Wednesday, 25 February 2009

വെടിക്കെട്ടുകാരന്‍ ഉടുക്ക് കൊട്ട് കേട്ട് പേടിച്ചപ്പോള്‍.

ഇതൊരു മനോരമ സ്റ്റൈല്‍ തലക്കെട്ടാകുന്നു. അതായതു വെടിക്കെട്ടുമായും ഉടുക്കുമായും ഈ എഴുത്തിനു ബന്ധമൊന്നും ഇല്ല എന്ന് സാരം.

പറയാനുള്ളത് പവര്‍ കട്ടിനെ പറ്റിയാണ്. അതെ, നമ്മളുടെ സ്വന്തം കട്ട്. പക്ഷെ നടന്നത് വിദേശത്ത് ആണെന്ന് മാത്രം. അവാര്‍ഡു പോലും വിദേശത്ത് നിന്ന് കിട്ടുമ്പോഴാണല്ലോ അതിനൊരു മഹാത്മ്യം. അപ്പൊ പിന്നെ വിദേശ പവര്‍ കട്ടിന്റെ കഥയും ഇരിക്കട്ടെ ഒന്ന്.

കോട്ടയം പുഷ്പ നാഥിന്റെ ശൈലിയില്‍ പറഞ്ഞാല്‍ (ബുജികള്‍ മുകുന്ദന്‍ എന്നോ സാര്‍ത്രെ എന്നോ തിരുത്തി വായിക്കാന്‍ അപേക്ഷ) അന്നൊരു തിങ്കളാഴ്ച്ച ആയിരുന്നു. ഭാര്യ നാട്ടിലായതിനാല്‍ ഏകാന്ത വാസം. പതിവ് പോലെ 6 മണിക്ക് എണീറ്റു. പതിവ് പോലെ വെളിച്ചത്തിനായി കൈ സ്വിച്ചില്‍. ങേ ഹേ.. ലൈറ്റ് കത്തുന്നില്ല. ബള്‍ബ് ഒരെണ്ണം പോയി എന്ന വിചാരത്തോടെ അടുക്കളയിലേക്കു. അവിടെയും ഇല്ല ബള്‍ബ്. സിറ്റിംഗ് റൂമില്‍ ‍എത്തിയപ്പോഴേക്കും തലയിലെ ബള്‍ബ് കത്തി. കറന്റ് പോയിരിക്കുന്നു.

2 വര്‍ഷത്തിനിടയിലെ ആദ്യ പവര്‍ കട്ട്. പവര്‍ കട്ടിന്റെ നാട്ടില്‍ നിന്ന് വരുന്നവനെ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നോ എന്ന പുച്ഛത്തോടെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക്. കറന്റ് പോയാല്‍ ഏറിയാല്‍ 2 മണിക്കൂറില്‍ വരും എന്ന അമിത ആത്മ വിശ്വാസം കൊണ്ട് കമ്പനിയെ വിളിക്കാനൊന്നും മെനക്കെട്ടില്ല.

അല്ലെന്കിലും ഒരു കറന്റ് കട്ട് വന്നാല്‍ എന്ത് പേടിക്കാന്‍? ചെറുപ്പ കാലത്ത് അമ്മയുടെ വീട്ടില്‍ മഴക്കാലത്ത് കറന്റ് പോയാല്‍ പലപ്പോഴും രണ്ടു ദിവസം കഴിഞ്ഞു നോക്കിയാല്‍ മതി. സ്കൂളില്‍ പഠിക്കുമ്പോള്‍ രാത്രി പവര്‍ കട്ടും കറന്റ് പോക്കും ഒരു രസമായിരുന്നു. പിള്ളേര് പഠിത്തവും വീട്ടുകാര് പണിയും നിറുത്തി മുറ്റത്ത്‌ ഒത്തു കൂടി കുശലം പറയുന്ന സമയങ്ങള്‍.

പ്രീ ഡിഗ്രിക്ക് ശേഷം പഠനം അമ്മയുടെ അമ്മാവന്റെ വീട്ടില്‍ നിന്ന്. പവര്‍ കട്ട് സമയത്താണ് ലോകം ഏറെ കണ്ട, ആഴവും പരപ്പും ഉള്ള വായന ഉള്ള, അമ്മാവന്‍ തന്റെ കഥകളുടെ, അനുഭവങ്ങളുടെ കേട്ട് തുറക്കുന്നത്. പവര്‍ കട്ട് ഒരു സ്റ്റഡി ക്ലാസ് ആയിരുന്ന സമയം.

പൊങ്ങച്ചം കാണിക്കലും, ലോക സദാചാരം തകര്‍ക്കലും, പണ്ട് മാന്ദ്യം ഇല്ലാത്ത കാലത്ത് ഒരു രസത്തിനു തെറി പറഞ്ഞവനോടൊക്കെ മാപ്പ് പറയലും തുടങ്ങി നാട്ടുകാര്‍ കല്പിച്ചു നല്‍കിയ പണികള്‍ കൂടാതെ ദിവസത്തില്‍ ബാക്കി കിട്ടുന്ന സമയത്ത് അല്പം പണി ചെയ്യാനുള്ളത് കൊണ്ട് ഈയുള്ള IT തൊഴിലാളി വൈകീട്ട് വീട്ടിലെത്താന്‍ അല്പം വൈകി.

എത്തിയപ്പോഴല്ലെ രസം, കറന്റ് വന്നിട്ടില്ല. ഇല്ലെങ്കില്‍ വേണ്ട എന്ന് വച്ച് മുന്നോട്ടു നീങ്ങാന്‍ തുടങ്ങുമ്പോഴാണ് വിദേശ കറന്റ് കട്ടിന്റെ സുഖം ശരിക്ക് മനസിലാവുന്നത്. വീട്ടിലൊരു തീപ്പട്ടിയോ, മെഴുകുതിരിയോ ഇല്ല. എന്തിനൊരു ടോര്‍ച്ച് പോലും. മൊബൈലിന്റെ സ്ക്രീന്‍ ആണ് ആകെയുള്ള വെളിച്ചം. ഇനി ഈ ഐറ്റം എങ്ങാനും വാങ്ങാമെന്നു വച്ചാല്‍ 6 മണിക്ക് ശേഷം തുറക്കുന്ന ഏതു കടയുണ്ടിവിടെ, വീടിനടുത്ത്?.

വെളിച്ചമില്ലേല്‍ പോട്ടെ, ഫുഡിന്റെ കാര്യമോ? കുക്കിംഗ്‌ അടുപ്പും എലെക്ട്രിക്കു തന്നെ. അത് പിന്നെ അടുത്തുള്ള ചൈനക്കാരന്റെ ഹോട്ടലില്‍ നിന്ന് വരുത്താം. മൊബൈല്‍ വെളിച്ചത്തില്‍ ഒരു അത്താഴം. ഏറ്റവും ഉഗ്രനായത് തണുപ്പാണ്. പുറത്തു -2 ആണ് താപനില. 12 മണികൂര്‍ ഹീടിംഗ് ഇല്ലാത്തതിനാല്‍ വീട്ടിനകത്തും അത് തന്നെ സ്ഥിതി. വീട് ചൂടാക്കാനും കറന്റ് തന്നെ ശരണം. വെള്ളത്തിനും കൂടെ കറന്റ് വേണം എന്നാണെങ്കില്‍ അവസ്ഥ മാരകം ആയേനെ.

കമ്പിളി കണ്ടു പിടിച്ചവനെ മനസ്സില്‍ സ്തുതിച്ചു സ്വെറ്റര്‍ഉം ജീന്‍സും ഇട്ടു ഒരു 2 കമ്പിളി പുതപ്പും പുതച്ചു അനന്തതയിലേക്ക് നോക്കി കിടക്കുമ്പോള്‍ "ഏകാന്തതയുടെ അപാരതീരം" എന്ന പാട്ടുകൂടി ബാക്ക്ഗ്രൌണ്ടില്‍ വേണ്ടതായിരുന്നു എന്ന് തോന്നി.

അങ്ങനെ പവര്‍ കട്ടിന്റെ നാട്ടീന്ന് വന്ന ഞാന്‍ പവര്‍ കട്ട് കണ്ടു പേടിച്ചു. ഭാഗ്യത്തിന് പിറ്റേന്ന് രാത്രി വീട്ടില്‍ എത്തിയപ്പോള്‍ വെളിച്ചവും എത്തി.

6 comments:

  1. ഹല്ല പിന്നെ നമ്മളോടാ കളി. ന്യൂ ഇങ്ഗ്ലന്‍ഡ് ഏരിയയില്‍ മറ്റോ ആണോ താമസം.

    ReplyDelete
  2. പട പേടിച്ചു പന്തളത്ത്...!
    :)

    ReplyDelete
  3. പവര്‍ കട്ടിന്റെ നാട്ടീന്ന് വന്ന ഞാന്‍ പവര്‍ കട്ട് കണ്ടു പേടിച്ചു
    എഴുത്തിന്റെയും വായനയുടെയും കുടി നാടായതും കൊണ്ട്‌ ഞാൻ വായിച്ചു രസിച്ചും
    ആശംസകൾ

    ReplyDelete
  4. ദൈവത്തിന്റെ നാട്ടില്‍ നിന്നു പോയവരല്ലേ, നമുക്കെന്തും സഹിക്കാം, തൊലിക്കട്ടി ഇത്തിരി കൂടുതലല്ലേ?

    ReplyDelete