Monday, 23 February 2009

മാന്ദ്യത്തിനു ഒരു ത്രീ സ്റ്റാര്‍ മറുപടി.

ഇത്തവണ കേരം തിങ്ങും (വിമാനത്തീന്നു നോക്കുമ്പം) കേരള നാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ ആദ്യം കണ്ണില്‍ പെട്ട കാഴ്ചകള്‍ കൂണ് പോലെ മുളച്ചു പൊന്തുന്ന ത്രീ സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടങ്ങള്‍ ആയിരുന്നു.

സാമ്പത്തിക മാന്ദ്യം പത്രങ്ങളില്‍ കോടി കുത്തി വാഴുമ്പോഴും, മൂന്നാള് കൂടുന്നിടതെല്ലാം നാട്ടില്‍ മാന്ദ്യത്തിനു മുപ്പത്തൊന്നു കാരണം കണ്ടു പിടിക്കുമ്പോഴും (കാരണങ്ങള്‍ മറ്റൊരു പോസ്റ്റില്‍) നാട്ടിലെങ്ങും ത്രീ സ്റ്റാര്‍ കെട്ടിടങ്ങള്‍ ഉയരുന്നത് കണ്ടു ഞാന്‍ ഞെട്ടി. ഇനിയിപ്പോ ചിദംബരം ചേട്ടന്‍ പറഞ്ഞ പോലെ നമ്മുടെ ഇന്ത്യയില്‍ മാത്രം മാന്ദ്യമില്ലായിരിക്കുമോ?.

എന്റെ കൊച്ചു ഗ്രാമത്തില്‍ മാത്രം തലയുയര്‍ത്തുന്നു രണ്ടു ത്രീ സ്റ്റാര്‍ ഹോട്ടല്‍. ഇതിലെല്ലാം താമസിക്കാന്‍ ആളെവിടെന്നു വരും?. ഗ്രാമീണ ടൂറിസം ആണോ പുതിയ തരംഗം?. അതോ ഗാന്ധിയപ്പൂപ്പന്‍ പറഞ്ഞത് പോലെ ആള്‍ക്കാരെല്ലാം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവോ?.

രാവിലെ 6 മണി മുതല്‍ നാട്ടിലെ പഴയ കള്ള് ഷാപ്പിലെ പറ്റുകാരെല്ലാം ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കയറിയിറങ്ങുന്നത് കൂടി കണ്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഭൂമി/മണല്‍/മാധ്യമ മാഫിയാകളുടെ നാട് സമ്പല്‍ സമൃദ്ധം ആയിരിക്കുന്നു. വികസനം ഗ്രാമങ്ങളില്‍ നിന്ന് തുടങ്ങണം എന്ന് പറഞ്ഞ രാഷ്ട്ര പിതാവ് ഇന്നത്തെ കേരളം ഒന്ന് കണ്ടിരുന്നെങ്കില്‍ !. സാധാരണക്കാരില്‍ സാധാരണക്കാര്‍ വരെ സ്റ്റാര്‍ ഹോട്ടലില്‍ പോകുന്ന ഒരു നാട്.

കാര്യങ്ങളുടെ 'തുരുപ്പ് ഗുലാന്‍' രഹസ്യം പിന്നീടല്ലേ പിടികിട്ടിയത്. കാര്യങ്ങള്‍ ഇങ്ങനെ . ആദ്യം ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ അങ്ങ് കെട്ടി പൊക്കുക. ഏമാന്മാര്‍ അത് കണ്ടു ത്രിപ്തിപ്പെട്ടാല്‍ 3 മാസത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ്. ത്രീ സ്റ്റാര്‍ ഇല്ലാതെ ബാര്‍ കിട്ടുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതു പോലെ ആണെന്ന് ഒരശിരീരിയും കേട്ടു.

ബാര്‍ ലൈസന്‍സ് കിട്ടിയാലുടന്‍ ത്രീ സ്റ്റാറിന്റെ ബോര്‍ഡ് എല്ലാം അഴിച്ചു വച്ച് മോടി പിടിപ്പിക്കല്‍ തുടങ്ങുകയായി. ബാര്‍ എന്ന് തുറക്കുന്നുവോ അന്ന് വരെ നീളും ഈ മോടി പിടിപ്പിക്കല്‍. അല്ലേലും ബാറില്ലാതെ എന്തോന്ന് ത്രീ സ്റ്റാര്‍?.

ബാര്‍ തുറന്നാല്‍ പിന്നെ ലോക്കല്‍ ബാറുകളെ തോപ്പിക്കുന്ന വിലയുമായി കച്ചവടം പോടീ പൂരം. മാന്ദ്യം പോയിട്ട് തകര്‍ച്ച വന്നാലും ഞങ്ങള്‍ കുലുങ്ങില്ല കേട്ടോ.

4 comments:

  1. വളരെ ശരിയാണ് .....
    ഞാന്‍ സ്റ്റാര്‍ ഹോട്ടല്‍ ഉപകരണങ്ങള്‍ സപ്ലൈ ചെയ്യുന്ന കമ്പനിയിലാണ് വര്ക്ക് ചെയ്യുന്നത് ....
    കമ്പനി പറയുന്നതു ഇത്രയും സ്റ്റാര്‍ ഹൊട്ടെല്സ് ഉള്ള സ്റ്റേറ്റ് വേറെയില്ല പിന്നെ എന്തുകൊണ്ടാണ് ബിസിനസ്സ് കുറവെന്നു ....
    ഇവന്മാര്‍ സ്റ്റാര്‍ ഹോട്ടെല്‍ തുടങ്ങി ചിരട്ടയിലാണ് കച്ചവടം എന്നെനിക്കല്ലേ അറിയൂ ..............
    നല്ലൊരു കട polumillaththidathu 3 സ്റ്റാര്‍ ഹോട്ടെല്‍ 4 എണ്ണം !......
    അങ്കമാലി മുന്സിപ്പാലിറ്റിയില്‍ 15 ത്രീ സ്റ്റാര്‍ ഹൊട്ടെല്സ് (വേള്‍ഡ് റെക്കോര്ഡ് ആയിരിക്കും )

    ReplyDelete
  2. ഇതൊക്കെയാണ്‌ സുഹൃത്തെ നമ്മുടെ പ്രധാന പ്രശ്നങ്ങൾ....വരവിനനുസരിച്ച്‌ ചെലവുചുരുക്കാൻ എന്നാണ്‌ നമുക്കാകുക?

    ReplyDelete
  3. ബാറിനു മാത്രം ഒരു മാന്ദ്യവും വരില്ല, ഉറപ്പ്. ഓരോ ആഘോഷങ്ങള്‍ ഓണം,പുതുവര്‍ഷം, കഴിയുമ്പോഴും വര്‍ദ്ധന തന്നെ കോടികളല്ലേ?

    ഇന്നലെ ആകാശവാണിയില്‍ ഒരു അഭിമുഖം കേട്ടു, ബാറില്‍ ജോലി ചെയ്യുന്ന ഒരാളുമായിട്ടു്. 18 വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്കു് മദ്യം വില്ക്കരുതെന്നാണ് നിയമം.
    18 വയസ്സായിട്ടുണ്ടാവില്ലെന്നറിയുകയും ചെയ്യാം. പക്ഷേ ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ പറയാന്‍ പറ്റില്ലല്ലോ എന്നു്. ഇതാണ് നമ്മുടെ കുട്ടികളുടെ സ്ഥിതി.
    സങ്കടം തോന്നുന്നു ഈ പോക്ക് കണ്ടിട്ടു്,നമുക്ക് അതല്ലാതെ വേറൊന്നും ചെയ്യാനും ഇല്ല.

    ReplyDelete