അംലപാലി എന്ന ഗ്രാമത്തിന്‍റെ പേര് ഇന്നത്തെ തലമുറയിലെ പലരും കേട്ടിട്ടുണ്ടാവില്ല , പക്ഷെ സോഷ്യല്‍ മീഡിയക്കും ന്യൂസ് ചാനലുകളുടെ കുത്തൊഴുക്കിനും മുന്‍പേ 1985ല്‍ ഇന്ന് ഡല്‍ഹിയില്‍ നടന്നതിന് സമാനമായ ഒരു വാര്‍ത്താ വിസ്ഭോടനത്തിന്‍റെ കേന്ദ്രബിന്ദുവായിരുന്നു ഒറീസ്സയിലെ ഈ ഗ്രാമം. മുപ്പത് വയസായ ഒരു സ്ത്രീ കുട്ടികളുടെ പട്ടിണി മാറ്റാന്‍ തന്‍റെ ഭര്‍തൃ സഹോദരിയെ നാല്‍പതു രൂപയ്ക്കു വിറ്റ സംഭവം ആണ് അന്ന് ഒരു മീഡിയ സെന്‍സേഷന്‍ ആയി മാറിയത്. ഇന്ന് സോഷ്യല്‍ , ന്യൂസ് മീഡിയകള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഉള്ള ഒരു പ്രതികരണം ഒക്കെ അന്ന് ഭരണകൂടത്തിന്‍റെ പക്ഷത്തു നിന്ന് ഉണ്ടായി. എന്തിന് ഇന്ത്യയുടെ പ്രധാന മന്ത്രിയായ രാജീവ് ഗാന്ധി തന്നെ സ്വയം പറന്നിറങ്ങി ആ ഗ്രാമത്തിലേക്ക് .
ഒന്‍പത് വര്‍ഷത്തിന് ശേഷം ആ ഗ്രാമത്തില്‍ എത്തിയ പി സായിനാഥ് എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണ റിപ്പോര്‍ട്ടര്‍ കണ്ടത് ഒരു വ്യത്യാസവും വന്നിട്ടില്ലാത്ത , പട്ടിണിക്ക് ഒരു മാറ്റവും ഇല്ലാത്ത ആ കുടുംബവും ഗ്രാമവും ആണ്. ഭക്ഷണത്തെക്കാള്‍ കൂടുതല്‍ കാറുകളാണ് വാര്‍ത്തകള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ട് വന്നത് എന്ന് അവര്‍ പറഞ്ഞതായി അദ്ദേഹം എഴുതിയിട്ടുണ്ട് തന്‍റെ പുസ്തകത്തില്‍..., ഒന്‍പതു വര്‍ഷത്തിന് ശേഷത്തെ ഡല്‍ഹിയിലും ഇന്ത്യയിലും സ്ത്രീകളോടുള്ള അതിക്രമം കൂടുമോ , അതോ കുറയുമോ ?.
അങ്ങകലെ നമ്മളാരും നേരിട്ട് അറിയാത്ത ഒരു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുമ്പോള്‍ മനസില്‍ ഒരു തുള്ളി കണ്ണീര്‍ പൊടിയുന്നു എങ്കില്‍ അത് , പണ്ടേ മരിച്ചു എന്ന് നമ്മളൊക്കെ കരുതിയ മനുഷ്യത്വം ഇപ്പോഴും നമ്മളില്‍ ഒക്കെ ബാക്കി ഉണ്ട് എന്നതിന് തെളിവാകുന്നു. പക്ഷെ നമുക്ക് മുന്നേ നടന്നവര്‍ അംലപാലിയിലും , സൗമ്യ എന്ന പെണ്‍കുട്ടിക്ക് വേണ്ടി നമ്മളും നടത്തിയ വികാരപരമായ പ്രതിഷേധങ്ങള്‍ക്കും കണ്ണീരിനും ഒക്കെ അപ്പുറം അവശേഷിക്കുന്നത് എന്താണ് ?. സൗമ്യയെ പോലെ രാത്രി ട്രെയിനില്‍ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സുരക്ഷിതത്വ ബോധത്തിന്റെ ഒരു കണികയെങ്കിലും കൂടുതല്‍ നല്‍കാന്‍ നമുക്ക് കഴിഞ്ഞോ ?. ആര്‍ക്കറിയാം , അംലപാലി പോലെ അതും ഒരു പഴയ വാര്‍ത്തയാണല്ലോ. ന്യൂ ജെനറേഷന്‍ ഭാഷയില്‍ പറഞ്ഞാല്‍ അതല്ലല്ലോ ഇപ്പോഴത്തെ ട്രെന്ടിംഗ് ഇവെന്റ്റ് !.
ഒരു അപകടം ദുരന്തമായി മാറുന്നത് അതില്‍ നിന്നും നാം ഒന്നും പഠിക്കാതെ പോകുമ്പോഴാണ്. പ്രതിഷേധങ്ങളും പ്രതികരണങ്ങളും വേണ്ടതാണ് , ആരോഗ്യമുള്ള ഒരു ജനതയുടെ ശബ്ദം ആണത് , പക്ഷെ ആ ശബ്ദങ്ങള്‍ നമ്മളെ കൊണ്ട് ചെന്ന് എത്തിക്കേണ്ടത് എവിടെയാണ് എന്ന ബോധം നമുക്ക് പലപ്പോഴും നഷ്ടപ്പെട്ട് പോകുന്നു. പ്രശങ്ങളെ ഒരു "സംഭവം" എന്ന രീതിയില്‍ മാത്രം കണ്ടു ശീലിക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു. സംഭവം നടന്നാല്‍ ഉടന്‍ ന്യൂസ് ചാനെലുകളുടെ ബ്രെയ്ക്കിംഗ് ന്യൂസ് പ്രളയം, സോഷ്യല്‍ മീഡിയയില്‍ മനുഷ്യ സ്നേഹികളുടെ പ്രതിഷേധം , കണ്ണീര്‍, വിലാപങ്ങള്‍ . ഒന്നോ രണ്ടോ ആഴ്ചക്ക് ശേഷം അടുത്ത സംഭവത്തിലേക്ക് ഇവരെല്ലാം ഒത്ത് ഒരുമിച്ച് നീങ്ങുകയായി. ഒരു സമൂഹം ഇതില്‍ നിന്ന് എന്ത് പഠിച്ചു എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം വട്ടപൂജ്യം എന്നായിരിക്കും.
പട്ടിണി എന്ന പ്രശ്നത്തെ process failure എന്ന രീതിയില്‍ കാണാതെ ഒരു event എന്ന രീതിയില്‍ കാണുന്നതാണ് നമ്മുടെ പ്രശ്നം എന്ന് സായിനാഥ് പറയുന്നുണ്ട്. വിശക്കുന്നവന് ഭക്ഷണം കിട്ടി എന്ന വാര്‍ത്തയോടെ പ്രശ്നം പരിഹരിച്ചു എന്ന മനോഭാവത്തില്‍ മാധ്യമങ്ങളും, ഭരണകൂടവും ജനങ്ങളും എല്ലാം അടുത്ത event തേടി യാത്രയാകുന്നു. പട്ടിണി എങ്ങനെ ഉണ്ടാകുന്നു എന്നോ , അതിനു വഴി വയ്ക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയോ, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയോ പരിഹരിക്കപെടുന്നില്ല. എളുപ്പവഴിയില്‍ ഉത്തരം കാണുക എന്ന സമവാക്യത്തില്‍ എല്ലാവരും തൃപ്തര്‍... !
ഡല്‍ഹിയിലെ സംഭവ പരമ്പരകളും ഏതാണ്ട് ഈ വഴിയിലേക്ക് തന്നെയാണ് പോകുന്നത്. ആളി കത്തുന്ന പ്രതിഷേധം കുറ്റവാളികള്‍ക്ക് വധ ശിക്ഷ പ്രഖ്യാപിക്കുന്നതോടെ അവസാനിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഈ മൃഗീയ കൃത്യം നടത്തിയവര്‍ക്ക് അതിനൊത്ത ശിക്ഷ കിട്ടണം എന്നത് തന്നെയാണ് എന്റെയും അഭിപ്രായം , പക്ഷെ ഇന്ത്യ ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത ഈ ഒരു പ്രതിഷേധം നമ്മളെ റേപ്പ് എന്ന അതിക്രമത്തിന് എതിരെ ദീര്ഖകാല അടിസ്ഥാനത്തില്‍ ഒരു പ്രതിരോധം ഉണ്ടാക്കാന്‍ സഹായിച്ചില്ലെങ്കില്‍ അംലപാലിയും ഡല്‍ഹിയും തമ്മില്‍ വലിയ വ്യത്യാസം ഒന്നുമില്ല എന്ന് നമ്മള്‍ താമസിയാതെ തിരിച്ചറിയും.
സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുന്ന ഏക രാജ്യമോന്നും അല്ല ഇന്ത്യ, പല വികസിത രാജ്യങ്ങളും നേരിടുന്ന ഒരു പ്രശ്നമാണിത്. പക്ഷെ അവരില്‍ പലരും വികാര പരമായ ശിക്ഷകള്‍ക്ക് അപ്പുറം ഈ മൃഗീയതയുടെ സാംസ്‌കാരിക , സാമൂഹിക , സാമ്പത്തിക വശങ്ങളെ പറ്റി പഠിച്ച് തയ്യാറാക്കിയ പ്രതിരോധങ്ങള്‍ ഉണ്ട്. പക്ഷെ ആറ് പേരെ തൂക്കി കൊല്ലുന്നത് പോലെ എളുപ്പം ചെയ്യാവുന്ന ഒരു പണിയാവില്ല അത്. കാലാകാലങ്ങളായി സര്‍ക്കാരും ജനങ്ങളും കണ്ണടച്ച് ഇരുട്ടാക്കുന്ന പലതിനും നേരെ കണ്ണ് തുറക്കേണ്ടി വരും.
ഇത്തരം ഒരു പ്ലാനില്‍ ആദ്യ ശ്രമം വിദ്യാഭ്യാസം വഴി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ എങ്ങനെ ബോധവല്‍ക്കരണം നടത്താം എന്നതാണ് . ലൈംഗിക വിദ്യാഭ്യാസത്തിന് അപ്പുറം , ആണ്‍ മേല്‍ക്കോയ്മ എന്ന ചിന്ത ഇല്ലാത്ത ആരോഗ്യപരമായ ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് കൂടി അടുത്ത തലമുറയെ പഠിപ്പിക്കുകയാണ് ഇത് വഴി ചെയ്യേണ്ടത്. വിദ്യാഭ്യാസം എന്ന ഭാഗ്യം ഇല്ലാത്ത 26% ജനതയെ ഇതെങ്ങനെ പഠിപ്പിക്കും എന്നാ ചോദ്യത്തിന് കുറെ കൂടി വിശാലമായ ഒരു മറുപടി വേണ്ടി വരും.
പിന്നീടുള്ളത് സുരക്ഷയാണ് , പെണ്‍കുട്ടികളെ പുറത്ത് ഇറക്കാതെ, പുതച്ച് മൂടി വീട്ടില്‍ ഇരുത്തുന്നത് വീടിന് പുറത്തുള്ള അക്രമങ്ങള്‍ കുറക്കുമെങ്കിലും , ഒരു രാഷ്ട്രത്തിന്‍റെ അമ്പതു ശതമാനം ജനതയെ പിന്നോട്ട് വലിക്കുന്ന നയങ്ങള്‍ നമ്മെ എവിടെ എത്തിക്കും എന്ന് എല്ലാവര്ക്കും അറിയാം. അപ്പോള്‍ സ്വന്ത്രയായി വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനും ഉള്ള സ്വതന്ത്രം ഉണ്ടാക്കുക എന്നത് തന്നെയാവണം അടുത്ത നയം.
വാര്‍ത്താ പ്രാധാന്യം നേടുന്ന ഇത്തരം അക്രമങ്ങളെക്കാള്‍ എത്രയോ കൂടുതലാണ് നമ്മള്‍ അറിയാതെ പോകുന്ന അക്രമങ്ങള്‍ . പോലീസും പട്ടാളവും നടത്തുന്ന അക്രമങ്ങള്‍ക്ക് എതിരെയും , സമൂഹത്തില്‍ ശബ്ദം ഇല്ലാത്ത ദളിതുകള്‍ക്കും ആദിവാസികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും എതിരെ കരുതല്‍ നടപടികള്‍ വേണം. അരുന്ധതി റോയിയെ പോലെ സത്യം വിളിച്ചു പറയുന്നവരെ തല്ലിയോടിച്ചാല്‍ തീരുന്ന പ്രശ്നം ഒന്നും അല്ല അത്. ഉള്ളവനും ഇല്ലാത്തവനും കിട്ടുന്ന വാര്‍ത്താ പ്രധാന്യത്തിന്റെയും നീതിയുടെയും ഒന്നായിരിക്കണം എന്നൊരു സത്യം അതിനുള്ളില്‍ ഉണ്ട്.
പെണ്‍കുട്ടികള്‍ക്ക് എതിരെ ഉള്ള അക്രമങ്ങളില്‍ ഭൂരിഭാഗവും അവര്‍ അറിയുന്നവര്‍ തന്നെയാണ് ചെയ്യുന്നത് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ പത്രം വായിക്കുന്ന ആരോടും ഇത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്തരം കേസുകള്‍ അറിയാനോ തടയാനോ ഇന്ന് യാതൊരു സംവിധാനവും ഇന്ത്യയില്‍ ഇല്ല , കുട്ടികള്‍ പോകുന്ന ആശുപത്രികള്‍ , അവരുമായി ബന്ധമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ , പഠിക്കുന്ന സ്ക്കൂളുകള്‍ തുടങ്ങിയ സ്ഥാപങ്ങള്‍ക്ക് ഇത്തരം പ്രശ്നങ്ങളില്‍ സംശയം തോന്നിയാല്‍ പോലീസില്‍ അറിയിക്കാന്‍ ഉള്ള ഒരു നിയമവും സംവിധാനവും തീര്‍ച്ചയായും വേണ്ടതാണ്.
ഇത്തരം കുറ്റ കൃത്യങ്ങളില്‍ സമൂഹവും നിയമപാലകരും പലപ്പോഴും ഇരകളോട് പെരുമാറുന്നത് വളരെ ക്രൂരമായാണ്. പലരും സ്വന്തം അനുഭവവുമായി മുന്നോട്ടു വരാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇത് തന്നെയാണ്. സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലായ്മയാണ് കുടുംബത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ പലതും പുറത്തു വരാതിരിക്കാന്‍ ഉള്ള കാരണം. ആദ്യത്തേത് ബോധവല്‍ക്കരണവും , നിയമപാലകരുടെ പരിശീലനവും വഴി മറികടക്കണം എങ്കില്‍ , രണ്ടാമത്തേത് ഇത്തരം സംഭവങ്ങളില്‍ ഇരയാവുന്നവരെയും , ബന്ധപെട്ടവരെയും സാമ്പത്തികമായും സാമൂഹികമായും പുനരധിവസിപ്പിക്കുക എന്ന ചുമതല ഏറ്റെടുക്കുന്നതില്‍ കൂടെയേ പരിഹരിക്കാന്‍ കഴിയൂ.
കോടതിയും നീതിയും വരെ എത്തുന്നതിന് മുന്നേ തന്നെ പരിഗണിക്കേണ്ട പ്രശനങ്ങളുടെ എണ്ണം ഞാന്‍ മുകളില്‍ പറഞ്ഞതിലും കൂടുതല്‍ ആവാനേ തരമുള്ളൂ. ഇത്തരം പ്രശ്നങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന സമഗ്രമായ ഒരു നയരേഖയും , വ്യക്തമായ പ്ലാനും ആണ് സത്യത്തില്‍ നമ്മള്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടേണ്ടത്. സര്‍ക്കാരും പ്രതിപക്ഷവും ഒന്നിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ആ പ്ലാന്‍ , ഈ രണ്ടാഴ്ചത്തെ അവെഷതിനപ്പുരം പിന്തുടരാനും , സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്താനും ഇവിടത്തെ ജനങ്ങളും മീഡിയയും ഒരുപോലെ ശ്രമിച്ചാലേ ഇത്തരം പ്രശങ്ങള്‍ക്ക് ക്രിയാത്മകമായ ഒരു പരിഹാരം ഉണ്ടാവൂ...
ഇതൊക്കെ, നേരത്തെ പറഞ്ഞ പോലെ സമയവും അധ്വാനവും ഉള്ള പണിയാണ്, അതൊന്നും പറ്റില്ലെങ്കില്‍ നമുക്ക് പതിവ് പോലെ പോസ്റ്റ് കറുപ്പിക്കലും , സര്‍ക്കാരിനെ ചീത്ത വിളിക്കലും ഒക്കെ ആയി രണ്ടാഴ്ച തള്ളി നീക്കാം , അപ്പോഴേക്കും ഇതിലും വലിയ എന്തെങ്കിലും കിട്ടും . ഡല്‍ഹി റേപ്പ് ഒരു പഴം കഥയായി എഴുതി തള്ളാം, പ്രതികള്‍ക്ക് ശിക്ഷ കിട്ടുമ്പോള്‍ ഫേസ് ബുക്കില്‍ പടക്കം പൊട്ടിക്കാം. പക്ഷെ അത് കൊണ്ടൊന്നും വലിയ വ്യത്യാസം ഉണ്ടാവും എന്ന് പ്രതീക്ഷിക്കരുത് !!
Further Reading
=============
Global Review on Rape Prevention : http://www.svri.org/GlobalReview.pdf-
Time for Action (Australian Action Plan ) :http://apo.org.au/sites/default/files/Time_for_action.pdf
http://en.wikipedia.org/wiki/Literacy_in_India
http://en.wikipedia.org/wiki/Armed_Forces_(Special_Powers)_Act,_1958
Everybody Loves a Good Draught - P Sainath