Tuesday, 18 December 2012

ഓടുന്നത് പ്രേക്ഷകന്‍ !

റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ ആദ്യ അര മണിക്കൂറില്‍ തന്നെ സൂപ്പര്‍ താരങ്ങളെ നശിപ്പിക്കുന്ന ചേരുവകള്‍ എല്ലാം കൃത്യമായി ഉണ്ട്.

1. നായകന്‍ കേമന്‍ ആവണം എങ്കില്‍ നായകന്‍ സ്ക്രീനില്‍ വരുന്നതിന് പത്തു മിനിറ്റ് ,മുന്നേ സ്നേഹിതന്മാര്‍ , അവന്‍ ആനയാണ് , ചേനയാണ്, പുലിയാണ് (പുലികള്‍ക്ക് രക്ഷയില്ലാത്ത കാലമാണ് എന്നത് വേറെ), reuters ആണ്, കോടികള്‍ ശമ്പളം വാങ്ങുന്നവന്‍ ആണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കണം.

2. നാട്ടിലില്ലാത്ത നായകനെ വിലയുള്ളൂ , അത് കൊണ്ട് മലയാളിയായ നായകന്‍ ചുമ്മാ ആരെയൊക്കെയോ രക്ഷിക്കാനും , ഒരു തമാശക്ക് വീഡിയോ പിടിച്ചു കളിക്കാനും ആയി ഒന്ന് രണ്ടു ദിവസത്തേക്ക് നാട്ടില്‍ എത്തുന്നു.

3. പിന്നെ ആരും കണ്ടാല്‍ ഞെട്ടുന്ന ഒരു ന്യൂ ജെനറേഷന്‍ ഇന്ട്രോ. ഇത് വളരെ ആരും കാണിച്ചിട്ടില്ലാത്ത രീതിയില്‍ ആദ്യം ഷൂ കാണിച്ചിട്ട് , പിന്നെയാണ് നായകനെ കാണിക്കുക . ഹോ എന്നാ ഒരു ഷോട്ട് !!.

4. BBC ക്കും reuters നും വേണ്ടി പടം പിടിക്കുന്ന നായകന്‍ , അതാ ചെരുപ്പൂരി എറിഞ്ഞു പടം പിടിക്കാന്‍ ഒരു സീന്‍ ഉണ്ടാക്കുന്നു. വന്യ മൃഗങ്ങളുടെ ഷോട്ട് എടുക്കാന്‍ പോലും അവരെ ഉപദ്രവിക്കരുത് എന്ന് നിയമമുള്ള മീഡിയകളില്‍ നിന്ന് നായകന്‍ പഠിച്ച പാഠം കൊള്ളാം.

5. അഞ്ചു വയസുകാരന്‍ അച്ഛന്‍റെ തല്ലു കൊണ്ട് ഓടുമ്പോള്‍ ക്യാമറ കയ്യില്‍ കൊടുത്താല്‍ എങ്ങനെ വീഡിയോ വരുമോ , അങ്ങനെയുള്ള കുറച്ചു ഷോട്ടുകള്‍ കാണിച്ചിട്ട് മീഡിയ സിംഹങ്ങള്‍ എല്ലാം വാ പൊളിച്ചു നില്‍ക്കുന്നു !!. ഇനി നായകന്‍ പോസ്റ്റ്‌ മോഡേണ്‍ ക്യാമെറാ മാന്‍ ആണോ എന്തോ ?. മനുഷ്യന് നേരെ ചൊവ്വേ കാണാന്‍ പറ്റാത്ത ഷോട്ടുകള്‍ എടുത്തതും പോരാഞ്ഞ് എഡിറ്റ്‌ ചെയ്ത ചേട്ടന്മാരെ കൊതി തീരുവോളം ചീത്ത വിളിക്കുന്നും ഉണ്ട് നായകന്‍.

6. ഷൂ എറിഞ്ഞു കച്ചവട ഷോട്ട് ഉണ്ടാക്കിയ നമ്മുടെ നായകന്‍ , പിന്നെ കച്ചവട സിനിമക്കാരെയും ചാനെലുകാരെയും ചീത്ത പറയുകയും , പിന്നെ ഗോള്‍ഡ്‌ മെഡല്‍ കിട്ടിയ കഥ കൂടി വിളമ്പുകയും ചെയ്യുന്നതോടെ ആദര്ശ ധീരനായ നായകന്‍റെ ഒരു ഏകദേശ ചിത്രം നമുക്ക് കിട്ടും.

7. അറുപതു വയസ് തോന്നിക്കുന്ന നായകനെ അഞ്ചു വര്ഷം മുന്നേ പ്രേമിച്ച കഥയുമായി ഒരു ഇരുപതു വയസുകാരി പതിവ് പോലെ റെഡി ആയി നില്‍പ്പുണ്ട്

8. നായകന് എന്തും ആവാം എന്ന് പ്രേക്ഷകന് ഇത് വരെ മനസിലാക്കി ഇല്ലെങ്കിലോ ന്ന് തോന്നിയിട്ടാവാം , പോലീസിനെ തല്ലലും, പിന്നെ രക്ഷിക്കലും , പോലീസ് സ്റ്റേഷനില്‍ കയറി വിരട്ടലും ഒക്കെ വീണ്ടും കാണിച്ച് രോമാഞ്ചം വരുത്തുന്നുണ്ട് സംവിധായകന്‍. , reuters എന്നാ ഒരു വാക്കിന് ഈ കൊച്ചു കേരളത്തില്‍ ഇത്ര വിലയുണ്ടെന്ന് അവര്‍ക്ക് പോലും അറിവുണ്ടാവില്ല !!.

9. ഇതൊക്കെ കേട്ട് ഇതൊരു സ്ത്രീ പ്രാധാന്യം ഇല്ലാത്ത ചിത്രം ആണെന്ന് തെറ്റി ധരിക്കരുത്. രണ്ടു മിനിറ്റ് കൊണ്ട് പറഞ്ഞു തീര്‍ക്കാവുന്ന ഒരു പ്രശ്നം അഞ്ചു കൊല്ലം മനസിനുള്ളില്‍ കൊണ്ട് നടക്കുന്ന , തന്നെ ചതിച്ച കമ്പനിയുടെ ശമ്പളവും വാങ്ങി, അവിടെ ചീഫ് എക്സിക്യൂട്ടീവ് ആയി വിലസുന്ന , ആദര്‍ശ ധീരയായ ഒരു പെണ്‍കൊടിയും ഉണ്ട് ചിത്രത്തില്‍

10. മൊത്തത്തില്‍, നായകനും നായികക്കും ഒക്കെ എന്തും ആവാം , പാവം പ്രേക്ഷകന്‍ ഇറങ്ങി ഓടാത്തത്‌ ബിജു മേനോന്‍ എന്നാ മലയാളി സ്നേഹിക്കുന്ന നടന്‍ ഉള്ളത് കൊണ്ട് മാത്രം . ( ആ ഉണ്ടത്രേ പരാമര്‍ശം കലക്കി)

ഇതൊക്കെ കണ്ടിട്ടും വിഷമം വരാത്ത ധീരന്മാര്‍ക്ക്‌ സങ്കടം വരാന്‍ ഈ സിനിമ കേരളത്തില്‍ സൂപ്പര്‍ ഹിറ്റ്‌ ആയല്ലോ എന്ന് ഓര്‍ത്താല്‍ മതി.

സത്യത്തില്‍ ഫഹദ് ഫാസിലിനെ ഒക്കെ നായകനാക്കി , ഹീറോ പരിവേഷം ഒക്കെ കുറച്ച് എടുത്താല്‍ ചിലപ്പോ ഒരു നല്ല സിനിമ ആയേനെ ഇത് . അതിനുള്ള വകുപ്പ് ഒക്കെ കഥയില്‍ ഉണ്ട്

5 comments:

  1. ഇങ്ങിനെ ഓക്കേ സിനിമ എടുത്താലും കാണാന്‍ പ്രേഷകര്‍ ഉണ്ടത്രേ..

    ReplyDelete
  2. എന്ത് ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവം അത്ര നല്ലതല്ല മാഷെ............

    ReplyDelete
  3. നായകനെ പലപ്പോഴും ബൂസ്റ്റ് ചെയ്തു കാണിയ്ക്കുന്നുണ്ട് എന്ന പോരായ്മ ഒഴിച്ചു നിര്‍ത്തിയാല്‍ കണ്ടിരിയ്ക്കാന്‍ പറ്റിയ ഒരു ചിത്രം തന്നെയാണ് 'റണ്‍ ബേബി റണ്‍' എന്നാണ് എന്റെ അഭിപ്രായം.

    note:- ലാലേട്ടനെയും മമ്മൂക്കയെയും വച്ച് ചിത്രമെടുക്കുന്നവര്‍ ഈയടുത്ത കാലത്തായി അവരെ അമാനുഷികരായും മറ്റും ചിത്രീകരിയ്ക്കുന്ന പ്രവണതയോടുള്ള എതിര്‍പ്പിനെ അനുകൂലിയ്ക്കുന്നു.

    ReplyDelete
  4. ശ്രീ , മൂല കഥ എനിക്കും നല്ലതായി തോന്നി , പക്ഷെ ഈ സൂപ്പര്‍ സ്റ്റാര്‍ കളി കാരണം ആദ്യ അര മണിക്കൂറിലെ സിനിമ മടുത്തിരുന്നു എന്നതാണ് സത്യം.

    ReplyDelete
  5. രേജീഷ്, സിനിമയില്‍ നന്നായി തോന്നിയ കാര്യങ്ങള്‍ പറയൂ, നമുക്ക് ചര്‍ച്ച ചെയ്യാം.

    കമ്പ്യൂട്ടര്‍ ടിപ്സ്, അതെ അതൊക്കെ തന്നെ പ്രശ്നം

    ReplyDelete