അത് കഴുകന്മാര്‍ ഭരിക്കുന്ന കാലം. കോരന്‍ വിളയിക്കുന്ന വയലുകളും കൃഷിയിടങ്ങളും കയ്യേറുന്ന, മറ്റൊരു ജീവിയേയും സമാധാനമായി ജീവിക്കാന്‍ വിടാത്ത, കഴുകന്മാരുടെ, കാട്ടു നീതിയുടെ കാലം.
കോരന് ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ല, പേടി മാത്രം.
എന്നും കിട്ടുന്ന അത്താഴം മുടങ്ങുമോ എന്ന പേടി. ചുമ്മാ നോക്കി സമയം കളയാന്‍ ഫേസ് ബുക്ക് ഇല്ലാത്ത അക്കാലത്തു മാനത്ത് നോക്കി ഇരിക്കുമ്പോഴാണ് കോരന്‍ ആദ്യമായി കുരുവിയെ കാണുന്നത്.
തന്നെ പിടിക്കാന്‍ പിറകെ എത്തിയ കഴുകനെ വാശിയോടെ തിരിച്ചു കൊത്താന്‍ നോക്കുന്ന കുരുവിയെ കൊരനിഷ്ടപെട്ടു. കോരന് കുരുവിയോടുള്ള സ്നേഹം തുടങ്ങുന്നത് ആ പോരാട്ട വീര്യം കണ്ടിട്ടാണ്.
കഴുകന്‍റെ കൊത്തു കൊണ്ട് താഴെ വീണ കുരുവിയെ കോരന്‍ കഴുകന്‍ കണ്ണുകളില്‍ നിന്ന് ഒളിപ്പിച്ചു . അര വയര്‍ നിറക്കാന്‍ മാത്രം പോന്ന അത്താഴത്തില്‍ നിന്നും ഒരു പങ്കു നല്‍കി.
"ഇനിയും കഴുകന്‍റെ മുന്നിലേക്ക് പോകണോ?" കോരന്‍ കുരുവിയോടു ചോദിച്ചു.
"പോകാതെ പിന്നെ ?. മരിക്കാം, പക്ഷെ തോല്‍ക്കാന്‍ എന്നെ കിട്ടില്ല.".
"കഴുകനെ ജയിക്കാന്‍ ഈ വീര്യം മാത്രം മതിയോ?"
"ഒറ്റയ്ക്ക് ജയിക്കാന്‍ പറ്റിയില്ലേല്‍ ഞങ്ങള്‍ ഒരുപാടു പേര്‍ ചേര്‍ന്ന് ജയിക്കും".
അങ്ങനെയാണ് കഴുകന്മാര്‍ക്ക് കയറാന്‍ പറ്റാത്ത ഒരു കൂട് കോരന്‍ കുരുവിക്ക് കെട്ടി കൊടുക്കുന്നത്. കഴുകന്മാരുടെ ശല്യം തീര്‍ത്തിട്ടെ വിശ്രമമുള്ളൂ എന്ന് കുരുവിയും കൂട്ടുകാരും തീരുമാനിക്കുന്നത് ആ കൂടിനുള്ളില്‍ വച്ചാണ്.
" കോരന്മാരുടെ വിളകള്‍ കോരനു കിട്ടാന്‍, കുരുവികള്‍ക്ക് സമധാനമായി ജീവിക്കാന്‍ , കഴുകന്മാരുടെ കാലം തീരുക തന്നെ വേണം".
കുരുവിയെ റാഞ്ചാന്‍ ഒറ്റയ്ക്ക് പറന്നെത്തിയ കഴുകനെ നേരിട്ടാണ് കുരുവിക്കൂട്ടം തിരിച്ചടിക്ക് തുടക്കമിട്ടത്. ചാവാനും കൊല്ലാനും മടിയില്ലാത്ത കുരുവികള്‍ക്ക് മുന്നില്‍ ഒടുവില്‍ കഴുകന്‍ അടിയറവു പറയുക തന്നെ ചെയ്തു.
പിന്നീടു അങ്ങോട്ട് പോരാട്ടത്തിന്റെ കാലമായിരുന്നു. ഓരോ കുരുവികള്‍ ചിറകറ്റു വീഴുമ്പോഴും ഒരായിരം കുരുവികള്‍ കഴുകന്മാര്‍ക്കെതിരെ പോരാടാന്‍ എത്തി.
കോരന്റെ കുടിലിനു മിന്നില്‍ ഒരു കൂടിനു പകരം ഒരു പാട് കൂടുകള്‍ നിറഞ്ഞു. കുരുവികളുടെ വിശപ്പടക്കിയതിനു ശേഷം കോരന്‍ പല ദിവസങ്ങളിലും പട്ടിണിയായി തുടങ്ങി.
പക്ഷെ അപ്പോഴും കോരന്‍ സന്തോഷവാനായിരുന്നു. നാടിന്‍റെ നന്മക്കു വേണ്ടിയല്ലേ?. പട്ടിണി കിടന്നാല്‍ എന്താ?
മരിച്ചു വീണ , മുറിവേറ്റ ഒരു പാട് കുരുവികളുടെ ചോര കൊണ്ട് ഒടുവില്‍ കഴുകന്മാര്‍ തോല്‍വി സമ്മതിക്കുക തന്നെ ചെയ്തു. ആരെയും പേടിക്കാതെ കോരന്‍ കുറച്ചു നാള്‍ സുഖമായി ഉറങ്ങി.
വെളുത്ത കഴുകനെ കുരുവി വീട്ടിലേക്കു കൊണ്ട് വന്ന ദിവസമാണ് കോരന്‍റെ ഉറക്കം വീണ്ടും നഷ്ടപ്പെട്ട് തുടങ്ങിയത്.
വെള്ളരിപ്രാവുകളുടെ കൂടുകള്‍ നശിപ്പിക്കാന്‍ സഹായം തേടി വന്നതായിരുന്നു വെള്ള കഴുകന്‍..
"വെള്ളയായാലും കഴുകന്‍ കഴുകന്‍ തന്നെയല്ലേ" ?? കോരന്‍ കുരുവിയോടു ചോദിച്ചു.
" ഇവന്‍ മറ്റുള്ളവരെ പോലെയല്ല. കുരുവികളുടെ കൂട്ടുകാരന്‍ ആണ്".
"വെള്ളരിപ്രാവുകളും നമ്മുടെ കൂട്ടുകാരല്ലേ, അവരെ ഉപദ്രവിക്കുന്നതെന്തിനു ?."
"വെള്ള കഴുകന്‍ കണ്ടു വച്ച മരങ്ങളിലാണ് അവരുടെ കൂട്. ആ മരങ്ങള്‍ വെള്ള കഴുകന് മാത്രം ഉള്ളതാണ്".
" അവരല്ലേ അവിടെ ആദ്യം കൂട് കൂട്ടിയത്. അവരെ അവിടെ നിന്നോടിച്ചാല്‍ അവര്‍ എങ്ങോട്ട് പോകും ?."
" അവരെ ഓടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇനി ആരും ഒന്നും പറയണ്ട". കുരുവിയുടെ മുഖം ഇരുണ്ടു.
ഒന്നിന് പിറകെ ഒരുപാടു വെള്ള കഴുകന്മാര്‍ കുരുവി കൂടുകളില്‍ പറന്നിറങ്ങി തുടങ്ങി. ആവശ്യങ്ങള്‍ പലതായിരുന്നു. കുരുവിയും കോരനും തമ്മില്‍ പിന്നെ സംവാദങ്ങളുടെ കാലമായിരുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ കുരുവിക്ക് സമയമില്ല എന്ന് കോരന് മനസിലായി.
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു. ആദ്യ കാല പോരാട്ടങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ഒരാവേശം കുരുവികൂടുകളില്‍ നിറയുന്നത് കോരന്‍ കണ്ടു.
"ഇതെന്തിനുള്ള പടയോരുക്കമാണ് ?? " കോരന്‍ കൊച്ചു കുരുവിയോടു തിരക്കി. വലിയ കുരുവിയെ കാണാന്‍ അപ്പോഴേക്കും കോരന് അനുവാദം ചോദിക്കേണ്ട ഗതിയായിരുന്നു.
"നാളെ രാവിലെ ഞങ്ങള്‍ വെള്ളരി പ്രാവുകളെ ഈ കാട്ടില്‍ നിന്നോടിക്കും. നന്ദിയില്ലാത്ത വര്‍ഗം, ഞങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ധൈര്യം കാട്ടുന്നു"
"കൂടും ഭക്ഷണവും ഇല്ലാതായാല്‍ പിന്നെ അവര്‍ എന്ത് ചെയ്യണം ?. വെള്ള കഴുകന്മാരുടെ അടിമകളായി ജീവിക്കണോ ?"
"സ്വതന്ത്രം നേടി തന്ന ഞങ്ങളോട് തന്നെ മറു ചോദ്യം ചോദിക്കണം. പ്രാവുകളുടെ അഹങ്കാരം ഒന്നൊതുക്കി വരട്ടെ, തന്‍റെ കാര്യം ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്"..
മരണത്തിനു ഒരു വിളിപ്പാടകലെ തന്‍റെ മുറ്റത്ത് വന്ന വലിയ കുരുവിയുടെയും, വിശന്നു , മുറിവേറ്റു വന്ന ഒരുപടി കുരുവികളുടെയും മുഖം കോരന്‍റെ മനസിലൂടെ കടന്നു പോയി.
രാത്രിയില്‍ ഉറക്കമെഴുന്നെല്‍ക്കുമ്പോള്‍ കോരന്‍ ആലോചിച്ചു കഴിഞ്ഞിരുന്നു. കൈയിലെ തീപ്പന്തം കൊണ്ട് കൂടുകള്‍ ഒന്നൊന്നായി കത്തിക്കുമ്പോള്‍ കോരന്‍റെ കൈ വിറച്ചില്ല. കത്തിയമരുന്ന, പേടിച്ചു പറന്നകലുന്ന കുരുവികളെ നോക്കി നില്‍ക്കെ, കോരന്‍റെ ഒരു തുള്ളി കണ്ണീര്‍ അഗ്നി നാളങ്ങളിലേക്ക് വീണിരിക്കണം.