Saturday, 5 September 2009

അഞ്ചേ മുപ്പതിന്‍റെ വണ്ടി

5:30 നു വരുന്ന ആ തീവണ്ടി അയാള്‍ക്കെന്നും ഒരു ശല്യമായിരുന്നു. ഉറക്കം മുടക്കാന്‍ ചൂളം വിളിയുമായെത്തുന്ന വണ്ടി. പാളത്തിനടുത്തു വീട് എടുത്തത് അല്ലെങ്കിലും തന്‍റെ ഇഷ്ടത്തിനല്ലല്ലോ, എല്ലാം സജ്നയുടെ ഇഷ്ടം. വണ്ടിയുടെ ശബ്ദത്തിന് ജീവിതത്തിന്റെ താളമുണ്ട് പോലും. എന്നിട്ടിപ്പോള്‍ അവള്‍....പോകുന്നവര്‍ പോകട്ടെ. നാളെ ആദ്യമായി ആ തീവണ്ടി കൊണ്ടൊരു ഉപകാരമുണ്ടാവും. താളപ്പിഴകളുടെ അവസാനം അവളിഷ്ടപ്പെടുന്ന ആ താളത്തിനു കീഴിലാവട്ടെ.

ചാനലില്‍ രാഷ്ട്രീയനേതാവിന്റെ മരണം ആഘോഷമാക്കികൊണ്ട് റിപ്പോര്‍ട്ടര്‍ വിളിച്ചു കൂവുന്നു. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞു, കാണിച്ച ക്ലിപ്പിങ്ങ്സ് വീണ്ടും കാട്ടി, അതിനിടയില്‍ ഒരു പരസ്യത്തിനുള്ള ഇടവേളയും. ദുഖാചരണം ആണത്രേ. ബന്ധങ്ങളും മൂല്യങ്ങളും ഒക്കെ വെറും കള്ളങ്ങള്‍. അല്ലെങ്കില്‍ അവളിപ്പോള്‍ ഇവിടെയുണ്ടാവില്ലേ?.

വിളിച്ചു കൂവല്‍ സഹിക്കാനാവാതെ അയാള്‍ ചാനല്‍ ബട്ടണ്‍ അമര്‍ത്തി. എവിടെ?. ബാറ്ററിയുടെ ചാര്‍ജ് കുറഞ്ഞെന്നു തോന്നുന്നു. വര്‍ക്ക്‌ ചെയ്യണമെങ്കില്‍ ടിവിയുടെ അടുത്തു പോയി നില്‍ക്കണം. വാങ്ങിയ ബാറ്ററി എല്ലാം തീര്‍ന്നല്ലോ, നാശം !. ഇനിയിപ്പോള്‍ ഉപയോഗം കുറഞ്ഞ ഏതെങ്കിലും ഉപകരണവുമായി ബാറ്ററി എക്സ്ചേഞ്ച് തന്നെ രക്ഷ.

ബാറ്ററി മാറ്റത്തിനു ശേഷം ചാനലിലൂടെ കണ്ണോടിക്കുമ്പോള്‍ താജില്‍ കമാന്‍ഡോ നീക്കങ്ങളെല്ലാം അപ്പപ്പോള്‍ ലോകത്തിനു കാട്ടി കൊടുത്തുതീവ്രവാദികളെ 'സഹായിച്ച' ചാനലുകാര്‍ രാഷ്ട്രീയക്കാരുടെ പിടിപ്പുകേടിനെ പറ്റി ചര്‍ച്ച തുടങ്ങിയിരുന്നു.

മനസ് ചാനലുകള്‍ക്ക് പിടി കൊടുക്കുന്നില്ല എന്നയാള്‍ അറിഞ്ഞു. ഒന്നരക്കൊല്ലത്തെ ദാമ്പത്യത്തില്‍ ആദ്യമായാണ് ഇത്രയും വലിയ ഒരു വഴക്ക്. എങ്കിലും അവള്‍ക്കെങ്ങനെ ഇറങ്ങി പോകാന്‍ മനസ് വന്നു?. അവളല്ലാതെ ആരുണ്ട് തനിക്ക്?.

വാശി മനസ്സില്‍ ഫണം വിടര്‍ത്തി ആടുന്നതയാള്‍ അറിഞ്ഞു. നാളെ അഞ്ചരയുടെ വണ്ടിയോടെ തീരുമല്ലോ എല്ലാം. അത് കഴിഞ്ഞു അവളെന്തു ചെയ്യും?.വണ്ടിക്കായുള്ള ഈ കാത്തിരിപ്പ് ദുസ്സഹം ആയിത്തുടങ്ങി. ഒന്നുറങ്ങാന്‍ പറ്റിയെങ്കില്‍?. ബെഡ് റൂമിലെ അലാറം ക്ലോക്കില്‍ അഞ്ചു മണിയുടെ അലാറം വച്ചിട്ട് കൈ ഉറക്ക ഗുളികയിലേക്ക് നീണ്ടു.. അലാറം ക്ലോക്കിന്‍റെ കൈകള്‍ മെല്ലെ അഞ്ചു മണിയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു.

കോളിംഗ് ബെല്‍ കേട്ടാണ് അയാള്‍ ഉണര്‍ന്നത്. ക്ലോക്കില്‍ സമയം നാല് മുപ്പത്. പക്ഷെ പുറത്തു പതിവിലേറെ വെളിച്ചം ഉണ്ടെന്നു അയാള്‍ കണ്ടു. ബെല്ലടിക്ക് പരിഭ്രാന്തിയുടെ ഒരു തിടുക്കം. വാതിലിനടുത്തേക്ക് നീങ്ങുമ്പോള്‍ പുറത്തു ആരാണെന്നു അയാള്‍ക്ക് നന്നായി അറിയാമായിരുന്നു. നിന്ന് പോയ അലാറം ക്ലോക്കിനു നന്ദി പറഞ്ഞു കൊണ്ട് തന്‍റെ മണ്ടത്തരം ഓര്‍ത്തു അയാള്‍ ഒന്ന് ചിരിച്ചു.

അപ്പോള്‍ അലാറം ക്ലോക്കിനുള്ളിലെ ശ്വാസം നിലച്ച പഴയ ബാറ്ററികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അഞ്ചേ മുപ്പതിന്‍റെ വണ്ടി താളത്തോടെ പാഞ്ഞുപോയി.

8 comments:

  1. ഇത്ര വേഗം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയോ? ക്ലോക്കിലെ ബാറ്ററിയുടെ വിവേകം പോലുമില്ലാതായിപ്പോയി കഥാനായകന്‌....!

    അവതരണം നന്നായി.

    ReplyDelete
  2. ഇതിൽ “അയാൾ” ആണല്ലോ ആത്മഹത്യ ചെയ്യാൻ മുതിരുന്നത്?
    പെണ്ണെഴുത്താണല്ലേ?
    എങ്കിലും ഒരു ‘ബാറ്ററി എക്സ്ചേഞ്ച്’‘ പോലൊന്നു അയാൾക്കു തീരുമാനിക്കാമായിരുന്നു.

    കഥാ തന്തു കൊള്ളാം.

    ReplyDelete
  3. അഭിപ്രായങ്ങള്‍ക്കു നന്ദി.ദീപ,പള്ളിക്കുളം.

    ദീപ, ഇതൊരു ദുര്‍ബല നായകന്‍. എത്രയോ ആളുകള്‍ ഇതളും ചെറിയ കാരണങ്ങള്‍ക്ക് ആത്മഹത്യ ചെയ്യുന്നു.

    പള്ളിക്കുളം,
    കഥയില്‍ ആണിന്റെ എഴുത്തു, പെണ്ണിന്റെ എഴുത്തു എന്നൊന്നും ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവനവന്‍ കണ്ടറിഞ്ഞ, കേട്ടറിഞ്ഞ ജീവിതത്തില്‍ നിന്നുള്ള വീക്ഷണങ്ങള്‍ മാത്രം.

    ReplyDelete
  4. കൊള്ളാം .. twist നന്നായി. ഇത്രേം ചെറിയ കാരണങ്ങളൊക്കെ ധാരാളം ഒരാള്‍ക്ക് വേണ്ടാത്തത് തോന്നാന്‍.

    ReplyDelete
  5. അല്ലേലും ഈ ബാറ്ററികളൊക്കെ ഇങ്ങന്യാ.. ഒരു സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്ല :)))

    പൊട്ടസ്ലേറ്റേ കഥ കൊള്ളാട്ടാ :)

    ReplyDelete
  6. എഴുത്തു പെണ്ണോ ആണോ അയിക്കൊള്ളട്ടേ.
    നന്നായിരിക്കുന്നു കഥ.
    :)

    ReplyDelete
  7. നല്ലൊരു കഥ, മുഷിപ്പിക്കാതെ പറഞ്ഞിരിക്കുന്നു..

    ReplyDelete
  8. അല്ലാ... അവര് പിന്നേം ഒരുമിച്ചോ ?

    ReplyDelete