എല്ലാവര്ക്കും എന്തെങ്കിലും ഒരു അഭിപ്രായം ഉള്ള വേദിയാണ് രാഷ്ട്രീയവും മതവും എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നെ ഞാനും നടത്തിക്കളയാം കുറച്ചു രാഷ്ട്രീയ പ്രവചനങ്ങള്‍. പതിവിലും നേരത്തെ എണീറ്റ ഒരു ഞായറാഴ്ച രാവിലെയുടെ അധ്വാനം ആണ് ഈ പോസ്റ്റായി നിങ്ങളുടെ മുന്നിലെത്തുന്നത്.
പൊട്ടന്‍ മാവിലെറിയുന്ന പോലെ വേണോ അതോ ഒരല്പം വിശകലനം നടത്തി വേണോ എന്നായിരുന്നു പിന്നത്തെ ശങ്ക. വിശകലനത്തിന്‍റെ വഴി തന്നെ നോക്കാം എന്ന് തീരുമാനിച്ചു. പ്രധാനമായും കണക്കിലെടുത്ത കാര്യങ്ങള്‍ നാല്.
1. മണ്ഡലത്തിന്‍റെ ചരിത്രപരമായ കൂറ്. (1991 - 2004)
2. പുനര്‍നിര്‍ണയം മൂലം വരാവുന്ന മാറ്റങ്ങള്‍.
3. മത്സരിക്കുന്നവരുടെ സ്വാധീനം.
4. ഭരണത്തിനെതിരെയുള്ള ജന വികാരം.
ഇത് നാലും വിലയിരുത്താനുള്ള വൈദഗ്ധ്യം എനിക്കുണ്ടെന്ന് ഞാന്‍ പറയില്ല. കിട്ടിയ അറിവുകള്‍ വച്ചുള്ള ഒരു ശ്രമം മാത്രം.
അപ്പോള്‍, ഇതാ വരുന്നു എന്‍റെ 'മഹത്തായ' കണ്ടെത്തലുകള്‍..
കാസര്‍കോട് : ചരിത്രപരമായി ഇടതിന് മുന്‍തൂക്കമുള്ള മണ്ഡലം. കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം. കോണ്‍ഗ്രസില്‍, കിട്ടിയ സ്ഥാനാര്‍ഥി വേണ്ടെന്നു പറഞ്ഞ മണ്ഡലം. കിട്ടിയ സ്ഥാനാര്‍ഥിയെ DCC വേണ്ടെന്നു പറഞ്ഞ മണ്ഡലം. മുന്‍തൂക്കം ഇടതിന് തന്നെ.
എന്‍റെ പ്രവചനം : പി കരുണാകരന്‍. (LDF)
കണ്ണൂര്‍ : പഴയ കണ്ണൂരല്ല ഇപ്പ്രാവശ്യം. കോണ്‍ഗ്രസ് കുത്തക തകര്‍ത്ത അബ്ദുള്ള കുട്ടി ഇപ്പോള്‍ കോണ്‍ഗ്രസില്‍. കെ സുധാകരന്‍ കരുത്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ചെറുപ്പത്തിന്‍റെ ചൂരും ചൂടുമായി CPM. പെട്ടന്ന് നോക്കിയാല്‍ കോണ്‍ഗ്രസ് ജയിക്കും എന്ന് തോന്നാം. പക്ഷെ മണ്ഡല പുനര്‍ നിര്‍ണയത്തില്‍ കോണ്‍ഗ്രസ് അനുകൂലമായ വയനാട് വിട്ടു പോയതും, ഇടതുപക്ഷ മണ്ഡലങ്ങള്‍ കൂട്ടിചേര്‍ത്തതും കണക്കിലെടുക്കുമ്പോള്‍ മത്സരം സമാ സമം.
എന്‍റെ പ്രവചനം : കെ കെ രാഗേഷ് (LDF)
വയനാട് : ഇത് കന്നി അങ്കം. പണ്ട് കണ്ണൂരില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചിരുന്ന കോട്ടകള്‍ പലതും ചേര്‍ന്ന മണ്ഡലം. ജനതാദള്‍ സ്വീകരിക്കാന്‍ മടിച്ച മണ്ഡലം. തെറ്റിപ്പിരിഞ്ഞ വീരന് സ്വാധീനം ഉള്ള മണ്ഡലം. വൈകിയെത്തുന്ന CPI ക്ക് ഷാനവാസിനെ തോല്‍പ്പിക്കാന്‍ ആവുമോ?
എന്‍റെ പ്രവചനം : എം ഐ ഷാനവാസ് (UDF)
വടകര : കഴിഞ്ഞ അഞ്ചു തിരഞ്ഞെടുപ്പിലും ഇടതിനൊപ്പം നിന്ന കോട്ട. കാര്യമായ മാറ്റങ്ങള്‍ ഒന്നും വരാത്ത മണ്ഡലം. കോണ്‍ഗ്രസിന് ആകട്ടെ, ഇത് വരെ സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല.
എന്‍റെ പ്രവചനം : സതി ദേവി (LDF)
മലപ്പുറം : മഞ്ചേരിക്ക് പകരം എത്തുന്ന മണ്ഡലം. ലീഗിന്‍റെ പഴയ ഉരുക്ക് കോട്ട. 2004 ലെ ഇടതു തരംഗം വന്നപ്പോള്‍ മഞ്ചേരി ഒന്ന് കുലുങ്ങിയെങ്കിലും ഇത്തവണ ഇടതു ജയിക്കാന്‍ സാധ്യത കുറവ് തന്നെ.
എന്‍റെ പ്രവചനം : ഇ അഹമ്മദ് (UDF)
പൊന്നാനി : ലീഗിന്‍റെ ഉരുക്ക് കോട്ട. കഴിഞ്ഞ തവണ കേരളത്തില്‍ നിന്ന് UDF നേടിയ ഏക സീറ്റ്. ഇത്തവണ കേരളം ഉറ്റു നോക്കുന്ന മണ്ഡലം. PDP യുടെ രാഷ്ട്രീയ ഭാവി ഉദിക്കാനും അസ്തമിക്കാനും പൊന്നാനി കാരണം ആയേക്കാം. കോട്ട തകര്‍ക്കാന്‍ PDPക്ക് ആവുമോ?
എന്‍റെ പ്രവചനം : ഇ ടി മുഹമ്മദ് ബഷീര്‍ (UDF)
കോഴിക്കോട് : പുനര്‍ നിര്‍ണയത്തിന് ശേഷം CPMനു പ്രബലതയുള്ള മണ്ഡലം. സ്വന്തം സ്ഥാനാര്‍ഥി അങ്കത്തിനു എത്തുന്നതിന്‍റെ ആവേശവും തുണ. പക്ഷെ 91 മുതല്‍ക്കിങ്ങോട്ടു സംസ്ഥാന ഭരണത്തിന് എതിരെയേ വോട്ടു ചെയ്തിട്ടുള്ളൂ കോഴിക്കോട്ടുകാര്‍. ആരുടേയും കുത്തക അല്ലാത്ത മണ്ഡലം. പൊരിഞ്ഞ പോരാട്ടം പ്രതീക്ഷിക്കാം. വീരന്‍റെ പിണക്കം നിര്‍ണായകം ആകുമോ? സ്വന്തം സ്ഥാനാര്‍ഥി CPMന് ചെറിയൊരു പ്രതീക്ഷ നല്‍കുന്നു.
എന്‍റെ പ്രവചനം : മുഹമ്മദ് റിയാസ് (LDF)
ആലത്തൂര്‍ : ഒറ്റപ്പാലത്തിനു പകരം വന്ന മണ്ഡലം. 96 മുതല്‍ ഇടതു കോട്ടകളായ പാലക്കാടില്‍നിന്നും ഒറ്റപ്പാലത്തില്‍ നിന്നും വരുന്ന മണ്ഡലങ്ങള്‍. SFIയുടെ യുവ നേതാവാണ് സ്ഥാനാര്‍ഥി. വാശിയേറിയ മത്സരം ഉണ്ടെങ്കിലും LDFനു മേല്‍ക്കൈ തോന്നിപ്പിക്കുന്ന ചേരുവകള്‍.
എന്‍റെ പ്രവചനം : പി കെ ബിജു (LDF)
പാലക്കാട് : തുടര്‍ച്ചയായ അഞ്ചാം വിജയത്തിന് LDF യുവ തുര്‍ക്കിയുമായി എത്തുമ്പോള്‍, UDF കാറ്റു മാറി വീശാന്‍ കാത്തിരിക്കുന്നു. ഇടതു വിമതരുടെ സ്വാധീനം ഏറ്റവും പ്രകടമാകാന്‍ പോകുന്ന ഷോര്‍ണൂര്‍ ഈ മണ്ഡലത്തില്‍. വിമതര്‍ക്ക് നിര്‍ണായകമാകും ഈ തിരഞ്ഞെടുപ്പ്. അത് കൊണ്ട് പ്രവചനം ദുഷ്കരം.
എന്‍റെ പ്രവചനം : എം ബി രാജേഷ് (LDF)
തൃശൂര്‍ : മാറിയും മറിഞ്ഞും വരുന്ന ജന വിധികളുടെ നാട്. ആരുടേയും കുത്തകയല്ലാത്ത മണ്ഡലം. 91ല്‍ ഇവിടെന്നു ജയിച്ച പി സി ചാക്കോയെ തോല്‍പ്പിക്കാന്‍ വല്യേട്ടനെ പിണക്കിയ CPI ക്ക് ആവുമോ? പിണങ്ങിയ സഭകളെ അനുനയിപ്പിക്കാന്‍ ചാക്കോക്ക് കഴിയുമോ? UDFനു നേരിയ മുന്‍തൂക്കം എന്ന് എന്‍റെ പക്ഷം.
എന്‍റെ പ്രവചനം : പി സി ചാക്കോ (UDF)
ചാലക്കുടി : മുകുന്ദപുരത്തിന് പകരം എത്തുന്ന മണ്ഡലം. അത് കൊണ്ട് തന്നെ 91നു ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പിലോഴികെ മറ്റെല്ലാ തവണയും കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയ ആ ചായ്‌വ് കുറച്ചു കാണിക്കാതിരിക്കില്ല.
എന്‍റെ പ്രവചനം : ധനപാലന്‍ (UDF)
എറണാകുളം : സെബാസ്റ്റ്യന്‍ പോള്‍ ചെങ്കൊടി പുതപ്പിച്ച കോണ്‍ഗ്രസിന്‍റെ കോട്ട. അദ്ദേഹത്തിനെ മാറ്റി പാര്‍ട്ടി പഴയ മഹാരാജാസ് ചെയര്‍മാനെ ഇറക്കുന്ന തട്ടകം. ഹൈബി ഈടെനു മുകളിലൂടെ കെ വി തോമസിനെ ഇറക്കി കോണ്‍ഗ്രസ്സും നടത്തി വിപ്ലവം. തന്‍റെ വ്യക്തി ബന്ധങ്ങളും വനിതാ വോട്ടും സിന്ദു ജോയിയെ സഹായിക്കുമോ? അതോ കെ വി തോമസ് വീണ്ടും ഡല്‍ഹിക്ക് വണ്ടി കയറുമോ? ചരിത്രം കോണ്‍ഗ്രെസ്സിനോപ്പം.
എന്‍റെ പ്രവചനം : കെ വി തോമസ് (UDF)
കോട്ടയം : താടി വച്ച , ചിരിച്ച മുഖമുള്ള ഒരു ചെറുപ്പക്കാരന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തെറ്റിച്ചു ജയിക്കുന്ന മണ്ഡലം. കേരള കോണ്‍ഗ്രസിന്‍റെ കളി തൊട്ടിലില്‍ വീണ്ടും ചെങ്കൊടി പാറുമോ ? പുനര്‍ നിര്‍ണയത്തില്‍ കോട്ടയതിനോപ്പം എത്തുന്നത് കൊച്ചു മാണിയുടെ പാലയും പിന്നെ ടി എം ജേക്കബിന്‍റെ പിറവവും. രണ്ടു കേരള കോണ്‍ഗ്രസ് കോട്ടകള്‍. സുരേഷ് കുറുപ്പിനെ മാണിയുടെ മകന്‍ വീഴ്തുമോ? അസംബ്ലി വോട്ടു മാണിക്കും ലോക സഭ വോട്ടു സുരേഷ് കുറുപ്പിനും എന്ന നില മാറുമോ? പി സി തോമസ് അണിയറയില്‍ നിന്ന് അരങ്ങത്തേക്ക് എത്തുമോ? പ്രവചനങ്ങള്‍ പിഴയ്ക്കാന്‍ സാധ്യതയുള്ള മണ്ഡലം.
എന്‍റെ പ്രവചനം : സുരേഷ് കുറുപ്പ് (LDF)
ഇടുക്കി : ചെങ്കൊടി പാറിക്കളിക്കുന്ന പഴയ കോണ്‍ഗ്രസ് കോട്ട. അത് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ചു ഇറക്കിയിരിക്കുന്നത് പി ടി തോമസിനെ. പോരാട്ടം പൊടിപൂരം ആകും. കൈവിട്ടു പോയ കോട്ട ഇക്കുറി കോണ്‍ഗ്രസ് പിടിക്കാന്‍ സാധ്യത ഉണ്ട്.
എന്‍റെ പ്രവചനം : പി ടി തോമസ് (UDF)
ആലപ്പുഴ : നേരിയ വോട്ടുകള്‍ക്കു കോണ്‍ഗ്രസിന് നഷ്ടപെട്ട മണ്ഡലം. സുധീരന്‍ സ്ഥാനാര്‍ഥി ആയിരുന്നെകില്‍ കോണ്‍ഗ്രസിന് ഉറച്ച സീറ്റ്. കോണ്‍ഗ്രസില്‍ പലരും നോട്ടമിട്ട ആ സീറ്റ് കിട്ടിയത് വേണുഗോപാലിന്. എന്നും ഭരണത്തിനെതിരായ നിക്ഷ്പക്ഷ വോട്ടുകള്‍ മണ്ഡലം കോണ്‍ഗ്രസ് അനുകൂലമാക്കാന്‍ സാധ്യത.
എന്‍റെ പ്രവചനം : കെ സി വേണുഗോപാല്‍ (UDF)
മാവേലിക്കര : ആലപ്പുഴ പോലെ ചെറിയ വോട്ടുകള്‍ക്കു നഷ്ടപെട്ട കോണ്‍ഗ്രസ് മണ്ഡലം. ഇടതു പക്ഷം ഭരിക്കുമ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത് പിടിക്കാന്‍ കൊടിക്കുന്നിലിനു കഴിയേണ്ടതാണ്.
എന്‍റെ പ്രവചനം : കൊടിക്കുന്നില്‍ സുരേഷ് (UDF)
പത്തനംതിട്ട : അടൂരിന് പകരം വരുന്ന മണ്ഡലം. മാറിയും മറിഞ്ഞും വന്നിരുന്ന അടൂരിന്‍റെ മനസാകുമോ പത്തനംതിട്ടക്കും? പുത്തന്‍ മണ്ഡലത്തില്‍ മത്സരം പൊടി പൊടിക്കും. ഇരു വശത്തേക്കും ചായാവുന്ന മണ്ഡലം. എന്നും ഭരണത്തിനെതിരായ നിക്ഷ്പക്ഷ വോട്ടുകള്‍ മണ്ഡലം കോണ്‍ഗ്രസ് അനുകൂലമാക്കാന്‍ സാധ്യത.
എന്‍റെ പ്രവചനം : ആന്‍റോ ആന്‍റണി (UDF)
കൊല്ലം : കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന കോട്ട. പി രാജേന്ദ്രന്‍ മണ്ഡലത്തില്‍ പരിചിതന്‍. മണ്ഡലം നില നിര്‍ത്താന്‍ ഇടതിന് കഴിയേണ്ടതാണ്.
എന്‍റെ പ്രവചനം : പി രാജേന്ദ്രന്‍ (LDF)
ആറ്റിങ്ങല്‍ : ചിറയിന്‍ കീഴിനു പകരക്കാരന്‍. നേമം മണ്ഡലത്തിലെ കുറച്ചു വാര്‍ഡുകള്‍ ഇങ്ങോട്ട് മാറ്റി എങ്കിലും, എന്നെന്നും ഇടതിനോടൊപ്പം നിന്ന ഈ കോട്ട തകര്‍ക്കാന്‍ വലതിനാകുമോ? പോരാട്ടം പൊടി പാറും. നേരിയ മുന്‍തൂക്കം സമ്പത്തിനു തന്നെ.
എന്‍റെ പ്രവചനം : എ സമ്പത്ത് (LDF)
തിരുവനന്തപുരം : രാജ്യം ഉറ്റു നോക്കുന്ന പോരാട്ടം. നൂലില്‍ കേട്ടിയിറക്കിയ സ്ഥാനാര്‍ഥിക്കെതിരെ വിമത ഭീഷണികള്‍ ധാരാളം. BJP പിടിക്കുന്ന വോട്ടുകളും നിര്‍ണായകം. പക്ഷെ കഴിഞ്ഞ അഞ്ചു പ്രാവശ്യവും ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വോട്ടു ചെയ്ത ആ പാരമ്പര്യം തെറ്റുമോ? ശശി തരൂരിന്‍റെ വ്യക്തിത്വം ഒരു വലിയ നേട്ടം ആവുമോ? കാത്തിരുന്ന് കാണുക തന്നെ വേണം.
എന്‍റെ പ്രവചനം : ശശി തരൂര്‍ (UDF)
ഇത് എന്‍റെ നിഗമനങ്ങള്‍ . നിങ്ങള്‍ക്കെന്തു തോന്നുന്നു?
good one.പക്ഷേ,തരൂരിന്റെ കാര്യത്തിൽ എനിക്കെതിരഭിപ്രായമുണ്ട്
ReplyDeleteപ്രവചനന്‍ ശരിയാവാന്‍ തന്നെ സാധ്യത.
ReplyDeleteഓ.ടോ:
തിരു-കൊച്ചിയും മലബാറും വീണ്ടും രണ്ടു സംസ്ഥാനങ്ങളായി വിഭജിക്കുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? മലബാറിന്റെ പിന്നോക്കാവസ്ഥയ്ക്ക് മറ്റെന്തെങ്കിലും പരിഹാരമുണ്ടെന്ന് തോന്നുന്നുവോ?
9/11 പൊതുവായ ഒരു അനുമാനമാണ്. തരൂരിന്റെ കാര്യം കണ്ടറിയണം. ബാക്കി ഓകെ
ReplyDeleteKannur and Kozhikode, i think they both can choose UDF this time.....
ReplyDeletePinne Palakkad... 50 : 50 chance athreye ullu...
Ktm koodi UDF Aavukayille. Angane thonnunnu. Mandalam UDFnu oppamanenkilym Vayanattil Murali vannathode enthum sambhavikkam. Tholpikkanokke Muralikku pattiyekkum.
ReplyDeleteThis comment has been removed by the author.
ReplyDeleteഅഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്ക്കും നന്ദി.
ReplyDeleteറീഡര്‍, ശ്രീഹരി,
തരൂരിന്റെ കാര്യം കണ്ടു തന്നെ അറിയണം എന്ന് ഞാനും സമ്മതിക്കുന്നു. മൂന്ന് അനുകൂല ഖടകങ്ങള്‍ ആണ് ഞാന്‍ കാണുന്നത്.
BJPയുടെ വോട്ടു കുറയാനുള്ള സാധ്യത.
ഭരണത്തിനെതിരെ സ്വാഭാവികമായി ഉണ്ടാകുന്ന വികാരം.
ഇടതു പക്ഷ സ്ഥാനാര്‍ഥി പ്രബലന്‍ അല്ല. പിന്നെ CPI-CPM പോര്.
തോല്‍ക്കാനും ഉണ്ട് സാധ്യത.
വിമതരുടെ വോട്ടു പിടുത്തം.
സ്ഥിരം കോണ്‍ഗ്രസ് പ്രശ്നം ആയ കാല് വാരല്‍. പുറത്തു നിന്നുള്ള സ്ഥാനാര്‍ഥി ആയതിനാല്‍ പ്രവര്‍ത്തനം മോശം ആവാനും മതി.
NCP പിടിക്കുന്ന വോട്ടുകള്‍.
അയല്‍ക്കാരന്‍,
വിഭജിക്കാന്‍ തുടങ്ങിയാല്‍ എവിടെച്ചെന്നു നില്‍ക്കും എന്നറിയില്ല. അത് കൊണ്ട് തുടങ്ങാതിരിക്കുന്നതല്ലേ ബുദ്ധി?. പിന്നെ ഇപ്പോള്‍ ലെ തല മുതിര്‍ന്ന നേതാക്കളെല്ലാം മലബാറില്‍ നിന്നല്ലേ?. അപ്പോള്‍ സ്വാധീനത്തിന്റെ അല്ല പ്രശ്നം.
പാഞ്ഞിരപ്പാടം,പഴഞ്ചന്‍,
കണ്ണൂര്‍ , കോഴിക്കോട് , പാലക്കാട്, കോട്ടയം സീറുകളിലെ LDFന്‍റെ സാധ്യത ഭരണത്തിനെതിരായ വോട്ടുകളും, പാര്‍ട്ടി പോര്‍ട്ടും വിമത വോട്ടും അനുസരിച്ചിരിക്കും. നാലിലും 50:50 എന്ന് വേണമെന്കില്‍ പറയാം.
വയനാട്ടില്‍ മുരളി വരുന്നത് വിലപേശാന്‍ ആണോ മത്സരിക്കാന്‍ ആണോ എന്ന് കണ്ടറിയാം. മത്സരിച്ചാല്‍ അത് കോണ്‍ഗ്രസിന് ക്ഷീണം തന്നെ.
കൊള്ളാം. ചില വിയോജനങ്ങളുണ്ട് :
ReplyDeleteവയനാട് ഷാനവാസിന്റെ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ മുരളീധരന് കഴിഞ്ഞാല്‍ (മുസ്ലിം ലീഗുമായുള്ള രഹസ്യ ധാരണയും ഉണ്ടെന്നു പറയപ്പെടുന്നു) റഹ്മത്തുള്ള വിജയിച്ചേക്കാം.
എറണാകുളം മുസ്ലിം വോട്ടുകള്‍ തോമസിന്റെ പെട്ടിയില്‍ വീഴില്ല എന്നത് ഉറപ്പാണ്. ഹൈബിയുടെ കൂട്ടാളികള്‍ കൂടി കാലു വാരിയാല്‍ യുവത്വത്തിന്റെ പ്രസരിപ്പില്‍ സിന്ധു ജോയ് കിരീടം അണിഞ്ഞെക്കാം.
തിരുവനന്തപുരം ശശിയെ കൊണ്ഗ്രസ്സുകാര്‍ തന്നെ തോല്‍പ്പിക്കാന്‍ ആണ് സാധ്യത.
വടകരെയേക്കാള്‍ പാലക്കാട്ടാണ് അട്ടിമറി സാധ്യത കൂടുതല്‍ ഉള്ളത്.
നന്ദി ശ്രദ്ധേയന്‍.
ReplyDeleteമുരളീധരന്‍ ഷാനവാസിനെ തോല്‍പ്പിക്കുമോ അതോ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പിന് സീറ്റ് ഉറപ്പിക്കുമോ എന്ന് എനിക്കിപോഴും സംശയം :)
എറണാകുളത്തു ഇത്തവണ കോണ്‍ഗ്രസ് തോല്‍ക്കാന്‍ സാധ്യത കുറവാണെന്നു എന്റെ ഒരു തോന്നല്‍. മുസ്ലിം വോട്ടുകള്‍ കിട്ടാതിരിക്കാന്‍ പ്രത്യേക കാരണങ്ങള്‍ എന്തെങ്കിലും?.
തിരുവനന്തപുരത്തെ പറ്റി മുകളില്‍ എഴുതിയിട്ടുണ്ട്.
അവസാന നിഗമനത്തോട് പൂര്‍ണമായും യോജിക്കുന്നു.
തരൂരിന്റെ കാര്യം വീണ്ടും പറയുന്നില്ല, കുറെ പേര്‍ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. എന്നാലും തരൂരാന്‍ ഇത്തിരിയിലധികം പാടുപെട്ടേക്കും, ജയിക്കുകയാണെങ്കില്‍ തന്നെ.
ReplyDeleteപാലക്കാടും സംശയമാണ്. എന്റെ അറിവില്‍ ഷോര്‍ണൂര്‍ ഭാഗത്ത് മുരളിക്ക് നല്ല സ്വാധീനമുണ്ട്, പ്രശ്നം നല്ലോരുപരിധി വരെ വ്യക്തിപരമായിരുന്നു എന്നതുതന്നെ കാരണം. മുരളി സംഭവം കൂടാതെ തന്നെ പഴയ ഒറ്റപ്പാലത്ത് ഇടതിന് ഇപ്പോള്‍ അതേപോലെ സ്വാധീനമുണ്ടോ എന്നതും കണ്ടറിയണം. കുറ്റം പറയുകയല്ല, ബിജെപി സി കെ പത്മനാഭനെ നിര്‍ത്തിയതിനാല്‍ ഒരുപക്ഷെ കുറെ പാര്‍ട്ടി വോട്ടുകള്‍ എല്‍ ഡി എഫ്-നു പോയേക്കും.
വയനാട്...... മുരളിക്കുണ്ടോ ഒരു കാല്‍ ചാന്‍സ്? ചുമ്മാ.... ഒരു വഴിക്കുപോണതല്ലേ....
എന്റെ നോട്ടത്തില്‍ on the whole, യു ഡി എഫ്-നു നല്ല സാധ്യത ഉണ്ടായിരുന്നത്, ഒരുപക്ഷെ, വയസന്മാരെ കൊണ്ടു അവര്‍ക്കുതന്നെ ന്യൂട്രലൈസ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. 12/8 in favour of UDF എന്ന് തോന്നുന്നു. Individual ആയി കൂടുതല്‍ ഒന്നും പറയുന്നില്ല.
തരൂരിന്റെ ഭാവി പ്രവചനാതീതം തന്നെ. ശ്ശോ എന്നാലും അങ്ങോരുടെ ഒരു ഗതിയേ! യു.എന്‍.സെക്രട്ടറി ജനറല്‍ ആയി മല്‍സരിച്ച മനുഷ്യന്‍ ഇപ്പൊ തിരുവന്തോരത്തൊരു സാദാ സ്ഥാനാര്‍ഥി! ജയിച്ചുകിട്ടിയാല്‍, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വരികയും ചെയ്താല്‍ ഒരു സഹമന്ത്രി സ്‌ഥാനം ഒറപ്പ്. മന്മോഹനും മാഡവും ഒന്നും കാണാതെ പയ്യന്‍സിനെ ഇങ്ങോട്ടു വിടില്ല.
ReplyDeleteഎറണാകുളവും സിന്ധു ജോയിയും അത്ര ചേരില്ല. രണ്ടുതവണ അരമന കേറിയിറങ്ങിയിട്ടും ലത്തീങ്കാര്‍ക്ക് ങേഹേ! കണ്ടഭാവമില്ല.പിന്നെ പള്ളിക്കോളജുകളിലൊക്കെ ശകലം ചില്ലുപൊട്ടിക്കലും മട്ടും നടത്തിയ ചരിത്രവും സ്‌ഥാനാര്‍ഥിക്കുണ്ടല്ലോ.
എന്നാലും എന്റെ സ്ലൈറ്റേ ഇത്ര പ്രമാദമായ ഒരു റ്റോപിക് ചര്‍ച്ച ചെയ്തിട്ടും കമന്റില്‍ ആരും തെറിവിളിച്ചില്ലല്ലോ. മറ്റു ബ്ലോഗര്‍മാരൊക്കെ നിര്‍ദ്ദോഷമായി എന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ വിഷയം രാഷ്ട്രീയമായാല്‍ ചെവിപൊത്തിപ്പിടിക്കേണ്ടി വന്നേനെ.
ഞാൻ കാസർകോടും, ആറ്റിങ്ങലും മാത്രമെ സാധ്യത കാണുന്നുള്ളു.
ReplyDeleteസീ പി എം നു കുറെ വിയര്‍പ്പൊഴുക്കേണ്ടി വരും എന്നു തൊന്നുന്നു...
ReplyDeleteകോഴിക്കോട് നടന്ന സിപിഎം കണ്‍വെന്‍ഷനില്‍ വേദിയില്‍ ഉമാഉണ്ണിയും(കേരളത്തിലേ ഉമാ ഭരതി) മലപ്പുറത്ത് മഅ്‌ദനിയും. ഇടതു മതേതര കൂട്ടായ്മയുടെ വളര്‍ച്ച കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. ഒപ്പം ഭയവും. ഇനി കണ്ണൂരിലേക്കും മഅ്‌ദനിയെ കൊണ്ടുവരണം. അവിടെയുമുണ്ട് മുസ്ലിം ഉമ്മമാര്‍. മഅ്‌ദനിയും, സൂഫിയായും തീവ്രവാദി ആക്കിയ തൈക്കണ്ടി ഫയാസിന്റെ ഉമ്മ സഫിയയെപോലെ ഇനിയും കണ്ണുനീര്‍ വറ്റിയിട്ടില്ലാത്ത, കണ്ടുകൊതിതീരും മുന്‍പെ പൊന്നുമോന്‍ കൊല്ലപ്പെട്ടിട്ടും അവന്റെ മയ്യത്തുപോലും എനിക്കു കാണേണ്ട എന്നു ലോകത്തിനു മുന്നില്‍ പൊട്ടിക്കരയേണ്ടി വന്ന, പാവപ്പെട്ട ഉമ്മമാര്‍.
പിണരായി, ഫാരിസ് കൂട്ട്കെട്ടിനു അഭിവാന്ദ്യങ്ങള്‍....
എന്‍റെ അഭിപ്രായത്തില്‍ യു ഡി എഫ് പതിനഞ്ച് സീറ്റിലും എല്‍ ഡി എഫ് അഞ്ചു സീറ്റിലും വിജയിക്കാനുള്ള സാധ്യത കാണുന്നു കോട്ടയവും ,ആറ്റിങ്ങലും,കോഴിക്കോടും ,തീര്ച്ചയായും വടകര , പാലക്കാട് എന്നി മണ്ഡലങ്ങള്‍ അട്ടിമറി വിജയവും നേടും .
ReplyDeleteവടകര.. അട്ടിമറി....
ReplyDeleteഉവ്വ് ഉവ്വ്...
തോമസ് മാസ്റ്റര്‍ തസ്ലീമക്ക് നല്‍കിയ വിരുന്നു സല്‍ക്കാരവും, ഇസ്രായേല്‍ പ്രധാനമന്ത്രിക്കു നല്‍കിയ ഉപഹാരവും മുസ്ലിം വിഭാഗങ്ങളില്‍ ഉണ്ടാക്കിയ നീരസം ചെറുതൊന്നുമല്ല.
ReplyDeleteഅപ്പൂട്ടന്‍, അഭിപ്രായങ്ങള്‍ക്കു നന്ദി. പാലക്കാട് മത്സരം കടുപ്പം തന്നെ. ഒരു യുവ നേതാവാണ് സ്ഥാനാര്‍ഥി എന്നാ ഒരു കച്ചിതുരുമ്പ് മാത്രമേ LDF ഇന് ഉള്ളൂ.
ReplyDeleteപോള്‍, തെറി വിളി കേക്കാതെ രകശപെട്ടു എന്ന് പറയാം :). അഭിപ്രായങ്ങള്‍ക്കു നന്ദി.
ചളിപ്പടന്‍, രണ്ടു സീറ്റില്‍ കൂടുതല്‍ LDF തീര്‍ച്ചയായും ജയിക്കും. പ്രത്യേകിച്ചും കോണ്‍ഗ്രസിന്റെ പാനല്‍ അത്ര ഉജ്വലം അല്ലാത്തതിനാല്‍
പഞ്ഞിരപ്പാടം, അഭിപ്രായങ്ങള്‍ക്കു നന്ദി.
അജിഷ്, ശ്രീഹരി പറഞ്ഞ പോലെ വടകരയില്‍ അട്ടിമറിക്ക് സാധ്യത കുറവാണു.
ശ്രദ്ധേയന്‍, ശരിയായിരിക്കാം. എങ്കിലും ഒരു LDF ഭരണകാലത്ത് തോമസ് എറണാകുളത്തു തോല്‍ക്കുമെന്ന് പ്രവചിക്കാന്‍ ഒരു മടി.
Mashe..
ReplyDeleteVayanattil muraliyettananu chance kooduthal.... mooppan very famous and approchable anu vayanattukarkku...