Thursday, 23 April 2009

ഓഫീസില്‍ കേട്ടത്

വാചകമടി പണിയുടെ ഭാഗം ആയതു കൊണ്ടോ, അല്ലേല്‍ പണി തന്നെ വാചകമടി ആയതു കൊണ്ടോ ഞങ്ങള്‍ IT ക്കാര്‍ക്ക് ഒഴിച്ച് കൂടാന്‍ വയ്യാത്ത ഒന്നാണ് കോണ്‍ഫറന്‍സ് കോള്‍. അമേരിക്കയില്‍ പോയി തുട്ടുണ്ടാക്കുന്ന സഖാവിനെ അവിടെ പോകാന്‍ കൊതിക്കുന്ന കുട്ടി സഖാക്കള്‍ വിളിച്ചു പണിയെപ്പറ്റി സംശയം തീര്‍ക്കുന്നതാണ് പ്രധാന കലാ പരിപാടി എങ്കിലും, കുട്ടി സഖാക്കള്‍ക്ക് നൂതന ആംഗലേയ പ്രയോഗങ്ങള്‍ വീണു കിട്ടുന്നതും ഈ അവസരങ്ങളിലാണ്. നാട്ടില്‍ എടാ , പോടാ എന്ന് വിളിച്ചു നടന്ന ചേട്ടന്മാര്‍ കടല് കടന്നതോടെ mate, dude എന്നൊക്കെ വിളി തുടങ്ങും.

അത്തരം തകര്‍പ്പന്‍ പ്രയോഗങ്ങളില്‍ ഒന്നാണ് ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ "ഷൂട്ട്" (shoot) ചെയൂ എന്ന പറച്ചില്‍. എനിക്കൊരു ചോദ്യമുണ്ട് (I have a Question) എന്നതിന് ചോദിച്ചോളൂ എന്നര്‍ത്ഥം വരുന്ന മറുപടി ഷൂട്ട് എന്നാകുന്നു.

അങ്ങനെ കുട്ടി സഖാക്കള്‍ അറിവിന്‍റെ നിറകുടങ്ങള്‍ ആയിരിക്കുന്ന സമയത്താണ് നമ്മുടെ കണ് കണ്ട ദൈവം, അതായതു കസ്റ്റമര്‍ ഇന്ത്യയിലെ കുട്ടി സഖാക്കള്‍ക്ക് വേണ്ടി ഒരു ക്ലാസ് എടുക്കുന്നത്. അര മണിക്കൂര്‍ നേരത്തെ പ്രഭാഷണത്തിന് ശേഷം പതിവ് ഔപചാരികതയോടെ ചേട്ടന്‍റെ ചോദ്യം. "Any Questions?" (ചോദ്യങ്ങള്‍ എന്തെങ്കിലും?)

ചോദ്യങ്ങള്‍ ഒന്നുമില്ലെങ്കിലും, പഠിച്ചത് പ്രയോഗിക്കാന്‍ കിട്ടിയ അവസരം വെറുതെ കളയാമോ? സഖാവ് no:1 ധീരതയോടെ തിരിച്ചടിച്ചു. "If I have any Questions, I will shoot you" (ചോദ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യും എന്ന്) :)

കസ്റ്റമര്‍ ചേട്ടന്‍, മാക്ട റാലി കണ്ട മമ്മൂട്ടിയെ പോലെ ഞെട്ടി. അകവും പുറവും വിയര്‍ത്ത അമേരിക്കയില്‍ ഇരിക്കുന്ന ചേട്ടന്‍ ഇതൊരു ഭീഷണിയല്ലെന്നും വെറും പ്രയോഗ പിശക് മാത്രമാണ് എന്നും പറഞ്ഞു തടിയൂരി എന്ന് ചരിത്രം.


11 comments:

  1. തേങ്ങ ഞാനുടക്കുന്നു.

    അക്ഷരങ്ങള്‍ ഇത്തിരിയൊന്നു വലുതാക്കിക്കൂടേ?

    ReplyDelete
  2. അതു കലക്കി മാഷേ. പിന്നെ നമ്മുടെ മംഗ്ളീഷ് സായിപ്പിനെ ഒന്നു പഠിപ്പിക്കണ്ടേ?

    ReplyDelete
  3. എഴുത്തുകാരി,
    തേങ്ങ കിട്ടി ബോധിച്ചിരിക്കുന്നു. അക്ഷരങ്ങള്‍ വലുതാക്കിയിട്ടുണ്ട്. അഭിപ്രായത്തിന് നന്ദി.

    ഓര്‍മ്മകള്‍,
    സായിപ്പിനെ നമ്മള്‍ ഇംഗ്ലീഷ് പഠിപ്പിക്കും. നമ്മളോടാണോ കളി?. വന്നതിനും, അഭിപ്രായത്തിനും നന്ദി.

    ReplyDelete
  4. പൊട്ട സ്ലേറ്റേ,
    കലക്കീണ്ട്‌.ടെമ്പ്ലേറ്റും,എഴുത്തിന്റെ സ്റ്റൈലും.

    ReplyDelete
  5. കലക്കീ... ഞങ്ങടെ കോണ്‍. കാള്‍ ഓര്മ വന്ന്...... സമയമില്ല ഇപ്പം ഒരു കാള്‍ ഉണ്ട് പോട്ടെ... c ya dude...

    ReplyDelete
  6. കോണ്‍ഫറന്‍സ് കാളില്‍ ലഭിച്ച ഒരു പുതിയ നിര്‍ദ്ദേശം തള്ളിക്കളയാന്‍ ഒരു മലയാളി വിദ്വാന്‍ ക്ലയന്റിനോട് പറഞ്ഞത്..

    “പോഡെയ്... ഇറ്റ് കനോട് ബി ഇമ്പ്ലിമെന്റെഡ് ഇന്‍ ദിസ് ഡിസൈന്‍..”

    ReplyDelete
  7. ഇതോരു വെടിയല്ലല്ലോ അല്ലേ?
    ആണെങ്കിലും കൊയപ്പമില്ലാ
    ഒന്നൂറിചിരിച്ചു... :)

    ReplyDelete
  8. ഈ വഴി വന്ന എല്ലാവര്ക്കും നന്ദി. മാണിക്യം, ഇതൊരു നുണയല്ല കേട്ടോ മൈസൂരില്‍ സംഭവിച്ചതാണ്.

    രാജ്, അത് കലക്കി.

    ReplyDelete