിനെ പരിചയപ്പെടുന്നത്‌. ഹിന്ദി സിനിമയുടെ കടുത്ത ആരാധകന്‍. വേര് ആരാധകനല്ല, ഒരു ഒന്നൊന്നര താരം. അമിതാബ് ബച്ചന്റെ വളരെ ചുരുക്കം പടങ്ങള്‍ മാത്രം കണ്ടിട്ടുള്ള എന്നോട്, 1957 ലെ ഹിന്ദി ചിത്രങ്ങളെ കുറിച്ചായിരുന്നു ആദ്യ ദിന വിവരണം. ഹിന്ദി സിനിമയുടെ സുവര്‍ണ വര്ഷം ആയിരുന്നത്രെ അത്.

എന്നോട് സംസാരിച്ചു തുടങ്ങിയതോടെ മലയാളികള്‍ക്ക് ഹിന്ദി സിനിമയെ പറ്റി 'നല്ല' വിവരമാണെന്ന് കക്ഷിക്ക് പിടി കിട്ടി. എങ്കിലും ഷോലേ ഒക്കെ കണ്ടിരുന്നത്‌ കൊണ്ടും അമിതാബ് ബച്ചനും നര്‍ഗിസും ഒക്കെ ആരെന്നു അറിയാവുന്നതു കൊണ്ടും അവന്‍ അങ്ങ് ക്ഷമിച്ചു.

രംഗം 1:

ട്രെയിനിങ്ങും , കോടിങ്ങും, ബ്രൌസിങ്ങുമായി കാലം കടന്നു പോയി, ഏയ് അത്രക്കൊന്നുമില്ല ഒരു 2 മാസം. അങ്ങനെയൊരു നാള്‍ വൈകീട്ട് 'cubicle' എന്ന IT സെല്ലില്‍ ഇരിക്കവേ ദേഷ്യം കൊണ്ട് ചുവന്ന മുഖവുമായി അതാ സച്ചിന്‍ വരുന്നു.

സച്ചിന്‍ : "യു മലയാളിസ് ആര്‍ എ ടോട്ടല്‍ വേസ്റ്റ് "

ഞാന്‍ : "ക്യാ ഹുവ സച്ചിന്‍" ?.

സച്ചിന്‍ : ഉസ്നെ ഷോലെ ദേഖാ നഹി അഭി തക്. ദേഖ്ന തോ ചോട്, സുന തക് നഹി.

ഞങ്ങളുടെ ടീമിലെ രെമ്യ എന്ന മലയാളി പെണ്‍കുട്ടിയെ പറ്റിയാണ് 'പ്രശംസ'. അവള്‍ അവനെ ഒന്ന് രണ്ടു തെറി വിളിച്ചെങ്കില്‍ അവനു ഇത്ര ദേഷ്യം വരില്ലായിരുന്നു. സംഭവം ഇങ്ങനെ, വരാന്‍ പോകുന്ന കമ്പനി ഫെസ്റ്റിവല്‍ ചര്‍ച്ചക്കിടയില്‍ സച്ചിന്‍ 'ഗബ്ബര്‍ സിംഗ്' ആയി അഭിനയിക്കാം എന്ന് തീരുമാനിക്കുന്നു.

അടുത്ത് നില്‍ക്കുന്ന രമ്യക്ക് സംശയം, ആരാണീ ഗബ്ബര്‍ സിംഗ് ?. സച്ചിന്‍ ഒന്ന് ഞെട്ടി. ഇനിയിപ്പോ വില്ലന്റെ പേര് മറന്നു പോയതാവാം എന്ന് സമാധാനം. ഷോലേ സിനിമയിലെ ഗബ്ബര്‍ സിംഗ് എന്ന് തിരുത്ത് . ഷോലയോ, അതെന്തു സിനിമ എന്ന് രമ്യ. മലയാളികളുടെ ഹിന്ദി സിനിമ അവബോധത്തില്‍ മനം നൊന്ത സച്ചിനെയാണ് ഞാന്‍ അല്‍പ നേരം മുന്നേ കണ്ടത്.

രംഗം 2:
മാസങ്ങള്‍ ആറെണ്ണം ശടപടെ ശടപടെന്നു കടന്നു പോകുന്നു. സച്ചിന്റെ ബൈക്കില്‍ ഒരു ദിനം ഞങ്ങള്‍ ടൌണിലെ സസ്യാഹാര ഹോട്ടലിലേക്ക്. സച്ചിന്‍ കൂടെയുള്ളപ്പോള്‍ സംഭവിക്കുന്നത്‌ പോലെ സംസാരം ഹിന്ദി സിനിമയിലേക്ക് തിരിയുന്നു. ബോംബയില്‍ നിന്നുള്ള ഒന്ന് രണ്ടു സുഹൃത്തുക്കള്‍ കൂടെ ഉള്ളത് കൊണ്ട് ഞാന്‍ ചര്‍ച്ച അവര്‍ക്ക് വിട്ടു കൊടുത്തു ആഹരത്തിലേക്ക് ശ്രദ്ധ തിരിക്കുന്നു.

ചര്‍ച്ച ഗാനങ്ങളിലേക്ക് തിരിയുന്നു. "റാഫി", "കിഷോര്‍ കുമാര്‍" എന്ന കേട്ടിട്ടുള്ള പേരുകള്‍ കേട്ടത് കൊണ്ട് ഞാന്‍ ഒരു ചെവി അങ്ങോട്ട്‌ തിരിക്കുന്നു. അപ്പോഴതാ വരുന്നു സച്ചിന്റെ കമന്റ്‌ "മുകേഷ് ഭി മസ്ത് ഹൈ ". അതാരപ്പാ ഒരു മുകേഷ്, സംശയം അല്ലെ, അറിയാതെ അതങ്ങ് ചോദിച്ചു പോയി.

ഇലക്ഷന്‍ റിസള്‍ട്ട്‌ കേട്ട കമ്മ്യൂണിസ്റ്റുകാരനെ പോലെ ആയിരുന്നു സച്ചിന്റെ മുഖ ഭാവം. മുകേഷ് ആരെന്നറിയാത്ത ഇന്ത്യക്കരാണോ?. ഈ "മുകേഷ്" ഇത്ര വല്യ പുള്ളിയാണെന്ന് നാലും മൂന്നും ഏഴ് ഹിന്ദി പാട്ട് തികച്ചു കേള്‍ക്കാത്ത എനിക്കറിയാമോ.

സംഗതി എന്തായാലും അന്ന് രാത്രി തിരിച്ചു എന്നെ ബൈക്കില്‍ കൊണ്ട് വരാന്‍ സച്ചിന്‍ വിസമ്മതിച്ചു എന്ന് കേള്‍ക്കുമ്പോഴേ ഊഹിക്കാമല്ലോ ആ വേദനയുടെ ആഴം :)

എന്റെ കോമഡി ബ്ലോഗെഴുത്തു.

ഒരെഴുത്തുകാരന്‍ ആവണം ആവണം എന്നത് മൂന്നാം ക്ലാസ്സ്‌ മുതലേ ഉള്ള ആഗ്രഹം ആണ്. 3Bയില്‍ പഠിക്കുന്ന കാലത്തു ബാലഭൂമിയിലേക്ക് കവിത അയച്ചാണ് കാര്യങ്ങളുടെ തുടക്കം. അച്ചടിക്കാത്ത , തിരിച്ചു വരാത്ത കഥകളും കവിതകളുമായി കാലം അങ്ങനെ ഒരുപാട് കടന്നു പോയി.

മീശ മുളച്ച കാലം മുതലേ എഴുത്തു മനോരമയിലെക്കും, മംഗളത്തിലെക്കും പിന്നെ നെരൂദയുടെ കോപ്പി അടിച്ചു മാറ്റി സ്വന്തം പേരെഴുതിയ കവിതകള്‍ മാതൃഭൂമിയിലേക്കും. കവറുകള്‍ ഒന്ന് രണ്ടെണ്ണം തിരിച്ചു വന്നു എന്നല്ലാതെ മറ്റു വിശേഷങ്ങള്‍ ഒന്നും ഉണ്ടായില്ല.

എന്നാല്പിന്നെ കേരളം അറിയുന്ന നോവലിസ്റ്റ്‌ ആയേക്കാം എന്ന് വച്ചു. നോവല്‍ എഴുത്തു തുടങ്ങിയതല്ലാതെ തീര്‍ന്നുമില്ല, സ്വന്തം അനിയന്‍ പോലും വായിച്ചു നോക്കിയതുമില്ല.

അങ്ങനെ ആശങ്ക മൂത്ത് ഇരിക്കുന്ന നാളിലാണ്‌ എന്റെ ബ്രൌസെരില്‍ ചിന്ത പ്രത്യക്ഷപ്പെടുന്നത്. ബ്ലോഗെങ്കില്‍ ബ്ലോഗ്‌, നാലാള് വായിച്ചു കയ്യടിച്ചാല്‍ പോരെ?. എന്തെഴുതും? കഥയും, കവിതയും, ഫോട്ടോയും ഒക്കെ നിറഞ്ഞ ബ്ലോഗുകള്‍ ഒത്തിരി. അപ്പോള്‍ പിന്നെ ഒരു ചേഞ്ച്‌ വേണ്ടേ.

കോമഡി തന്നെ മെയിന്‍ ആയുധം. നാട്ടിലെ പത്രവാര്‍ത്ത എടുത്തു നോക്കി അതിനെ അങ്ങ് തമാശയിട്ടു തകര്‍ക്കാം. തമാശഎഴുതാന്‍ പണ്ടേ നല്ല കഴിവയത് കൊണ്ട് മെയിലായും ഫോര്‍വേഡ് ആയും അത് നാട്ടില്‍ വിലസും. അതോടെ ആരാധകരുടെ ബഹളമാവും ബ്ലോഗ്ഗില്‍. ആരാധകര്‍ വന്നു തുടങ്ങുന്നതോടെ നമ്മുടെ അടുത്ത നമ്പര്‍, പമ്മന്‍ മുതല്‍ സാഗര്‍ കോട്ടപ്പുറം വരെ പ്രയോഗിച്ചു തകര്‍ത്ത ഇക്കിളി ഭാഷ. അതോടെയതാ തേങ്ങ അടിക്കാനും, വാനോളം പുകഴ്ത്താനും ജനം ഇരമ്പുന്നു. കുറച്ചു നിമ്നോന്നത പ്രയോഗങ്ങളും, ജാരന്‍ നമ്പറും കൂടെ കൂട്ടിയാല്‍ എന്റെ ബ്ലോഗ്‌ സൂപ്പര്‍ ഹിറ്റ്‌.

ഇക്കിളി മടുത്തു തുടങ്ങിയാല്‍?. ജനത്തിന് വേണ്ടത് എന്താണെന്ന് പണ്ട് രെന്ജി പണിക്കര്‍ കാണിച്ചു തന്നിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തിലെ നിരാശ മാറ്റാന്‍ നാട്ടുകാര്‍ക്കിട്ട് തെറിവിളി. അത് രാഷ്ട്രീയമോ,സിനിമക്കാരോ ഒക്കെയാവാം. നടികള്‍ ആണേല്‍ ബെസ്റ്റ് !. തനിക്കു വിളിക്കാന്‍ പറ്റാത്ത തെറി മറ്റൊരുത്തന്‍ വിളിക്കുന്ന കേള്‍ക്കാനുള്ള പൂതിയുമായി ജനം എന്റെ ബ്ലോഗിലേക്ക് ഓടിയെത്തും.

ഇതിനിടക്ക്‌ കുറച്ചു ജനം ഈ സ്ഥിരം നമ്പര്‍ എതിര്‍ക്കും. എന്റെ ബ്ലോഗില്‍ ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും എന്ന വമ്പന്‍ ഡയലോഗ് എടുത്തു വീശി ഞാന്‍ അവന്മാരുടെ വായടക്കും. പോരെങ്കില്‍ എന്തിനും പോന്ന 'തേങ്ങയടി' പട്ടാളം ഉണ്ടാവുമല്ലോ എന്റെ കൂടെ. അവന്മാര് ഒതുക്കിക്കോളും അവരെ.

അങ്ങനെ ഇക്കിളി സ്റ്റോക്കും തെറി വിളി സ്റ്റോക്കും തീര്‍ന്നാല്‍?. . ഹഹ , അങ്ങനെയങ്ങ് തോല്‍ക്കുമോ ഞാന്‍?. ബൂലോകം എന്ന ലോകത്തും കുറച്ചു ജനമുണ്ടല്ലോ. സ്വന്തം കഥയും, കവിതയും, പടമെടുപ്പും സ്വന്തം ബ്ലോഗില്‍ ഇട്ടു ജീവിക്കുന്നവര്‍. അവന്മാരുടെ ബ്ലോഗില്‍ ജനം ഒത്തിരി വരുന്നതും പെണ്‍ പിള്ളേര് കംമെന്റിടുന്നതും ഇഷ്ടപ്പെടാത്ത ജനം ഒരുപാടുണ്ട് മോനെ ഈ ബൂലോകത്തില്‍.

അവന്മാര്‍ക്കിട്ടു തെറിവിളിച്ചാല്‍ എന്റെ ആരാധകര്‍ക്ക് അതങ്ങ് ഇഷ്ടപ്പെടും. വിമര്‍ശനാത്മക സാഹിത്യം ആണെന്ന് വരെ അവര് പറഞ്ഞു കളയും. അവര് കഥ എഴുതിയാലും, ഫോട്ടോ ഇട്ടാലും, കൂട്ട് കൂടിയാലും, അവന്മാരെ ഞാന്‍ ചീത്ത വിളിച്ചു ഒതുക്കും. അതിഷ്ടപ്പെടുന്ന ആരാധകര്‍ എന്നെ തേങ്ങ കൊണ്ട് മൂടും !.

അപ്പൊ സ്വന്തം ബ്ലോഗില്‍ അവനവനു ഇഷ്ടപ്പെടുന്നത് ചെയ്യാമെന്ന് അണ്ണന്‍ നേരത്തെ പറഞ്ഞതോ?. അവര്‍ക്ക് അറിയാവുന്നതു അവര് ചെയുന്നു എന്നല്ലേ ഉള്ളൂ ?. ഇതൊക്കെ ആരാധകന്മാര്‍ക്ക് മനസിലായാല്‍?.

ഹി ഹി ഹി. സാഗര്‍ കോട്ടപ്പുരത്തിന്റെ ദിവ്യ വചനം നീ ഓര്‍ക്കുന്നില്ലേ?. "ആരാധകന്മാര്‍ വെറും പുണ്ണാക്കന്മാര്‍". ഇക്കിളിയും , ചീത്ത വിളിയും, പിന്നെ കോമഡിയും സമാസമം ചെറുത്തു ഞാന്‍ ഉണ്ടാക്കുന്ന പോസ്റ്റ്‌ വായിച്ചു പുളകിതരായി ജയ് വിളിക്കുന്നവര്‍ക്ക് ഇത് വല്ലോം മനസിലാവുമോ?. അവര്‍ വീണ്ടും ജയ് വിളിക്കും, തേങ്ങ അടിക്കും.