Wednesday 23 May 2012

ഗുരുവായൂരമ്പലം ഒരു കെട്ടിടം മാത്രമല്ലെ?




വെറും ബഹളങ്ങള്‍ ആവുന്ന  ഇന്റര്‍വ്യുകള്‍ക്ക്  ഇടയില്‍ വളരെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ഞെരളത്തു ഹരിഗോവിന്ദനുമായി സംവിധായകന്‍ ലാല്‍ ജോസ്  നടത്തിയ  ഈ പഴയ ഇന്റര്‍വ്യൂ. കലയെയും സമൂഹത്തെയും പറ്റി വ്യക്തമായ  വീക്ഷണങ്ങള്‍ ഉള്ള  ഒരു മുഖാമുഖം.


ലോകത്തില്‍ എവിടെ ഇരുന്നു പാടിയാലും ഗുരുവായൂരപ്പന്‍ കേള്‍ക്കും എന്ന വിശ്വാസം ആണ് വേണ്ടതെന്നും , ദാസേട്ടനെ പോലുള്ളവര്‍ ഗുരുവായൂര്‍ അമ്പലത്തെ വെറും കെട്ടിടം ആയി കാണാന്‍ ശ്രമിക്കണം എന്നും ഉള്ള നിരീക്ഷണം ഒരു ഉറച്ച മനസ്സില്‍ നിന്ന് വരുന്നതാവാനെ വഴിയുള്ളൂ. ഇത് പോലുള്ള ഒരു പാട് നല്ല നിരീക്ഷണങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ അഭിമുഖം. 

പ്രസക്തമായ ചില നിരീക്ഷണങ്ങള്‍ 

1. അച്ഛന് പിറന്നവരെ ഇഷ്ടമല്ലാതെ ചില അമ്പല കമ്മിറ്റിക്കാര്‍.

2. കല തോല്‍ക്കാനും തോല്‍പ്പിക്കാനും ഉള്ളതാണോ?.

3. കേരളീയ കലകളെ മാപ്പിള കലയെന്നും, ചാത്തന്റെയും പോത്തന്റെയും കലയെന്നും തിരിച്ചു പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നത് ഒരു പുരോഗമന സമൂഹത്തിനു ചേര്‍ന്നതാണോ?

4. സാംസ്‌കാരിക നായകരുടെ കപട കേരളീയ സ്നേഹം

5. അഷ്ടപദി  കൊണ്ട് നഷ്ടപ്പെട്ട് പോയ സോപാന സംഗീതത്തിന്റെ വൈവിധ്യം. 

6. അഷ്ടപ ദിയുടെ ഉത്ഭവം. അതിന്റെ അര്‍ഥം, അമ്പലങ്ങളില്‍ അതിനുള്ള  തെറ്റായ പ്രാധാന്യം.

Thursday 17 May 2012

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

 ഒരു കൊലപാതം നടന്നു ഇരുട്ടി വെളുക്കും മുന്നേ  സ്വന്തം പാര്‍ട്ടിയില്‍  പോലും ആലോചിക്കാതെ "ഞങ്ങളല്ല  അത് ചെയ്തത്" എന്ന്  വിളിച്ചു പറയുന്നത്‌  എന്തിന് ? . മരിച്ചയാള്‍ കുലം കുത്തി ആണോ അല്ലയോ എന്ന്  പിന്നെയും പിന്നെയും വിശകലനം ചെയ്തിട്ട് എന്ത് കാര്യം?. മരണത്തില്‍ കാട്ടുന്ന മര്യാദ പോലും  നമുക്ക് നഷ്ടപെടുന്നുവോ?. "എനിക്കഭിപ്രായം ഒന്നും ഇല്ല" എന്ന് പറഞ്ഞു ഒഴിയാനുള്ള അവകാശം ആര്‍ക്കുമുണ്ടല്ലോ?.

ഒരു തിരഞ്ഞെടുപ്പ്  കാലത്ത്  ഞങ്ങള്‍ കൊല്ലുമോ എന്ന  ചോദ്യത്തിന്റെ അപകടം രണ്ടല്ലേ?. അപ്പോള്‍ തിരഞ്ഞെടുപ്പ്  അല്ലായിരുന്നെങ്കില്‍ കൊല്ലും എന്നാണോ അര്‍ഥം?. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് കൊന്നാല്‍ ഞങ്ങളെ സംശയിക്കില്ല  എന്ന അതി ബുദ്ധി ആയികൂടെ?.

ഒരു തിരഞ്ഞെടുപ്പ് കാലം ആയിരുന്നില്ലെങ്കില്‍ സംസ്ഥാന  മന്ത്രിമാരും  കേന്ദ്ര മന്ത്രിമാരും അടക്കം ഉള്ള പട മരണ  വീട്ടിലേക്കു  ഒഴുകി വരുമായിരുന്നോ?.
ഞങ്ങള്‍ ഇത് വരെ കൊല്ലും കൊലയും നടത്തിയിട്ടില്ല എന്ന മട്ടില്‍ സ്നേഹ സന്ദേശ യാത്ര നടത്തുന്നത്  ആരെ കാണിക്കാനാണ് ?. യഥാര്‍ത്ഥ സ്നേഹമുള്ളവര്‍ സ്വന്തം പാര്‍ട്ടിയിലെ അക്രമ രാഷ്ട്രീയക്കാരെ പുറത്താക്കി മാതൃക കാണിക്കുമോ ?. കണ്ണൂര്‍ ജയിലില്‍ അടക്കം നടക്കുന്ന ഗുണ്ട സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ വേണ്ടി വന്നാല്‍ കേന്ദ്ര സഹായം വരെ തേടുമോ?.

ഒരാളുടെ വധത്തില്‍ കണ്ണീര്‍ ഒഴുക്കുന്ന പാര്‍ട്ടിയും , തൊഴിലാളികളുടെ സ്വന്തം പാര്‍ട്ടിയും നമ്മള്‍ മാലാഖമാര്‍ എന്ന് വിളിക്കുന്ന നേഴ്സ് സമരത്തില്‍ ഇടപെടാന്‍ മടി കാണിക്കുന്നത് എന്തിനാണ്?. ഞങ്ങള്‍ പറഞ്ഞാല്‍ ജനം വോട്ട് ചെയ്യും എന്ന് ഉറപില്ലാത്തത് കൊണ്ട് 'സമദൂരവും' , 'ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞു പറയാം'  എന്നും പറഞ്ഞു ഒളിച്ചു കളിക്കുന്ന സമുദായ സംഘടനകളോട് ഞങ്ങള്‍ക്ക് ജനങ്ങളുടെ, കേരളീയരുടെ  വോട്ട് മതി, ജാതി തിരിച്ചു  വേണ്ട എന്ന് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട്?. 


സുകുമാര്‍ അഴീകോട് ജീവിച്ചിരിക്കെ അദേഹത്തെ ഭീരുവെന്നു വിശേഷിപ്പിച്ച പലരും ഇപ്പോള്‍ ഒരു അഭിപ്രായം പറയാന്‍ പോലും പേടിച്ചു   ഒളിച്ചിരിക്കുന്നത് എന്ത് കൊണ്ട് ?


മരം മറിഞ്ഞാലും കിളി മരിച്ചാലും അണകെട്ട് പൊട്ടും എന്ന് കേട്ടാലും ഇളകുന്ന ബുദ്ധി ജീവികള്‍ക്കും facebook  വെട്ടുകിളികള്‍ക്കും   സ്വതന്ത്രമായി, സമാധാനപരമായി ജന സേവനം നടത്തിയ ഒരാളെ മൃഗീയമായി കൊന്നതിനെ പറ്റി ഒന്നും പറയാന്‍ ഇല്ലാത്തത്  എന്ത്  കൊണ്ട്?.

എന്തിന്റെ പേരിലായാലും, അക്രമത്തെ പിന്‍തുണക്കുന്ന ഒരു നേതൃത്വത്തെ എതിര്‍ക്കാന്‍ മടിക്കുന്ന സഖാക്കളേ, ചരിത്രം നിങ്ങള്‍ക്കിടുന്ന പേര് എന്തായിരിക്കും എന്ന് നിങ്ങള്‍ ഓര്‍ക്കാത്തത് എന്ത്?. 

ഈ കൊലപാതകം കൊണ്ട് എന്തെങ്കിലും മാറുമോ?. ആ നല്ല സഖാവിന്റെ ചോര വെറുതെ ആവാതിരുന്നെങ്കില്‍  എന്ന് വെറുതെ മോഹിച്ചു പോകുന്നു....