Thursday, 29 November 2012

ജനാധിപത്യത്തിന്‍റെ യൂത്തന്‍ തുള്ളല്‍


പണ്ടേതോ കമ്മ്യൂണിസ്റ്റ്‌ കാരന്‍റെ ഒളിവിലെ ഓര്‍മകളില്‍ ആണ് കണാരേട്ടന്റെ കഥ വായിച്ചത്. 

ആറടി പൊക്കവും അതിനൊത്ത വണ്ണവും ഒരു കൊമ്പന്‍ മീശയും ഉള്ള കണാരേട്ടന്‍ ആയിരുന്നു ഒളിവില്‍ കഴിയുന്ന കുട്ടി സഖാക്കളുടെ സംരക്ഷകന്‍ . എന്നും വൈകീട്ട് എത്തുന്ന ഭക്ഷണത്തോടൊപ്പം കണാരേട്ടന്റെ ക്ലാസും ഉണ്ടാവും , പോലീസ് പിടിച്ചാല്‍ രഹസ്യങ്ങള്‍ പുറത്തു വിടാതെ മര്‍ദനം സഹിക്കുന്നതിനെ പറ്റി .  കത്തിയും ഇടുപ്പില്‍ തിരുകി നടക്കുന്ന കണാരേട്ടന്‍ അന്ന് കുട്ടി സഖാക്കളുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു. 

അങ്ങനെ ഒരുപാട് സഖാക്കളേ വിപ്ലവ വീര്യം പഠിപ്പിച്ച കണരേട്ടനെ ഒരിക്കല്‍ പോലീസ്  പിടിച്ചു . ആദ്യത്തെ അടിയില്‍ ജനിച്ചത്‌ മുതല്‍ അന്ന് വരെ അറിഞ്ഞ  എല്ലാ സത്യങ്ങളും കണാരേട്ടന്‍ വിളിച്ച് പറഞ്ഞു എന്നത് ചരിത്രം.

ഇന്ത്യയിലെ ജനാധിപത്യത്തെ കുറിച്ച് കേള്‍ക്കുമ്പോഴൊക്കെ എന്നിക്കൊര്‍മ വരിക കണാരേട്ടന്റെ കഥയാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഭരിക്കുന്ന പാര്‍ട്ടികളില്‍ ഒന്നും ഉള്‍ പാര്‍ട്ടി ജനാധിപത്യം മഷിയിട്ടു നോക്കിയാല്‍ കാണാനില്ല.  അച്ഛനും , മകനും കൂടി ഭരിക്കുന്ന DMK യും സമാജ് വാദി പാര്‍ട്ടിയും, പിന്നെ മയാവതിയുടെയും , ശരദ് പവാറിന്‍റെയും സ്വന്തം പാര്‍ട്ടികള്‍ , ഇതിനൊക്കെ മുകളില്‍ അമ്മയും കുഞ്ഞും ഭരിക്കുന്ന നമ്മളുടെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി. ഇവരെല്ലാം ഉള്ള നാട്ടില്‍ ഇപ്പോഴും ജനാധിപത്യം ഉണ്ട് എന്നതൊരു മഹാത്ഭുതം തന്നെയാണ്. 

ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന്‍റെ മുന്നണി പോരാളിയായിരുന്ന , ഏതാണ്ട് എല്ലാ കൊല്ലവും ഒരു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഒരു കുടുംബത്തിന്‍റെ സാരിത്തുമ്പില്‍ ഒതുങ്ങിപ്പോയതെങ്ങനെ എന്നറിയാന്‍ ഒരല്പം ചരിത്രം മരിച്ചു നോക്കണം.  പിറവി കൊണ്ട 1885 മുതല്‍ സ്വാതന്ത്ര്യം കിട്ടിയ 1947 വരെ ഉള്ള അറുപത്തി രണ്ട് വര്‍ഷങ്ങളില്‍ അമ്പത്തി മൂന്ന് വ്യത്യസ്ത പ്രസിഡന്റ്‌മാര്‍ ഉണ്ടായിരുന്നു കോണ്‍ഗ്രസിന്‌. . നെഹ്രുവിന്‍റെ കൈപ്പിടിയില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ കീഴിലേക്ക് പോകും വരെയുള്ള മുപ്പത് വര്‍ഷത്തില്‍ (1947 - 1977) പ്രസിഡന്റ്‌മാരുടെ എണ്ണം പത്തായി ചുരുങ്ങി. 

വല്ലഭായി പട്ടേലിന്റെ മരണ ശേഷം പാര്‍ട്ടി നെഹ്രുവിന് കീഴില്‍ ആയിരുന്നെങ്കിലും ലാല്‍ ബഹദൂര്‍ ശാസ്ത്രിയെപ്പോലെ , കമരജിനെ പോലെ വ്യക്തിത്വമുള്ള നേതാക്കളുടെ സ്വരം ഉയര്‍ന്നു കേട്ടിരുന്നു പാര്‍ട്ടിയില്‍. . പാര്‍ട്ടിയെ ജനങ്ങളോട് അടുപ്പിക്കാന്‍ കാമരാജ്‌ നിര്‍ദേശിച്ച പ്ലാന്‍ അനുസരിച്ച് രാജി വയ്ക്കാന്‍ നെഹ്‌റു തയ്യാറായി എന്ന് കേട്ടിട്ടുണ്ട്. 

ജനാധിപത്യത്തില്‍ നിന്നും ഏകാധിപത്യതിലെക്കുള്ള പാര്‍ട്ടിയുടെ പോക്ക് തുടങ്ങുന്നത് ഇന്ദിരാ ഗാന്ധിയും പാര്‍ട്ടി നേതൃത്വവും ആയി അകലുന്നതോടെ ആണ്.  പിന്നീട് Congress (I) ആയി മാറിയ , ആദ്യം Congress(R) ആയിരുന്ന പാര്‍ട്ടി ഉണ്ടാക്കി ഇന്ദിരാ ഗാന്ധി  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വിടുമ്പോള്‍ ഭൂരിപക്ഷം നേതാക്കളും , പിന്നെ 71 ലെ ഇലക്ഷനില്‍  ജനങ്ങളും അവരെ ആണ് അംഗീകരിച്ചത് . അടിയന്തിരാവസ്ഥ എന്നാ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍  പോലും പാര്‍ട്ടി ഇന്ദിരക്ക് ഒപ്പം നിന്നതോടെ ഗാന്ധി ഫാമിലിയുടെ സ്വന്തം പാര്‍ട്ടി ആയി കോണ്‍ഗ്രസ്‌ മാറിക്കഴിഞ്ഞു.

ഒരു പക്ഷെ അന്ന് ജനാധിപത്യത്തിന്‍റെ വശത്ത് നില്ക്കാന്‍ പാര്‍ട്ടിയും ജനങ്ങളും തീരുമാനിച്ചിരുന്നു എങ്കില്‍ ഇന്ത്യയുടെ ചരിത്രം തന്നെ മാറിപ്പോയേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. 

എഴുപത്തി എട്ടില്‍ ഇന്ദിര ഗാന്ധി പ്രസിഡന്റായി അവരോധിക്കപെടുന്നതിന് ശേഷം പാര്‍ട്ടിയെ നയിച്ചവരെ ഒരൊറ്റ വിരലില്‍ എണ്ണാം. 84 ലെ അവരുടെ മരണം വരെ ഇന്ദിര ഗാന്ധി, പിന്നെടങ്ങോട്ട് രാജീവ്‌ ഗാന്ധി ഉണ്ടായിരുന്ന കാലത്തോളം രാജീവ്‌ ഗാന്ധി. പ്രധാന മന്ത്രിയും പാര്‍ട്ടി നേതാവും ഒന്ന് എന്ന  തത്വം നരസിംഹ റാവുവും തെറ്റിച്ചില്ല. അധികാരം ഇല്ലാതിരുന്ന രണ്ട് വര്‍ഷം (96- 98 )പാര്‍ട്ടിയെ നയിക്കാനുള്ള യോഗം സിതാറാം കേസരിക്കും കിട്ടി. 

ഗാന്ധി ഫാമിലിയുടെ പുറകെ ഇറങ്ങി തിരിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് അവരില്ലാതെ നിലനില്പില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് പാര്‍ട്ടി 98ല്‍ സോണിയ ഗാന്ധിയെ നേതൃത്വം ഏല്‍പ്പിക്കുന്നത് . കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടിയെ സത്യത്തില്‍ ഒരുമിച്ചു നിര്‍ത്തുന്നത് ഗാന്ധി ഫാമിലി എന്നാ ഫെവികോള്‍ ആണ്. പാര്‍ട്ടിയെ അവര്‍ക്ക് ആവശ്യം ഉള്ളതില്‍ കൂടുതല്‍ പാര്‍ട്ടിക്ക് അവരെ ആവശ്യം ഉണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്യസന്ധമായ ഒരു ചിത്രം നമുക്ക് കിട്ടുന്നു.

പിന്നീടിങ്ങോട്ട്‌ 1998 മുതല്‍ ഇന്ന് വരെ ഉള്ള പതിനാല് വര്‍ഷം (98-2014) സോണിയ ഗാന്ധിയുടെ കീഴിലെ അച്ചടക്കമുള്ള കുട്ടിയാണ് ഇന്ത്യന്‍  ജനാധിപത്യത്തിന്‍റെ ആണിക്കല്ലായ പാര്‍ട്ടി.

അന്ധമായ ഈ ഭക്തി തന്നെയാണ് ഇന്ന് കേരളത്തിലും കാണാവുന്നത്‌ . ഹാലിയുടെ വാല്‍നക്ഷത്രം രണ്ടു തവണ കണ്ട  വൃദ്ധന്മാര്‍ പോലും ഒരു KPCC തിരഞ്ഞെടുപ്പ് കാണാന്‍ യോഗമില്ലാതെ മരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ.

തോടുപുഴയില്‍ തിരഞ്ഞെടുപ്പിന് ശേഷം അനിയന്മാര്‍ നാല് മണിക്കൂര്‍ യുത്തന്‍ തുള്ളല്‍ നടത്തി എന്ന് കേള്‍ക്കുമ്പോള്‍, കോണ്‍ഗ്രസുകാരുടെ വിനീത വിധേയത്വത്തെക്കാള്‍  മെച്ചമല്ലേ അത് എന്ന് ഒരു ജനാധിപത്യ വിശ്വാസി ചിന്തിച്ചാല്‍ തെറ്റ് പറയാനാവുമോ ?.

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ശ്രീകുമാര്‍, തന്റെ facebook,അത്രയും രസകരമായി വായിച്ച മറ്റൊരു ലേഖനമില്ല. എങ്കിലും ഇപ്പോള്‍ നാട്ടിലെ അവസ്ഥ കാണുമ്പോള്‍ എവിടെ ഈ ഗള്‍ഫിലെ പോലെ രാജഭരണം തന്നെ ആണ് നല്ലതെന്ന് തോന്നുന്നു.ശരിക്കും നമ്മുടെ നാട് എങ്ങോട്ട് പോകുന്നു. ഓരോ പാര്‍ടിക്കും അവരുടെതായ ഒരു മിനിമം അന്തസ്സ് ഉണ്ടല്ലോ, അത് പോലും സൂക്ഷിക്കാന്‍ അറിയാത്തവര്‍.പ്രതികരിക്കാന്‍ പോലും മറന്നു പോയ പ്രതിപക്ഷവും, പാവം ജനങ്ങളും. ഇന്നത്തെ തലമുറ ഇവിടെ പോലും പ്രതികരിക്കാത്തത് എന്നില്‍ അതിശയം ഉണ്ടാക്കുന്നു.

    ReplyDelete
  3. ഹാലിയുടെ വാല്‍നക്ഷത്രം രണ്ടു തവണ കണ്ട വൃദ്ധന്മാര്‍ പോലും ഒരു KPCC തിരഞ്ഞെടുപ്പ് കാണാന്‍ യോഗമില്ലാതെ മരിക്കുന്നതും ഇത് കൊണ്ടൊക്കെ തന്നെ.!!

    ::D

    ReplyDelete